നിളയോഴുകും പോൽ 💙: ഭാഗം 3

nilayozhukumpol

രചന: റിനു

ഞാൻ ഒരു ഇന്റർവ്യൂന് വന്നതാണ് സാറെ, അതുകൊണ്ട് മുടി ഉഴപ്പിയപ്പോൾ ഒന്നു നോക്കിയെന്നേയുള്ളൂ, അല്ലാതെ സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി സാറിന്റെ രഥത്തിൽ നോക്കിയതല്ല, ക്ഷമിച്ചുകള സാറെ പാവങ്ങൾ ജീവിച്ചു പോട്ടെ.... അത്രയും പറഞ്ഞ് മറുപടിക്ക് കാക്കാതെ അവൾ അകത്തേക്ക് നടന്നിരുന്നു, ഓഫീസിന് അകത്തേക്ക് കയറിയപ്പോഴും അവൾ അമ്പരപെട്ട് പോയിരുന്നു, അത്രമാത്രം ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചതായിരുന്നു ആ ഒരു ഓഫീസ്. അവിടെ നിൽക്കാനുള്ള യോഗ്യത പോലും തനിക്കില്ലെന്ന് അവൾക്ക് തോന്നി, റിസപ്ഷനിലേക്ക് നടന്നപ്പോൾ എയർഹോസ്റ്റസിന് സമാനമായ രീതിയിൽ വസ്ത്രം ധരിച്ചിരിക്കുന്ന ഒരു പെൺകുട്ടിയെയാണ് അവൾക്ക് കാണാൻ സാധിച്ചത്.. അവർക്കരികിലേക്ക് പോയപ്പോൾ അറിയാതെ കൈകൾ വിറച്ചിരുന്നു, " ഹൗ ക്യാൻ ഐ ഹെല്പ് യു മാം?

ഇംഗ്ലീഷിലുള്ള ആ പെൺകുട്ടിയുടെ ചോദ്യത്തിന് ഒരു നിമിഷം മറുപടി പറയാൻ പോലും അവൾ മറന്നു എന്നതാണ് സത്യം, പരിഭ്രമം അവളെ അത്രത്തോളം തളർത്തി കഴിഞ്ഞിരുന്നു... " അത് പിന്നെ.... ഞാന്, എനിക്ക് എംഡിയെ ഒന്ന് കാണണം, വക്കി തപ്പി അവൾ പറഞ്ഞു.. " അപ്പൊമെന്റ് എടുത്തിട്ടുണ്ടോ...? " ഇല്ല...! " സോറി മാം, അപ്പൊയമെന്റ് എടുക്കാതെ കാണാൻ പറ്റില്ല... ഒരു കാര്യം ചെയ്യു മാഡം നാളെ ഒന്ന് വിളിച്ച് അപ്പൊയ്മെന്റ് എടുത്തതിനുശേഷം വരു, സർ ഇന്ന് ഫ്രീ ആണ് പക്ഷേ ആർക്കും അപ്പോയ്മെന്റ് കൊടുത്തിട്ടില്ല എന്ന് തോന്നുന്നു... "ഒരു കാർഡ് തരുമോ..? പെൺകുട്ടി ഒരു കാർഡ് അവളുടെ കൈകളിലേക്ക് നൽകി, അതിൽ എം ഡിയുടെ നമ്പർ ആയിരുന്നു, ഒരു നിമിഷം അവൾ നിരാശയോടെ ആ പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കി... പുറത്തേക്ക് പോകാൻ തുടങ്ങിയപ്പോഴാണ് കുറച്ചു മുൻപ് കാർ പാർക്കിങ്ങിൽ വെച്ച് തമ്മിൽ ഉരസിയ വ്യക്തി അകത്തേക്ക് കയറി വരുന്നത് കണ്ടത്,

ആള് ക്യാഷ്യുൽ ഡ്രസ്സ് അണിഞ്ഞാണ് വന്നിരിക്കുന്നത്.. ഇവിടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ ആണെന്ന് അവൾക്ക് തോന്നിയിരുന്നു, കൈയിലൊരു ഫയലും പിടിച്ചിട്ടുണ്ട്, അയാളെ കണ്ടപ്പോൾ റിസപ്ഷനിൽ ഇരുന്ന ആളുകൾ എഴുനേൽക്കാൻ തുടങ്ങി, പെട്ടെന്നാണ് അയാളുടെ കയ്യിലിരുന്ന മൊബൈൽ ഫോൺ ബെൽ അടിച്ചത്... ഫോൺ എടുത്തു കൊണ്ട് തന്നെ ഒന്ന് ഉഴിഞ്ഞു നോക്കിയതിനുശേഷം അവളെ ഗൗനിക്കാതെ അയാൾ അകത്തേക്ക് കയറി പോയിരുന്നു... ഒന്നും മിണ്ടാതെ തിരിച്ച് നിരാശയോടെ ഇറങ്ങി അവൾ ബിൽഡിങ്ങിന്റെ ബാൽക്കണിയിൽ നിന്നു,ഒരിക്കൽ കൂടി പണം മുടക്കി ഇവിടെ വരികയെന്നു പറയുന്നത് തനിക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത ഒരു കാര്യമാണ്, അവൾ ഫോൺ എടുത്ത് റിസപ്ഷനിൽ നിന്ന് നൽകിയ നമ്പർ മൊബൈലിൽ ഡയൽ ചെയ്തു.

