നിളയോഴുകും പോൽ 💙: ഭാഗം 39

nilayozhukumpol

രചന: റിനു

അവൾ പെട്ടെന്ന് കഴുത്തിലേക്ക് കൈവച്ചു. അവളുടെ തണുത്ത കൈത്തലം കഴുത്തിലേക്ക് അരിച്ചിറങ്ങിയ നിമിഷം കണ്ണുതുറന്ന് അവളെ ഒന്ന് നോക്കിയിരുന്നു സഞ്ജയ്‌. "എനിക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ല ശ്രുതി... തീരെ വയ്യ എങ്ങനെയൊക്കെയോ അവൻ പറഞ്ഞു. " ഈശ്വരാ നല്ല പനി ആണല്ലോ, ഇനിയിപ്പോൾ എന്താ ചെയ്യാ..? അവന്റെ നെറ്റിയിലേക്ക് തൊട്ടുകൊണ്ട് അവൾ പറഞ്ഞു. " ഇന്നലെ വെള്ളം മാറി കുളിച്ചിട്ടോ പെട്ടെന്ന് ക്ലൈമറ്റ് ചേഞ്ച് ആയിട്ടോ ഒക്കെ ആവും ഇങ്ങനെ പനി വന്നത്. സാരമില്ല കുറച്ച് കാപ്പി ഇട്ടോണ്ട് വരാം. അത്രയും പറഞ്ഞു അവൾ അടുക്കളയിലേക്ക് പോയിരുന്നു. പെട്ടെന്ന് തന്നെ കാപ്പിയുമായി അവൾ വന്നിരുന്നു. ഈ കാപ്പി കുടിക്കാൻ അവൾ പറഞ്ഞിട്ടും അവൻ കണ്ണ് തുറന്ന് നോക്കിയതല്ലാതെ എഴുന്നേറ്റില്ല. എഴുന്നേൽക്കാൻ ഇടയ്ക്കൊന്ന് ശ്രമിച്ചെങ്കിലും അവനതിന് ആവതില്ലെന്നു അവൾക്ക് തോന്നി. അവസാനം അവൾ തന്നെയാണ് അവനെ താങ്ങി എഴുന്നേൽപ്പിച്ചത്. ഒരു തലയിണ കൂടി വച്ചു കൊടുത്തു.

അവനെ ചേർത്തിരുത്തി അവന്റെ കൈകളിലേക്ക് പതുക്കെ കാപ്പിയുടെ ഗ്ലാസ് ഒന്ന് പിടിപ്പിച്ചു. നല്ല ചൂട് കട്ടൻകാപ്പി ഉള്ളിലേക്ക് ചെന്നപ്പോൾ ചെറിയൊരു ആശ്വാസം അവന് തോന്നി. തൊണ്ടയിലും നല്ല വേദനയുണ്ടായിരുന്നു. ആ വേദനയ്ക്ക് ഒരു ശമനം വന്നതുപോലെ അവന്റെ കലങ്ങിയ കണ്ണുകളും ചുവന്ന മൂക്കും ഒക്കെ കാണെ രാത്രിയിൽ അവനെ നന്നായി പനിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നു എന്ന് അവൾക്ക് മനസ്സിലായി. "സമയം എത്രായി. ഞാൻ പോയിട്ട് വരാം.. അവശതയിലും അവൻ പറഞ്ഞു. " എഴുന്നേൽക്കാൻ പോലും ആവതില്ല അതിനിടയിൽ എങ്ങനെ പോകും എന്നാണ് പറയുന്നത്. തൽക്കാലം സർ കിടക്ക്, നമുക്ക് എന്തെങ്കിലും ചെയ്യാം. എല്ലാത്തിനും ഒരു സമാധാനമുണ്ടല്ലോ. " അടിവാരത്തേക്ക് പോകുന്ന ബസ് വെളുപ്പിനെ ഉള്ളൂന്നാ പറഞ്ഞത്. പിന്നെ വൈകുന്നേരം ഉള്ളൂ ഒരു ബസ്. അത് വന്നാ വന്നേന്നേ ഉള്ളൂ എന്നാണ്. അവൻ തളർച്ചയോട് പറഞ്ഞു. " സാരമില്ല ആരോഗ്യമല്ലേ പ്രധാനം. അത് കഴിഞ്ഞല്ലേ ബാക്കി കാര്യങ്ങളൊക്കെ. തൽക്കാലം സാറ് നന്നായിട്ട് റസ്റ്റ് എടുക്ക്.

