നിളയോഴുകും പോൽ 💙: ഭാഗം 41

nilayozhukumpol

രചന: റിനു

"അപ്പോൾ ഞാൻ കാര്യമായിട്ട് എന്തെങ്കിലും പറഞ്ഞാൽ ഈ മുഖത്ത് നാണത്തിന്റെ സൂര്യൻ ഉദിക്കുമല്ലോ.... കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞപ്പോൾ മുഖമുയർത്തി അറിയാതെ അവന്റെ മുഖത്തേക്ക് അവളും നോക്കി പോയിരുന്നു.. ചെറുചിരിയോടെ ഒരു കണ്ണ് ഇറുക്കി കാണിച്ച് കീഴ്ചൂണ്ട് ഒന്ന് കടിച്ച് ഭംഗിയായി ചിരിച്ചിരുന്നു അവൻ. അവൾ ആ ചിരിയുടെ മാസ്മരികതയിൽ മതി മറന്നു പോയി. " സാർ വേഗം കഴിച്ചിട്ട് ആവി പിടിക്കാൻ നോക്ക്... അതും പറഞ്ഞ് അവൾ അടുക്കളയിലേക്ക് പോയിരുന്നു, അവൻ കഴിച്ചു കഴിഞ്ഞതേ പുട്ടുകുടവുമായി വന്നവൾ അവന് അരികിലായി അത് വച്ചു.. " നന്നായിട്ട് ഒന്നുകൂടി ആവി പിടിച്ചേ, പനി നന്നായിട്ട് വിട്ടോളും. അതും പറഞ്ഞു തിരികെ നടക്കാൻ തുടങ്ങിയവളുടെ കയ്യിൽ അവൻ തന്നെയാണ് പിടുത്തമിട്ടത്... "അങ്ങനെയങ് പോയാലോ....

ഒറ്റയ്ക്ക് ആവി പിടിക്കാൻ ഒരു സുഖമില്ല. നമുക്ക് രണ്ടുപേർക്കും കൂടെ പിടിച്ചാലോ...? തനിക്ക് പനി വരാനുള്ള എന്തെങ്കിലും ചാൻസ് ഉണ്ടെങ്കിൽ അതങ്ങ് പോവുകയും ചെയ്യും.. ഒരു കുസൃതിയോടെ അവൻ പറഞ്ഞപ്പോൾ മനസ്സിലാവാത്തത് പോലെ അവളവന്റെ മുഖത്തേക്ക് നോക്കി, അവൾക്ക് പരിചിതമല്ലാത്ത ഒരു മുഖഭാവം ആയിരുന്നു ആ നിമിഷം അവന്, തനിക്ക് ഇതുവരെ പരിചയമില്ലാത്ത ഒരു സഞ്ചയ് ആണ് മുൻപിൽ ഇരിക്കുന്നത് എന്നത് പോലെയാണ് അവൾക്ക് തോന്നിയത്. " കളി പറയാതെ ആവി പിടിക്കാൻ നോക്ക് സാറേ, വീണ്ടും തിരികെ പോയവളെ അവൻ ബലമായി തന്നെ പിടിച്ച് അടുത്തുള്ള കസേരയിലേക്ക് ഇരുത്തിയിരുന്നു. അതിനുശേഷം ബെഡ്റൂമിൽ പോയി ഒരു ബെഡ്ഷീറ്റ് എടുത്തു കൊണ്ടുവന്നു. അവളെ കൂടി മൂടിയാണ് ആവി പിടിച്ചത്. പനിക്കൂർക്കയുടെയും തുളസിയിലയുടെയും ഒക്കെ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറിയ നിമിഷവും ആ പുതപ്പിനുള്ളിൽ രണ്ടുപേരും കണ്ണിമ ചിമ്മാതെ നോക്കി ഇരുന്നു പോയിരുന്നു.

