നിളയോഴുകും പോൽ 💙: ഭാഗം 36

nilayozhukumpol

രചന: റിനു

ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന കുറച്ച് നിമിഷങ്ങൾ ഇതാണ്.. ഈ നിമിഷങ്ങൾ അവസാനിക്കാതിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ഞാൻ ആഗ്രഹിക്കുന്നു, അവളുടെ ശോണിമേറുന്ന മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു.. അവൻ കുളി കഴിഞ്ഞ് തിരികെ വന്നിട്ടും ശ്രുതി ഒരു മായവലയത്തിൽ തന്നെയായിരുന്നു, അവൻ തീർത്തിട്ട് പോയ മാന്ത്രിക വലയത്തിനുള്ളിൽ പെട്ടുപോയിരുന്നു അവൾ.. ഈ നിമിഷം താൻ സന്തോഷവാനാണെന്ന് അവൻ പറയുമ്പോൾ തന്റെ സാന്നിധ്യം മാത്രമേ അവനിൽ സ്വാധീനം ചെലുത്തിയെന്നല്ലേ അതിനർത്ഥം, എന്നിട്ടും എന്തേ തന്നെ ചേർത്തു പിടിക്കാൻ അവന്റെ കൈകൾക്ക് ഒരു ബലക്ഷയും.. തന്നോട് മനസ്സ് തുറക്കാൻ അവന്റെ ഹൃദയത്തിന് ഒരു തടസ്സം..? അതായിരുന്നു അവളിൽ നിറഞ്ഞുനിന്ന ചോദ്യം, അതെന്താണെങ്കിലും ഈ നിമിഷം, ഈ നിമിഷത്തെ സന്തോഷത്തിൽ ജീവിക്കാൻ അവൾ ആഗ്രഹിച്ചുപോയി. അത്രമേൽ അവൾക്ക് പ്രിയപ്പെട്ടതായിരുന്നു അവൻ നൽകിയ ആ വാക്ക്.

" താൻ കുളിക്കുന്നില്ലേ..? തിരികെ വന്നവൻ ചോദിച്ച ചോദ്യമായിരുന്നു അവളെ ഓർമ്മകളിൽ നിന്നും തിരികെ കൊണ്ടുവന്നത്. ചെറിയ ചിരി സമ്മാനിച്ചവൾ ബാത്റൂമിനുള്ളിലേക്ക് കയറിയിരുന്നു, കുളി കഴിഞ്ഞതും അപ്പുറത്തേക്ക് പോകാമെന്ന് സഞ്ജയ് തന്നെയാണ് പറഞ്ഞത്. രണ്ടുപേരും അപ്പുറത്തേക്ക് ഇറങ്ങിയപ്പോൾ ഇരുട്ട് വീണിരുന്നു, മൊബൈലിന്റെ ടോർച്ച് വെളിച്ചത്തിലാണ് രണ്ടുപേരും അവിടേക്ക് ചെന്നത്. അപ്പോൾ സന്ധ്യാ പ്രാർത്ഥന നടന്നുകൊണ്ടിരിക്കുകയാണ്, അമ്മച്ചിയും വൃദ്ധനും മുട്ടുകുത്തി നിന്ന് കൊന്ത എത്തിക്കുന്നു, ഇതിനിടയിൽ ശല്യപ്പെടുത്താതെ ഇരുവരും വരാന്തയിലേക്ക് മാറി ഇരുന്നിരുന്നു.. ഇതിനിടയിൽ കണ്ണുകൾ പരസ്പരം പലകുറി കഥ കൈമാറി, പക്ഷേ ഒരു വാക്കുപോലും പുറത്തുവന്നില്ല. വാക്കുകളുടെ അകമ്പടിയില്ലാതെ അനുരാഗത്തിന്റെ മനോഹാരിത ഇരുവരും അറിയുകയായിരുന്നു. പ്രാർത്ഥന കഴിഞ്ഞതും ലൈറ്റുകൾ തെളിഞ്ഞു പെട്ടെന്ന് അമ്മച്ചി രണ്ടുപേരും വെളിയിലിരിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു പോയിരുന്നു.

