നിളയോഴുകും പോൽ 💙: ഭാഗം 38

nilayozhukumpol

രചന: റിനു

കുറച്ച് സമയം അവനെ ഒറ്റയ്ക്ക് വിടുന്നതാണ് നല്ലതെന്ന് അവൾക്ക് തോന്നി. അതുകൊണ്ട് തന്നെ അവൾ പിന്നീട് അവനെ വിളിക്കാൻ ശ്രമിച്ചില്ല. മനസ്സിനെ വരഞ്ഞു മുറുക്കുന്ന വേദന അവളും അറിഞ്ഞു. തങ്ങൾ സമാന്തരരേഖ പോലെയാണെന്ന് അവൾക്ക് തോന്നി. അടുക്കും തോറും അകന്നു വരുന്നു. അറിയാതെ മിഴികൾ നനഞ്ഞപ്പോൾ ഒരു വാശിയോടെ അവളത് തൂത്തുകളഞ്ഞിരുന്നു. ഉള്ളിന്റെയുള്ളിൽ ആ ഒരുവൻ സ്ഥാനം നേടിയെന്നുള്ളത് ഉറപ്പാണ്. പക്ഷേ സ്നേഹം അത് ഒരിക്കലും യാചിച്ചു വാങ്ങേണ്ട ഒന്നല്ല. ഇത്രത്തോളം തന്റെ ഉള്ളം തുറന്നു കാണിച്ചിട്ടും തന്റെ സ്നേഹം അംഗീകരിക്കാൻ സാധിക്കുന്നില്ലെങ്കിൽ തന്നെ അകറ്റി നിർത്താൻ തക്കവണ്ണം ശക്തമായ കാരണം അവനെ നീറ്റുന്നുണ്ടെങ്കിൽ വീണ്ടും അവനെ നിർബന്ധിക്കുന്നതിൽ യാതൊരു അർത്ഥവുമില്ലന്ന് അവൾക്കു തോന്നി. അത്തരത്തിൽ പിടിച്ചു വാങ്ങുന്ന സ്നേഹം അർത്ഥമില്ലാത്ത ഒന്നുതന്നെയാണ്. അടുക്കളയിലേക്ക് ചെന്ന് വാഷ്ബേസിനിൽ മുഖം നന്നായി ഒന്ന് കഴുകി. ശേഷം അവിടെ കിടന്ന തോർത്തുകൊണ്ട് മുഖം ഒപ്പി.

പിന്നെ അമ്മച്ചി തന്നുവിട്ട ഭക്ഷണം ഓരോന്നായി മേശപ്പുറത്ത് നിരത്തിവച്ചു. കുറച്ച് സമയം കൂടി അവനെ കാത്തിരുന്നിട്ട് അവൻ വരാതായപ്പോൾ ഡോറിൽ ചെന്ന് രണ്ടുവട്ടം മുട്ടി. മൂന്നാം വട്ടം ആണ് ഡോർ തുറക്കപ്പെട്ടത്. അവന്റെ മുഖം കണ്ടപ്പോൾ ഉള്ളിൽ വീണ്ടും ഒരു വേദന ഉടലെടുക്കുന്നത് അവൾ അറിഞ്ഞിരുന്നു. കണ്ണ് വല്ലാതെ ഇരിക്കുന്നു. നന്നായി കരഞ്ഞിട്ടുണ്ടെന്ന് മുഖം കാണുമ്പോൾ തന്നെ അറിയാം. "എന്താടോ...? ഗൗരവം ഒട്ടുമില്ലാതെ അവൻ ചോദിച്ചു. " ഭക്ഷണം കഴിക്കേണ്ടേ വിളമ്പി വച്ചിട്ടുണ്ട്, " എനിക്ക് വേണ്ട, താൻ കഴിച്ചിട്ട് കിടന്നോ " അങ്ങനെ പറയാതെ നമുക്ക് വേണ്ടി ഒരുപാട് ബുദ്ധിമുട്ടി അമ്മച്ചി ഉണ്ടാക്കിയത് ആണ്. അത് കഴിക്കാതെ കിടന്ന അവരോട് ചെയ്യുന്ന ദ്രോഹം ആകും. എന്തെങ്കിലും കഴിച്ചിട്ട് കിടക്ക്. അത്രയും പറഞ്ഞ് മറുപടിക്ക് ആക്കാതെ അവൾ തിരിഞ്ഞു പോയിരുന്നു. അവൻ ഡൈനിങ് ടേബിളിലേക്ക് ചെന്നപ്പോൾ പ്ലേറ്റ് നിരത്തി വയ്ക്കുകയായിരുന്നു അവൾ. അവനോട് ഒന്നും തന്നെ ചോദിക്കാതെ അവന്റെ പ്ലേറ്റിലേക്ക് കഞ്ഞി വിളമ്പി.