ഇപ്പൊൾ വേറെ ഒന്നും ആലോചിക്കേണ്ട. ഈ കാപ്പി കുടിച്ചിട്ട് നന്നായി ഒന്ന് കിടന്നുറങ്ങ്. ചെറിയൊരു ആശ്വാസം വരും. അതും പറഞ്ഞ് അവനെ കട്ടിലിലേക്ക് കിടക്കാൻ സഹായിച്ച് ലൈറ്റും ഫാനും ഓഫ് ചെയ്ത് അവൾ പുറത്തേക്ക് ഇറങ്ങിയിരുന്നു. ശരീരത്തിന്റെ ക്ഷീണം കൊണ്ട് കിടന്നതെ അവനും ഉറങ്ങിപ്പോയിരുന്നു. സമയം 7:15 നോട് അടുത്തിട്ടും അവൻ ഉണരുന്നില്ലെന്ന് മനസ്സിലായപ്പോൾ അപ്പുറത്തെ വീട്ടിലെക്കൊന്നു ചെല്ലാൻ അല്പം മടിയോടെയാണെങ്കിലും ശ്രുതി തീരുമാനിച്ചു. അവിടെ ചെന്നപ്പോൾ അമ്മച്ചി രാവിലെ തന്നെ മുറ്റത്ത് ഇരുന്ന് പാത്രം കഴുകുന്ന തിരക്കിലാണ്. ചാരവും സോപ്പും ഒക്കെ ഉപയോഗിച്ച് കരിപാത്രങ്ങൾ പുതിയത് പോലെ ആക്കി വയ്ക്കുന്നുണ്ട്. ശേഷം അത് വെയില് കൊള്ളാനായി അടുക്കളപ്പുറത്തേക്ക് നീക്കിവെക്കുന്നു. തന്നെ കണ്ടതും ചിരിയോടെ അടുത്തുവന്നു. " ആഹാ ഞാൻ അങ്ങോട്ട് വരാൻ തുടങ്ങുവായിരുന്നു, മോനെന്തിയെ..? അടിവാരത്ത് പോയിട്ട് വന്നോ.? ഏറെ പരിചിതരെ പോലെ തന്നെ അമ്മച്ചി ചോദിച്ചു. "പോയില്ല അമ്മച്ചി, പോകാൻ പറ്റിയില്ല.

" എന്നാ പറ്റി.. ആധിയോടെ അവർ തിരക്കി.. " സാറിന് ഭയങ്കര പനി. വെള്ളം മാറി കുളിച്ചിട്ട് ആണെന്ന് തോന്നുന്നു. ചുട്ടു പൊള്ളുന്നു. രാവിലെ പോകാൻ എഴുന്നേറ്റപ്പോൾ ഒട്ടും വയ്യ. പിന്നെ ഞാൻ കിടന്നോളാൻ പറഞ്ഞു, ഇപ്പോഴും നല്ല ഉറക്കം. ഇടയ്ക്ക് ഞാൻ ചെന്ന് നോക്കിയപ്പോഴും ഭയങ്കര പനിയായിരുന്നു. ഇവിടെ ചുക്കിരിപ്പുണ്ടോ കുറച്ച് കാപ്പി ഇട്ടു കൊടുക്കാനാ.. " അയ്യോടാ അത് ഭയങ്കര കഷ്ടമായിപ്പോയല്ലോ കുഞ്ഞേ, നല്ല ഉറവയുള്ള കിണറാണ്, നല്ല കണ്ണിരു പോലത്തെ വെള്ളമാ വരുന്നത്. തണുപ്പും കൂടുതൽ ആണ്. അത് ചിലപ്പോൾ പിടിച്ചു കാണത്തില്ലായിരിക്കും. ഈ ക്ലോറിൻ വെള്ളത്തിൽ കുളിച്ച് ശീലമുള്ള നിങ്ങൾക്ക് ഈ വെള്ളമൊന്നും ചിലപ്പോൾ പിടിക്കത്തില്ലെന്നെ. അമ്മച്ചി ആവലാതി പറഞ്ഞു. " കൊച്ചു വാ ഞാൻ ചുക്കും കുരുമുളകും ഒക്കെ എടുത്തു തരാം, പനി കാപ്പിക്ക് വേണ്ട കൂട്ടെല്ലാം തന്നെ അമ്മച്ചി അവളുടെ കയ്യിലേക്ക് കൊടുത്തു.. " ആഹാരം ഒന്നും ഉണ്ടാക്കാൻ നിക്കണ്ട ഞാൻ ഇവിടുന്ന് കൊണ്ടുവന്നോളാം.. "

