നിളയോഴുകും പോൽ 💙: ഭാഗം 35

nilayozhukumpol

രചന: റിനു

" മനസ്സ് പറയാതെ അറിയുന്ന ചില ആളുകളുണ്ട്. അവരാണ് സ്നേഹത്തെ മനോഹരമായി തിരിച്ചറിയുന്നത്.. അതുകൊണ്ട് മനസ്സ് പറഞ്ഞില്ലെങ്കിലും ഉള്ളിൽ എന്താണെന്ന് വായിച്ചെടുക്കാൻ ഈ കണ്ണുകൾക്ക് സാധിക്കുമല്ലോ... ചെറു ചിരിയോടെ പറഞ്ഞവളുടെ കൈവിട്ട് അവൻ തിരിഞ്ഞപ്പോൾ അവളുടെ ഹൃദയത്തിലും ഒരു കുളിർമ്മ അനുഭവപ്പെട്ടിരുന്നു.. " കൊച്ചെ... പുറത്തുനിന്ന് വിളി കേട്ടപ്പോഴാണ് പെട്ടെന്ന് അവൾ പുറത്തേക്ക് ചെന്നത്. നോക്കിയപ്പോൾ അവിടുത്തെ അമ്മച്ചിയാണ്. " നിങ്ങളെ രാവിലെ എങ്ങാണ്ട് അച്ചായന്റെ അടുത്ത് ചെന്നതാണെന്ന് പുള്ളി പറഞ്ഞത്.. ഇപ്പോൾ സമയം എത്രയായി, നല്ല ക്ഷീണം കാണും കുളിച്ചു മാറാൻ ഒന്നും എടുത്തിട്ടുണ്ടാവില്ലല്ലോ, ഇത് വച്ചോ... ഇത് മോന്റെയാ, അവന്റെ അളവ് തന്നെയാണ് തോന്നുന്നു കൊച്ചിന്റെ കെട്ടിയോന്റെ അളവ്, കണ്ടിട്ട് എനിക്ക് അങ്ങനെയാണ് തോന്നിയത്. പിന്നെ ഇതെന്റെ മോൾടെയാ ഇത് മോൾക്ക് ഇത്തിരി ലൂസ് ആയിരിക്കും എങ്കിലും രാത്രിയിടാൻ ഇതൊക്കെ മതി..

ഇതൊക്കെ പുതിയത് ആണ് കേട്ടോ, അവരാരും ഇട്ടിട്ടുള്ളതല്ല. അവര് വരുമ്പോൾ പുതിയത് ഇട്ടോട്ടെ എന്ന് കരുതി ഞങ്ങൾ വാങ്ങി വെച്ചതാ.. ഇതിപ്പോ നിങ്ങൾക്ക് കുളിച്ചു മാറണമെങ്കിൽ ഒന്നും കൊണ്ടുവന്നിട്ടില്ല അതുകൊണ്ട് കൊണ്ടുവന്നത് ആണ്. പിന്നെ വൈകിട്ടത്തേക്കുള്ള ഭക്ഷണം ഇങ്ങോട്ട് കൊണ്ട് തരണോ അതൊ നിങ്ങൾ അങ്ങോട്ട് വരുമോ..? എന്താണ് എന്ന് വച്ചാൽ നിങ്ങൾ തീരുമാനിച്ചാൽ മതി. അമ്മച്ചി വാചാലയായി പറയുകയാണ്.. "അയ്യോ അതൊന്നും വേണ്ട അമ്മച്ചി, ഞാൻ ഇവിടെ നോക്കിട്ട് ഒന്നും കണ്ടില്ല, അരിയും മറ്റും ഉണ്ടായിരുന്നെങ്കിൽ ഞാൻ തന്നെ ഉണ്ടാക്കിയേനെ, ശ്രുതി പറഞ്ഞു... " അത് സാരമില്ല കൊച്ചെ ഇനിയിപ്പോൾ ഒന്നും ഉണ്ടാക്കാൻ നിക്കണ്ട, ഞാൻ അവിടുന്ന് കൊണ്ടുവന്നോളാം. അതൊന്നും സാരമില്ലെന്നേ... നിഷ്കളങ്കരായ ചില മനുഷ്യരുടെ സ്നേഹം കൂടി മനസ്സിലാക്കുകയായിരുന്നു.. അവൾ അവൾ അകത്തേക്ക് ചെല്ലുമ്പോൾ അവിടെയെങ്ങും സഞ്ജയെ കാണുന്നുണ്ടായിരുന്നില്ല, അടുക്കളയും കടന്ന് അവൾ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ മൊബൈൽ ഫോണും ഉയർത്തിക്കൊണ്ട് നടക്കുകയാണ് അവൻ.. " ഇവിടെയെങ്ങും റേഞ്ച് ഇല്ല അപ്പുറത്തെ ചേട്ടന്റെ മക്കളൊക്കെ വിളിക്കുമെന്നല്ലേ പറഞ്ഞത്, അവിടെ റേഞ്ച് കാണുമല്ലോ,