രണ്ടുമൂന്നു വട്ടം ശ്രമിച്ചതിന് ശേഷമാണ് ഫോൺ കിട്ടിയത്. " ഹലോ.... അപ്പുറത്തുനിന്നും ഘനഗംഭീരമായ ശബ്ദം അവളുടെ കർണ്ണപുടങ്ങളിൽ വീണ്ടും ആവലാതി നിറച്ചിരുന്നു, " സാർ എനിക്ക് സാറിന്റെ ഒരു അപ്പോയ്മെന്റ് വേണമായിരുന്നു... വിറച്ചു വിറച്ചു അവൾ പറഞ്ഞു.. " അപ്പോയ്മെന്റോ.? " എന്താ കാര്യം...? " സാറിന് കൂടി ഗുണമുള്ള ഒരു കാര്യമാണ്... അത് ഫോണിൽ കൂടി പറയാൻ പറ്റില്ല, ഇപ്പൊ ഹാക്കിങ്ങും ട്രാക്കിംഗും ഒക്കെ ഉള്ള കാലമാണല്ലോ സർ, സാറിന്റെ ബിസിനസിനെ വളരെ ഗുണകരമായ ബാധിക്കുന്ന ഒരു ഇൻഫർമേഷൻ തരാനാണ്.. നിങ്ങളുടെ പേരെന്താ..? എവിടുന്ന് ആണ് വിളിക്കുന്നത്.? " പേര് ശ്രുതി... വിവരങ്ങൾ ഒക്കെ ഞാൻ നേരിട്ട് പറയാം സാർ, എനിക്ക് അപ്പോയ്മെന്റ് തന്നാൽ ഉപകാരമായിരിക്കും, ഇന്നുതന്നെ ലഭിക്കുകയാണെങ്കിൽ ഉപകാരമായിരുന്നു... " ഒരു കാര്യം ചെയ്യു, ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം ഓഫീസിലേക്ക് വരു, സംസാരിക്കാം ശ്രുതി... രണ്ടു മണിക്ക് ശേഷം ഓഫീസിൽ വന്നാൽ ഞാൻ ഫ്രീ ആയിരിക്കും,

"ഓക്കേ സർ... അത്രയും പറഞ്ഞു അയാൾ ഫോൺ കട്ട് ചെയ്തിരുന്നു, ഒരു അപ്പോയ്മെന്റ് കിട്ടുവാൻ വേണ്ടിയാണ് അങ്ങനെ ഒരു കാര്യം പറഞ്ഞത്, ഇനി കാര്യം എന്താണെന്ന് അയാൾ ചോദിച്ചാൽ എന്തുപറയും എന്നുള്ള ഭയത്തിൽ ആയിരുന്നു അവൾ, വാച്ചിലേക്ക് സമയം നോക്കിയപ്പോൾ 10. 15 ആയിട്ടേയുള്ളൂ, ഇനിയുമുണ്ട് കുറച്ചു മൂന്നര മണിക്കൂറുകളോളം, അത്രയും സമയം താനെന്തു ചെയ്യും ഇവിടെ തന്നെ ഇരിക്കുക അല്ലാതെ മറ്റു മാർഗമൊന്നുമില്ല, കുറച്ചുസമയം അവൾ വെളിയിലുള്ള ബാൽക്കണിയിൽ ഇരുന്നു... പിന്നെ കുറച്ച് സമയം കാർപാർക്കിംഗിൽ കൂടെ നടന്നു, സമയം ച്ചിനെ പോലെ ഇഴയുന്നത് പോലെയാണ് അവൾക്ക് തോന്നിയത്. ഒന്നര മണിയോടടുത്തപ്പോഴേക്കും ചെറുതായി വിശപ്പ് തോന്നി തുടങ്ങിയിരുന്നു വെള്ളംപോലും കൊണ്ടുവന്നിട്ടില്ല, ഓഫീസിന് അരികിൽ വച്ചിരിക്കുന്ന വാട്ടർ കാനിൽ നിന്നും കുറച്ചു വെള്ളം എടുത്തു കുടിച്ചു,

