നിളയോഴുകും പോൽ 💙: ഭാഗം 34

nilayozhukumpol

രചന: റിനു

അത്രയും പറഞ്ഞ് അവൻ തിരികെ വണ്ടി കിടക്കുന്നിടത്തേക്ക് നടന്നപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു പോയിരുന്നു ശ്രുതി. തന്നെയൊന്ന് ഗൗനിക്കുക പോലും ചെയ്യാതെ മുന്നോട്ടു നടന്നു പോകുന്നവന്റെ അരികിലേക്ക് ഓടിക്കിതച്ച് അവൾ ചെന്നു.. "ഇത് ശരിയാക്കാൻ സാറിന് അറിയില്ലേ...? " ഞാൻ പഠിച്ചത് എംബിഎയാണ് അല്ലാതെ കാർ റിപ്പയറിങ് അല്ലായിരുന്നു. അവളുടെ മുഖത്തേക്ക് നോക്കി ഗൗരവത്തോടെ തന്നെ അവൻ പറഞ്ഞു. " സ്ഥിരമായിട്ട് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വണ്ടിക്ക് എന്തെങ്കിലും കേടുപാട് പറ്റിയാൽ അതു മാറ്റാൻ റിപ്പയറിങ് ഒന്നും പഠിക്കേണ്ട കാര്യമില്ല, ഒരു കോമൺസെൻസ് മതി. വിട്ടുകൊടുക്കാൻ അവളും തയ്യാറായിരുന്നില്ല. " തന്റെ വർത്തമാനം കേട്ടാൽ തോന്നുമല്ലോ? എനിക്ക് എന്തോ കൊതിയുണ്ട് ഈ ഓണകേറാമൂലയിൽ വന്നിട്ട് വഴിയിൽ കിടക്കാൻ, ഞാൻ എന്തോ മനപ്പൂർവം ടയർ കുത്തിപ്പൊട്ടിച്ചത് പോലെയാണ് താൻ സംസാരിക്കുന്നത്. എനിക്ക് അറിയായിരുന്നെങ്കിൽ ഞാൻ ഈ വണ്ടിയും ശരിയാക്കി വീട് എത്തിയേനെ ഇപ്പോൾ,

ബാക്കിയുള്ളവർക്ക് ആണെങ്കിൽ വിശന്നിട്ട് തലവേദന എടുക്കുവാ, നെറ്റിയിൽ പിടിച്ചുകൊണ്ട് അവൻ പറഞ്ഞപ്പോൾ ആ നിമിഷം അവൾ ഒന്ന് അയഞ്ഞു. അതുവരെ അവനോട് തോന്നിയ വിദ്വേഷമെല്ലാം അവളിൽ നിന്നും അലിഞ്ഞു പോയിരുന്നു. "താൻ കാരണമാണ് ഞാൻ ഭക്ഷണം പോലും കഴിക്കാതിരുന്നത്. ദേഷ്യത്തോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു. " ഞാൻ കാരണമോ..? ഞാൻ സാറിനോട് പറഞ്ഞൊ ഭക്ഷണം കഴിക്കേണ്ടന്ന്, മുഖം വീർപ്പിച്ചവൾ ചോദിച്ചു... " താനല്ലേ പറഞ്ഞെ തനിക്ക് വിശപ്പില്ല, അതുകൊണ്ട് വേണ്ട എന്ന്. തന്നെ നോക്കി ഇരുത്തി എനിക്ക് ഭക്ഷണം കഴിക്കാൻ പറ്റുമോ..?ഞാനാണെങ്കിൽ കാലത്ത് പോലും ഒന്നും കഴിച്ചിരുന്നില്ല.. നഷ്ടബോധത്തോടെ അവൻ പറഞ്ഞു.. "സാറിന് ഭക്ഷണം കിട്ടിയാൽ പോരെ, അതിനുള്ള പ്രതിവിധി ഞാൻ ചെയ്യാം... " എന്താണാവോ ആ പ്രതിവിധി..? താല്പര്യമില്ലാതെ അവൻ ചോദിച്ചു. " എന്റെ കൈയ്യിൽ ഭക്ഷണമുണ്ട്. ഞങ്ങളെ പാവങ്ങളുടെ ഭക്ഷണം കഴിക്കാൻ സാറിന് ബുദ്ധിമുട്ടില്ലെങ്കിൽ ഞാനത് തരാം...

