നിളയോഴുകും പോൽ 💙: ഭാഗം 32

nilayozhukumpol

രചന: റിനു

ആവലാതിയോട് പറഞ്ഞ അവൻ ബാൻഡേജ് അവളുടെ നെറ്റിയിൽ തന്നെ ഒട്ടിക്കാൻ ശ്രമിച്ചു വീണ്ടും അവൾക്ക് അരികിലേക്ക് ചേർന്ന് നിന്നവനെ കണ്ണിമ ചിമ്മാതെ അവൾ നോക്കി നിന്നു "സാറിനെ എനിക്ക് മനസ്സിലാക്കാനേ പറ്റുന്നില്ല. അവളുടെ സ്വരത്തിൽ നിരാശ കലർന്നു. അവന്റെ കണ്ണുകളിലേക്ക് നോക്കി അവൾ പറഞ്ഞപ്പോൾ നിസ്സഹായത നിഴലിക്കുന്ന മുഖഭാവം ആയിരുന്നു അവനിൽ നിലനിന്നിരുന്നത്. "അത്ര പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്ന ഒരു പുസ്തകമല്ല ശ്രുതി ഞാൻ.ഒരുപാട് മനസ്സിലാവാത്ത പാഠഭാഗങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു പുസ്തകമാണ്. അത് പഠിച്ചെടുത്ത് വിജയിച്ച് മുന്നോട്ടു പോകാൻ തനിക്ക് സാധിക്കില്ല. അതുകൊണ്ടാണ് ഞാൻ തന്നോട്........ അവനൊന്നു നിർത്തി. പിന്നെ അവളെ അഭിമുഖീകരിക്കാൻ സാധിക്കാതെ അല്പം വിദൂരതയിലേക്ക് നോട്ടം പതിപ്പിച്ചു. അവന്റെ മനസ്സിൽ അവനെ അലട്ടുന്ന എന്തോ ഒന്നുണ്ടെന്ന് അവൾക്ക് ഉറപ്പായിരുന്നു. അവന്‍റെ മാനസികാവസ്ഥ ശരിയല്ലെന്ന് തോന്നിയത് കൊണ്ട് തന്നെ പിന്നീട് ഒന്നും പറയാൻ അവൾ ശ്രമിച്ചിരുന്നില്ല.

രണ്ടുപേരും മിഴികളാൽ മാത്രം മൗനം കൈമാറി. വിരഹത്തിന്റെ നോവ് പേറി ആ രാവ് കടന്നുപോയി. അതിരാവിലെ തന്നെ മകളെ തേടി ആശുപത്രിയിലേക്ക് എത്തിയിരുന്നു അജിത. അജിത എത്തിയതും അവളിൽ നിന്നും നോട്ടം മാറ്റി അകന്നു മാറാനാണ് സഞ്ജീവ് ശ്രമിച്ചത്. എങ്കിലും ആ മിഴികൾ അവനെ നേരെ പാറി വീഴുന്നുണ്ടായിരുന്നു. അകലും തോറും അവളിലേക്ക് വലിച്ചെടുപ്പിക്കുന്ന അവൾക്ക് മാത്രം നൽകാൻ സാധിക്കുന്ന ആ കണ്ണുകളുടെ കാന്തികശക്തി. ആശുപത്രിയിൽ ഉച്ചവരെ അവർക്കൊപ്പം നിന്ന് മരുന്നുകളും മറ്റും വാങ്ങി. അവരെ വീട്ടിൽ കൊണ്ട് വിട്ടതിനുശേഷം ആണ് സഞ്ജയ് തിരികെ പോയത്. വീട്ടിൽ ചെന്നുവെങ്കിലും അവരുടെ മനസ്സ് സഞ്ജയ്ക്കൊപ്പം തന്നെയായിരുന്നു. തന്നെ കാണാതിരുന്നപ്പോൾ അവന്റെ കണ്ണിലുണ്ടായ ആകുലതയും ആധിയുമൊക്കെ എത്രത്തോളം ഉണ്ടെന്ന് അവൾക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു. അതിൽ നിന്നു തന്നെ അവന് തന്നോടുള്ള ആഴം എത്രയാണെന്ന് അവൾ മനസ്സിലാക്കിയിരുന്നു എന്നതാണ്.

