നിളയോഴുകും പോൽ 💙: ഭാഗം 42

nilayozhukumpol

രചന: റിനു

ഇനി എന്റെ സ്നേഹം വേണ്ടന്ന് വയ്ക്കുമൊ...? അവന്റെ കൈയ്യ് എടുത്തു നെഞ്ചോട് ചേർത്ത് ചോദിച്ചവൾ.. ചോദ്യത്തിനൊപ്പം അവൾ പെട്ടെന്ന് കരഞ്ഞു പോയിരുന്നു. ഒരു കൊച്ചു കുട്ടിയെ പോലെ നിഷ്കളങ്കമായി കരയുന്നവളെത്തന്നെ അവൻ സൂക്ഷിച്ചു നോക്കി നിന്നു.. " ശ്രുതി താൻ ഇങ്ങനെ കാര്യങ്ങൾ ഇമോഷണൽ ആയിട്ട് കണ്ടാൽ എങ്ങനെയാണ് ശരിയാവുന്നത്. ഞാൻ പറഞ്ഞില്ലേ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവും അതൊക്കെ ഇനി ഫേസ് ചെയ്തേ പറ്റൂ, തനിക്ക് എന്നെ ഒട്ടും വിശ്വാസമില്ല അല്ലേ..? " വിശ്വാസക്കുറവ് കൊണ്ടല്ലേ സർ...! പലവട്ടം സാറിങ്ങനെ എനിക്ക് പ്രതീക്ഷ നൽകുന്നത് പോലെ ഇടപെട്ടിട്ടുണ്ട്, തൊട്ടടുത്ത നിമിഷം ഒന്നും അറിയാത്തതു പോലെ... അതൊക്കെ ഓർക്കുമ്പോൾ എനിക്ക് പേടി വരും.. " അന്നൊന്നും ഞാൻ ശ്രുതിയോട് എനിക്ക് തന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടായിരുന്നില്ലല്ലോ... താൻ പേടിക്കണ്ട, താൻ ഭയക്കുന്നത് പോലെയുള്ള ഒന്നും സംഭവിക്കില്ല, പക്ഷേ തനിക്കൊരു കുടുംബമുണ്ട് തന്നെ മാത്രം ആശ്രയിച്ച് കഴിയുന്ന കുറച്ചു പേരുണ്ട്. അവരെയൊക്കെ തനിക്ക് വിഷമിപ്പിക്കേണ്ടി വന്നാൽ അവരാരും തന്റെ തീരുമാനത്തിന് ഒപ്പം നിന്നില്ലെങ്കിൽ ശ്രുതി എന്ത് ചെയ്യും...?

അവരുടെ സ്നേഹത്തിലും വലുതായിരിക്കില്ല സുധിയ്ക്ക് എന്നോടുള്ള സ്നേഹം. അതെനിക്ക് ഉറപ്പാണ്, അങ്ങനെയൊന്നും വരില്ല സർ അവർക്ക് എന്നെ മനസ്സിലാവും. എന്റെ മനസ്സ് മനസ്സിലാകും. ശ്രുതി ശ്രുതിക്കൊന്നും അറിയില്ല. അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. ഒന്നും പറയാൻ താൻ സമ്മതിക്കുന്നുമില്ല.. എല്ലാ കാര്യങ്ങളും അറിയുമ്പോൾ ചിലപ്പോൾ തനിക്ക് മനസ്സിലാവും തന്റെ വീട്ടുകാര് തന്റെ കൂടെ നിൽക്കില്ലന്ന്. വീട്ടുകാരെന്നല്ല താൻ പോലും ചിലപ്പോൾ നിൽക്കില്ല. പ്രധാന കാരണം അതാണ്.. പിന്നെ എന്റെ പ്രായം. ഞാൻ ശ്രുതിയെക്കാൾ ഒരുപാട് മുതിർന്ന ഒരാളാണ്. നാളെ ഒരു പ്രശ്നം വന്നാൽ ശ്രുതിയോട് ആയിരിക്കില്ല എന്നോട് മാത്രമേ ആളുകൾ ചോദിക്കൂ.. ഇത്രയും പക്വതയുള്ള നിനക്ക് ഒന്ന് ചിന്തിച്ചു കൂടായിരുന്നോ എന്ന്. " അങ്ങനെയൊന്നും ചിന്തിക്കണ്ട, സാറ് പറഞ്ഞത് ശരിയാണ്. "എനിക്കൊന്നും അറിയേണ്ട... പക്ഷേ എല്ലാം അറിയുമ്പോൾ ഞാനായി സാറിൽ നിന്ന് അകലും എന്ന് സാർ വിശ്വസിക്കുന്നുണ്ടെങ്കിൽ അതിന് അർത്ഥം എന്റെ സ്നേഹത്തിൽ സാറിന് വിശ്വാസമില്ലെന്നല്ലേ..?

