നിളയോഴുകും പോൽ 💙: ഭാഗം 28

nilayozhukumpol

രചന: റിനു

എന്തൊ ഒരു ഉൾപ്രേരണയാൽ തന്റെ ചൂണ്ടുവിരൽ കൊണ്ട് ആ കണ്ണീര് സഞ്ജയ് തുടച്ചു മാറ്റി. ആ നിമിഷം അവളിൽ ഉണ്ടായ സുരക്ഷിതത്വം കുറച്ചൊന്നുമായിരുന്നില്ല, അവളെ അല്പം നീക്കിനിർത്തി അവൾക്ക് കാവൽ എന്നതുപോലെ അവൻ അല്പം മുന്നോട്ട് കയറി നിന്നു. ആ നിമിഷം കൊണ്ട് ശിവൻ അവർക്ക് അരികിലേക്ക് എത്തിയിരുന്നു " എന്താ പ്രശ്നം? താനാരാ..? ശിവന്റെ മുഖത്തേക്ക് നോക്കിയാണ് ആ ചോദ്യം സഞ്ജയ് ചോദിച്ചിരുന്നത്. " അതേ ചോദ്യം തന്നെ ഞാൻ തിരിച്ചു ചോദിച്ചാലോ.? താനാരാ..? ഇവളുടെ രക്ഷകനോ..? ഒരു കൂസലും ഇല്ലാതെ ശിവൻ ചോദിച്ചപ്പോൾ സഞ്ജയുടെ ചെന്നിയിലെ നീല ഞരമ്പുകൾ വലിഞ്ഞു മുറുകിയിരുന്നു. " ഇവൻ ഏതാ..? ശ്രുതിയുടെ മുഖത്തേക്ക് നോക്കി സഞ്ജയ് ചോദിച്ചു. " അച്ഛന്റെ പരിചയത്തിലുള്ള ആളാ, എന്റെ പഠനത്തിനും പിന്നെ അച്ഛന്റെ ചികിത്സയ്ക്കൊക്കെ ഈ വീട് പണിപ്പെടുത്തി ആളോട് കുറച്ച് പണം വാങ്ങിയിട്ടുണ്ടായിരുന്നു. അത് തിരികെ കൊടുക്കാൻ പറ്റിയില്ല മടിച്ചു മടിച്ചു അവൾ പറഞ്ഞു ആദ്യമായി ശ്രുതിയുടെ വീട്ടിൽ വന്നപ്പോൾ കേട്ട സംസാരം ശിവന്റെതാണെന്ന് ആ നിമിഷം തന്നെ സഞ്ജയ് മനസ്സിലായിരുന്നു.

അന്ന് രാത്രി ആയതുകൊണ്ട് തന്നെ മുഖം വ്യക്തമായിരുന്നില്ല. ശിവനെ ഒന്ന് അടിമുടി നോക്കി സഞ്ജയ്, " പണം കിട്ടിയില്ലെങ്കിൽ അത് വസൂൽ ആക്കാനുള്ള മറ്റു മാർഗ്ഗവുമായി ഇറങ്ങിയതാണോ വീട്ടിൽ ആളില്ലാത്ത സമയത്ത്. തുടർന്നുള്ള സഞ്ജയുടെ ചോദ്യം കേട്ടപ്പോൾ അവന്റെ മുഖത്ത് ആ ഞെട്ടൽ പ്രകടമായിരുന്നു.. ശ്രുതിയുടെ മിഴികൾ നനഞ്ഞത് സഞ്ജയ് കണ്ടു. ആ നിമിഷം സഞ്ജയുടെ ഹൃദയത്തിൽ ആരോ കത്തികൊണ്ട് പൊറുന്നതുപോലെയാണ് തോന്നിയത്, " പണം കൊടുത്തിട്ടുണ്ടെങ്കിൽ അത് എങ്ങനെ വാങ്ങിച്ചെടുക്കണം എനിക്കറിയാം. ശിവൻ താടിയിലൂഴിഞ്ഞു പറഞ്ഞു " അത് തന്റെ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളോട് മതി, അല്ലാതെ മറ്റു പെൺകുട്ടികളോട് ഇത്ര അതിക്രമം കാണിക്കാൻ വരണ്ട, ഇത് ചോദിക്കാൻ ഞാൻ ആരാണെന്നാണ് പറയാൻ വരുന്നതെങ്കിൽ എന്റെ ഓഫീസിൽ ജോലി ചെയ്യുന്ന ആളാണ് ശ്രുതി. " എനിക്ക് വേണ്ടപ്പെട്ട കുട്ടിയാണ് " അങ്ങനെ ഒരാൾക്ക് ഒരു പ്രശ്നമെന്ന് ഞാൻ ഇടപെടും, തനിക്ക് വേണ്ടത് എത്ര രൂപയാണെങ്കിലും നാളെ തന്നെ എന്റെ ഓഫീസിൽ വന്ന് വാങ്ങാം, റെഡി ക്യാഷ് ആയിട്ട് തന്നെ. ഇനി തന്റെ ഭാഗത്തുനിന്ന് ഒരു ബുദ്ധിമുട്ട് ഈ കുടുംബത്തിന് ഉണ്ടാവാൻ പാടില്ല.