"എന്നാ പിള്ളേരെ വിളിക്കാഞ്ഞേ... അമ്മച്ചി ചോദിച്ചു, "പ്രാർത്ഥിക്കുക അല്ലേ അതിനിടയ്ക്ക് തടസ്സം നിൽക്കേണ്ടന്ന് കരുതിയാണ്... സഞ്ജയ്‌ ആണ് മറുപടി പറഞ്ഞത്... " കൊള്ളാം... കേറി വാ... അമ്മച്ചി വിളിച്ചപ്പോൾ അകത്തുനിന്നും വൃദ്ധനും ഇറങ്ങി വന്നിരുന്നു, "നിങ്ങളായിരുന്നോ ഞാൻ ഓർക്കുകയും ചെയ്തു ഈ സമയത്ത് ഇവൾ ആരോടാ ഈ വർത്തമാനം പറയുന്നതെന്ന്. സഞ്ജയ്‌ ഒന്ന് ചിരിച്ചു... " ഇവിടെ ലാൻഡ് ഫോൺ ഇല്ലേ? ഞാൻ വീട്ടിലേക്കൊന്നു വിളിച്ചു പറയാൻ വേണ്ടി വന്നതാ. സഞ്ജയ് പറഞ്ഞു.. " ലാൻഡ് ഫോൺ ഉണ്ടായിരുന്നു, വേറെ ഫോണിൽ ഒന്നും ഇവിടെ റേഞ്ച് കിട്ടില്ല, അത് ഇന്നലെ കേടായി .. അമ്മച്ചി പറഞ്ഞപ്പോൾ നിരാശയോടെ സഞ്ജയ് ശ്രുതിയുടെ മുഖത്തേക്ക് നോക്കി.... അവൾ ഈ ലോകത്ത് ഒന്നുമല്ലന്നു തോന്നുന്നു, മറ്റെന്തോ ചിന്തകളിൽ വിഹരിക്കുകയാണ്.... " മൊബൈലിൽ റേഞ്ച് ഇല്ല, അതുകൊണ്ടാ ഞാൻ ഇവിടേക്ക് വന്നത്.. ഇവിടെ ലാൻഡ് ഫോൺ ഉണ്ടായിരിക്കും എന്ന് ഓർത്തു... സഞ്ജയ്‌ പറഞ്ഞു.. " എന്ത് ചെയ്യാനാ പിള്ളേരേം വിളിച്ചിട്ട് മൂന്നാലു ദിവസമായി,

ശരിയാക്കാൻ വരാമെന്ന് പറഞ്ഞവൻ ഇന്ന് വരാം നാളെ വരാമെന്ന് പറഞ്ഞു പറ്റിക്കുകയാണ്... രണ്ട് പ്രായമായവർ ആയതുകൊണ്ട് എങ്ങനെ വേണേലും പറ്റിക്കാലോ, മൂന്നാല് ദിവസമായി പിള്ളേരുടെ ശബ്ദം ഒന്ന് കേട്ടിട്ട്.. അതുകൊണ്ട് ഒരു സമാധാനവുമില്ല... അമ്മച്ചി പറഞ്ഞു " നാളെ അവൻ വരുമെന്ന് പറഞ്ഞത് ശരിയാക്കാൻ, ഇല്ലെങ്കിൽ നാളെ വെളുപ്പിനെ അടിവാരത്ത് പോകുമ്പോൾ അവിടുന്ന് ഫോൺ വിളിച്ചു പറയാവുന്നതേയുള്ളൂ. ഒരു രാത്രിയുടെ കാര്യമല്ലേ, വൃദ്ധൻ പറഞ്ഞു... " ആരോടും പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല നിങ്ങൾ കെട്ടിയോനും കെട്ട്യോളും ഒരുമിച്ച് ഉണ്ടല്ലോ, സാധാരണ ഭാര്യമാര് കാത്തിരിക്കുമ്പോൾ അല്ലേ ഭർത്താക്കന്മാർക്ക് ആധി... അമ്മച്ചി പറഞ്ഞപ്പോൾ സഞ്ജയ് ഒളികണ്ണിട്ട് ശ്രുതിയെ ഒന്ന് നോക്കി, അമ്മച്ചിയുടെ സംസാരം അവളിൽ സന്തോഷം നിറച്ചിട്ടുണ്ട് എന്ന് വിടർന്ന ആ മുഖഭാവം അവന് മനസ്സിലാക്കി കൊടുത്തു.. " നിങ്ങൾ ഏതായാലും കേറി വാ, വീടൊക്കെ ഒന്ന് കാണാം... അദ്ദേഹം പറഞ്ഞപ്പോൾ മറുതൊന്നും പറയാതെ സഞ്ജയ് അകത്തേക്ക് കയറിയിരുന്നു.

