നിളയോഴുകും പോൽ 💙: ഭാഗം 45

nilayozhukumpol

രചന: റിനു

 ഗൗരിയുടെ വെളിപ്പെടുത്തൽ ആ മുഖത്തും ഞെട്ടൽ സൃഷ്ടിച്ചിട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായി. ഏറെ കുറ്റബോധത്തോടെ തന്നെ നോക്കുന്ന അവന്റെ കണ്ണുകളിൽ നിന്നും ഗൗരി പറഞ്ഞത് സത്യമാണെന്ന് അവൾക്ക് മനസ്സിലായി ... കേട്ടത് വിശ്വസിക്കാനാവാതെ ജീവച്ചവം പോലെ നിൽക്കുകയായിരുന്നു ശ്രുതി. ഒരു നിമിഷം അവളുടെ മുഖഭാവം കണ്ട് അവൻ പോലും ഭയന്നു പോയിരുന്നു.. മൊട്ടുസൂചി വീണാൽ പോലും കേൾക്കാൻ പറ്റാത്ത ആ മൗനത്തെ ഭേദിച്ചുകൊണ്ട് അവളിൽ നിന്നും ഉയർന്നുവന്ന ശ്വാസഗതി മാത്രമാണ് അവൾക്ക് ജീവനുണ്ട് എന്ന് അവനു മനസ്സിലാക്കിക്കൊടുത്തത്. " എന്താടി ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായില്ലേ..? കുറച്ചുകൂടി അവളുടെ അരികിലേക്ക് നീങ്ങി നിന്നുകൊണ്ട് ഗൗരി ചോദിച്ചു.. അവർ പറഞ്ഞതൊന്നും അവൾ കേട്ടിരുന്നില്ല എന്നതാണ് സത്യം. " ഗൗരി............... അനിയന്ത്രിതമായി സഞ്ജയുടെ ശബ്ദം അവിടെ ഉയർന്നിരുന്നു, ഒരു നിമിഷം ഗൗരിയും ഭയന്നു പോയിരുന്നു. അത്രയും ദേഷ്യത്തോടെ തന്നെയായിരുന്നു അവന്റെ ശബ്ദം ഉയർന്നത്.

" എന്റെ പേഴ്സണൽ കാര്യങ്ങളിൽ ഇടപെടാൻ നിനക്ക് എന്താ അധികാരം...? " എനിക്കൊരു അധികാരമില്ലേ സഞ്ജു...? ഞാൻ സഞ്ജു വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി ആണ്, അപ്പൊൾ ഏതോ ഒരുത്തിയുടെ കൂടെ സഞ്ജു ഇങ്ങനെ നാട് ചുറ്റുന്നുവേന്നറിയുമ്പോൾ എനിക്ക് വിഷമം തോന്നില്ലേ.? ഗൗരി ചോദിച്ചു... " നിന്നെ കല്യാണം കഴിക്കാമെന്ന് ഞാൻ എപ്പോഴെങ്കിലും നിന്നോട് പറഞ്ഞിട്ടുണ്ടോ..? ഗൗരവത്തോടെ അവളുടെ മുഖത്തേക്ക് നോക്കി സഞ്ജയ് ചോദിച്ചു... ഒരു നിമിഷം ഗൗരിയൊന്ന് പതറി പോയിരുന്നു.. എങ്കിലും ആ പതർച്ച ഒട്ടും മുഖത്ത് വരുത്താതെയാണ് അവൾ സംസാരിച്ചത്. " പ്രത്യേകിച്ച് സഞ്ജയ് എന്തിനാ പറയുന്നത്, കുടുംബക്കാർ എല്ലാവരും കൂടി ഒരുമിച്ച് തീരുമാനച്ചു ഉറപ്പിച്ചതല്ലേ ഈ കാര്യം. " ആര് ഉറപ്പിച്ചു..? ആര് തീരുമാനിച്ചു. ഞാൻ ഇതുവരെ ആർക്കും ഒരു വാക്കും കൊടുത്തിട്ടില്ല, പിന്നെ നീ പലവട്ടം കല്യാണം എന്ന് പറഞ്ഞപ്പോഴും ഞാൻ നിന്നെ പിന്തിരിപ്പിച്ചിട്ടേ ഉള്ളൂ, എന്റെ മനസ്സിൽ നിന്നോട് അങ്ങനെ ഒരു ഇഷ്ടമില്ല.