അല്ലെങ്കിൽ അവിടെ ലാൻഡ് ഫോൺ ഉണ്ടായിരിക്കും. അവിടുന്ന് ഒന്ന് വിളിച്ചു പറയാമായിരുന്നു, സഞ്ജയ്‌ പറഞ്ഞു.... " ശരിയാ അങ്ങനെ ഒരു കാര്യം ഉണ്ടല്ലോ.. ഞാനത് ഓർത്തില്ല, ശ്രുതി പറഞ്ഞു "ഉം ഉം... ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് നല്ല ഓർമ്മയാ. ആവശ്യമുള്ളതൊന്നും ഓർക്കാറില്ല, അവളുടെ മുഖത്തേക്ക് നോക്കി ഒട്ടൊരു കുസൃതിയായി അവൻ പറഞ്ഞു. " എനിക്ക് ആവശ്യമുള്ള കാര്യങ്ങൾ സാറിന് ആവശ്യമില്ലാത്തതായിട്ട് തോന്നുന്നത് ആണ്. അതുകൊണ്ട് ആണ് അങ്ങനെ തോന്നുന്നത്... വിട്ടുകൊടുക്കാൻ അവളും തയ്യാറായിരുന്നില്ല, " ഞാനൊന്നും പറഞ്ഞില്ല പറഞ്ഞതുകൂടി തിരിച്ചെടുത്തു പോരേ? കൈ തൊഴുതു കൊണ്ട് അവൻ ചോദിച്ചു. " അപ്പുറത്തെ അമ്മച്ചി ഇപ്പോൾ വന്നിട്ടുണ്ടായിരുന്നു, സാറിനും എനിക്കും ഓരോ ജോഡി ഡ്രസ്സ് കൊണ്ട് വച്ചിട്ടുണ്ട്, കുളിച്ചു മാറാൻ പറഞ്ഞിട്ട് പോയി... ഇനി ഭക്ഷണം കൊണ്ടുവരാം എന്ന് പറഞ്ഞിട്ട് പോയിരിക്കുന്നത്, " ഭക്ഷണം ഒന്നും വേണ്ടെന്ന് തനിക്ക് പറയാരുന്നില്ലെ, അവരെ ബുദ്ധിമുട്ടിക്കേണ്ടല്ലോ, " ഞാൻ പറഞ്ഞത് ആണ് കേട്ടില്ല,