പേഴ്സിൽ നിന്നും തന്റെ വിസിറ്റിംഗ് കാർഡ് എടുത്ത് അവന്റെ പോക്കറ്റിലേക്ക് വച്ചു കൊടുത്തിരുന്നു സഞ്ജയ്. എനിക്ക് വേണ്ടപ്പെട്ട കുട്ടിയാണ് " അത് മാത്രേ ശ്രുതി കേട്ടുള്ളു, ബാക്കി ഒന്നും അവൾ അറിഞ്ഞില്ല. അവനെ ആകപ്പാടെ നോക്കി ഒന്ന് തിരികെ പോകാൻ തുടങ്ങുന്നതിനു മുൻപ് സഞ്ജയ് അവനെ വിളിച്ചു. "ഒന്നു നിന്നെ, സഞ്ജയ് പറഞ്ഞപ്പോൾ അവൻ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നു. ശേഷം കാറ്റുപോലെ സഞ്ജയുടെ കൈകൾ അവന്റെ മുഖത്ത് പതിഞ്ഞു, " ഇത് അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ വേണ്ടിയാണ്. ഉടനെതന്നെ അവന്റെ മറുകവിളിലും സഞ്ജയുടെ കൈകൾ പതിഞ്ഞു, " ഇത് നിസ്സഹായ ഒരു പെൺകുട്ടിയുടെ അവസ്ഥയെ മുതലെടുക്കാൻ ശ്രമിച്ചതിന്. ഇത് ആരോടേലും പറഞ്ഞാൽ നാണക്കേട് എനിക്കല്ല തനിക്ക് തന്നെയാണ്, അതുകൊണ്ട് ആരും അറിയാതിരിക്കുന്നതാണ് നല്ലത്. പിന്നെ ക്യാഷ് അതിനു നാളെ വന്നാൽ മതി അതിൽ മാറ്റം ഒന്നുമില്ല, അത്രയും പറഞ്ഞ സഞ്ജയുടെ മുഖത്തേക്ക് രോഷത്തോടെ ഒന്ന് നോക്കി ഒന്നും മിണ്ടാതെ ശിവൻ നടന്നിരുന്നു, ശ്രുതിയിൽ വീണ്ടും ആ സംരക്ഷണ കവചം നിറഞ്ഞു. തനിക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ദൈവം അയക്കുന്ന രക്ഷകനെ പോലെ തന്നെ രക്ഷിക്കുവാൻ വേണ്ടി കടന്നുവരുന്ന ഒരാൾ.