ആ പുതപ്പിനുള്ളിൽ രണ്ടുപേരും വിയർത്തത് പനി ചൂടിന്റെ തീക്ഷ്ണതയിൽ ആയിരുന്നില്ല. മറിച്ച് ഉള്ളിൽ തിളച്ചു മറിഞ്ഞ പ്രണയത്തിന്റെ ലാവ ഉരുകി തുടങ്ങിയത് കൊണ്ടായിരുന്നു. അവൻ തന്നെ പുതപ്പ് മാറ്റി കൊടുത്തപ്പോഴും അവളിൽ അമ്പരപ്പായിരുന്നു. ഞെട്ടലോടെ അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നവളെ നോക്കി അവൻ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു.. പിന്നെ മീശ ഒന്ന് പിരിച്ച് അവളുടെ മുഖത്തിന് അരികിലായി വന്നു... "എന്തുപറ്റി..? ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്ന ആൾക്ക് ഇന്നൊന്നും പറയാനില്ലേ...? " എനിക്ക് മനസ്സിലാവുന്നില്ല ഒന്നും. സാർ ഇങ്ങനെയൊക്കെ.... ഇത് സ്വപ്നമാണെന്നൊന്ന് പോലും.... എനിക്ക് ഇതുവരെ.... ഞാൻ..... " ഒന്നും മനസ്സിലാകുന്നില്ലന്ന് ആയിരുന്നില്ലേ പരാതി..? ഇപ്പോൾ മനസ്സിലാക്കിയപ്പോൾ വിശ്വസിക്കാൻ വയ്യാ, അവളുടെ മുഖത്തേക്ക് നോക്കി അവൻ ചിരിയോടെ പറഞ്ഞു. അവൾ ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷം അവന്റെ മീശ രോമങ്ങൾ അവളുടെ കവിളിൽ ഒന്ന് ഉരസി. തന്റെ കവിളിലെ രോമങ്ങൾ കൊണ്ട് അവളുടെ കവിളിൽ നന്നായി അവൻ ഉരസിരുന്നു. "

സ്വപ്നം അല്ലെന്ന് ഇപ്പോൾ മനസ്സിലായില്ലേ...? ഏറെ പ്രണയത്തോടെ അവളുടെ കാതോരം അവൻ ചോദിച്ചു. " ഇനി എനിക്ക് വയ്യഡോ ഇങ്ങനെ ഉള്ളിൽ ഒളിപ്പിച്ചു നടക്കാൻ, എന്റെ ഹൃദയത്തോട് ചേർത്ത് ഞാൻ ഈ ഒരാളെ മാത്രെ സ്നേഹിച്ചിട്ടുള്ളൂ, ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വരും, അത് മാത്രെ എനിക്ക് പറയാനുള്ളൂ.. പിന്നെ എടുത്ത തീരുമാനം തെറ്റായിരുന്നു എന്ന് എപ്പോഴെങ്കിലും തോന്നിയാൽ തനിക്ക് പൂർണമായിട്ടും ആ തീരുമാനത്തിൽ നിന്നും പിന്മാറാനുള്ള എല്ലാ അവകാശങ്ങളും ഉണ്ട്. അതിന്റെ പേരിൽ ഞാൻ ഒരിക്കലും തന്നെ കുറ്റപ്പെടുത്താൻ വരില്ല..! പക്ഷേ ഒപ്പം ഉള്ള നിമിഷങ്ങളിൽ അത്രയും ഈ സ്നേഹം, അത് നഷ്ടപ്പെടുത്താൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.. ഒരു കയ്യാലെ അവളുടെ കവിളിൽ തലോടി അവനത് പറഞ്ഞപ്പോൾ മിഴിനീരോടെ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു, " ഒരിക്കലും ഈ തീരുമാനം തെറ്റായിരുന്നു എന്ന് എനിക്ക് തോന്നില്ല... ഞാനായിട്ട് ഒരിക്കലും ഉപേക്ഷിച്ചു പോവുകയുമില്ല, എന്നെ ഉപേക്ഷിക്കാതിരുന്നാൽ മതി..