അങ്ങനെ ഒരു തെറ്റിദ്ധാരണ നിന്‍റെ മനസ്സിൽ ഉണ്ടെങ്കിൽ നിർത്തിക്കോ...? ഇനി മേലാൽ ഞാൻ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണാണ് നീയെന്ന് ഒരിടത്തും പറയരുത്. എനിക്കത് ഇഷ്ടമല്ല... സഞ്ജയ് പറഞ്ഞപ്പോഴേക്കും പ്രഹരം ഏറ്റത് പോലെ ആയിരുന്നു ഗൗരി, എന്നാൽ തനിക്ക് ചുറ്റും നടക്കുന്ന വാഗ്വാദങ്ങൾ ഒന്നും തന്നെ ശ്രുതിയെ സ്വാധീനിക്കുന്ന പോലുമില്ലെന്ന് സഞ്ജയ്ക്കു തോന്നി, അവൾ മറ്റേതൊരു ഗ്രഹത്തിലാണ്. " ഗൗരി ഞാൻ വല്ലാത്തൊരു മാനസികാവസ്ഥയിലാണ് പ്ലീസ്.... ദേഷ്യത്തോടെ തലയിൽ കൈവച്ചുകൊണ്ട് അവൻ പറഞ്ഞ നിമിഷം ഇറങ്ങിപ്പോവുകയല്ലാതെ ഗൗരിക്ക് മുമ്പിൽ മറ്റൊരു മാർഗം ഉണ്ടായിരുന്നില്ല, ഇറങ്ങിപ്പോകുന്നതിനു മുൻപ് ശ്രുതിയെ ദഹിപ്പിക്കുന്നത് പോലെ ഒന്ന് നോക്കിയാണ് അവൾ ക്യാബിന് പുറത്തേക്ക് നടന്നത്. " ശ്രുതി..... സഞ്ജയ് വിളിച്ചപ്പോൾ ഒരു സ്വപ്നത്തിൽ എന്നത് പോലെ അവൾ ഉണർന്നു, പ്രേതത്തെ കണ്ടതുപോലെ സൂക്ഷിച്ച് അവനെ തന്നെ ഞെട്ടി നോക്കി. " നമുക്കൊന്ന് പുറത്തു പോയാലോ...?

അവൻ ചോദിച്ചപ്പോൾ യാന്ത്രികമായി അവൾ തലയാട്ടിയിരുന്നു, അവിടെക്കുള്ള യാത്രയിൽ രണ്ടുപേരും മൗനമായിരുന്നു. ബീച്ചിലേക്കാണ് സഞ്ജയ് പോയത്, വണ്ടി നിർത്തി അധികമാളുകൾ ആരുമില്ലാത്ത ഒരു ഓരത്തേക്ക് അവൻ മാറിനിന്നു...അവനെ അനുഗമിച്ചുകൊണ്ട് അവൾ പുറകെയും. " ഞാനന്ന് എല്ലാം പറയാം എന്ന് പറഞ്ഞതല്ലേ, ഒന്നും കേൾക്കാൻ മനസ്സ് കാണിക്കാതിരുന്നത് ശ്രുതിയല്ലേ....?അന്നെനിക്ക് പറയാനുള്ളതൊക്കെ ഒന്ന് കേട്ടിരുന്നെങ്കിൽ ഇപ്പോൾ പറഞ്ഞത് കേട്ട് തനിക്ക് ഇത്രയും ഞെട്ടണ്ടി വരുമായിരുന്നില്ല. പ്രക്ഷുബ്ധമായ കടലിനെ നോക്കി അവൻ പറഞ്ഞു. "സാറിന് പറയാനുള്ളത് ഒരിക്കലും ഇങ്ങനെ ഒരു കാര്യമായിരിക്കും ഞാൻ പ്രതീക്ഷിച്ചില്ല. സാറ് കല്യാണം കഴിച്ചിട്ടില്ലന്ന് ആണ് ഞാൻ വിചാരിച്ചത്. ഉള്ളിലെ അമ്പരപ്പ് മറയ്ക്കാതെ അവൾ പറഞ്ഞു.... " വിചാരിക്കുന്നത് പോലെയല്ലല്ലോ ശ്രുതി സത്യങ്ങൾ, താനൊക്കെ മനസ്സിലാക്കാൻ വേണ്ടിയാണ് ഞാൻ എല്ലാം പറയാം എന്ന് പറഞ്ഞത്, അന്ന് കേൾക്കാതിരുന്നതും താൻ തന്നെയാണ്.