മറ്റൊരു പ്ലേറ്റിലേക്ക് അമ്മച്ചി തന്ന കപ്പ പുഴുങ്ങിയതും അതിന്റെ ചേർന്ന് കുറച്ച് കാന്താരി ചമ്മന്തിയും ഒഴിച്ചു. ഒപ്പം നല്ല ഉണക്കമീൻ പൊരിച്ചതും. കാച്ചിമോരും ആണ് കൂട്ടാൻ. അവന് വിളമ്പിയതിനു ശേഷം പ്രത്യേകിച്ചവനോടൊന്നും സംസാരിക്കാതെ കുറച്ച് അപ്പുറത്തായി മാറിയിരുന്ന് അവളും ഭക്ഷണം വിളമ്പി കഴിച്ചു.. തന്നോട് ഒന്നും സംസാരിക്കാതെ അവൾ ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ ഉള്ളം നോവുന്നത് അവൻ അറിഞ്ഞു. എന്തൊക്കെ പറഞ്ഞാലും അവളുടെ മൗനം അതുതന്നെ കൊല്ലാതെ കൊല്ലുന്നുണ്ട്. അവൾ തന്നോട് അടുക്കരുതെന്ന് ആഗ്രഹിക്കുമ്പോഴും ഉള്ളിന്റെയുള്ള അവളിൽ നിന്നും അകലം നേടാൻ ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം. കുറച്ചുസമയം അവളെ തന്നെ നോക്കിയിരുന്നു. ആ നോട്ടം അവൾ മനസ്സിലാക്കിയത് അറിഞ്ഞപ്പോൾ ഭക്ഷണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. നാവിൽ ഭക്ഷണം വച്ചതും നാവിലെ രുചിമുകുളങ്ങൾ ഉണരുന്നത് അവൻ അറിഞ്ഞിരുന്നു. അത്രയും രുചിയുള്ള ഭക്ഷണം. ഏത് റസ്റ്റോറന്റിൽ പോയി എത്ര മുന്തിയ ഭക്ഷണം കഴിച്ചാലും ഈ ഒരു രുചി ലഭിക്കില്ല. അതാണ് നാടൻ ഭക്ഷണത്തിന്റെ പ്രത്യേകത. ആസ്വദിച്ചു തന്നെയാണ് അവൻ ഭക്ഷണം കഴിച്ചത്.

ഭക്ഷണം കഴിച്ചു കഴിഞ്ഞതും സ്വന്തം പ്ലേറ്റുമായി അവൻ അടുക്കളയിലേക്ക് പോയിരുന്നു. അവനെ ശ്രദ്ധിക്കാതെ പാത്രം കഴുകി വെച്ചതിനു ശേഷം ശ്രുതിയും പുറത്തേക്ക് ഇറങ്ങിപ്പോയിരുന്നു. തന്നോടവൾ സംസാരിക്കാതിരിക്കുന്നത് അവനിൽ ഒരു വേദന പടർത്തിയിരുന്നു. ഭക്ഷണം കഴിച്ച പാത്രം കഴുകിവച്ച് പുറത്തേക്ക് ഇറങ്ങിയപ്പോൾ ഒരു ജഗ്ഗുമായി നിൽക്കുകയാണ് അവൾ. അത് അവന്റെ കൈകളിലേക്ക് നീട്ടി.. " രാത്രി വെള്ളമോ മറ്റോ ആവശ്യം വന്നാലോ, " തനിക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയൊന്നുമില്ലല്ലോ അല്ലേ? എന്തെങ്കിലും ചോദിക്കണ്ടേന്ന് കരുതിയാണ് അവൻ അത് ചോദിച്ചത്. എന്നാൽ ചോദിച്ചു കഴിഞ്ഞപ്പോഴാണ് അതിലെ അബദ്ധം അവന് മനസ്സിലായത്. കൂർപ്പിച്ചു നോക്കുന്നവളുടെ മുഖത്ത് നിന്നും ആ ചോദ്യം താൻ ചോദിച്ചത് ഇഷ്ടമായില്ലെന്ന് അവന് മനസ്സിലായിരുന്നു. "സർ എന്താ ഉദ്ദേശിച്ചത്...? അല്പം ദേഷ്യത്തോടെ തന്നെ അവൾ ചോദിച്ചു. " ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല ശ്രുതി പരിചയമില്ലാത്ത സ്ഥലം അല്ലേ അതുകൊണ്ട് ചോദിച്ചതാ,

