നിളയോഴുകും പോൽ 💙: ഭാഗം 29

nilayozhukumpol

രചന: റിനു

അവളുടെ ഉള്ളിലുള്ള ആ മോഹത്തെ വളർത്തി കൂടാന്ന് അവനാനിമിഷം ചിന്തിച്ചിരുന്നു. " ഒരാളോടും ഒരു പരിധിയിൽ കവിഞ്ഞ വിശ്വാസം ഉണ്ടാവാൻ പാടില്ല ശ്രുതി, അത് ഞാനാണെങ്കിലും താനാണെങ്കിലും ശരി. നമ്മൾ കാണുന്നതു പോലെയല്ല മനുഷ്യന്മാരുടെ ഉള്ള്. ഞാൻ എങ്ങനെയാണെന്ന് തനിക്ക് ഇപ്പോഴും അറിയില്ല. പുറത്തു കാണുന്ന എന്നെ മാത്രമേ തനിക്കറിയു, തനിക്ക് അറിയാത്ത ഒരുപാട് അധ്യായങ്ങൾ ഉള്ളിലുള്ള ഒരു പാഠഭാഗമാണ് ഞാൻ. അവനത് പറയുന്നതിനിടയിലാണ് അജിത വരുന്നത്. അജിതയെ കണ്ട ഉടനെ തന്നെ അവൾക്ക് അരികിൽ നിന്നും അവൻ എഴുന്നേറ്റിരുന്നു, നടന്ന കാര്യങ്ങൾ ഒന്നും പറയേണ്ട എന്ന് മുൻപേ തന്നെ അവൻ പറഞ്ഞതുകൊണ്ട് അവൾ അതിന് മുതിർന്നിരുന്നില്ല. " സാർ വന്നിരുന്നോ..? ഒരുപാട് നേരം ആയോ വന്നിട്ട്, വല്ലോം കുടിക്കാൻ കൊടുത്തോടി... അജിത ഭാവ്യതയോടെ ചോദിച്ചു. " ഇല്ല കുറച്ചുനേരം ആയതേയുള്ളൂ, ശ്രുതി പറഞ്ഞു... " ഫോൺ വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല, പനിയാണെന്ന് അറിഞ്ഞപ്പോൾ എങ്ങനെയുണ്ട് എന്ന് അറിയാൻ വേണ്ടി ഞാൻ ഇതിലെ പോയപ്പോൾ ഒന്ന് കയറിയത് ആണ്.

ഒരു കള്ളം പറഞ്ഞിരുന്നു സഞ്ജയ്. അത് കള്ളമാണെന്ന് വ്യക്തമായി തന്നെ ശ്രുതിയ്ക്കും മനസ്സിലാക്കാൻ കഴിഞ്ഞു. " കയറി ഇരിക്കു, അജിത പറഞ്ഞു... " വേണ്ട ഞാൻ അമ്മ വരട്ടെ എന്ന് കരുതിയിരുന്നത് ആണ്.. എനിക്ക് പോയിട്ട് അത്യാവശ്യം ഉണ്ട്...ഇറങ്ങട്ടെ പറഞ്ഞതിനുശേഷം അവളെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവൻ ഇറങ്ങിയിരുന്നു. കണ്ണുകൾക്ക് കോർത്തു പോയാൽ വീണ്ടും ആ കാന്തങ്ങളുടെ ആകർഷണത്തിലായി പോകും താനെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഒരു തിരിഞ്ഞുനോട്ടം പോലും അവൻ നൽകാതിരുന്നത്. എന്നാൽ അത് ശ്രുതിയിൽ സമ്മാനിച്ചത് വേദന നിറക്കുന്ന ഒരു അനുഭവം തന്നെയായിരുന്നു. വീണ്ടും രണ്ടുദിവസങ്ങൾ കൂടി റസ്റ്റ് എടുത്തതിനു ശേഷം ആണ് ശ്രുതി ഓഫീസിലേക്ക് പോകാൻ തയ്യാറായത്. ഇതിനിടയിൽ ശിവൻ ആളെ വിട്ട് ഓഫീസിൽ നിന്നും ചെക്ക് വാങ്ങിപ്പിക്കുകയും ചെയ്തിരുന്നു. അവൻ നേരിട്ടാണ് വരുന്നതെങ്കിൽ ഒരിക്കൽ കൂടി വിശദമായി ഒന്ന് കാണണം എന്നായിരുന്നു സഞ്ജയ്‌ കരുതിയിരുന്നത്.

