നിളയോഴുകും പോൽ 💙: ഭാഗം 53

nilayozhukumpol

രചന: റിനു

 

എന്റെ ഭാവിയിലേക്കുള്ള പ്രതീക്ഷ..! നീ പറഞ്ഞതുപോലെ എന്നെ അടിമുടി അറിഞ്ഞിട്ടുള്ളവൾ,  പക്ഷേ നീ പറഞ്ഞ വൃത്തികെട്ട അർത്ഥത്തിൽ അല്ല ഞാൻ പറയാതെ പോലും എന്നെ മനസ്സിലാക്കിയിട്ടുണ്ട്,   നീ പറഞ്ഞതൊക്കെ ശരിയാ എന്നെ കാണാൻ വേണ്ടി തന്നെയാ അവൾ ഇങ്ങോട്ട് വന്നത്,  എന്നെ കാണാതിരിക്കാൻ പറ്റാത്തതുകൊണ്ട് തന്നെ..  ഈ ലോകത്ത് ഞാനിന്ന് എന്തിനെക്കാളും ഏതിനേക്കാളും വലുതായി സ്നേഹിക്കുന്നതും ആഗ്രഹിക്കുന്നതും ശ്രുതിയെ മാത്രമാണ്... "എന്റെ പെണ്ണ്" ഈ സഞ്ജയ് ജീവിതത്തിൽ ആദ്യമായും അവസാനമായും പ്രണയിച്ചിട്ടുള്ള ഒരേ ഒരാൾ.  ഇത്തവണ സഞ്ജയുടെ വെളിപ്പെടുത്തലിൽ ശ്രുതി അടക്കം എല്ലാവരും ഞെട്ടിപ്പോയിരുന്നു


" ഇനി ഇക്കാര്യത്തിൽ ആർക്കും ഒരു സംശയം വേണ്ട,  അമ്മ ക്ഷമിക്കണം അമ്മയോട് ഇത് പറയണമെന്ന് ഞാൻ കരുതിയത് ആണ്.... ഇങ്ങനെ ഒരു അവസരത്തിൽ പറയാൻ വേണ്ടിയല്ല ഞാൻ ആഗ്രഹിച്ചത്,  പക്ഷേ ഇപ്പോൾ ഞാൻ പറഞ്ഞില്ലെങ്കിൽ ശ്രുതി ഇവിടെ മോശക്കാരി ആയിപ്പോകും...  അതുകൊണ്ട് മാത്രമാണ് ഞാനിപ്പോൾ ഇക്കാര്യം പറഞ്ഞത്...


അവന്റെ വാക്കുകൾ എന്താണെന്ന് മനസ്സിലാക്കാൻ മല്ലികയ്ക്കും കഴിഞ്ഞിരുന്നില്ല,  ഗൗരി  സഞ്ചയെ എത്രത്തോളം ആഗ്രഹിക്കുന്നുണ്ട്  എന്ന് നന്നായി അവർക്ക് അറിയാം.  എന്നാൽ സഞ്ജയ്ക്ക് ഇഷ്ടമല്ല എന്ന് പലതവണ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചപ്പോഴും ഒരുതരം ഭ്രാന്തമായ രീതിയിലാണ് അവൾ ഇടപെട്ടിട്ടുള്ളത് മുഴുവൻ...  സഹോദരന്റെ മകൾ ആയതുകൊണ്ട് തന്നെ ഒരു പരിധിയിൽ കൂടുതൽ അവളെ വേദനിപ്പിക്കാൻ അവരുടെ മനസ്സും അനുവദിച്ചിരുന്നില്ല എന്നതാണ് സത്യം. സഞ്ജയ് ഒരിക്കലും ഗൗരിയെ അംഗീകരിക്കാൻ സാധിക്കില്ലെന്ന് തന്റെ സഹോദരനോട് അവര് പറയുകയും ചെയ്തിട്ടുണ്ട്.  പതിയെ മകളെ പറഞ്ഞ് മനസ്സിലാക്കണം എന്ന് സഹോദരനോട് ആവശ്യപ്പെട്ടുവെങ്കിലും അയാൾ ഒരിക്കലും അതിനു മുതിർന്നിട്ടില്ലെന്ന് മറ്റാരെക്കാളും നന്നായി മല്ലികയ്ക്ക് അറിയാം,

