നിളയോഴുകും പോൽ 💙: ഭാഗം 30

nilayozhukumpol

രചന: റിനു

പിന്നെ മറിച്ചൊന്നും ചിന്തിച്ചില്ല സഞ്ജയ് നേരെ, ആശുപത്രിയിലേക്ക് കാർ തിരിച്ചുവിട്ടു, യാത്രയിൽ അറിയാതെ കണ്ണുകൾ നിറഞ്ഞു, ഒരിക്കൽ ഉപേക്ഷിച്ച ദൈവങ്ങളോട് അവൾക്ക് വേണ്ടി കെഞ്ചി അപേക്ഷിച്ചു അവൻ, അവൾക്ക് ഒന്നും പറ്റല്ലേ എന്ന പ്രാർത്ഥന ജപം പോലെ അവന്റെ അധരങ്ങളിൽ ഉതിർന്നു. 💙 ആശുപത്രിയിലെത്തി അപകടം പറ്റിയവരെ കുറിച്ച് തിരക്കിയപ്പോൾ അവർ കിടക്കുന്ന വാർഡ് റിസപ്ഷനിൽ നിന്നും അറിയാൻ പറ്റി. വാർഡിനുള്ളിലേക്ക് കയറി ഓരോ മുഖങ്ങളിലും മാറിമാറി നോക്കി അവൻ. അറ്റത്തുള്ള ഒരു ബെഡിന് അരികിൽ എത്തിയപ്പോൾ ശരിക്കും അമ്പരന്നു പോയിരുന്നു. ഭയന്നതു പോലെ ഒന്നുമില്ലങ്കിലും നെറ്റിയിലും കയ്യിലും ഒക്കെ കെട്ടുമായി ഒരു ഓരത്ത് ചെരിഞ്ഞു കിടക്കുന്നുണ്ട് ശ്രുതി. " ശ്രുതി...... അവന്റെ ഒച്ച അല്പം ഉയർന്നു പോയിരുന്നു.

വാർഡിലെ ബെഡിലുള്ള മറ്റ് രണ്ടുപേർ കൂടി അവനെ ശ്രദ്ധിച്ചിരുന്നു. എന്നാൽ ആ നിമിഷം അവൻ മറ്റൊന്നും ആലോചിച്ചില്ല എന്നതായിരുന്നു സത്യം. ബാക്കിയെല്ലാം വിസ്മരിച്ച് ഒരുവൾ മാത്രം അവന്റെ കൺമുൻ തെളിഞ്ഞു നിന്നു. ശ്രുതിയും അമ്പരന്ന് പോയിരുന്നു. അവന്റെ മുഖഭാവവും രീതികളും ഒക്കെ അത്രത്തോളം അമ്പരപ്പിക്കുന്നതായിരുന്നു. ഭയന്നതു പോലെ ഒന്നുമില്ലല്ലോ എന്ന് ആശ്വാസത്തിൽ അവൾകരിക്കിലേക്ക് നടന്ന് അടുക്കുമ്പോഴും അവന്റെ കണ്ണുകൾ ചുവന്നു തന്നെ ഇരുന്നു. " എന്തു പറ്റിയെടോ..? ഇപ്പൊൾ ഓക്കേ ആണോ..? എന്തെങ്കിലും കുഴപ്പമുണ്ടോ..? ഒരു ഞൊടിയിടയിൽ നൂറ് ചോദ്യങ്ങൾ അവൻ ആവർത്തിച്ചു. ഇതിനിടയിൽ അവളുടെ കൈകളിലേ മുറിവിലേക്ക് ഒക്കെ നോട്ടം എത്തുകയും ചെയ്തു. അധരങ്ങളിൽ പൊടിഞ്ഞു തുടങ്ങിയ ആ ചോര കാൺകേ അവന്റെ ഹൃദയം ഒന്ന് വേദനിച്ചിരുന്നു.