നമ്മൾ അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ട് ആണ് പോയത്. " എങ്കിൽ പിന്നെ ഒന്ന് കുളിക്കാം എന്നിട്ട് നമുക്ക് അവിടേക്ക് ചെല്ലാം, ഫോൺ ഉണ്ടെങ്കിൽ നമുക്കൊന്ന് വിളിച്ചു പറയാമല്ലോ... സഞ്ജയ്‌ പറഞ്ഞു. " ഞാനെന്തായാലും ഒന്ന് കുളിക്കട്ടെ, നല്ല ക്ഷീണമുണ്ട്. രാവിലെ മുതലുള്ള അലച്ചിൽ അല്ലേ, അതും പറഞ്ഞ് അവൻ ബാത്റൂമിന്റെ അരികിലേക്ക് പോയിരുന്നു. അവിടെ ചെന്ന് ആകെപ്പാടെ ഒന്ന് നോക്കി. മുഖം ചുളിച്ചു തിരികെ ഇറങ്ങുന്നവനെ കണ്ടപ്പോൾ ശ്രുതിക്ക് ചിരി വന്നു... " എന്താ സാർ ബാത്റൂമിൽ ഷവർ ഒന്നുമില്ലെ..? പാവങ്ങളുടെ വീട്ടിൽ ഇത്രയൊക്കെ സൗകര്യമേ കാണും, അവൾ ചിറികോട്ടി.. " ഞാനതിനൊന്നും പറഞ്ഞില്ലല്ലോ എന്റെ ശ്രുതി... സഞ്ജയ്‌ വീണ്ടും തൊഴുതു.. "എന്റെ ശ്രുതിയോ ഞാൻ എന്നുമുതലാ സാറിന്റെ ശ്രുതി ആയത്...? അവൾ മൂക്ക് ചുവപ്പിച്ചു... "എന്റെ പൊന്നു കൊച്ചെ തന്നോട് കരയ്ക്കൂടേം പറ്റില്ല വെള്ളത്തിൽ കൂടി പറ്റില്ല എന്നാണലോ, എന്റെ വായിന്നൊരു വാക്ക് നോക്കിയിരിക്കാ, അതിൽ പിടിച്ച് പ്രശ്നമുണ്ടാക്കാൻ. സഞ്ജയ്‌ പറഞ്ഞു...

" ഞാൻ പ്രശ്നമൊന്നും ഉണ്ടാക്കിയില്ല, എന്റെ ശ്രുതിന്ന് എന്നെ വിളിക്കേണ്ട ആൾ എനിക്ക് അത്രയും പ്രിയപ്പെട്ട ഒരാൾ ആയിരിക്കണം. അല്ലാതെ ആരെങ്കിലുമൊക്കെ വിളിക്കുന്നത് ഞാൻ കേൾക്കേണ്ട കാര്യമുണ്ടോ...? മാത്രമല്ല നമ്മൾ തമ്മിൽ ഒരു ബന്ധവുമില്ല. അങ്ങനെ വിളിക്കേണ്ട കാര്യമൊന്നുമില്ലല്ലോ. അല്പം തമാശയോടെയാണ് അവൾ അത് പറഞ്ഞത് എങ്കിലും വാക്കുകൾ അവന്റെ ഹൃദയത്തിൽ എവിടെയോ ഒരു നൊമ്പരം ഉണർത്തി. താനവള്‍ക്ക് ആരുമല്ലേ...? അവൾ അത് പറയുമ്പോൾ അത് തന്റെ നെഞ്ചിനെ കുത്തി നോവിക്കുന്നുണ്ടെന്ന് അവനും തോന്നിയിരുന്നു... " ബാത്റൂം ഭയങ്കര ചെറുതാണ് ഞാൻ അതുകൊണ്ട് ആണ് മുഖം ഒന്ന് ചുളിച്ചത്, പിന്നെ ഇവിടെ പൈപ്പും ഇല്ല. അപ്പൊൾ പിന്നെ വെള്ളം കോരണ്ടി വരുമല്ലോ, അതാണ് ഞാൻ ഒന്ന് ഞെട്ടിയത് സഞ്ജയ്‌ പറഞ്ഞു.. " അതാണോ കാര്യം? അതിനല്ലേ കിണറ്.. കണ്ടില്ലേ തൊട്ടു പുറകില്‍ തന്നെ കിണർ ഉള്ളത്, അതൊരു ബക്കറ്റിലേക്ക് കോരിയെടുക്കുക കുളിക്കാ, അത്രയല്ലേ ഉള്ളൂ... പ്രശ്നം കഴിഞ്ഞില്ലേ,