അതാണ് അവനിലേക്ക് തന്നെ വലിച്ചടുപ്പിക്കുന്ന ഘടകം. വീണ്ടും ആരാധനയോടെ ആ മുഖത്തേക്ക് തന്നെ അവൻ നോക്കി, "സാറെ പണം കൊടുക്കണ്ടായിരുന്നു, ഞാനൊരു ചിട്ടി കൂടിയിട്ടുണ്ട് അല്പം വൈകിയെങ്കിലും ഒരു തുക കിട്ടും, " ഞാനിത് വെറുതെ കൊടുത്തതല്ലല്ലോ ചിട്ടി കൂടി കിട്ടുമ്പോൾ തിരികെ തന്നാൽ മതി ഗൗരവത്തോടെ തന്നെ അവൻ പറഞ്ഞു, " തനിക്ക് പനിയാണെന്ന് കേട്ട് വന്നതാ ഞാൻ, ഏതായാലും കൃത്യസമയത്തായി, താനിങ്ങനെ അയ്യോ പാവം ആയതുകൊണ്ട എല്ലാവരും തന്നെ ഇങ്ങനെ ഉപദ്രവിക്കാൻ വരുന്നത്. നമ്മൾ സ്ട്രോങ്ങ് ആയിട്ട് നിൽക്കുകയാണെങ്കിൽ ഒരു കുഴപ്പവുമില്ല, അവൾ ഒന്നും മിണ്ടാതെ തലകുനിച്ചു " പനിയല്ലേ ഇങ്ങനെ വെയിലത്ത് നിൽക്കേണ്ട, വീട്ടിലെ കയറിയിരിക്ക്. അവൻ പറഞ്ഞു അവൾക്കൊപ്പം അവനും നടന്നിരുന്നു, " സാർ എങ്ങനെ അറിഞ്ഞു എനിക്ക് പനിയാണെന്ന്, ഉദ്വേഗത്തോടെ അവൾ ചോദിച്ചു. " തന്റെ അമ്മ പറഞ്ഞു, ഞാൻ രാവിലെ തൊട്ട് തന്നെ വിളിക്കാ, നെറ്റ്‌വർക്ക് ഫോണിൽ കിട്ടുന്നുണ്ടായിരുന്നില്ല.

അപ്പോൾ ഞാൻ അമ്മയെ വിളിച്ചു. അപ്പോൾ അമ്മയാ പറഞ്ഞത് ഭയങ്കര പനി ആണെന്ന്, കുറവില്ലെങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം... അക്ഷമയോട് അവൻ പറഞ്ഞു.. "അത് മാറി എന്ന് തോന്നുന്നു, വിയർത്ത മുഖത്തോടെ അവൾ പറഞ്ഞു, " നന്നായി പേടിച്ചാലും പനി വരും, നന്നായി പേടിച്ചാലും പനി പോകും, ചെറു ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവളും ഒന്ന് ചിരിച്ചിരുന്നു, അവനെ വളരെ വിരളമായി മാത്രമേ ഇത്തരത്തിൽ ചിരിയോടെ കാണാൻ സാധിക്കുവെന്ന് അവൾ ചിന്തിക്കുകയായിരുന്നു. " എങ്കിലും മൊത്തത്തിൽ പോയോ? അവൻ പെട്ടെന്ന് അവളുടെ നെറ്റിത്തടത്തിലേക്ക് കൈകൾ കൊണ്ട് തൊട്ടുനോക്കി. ഒരു നിമിഷം അവളും ഞെട്ടി പോയിരുന്നു, അവളുടെ കണ്ണുകളിൽ ആ ഞെട്ടൽ പ്രകടമായിരുന്നു, രണ്ടുപേരുടെയും മിഴികൾ തമ്മിൽ കോർത്ത് പോയിരുന്നു. ഒരു നിമിഷം താൻ ചെയ്തത് മോശമായി എന്ന് സഞ്ജയ്ക്ക് തോന്നിയിരുന്നു, " ഞാൻ പനിയുണ്ടോന്ന് അറിയാൻ വേണ്ടി തൊട്ടു നോക്കിയതാ.. അവൻ ഒരു ക്ഷമാപണം പോലെ പറഞ്ഞു,

അവൾ മറുപടി ഒന്നും പറഞ്ഞില്ല. ആ സമയം അവളിൽ നിറഞ്ഞുനിന്നത് ഒരു സംശയം ആയിരുന്നു. തന്റെ മനസ്സിലുള്ളത് പോലെ എന്തെങ്കിലും തന്നോട് അവന്റെ മനസ്സിലും ഉണ്ടോന്ന ഒരു സംശയം...! " ശ്രുതി സത്യായിട്ടും ഞാൻ അറിഞ്ഞു ചെയ്തതല്ല, അവൻ വീണ്ടും ക്ഷമ പറയുകയാണ്. അവൾ ചെറുപുഞ്ചിരിയോടെ അവനെ ഒന്ന് നോക്കി, അവന് അല്പം ആശ്വാസം തോന്നിയിരുന്നു. " അറിഞ്ഞുകൊണ്ട് ചെയ്തതാണെങ്കിലും സാരമില്ല, സാറല്ലേ... അറിയാതെ വന്നു പോയ മറുപടി ആണ്, അക്ഷരാർത്ഥത്തിൽ അവളുടെ മറുപടിയിൽ അവൾ തന്നെ ഞെട്ടിപ്പോയിരുന്നു, അത്ഭുതത്തോടെ അവൻ അവളുടെ മുഖത്തേക്ക് നോക്കി. അവനു പരിചയമുള്ള ശ്രുതി ഇങ്ങനെ ആയിരുന്നില്ല, തനിക്കൊപ്പം യാത്ര വരാൻ മടിച്ചവൾ, അറിയാതെ പോലും കൈകളിൽ ഒന്ന് തൊട്ടാൽ സാദാസമയം തന്നോട് വഴക്കിട്ടിരുന്നവൾ, അങ്ങനെയുള്ളവൾ തന്നോട് ഇങ്ങനെ പറയുമെന്ന് അവൻ പ്രതീക്ഷിച്ചിരുന്നില്ല, ശ്രുതിയുടെ മനസ്സിൽ ഉദിച്ചത് പോലെ ഒരു സംശയം ആ നിമിഷം അവന്റെ മനസ്സിലും നിറഞ്ഞിരുന്നു, തനിക്ക് അവളോട് തോന്നുന്നതുപോലെ എന്തെങ്കിലും ഫീലിംഗ് അവൾക്ക് തന്നോട് തോന്നുന്നുണ്ടോ എന്നുള്ള ഒരു സംശയം.

