നിളയോഴുകും പോൽ 💙: ഭാഗം 47

nilayozhukumpol

രചന: റിനു

അവന്റെ ആ മറുപടിയിൽ അവൾ പൊട്ടിച്ചിരിച്ചു. കുപ്പിവള കിലുങ്ങും പോലെയുള്ള അവളുടെ പുഞ്ചിരി കേള്‍ക്കേ ചിരിയോടെ അവൻ കണ്ണുകൾ അടച്ചു.. തന്റെ ജീവിതത്തിലേക്ക് പുതിയൊരു വസന്തം കടന്നുവരുന്നത് സന്തോഷത്തോടെ സഞ്ജയ് അറിഞ്ഞു. തന്റെ മനസ്സിലെ അനുരാഗജധികൾക്ക് ശ്രുതി ചേരുമ്പോലെ... തന്റെ പെണ്ണ്...! തന്റെ സ്വന്തം എന്ന് അവകാശപ്പെടാൻ സാധിക്കുന്ന ഒരുവൾ... നിനവിലും നിദ്രയിലും തന്നെ ഓമനിക്കുന്നവൾ..! അവൻ ചിന്തിച്ചു " സംസാരിക്കുമ്പോൾ ഒക്കെ സാർ കുറച്ച് ഫോർമൽ ആണല്ലേ...? " ഞാൻ അങ്ങനെയാ ശ്രുതി, പണ്ടേ കുറച്ചു ഉൾവലിഞ്ഞപ്രകൃതമായിരുന്നു, ആരോടും അങ്ങനെ ഒരുപാട് അടുത്ത് ഇടപഴകിയിട്ട് ഒന്നുമില്ല. വീട്ടിലാണെങ്കിലും എനിക്ക് സ്ലിബിങ്‌സ് ഒന്നും ഉണ്ടായിരുന്നില്ലല്ലോ.. അമ്മ പോയ ഒരു കൊച്ചു പയ്യൻ ഒരുപാട് ഒറ്റപ്പെടലും വേദനയും ഒക്കെ അനുഭവിക്കുമല്ലോ.. പിന്നെ പഠനകാലം, അതും മുഴുവൻ വിദേശത്ത്.. അങ്ങനെ കുറച്ച് ഉൾവലിഞ്ഞ പ്രകൃതമായി പോയി... എല്ലാവരോടും സംസാരിക്കുമ്പോൾ ഒരു ഫോർമൽ ടച്ച് വരും, അവന് പറഞ്ഞു...

" നമ്മൾ തമ്മിൽ സംസാരിക്കുമ്പോൾ അത് വേണ്ടാട്ടോ, എനിക്ക് അത് ഇഷ്ടമല്ല, സാർ എന്നോട് സംസാരിക്കുമ്പോൾ ഒട്ടും ഫോർമൽ ആവണ്ട... ഇതിപ്പോൾ എനിക്ക് പരിചയമുള്ള ഓഫീസിലെ ബോസ് സംസാരിക്കുന്നത് പോലെ എന്നല്ലേ എനിക്ക് തോന്നു...എനിക്ക് വേണ്ടത് എന്നെ ഒരുപാട് ഇഷ്ടപ്പെടുന്ന എന്നെ ചേർത്തുപിടിക്കുന്ന ഞാൻ മാത്രം മനസ്സിൽ ഉള്ള ആ സഞ്ജയെയാണ്, ഇങ്ങനെ ഫോർമൽ ആയാൽ ഒരു അകലം തോന്നും, ഞാൻ എന്റെ ബോസിനോട് തന്നെയാണ് സംസാരിക്കുന്നത് എന്നുള്ള ഒരു ഫീല് വരും. അപ്പൊൾ പിന്നെ എനിക്ക് സാറിനോട് സംസാരിക്കാൻ ആകപ്പാടെ ഒരു മടിയാകും... പതിയെ പതിയെ അത് മാറുമായിരിക്കും അല്ലേൽ നമുക്ക് മാറ്റിയെടുക്കാം, കുസൃതിയോടെ അവൾ പറഞ്ഞപ്പോൾ അവന്റെ പതിഞ്ഞ ചിരി അവൾക്ക് കേൾക്കാമായിരുന്നു... "താൻ ഞാൻ കരുതിയത് പോലെ അല്ലല്ലോ, താൻ അല്പം പൈങ്കിളി ആണല്ലേ.... അവൻ ചോദിച്ചപ്പോൾ അവനെ ഏറെ ഇഷ്ടപ്പെടുത്തിയ കുപ്പിവള കിലുങ്ങും പോലെയുള്ള ചിരി വീണ്ടും അവന്റെ കാതിൽ പ്രതിധ്വനിച്ചു.. "