ഒരു നിമിഷം പരിസരം പോലും മറന്നു ആ ബെഡിലേക്ക് ഇരുന്നവൻ തന്റെ തുടുവിരലാൽ അവളുടെ അധരങ്ങളിലേക്ക് ഒഴുകിയിറങ്ങിയ ചോര തുടച്ചുനീക്കി... "സ്സ്..... വേദന കൊണ്ട് അവൾ എരിവ് വലിച്ചു. 'എന്തുപറ്റിയെന്ന് അറിയാതെ ഞാൻ എന്ത് പേടിച്ചുവെന്ന് അറിയൂമോ..? ഈ നിമിഷം തന്നെ കാണുന്നതുവരെ ശ്വാസം കൈ പിടിച്ചു കൊണ്ടുള്ള ഒരു ഓട്ടമായിരുന്നു. ഈ രാത്രി തന്നെ കാണാതിരുന്നപ്പോൾ എന്ത് സംഭവിച്ചുവെന്ന് എനിക്ക് മനസ്സിലാക്കാൻ പോലും കഴിയുന്നില്ലായിരുന്നു. ഈ വാർഡിൽ, ഇവിടെ സൗകര്യങ്ങളൊന്നുമില്ല. നമുക്കൊരു റൂമിലേക്ക് മാറം, അല്ലേൽ വേണ്ട നമ്മുക്ക് ഈ ഹോസ്പിറ്റലിന്ന് ഷിഫ്റ്റ് ചെയ്യാം, സ്വബോധം നഷ്ടപ്പെട്ടവനെപ്പോലെ അവൻ എന്തൊക്കെയോ പറയുകയാണ്. അവൾ അമ്പരന്നു അവന്റെ മുഖത്തേക്ക് തന്നെ നോക്കി. പെട്ടെന്നാണ് സഞ്ജയുടെ ഫോൺ ബെല്ലടിച്ചത്.

എടുത്തു നോക്കിയപ്പോൾ അനുഗ്രഹയാണ്. ആ നിമിഷമാണ് അവൻ സ്വബോധത്തിലേക്ക് തിരികെ വന്നത്. അവൻ പെട്ടെന്ന് ഫോൺ എടുത്തു.. "സർ എന്തെങ്കിലും വിവരമുണ്ടോ ശ്രുതിയുടെ..? " ആഹ് അനുഗ്രഹ.. ഒരു ആക്സിഡൻറ് ആയിരുന്നു, ബസ് ആക്സിഡൻറ്. അയാൾ ഇപ്പൊൾ ഹോസ്പിറ്റൽ ആണ്. ഞാൻ ഒപ്പമുണ്ട്. "ആണോ സർ. അവളുടെ അമ്മ വിളിച്ചു കൊണ്ടിരിക്കുകയാണ്. ഞാനെന്താ പറയാ..? " ഇക്കാര്യം പറയേണ്ട..! ഇപ്പൊൾ അവരെ ടെൻഷനടിപ്പിക്കേണ്ട..? നാളെ കാലത്തെ പറയാം. ഒരു കാര്യം ചെയ്യ്, അനുഗ്രഹികയ്ക്ക് ഒപ്പം ഉണ്ട് എന്ന് പറഞ്ഞൊ..? സഞ്ജയ്‌ പറഞ്ഞു... " അപ്പോൾ ഫോൺ കൊടുക്കാനോ മറ്റോ പറഞ്ഞാൽ ഞാൻ എന്ത് ചെയ്യും..? ഞാൻ വിളിച്ചോളാം. താൻ ഒന്നും പറയണ്ട. അത്രയും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു. കുറച്ചു സമയം അവളെ അഭിമുഖീകരിക്കാൻ കഴിഞ്ഞില്ല സഞ്ജയ്‌ക്ക്. താൻ ഇത്രയും നേരം എന്താണ് കാട്ടിക്കൂട്ടിയത്..?

അവന് തന്നെ അവനെ അറിയില്ലായിരുന്നു. അവളെ ഒന്നു നോക്കിയതിനുശേഷം ആ മുഖത്തേക്ക് നോക്കാതെ അവൻ പറഞ്ഞു. " ഞാൻ ഒന്നു ഫോൺ വിളിച്ചിട്ട് വരാം. അതും പറഞ്ഞു അവൻ പുറത്തേക്കു ഇറങ്ങിയിരുന്നു. എന്തൊക്കെയാണ് കാട്ടിക്കൂട്ടിയത്. മനസ്സ് കൈ വിട്ടു പോയത് അറിഞ്ഞില്ല. എന്തൊക്കെയാണ് താൻ അവളോട് പറഞ്ഞത്. അവളുടെ ശരീരത്തിൽ താൻ സ്പർശിച്ചത് മോശമായിപ്പോയി. കഴിഞ്ഞ നിമിഷം നടന്നതിനെല്ലാം അവന് കുറ്റബോധം തോന്നിയിരുന്നു. പെട്ടെന്ന് അവൻ ഫോണെടുത്ത് അജിതയുടെ നമ്പർ ഡയൽ ചെയ്തു. ഒറ്റ ബെല്ലിൽ തന്നെ ഫോൺ എടുക്കപെട്ടിരുന്നു " അമ്മേ ഞാൻ സഞ്ജയാണ്..! " മനസ്സിലായി സാറേ, ഇതുവരെ അവൾ വന്നിട്ടില്ല, ഞാൻ പോലീസ്സ് സ്റ്റേഷനിൽ പരാതി കൊടുത്താലോന്ന് ഓർക്കുവാ. "അതിൻറെ ആവശ്യമില്ല, സിറ്റിയിൽ ഒരു ആക്സിഡൻറ് നടന്നു. ആ ബസ്സിലായിരുന്നു ശ്രുതി.