അവൾ പറയുന്നത് കേട്ട് അവൻ കിണറിന് അരികിലേക്ക് പോയിരുന്നു... അതിൽ തന്നെ വെച്ചിരുന്ന തൊട്ടിയും കയറും എടുത്ത് കിണറ്റിലേക്ക് ഇട്ടു, സ്യൂട്ടും കോട്ടും ഒക്കെ ഇട്ട് അവൻ കിണറ്റിൽ നിന്നും വെള്ളം കോരുന്നത് കണ്ട് അവൾക്ക് ചിരി വന്നു പോയിരുന്നു.. എങ്കിലും ചിരി അടക്കി അവളവന്റെ പ്രവർത്തിയെ തന്നെ നോക്കി നിന്നു, തൊട്ടി നിറച്ചു വെള്ളം വരാത്തതു കൊണ്ട് തന്നെ തൊട്ടി നന്നായി ഉലയുന്നത് കാണാൻ സാധിക്കുന്നുണ്ട്. അവന് ആ പ്രവർത്തിയിൽ വലിയ പരിചയമില്ലെന്ന് കാണിക്കാൻ അതുതന്നെ ധാരാളമായിരുന്നു. ചെറുചിരിയോടെയാണ് അവൾ ആ കാഴ്ച കണ്ടത്.. ഒന്ന് രണ്ട് വട്ടം അവൻ അങ്ങനെ തന്നെ ചെയ്തുവെങ്കിലും വെള്ളം ശരിക്കും പകുതി പോലും ബക്കറ്റിൽ ആയില്ല. അവൻ നന്നേ ക്ഷീണിക്കുകയും ചെയ്തു. " സാറു മാറു, ഞാൻ കോരി തരാം... "വേണ്ട.... തനിക്ക് ആരുമില്ലാത്ത ഒരാൾക്ക് വേണ്ടി ബുദ്ധിമുട്ടണ്ട, ഞാൻ തന്നെ ചെയ്തോളാം നെറ്റിയിൽ നിന്നും വിയർപ്പ് തൂത്തുകൊണ്ട് അവൻ പറഞ്ഞു.. " ഇത് നല്ല പാട് ആരെങ്കിലും ആണെന്ന് പറഞ്ഞാൽ പറയും ആ വിഷയം സംസാരിക്കേണ്ടന്ന്,

ആരെങ്കിലും അല്ലെന്ന് പറഞ്ഞാൽ കുത്തി നോവിക്കേം ചെയ്യും.. ഇതെന്തൊരു സ്വഭാവാണ് എന്റെ അപ്പാ... മറ്റ് എവിടെയോ നോക്കി ശ്രുതി പറഞ്ഞപ്പോൾ അവന്റെ ചുണ്ടിലും ഒരു ചെറിയ പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു. ഒന്നും പറയാതെ കയർ അവൾക്ക് നേരെ നീട്ടി അവൻ മാറി നിന്നു.. ചെറു ചിരിയോടെ തന്നെ അവൾ പെട്ടെന്ന് വെള്ളം കോരി, മൂന്നുവട്ടം അവൾ കോരിയപ്പോൾ തന്നെ ബക്കറ്റ് നിറഞ്ഞു. അവൻ അത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കി. " ഇതെന്തു മാജിക്..? പെട്ടെന്ന് താൻ കോരിയപ്പോൾ പെട്ടെന്ന് നിറഞ്ഞല്ലോ, " ഇത് മാജിക് ഒന്നുമല്ല എന്റെ സാറേ വെള്ളം കോരാൻ അറിയാഞ്ഞിട്ടാണ്, അവൾ തന്നെ ബക്കറ്റ് എടുത്ത് ബാത്റൂമിലേക്ക് കൊണ്ടുപോയി വെച്ചു.. വേറൊരു വലിയ ബക്കറ്റുമായി തിരികെ വരുകയും ചെയ്തു, അതിലും നിമിഷനേരം കൊണ്ട് അവൾ വെള്ളം നിറച്ചു. അത് എടുക്കാൻ പോകുന്നവളെ അവൻ തടഞ്ഞു.. " ഞാൻ എടുക്കാം. " വേണ്ട വേണ്ട ഞാൻ തന്നെ എടുത്തോളാം. സാറിന് ഇതൊന്നും പരിചയം ഇല്ലല്ലോ, നടുവ് വല്ലോം ഉളുക്കിയാൽ ഞാൻ സാറിനെ കൊണ്ട് ഇവിടെ ഏത് ഹോസ്പിറ്റലില്‍ കൊണ്ടുപോവാനാണ്...?