തൽക്കാലം വിശപ്പിന് ഒരു ആശ്വാസം എന്നതുപോലെ... കുറച്ചു കഴിഞ്ഞപ്പോൾ താഴെ ഒരു ബേക്കറി കണ്ടിരുന്നു എന്തെങ്കിലും ഒന്ന് പോയി കഴിക്കാം എന്ന് വിചാരിച്ചുവെങ്കിലും വണ്ടിക്കൂലി കൂട്ടി നോക്കിയപ്പോൾ കയ്യിൽ ഒന്നുമില്ലന്ന ചിന്ത അവളുടെ വിശപ്പിനെ കെടുത്തി, സമയം ഒന്ന് അമ്പതോട് അടുത്തപ്പോൾ അവൾ പതുക്കെ ഓഫീസിലേക്ക് വീണ്ടും നടന്നു, റിസപ്ഷനിസ്റ്റ് പെൺകുട്ടി അവളെ കണ്ട് ഒന്ന് അമ്പരന്നു പോയിരുന്നു, " അപ്പോയ്മെന്റ് എടുത്തിട്ടുണ്ട്, രണ്ടു മണിക്ക് ശേഷം വരാൻ സർ പറഞ്ഞു... അവരോട് അവൾ പറഞ്ഞു... " ശരി മാഡം വെയിറ്റ് ചെയ്യു, ഞാൻ ഒന്ന് വിളിച്ചു ചോദിക്കട്ടെ... റിസ്പഷനിസ്റ്റ് ഉടൻ തന്നെ ഫോൺ വിളിച്ചു, " സർ അപ്പോയ്മെന്റ് എടുത്തിട്ടുണ്ട് എന്ന് പറഞ്ഞു ഒരു സ്ത്രീ വന്നിരിക്കുന്നു, " ശ്രുതി എന്നാണോ പേര്...? " അതറിയില്ല,ഒരുമിനിറ്റ് ചോദിച്ചു നോക്കട്ടെ, മേടത്തിന്റെ പേര് ശ്രുതിയെന്നാണോ.? റിസപ്ഷനിസ്റ്റ് ചോദിച്ചു...

" അതെ, ശ്രുതി എഴുനേറ്റ് ചെന്നു. "അതെ.... "അതെ സർ.. "ശരി കയറി വരാൻ പറയു... " ശരി സർ... " അകത്തേക്ക് ചെന്നോളു മേഡം...നേരെ നടന്നിട്ട് ലെഫ്റ്റിൽ ആണ് സാറിന്റെ റൂം, സഞ്ജയ് രാമവർമ്മ എന്നാണ് പേര്,അവിടെ ബോർഡിൽ ഉണ്ടാവും പേര്...ആ റൂമിലേക്ക് ചെന്നാൽ മതി, "താങ്ക്സ്... വർധിച്ച സന്തോഷത്തോടെയാണ് അകത്തേക്ക് അവൾ നടന്ന് അടുത്തത്... സഞ്ജയ് രാമവർമ്മയെന്ന് എഴുതിയിരിക്കുന്ന ബോർഡിന് അടുത്ത് അവൾ ഒന്നു നിന്നു... ശ്വാസം നന്നായി ഒന്ന് വലിച്ചുവിട്ടു, അതിനുശേഷം ക്യാബിൻ തുറന്ന് അകത്തേക്ക് വിളിച്ചു ചോദിച്ചു.. " മേ ഐ കമിങ് സർ, ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന ആൾ പുറംതിരിഞ്ഞ് കൈകൊണ്ട് അകത്തേക്ക് കയറി വരാൻ ആംഗ്യം കാണിച്ചിരുന്നു... പുറം തിരിഞ്ഞിരുന്ന് സംസാരിക്കുന്നതിനാൽ ആളുടെ മുഖം അവൾക്ക് വ്യക്തമായിരുന്നില്ല,