സഞ്ജയ്യുടെ വീടിനെക്കുറിച്ചും ഒക്കെ ചോദിച്ചറിയുകയായിരുന്നു വൃദ്ധൻ. ബിസിനസ് നടത്തുകയാണ് എന്ന് മാത്രമാണ് സഞ്ജയ് പറഞ്ഞിരുന്നത്. " കൊച്ചിന്റെ വീട്ടിൽ ആരൊക്കെയുണ്ട്...? ശ്രുതിയോട് വിശേഷം ചോദിച്ചിട്ട് അമ്മച്ചിക്ക് മതിയാകുന്നില്ല. " എന്റെ വീട്ടിൽ അമ്മയും അച്ഛനും അനിയനും, " നിങ്ങളെ സ്നേഹിച്ച് കല്യാണം കഴിച്ചത് ആണോ... തമാശയോടെ ശ്രുതിയുടെ മുഖത്തേക്ക് നോക്കി അമ്മച്ചി ചോദിച്ചപ്പോൾ അവൾ അത്ഭുതപ്പെട്ട് അവനെ ഒന്ന് നോക്കി, അവന്റെ ചുണ്ടിലും ഉണ്ട് ഒരു കുസൃതി ചിരി.. " ഇത് അമ്മച്ചിക്ക് എങ്ങനെ മനസ്സിലായി എന്നായിരിക്കും. എനിക്ക് ഒരാളുടെ മുഖം കണ്ടാൽ അറിയാം, അമ്മച്ചി പറഞ്ഞപ്പോൾ വൃദ്ധൻ അവരെ നിസ്സഹായതയോടെ നോക്കിയിരുന്നു. സഞ്ജയ് ചെറുച്ചിരിയോട് വൃദ്ധനെ എതിരേറ്റു, അവനു പ്രശ്നമില്ലന്ന് മനസ്സിലായപ്പോൾ അയാളുടെ മുഖത്തും ഒരല്പം ആശ്വാസം തെളിഞ്ഞു കാണാമായിരുന്നു... " അല്ലേ...? വിടാൻ ഭാവമില്ലാതെ വീണ്ടും അമ്മച്ചി ചോദിക്കുകയാണ്. " അത് പിന്നെ... സഞ്ജയ് വക്കിത്തപ്പി, "