എന്റെ ജീവിതമെന്നു പറയുന്നത് സന്തോഷവും സങ്കടങ്ങളും നിറഞ്ഞ ഒരു ജീവിതം ആയിരുന്നു, എനിക്ക് 10 വയസ്സുള്ളപ്പോഴാ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം സംഭവിക്കുന്നത്. എന്റെ അമ്മ മരണപ്പെടുന്നത്.. "സാറിന്റെ അമ്മ മരിച്ചെന്നൊ...? അപ്പൊൾ അന്ന് വീട്ടിൽ കണ്ട ആളോ... ശ്രുതി ചോദിച്ചു.. " അതെന്റെ അമ്മയാണ്, പക്ഷേ ഞാൻ ജനിച്ചത് അമ്മയുടെ വയറ്റിൽ അല്ലെന്ന് മാത്രം... എന്റെ അമ്മയ്ക്ക് ക്യാൻസർ ആയിരുന്നു, അമ്മയുടെ മരണശേഷം ഒരുപാട് കാലം അച്ഛൻ എന്നെ ഒറ്റയ്ക്ക് നോക്കി.. പിന്നീട് അച്ഛൻ അതിന് പറ്റാതെയായി, അത് കഴിഞ്ഞപ്പോഴാണ് അമ്മയെ വിവാഹം കഴിക്കുന്നത്. ബന്ധുക്കൾ ഒക്കെ പറഞ്ഞു ഞാൻ വിചാരിച്ചത് സിനിമയിൽ ഒക്കെ കാണുന്നതുപോലെ ദുഷ്ടയായ കഥാപാത്രം ആയിരിക്കും രണ്ടാനമ്മ എന്നാണ്... പക്ഷേ എന്റെ ചിന്തകളെ ഒക്കെ പാടെ മാറ്റി കളഞ്ഞിരുന്നു അമ്മ, എന്റെ സ്വന്തം അമ്മയെക്കാൾ കൂടുതൽ എന്നെ സ്നേഹിച്ചിട്ടുള്ളത് എന്റെ മല്ലികാമ്മായാണ്. എന്നോടുള്ള സ്നേഹം പകുത്തു പോകുമെന്ന് കരുതി അമ്മ സ്വന്തമായിട്ട് ഒരു കുഞ്ഞു പോലും വേണ്ട എന്ന് തീരുമാനിച്ചു.

വീണ്ടും ജീവിതം സന്തോഷകരമായിട്ട് മുന്നോട്ട് പോവുകയായിരുന്നു, കാനഡയിൽ നിന്ന് ഞാൻ എംബിഎ കഴിഞ്ഞ് തിരികെ എത്തി ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ ബിസിനസിന്റെ കാര്യങ്ങളൊക്കെ അച്ഛൻ എന്നെ ഏൽപ്പിച്ചു. ബാച്ചിലർ ലൈഫ് ഒന്ന് നന്നായിട്ട് എൻജോയ് ചെയ്യാൻ പോലും പറ്റിയില്ല, അതിനു മുൻപേ എനിക്ക് വിവാഹമാലോചിച്ചു. അച്ഛന്റെ പെങ്ങളുടെ മകൾ. കുട്ടിക്കാലത്ത് ഒക്കെ കണ്ടിട്ടുണ്ടെന്ന് അല്ലാതെ ഒരിക്കൽ പോലും എനിക്ക് അവളോട് ഇഷ്ടം തോന്നിയിരുന്നില്ല. അത് ഞാൻ അച്ഛനോട് പറഞ്ഞു, പക്ഷേ അച്ഛനെ എതിർക്കാൻ എനിക്ക് സാധിക്കുമായിരുന്നില്ല. അതുകൊണ്ട് ഇരുപത്തിനാലാമത്തെ വയസ്സിൽ വിവാഹിതനാവാൻ ഞാൻ തീരുമാനിച്ചു. കുടുംബ ക്ഷേത്രത്തിൽ വച്ച് ഒരു താലികെട്ട്.പിന്നെ ആഘോഷകരമായ ഒരു റിസപ്ഷൻ അങ്ങനെയായിരുന്നു തീരുമാനിച്ചത്. മണ്ഡപത്തിൽ എത്തിയപ്പോഴാണ് ഞാൻ വലുതായി കഴിഞ്ഞേ പിന്നെ ലക്ഷ്മിയുടെ മുഖം തന്നെ കാണുന്നത്. അതിനു മുൻപ് ലക്ഷ്മിയോട് ഒന്ന് സംസാരിക്കാൻ പോലും എന്റെ മനസ്സ് ആഗ്രഹിച്ചിരുന്നില്ല.