എന്നും ഇങ്ങനെ ഈ നെഞ്ചിൽ ചേർന്ന്, അത്രയേ ഉള്ളൂ ആഗ്രഹം... അതിനപ്പുറം മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല.... "'എന്നും ഉണ്ടാകുമോന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല ശ്രുതി അതിനു മറുപടി പറയാൻ. പക്ഷേ ഒന്ന് പറയാം ഈ ജീവൻ ഈ ശരീരത്തിൽ നിന്നും പോകുന്നത് വരെ എന്റെ മനസ്സിലും ജീവിതത്തിലും മറ്റൊരാളും ഉണ്ടാവില്ല....! സ്നേഹവും പ്രണയവും ഒന്നും അങ്ങനെ എല്ലാവരോടും നമുക്ക് തോന്നില്ലല്ലോ, നമ്മുടെ ആൾ അടുത്ത് വരുമ്പോൾ മാത്രം നമ്മുടെ ഹൃദയം അവർക്ക് വേണ്ടി തുടിക്കും.. തന്നെ ആദ്യം കണ്ട നിമിഷം മുതൽ എന്റെ ഹൃദയത്തിൽ ആ ഒരു തുടിപ്പ് ഉണ്ടായിരുന്നു... കാലിലെ പെരുവിരലിൽ ഊന്നി അവൾ അവന്റെ തിരുനെറ്റിയിൽ ഒരു ചുംബനം നൽകിയിരുന്നു.. ഒരു നിമിഷം സഞ്ചയ്യും മരവിച്ചു പോയിരുന്നു.. അവളിൽ നിന്നും അങ്ങനെയൊരു പ്രവർത്തി ആ നിമിഷം അവൻ പ്രതീക്ഷിച്ചിരുന്നില്ല, അവന്റെ മുഖം കൈയിൽ എടുത്ത് ഏറെ പ്രണയത്തോടെ ആ രണ്ട് കവിളുകളിലും അവൾ ഓരോ ചുംബനങ്ങൾ നൽകി. തടയണമെന്ന് അന്തരംഗം മന്ത്രിക്കുന്നുണ്ടെങ്കിലും വികാരം വിവേകത്തേ കീഴടക്കുന്നത് അവൻ അറിഞ്ഞു.. അത്രത്തോളം അവളുടെ സാന്നിധ്യം അവനു ആഗ്രഹിക്കുന്നുണ്ടായിരുന്നു.

. " കൊച്ചേ... അകത്തേക്ക് അവരെയും വിളിച്ചുകൊണ്ടുവന്ന അമ്മച്ചി കാണുന്നത് പരസ്പരം പുണർന്നു നിൽക്കുന്ന രണ്ടുപേരെയും ആണ്... ആ നിമിഷം അമ്മച്ചി മുഖം മാറ്റി, അമ്മച്ചിയെ കണ്ടതും രണ്ടുപേരും കാറ്റുപോലെ അകന്നു മാറി... "പ... പനി എങ്ങനെയുണ്ടെന്ന് അറിയാൻ വേണ്ടി വന്നത് ആണ്, ഞാൻ കുറച്ചു കഴിഞ്ഞു വരാം..... അവരുടെ മുഖത്തേക്ക് നോക്കാതെ ചമ്മലോടെ അമ്മച്ചി പറഞ്ഞു. അവരുടെ നിൽപ്പും പമ്മലുമൊക്കെ കണ്ടപ്പോൾ സഞ്ജയ്ക്ക് ചിരിയാണ് വന്നത്. " അമ്മച്ചി കേറി പോരേ ചിരിയോടെ അവൻ പറഞ്ഞു. ആ നിമിഷമാണ് അവരും മുഖമുയർത്തി രണ്ടുപേരെയും നോക്കിയത്. ഒരു നിമിഷം ശ്രുതിക്ക് അവരെ അഭിമുഖീകരിക്കാൻ മടി തോന്നിയിരുന്നു. തങ്ങളെക്കാൾ നാണമാണ് അമ്മച്ചിയുടെ മുഖത്ത് എന്ന് കണ്ട് സഞ്ജയ്ക്ക് ചിരിയാണ് വന്നത്..