പ്രണയം അല്പം പൈങ്കിളി അല്ലേ സാറേ... കാലാകാലങ്ങളായി പ്രണയത്തെക്കുറിച്ച് പറയുന്ന ഒരു ക്ലീഷേ ഡയലോഗ് ആണ് എങ്കിലും സംഭവം സത്യം ആണ്... പ്രണയം എന്നു പറഞ്ഞാൽ കുറച്ചു പൈങ്കിളി ആണെന്ന് സാറിന് അറിയില്ലേ... "ആവോ... എനിക്കറിയില്ല തന്നോട് ഇഷ്ടം ഉണ്ടായ സമയത്ത് അതെന്താണെന്ന് വിവരിച്ചെടുക്കാൻ പോലും എനിക്ക് ഒരുപാട് സമയം എടുത്തു.. അവൻ തെല്ല് മടിയോട് പറഞ്ഞു... "അത് പറഞ്ഞപ്പോൾ ആണ് ഓർത്തെ, ഞാൻ സാറിനോട് ചോദിക്കാൻ ഇരിക്കുകയായിരുന്നു സാറിന് എപ്പോഴാ എന്നോട് ശരിക്കും ഇഷ്ടം തോന്നിയത്..? അത് അറിയാൻ എനിക്കൊരു ആകാംക്ഷയുണ്ട്, താല്പര്യത്തോടെ അവൾ ചോദിച്ചു.... " അങ്ങനെയൊന്നും ചോദിച്ചാൽ എനിക്ക് ഓർമ്മയില്ല ശ്രുതി, അന്ന് താൻ ആശുപത്രിയിൽ കിടന്നില്ലേ അന്ന് കുറെ വട്ടം താൻ എന്തൊക്കെയോ ഓർത്ത് ഞെട്ടിപ്പോയിരുന്നു, ഇങ്ങനെ ഞെട്ടി ഞെട്ടി ഉണരും, അത് കണ്ടപ്പോൾ എന്നെ നെഞ്ചിൽ ഒരു പിടച്ചിൽ പോലെ... തന്റെ കൈകളിലേക്ക് ഞാൻ കൈകൾ ചേർത്ത് നെഞ്ചോട് ഇങ്ങനെ ചേർത്തുപിടിച്ചു,

അപ്പോൾ എനിക്ക് തന്നോട് പെട്ടെന്ന് ഒരു ഇഷ്ടം തോന്നി.. ഒരു കൊച്ചു കുട്ടിയെ കാണുമ്പോൾ പെട്ടെന്ന് നമുക്ക് ഒരു ഇഷ്ടവും വാത്സല്യവും ഒക്കെ തോന്നില്ലേ.. അതുപോലെ ഒരു ഇഷ്ടം. പിന്നെ എനിക്ക് തന്നെ ഇങ്ങനെ വെറുതെ നോക്കിയിരിക്കാൻ നല്ല ഇഷ്ടായിരുന്നു, തന്റെ ഓരോ പ്രവർത്തികളെ അത് ചെയ്യുന്ന രീതികളെ പിന്നെ സംസാരിക്കുമ്പോൾ വിടരുകയും ചുരുങ്ങുകയും ചെയ്യുന്ന ആ നീളമുള്ള മിഴികളെ, താൻ അരികിലേക്ക് വരുന്നു എന്ന് ഓർമിപ്പിക്കുന്ന പാദസര കിലുക്കത്തെ പിന്നെ ഒരിക്കലും മാറാതെ ആ നെറ്റിയിൽ ഇടം പിടിച്ചിരിക്കുന്ന ഭസ്മത്തെ.. അതിനൊപ്പമുള്ള ആ കറുത്ത പൊട്ടും കരി പടർന്നു കിടക്കുന്ന ആ മിഴികളും അങ്ങനെ തന്റേതായിട്ടുള്ള എല്ലാത്തിനോട് ഒരു ഇഷ്ടം... ഓരോ നിമിഷവും കണ്ണടയ്ക്കുമ്പോൾ തന്റെ മുഖം മാത്രം മനസ്സിൽ ഇങ്ങനെ തെളിഞ്ഞു നിൽക്കും, ഇതെന്തേ ഇങ്ങനെയെന്ന് പലതവണ ഞാൻ എന്നോട് തന്നെ ചോദിച്ചു. പക്ഷേ അതിനുമാത്രം ഒരു ഉത്തരം കിട്ടിയില്ല, പിന്നെ താൻ വേദനിച്ചപ്പോൾ എന്റെ നെഞ്ചും വേദനിക്കാൻ തുടങ്ങി.