അതുവേണ്ട അമ്മച്ചി, ഇന്നലെയും ബുദ്ധിമുട്ടിച്ചു. "ഇതൊക്കെ ഒരു ബുദ്ധിമുട്ടാകുമോ. ഒരു ബുദ്ധിമുട്ടും ഇല്ല. ഇനിയിപ്പോൾ ഞാൻ കൊണ്ടുവന്ന് തരുന്നതാണ് ബുദ്ധിമുട്ടുണ്ടെങ്കിൽ അവിടെ കൊണ്ടുപോയി ഉണ്ടാക്കിയാൽ മതി. പെട്ടെന്ന് തന്നെ അമ്മച്ചി ഒരു പാത്രത്തിലേക്ക് ദോശമാവ് ഒഴിച്ചു. അതിനുശേഷം കുറച്ച് ചമ്മന്തിയും മറ്റൊരു പാത്രത്തിലാക്കി അവളുടെ കൈകളിലേക്ക് വെച്ചുകൊടുത്തു.. " ഭിത്തിയലമാരിയിൽ ദോശക്കല്ല് ഇരിപ്പുണ്ട്. ഞാൻ ഇതിനകത്ത് എണ്ണയും വെച്ചിട്ടുണ്ട്. ദോശ ചുട്ടു കഴിക്ക്. ഉച്ചയ്ക്ക് കഞ്ഞി കൊടുത്താൽ മതി. ഇല്ലെങ്കിൽ പനി കൂടും. കഞ്ഞിയ്ക്കുള്ള സാധനങ്ങൾ എല്ലാം അലമാരിക്കാത്ത് തന്നെയുണ്ട്. അമ്മച്ചി പറഞ്ഞപ്പോൾ അവൾ തലയാട്ടിയിരുന്നു. അകത്തേക്ക് ചെന്ന് നോക്കിയപ്പോഴും അവൻ ഉണർന്നിട്ടില്ല. ഇടയ്ക്കിടയ്ക്ക് അവന്റെ നെറ്റിയിൽ വിക്സിട്ടു കൊടുത്തു മൂക്കിൽ വിക്സു തേച്ചുമൊക്കെ പനിയെ ഒന്ന് അകറ്റി നിർത്താൻ അവൾ ഒരു വിഫലശ്രമം നടത്തിയിരുന്നു. ഇതിനിടയിൽ ദോശ ഉണ്ടാക്കി അവന്റെ അരികിലേക്ക് വന്നു.

അപ്പോഴും അവന്റെയൊരു ഞരക്കം മാത്രമേ കേൾക്കാനുള്ളൂ. ഒടുവിൽ അവൾ തന്നെ അവനെ വിളിച്ചു. ക്ഷീണത്തോടെ അവൻ കണ്ണുകൾ വലിച്ചു തുറന്നു. ജനലിലൂടെ മുറിയിലേക്ക് കയറിയ വെളിച്ചം കണ്ട് നന്ദേ പുലർന്നിട്ടുണ്ട് എന്ന് അവന് തോന്നി. ആ സമയത്ത് അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു. "സമയം ഒരുപാട് ആയോ... "സമയം ഒരു എട്ട് എട്ടര ആയി, " അയ്യോ അവൻ അമ്പരപ്പോടെ അവളുടെ മുഖത്തേക്ക് നോക്കി. "അപ്പോൾ അടിവാരം..? " അടിവാരം ഒന്നും ഇനി നടക്കില്ല.. വൈകുന്നേരം സാറിന് ശരീരം ആകുമെങ്കിൽ പോയി നോക്കാം. ആദ്യം പോയി മുഖമൊക്കെ കഴുകി വാ, എന്നിട്ട് വല്ല ഭക്ഷണം കഴിക്കാൻ നോക്ക്. ഇല്ലെങ്കിൽ ഈ ക്ഷീണം മാറില്ല. " എനിക്കൊന്നും കഴിക്കാൻ തോന്നുന്നില്ല ശ്രുതി. കിടക്കാൻ മാത്രം തോന്നുന്നത്. " അങ്ങനെ തോന്നും. പക്ഷേ നമ്മൾ അങ്ങനെയങ്ങ് കിടക്കാൻ പാടില്ല. അങ്ങനെയാണെങ്കിൽ പിന്നെ ക്ഷീണം മാറില്ല. ഞാൻ ദേ പുറകുവശത്തെ കല്ലിൽ പല്ല് തേക്കാൻ ഉള്ളതെല്ലാം എടുത്തു വച്ചിട്ടുണ്ട്. അവൾ തന്നെ അവനെ നിർബന്ധിച്ച് എഴുന്നേൽപ്പിച്ചു പിന്നാമ്പുറത്തേക്ക് കൊണ്ടുപോയി.