അവൾ ധൈര്യം സംഭരിച്ച് അകത്തേക്ക് ചെന്നു... " കോൾ ബാക്ക്... ഫോൺ കട്ട് ചെയ്ത് തിരിഞ്ഞപ്പോഴാണ് അയാളുടെ മുഖം ശരിക്കും അവൾ കണ്ടത്, ഒരു നിമിഷം രണ്ടു പേരും അത്ഭുതപ്പെട്ട് പോയിരുന്നു.. " ദൈവമേ രാവിലെ ഞാൻ അത്രയും ഡയലോഗ് പറഞ്ഞത് എംഡിയോട് ആയിരുന്നോ..? അവൾ മനസ്സിൽ ആത്മഗതം പറഞ്ഞു തുടങ്ങിയിരുന്നു, അവളെ കണ്ടപ്പോൾ ഒരു നിമിഷം അവന്റെ മുഖത്ത് അമ്പരപ്പ് പ്രകടമായിരുന്നു, " നിങ്ങളാണോ ശ്രുതി..? " അതെ സർ... എനിക്ക് അറിയില്ലായിരുന്നു സാറാണ് സ്ഥാപനത്തിന്റെ എം ടി എന്ന്... അറിയാതെ ആണ് ഞാൻ രാവിലെ അങ്ങനെയൊക്കെ പറഞ്ഞത്, " എന്താണ് നിങ്ങൾക്ക് പറയാനുള്ളത്...? എന്താണ് എനിക്ക് യൂസ് ഫുൾ ഇൻഫർമേഷൻ...? താൻ പറഞ്ഞതിനെ മുഖവിലയ്ക്ക് പോലും എടുക്കാതെയാണ് അവന്റെ ചോദ്യം ഉയർന്നത്, ആ നിമിഷം തന്നെ അവളുടെ ആത്മധൈര്യം ചോർന്നു തുടങ്ങിയിരുന്നു,

" സർ ഇവിടെ കുറച്ചു വേക്കൻസി കണ്ടിരുന്നു... ഞാൻ ഡിഗ്രിയും ടാലിയും ഒക്കെ ചെയ്തിട്ടുള്ളതാണ്, ഡിഗ്രി ബികോം ഫിനാൻസ് ആയിരുന്നു., ഞാൻ ഇവിടേക്ക് എന്റെ റിസ്യൂം അയച്ചിരുന്നു. പക്ഷേ ആരും എന്നെ കോൺടാക്ട് ചെയ്തിരുന്നില്ല സർ. അതുകൊണ്ട് ഞാൻ നേരിട്ട് വന്നത്. അല്പം മടിയോടെ പറഞ്ഞു അവൾ.. "താന് അങ്ങനെയല്ലല്ലോ ഫോൺ വിളിച്ചപ്പോൾ പറഞ്ഞത് എന്റെ ബിസിനസിനെ ഗുണകരമായി ബാധിക്കുന്ന എന്തോ ഇൻഫർമേഷൻ തനിക്ക് തരാൻ ഉണ്ടെന്ന് അല്ലേ ഇപ്പോ ജോലിയുടെ കാര്യം ആണല്ലോ പറയുന്നത്..? അവൾ നിന്ന് വിയർത്തു.. " എല്ലാം ഒരു ശൃംഖലയല്ലെ സർ, ആഹാരശൃംഖലയെ പറ്റി കേട്ടിട്ടില്ലേ..? പുഴുവിനെ കോഴി ഭക്ഷിക്കുന്നു കോഴിയെ മനുഷ്യൻ ഭക്ഷിക്കുന്നു ഇങ്ങനെയാണല്ലോ ആഹാരശൃംഗല മുന്നോട്ട് പോകുന്നത്.... അതുപോലെ ആണല്ലോ സർ ബിസിനസ് എന്ന് പറയുന്നതും,

ഞാൻ ഇവിടെ ജോലി ചെയ്യുകയാണെങ്കിൽ എന്റെ ആത്മാർത്ഥത മുഴുവൻ ഞാൻ കാണിക്കും. അത് ബിസിനസിന് കൂടുതൽ ലാഭമുണ്ടാക്കാൻ വേണ്ടി ആയിരിക്കും.. അതിനുവേണ്ടി ഞാൻ എന്റെ ആത്മാർത്ഥത മുഴുവനായും ഇവിടെ ഇൻവെസ്റ്റ് ചെയ്യുകയും ചെയ്യും.. അതു സാറിന്റെ ബിസിനസിന് കൂടുതൽ ഗുണകരം ആവില്ലേ.? ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഒരു തൊഴിലാളി ഏതൊരു ബിസിനസ് സ്ഥാപനത്തിനും ഗുണകരമായ ഒരു സമ്പത്ത് ആണല്ലോ, അതാണ് ഞാൻ ഉദ്ദേശിച്ചത്.. അല്പം വിറയൽ കൂടിയുള്ള അവളുടെ വർത്തമാനം കേട്ടുകൊണ്ട് ഇടതുകൈ മുഖതൂന്നി അവൻ കുറച്ചു നേരം അവളെ തന്നെ നോക്കിയിരുന്നു...... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story