കുഴപ്പമൊന്നുമില്ല. ചെറിയ രീതിയിലുള്ള ഒരു പരിക്കുണ്ട്. സഞ്ജയ്‌ ഒരുവിധം പറഞ്ഞു. " ഡോക്ടർ പറഞ്ഞത് കുഴപ്പമില്ലന്ന് ആണ്. ഞാൻ ഇവിടെ ഉണ്ട്. ഇപ്പൊൾ ഇങ്ങോട്ട് ഓടിപ്പിടിച്ച് വരണ്ട അമ്മ. ഞാൻ രാവിലെ വീട്ടിൽ കൊണ്ടുവിടാം. അല്ലെങ്കിൽ രാവിലെ അമ്മ ഇവിടെ വന്നാൽ മതി. ഇപ്പോൾ ഇത്രയും രാത്രിയിൽ അവിടുന്ന് വരാൻ ബുദ്ധിമുട്ടാവില്ലേ..? "എന്റെ കുഞ്ഞിനെ എന്തെങ്കിലും പറ്റിയോ സാറേ..? "ഞാൻ പറഞ്ഞില്ലേ അമ്മേ, പേടിക്കാൻ മാത്രം ഒന്നുമില്ല. കയ്യിലും കാലിലും ഒക്കെ കുറച്ചു തൊലി പോയതെയുള്ളൂ. ആർക്കും കുഴപ്പമൊന്നുമില്ല. ഒരു വിധത്തിൽ അവൻ പറഞ്ഞു. " ഞാൻ വരാം സാറേ, കുഴപ്പമില്ല അവൾ ഒറ്റയ്ക്ക്.. " ഒറ്റയ്ക്ക് അല്ലല്ലോ ഞാൻ ഇല്ലേ..? എന്നെ അമ്മയ്ക്ക് വിശ്വാസമില്ലെങ്കിൽ വന്നോളൂ. " അതുകൊണ്ട് അല്ല സാറേ അവൾക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ " എന്ത് ആവശ്യത്തിനും ഞാനിവിടെയുണ്ട് പേടിക്കേണ്ട. നിർബന്ധമാണെങ്കിൽ ഞാനെൻറെ ഡ്രൈവറെ അവിടേക്ക് വിടാം, രാത്രിയിൽ ഇവിടെ വരുന്നത് ബുദ്ധിമുട്ടല്ലേ, കുറച്ചുകഴിഞ്ഞ് ഞാൻ ഫോൺ വിളിച്ച് തരാം,

ഫോൺ വിളിച്ച് സംസാരിക്കുമ്പോൾ അമ്മയ്ക്ക് ശ്രുതിയിൽ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ ഞാൻ ഡ്രൈവറേ വിടാം... അവന് പറഞ്ഞപ്പോൾ അവർക്ക് ആശ്വാസം തോന്നി. " ശരി സാറേ..വിളിക്കണേ... അജിതയ്ക്ക് അൽപം ആശ്വാസം തോന്നിയിരുന്നു. തിരികെ ശ്രുതിയ്ക്ക് അരികിലേക്ക് പോകാൻ സഞ്ജയ്ക്ക് ഒരു മടി തോന്നിയിരുന്നു. താൻ എന്തൊക്കെയാണ് അവളോട് പറഞ്ഞത്. മോശമായിപ്പോയി എന്ന് വീണ്ടും വീണ്ടും അന്തരംഗം മന്ത്രിക്കുന്നു. രണ്ടുംകൽപ്പിച്ച് അവർക്കരികിലേക്ക് ചെന്നു. " വല്ലതും കഴിച്ചായിരുന്നോ..? അവളുടെ മുഖത്തേക്ക് നോക്കാതെയാണ് അവൻ പറഞ്ഞത്. അവൾ ഇല്ലന്ന് തലകുലുക്കി. " ഞാൻ എന്തെങ്കിലും വാങ്ങി വരാം.. പോകാൻ തുടങ്ങിയവന്റെ കൈത്തണ്ടയിൽ ശ്രുതി പിടിച്ചു. ആദ്യമായാണ് അത്രയും അവകാശത്തോടെ അവൾ അവൻറെ ശരീരത്തിൽ ഒന്നു സ്പർശിക്കുന്നത്. അമ്പരപ്പ് ഉണ്ടായിരുന്നു അവന്. " സാറിന് എന്താ പറ്റിയത്..? പതിഞ്ഞ സ്വരം ആയിരുന്നുമെങ്കിലും ആ ചോദ്യം ഉറച്ചതായിരുന്നുവെന്ന് അവനു തോന്നി.