"അതല്ല, അറിയാനുള്ള കാര്യങ്ങൾ ഒന്നും അത്ര സുഖകരം ആയിട്ടുള്ളതല്ല ശ്രുതി.. അതുകൊണ്ടാ അറിയാൻ പോകുന്നത് , "എന്ത് ആറ്റംബോംബിന്റെ കാര്യമാണെങ്കിലും എനിക്കത് വിഷയമല്ല. സാറിന്റെ നാവിൽ നിന്ന് എനിക്കത് കേൾക്കുകയും വേണ്ട. അറിയാൻ പോകുന്ന എന്ത് കാര്യമാണെങ്കിലും അതെനിക്ക് വിഷയമല്ല. സാറ് മാത്രമാണ് എന്റെ വിഷയം. " എങ്കിൽ തനിക്കൊരു ഉറപ്പു ഞാൻ തരാം, എന്റെ ഭാഗത്തു നിന്നും ഇനി ഒരിക്കലും താൻ ഭയക്കുന്നത് പോലെയുള്ള ഒരു അവസ്ഥ ഉണ്ടാവില്ല. താൻ വേണ്ടെന്ന് പറയാതെ തന്റെ ജീവിതത്തിൽ നിന്നും ഞാൻ പോകില്ല പോരെ, അവളുടെ ഇരുചുമലകളിലും പിടിച്ച് തലമുടിയിഴകളിൽ തലമുടി കൊണ്ട് ഒരു ഉറപ്പ് നൽകിയവൻ. സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ അവന്റെ നെഞ്ചിലേക്ക് അവൾ ചാരി. " ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും അതെന്താണെന്ന് തനിക്ക് അറിയണ്ടേ ..? ഞാൻ അതൊന്നു പറയട്ടെ ശ്രുതി.. എന്റെ മനസ്സിന് അയവ് കിട്ടാൻ വേണ്ടി.. എന്നിട്ട് താൻ എന്ത് തീരുമാനം വേണമെങ്കിലും എടുത്തോളൂ..? "

എനിക്ക് കേൾക്കണ്ട സാർ, സന്തോഷമല്ലാത്ത മറ്റൊരു കാര്യങ്ങളും നമ്മളെ സംബന്ധിച്ച് എനിക്ക് കേൾക്കണ്ട... " എന്നെ സംബന്ധിച്ച ഒരു കാര്യങ്ങളും സന്തോഷം ഉള്ളതല്ല.. അങ്ങനെയൊന്ന് ഇനി എന്റെ ജീവിതത്തിൽ ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളാണ് ഇപ്പോൾ അവസാനിക്കാൻ പോകുന്നത്. "മക്കളെ പുറത്തുനിന്നും അപ്പച്ചന്റെ വിളി കേട്ടപ്പോൾ തന്നെ രണ്ടുപേരും പരസ്പരം അകന്നു മാറിയിരുന്നു. അതുകഴിഞ്ഞ് അവൻ പുറത്തേക്ക് ചെന്നിരുന്നു. അയാൾക്കൊപ്പം ഒരു മെക്കാനിക്ക് കൂടിയുണ്ടായിരുന്നു. അവൻ പെട്ടെന്ന് അകത്തു നിന്നും കാറിന്റെ ചാവിയെടുത്ത് ശ്രുതിയോട് യാത്ര പറഞ്ഞു അയാൾക്കൊപ്പം പോയിരുന്നു. കുറെയേറെ സമയം കഴിഞ്ഞാണ് സഞ്ജയ് തിരികെ വന്നത്. വണ്ടി ശരിയായി എന്ന് അവൻ പറഞ്ഞപ്പോഴും ഒരു ഉത്സാഹം ശ്രുതിക്ക് തോന്നിയിരുന്നില്ല. അവൻ പറഞ്ഞതു പോലെ ഇനിയങ്ങോട്ട് തങ്ങൾക്കിടയിൽ പ്രതിസന്ധികൾ നിറഞ്ഞ ജീവിതം ആയിരിക്കും. സന്തോഷ നിമിഷങ്ങൾ അവസാനിക്കാൻ പോവുകയാണ്. അതായിരുന്നു അവളുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്ന സംശയം.