"അതിയാൻ രാവിലെ തൊട്ടേ പറയുവാ പനി എങ്ങനെ ഉണ്ടെന്ന് ഒന്ന് ചോദിക്കാനെന്ന്. ഞാൻ രണ്ടുമൂന്നു വട്ടം വന്നപ്പോൾ നിങ്ങളുടെ അനക്കം ഒന്നും കേട്ടില്ല. ഉറങ്ങുക ആയിരിക്കുന്ന കരുതിയാ ഞാൻ തിരിച്ചു പോയത്. ഒരു ക്ഷമാപണം പോലെ അമ്മച്ചി പറഞ്ഞു.. "പനി കുറവുണ്ട് അമ്മച്ചി... സഞ്ജയ് ആണ് മറുപടി പറഞ്ഞത്.. "നന്നായി..!അതിയാൻ അടിവാരത്ത് പോയിരിക്കുക ആണ്. ഫോൺ ശരിയാക്കാൻ വേണ്ടി പോയതാണ്. അപ്പോൾ പറഞ്ഞത് ഒരു മെക്കാനിക്കിനെയും കൂടി വിളിച്ചോണ്ട് വരാമെന്ന് ആണ്. മോന് വയ്യാതിരിക്കുവല്ലേ, ഇനിയിപ്പോൾ അടിവാരത്തേക്ക് പോയ വീണ്ടും ശരീരത്തിന് ക്ഷീണം ആകും.. വരുമ്പോൾ ഒരു മെക്കാനിക്കിനെയും കൂട്ടിക്കൊണ്ട് വരും, അപ്പോൾ കുഞ്ഞുകൂടി അങ്ങോട്ടൊന്നു പോയി വണ്ടി ഒന്ന് തുറന്നു കൊടുത്താൽ മതി.. അത് പറയാൻ വേണ്ടിയാണ് ഞാൻ വന്നത്, എങ്കിൽ പിന്നെ നിങ്ങൾ വല്ലോം പറഞ്ഞു ഇരിക്ക്. ഞാൻ ചെല്ലട്ടെ നാണത്തിൽ ചാലിച്ച ചിരിയോടെ അമ്മച്ചി തിരികെ പോയിരുന്നു...

" അതേതായാലും ഭാഗ്യയായി, അല്ലെങ്കിൽ ഞാൻ ഇനി അടിവാരത്ത് പോയി വരുമ്പോഴേക്കും ഒരു പരുവമായേനെ . അവളുടെ മുഖത്തേക്ക് നോക്കി സഞ്ജയ് പറഞ്ഞു. എന്നാൽ അവളുടെ മുഖത്ത് അത്ര തെളിച്ചമില്ലെന്ന് അവന് തോന്നിയിരുന്നു.. " എന്തു പറ്റിയെടോ..? അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു. " എനിക്ക് ഇവിടുന്ന് പോകണ്ടേ സർ, " താൻ എന്തൊക്കെയാ ഈ പറയുന്നത്.. "ഇവിടുന്ന് പോയാൽ വീണ്ടും നമുക്കിടയിലേക്ക് പല മതിൽക്കെട്ടുകളും വരില്ലേ..? അവിടെ സാറിന്റെ അരികിലേക്ക് എന്നെ അടുക്കാൻ സമ്മതിക്കാത്ത എന്തൊക്കെയോ പ്രശ്നങ്ങൾ ഇല്ലേ..? സാർ വീണ്ടും പഴയതുപോലെ എന്നോടകലം കാണിക്കുകയാണെങ്കിൽ എനിക്കത് ചിന്തിക്കാൻ പോലും പറ്റുന്നില്ല...ഇനി എന്റെ സ്നേഹം വേണ്ടന്ന് വയ്ക്കുമൊ...? അവന്റെ കൈയ്യ് എടുത്തു നെഞ്ചോട് ചേർത്ത് ചോദിച്ചവൾ.. ചോദ്യത്തിനൊപ്പം അവൾ പെട്ടെന്ന് കരഞ്ഞു പോയിരുന്നു. ഒരു കൊച്ചു കുട്ടിയെ പോലെ നിഷ്കളങ്കമായി കരയുന്നവളെത്തന്നെ അവൻ സൂക്ഷിച്ചു നോക്കി നിന്നു......കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story