തന്നോട് മനസ്സ് തുറക്കണമെന്ന് അവന് ആഗ്രഹമുണ്ട്. പക്ഷെ തന്നിൽ നിന്നും അവനെ അകറ്റുന്ന എന്തോ ഒരു കാരണം അത് അവനിൽ നിലനിൽക്കുന്നു. അതിന്റെ ഭീതിയാണ് തന്നോട് ഒന്നും പറയാൻ അവനെ അനുവദിക്കാത്തത്. അർഹിക്കാത്തതാണ് ആഗ്രഹിക്കുന്നത് എന്നറിയാം. പക്ഷേ മനസ്സ് പിടിവാശി പിടിക്കുകയാണ്. കൊച്ചു കുട്ടികളെപ്പോലെ മനസ്സിനെ വരുത്തിയിലാക്കാൻ പലവുരു ശ്രമിച്ചെങ്കിലും അതൊക്കെ പരാജയപ്പെട്ടു പോവുകയായിരുന്നു. പ്രണയം സിരകളിൽ നിറച്ച ആ മാന്ത്രിക അനുഭൂതി അത്രയ്ക്കും തീവ്രമായിരുന്നു. തനിക്ക് രക്ഷയ്ക്കായി അവൻ എന്നും ഉണ്ടാകുമെന്നുള്ള ഒരു പ്രതീക്ഷയിൽ നിന്ന് ഉരുതിരിഞ്ഞു വന്ന പ്രണയമാണിത്. എന്തുകൊണ്ടായിരിക്കാം ഇതുവരെ അവൻ വിവാഹം കഴിക്കാതിരുന്നത്..? ഒരുപക്ഷേ മറ്റൊരു പ്രണയം ഉണ്ടായിരുന്നിരിക്കുമോ.? ആ ചിന്ത പോലും അവളെ വേദനയിലാഴ്ത്തി. മറ്റൊരാളെ അവൻ ഹൃദയം തുറന്ന് സ്നേഹിച്ചിട്ടുണ്ടാകുമോ.? അവൾക്ക് വേണ്ടി മനസ്സിലുള്ള സ്നേഹം പങ്കുവെച്ചിട്ടുണ്ടാകുമോ..?

സ്നേഹത്തോടെ ആലിംഗനം ചെയ്തിട്ടുണ്ടാകുമോ.? പ്രണയ നിർഭരമായ നിമിഷങ്ങളിൽ അവളെ പുണർന്നിട്ടുണ്ടാകുമോ.? അലിവോടെ ആ കവളിൽ ചുംബിച്ചിട്ടുണ്ടോ..? അത്തരം ചിന്തകളിലേക്ക് പോയപ്പോൾ തന്നെ മനസ്സ് വേദനിക്കുന്നത് അവൾ അറിഞ്ഞു... എന്തിനാണ് തന്റെ ഹൃദയം ഇത്രമേൽ നോവുന്നത്, അത്രയും തീവ്രമായി അവൻ തന്നിൽ ഇടം നേടിയോ.? ചോദ്യങ്ങൾ അനവധി ഉണ്ടെങ്കിലും ഉത്തരം ഒന്നുമാത്രമാണ് പ്രണയം സിരകളിൽ അദ്ഭുതവും അനുഭൂതിയും നിറയ്ക്കുന്ന പ്രണയം...! താൻ അതിന്റെ പരിധിയിലായി കഴിഞ്ഞു. ഇനി അതിൽ നിന്ന് ഒരു മോചനം അത് എളുപ്പമല്ലെന്ന് അവൾക്ക് മനസ്സിലായിരുന്നു. അവനെ മറക്കാൻ സാധിക്കട്ടെ എന്ന് കരുതി അറിഞ്ഞുകൊണ്ട് തന്നെ ഒരാഴ്ചയോളം ഓഫീസിൽ പോയില്ല. പിന്നെ കാണാൻ സാധിക്കാതെ ചങ്ക് പൊട്ടി പോകുമെന്ന് തോന്നിയ നിമിഷമാണ് തിരികെ ഓഫീസിലേക്ക് എത്തിയത്. ഇതിനിടയിൽ അവളെ ഒന്ന് ഫോൺ പോലും വിളിക്കാതെ അവനുമുരുകുകയായിരുന്നു. വെറുതെ ഒരു പ്രതീക്ഷയുടെ തിരിനാളം അവൾക്ക് വേണ്ടി നൽകരുത് എന്ന് അവനും തീരുമാനിച്ചിട്ടുണ്ടായിരുന്നു. പക്ഷേ ഇന്ന് വന്നില്ലെങ്കിൽ വീട്ടിൽ പോയി കാണണം എന്ന് ഉറപ്പും അവൻ മനസ്സിൽ എടുത്തിരുന്നു.