അവിടെ വെച്ചിരുന്ന ഉമ്മിക്കരിയും മറ്റും അവന്റെ കൈയിലേക്ക് കൊടുത്തു. പല്ല് തേച്ച് മുഖം ഒക്കെ കഴുകിയപ്പോൾ അവന് അല്പം ആശ്വാസം തോന്നിയിരുന്നു. അതുകഴിഞ്ഞ് നിർബന്ധിച്ച് അവനെക്കൊണ്ട് രണ്ടു ദോശയും അവൾ കഴിപ്പിച്ചു. ദോശ കഴിച്ച പുറകെ തന്നെ അവന് ചുക്കുകാപ്പിയുമായി അവൾ എത്തി. അത് കുടിച്ചപ്പോൾ അവനും അല്പം ആശ്വാസം തോന്നിയിരുന്നു. കിടക്കാൻ ആയി എഴുന്നേറ്റപ്പോഴേക്കും അവൾ എത്തുന്നു അടുത്ത പണിയുമായി. നോക്കിയപ്പോൾ ഒരു പുട്ടുകുടത്തിൽ ആവി പറക്കുന്നുണ്ട്. അത് പേപ്പറിട്ട് മേശയിലേക്ക് വച്ചിട്ട് അവനെ വിളിച്ചവൾ. " നന്നായി ഒന്ന് ആവി പിടിച്ചാൽ അപ്പൊൾ തന്നെ പകുതി പനി കുറയും... മറുപടിക്ക് കാത്തുനിൽക്കാതെ അവന്റെ മുറിയിലേക്ക് കയറി ബെഡ്ഷീറ്റ് എടുത്ത് അവന് നേരെ നീട്ടി. ഒന്ന് രണ്ട് വട്ടം അവനെ കൊണ്ട് നിർബന്ധിച്ച് ആവി പിടിപ്പിച്ചു.

മൂന്നാല് വട്ടം അങ്ങനെ ചെയ്തപ്പോൾ തന്നെ ശരീരത്തിൽ ചെറിയ തോതിൽ വിയർപ്പ് നിറയുന്നത് അവൻ അറിഞ്ഞിരുന്നു. വിയർപ്പ് നിറഞ്ഞ അവന്റെ മുഖം അവൾ തന്നെയാണ് തോർത്താൽ തുടച്ചു കൊടുത്തത്. " ഇനി ഉച്ചയ്ക്ക് പിടിയ്ക്കാം. ഇങ്ങനെ കുറച്ച് സമയം ഇടവിട്ട് പിടിക്കുമ്പോൾ പനി നന്നായിട്ട് കുറയും. അത്രയും പറഞ്ഞ് അടുക്കളയിലേക്ക് തിരികെ പോകാൻ തുടങ്ങുന്നവളുടെ കയ്യിൽ അവൻ ഒന്ന് പിടിച്ചു. ക്ഷീണത്താൽ തളർന്നുപോയ ആ കണ്ണുകളിൽ അവളുടെ നോട്ടം എത്തി. തന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കുകയാണ്. " എന്തിനാ എനിക്ക് ഇങ്ങനെയൊക്കെ പരിഗണന തരുന്നത്...? ഇതുവരെ എനിക്കൊരു പനി വരുമ്പോൾ അമ്മ പോലും ഇങ്ങനെ ഒന്നും ചെയ്തിട്ടില്ല, സന്തോഷവും വിഷമവും ഒക്കെ ഇടകലർന്ന ഒരു മറുപടി. " അത് സാറിനോടുള്ള പ്രത്യേക ഇഷ്ടം കൊണ്ടല്ല, എന്റെ ഒപ്പം ഇത്രയും സമയം ഉണ്ടായിരുന്ന ഒരാൾക്ക് ഇങ്ങനെയൊരു അസുഖം വന്നപ്പോൾ കൂടെയുണ്ടായിരുന്ന ഒരാൾ ചെയ്യുന്ന കാര്യം അത് മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ.