മടിയോടെ അവൾ പറഞ്ഞു തനിക്ക്, "തനിക്ക് എല്ലാ കാര്യത്തിലും ഉണ്ടല്ലോ ഈ സെപ്പറേഷൻ, എനിക്കതില്ല, അതുകൊണ്ട് എനിക്ക് നല്ല വിശപ്പുണ്ട്. ഭക്ഷണം ഉണ്ടെങ്കിൽ ഞാൻ കഴിക്കും. തരാൻ മനസ് ഉണ്ടേൽ താ.. മറ്റെവിടെയോ നോക്കി അവൻ പറഞ്ഞപ്പോൾ അവൾക്കും ചിരി വന്നിരുന്നു. അവൾ ബാഗ് തുറന്നു അതിൽ നിന്നും ഒരു പേപ്പർ പൊതി എടുത്തു, " കാറിനകത്തിരുന്ന് കഴിക്കാം, ഇവിടെ ഭയങ്കര കാറ്റ്... അവൾ പാറി തുടങ്ങിയ ഷാൾ ശരിയ്ക്ക് ഇട്ടു പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ അവൻ പിൻഡോർ തുറന്ന് അകത്ത് കയറി, അവന്റെ മനസ്സു മനസ്സിലാക്കി അവളും അകത്തേക്ക് കയറി. സീറ്റിൽ വച്ച് അവൾ പൊതി തുറന്നു... വാട്ടിയ വാഴയിലയുടെ മണമാണ് ആദ്യം സഞ്ജയുടെ നാസിക തുമ്പിലേക്ക് ഇരച്ചുകയറിയത്. പൊതി തുറന്നതും നടുക്കായി ഒരു കുഞ്ഞു നെല്ലിക്ക വലുപ്പത്തിലുള്ള ചമ്മന്തി കാണാം, സൈഡിലായി നല്ല എരിവുള്ള മാങ്ങ അച്ചാർ. അതിനരികിൽ ചീര തോരൻ ചീരയുടെ ചുവപ്പ് ആ ചോറിൽ കൂടി പറ്റിയിട്ടുണ്ട്, പിന്നെ ഒരു മുട്ട പൊരിച്ചതും.

അവൻ ഒരു സൈഡിൽ നിന്നും ഭക്ഷണം കഴിച്ചു തുടങ്ങി. അവൻ കഴിക്കുന്നത് കാണെ അവൾക്ക് സന്തോഷം തോന്നിയിരുന്നു, " താൻ ഒന്നും കഴിച്ചില്ലല്ലോ കഴിക്ക്... അവളുടെ മുഖത്തേക്ക് നോക്കി സഞ്ജയ് പറഞ്ഞു, " എനിക്ക് വിശപ്പില്ല... " ഇനി താൻ കഴിച്ചാലേ ഞാൻ കഴിക്കും... ഭക്ഷണം കഴിപ്പ് നിർത്തി അവൻ പറഞ്ഞപ്പോൾ അവൾ മടിച്ചു നിന്നു, " എനിക്ക് സത്യായിട്ടും വിശപ്പില്ല.... സ്വരമാർദ്രമാക്കി അവൾ പറഞ്ഞു, എന്തോ ഉരുൾ പ്രേരണയാൽ കഴിച്ചുകൊണ്ടിരുന്നതിൽ നിന്നും ഒരു ഉരുളയെടുത്ത് അവൾക്ക് നേരെ നീട്ടി അവൻ " കുറച്ച് കഴിക്കുമ്പോൾ വിശപ്പ് വരും " ഭക്ഷണം നീട്ടി അവനത് പറഞ്ഞപ്പോൾ അത് നിരസിക്കാൻ അവൾക്കും കഴിഞ്ഞിരുന്നില്ല. ആ നിമിഷം രണ്ടുപേരുടെയും മിഴികൾ കോർത്ത് പോയിരുന്നു.. വീണ്ടും സഞ്ജയുടെ മിഴികളെ മോഹവലയത്തിൽ ആക്കി അവളുടെ കാന്തങ്ങൾ കൊത്തിവലിച്ചു, " കഴിക്ക്.... അവളിൽ നിന്നും മുഖം മാറ്റി അവൻ പറഞ്ഞു. " ഇപ്പോ ഒരു പ്രത്യേക രുചി തോന്നുന്നുണ്ട്, അവന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞപ്പോൾ അറിയാതെ ഒരു പുഞ്ചിരി അവന്റെ ചുണ്ടിലും നാമ്പിട്ടിരുന്നു. കുറച്ചു സമയങ്ങളായി ഇരുവരും തമ്മിൽ നിലനിന്നിരുന്ന ശീതയുദ്ധത്തിന് അതോടെ ഒരു അയവ് വന്നു.