താൻ കരയുമ്പോൾ എന്റെ ഉള്ളം നൊന്തു... തന്റെ മുഖത്തൊരു ചിരി വിരിയുമ്പോൾ അതിലും സന്തോഷം എനിക്ക് തോന്നി തുടങ്ങി... ഒരാളുടെ വിഷമത്തിൽ നമ്മുക്ക് സഹതാപം തോന്നും, അവരുടെ അവസ്ഥ കാണുമ്പോൾ നമുക്കും അവരുടെ സങ്കടം അതേപോലെ നമ്മളിലേക്ക് ആവാഹിക്കാൻ കഴിയും.. പക്ഷേ ഒരാളുടെ സന്തോഷത്തിൽ നമുക്ക് അവരെക്കാൾ സന്തോഷം തോന്നുന്നുണ്ടെങ്കിൽ ഒരു കാര്യം ഉറപ്പാ, "എന്ത്...? ആവേശത്തോടെ അവൾ ചോദിച്ചു.. " അവർ നമുക്ക് സ്പെഷ്യൽ ആണെന്ന്... അവരിൽ നമ്മൾ എന്തോ പ്രത്യേകത കാണുന്നുണ്ട്, ആ പ്രത്യേകതയുടെ കാര്യം ഞാൻ തിരഞ്ഞു. അത് ചെന്ന് അവസാനിച്ചത് തന്റെ കണ്ണുകളിലാ. എനിക്ക് തോന്നിയ ഇതെ ഫീലിംഗ് തന്റെ കണ്ണുകളിൽ ഞാൻ കണ്ടു.. എന്റെ മുഖത്തേക്ക് നോക്കുമ്പോൾ തന്റെ മുഖത്ത് ഉണ്ടാകുന്ന ഒരു പിടച്ചിൽ, ഒരുപക്ഷേ മനസ്സും മനസ്സും തമ്മിൽ ആ രഹസ്യം പങ്കുവെച്ചത് കൊണ്ടായിരിക്കാം നമ്മുടെ പ്രണയം പെട്ടെന്ന് നമ്മളെ തിരിച്ചറിഞ്ഞത്...

പിന്നെ പിന്നോട്ട് വലിക്കാൻ ഒരുപാട് കാരണങ്ങളുണ്ടായിരുന്നു, പക്ഷേ എനിക്ക് തന്നോട് തോന്നിയത് ഒക്കെ തന്നെ തനിക്ക് തിരിച്ച് എന്നോട് ഉണ്ടെന്നറിഞ്ഞ നിമിഷം എന്റെ മനസ്സും ഒന്ന് ചാഞ്ചാടിയിരുന്നു.. എങ്കിലും അത്രയും ഇഷ്ടം തന്നെ തന്നോട് ഉള്ളതുകൊണ്ട് ആ സ്നേഹം തനിക്ക് അപകടം ആണെന്ന് തോന്നിയിരുന്നു.. സഞ്ജയ്‌ ഒന്ന് നിർത്തി... " സാറേ ആവശ്യമില്ലാത്ത കാര്യങ്ങൾ ഒന്നും പറയണ്ട, എനിക്ക് എന്നെക്കുറിച്ച് തോന്നിയ നല്ല കാര്യങ്ങൾ മാത്രം അറിഞ്ഞാൽ മതി.. അല്ലാതെ മറ്റു കാര്യങ്ങൾ ഒന്നും പറയണ്ട, ഭൂതകാലത്തിലേക്ക് പോകാൻ തുടങ്ങിയവയനെ അവൾ ശാസിച്ചു നിർത്തി... " സാർ കൊള്ളാല്ലോ സാറിപ്പോൾ അത്യാവശ്യം നല്ല റൊമാന്റിക് ആണല്ലോ, ഇത്രയും കാര്യങ്ങളൊക്കെ സാർ ശ്രദ്ധിച്ചു എന്ന് പറഞ്ഞപ്പോൾ എനിക്ക് ആണ് അത്ഭുതം തോന്നുന്നത്.... ചിരിയോടെ അവൾ പറഞ്ഞപ്പോൾ വീണ്ടും അവന്റെ പതിഞ്ഞ ചിരി അവൾക്ക് കേൾക്കാമായിരുന്നു.. " ഫോർമൽ ആവുന്നത് ഞാനാണെന്ന് പറഞ്ഞിട്ട് ഇപ്പോഴും ഫോർമൽ ആവുന്നത് താനാണ്...