ഒരു ക്ഷമാപണം പോലെ അവൻ പറഞ്ഞു "ഒറ്റയ്ക്ക് കിടക്കാൻ പേടിയുണ്ടെങ്കിൽ എന്താ സാറിന്റെ കയ്യിൽ അതിനുള്ള പരിഹാരം...? സാർ ഉദ്ദേശിക്കുന്ന തരത്തിലുള്ള ഒരാളല്ല ഞാൻ. അതെല്ലാം അങ്ങനെയുള്ള ഒരാളാണ് ഞാനന്ന് സാറിന് തോന്നിയിട്ടുണ്ടോ..? ദേഷ്യത്തോടെ തന്നെ അവൾ ചോദിച്ചു. തന്റെ വായിൽ നിന്നും വീണുപോയ ഒരു അബദ്ധത്തിന് ഇത്രയും വലിയ വില കൊടുക്കേണ്ടി വരുമെന്ന് സഞ്ജയും വിചാരിച്ചിരുന്നില്ല. "ഞാനൊന്നും ഉദ്ദേശിച്ച് ചോദിച്ചതല്ല ശ്രുതി, താൻ തെറ്റിദ്ധരിച്ചത് ആണ്. ഞാൻ ആ വിഷയത്തിൽ പിടിച്ച് കയറണ്ട. " ഞാൻ ഇനി ഒരു വിഷയത്തിലും പിടിച്ചു കയറുന്നില്ല. സാറിനോട് ഒരു പരിധിയിൽ കൂടുതലായിട്ട് ഒന്നും പറയാനും വരുന്നില്ല. ഇന്ന് മുതല നമ്മളെ ജോലിക്കാരിയും മുതലാളിയും മാത്രമാണ്. അത്രയും പറഞ്ഞ് അവൾ മറുപടിയ്ക്ക് കാക്കാതെ മുറിയിലേക്ക് പോവുകയും കതക് അടയ്ക്കുകയും ചെയ്തിരുന്നു. അവന് വല്ലാത്ത വേദന തോന്നിയിരുന്നു. പക്ഷേ അവൻ അവളെ തടഞ്ഞില്ല ഇങ്ങനെ അവസാനിക്കുമെങ്കിൽ അങ്ങനെ അവസാനിക്കട്ടെ.

തന്റെ ഉള്ളിന്റെയുള്ളിൽ അവൾ എന്നും ഉണ്ടാകും. നിറമുള്ള ഒരു ഓർമ്മയായി... അതുതന്നെ തനിക്ക് ജീവിതകാലം മുഴുവൻ ജീവിക്കാനുള്ള ഊർജ്ജമാണ്. അതിനപ്പുറം ആ പാവത്തിന്റെ ജീവിതം തകർക്കേണ്ടന്ന് അവന് തോന്നിയിരുന്നു. ആദ്യമായും അവസാനമായും പ്രണയിച്ച പെൺകുട്ടിയാണ്. മുറിയിലേക്ക് ചെന്നിട്ടും അവന് ഉറങ്ങാൻ മനസ്സ് വന്നില്ല. കതകടക്കാതെയാണ് അവൻ കിടന്നത്. ഒരു ഭിത്തിയ്ക്ക് അപ്പുറം ഒരുവൾ ഇന്ന് നിദ്രയെ പുൽകാൻ സാധിക്കാതെ കിടക്കുമെന്നവന് ഉറപ്പായിരുന്നു. താൻ അവളോട് കാണിച്ച അകലം അത്രമേൽ അവളെ ഇപ്പോൾ നീറ്റുന്നുണ്ടായിരിക്കും. പക്ഷേ ഒന്ന് ചേർത്തു പിടിക്കാൻ തന്റെ കൈകൾക്കിപ്പോൾ ബലമില്ല. ഒന്ന് ചേർത്ത് പുൽകാൻ തന്റെ നെഞ്ചകത്തിന് സാധിക്കുന്നില്ല. അത്രമേൽ ആഴത്തിൽ സ്നേഹിക്കുന്നുണ്ടെങ്കിലും അത് പുറത്തേക്ക് കാണിക്കാൻ സാധിക്കാത്ത നീസഹായ അവസ്ഥയിലാണ്. എന്തൊരു ജന്മമാണ് തന്റേത് എന്ന് ഒരു നിമിഷം അവനോർത്തു. അവന് അവനോട് തന്നെ പുച്ഛം തോന്നിയിരുന്നു. കുറെ സമയം കിടന്നെങ്കിലും ഉറക്കം വന്നില്ല.