ഭക്ഷണം കഴിഞ്ഞതും രണ്ടുപേർക്കും പരസ്പരം മുഖത്തോട് മുഖം നോക്കാൻ ഒരു മടി തോന്നിയിരുന്നു, " അമ്മ പേടിക്കില്ലേ വിഷയം മാറ്റാൻ എന്നതുപോലെ സഞ്ജയ് ചോദിച്ചു ഇതിപ്പോൾ ഒരു പുതിയ സംഭവമല്ലല്ലോ, നമ്മൾ രണ്ടുപേരും കൂടെ എപ്പോൾ എവിടെ പോയാലും ഞാൻ ഫോൺ വിളിക്കാതെ വരുന്നതും ഇങ്ങനെ എന്തെങ്കിലും സംഭവം വരുന്നതും ഇപ്പോൾ രണ്ടു മൂന്നു വട്ടം ആയില്ലേ, അമ്മയ്ക്കത് ശീലമായിട്ടുണ്ടാവും, ചിരിയോടെ അവൾ പറഞ്ഞു "എന്താണെങ്കിലും ഇന്ന് ചെല്ലാൻ പറ്റില്ല, നാളെ ഉച്ചയോടെ വെളുപ്പിനെ ഇവിടുന്ന് തിരിച്ചാലും പോകാൻ പറ്റൂ, അതുവരെ അമ്മ നന്നായിട്ട് ടെൻഷൻ അടിക്കും, അടിവാരത്ത് ചെന്നാലേ ഫോണിനും റേഞ്ച് ഉള്ളു എന്ന് അറിഞ്ഞത്, ഞാൻ വെളുപിനെ വിളിച്ചു പറയാം... " സത്യം പറഞ്ഞാൽ സർ പറയുന്നത് വരെ ഇക്കാര്യത്തെക്കുറിച്ച് പോലും ഞാൻ ആലോചിച്ചില്ല എന്നതാണ് സത്യം. ഞാൻ മറ്റൊരു ലോകത്ത് ആയിരുന്നു , അവിടെ സാറ് പറഞ്ഞ അവലാതികൾ ഒന്നും എന്നെ അലട്ടിയില്ല. ഞാനൊരു സ്വപ്നത്തിൽ ആയിരുന്നു.

ആ സ്വപ്നത്തിൽ ഒരു രാജകുമാരനും രാജകുമാരിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ, പിന്നെ അവരുടെ സന്തോഷം നിറഞ്ഞ നിമിഷങ്ങളും, ഒരു മനോഹരമായ സ്വപ്നത്തിന്റെ ഓർമയിൽ അവൾ ചിരിയോടെ പറഞ്ഞു... " സ്വപ്നത്തിൽ മാത്രമേ ആ രാജകുമാരന് സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ഉള്ളൂ, യഥാർത്ഥ ജീവിതത്തിൽ അവന്റെ രാജകുമാരിയെ വിഷമിപ്പിക്കാൻ മാത്രേ അവന് സാധിക്കു... അവളുടെ മനസ്സിലെ എല്ലാ പ്രതീക്ഷകളെയും തകർക്കുന്നതായിരുന്നു അവന്റെ മറുപടി. " എന്താണ് ആ രാജകുമാരന്റെ പ്രശ്നം. ആവലാതിയുടെ അവൾ ചോദിച്ചു " ഒന്നല്ല ഒരു നൂറ് പ്രശ്നങ്ങളുണ്ട്, ആ പ്രശ്നങ്ങളൊക്കെ അറിയുന്ന ദിവസം രാജകുമാരിക്ക് മനസ്സിലാവും അവനോട് തോന്നിയത് വെറും ഭ്രമം ആയിരുന്നുവെന്ന്. ആ തോന്നലിനോക്കെ ഒരു നീർക്കുമിളയുടെ ആയുസ്സ് പോലും ഉണ്ടാകില്ലന്ന്. കൂടുതലൊന്നും സംസാരിക്കാതെ അവൻ അവൾക്കരകിൽ നിന്നും അല്പം മാറി നിന്നു, എന്തോ ഒരു വേദന ആ മനസ്സിൽ ഉണ്ടെന്ന് വീണ്ടും അവൾക്ക് മനസ്സിലാവുകയായിരുന്നു. അവനത് തന്നോട് പറയാൻ താല്പര്യപ്പെടുന്നില്ല. അത് അറിയുമ്പോൾ തനിക്ക് അവനോട് തോന്നിയ ഇഷ്ടത്തിൽ മാറ്റം ഉണ്ടാകുമെന്ന് അവൻ ഭയക്കുന്നു.