" ആം സോറി, സോറി തനിക്ക് എന്താ പറ്റിയതെന്നറിയാത്ത ഒരു അവസ്ഥയിൽ ആയിപോയി. അതുകൊണ്ട് ഞാൻ അങ്ങനെ പെരുമാറിയത് സോറി... പെട്ടന്ന് അവൾക് ഇഞ്ചക്ഷൻ എടുക്കുവാൻ വേണ്ടി ഒരു നഴ്സ് അകത്തേക്ക് കയറി വന്നിരുന്നു. അവർ ഡ്രിപ്പിലൂടെ അവൾക്ക് ഇഞ്ചക്ഷൻ എടുക്കുകയും ചെയ്തു. "റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാൻ പറ്റോ..? സഞ്ജയ്‌ ചോദിച്ചു.. "ചെയ്യുന്നോണ്ട് കുഴപ്പമില്ല..! എക്സ്ട്രാ ബില്ല് ആവുമേന്നേയുള്ളൂ, "അത് കുഴപ്പമില്ല. ഷിഫ്റ്റ് ചെയ്തോളൂ. അവൻ ഉപദേശം കൊടുത്തു. അത് കഴിഞ്ഞവനെ തന്നെ സൂക്ഷിച്ചു നോക്കി കൊണ്ടിരുന്ന ശ്രുതിയുടെ മുഖത്തേക്ക് അവൻ നോക്കിയില്ല. കുറച്ചു സമയങ്ങൾക്ക് ശേഷം അറ്റൻഡർ വന്ന് റൂം ശരിയായി എന്ന് പറഞ്ഞപ്പോൾ ഒരു വീൽചെയറിൽ നഴ്സ് ശ്രുതിയെ ചേർത്തിരുത്തി. നഴ്സിനൊപ്പം റൂമിലേക്ക് സഞ്ജയും നടന്നിരുന്നു. നഴ്സ് തുറന്നുകൊടുത്ത റൂമിലേക്ക് അവളെ കിടത്തി നഴ്സ്. അവർ പോയതിന് ശേഷമാണ് സഞ്ജയ്‌ക്ക് മടി തോന്നിയത്. പുറത്തിറങ്ങി പോകാൻ തുടങ്ങുന്നവനെ അവൾ തന്നെയാണ് വിളിച്ചത്.

"സാറൊന്നു നിന്നെ... "എന്താടോ..? വീണ്ടും സഞ്ജയ് ചോദിച്ചു " ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞില്ല. സാറിന് എന്താ പറ്റിയത്. മുമ്പ് സാർ എന്തൊക്കെയാ പറഞ്ഞത്. "'ഞാൻ പറഞ്ഞില്ലേ വല്ലാത്തൊരു അവസ്ഥ ആയിരുന്നു. മറ്റെന്തോ ടെൻഷനായിരുന്നു ഞാൻ. അതുകൊണ്ടാ അങ്ങനെ പെട്ടെന്ന്... തന്നെ കൂടി കണ്ടില്ല എന്നറിഞ്ഞപ്പോൾ ഞാൻ പെട്ടെന്ന്... " എനിക്ക് എന്തു പറ്റിയാലും സാറിന് എന്താ...? അവളുടെ ചോദ്യത്തിൽ അവൻ അമ്പരന്ന് പോയിരുന്നു. " അങ്ങനെയല്ല താൻ എന്റെ സ്റ്റാഫ് ആണല്ലോ. അപ്പോൾ തനിക്ക് എന്തെങ്കിലും പറ്റിയാൽ അത് എനിക്ക് പ്രശ്നം അല്ലെ...? മടിയോടെ അവൻ പറഞ്ഞു. " അത്രയേ ഉള്ളു. ? അവൾ വീണ്ടും ചോദിച്ചു "അല്ലാതെന്ത്..? ഗൗരവം നിറച്ച് അവൻ മറുപടി പറഞ്ഞു " അങ്ങനെയാണെങ്കിൽ സാറ് പൊയ്ക്കോളൂ. ഒരു സ്റ്റാഫ് ഒറ്റയ്ക്ക് കഴിയുന്നതിൽ സാർ വിഷമിക്കേണ്ട കാര്യമില്ല. എനിക്ക് ഒറ്റയ്ക്ക് കഴിയാൻ പറ്റും. ഞാൻ കരുതിയത് സാറിന് എന്നോട്... അവൾ ഒന്ന് നിർത്തി. വർദ്ധിച്ച ഹൃദയമിടിപ്പ് അവന് അവളുടെ മുഖത്തേക്ക് നോക്കി....കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story