വെളുപ്പിന് എപ്പോഴോ ആണ് അവൻ ഉറങ്ങിയത്. ഫോണിൽ അലാറം വെച്ചിട്ടാണ് കിടന്നത്. അലാറം അടിച്ച സമയത്ത് അവൻ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ശരീരത്തിന് വല്ലാത്ത തളർച്ച തോന്നിയിരുന്നു. രണ്ടുവട്ടം കണ്ണുകൾ തുറന്നെങ്കിലും അതേ വേഗത്തിൽ തന്നെ കണ്ണുകൾ അടഞ്ഞു പോവുകയാണ്. ശരീരത്തിന് വല്ലാത്ത വേദന പോലെ. താൻ ആഗ്രഹിക്കുന്ന വരുതിയിൽ ശരീരം നിൽക്കുന്നില്ലെന്ന് അവന് മനസ്സിലായി. നല്ല രീതിയിൽ കുളിരുന്നുമുണ്ട്. അവിടെ കിടന്ന ഒരു പുതപ്പ് എടുത്ത് നന്നായി മൂടിപ്പുതച്ചിരുന്നു. എന്നിട്ടും തണുപ്പ് സഹിക്കാൻ കഴിയുന്നില്ല. കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും അറിയാതെ കൺപോളകൾ അടഞ്ഞു പോയിരുന്നു. വെളുപ്പിന് അവൻ എഴുന്നേൽക്കേണ്ടതാണെന്ന് അവൾക്കറിയാം. അതുകൊണ്ട് തന്നെ ശ്രുതി നേരത്തെ എഴുന്നേറ്റ് ഇരുവർക്കും വേണ്ടി കട്ടൻകാപ്പി ഇട്ടിരുന്നു. എന്നാൽ കുറെ സമയം കഴിഞ്ഞിട്ടും അവനെ കാണാതായപ്പോൾ അവൻ ഉറങ്ങിപ്പോയി എന്ന് ശങ്കിച്ചാണ് അവൾ അവന്റെ അരികിലേക്ക് ചെന്നത്. കതകടച്ചിട്ടില്ലന്ന് കണ്ടപ്പോൾ അവൾ ഡോറിൽ രണ്ട് മൂന്ന് വട്ടം വെളിയിൽ നിന്ന് തന്നെ കൊട്ടി.

മൂടിപ്പുതച്ചു കിടക്കുകയാണ് അവൻ. തന്റെ ശബ്ദം കേട്ടിട്ടും അവനിൽ നിന്നും പ്രതികരണം ഇല്ലാതെ വന്നപ്പോഴാണ് അവൾ മുറിക്കകത്തേക്ക് കയറിയത്. അപ്പോൾ തന്നെ ചെറിയതോതിൽ അവന്റെ ഞരക്കവും കേൾക്കുന്നുണ്ടായിരുന്നു. അവൾക്ക് ആ നിമിഷം ഒരു ആധി കയറിയിരുന്നു. " സർ എഴുന്നേൽക്ക്..... അടിവാരത്ത് പോവണ്ടേ വണ്ടി ശരിയാക്കണ്ടേ...? അവൾ അവനോടായി പറഞ്ഞു. അപ്പോഴേക്കും അവൻ ഞരങ്ങി കൊണ്ട് ഇരുന്നു. എന്തോ അവ്യക്തമായി പറയുന്നുണ്ടായിരുന്നു. " എന്തുപറ്റി സർ അവൾ ചോദിച്ചെങ്കിലും അവനിൽ നിന്നും മറുപടിയൊന്നും ഉയർന്നില്ല. ആ നിമിഷം വെറുതെ അവൾ അവന്റെ നെറ്റിത്തടത്തിൽ ഒന്ന് കൈ വെച്ച് നോക്കി. ചുട്ടുപൊള്ളുന്ന ചൂടാണ്. അവനെ പനിച്ചു തുടങ്ങിയെന്ന് അവൾക്ക് മനസ്സിലായി. അതാണ് ശരീരത്തിന്റെ തളർച്ച. അവൾ പെട്ടെന്ന് കഴുത്തിലേക്ക് കൈവച്ചു. അവളുടെ തണുത്ത കൈത്തലം കഴുത്തിലേക്ക് അരിച്ചിറങ്ങിയ നിമിഷം കണ്ണുതുറന്ന് അവളെ ഒന്ന് നോക്കിയിരുന്നു സഞ്ജയ്‌. "എനിക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ല ശ്രുതി... തീരെ വയ്യ എങ്ങനെയൊക്കെയോ അവൻ പറഞ്ഞു.......കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story