ചെറുചിരിയോടെ അവൻ പറഞ്ഞു, "ഞാനോ..? ഞാനേന്ത് ഫോർമൽ ആയത്..? അവൾ മനസ്സിലാവാതെ അവനോട് ആയി ചോദിച്ചു. " താനല്ലേ വീണ്ടും വീണ്ടും ഒരു അകലം കൊണ്ടുവരുന്നത്, " എന്ത്...,? " താനിങ്ങനെ വീണ്ടും വീണ്ടും സാറേ സാറേ എന്ന് വിളിക്കുമ്പോൾ എനിക്ക് എന്റെ പി എസ് ആണെന്ന് തന്നെയല്ലേ തോന്നുന്നത്, അവൾ ചോദിച്ച അതേ ടോണിൽ തന്നെ അവൻ ചോദിച്ചപ്പോൾ അറിയാതെ ഒരു പുഞ്ചിരി അവളിലും നാമ്പിട്ടിരുന്നു. " ഞാനെങ്ങനെയാ പെട്ടെന്ന് ആ വിളി മാറ്റുന്നത്, മാത്രമല്ല ഇതുതന്നെ വിളിക്കുന്നത് ആണ് സേഫ്,ഓഫീസിലൊക്കെ ഇരിക്കുമ്പോൾ ചിലപ്പോൾ ഞാൻ മാറ്റി വിളിച്ചാൽ അതിന്റെ നാണക്കേട് സാറിന് തന്നെയാണ്... പിന്നെ ഞാൻ സാറേ എന്ന് വിളിക്കുന്നത് എന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന എല്ലാ സ്നേഹത്തോടും ബഹുമാനത്തോടും തന്നെയാണ്.... " എങ്കിലും തന്നിൽ നിന്നും ഇനി വേറെ ഏതെങ്കിലും ഒരു രീതിയിൽ വിളിക്കുന്നത് കേൾക്കാൻ എനിക്കൊരു കൊതിയുണ്ടായിരുന്നു... പെട്ടെന്ന് അവനൊരു കാമുകനായി...

അവന്റെ ആ ഭാവമാറ്റം ശ്രുതിയെ പോലും അമ്പരപ്പിച്ച് കളഞ്ഞിരുന്നു, അവനിൽ ഒരു കള്ള കാമുകൻ ഉണ്ടെന്ന് അവൾ പോലും തിരിച്ചറിഞ്ഞത് ആ നിമിഷമായിരുന്നു. " എന്തെങ്കിലും വിളിച്ചാൽ മതിയോ...? അവൾ ചോദിച്ചപ്പോൾ അവന് അതേ അർത്ഥത്തിൽ ഒന്ന് മൂളിയിരുന്നു, " എങ്കിൽ രണ്ട് ചീത്ത വിളിക്കട്ടെ, കുസൃതിയോടെ അവള് ചോദിച്ചപ്പോൾ അവൻ അറിയാതെ പൊട്ടിച്ചിരിച്ചു പോയിരുന്നു... " ആദ്യം കണ്ട ദിവസം തന്നെ കണക്കിന് തന്നാരുന്നല്ലോ, അവൻ പറഞ്ഞപ്പോൾ ആദ്യത്തെ കൂടിക്കാഴ്ചയിലേക്ക് അവളുടെ മനസ്സും ഒന്ന് യാത്ര പോയിരുന്നു... "അപ്പോൾ എന്താ സാറിന് തോന്നിയത്... "അപ്പോൾ തോന്നിയത് പറഞ്ഞാൽ ഇപ്പോൾ നമ്മൾ തമ്മിലുള്ള ബന്ധം ഇതോടെ അവസാനിക്കും... ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവളും ചിരിച്ചു പോയിരുന്നു. " അമ്പഡാ കള്ള കാമുകന് ഇങ്ങനെ ഒക്കെ സംസാരിക്കാൻ അറിയാല്ലേ...? ഈ പ്രേമം ഇങ്ങനെ ഫോണിൽ കൂടെ മുൻപോട്ട് കൊണ്ടുപോകാൻ ആണോ താല്പര്യം....