രണ്ടുപേർക്കും തിങ്ങിനിറയുന്ന പ്രണയമുണ്ട് മനസ്സിൽ. പക്ഷേ തുറന്നു പറയാനുള്ള അവസരങ്ങൾ ഇല്ല. തിരികെ ഓഫീസിലേക്ക് എത്തിയപ്പോഴേക്കും അവൻ ആ പഴയ ഗൗരവക്കാരനായി മാറിയിരുന്നു. ജോലിയെ കുറിച്ച് അല്ലാതെ മറ്റൊന്നും അവളോട് സംസാരിക്കില്ല. അറിയാതെ പോലും അവളുടെ കണ്ണുകളിൽ നോട്ടം പതിയാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചു. ആ കണ്ണുകൾ തന്റെ കണ്ണുകളുമായി ഉടക്കി പോയതിൽ നിന്ന് ഒരു മോചനം ഉടന ലഭ്യമല്ലന്ന് അവനു ഉറപ്പായിരുന്നു. ജോലിത്തിരക്കുകളിലേക്ക് ഊളി ഇട്ടപ്പോൾ അവനെ ശ്രദ്ധിക്കാൻ അവൾക്കും സമയം ലഭിച്ചിരുന്നില്ല എന്നതാണ് സത്യം. പരമാവധി രണ്ടുപേരും മാത്രമുള്ള കൂടിക്കാഴ്ചകളും ജോലികളും അവൻ വേണ്ടെന്നുവച്ചു. ഇതിനിടയിലാണ് കട്ടപ്പനയിലേക്ക് ഒരു അത്യാവശ്യമായ യാത്ര വേണ്ടിവന്നത്. ബിസിനസ് സംബന്ധമായ യാത്രയാണ് അവളെ കൂടെ കൂട്ടണ്ടന്ന് തന്നെയാണ് അവൻ കരുതിയിരുന്നത്. പക്ഷേ ഇത് ബിസിനസ് മീറ്റിംഗ് ആണെന്ന് ഓഫീസിൽ എല്ലാവർക്കും അറിയാം.