എന്നാൽ ഒരു മോശ അനുഭവം മുന്നിലുള്ളത് കൊണ്ടായിരിക്കാം അവൻ നേരിട്ട് എത്താതിരുന്നത്. പിറ്റേദിവസം ശ്രുതി ജോയിൻ ചെയ്തപ്പോൾ എല്ലാവരും അവളെ തന്നെയാണ് ഉറ്റുനോക്കിയത്. ഓഫീസിനുള്ളിൽ പലർക്കും ഇടയിൽ എന്തൊക്കെയോ പുകയുന്നുണ്ടായിരുന്നുന്നെന്ന് അവൾക്ക് തോന്നിയിരുന്നു. ചെന്നൈയിൽ നിന്നും വന്നതിനുശേഷം ശ്രുതി ഓഫീസിൽ എത്തിയിട്ടില്ല എന്നും പിന്നീട് സഞ്ജയിൽ ഉണ്ടായ ചില മാറ്റങ്ങളും ആളുകൾ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ ചെറുതല്ലാത്ത രീതിയിലുള്ള ഒരു കഥ ഓഫീസിൽ വളർന്നിട്ടുണ്ടായിരുന്നു. എന്നാൽ അത് ആരും ആരോടും പരസ്പരം പങ്കുവെച്ചിരുന്നില്ലന്ന് മാത്രം. ചില സൗഹൃദ വലയങ്ങളിൽ ഒരു ചെറിയ കഥ പോലെ അത് ഉയർന്നു വന്നു. ആരെങ്കിലും കേട്ടാലോന്ന് ഭയന്ന് പറഞ്ഞവർ തന്നെ ആ കഥയെപ്പറ്റി കൂടുതൽ വിശദീകരണം നടത്താതെ പോയി എങ്കിലും ശ്രുതിയെയും സഞ്ജയയും ഒരുമിച്ച് കാണുമ്പോഴൊക്കെ എല്ലാവരുടെയും മുഖത്ത് നിറയുന്ന ഭാവങ്ങളിൽ എന്തൊക്കെയോ ശ്രുതിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.

ഒരു ദിവസം കാന്റീനിൽ വച്ച് അനുഗ്രഹയാണ് അവളോട് ഈ കാര്യം തുറന്നു ചോദിച്ചത്. " ഞാനൊരു കാര്യം ചോദിച്ചാൽ താൻ അത് മോശം സെന്‍സില്‍ എടുക്കരുത്, "എന്താടോ.... " താനും സഞ്ജയ് സാറും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ..? " എന്ത് പ്രശ്നം? മനസ്സിലാവാതെ ശ്രുതി ചോദിച്ചു. " അന്ന് ചെന്നൈയിൽ നിങ്ങൾ ബിസിനസ് മീറ്റിങ്ങിന് പോയതിനുശേഷം എന്തെങ്കിലും പ്രശ്നം നടന്നോ..? തിരിച്ചു വന്നതിനു ശേഷം സാറിന്റെ ക്യാരക്ടർ ആകെ മാറിയതുപോലെ... ഒന്നിലും ഒരു ശ്രദ്ധയില്ല, തന്റെ കാര്യം പറയുമ്പോൾ സാർ ഭയങ്കരമായിട്ട് ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്. താൻ ലീവ് ആയിരുന്ന ദിവസങ്ങളിലൊക്കെ ഭയങ്കര അബ്സൈറ്റ് മൈൻഡ് ആയിരുന്നു, അതുകൊണ്ട് തന്നെ പലരും പല കഥകളും പറയുന്നുണ്ട്. ഞാൻ തന്നോടുള്ള ഒരു സൗഹൃദത്തിന്റെ പുറത്ത് ചോദിച്ചതാ. സഞ്ജയ് സാർ അങ്ങനെ സ്ത്രീ വിഷയങ്ങളിൽ ഒന്നും താല്പര്യമുള്ള ആളല്ല. തന്നോട് ഞാൻ പറഞ്ഞിട്ടില്ലെ ഈ ഓഫീസിൽ തന്നെ സ്ത്രീകളോട് വളരെ വിരളമായി സംസാരിക്കാറുള്ളത്.