അവളുടെ ആ ചോദ്യം കേട്ടപ്പോൾ പെട്ടെന്ന് അവന്റെ മുഖത്ത് ഒരു ഗൗരവം വന്നു, " അല്ല...! എത്രയും പെട്ടെന്ന് തന്നെ സ്വന്തമാക്കണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം, പക്ഷേ.... അവൻ ഒന്ന് നിർത്തി അവൻ ഭയക്കുന്നത് എന്താണെന്ന് അവൾക്ക് വ്യക്തമായി അറിയാമായിരുന്നു.. " ഞാൻ വെറുതെ ചോദിച്ചതാ, സാറിനി ഭൂതകാലത്തിലേക്ക് ഒന്നും പോകണ്ട, നമുക്ക് കുറച്ചുകാലം ഇങ്ങനെ ഒന്ന് പ്രേമിച്ചു നടക്കാം, കോളേജിലൊക്കെ പോയ സമയത്ത് പഠനത്തിൽ മാത്രമായിരുന്നു ശ്രദ്ധ.. അതുകൊണ്ട് എനിക്കും പ്രേമിക്കാൻ ഒന്നും പറ്റിയില്ല.. സാറിനും അതിനുള്ള അവസരം ഒന്നും കിട്ടിയില്ലല്ലോ, നമുക്ക് ആദ്യം ഈ പ്രണയം നന്നായിട്ട് ഒന്ന് ആസ്വദിക്കാം... അത് കഴിഞ്ഞ് വിവാഹത്തിലേക്ക് കടക്കാം. അവൾ പറഞ്ഞു... " താനൊന്നു പോയെ ശ്രുതി, എനിക്ക് പ്രായം എത്രയെന്ന് അറിയുമോ? അങ്ങനെ പ്രേമിച്ചു നടക്കാനും മാത്രമുള്ള പ്രായമൊന്നും അല്ല എനിക്ക്, ഇനിയും കുറച്ചുകാലം പ്രേമിച്ചൊക്കെ നടന്നിട്ട് താൻ തിരിച്ചു വരുമ്പോഴേക്കും ഞാൻ ജരാനരകൾ ഒക്കെ ബാധിച്ച ഒരു വൃദ്ധൻ ആയിട്ടുണ്ടാവും.

അപ്പൊൾ തനിക്ക് ചിലപ്പോൾ എന്നെ ഇഷ്ടമാകില്ല... ഒരു തമാശയോടെയാണ് അവനത് പറഞ്ഞതെങ്കിലും അവളുടെ ഹൃദയത്തിലാണ് അതുകൊണ്ടത്.. ആ ഹൃദയം പെട്ടെന്ന് വേദനിച്ചു, " അങ്ങനെയാണോ തോന്നിയത്...? അവൾ പെട്ടെന്ന് ആർദ്രമായി ചോദിച്ചപ്പോൾ അവൻ എന്തു മറുപടി പറയണമെന്ന് അറിയാതെ ഉഴറി... " സാർ എങ്ങനെ ആയിരുന്നാലും എനിക്കിഷ്ടം ആണ്, ഞാൻ ആ മുഖത്തെയോ സൗന്ദര്യത്തെയോ സമ്പത്തിനെയോ ഒന്നുമല്ല സ്നേഹിച്ചത്, ഏതൊരു വിഷമഘട്ടത്തിലും എന്നെ ചേർത്തുപിടിച്ചു നിർത്തിയ ആ മനസ്സിനെയാണ്. എനിക്ക് കാവൽ ആയ ആ ഹൃദയത്തെയാണ്. അവളുടെ ആ മറുപടിയിൽ അവന്റെ മനസ്സും നിറഞ്ഞിരുന്നു. അതിന്റെ പ്രതിഫലനമായി ഒരു പുഞ്ചിരി അവന്റെ ചുണ്ടിൽ നാമ്പിട്ടു........കാത്തിരിക്കോ.. ❤️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story