സത്യം അമ്മച്ചി, സ്നേഹിച്ച കല്യാണം കഴിച്ചത് ആണ്... ഒരുപാട് നാളത്തെ സ്നേഹത്തിനു ശേഷം, ഒരുപാട് കോലാഹലങ്ങളൊക്കെ ഉണ്ടാക്കിയ ഒരു കല്യാണം ആയിരുന്നു... ഉത്സാഹത്തോടെ ശ്രുതി പറഞ്ഞപ്പോൾ അമ്പരപ്പോടെ സഞ്ജയ് അവളെ തന്നെ നോക്കി. " ആന്നോ എങ്ങനെയാ നിങ്ങൾ തമ്മിൽ കണ്ടതൊക്കെ... അമ്മച്ചി ചോദിച്ചു, " ഇവളുടെ ഒരു കാര്യം ഇവൾ ഇങ്ങനെയാണ് ആരെയെങ്കിലും കിട്ടിയാൽ ചികഞ്ഞു കാര്യങ്ങൾ ചോദിക്കും, അവരെ അല്പം ദേഷ്യത്തോടെ നോക്കിക്കൊണ്ട് വൃദ്ധൻ മറുപടി പറഞ്ഞു. " അത് സാരമില്ല..! ഇതൊക്കെ എപ്പോഴും ഓർമ്മിക്കാനും പറയാനും സന്തോഷമുള്ള കാര്യങ്ങൾ അല്ലേ? ശ്രുതി ഉത്സാഹത്തോടെ പറഞ്ഞു. ഇതുവരെ തനിക്ക് പരിചിതമല്ലാത്ത ഒരു ശ്രുതിയെയാണ് സഞ്ജയ് അവിടെ കണ്ടത്. " നമുക്ക് ഇഷ്ടപ്പെട്ട ആളെ തന്നെ ജീവിതപങ്കാളിയായി കിട്ടുമ്പോൾ അത് വലിയ സന്തോഷമുള്ള കാര്യമല്ലേ, അത് പിന്നെയും ഓർമ്മിക്കാനും മറ്റൊരാളോട് പറയാൻ ഒക്കെ എല്ലാവർക്കും ഇഷ്ടമായിരിക്കും,

അങ്ങനെയൊരു സന്തോഷം എനിക്കുണ്ട്.. അത് പറയുന്നുണ്ട് എനിക്കൊരു ബുദ്ധിമുട്ടുമില്ല, ഞാൻ സാറിന്റെ ഓഫീസിലെ ജോലിക്കാരി ആയിരുന്നു. സാറിന്റെ പേഴ്സണൽ സെക്രട്ടറി. അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങൾ ഒന്നിച്ച് ചെന്നൈയിൽ ഒരു മീറ്റിങ്ങിനു പോയി. രണ്ട് റൂം ആണ് ഞങ്ങൾ എടുത്തിരുന്നത്. എന്റെ റൂമിന്റെ അടുത്ത ആയിട്ട് കുറച്ച് വഷളൻമാർ വന്നു, അവരെന്നോട് മോശമായിട്ട് ഇടപെടാൻ തുടങ്ങി. സാർ അപ്പോൾ സിനിമാ സ്റ്റൈലിൽ അവരെയൊക്കെ വിരട്ടി എന്നെ രക്ഷിച്ചു, പിന്നെ ഞാൻ ബോധം കെട്ട് വീണപ്പോൾ എന്നെ ആശുപത്രിയിൽ കൊണ്ടുപോയി. എനിക്ക് കാവൽ ഇരുന്നു. ഒരു രാത്രി മുഴുവൻ എന്റെ സംരക്ഷണം ഏറ്റെടുത്തു. ഈ സമയങ്ങളിലൊക്കെ മോശമായിട്ട് ഒരു വാക്കോ പ്രവർത്തിയോ സാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കില്ല അങ്ങനെ ഒരാളെ. ആ നിമിഷം വീണുപോയത് ആണ് ഞാൻ.. ഞാൻ ഈ കാര്യം സാറിനോട് പറഞ്ഞപ്പോൾ സാറിന്റെ മനസ്സിൽ ഇങ്ങനെയൊക്കെ തന്നെയുണ്ട്.