പക്ഷേ തന്റെ കാര്യം പറയുമ്പോൾ സാറിനൊരു പ്രത്യേക ഉത്സാഹം. താൻ ഇല്ലാത്തപ്പോൾ സാറിനേ വല്ലാത്ത ഒരു അസ്വസ്ഥത അലട്ടുന്നതുപോലെ തോന്നുന്നുണ്ട്. അതിപ്പോ എനിക്ക് തോന്നിയതല്ല ഈ ഓഫീസിൽ ഉള്ള എല്ലാവർക്കും തോന്നിയത് ആണ്. നമ്മളോട് എന്നും ഇടപെടുന്ന ഒരാൾ അയാളിൽ ഉണ്ടാകുന്ന മാറ്റം നമുക്ക് പെട്ടെന്ന് മനസ്സിലാക്കാലോ, അടുത്ത് കിടക്കുന്നവനെ രാപ്പനി അറിയൂ എന്ന് പറയുന്നതുപോലെ, അതാ ഞാൻ ശ്രുതിയോട് ചോദിച്ചത് സാറിന്റെ ഭാഗത്തുനിന്ന് തന്നോട് മോശമായിട്ടുള്ള എന്തെങ്കിലും ഇടപെടൽ ഉണ്ടായിട്ടുണ്ടോന്ന്...! അനുഗ്രഹ വ്യക്തമാക്കി. " അങ്ങനെയൊന്നുമില്ല സാറിന്നോട് ഇതുപോലെ ശരിക്കും സംസാരിക്കാറ് പോലുമില്ല, ആകെ സംസാരിക്കുന്നത് എന്തെങ്കിലും വഴക്ക് പറയാൻ വേണ്ടിയാണ് എന്റെ ഇഷ്യൂ കൊണ്ടൊന്നും ആവില്ല, ആ മീറ്റിംഗ് നടക്കാത്തതിൽ സാറിന് നല്ല ടെൻഷൻ ഉണ്ട്. എനിക്ക് പനി പിടിച്ചതുകൊണ്ട് മീറ്റിംഗ് നടക്കാൻ പറ്റാത്തത്. അതിന്റെ ദേഷ്യം എന്നോട് ഉണ്ടാവും. അല്ലാതെ നിങ്ങൾ കരുതുന്നത് പോലെ സാറിന് എന്നോട് പ്രത്യേകിച്ച് ഒരു താൽപ്പര്യവുമില്ല, അനുഗ്രഹയുടെ വെളിപ്പെടുത്തൽ ശ്രുതിയിൽ ഒരു സന്തോഷം നിറച്ചിരുന്നു.

തന്റെ അഭാവത്തിൽ അവൻ അസ്വസ്ഥനായി എന്നാൽ അതിനർത്ഥം തന്നിൽ നിറഞ്ഞതുപോലെ എന്തൊക്കെയോ വികാരങ്ങൾ അവനിലും നിറഞ്ഞു എന്നല്ലേ..? അവൾ സ്വയം അവളോട് ചോദിച്ചിരുന്നു, എന്നാൽ അത് എങ്ങനെ മനസ്സിലാക്കും.? അവനോട് നേരിട്ട് ചോദിക്കാനുള്ള ധൈര്യം തനിക്കില്ല. പണ്ടത്തെപ്പോലെയല്ല ഇപ്പോൾ ഓഫീസിൽ ഇരിക്കുമ്പോൾ തനിക്ക് അരികിൽ വന്നവൻ ഇരിക്കാറില്ല. എന്നാൽ താൻ ശ്രദ്ധിക്കാതിരിക്കുമ്പോൾ തന്നെ വീക്ഷിക്കാറുണ്ട്. തന്റെ അരികിൽ അധികം സംസാരിക്കാറില്ല, സംസാരിച്ചാൽ തന്നെ മുഖത്ത് നോക്കാറില്ല. അവന്റെ മാറ്റങ്ങൾ ശ്രുതിയ്ക്കും മനസ്സിലാകുന്നുണ്ടായിരുന്നു. അന്ന് വൈകുന്നേരം അവനോട് യാത്ര പറഞ്ഞു ബസ്സിലേക്ക് കയറുമ്പോഴും അവനൊന്നു നോക്കിയിരുന്നെങ്കിൽ എന്ന് ശ്രുതി ആഗ്രഹിച്ചിരുന്നു. എന്നാൽ അത് ഉണ്ടായിരുന്നില്ല. രാത്രിയിൽ ഏറെ വൈകി ലാപ്ടോപ്പ് തുറന്ന് ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പതിവില്ലാത്ത സമയത്ത് അനുഗ്രഹയുടെ ഫോൺകോൾ വരുന്നത്.