അല്ലെങ്കിൽ ആ ഇഷ്ടം പൂർണമായും തന്നിൽ നിന്നും ഇല്ലാതെയാവും എന്ന് അവൻ വിശ്വസിക്കുന്നു. ആ മൂഢ ധാരണയാണ് തന്നിൽ നിന്നും അവനെ അകറ്റി കൊണ്ടിരിക്കുന്നത് . " അവൾക്ക് അയാളുടെ പ്രശ്നങ്ങളൊന്നും ഒരു വിഷയമല്ലെങ്കിലോ...? അവന്റെ അരികിലേക്ക് ചെന്നുകൊണ്ട് അവൾ ചോദിച്ചപ്പോൾ തിരിഞ്ഞുനിന്ന് അവൻ കുറച്ചുസമയം അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു, " വേണ്ടടോ ശരിയാവില്ല, ഇത്തരം മോഹങ്ങളൊക്കെ അവസാനിപ്പിച്ചവനാണ് ഞാൻ, വീണ്ടും താൻ എനിക്ക് പ്രതീക്ഷ നൽകരുത്. അത് വലിയ പ്രശ്നങ്ങളിലെ അവസാനിക്കു, എന്റെ ജീവിതത്തിൽ ഇനി ഒരു വസന്തം ഉണ്ടാവില്ല ശ്രുതി, ഇനി ഈ കാര്യം നമുക്ക് സംസാരിക്കേണ്ട, ഇടർച്ചയോടെ അവൻ സംസാരിച്ചപ്പോൾ മറുപടികൾ ഇല്ലാതെ നിന്നു പോയിരുന്നു അവൾ കുറച്ച് സമയം, അവൻ കാറിനകത്ത് തന്നെ കയറിയിരുന്നു. അവൾ ആവട്ടെ മറ്റെന്തൊക്കെയോ ചിന്തകളിൽ ആയിരുന്നു. പുറത്തിറങ്ങി വാച്ച് നോക്കി അവൻ അവളുടെ അരികിലേക്ക് ചെന്നു, "

അഞ്ചുമണി കഴിഞ്ഞു അയാൾ പറഞ്ഞത് അഞ്ചുമണിക്ക് ചെല്ലണമെന്ന്.. നമുക്ക് പോയി നോക്കാം, സമയം സന്ധ്യാവാണ്. അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞ് നടക്കുന്നവനെ അവൾ പിന്തുടർന്നിരുന്നു. മനസ്സപ്പോഴും ശൂന്യമായിരുന്നു. അവർ ചെല്ലുമ്പോൾ അയാൾ കടയടക്കുകയാണ്. " ആ ഞാൻ സാറിനെ കണ്ടില്ലല്ലോ എന്ന് വിചാരിച്ചതെ ഉള്ളൂ, സഞ്ജയുടെ മുഖത്തേക്ക് നോക്കി വൃദ്ധനായ അയാൾ പറഞ്ഞു. " എവിടെയാ ചേട്ടാ താമസസൗകര്യം, " ഇവിടെ അടുത്ത് തന്നെയാ, ഇടയ്ക്ക് ഇങ്ങനെ ആരെങ്കിലും ഒക്കെ വരുമ്പോൾ ഇവിടെ തന്നെയാണ് താമസിക്കാറ്, എന്റെ വീട് തന്നെയാ കേട്ടോ... ഞങ്ങളെ പുതിയ ഒരു വീട് വെച്ചപ്പോൾ പഴയ വീട് പൊളിക്കാൻ ഒന്നും പോയില്ല, അത് അവിടെ തന്നെ ഇട്ടു. കുറച്ചുകാലം വാടകക്കാർ ഉണ്ടായിരുന്നു. പിന്നെ ഈ നാട്ടിലൊക്കെ താമസിക്കാൻ ആര് വരും. വിശ്വസിച്ച് നമുക്ക് ആർക്കും കൊടുക്കാനും പറ്റില്ലല്ലോ. ഇതിപ്പോൾ നിങ്ങൾ ഭാര്യ ഭർത്താക്കന്മാർ ആയതുകൊണ്ടാണ് ഞാൻ ഇന്ന് ഒരു രാത്രി അവിടെ താമസിപ്പിക്കാമേന്ന് പറഞ്ഞത്. അയാളുടെ ആ വാക്ക് കേട്ട് അമ്പരപ്പോടെ ശ്രുതി സഞ്ജയ് നോക്കിയിരുന്നു....കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story