തന്റെ പ്രൈവറ്റ് സെക്രട്ടറി എന്ന പോസ്റ്റിൽ ഇരിക്കുന്നത് കൊണ്ട് തന്നെ അവളെ കൂട്ടേണ്ട യാത്രയുമാണ്. അതുകൊണ്ട് അവളെ കൂട്ടാതെ യാത്ര പോവുകയാണെങ്കിൽ അത് എല്ലാവർക്കും ഒരു സംശയം നൽകുന്ന അവസ്ഥയാകും എന്ന് അവൻ ഉറപ്പായിരുന്നു. അങ്ങനെ മനസ്സില്ല മനസ്സോടെ യാത്രയുടെ കാര്യം അവളോട് സഞ്ജയ് പറഞ്ഞു. " ശ്രുതി നാളെ കുറച്ച് നേരത്തെ വരണം. പറ്റുമെങ്കിൽ വെളുപ്പിനെ തന്നെ വരണം. നമുക്ക് കട്ടപ്പന വരെ പോണം ഒരു ക്ലൈന്റ് മീറ്റിംഗ് ഉണ്ട്. രാത്രിയാവും മുൻപേ തിരികെ വരാൻ പറ്റും. ഗൗരവത്തോടെ തന്നെയാണ് അവൻ പറഞ്ഞത്. അവൾ ഒന്ന് തലയാട്ടി എങ്കിലും ഉള്ളിൽ ഒരു സന്തോഷം അവളറിഞ്ഞു. കുറച്ചു സമയങ്ങൾ എങ്കിലും അവനുമൊത്ത് യാത്ര ചെയ്യാമല്ലോ അവനെ ഒറ്റയ്ക്ക് കാണാമല്ലോ ഇതിനിടയിൽ എപ്പോഴെങ്കിലും അവൻ തനിക്ക് മുൻപിൽ അവന്റെ ഉള്ള് തുറന്നാലോ അങ്ങനെയൊരു ആശ്വാസമായിരുന്നു മനസ്സിൽ നിറഞ്ഞു നിന്നിരുന്നത്. അമ്മയോടും യാത്രയെ കുറിച്ച് പറഞ്ഞു. അജിതയ്ക്ക് ലോകത്തിൽ ഇപ്പോൾ മറ്റെന്തിനേക്കാളും വിശ്വാസം സഞ്ജയ്‌യെ ആയിരുന്നു. അതുകൊണ്ടു തന്നെ അവനൊപ്പം ഒരു യാത്ര പോകുന്നു എന്ന് പറഞ്ഞാൽ പഴയതു പോലെയുള്ള ഭയം ഇപ്പോൾ അവരിലും നിറയാറില്ല.

അന്നത്തെ രാത്രി ശ്രുതി ഉറങ്ങിയില്ല എന്നതാണ് സത്യം. പിറ്റേന്ന് രാവിലെ ക്ഷേത്രത്തിൽ പോയതിനു ശേഷമാണ് ഓഫീസിലേക്ക് ചെന്നത്. ചെന്നപ്പോഴേക്കും സഞ്ജയ് റെഡിയായി കഴിഞ്ഞിരുന്നു. ദീർഘദൂര യാത്രകൾക്ക് ഡ്രൈവറെ സഞ്ജയ് ഒപ്പം കൂട്ടാറില്ല. സഞ്ജയ് തന്നെയാണ് വണ്ടി ഓടിക്കാറുള്ളത്. സഞ്ജയ്ക്കൊപ്പം ശ്രുതിയും കാറിലേക്ക് കയറിയിരുന്നു. പ്രത്യേകമായി അവളോട് ഒന്നും സംസാരിക്കാതിരിക്കാൻ അവൻ ശ്രദ്ധിച്ചു. " നല്ല ദൂരമുണ്ട് താൻ വേണമെങ്കിൽ ഒന്ന് ഉറങ്ങിക്കോളൂ,അതിനുള്ള സമയം ഉണ്ട്.. ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അവൻ പറഞ്ഞു. " ഉറക്കം നഷ്ടപ്പെട്ടിട്ട് നാളുകൾ ഏറെയായി സാർ. വിദൂരതയിലേക്ക് കണ്ണ് നട്ട് മറുപടി പറഞ്ഞവൾ. അവൾ പറഞ്ഞത് ഏത് അർത്ഥത്തിൽ ആണെന്ന് സഞ്ജയ്ക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവൻ കൂടുതൽ ഒന്നും പറഞ്ഞില്ല. പിന്നീടുള്ള യാത്രയിൽ ആധിപത്യം ഉറപ്പിച്ചത് മൗനമായിരുന്നു ഹോട്ടലിനു മുൻപിൽ വണ്ടി നിർത്തിയപ്പോഴാണ് മണിക്കൂറുകൾ നീണ്ട യാത്രയിൽ ഇരുവരും പരസ്പരം സംസാരിച്ചില്ലന്ന് അവർ തന്നെ മനസ്സിലാക്കിയെടുത്തത്. സമയം പോയതും അറിഞ്ഞില്ല. രണ്ടുപേരും അവരുടേതായ ചിന്താഭാരങ്ങളിൽ ആയിരുന്നു....കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story