എന്നോട് പറയാനുള്ള ഒരു ബുദ്ധിമുട്ട് മാത്രം ഉള്ളു, അങ്ങനെ പരസ്പരം മനസ്സറിഞ്ഞപ്പോൾ വിവാഹമല്ലാതെ മറ്റൊരു തീരുമാനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലല്ലോ, ഞാൻ സാമ്പത്തികമായി അല്പം ബുദ്ധിമുട്ടുള്ള വീട്ടിലെയാ, അതുകൊണ്ട് സാറിന്റെ വീട്ടിൽ കുറച്ച് പ്രശ്നങ്ങളൊക്കെ ഉണ്ടായി. പിന്നെ സാർ സ്ട്രോങ്ങ്‌ ആയതോണ്ട് ഞങ്ങളുടെ കല്യാണം കഴിഞ്ഞത്.. ഒരു വലിയ കഥ പറഞ്ഞു കഴിഞ്ഞതും സഞ്ജയ് അമ്പരപോടെ അവളെ നോക്കി.. തന്റെ മനസ്സിൽ അവൾക്ക് എപ്പോൾ മുതലാണ് സ്ഥാനം ഉണ്ടായി തുടങ്ങിയത് എന്നും എന്ത് കാരണമാണ് തന്നെ സ്നേഹിക്കാൻ അവൾക്കുള്ളത് എന്നും ആ വാക്കിലൂടെ തന്നെ അവന് മനസ്സിലാക്കാൻ സാധിച്ചിരുന്നു. അവളുടെ ആഗ്രഹങ്ങളാണ് അവളീ പറയുന്നതെന്ന് അവന് വ്യക്തമായി.. " കല്യാണം കഴിഞ്ഞ് ഇത്ര നാളായിട്ടും നിങ്ങൾ കുട്ടികളെ വേണ്ടാന്ന് വെച്ചിരിക്കുന്ന എന്താണെന്ന് എനിക്ക് മനസ്സിലാവാത്തത്...

അമ്മച്ചി വീണ്ടും ആ വിഷയം എടുത്തിട്ടപ്പോൾ അറിയാതെ ശ്രുതിയുടെ ചുണ്ടിലും ഒരു ചിരി വന്നിരുന്നു... " എന്നാ പറയാനാ അമ്മച്ചി, ഞാൻ എപ്പോഴും പറയുന്നതാണ് സഞ്ജുവേട്ടാ ഇക്കാര്യം നമുക്ക് വച്ച് താമസിപ്പിക്കേണ്ടന്ന്, അപ്പോൾ ആള് പറയുന്നത് ബിസിനസിന്റെ തിരക്കൊക്കെ കഴിയട്ടെ ശ്രുതി എന്നിട്ട് മതി നമുക്ക് നമ്മുടെ ജീവിതത്തെക്കുറിച്ച് ആലോചിക്കുന്നത് എന്ന്, കുഞ്ഞൊക്കെ ആയിക്കഴിഞ്ഞാൽ ബിസിനസ് ഒക്കെ കുറച്ച് ഒതുക്കി എപ്പോഴും എന്റെയും കുഞ്ഞിന്റെയും ഒപ്പം ഉണ്ടാകുമെന്ന് ഒരു ഉറപ്പു പറഞ്ഞപ്പോൾ ഞാനും കരുതി എങ്കിൽ ഏട്ടന്റെ ഇഷ്ടമെന്ന്... ഉത്സാഹത്തോടെ പറയുന്നവളെ അത്ഭുതത്തോടെ തന്നെയാണ് സഞ്ജയ് നോക്കിയത്. ഒരു കണ്ണ് ഇറുക്കി അവനെ നോക്കി അവൾ ഒന്ന് ചിരിച്ചിരുന്നു അവൾ. വൃദ്ധനും അമ്മച്ചിയും നോക്കിയപ്പോഴേക്കും വിളറിയൊരു പുഞ്ചിരി സഞ്ജയ് നൽകിയിരുന്നു.......കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story