സാറും കൂടി കിടന്നാൽ നമുക്ക് നാളെയും ഇവിടുന്ന് പോകാൻ പറ്റില്ല... ചെറു ചിരിയോടെ പറഞ്ഞിട്ട് പോകുന്നവളെ അവനും ഒരു ചിരിയോടെ തന്നെ നോക്കിയിരുന്നു.. കുറച്ചുസമയത്തേക്ക് മറ്റെല്ലാ ചിന്തകളെയും മറക്കാൻ അവൻ ആത്മാർത്ഥമായി ശ്രമിച്ചിരുന്നു. ഈ കുറച്ചു സമയം താനും അവളും മാത്രം മതിയെന്ന് അവന് തോന്നി. അവളുടെ ചെറിയ ചില കുസൃതികൾ ഒക്കെ ആസ്വദിക്കുന്നുണ്ട്. ഇത്രയും അടുത്ത് ഇങ്ങനെ അവളുടെ സംസാരങ്ങളും കുസൃതികളുമായി കഴിയാൻ ഇനിയൊരു അവസരം ചിലപ്പോൾ തനിക്ക് ലഭിക്കില്ല. അതുകൊണ്ടു തന്നെ മറ്റു വേദനകളെയും പ്രശ്നങ്ങളെയും ഒക്കെ കുറച്ച് സമയത്തേക്ക് മനഃപൂർവ്വം മറക്കാൻ അവൻ ആഗ്രഹിച്ചിരുന്നു എന്നതാണ് സത്യം. " വെള്ളമൊക്കെ സെറ്റാണ്. ഇനി കുളിച്ചോ... അവൾ പുറത്തേക്കിറങ്ങി വന്ന് പറഞ്ഞിരുന്നു.

ചെറു ചിരിയോടെ അവൻ അകത്തേക്ക് ചെന്നു. അപ്പോൾ തന്നെ അമ്മച്ചി കൊണ്ടുവന്ന് വച്ച അവനു വേണ്ടിയുള്ള ബനിയനും ലുങ്കിയും അവൾ അവന് നേരെ നീട്ടി. ഒപ്പം ഒരു തോർത്തും. രണ്ടുപേരും പരസ്പരം കുറച്ച് സമയം നോക്കി നിന്നു പോയിരുന്നു.. രണ്ടുപേരുടെയും മിഴികളിൽ ഒളിപ്പിച്ച പ്രണയം നിറഞ്ഞു നിന്നു... " ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന കുറച്ച് നിമിഷങ്ങൾ ഇതാണ്.. ഈ നിമിഷങ്ങൾ അവസാനിക്കാതിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ഞാൻ ആഗ്രഹിക്കുന്നു, അവളുടെ ശോണിമേറുന്ന മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു......കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story