അമ്മച്ചിയോടും അപ്പച്ചനോടും യാത്ര പറയുന്നതായിരുന്നു ഇരുവരെയും സംബന്ധിച്ച് ഏറ്റവും വേദന നിറഞ്ഞ നിമിഷം. കുറച്ചു മണിക്കൂറുകളുടെ പരിചയം മാത്രമേ ഉണ്ടായുള്ളൂ എങ്കിലും തങ്ങളുടെ ജീവിതത്തിന്റെ ആരൊക്കെയുമായി അവർ മാറിയതു പോലെ ഇരുവർക്കും തോന്നിയിരുന്നു. " ഇതുവഴി പോകുമ്പോൾ ഇടക്കൊക്കെ കേറണം... തോളിൽ കിടന്നിരുന്ന തോർത്തു കൊണ്ട് കണ്ണുനീർ ഒപ്പി കൊണ്ട് അമ്മച്ചി പറഞ്ഞു. " ഇതുവഴി പോകുമ്പോഴല്ല ഇവിടെ വരാൻ ആയിട്ട് ഞങ്ങൾ വരും.. മറുപടി പറഞ്ഞത് സഞ്ജയ് ആയിരുന്നു "ഇനി വരുമ്പോൾ ഒപ്പം ഒരു മോനോ മോളോ ഉണ്ടായിരിക്കണം, അമ്മച്ചിയുടെ ആ വാക്ക് കേട്ടതും ശ്രുതിയുടെ മുഖത്ത് നൂറ് സൂര്യചന്ദ്രന്മാർ ഒരുമിച്ച് ഉദിച്ച ഭാവം ആയിരുന്നു. അത് കണ്ടപ്പോൾ സഞ്ജയിലും അതുവരെ തനിക്ക് പരിചിതമല്ലാത്ത എന്തൊക്കെയോ വികാരങ്ങൾ ഉടലെടുത്തിരുന്നു... തിരികെ പോകുമ്പോൾ സ്റ്റീരിയോയിൽ നിന്നും ഉണർന്ന ആ ഗാനം രണ്ടുപേരുടെയും മിഴികളെ ഈറനണിയിക്കാൻ കെൽപ്പുള്ളതായിരുന്നു.... 🎶എത്ര വഴികൾ വഴിയമ്പലങ്ങളിൽ എത്രയോ രാവു കഴിഞ്ഞു ചിറകിൽ നിന്നെ ഞാൻ മൂടി കുളിരിരവിൽ കൂട്ടിരുന്നില്ലയോ വയന പൂക്കുവാൻ കാത്തു നിൽക്കാതെ തനിയെ പോകയായോ.🎶

നീണ്ട ഒരു യാത്ര തന്നെ ഇരുവർക്കും പോകാനുണ്ട്. ശ്രുതിയുടെ വീടിന് അരികിൽ എത്തിയപ്പോഴേക്കും രാത്രി നന്നേ ആയിരുന്നു. പടിക്കെട്ടുകൾക്കു മുകളിലുള്ള റോഡിൽ വണ്ടി നിർത്തിയപ്പോൾ വണ്ടിയിൽ നിന്ന് ഇറങ്ങാൻ അവളുടെ മനസ്സൊന്ന് മടിച്ചിരുന്നു.. അറിയാതെ കണ്ണുനീർ കവിളിലൂടെ ചാലിട്ട് ഒഴുകി. അത് കാണെ അവന്റെ ഹൃദയവും ഒന്ന് വേദനിച്ചു. " ശ്രുതി എന്തായിത് കൊച്ചുകുട്ടികളെ പോലെ...? അവളുടെ കൈകളിൽ തന്റെ കരങ്ങൾ വച്ചുകൊണ്ട് അവൻ ചോദിച്ചു... " എനിക്കറിയില്ല സർ എന്തോ വല്ലാത്തൊരു വിഷമം... അതേപോലെ ഉള്ളിന്റെ ഉള്ളിൽ വലിയ സന്തോഷമുണ്ട്, സാറെന്റെ ഇഷ്ടം തിരിച്ചറിയുമെന്നും അത് അംഗീകരിക്കുമെന്നും ഞാൻ കരുതിയിരുന്നില്ല... അതേപോലെ തന്നെ സാറിനെ പിരിയുന്ന ദുഃഖവും, " എവിടെ പിരിഞ്ഞു..? നാളെ താൻ ഓഫീസിലേക്ക് അല്ലെ വരുന്നത്, ഞാൻ അവിടെ തന്നെ ഉണ്ടല്ലോ... "തന്റെ ദുഃഖം എന്താണ് എന്നനിക്കറിയാം.ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ തീരുന്നതല്ല എനിക്ക് തന്നോട് ഉള്ള ഇഷ്ടം.