ഇഷ്ടക്കേട് ഉണ്ടായിട്ടല്ല പക്ഷേ ഇഷ്ടമുണ്ടെന്നു പറയാനും വയ്യ. എങ്കിലും അച്ഛന്റെ സന്തോഷം ആയിരുന്നു എനിക്ക് വലുത്. അച്ഛനും അച്ഛന്റെ ഏറ്റവും ഇളയ സഹോദരിയും തമ്മിലുള്ള ബന്ധത്തിന്റെ ഒരു ദൃഢത കൂടിയാണ് ഞങ്ങളുടെ കല്യാണം കൊണ്ട് ഉണ്ടാകുന്നത് എന്ന് ഞാൻ വിശ്വസിച്ചു. മംഗളമായി തന്നെയാണ് വിവാഹം നടന്നത്, പക്ഷെ... "പക്ഷേ... അവൾക്ക് അവനെക്കുറിച്ച് അറിയാൻ ആകാംക്ഷ തോന്നി. വിവാഹത്തിന്റെ അന്ന് സന്ധ്യയ്ക്ക് കാവിൽ വിളക്ക് വയ്ക്കാനായി ചെന്ന അമ്മ കാണുന്നത് ജീവനറ്റുകിടക്കുന്ന ലക്ഷ്മിയെ ആയിരുന്നു. സർപ്പധംശനമേറ്റതാണ്. വിവാഹം കഴിഞ്ഞ് അന്ന് തന്നെ ലക്ഷ്മി മരണപ്പെട്ടത് കുടുംബത്തിലുള്ള എല്ലാവർക്കും വല്ലാത്തൊരു ആഘാതം ആയിരുന്നു സൃഷ്ടിച്ചത്. മാനസികമായി ഒരു അടുപ്പം തോന്നാത്തതു കൊണ്ട് അതൊരു വലിയ നഷ്ടമായി തോന്നിയില്ലെങ്കിലും ലക്ഷ്മിയുടെ മരണം എന്നെയും തകർത്തു കളഞ്ഞിരുന്നു. ഞാൻ താലികെട്ടിയ പെണ്ണ്. എന്റെ ഭാര്യ, ഒരു രാവിന്റെ പോലും അവകാശം ഞങ്ങൾക്ക് രണ്ടുപേർക്കും ഇടയിൽ ഇല്ലെങ്കിലും എന്റെ ഉള്ളവും നൊന്തിരുന്നു,

മാസങ്ങൾ കഴിഞ്ഞു ലക്ഷ്മി ഇല്ലാത്ത വേദന കുടുംബക്കാർ എല്ലാവരും മറികടക്കാൻ. ലക്ഷ്മിയുടെ അഭാവം എന്നിൽ വലിയ വേദന ഉണർത്തി ഇല്ലെങ്കിലും ആ ദിവസം തന്നെ അവൾക്ക് അങ്ങനെയൊരു അപകടം ഉണ്ടായത് എന്ന തകർത്തു കളഞ്ഞിരുന്നു. പിന്നീട് അഞ്ചു വർഷക്കാലം വിവാഹത്തെക്കുറിച്ച് ഞാൻ തീരുമാനിച്ചില്ല, എന്നാൽ അഞ്ചുവർഷം കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും വീണ്ടും ഇതേ ആവശ്യവുമായി എന്റെ മുൻപിൽ വന്നു. ഇനി ഒരു ഭാഗ്യ പരീക്ഷണത്തിന് നിൽക്കാൻ താല്പര്യമില്ലെന്ന് ഞാൻ പറഞ്ഞു. സർപ്പ ദോഷം കൊണ്ടായിരിക്കും ലക്ഷ്മിക്ക് അങ്ങനെ സംഭവിച്ചത് എന്നും അതൊക്കെ മറക്കാനും പറഞ്ഞു. വീണ്ടും അച്ഛൻ നിർബന്ധിക്കാൻ തുടങ്ങി, അവസാനം ഞാൻ വിവാഹം കഴിച്ചില്ലെങ്കിൽ അച്ഛന്റെ ആരോഗ്യസ്ഥിതിയെ പോലും അത് ബാധിക്കും എന്നുള്ള ഘട്ടമാണ്. അച്ഛന് ഒരു അറ്റാക്ക് വന്നു. അതോടെ സമ്മതിക്കാതെ തരമില്ലാതെ ആയി. അങ്ങനെ വീണ്ടും ഒരു നവവരന്റെ കുപ്പായമണിയാൻ ഞാൻ തീരുമാനിച്ചു. 29 മത്തെ വയസ്സിൽ വീണ്ടുമൊരു വിവാഹത്തിന് ഞാനൊരുങ്ങി.