രണ്ടുപേർക്കും ഉള്ളിൽ പ്രണയം ഇങ്ങനെ വീർപ്പുമുട്ടൽ അനുഭവിക്കുകയാണ്, പരസ്പരം പറയാതെ അറിയാതെ രണ്ടുപേരും ഒരു വാക്കിന്റെ അകലം ഇടുകയാണ്, ഒന്നും മൊഴിയാതെ മൗനം ഇരുവർക്കും ഇടയിൽ ആധിപത്യം നേടുന്ന നിമിഷങ്ങൾ, " താൻ അങ്ങനെ ആയിരുന്നില്ലല്ലോ ഇതുവരെ പറഞ്ഞിട്ടുണ്ടായിരുന്നത്, തനിക്ക് എന്നെ വലിയ സംശയം ആയിരുന്നില്ലേ...? അല്പം മടിയോടെയാണെങ്കിലും തന്റെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന സംശയം ദൂരീകരിക്കാനുള്ള ആകാംക്ഷയോടെ അവൻ ചോദിച്ചു, " പക്ഷേ ഇപ്പൊൾ അങ്ങനെയല്ല സാർ, ഈ ലോകത്ത് എനിക്ക് ഏറ്റവും കൂടുതൽ വിശ്വാസമുള്ള ഒരേ ഒരാൾ സാർ മാത്രമാണ് സാറേന്റെ കൂടെ ഉണ്ടെങ്കിൽ ആരും എന്നെ ഒന്നും ചെയ്യില്ല, ഈ ലോകത്തിൽ കണ്ടതിൽ വച്ച് ഏറ്റവും നല്ല മനുഷ്യനാ സാർ, എനിക്ക് വല്ലാത്ത ബഹുമാനമാണ് തോന്നുന്നത്,

മനസ്സിലുള്ളതൊക്കെ അവൾ അറിയാതെ തുറന്ന് പറയുകയാണ്, അവളുടെ വാക്കുകൾക്ക് കാതോർത്ത് അവളുടെ മുഖഭാവം നോക്കി അവനും ഇരുന്നു. ഇടയ്ക്കിടയ്ക്ക് വിടരുകയും അതോടൊപ്പം ചുരുങ്ങുകയും ചെയ്യുന്ന കണ്ണുകൾ, അവളുടെ വാക്കുകളിൽ നിന്നും അവനെ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കുകയായിരുന്നു, അവളോട് തനിക്ക് ഇപ്പോൾ എന്താണോ തോന്നുന്നത് അതേപോലെ തന്നെ അതേ തീവ്രമായി അതേ അളവിൽ അവൾക്ക് തന്നോട് തിരികെ തോന്നുന്നുണ്ട്, തന്റെ ഉള്ളിലും അങ്ങനെയുണ്ടെന്ന് അവൾ അറിഞ്ഞാൽ....? പിന്നീട് അവൾക്ക് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരു നിമിഷം അവൻ അവലോകനം നടത്തി. പാടില്ല, താൻ കാരണം....... അവളുടെ ഉള്ളിലുള്ള ആ മോഹത്തെ വളർത്തി കൂടാന്ന് അവനാനിമിഷം ചിന്തിച്ചിരുന്നു.....കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story