അതിപ്പോൾ സാറിന്റെ സ്ഥാനത്ത് ആരാണെങ്കിലും ഞാൻ ഇങ്ങനെയൊക്കെ തന്നെ ചെയ്യും. "ആണോ...? അവൻ ഒരിക്കൽ കൂടി അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു. " അതെ..! ഉറപ്പോടെ അവൾ മറുപടി പറഞ്ഞു, " എന്റെ സ്ഥാനത്ത് മറ്റ് ആരെങ്കിലും ആയിരുന്നെങ്കിൽ ഈ മുഖത്ത് ഇത്രയും ആധി ഉണ്ടാകുമായിരുന്നോ...? അവന്റെ ആ ചോദ്യത്തിൽ അവൾ ഒന്ന് പതറി പോയിരുന്നു. "അ... അത്.... അത് പിന്നെ.. വാക്കുകൾക്ക് വേണ്ടി അവൾ പരതി. " ഉറക്കത്തിനിടയിലും ഞാൻ അറിയുന്നുണ്ടായിരുന്നു എന്റെ നെഞ്ചിലും കഴുത്തിലും ഒക്കെയായി തലോടി പോകുന്ന ഈ കരങ്ങളുടെ സ്പർശം. ശ്രദ്ധയോടെ ഇടയ്ക്കിടെ നെറ്റിയിൽ തൊട്ട് ഉഴിയുന്ന ഈ തണുത്ത കൈവിരലുകളുടെ സാന്നിധ്യം. അകലുന്തോറും എന്നിലേക്ക് അടുത്ത് വരികയാണ് താൻ.

ശരീരത്തിനെ തളർത്തുന്ന ഈ പനിചൂടിലും തന്റെ സാന്നിധ്യം നൽകുന്ന കുളിര് ചെറുതല്ലെനിക്ക്. അവളുടെ രണ്ട് ചുമലുകളിലും കൈവച്ചാണ് അവൻ അത് പറഞ്ഞത്. " എനിക്ക് മനസ്സിലാകുന്നില്ല സാറിനെ... ഇന്നലെ രാത്രി ഞാൻ തീരുമാനിച്ചതാണ് ഇനി ഒരിക്കലും സാറിനോട് എന്റെ മനസ്സ് തുറന്ന് സംസാരിക്കില്ലന്ന്. സാറിന് അത് ബുദ്ധിമുട്ടാണെന്ന് തോന്നിയതുകൊണ്ട് മാത്രം. പക്ഷേ.... എല്ലാം ഞാൻ മറക്കാൻ ശ്രമിക്കുമ്പോൾ..... സാർ വീണ്ടും.... അവൾ ഒന്ന് നിർത്തി.... പിന്നെ ഒന്ന് തേങ്ങി... ആ ഹൃദയം അറിഞ്ഞെന്ന പോലെ അവന്റെ കരങ്ങൾ അവളുടെ മുഖത്തെ കോരിയെടുത്തു...

" അങ്ങനെ മറക്കാൻ തനിക്ക് കഴിയുമോ...? ഈ ഉള്ളിൽ മുഴുവൻ എന്റെ മുഖമല്ലേ...? അവന്റെ ആ ചോദ്യത്തിനു മുൻപിൽ അവളുടെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു. ആ കാഴ്ച അവന്റെ ഹൃദയത്തെ വേദനയിലാഴ്ത്തി, തുളുമ്പി തുടങ്ങിയ മിഴികളെ അതിനനുവദിക്കാതെ അവന്റെ വിരലുകൾ തുടച്ചുനീക്കി. "ഇത്രമേൽ എന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല...! ഈ കരുതലും സ്നേഹവുമൊക്കെ എന്നും കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് ഞാനും ആഗ്രഹിച്ചു പോവാ ശ്രുതി. അവളുടെ കവിളിൽ തലോടി അവൻ പറഞ്ഞു. ഒരു ഏങ്ങലോട് അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു, അവളെ അകറ്റി നിർത്താതെ സ്വയമറന്നവനും അവളെ പുണർന്നു പോയിരുന്നു......കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story