പെൺകുട്ടിയെ കണ്ടില്ല, അച്ഛൻ തീരുമാനിച്ചോളാൻ ഞാൻ പറഞ്ഞു. അച്ഛന്റെ ഒരു സുഹൃത്തിന്റെ മകളായിരുന്നു ആ കുട്ടി. ആ കുട്ടിയ്ക്ക് ചൊവ്വാദോഷം ഉള്ളതുകൊണ്ട് 27 വയസ്സായിട്ടും വിവാഹം നടന്നിട്ടുണ്ടായിരുന്നില്ല. ജീവിതത്തിൽ ആദ്യമായിട്ട് ആയിരിക്കും വിവാഹം കഴിക്കാൻ പോകുന്നത് ആളെ പന്തലിൽ വച്ച് കാണുന്നത്. ആ വിവാഹ ബന്ധത്തിനും മിനിറ്റുകളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിവാഹം കഴിഞ്ഞ് തിരികെ പോകുന്ന വഴിയാണ് ഞങ്ങൾ സഞ്ചരിച്ചിരുന്ന കാർ ആക്സിഡന്റ് ആകുന്നത്. ഞങ്ങൾക്ക് രണ്ടു പേർക്കും സാരമായ പരുക്കുകൾ ഉണ്ടായിരുന്നു. പക്ഷേ താരയുടെ നില കുറച്ച് സീരിയസ് ആയിരുന്നു. രണ്ടുദിവസത്തോളം താര ഐസിയുവിൽ കിടന്നു, മൂന്നാം ദിവസം അവളും ഈ ലോകം വിട്ടു. രണ്ടുവട്ടം വിവാഹം കഴിച്ചപ്പോഴും ഇങ്ങനെ തന്നെ സംഭവിച്ചപ്പോൾ എന്റെ ജാതക പ്രശ്നമായിരിക്കുമെന്ന് എനിക്ക് തോന്നി. അതോടെ മാനസികമായി ഞാൻ തളർന്നു പോയി.

രണ്ടു പെൺകുട്ടികളുടെ ജീവിതം ഞാൻ കാരണം തകർന്നല്ലോന്ന ചിന്ത എന്നെ കാർന്നു തിന്നാൻ തുടങ്ങി. അമ്മയുടെ നിർബന്ധപ്രകാരം ഞാനൊരു സൈക്രാട്ടിസ്റ്റിനെ കണ്ട് കൗൺസിലിംഗ് നടത്തി. എന്റെ ജാതകം ഒരു ജോത്സ്യൻ നോക്കിയിരുന്നു. ഒരു പ്രശ്നവും കണ്ടുപിടിച്ചിരുന്നില്ല. എന്റെ ജാതകത്തിന് ഒരു കുഴപ്പവും ഇല്ല എന്ന് ആണ് പറയുന്നത്. അവരുടെ ജാതക ദോഷം കൊണ്ടായിരിക്കും ഇങ്ങനെ സംഭവിച്ചത് എന്നൊക്കെ പറഞ്ഞ് അമ്മയെന്നെ സമാധാനിപ്പിക്കുന്നുണ്ടെങ്കിലും ആ പെൺകുട്ടികളുടെ ജീവിതം തകർന്നത് ഞാൻ കാരണമാണല്ലോ എന്ന ചിന്ത എന്നെ വല്ലാതെ വേദനിപ്പിക്കാൻ തുടങ്ങി. അതുകൊണ്ടുതന്നെയാണ് താൻ എന്നോട് അടുത്തപ്പോൾ ഞാൻ തന്നെ അകറ്റി നിർത്തിയത്. പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവന്റെ കണ്ണുകൾ ഒക്കെ കലങ്ങി ചുവന്നിരുന്നു........കാത്തിരിക്കോ.. ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story