തനിക്ക് എന്നോടുള്ളതിനേക്കാൾ ഒരു നൂറിരട്ടി ഇഷ്ടം എനിക്ക് തന്നോട് കൂടുതലുണ്ട്. പലവട്ടവും അത് ഞാൻ തന്നോട് മനപ്പൂർവം പറയാതിരുന്നത് ആണ്. പറയാനുള്ള അർഹത ഇല്ലാത്തതു കൊണ്ട് മാത്രം. തന്റെ സാന്നിധ്യം ഒപ്പമുള്ളപ്പോൾ മാത്രം തോന്നുന്ന ഒരു ഇഷ്ടമല്ല, താൻ എന്നിൽ നിന്ന് എത്ര അകലെയാണെങ്കിലും ആ ഇഷ്ടത്തിന് ഒരു കോട്ടവും സംഭവിക്കില്ല. അത് കൂടുകയേ ഉള്ളൂ... സഞ്ജയ് തന്നെയാണോ ഈ സംസാരിക്കുന്നത് എന്ന് ഒരു അത്ഭുതം അവൾക്ക് ആ നിമിഷം തോന്നിയിരുന്നു.. തനിക്ക് പരിചിതമില്ലാത്ത ഒരു കാമുകന്റെ ഭാഷയിൽ സംസാരിക്കുന്നവനെ അവൾ കണ്ണിമ ചിമ്മാതെ നോക്കി... അവൻ കൈകൾ കൊണ്ട് അവളുടെ കവിളിൽ മെല്ലെ ഒന്ന് തട്ടി, ആശ്വസിപ്പിക്കുന്നത് പോലെ.. " ഇഷ്ടമുണ്ടായിട്ടല്ല ഞാനിപ്പോൾ തന്നെ വിടുന്നത് താനെന്നും എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്. വിവേകം വികാരത്തെ കീഴടക്കാത്തതുകൊണ്ട് മാത്രമാണ് ഞാൻ ഈ യാത്രയിൽ തന്നെ എന്റെ വീട്ടിലേക്ക് കൊണ്ടുപോകാത്തത്. എന്റെ പ്രശ്നങ്ങൾ ചെറുതായിരുന്നുവെങ്കിൽ ഇങ്ങനെയൊരു കൊണ്ടുവിടൽ ഉണ്ടാകുമായിരുന്നില്ല, ഇപ്പോൾത്തന്നെ എന്റെ കൂടെ കൂട്ടിയേനെ,

അത്രത്തോളം ഈ കൂട്ട് ഞാനും ആഗ്രഹിക്കുന്നുണ്ട്.. " ഇത്രയും പറഞ്ഞല്ലോ ഇതു മതി. ഇതു മാത്രം മതി...! എനിക്ക് സമാധാനത്തിന്, മറ്റൊന്നും വേണ്ട.. അവന്റെ തോളിലേക്ക് അവന്റെ അനുവാദം പോലും ചോദിക്കാതെ അവൾ ചാഞ്ഞിരുന്നു. തന്റെ കരങ്ങളാൽ അവൻ അവളുടെ മുടിയുടെ ആർദ്രമായി തലോടി "ഇറങ്ങ്, ഞാൻ കൊണ്ടുചെന്നാക്കാം "വേണ്ട സാർ, ഞാൻ പൊക്കോളാം... " ഈ രാത്രിയിലോ..? അങ്ങനെ ഞാൻ ഒറ്റയ്ക്ക് വിടൂമൊ..?ഞാൻ കൊണ്ടുചെന്ന് ആക്കാം, പിന്നെ രണ്ടു ദിവസത്തോളം ആയില്ലേ നമ്മൾ ഇവിടുന്ന് പോയിട്ട്. അമ്മയ്ക്കൊക്കെ നല്ല ടെൻഷൻ ഉണ്ടായിരിക്കും. ഞാൻ തന്നെ പറഞ്ഞു എല്ലാ കാര്യങ്ങളും സോൾവാക്കാം... അത്രയും പറഞ്ഞു വണ്ടി ലോക്ക് ചെയ്ത അവനും അവൾക്കൊപ്പം ഇറങ്ങിയിരുന്നു.. മൊബൈൽ ലൈറ്റിന്റെ വെട്ടത്തിൽ വീട്ടിലേക്ക് നടക്കുമ്പോൾ ഇരുവരും കൈകൾ പരസ്പരം കോർത്ത് പിടിച്ചിരുന്നു.. വാതിലിൽ തട്ടി മൂന്നാല് നിമിഷങ്ങൾക്ക് ശേഷമാണ് വാതിൽ തുറന്നത്. മുൻപിൽ ശ്രുതിയെയും സഞ്ജയയും ഒരുമിച്ച് കണ്ടപ്പോൾ അജിതയുടെ മുഖത്ത് ദേഷ്യം വിടർന്നത് രണ്ടുപേരും ശ്രദ്ധിച്ചിരുന്നു......കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story