ഒരു നിമിഷം സഞ്ജയ് അത് എടുക്കാൻ ഒന്നും മടിച്ചിരുന്നു, പിന്നെ ഈ രാത്രി സമയത്ത് പൊതുവേ അവൾ വിളിക്കുന്നതല്ല എന്തെങ്കിലും അത്യാവശ്യത്തിന് ആയിരിക്കുമെന്ന് കരുതിയാണ് അവൻ ഫോണെടുത്തത്, " എന്താടോ...? സഞ്ജയ് ചോദിച്ചു. " ശ്രുതിയുടെ അമ്മ വിളിച്ചിട്ടുണ്ടായിരുന്നു സർ. ആ കുട്ടി ഇപ്പോഴും വീട്ടിൽ ചെന്നിട്ടില്ലെന്ന് ആണ് പറയുന്നത്. നമ്മുടെ ഓഫീസിൽ നിന്ന് സാധാരണ സമയത്ത് ഇറങ്ങിയത്. അവളുടെ ഫോണും സ്വിച്ച് ഓഫ്. സാറിനെ വിളിച്ച് എന്തെങ്കിലും പറഞ്ഞിരുന്നോ? സമയം ഇപ്പോൾ 9. 45 ആയില്ലേ..? ഇതുവരെയായിട്ടും വീട്ടിൽ ചെന്നിട്ടില്ല എന്ന് പറയുമ്പോൾ എന്താണെന്ന് മനസ്സിലാവുന്നില്ല. അനുഗ്രഹയുടെ വെളിപ്പെടുത്തൽ കേട്ട് സഞ്ജയ് ഭയന്നിരുന്നു. അവൻ ശ്വാസം എടുക്കാൻ മറന്നു. പ്രാണൻ പിടയുന്നു. ഹൃദയം തപിക്കുന്നു. " എവിടെ പോയതാണെന്ന് എനിക്കറിയില്ല അനുഗ്രഹ, എന്നോട് പറഞ്ഞിട്ടില്ല. സാധാരണ ഇറങ്ങുന്നത് പോലെയാണ് ഓഫീസിൽ നിന്നിറങ്ങിയത്. ഞാനൊന്നു വിളിച്ചു നോക്കട്ടെ, അതും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു

അവളുടെ മൊബൈലിലേക്ക് വിളിച്ചു എങ്കിലും സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി. സഞ്ചയ്യിൽ വീണ്ടും ഒരു ആധി പടർന്നു കയറാൻ തുടങ്ങി. അല്ലെങ്കിലും ആ ഒരുവൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ തന്നിൽ നിറഞ്ഞു നിൽക്കുന്നത് ഒരു പ്രത്യേക വികാരമാണെന്ന് അവന് തോന്നി തുടങ്ങിയിട്ടുണ്ട്, അമ്മയോട് പോലും ഒന്നും പറയാതെ കാറിന്റെ ചാവിയും എടുത്ത് എങ്ങോട്ടെന്നില്ലാതെ സഞ്ജയ് ആ രാത്രിയിൽ വണ്ടി ഓടിച്ചു. എവിടേക്ക് പോകും ആരോട് തിരക്കും എന്നൊന്നും അവന് അറിയില്ലായിരുന്നു, ബസ് സ്റ്റോപ്പിലും ഓട്ടോ സ്റ്റാൻഡിലും ഒക്കെ തിരക്കി, വെറുതെ സിറ്റിയിലൂടെ വണ്ടിയോടിച്ചപ്പോഴാണ് ഒരു കടയുടെ മുൻപിൽ വലിയൊരു ആൾക്കൂട്ടം കണ്ടത്, ആൾക്കൂട്ടത്തിന് അരികിൽ കൊണ്ടുവന്ന് കാർ നിർത്തി അവിടെയുള്ള ഒരാളോട് എന്താണ് സംഭവം എന്ന് തിരക്കി.

" വൈകുന്നേരം ഒരു ബസ് മറിഞ്ഞത് ആണ് സാറേ, എല്ലാവരെയും ഇവിടുത്തെ ഗവൺമെന്റ് ആശുപത്രിയിലോട്ട് കൊണ്ടുപോയിട്ടുണ്ട്, കുറെ പേർക്ക് സീരിയസ് ആണ്, വണ്ടി എടുത്തുമാറ്റിയിട്ടില്ല, അതിനാള് വരുകയായിരുന്നു, അവിടെനിന്ന് ഒരാൾ പറഞ്ഞപ്പോൾ സഞ്ജയുടെ ഹൃദയത്തിൽ ഒരു വെള്ളിടി വെട്ടിയിരുന്നു. ബസിൽ ആണ് അവൾ വീട്ടിലേക്ക് പോകുന്നത്. " എപ്പോഴാ ഈ സംഭവം നടന്നത്..? അയാളോട് സഞ്ജയ് ചോദിച്ചു, " ഒരു 5:45 - ആറു മണി ആയിട്ടുണ്ടാവും. പിന്നെ മറിച്ചൊന്നും ചിന്തിച്ചില്ല സഞ്ജയ് നേരെ, ആശുപത്രിയിലേക്ക് കാർ തിരിച്ചുവിട്ടു, യാത്രയിൽ അറിയാതെ കണ്ണുകൾ നിറഞ്ഞു, ഒരിക്കൽ ഉപേക്ഷിച്ച ദൈവങ്ങളോട് അവൾക്ക് വേണ്ടി കെഞ്ചി അപേക്ഷിച്ചു അവൻ, അവൾക്ക് ഒന്നും പറ്റല്ലേ എന്ന പ്രാർത്ഥന ജപം പോലെ അവന്റെ അധരങ്ങളിൽ ഉതിർന്നു...കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story