സഞ്ജയ്‌ വണ്ടി സ്റ്റാർട്ട് ചെയ്ത് പോകുന്നത് കേട്ടപ്പോഴാണ് ചിന്തകളിൽ നിന്നും മല്ലിക തിരികെ വന്നത്...

"  കേട്ടല്ലോ അമ്മായി കേട്ടല്ലോ,  ഞാൻ വെറുതെ പറഞ്ഞതല്ലന്ന്... ഞാൻ പറഞ്ഞില്ലേ ഇത്രയും കാലം പെണ്ണുങ്ങളെ ഒന്നും ഇഷ്ടല്ലാത്ത സഞ്ജയ് അവളെ അവിടെ ജോലിക്ക് ഇരുത്തിയപ്പോൾ തന്നെ ഞാൻ പറഞ്ഞതല്ലേ വേറെന്തോ ബന്ധമാണെന്ന്,  ഇത് ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയ ബന്ധം അല്ലെന്ന് തോന്നുന്നു..  കുറെ കാലങ്ങൾ ആയിട്ട് രണ്ടുപേരും തമ്മിൽ ഇഷ്ടത്തിലാ. അതുകൊണ്ടല്ലേ ഈ കമ്പനിയിലേക്ക് അവളെ തിരുകി കയറ്റിയത്,

ഗൗരി ഉശിരോടെ പറഞ്ഞു... 

 " അതെന്തെങ്കിലും ആവട്ടെ ഗൗരി,  നീ എന്തിനാ അതിനിങ്ങനെ ദേഷ്യപ്പെടുന്നത്....  അവൻ എപ്പോഴെങ്കിലും നിന്നോട് വിവാഹം കഴിക്കാം എന്ന് പറഞ്ഞിട്ടുണ്ടോ...?  ഞാൻ പറഞ്ഞിട്ടുണ്ടോ.? നീയും നിന്റെ അച്ഛനും കൂടി എല്ലാം തീരുമാനിച്ചു, നിന്റെ അച്ഛനോട് ഞാൻ പറഞ്ഞിട്ടുള്ളത് ആണ്... അവന് ഒരിക്കലും നിന്നെ അംഗീകരിക്കാൻ സാധിക്കില്ലന്ന്,  അങ്ങനെയായിരുന്നെങ്കിൽ നിന്റെ വിവാഹത്തിന് മുൻപ് തന്നെ സഞ്ചയും നീയും തമ്മിലുള്ള വിവാഹം നടന്നേനെ,  അവനു വിവാഹ പ്രായമായപ്പോൾ തന്നെ  നിന്റെ കാര്യം പറഞ്ഞിട്ടുള്ളതായിരുന്നു...  അപ്പോഴും അവൻ പറഞ്ഞത് നിന്നെ ഒരു സഹോദരി ആയിട്ട് മാത്രമേ അവനെ കാണാൻ സാധിക്കുന്നാണ്... അതുകൊണ്ട് ഞാൻ നിന്നോട് പറഞ്ഞത് അവനെ മനസ്സിൽ വയ്ക്കേണ്ടെന്ന്, എന്നിട്ടും വിവാഹമോചനം കഴിഞ്ഞ പിന്നാലെ തന്നെ നീ വന്നു..  അവനും ജീവിതത്തിലെ മോശം അവസ്ഥയിലൂടെ കടന്നു പോയതുകൊണ്ട് ഞാൻ അതിനെ എതിർക്കാതിരുന്നത്,  കാരണം അവന്റെ ജീവിതത്തിലും വലിയ പ്രശ്നങ്ങളാണല്ലോ നടന്നത്... നിന്നെ അവൻ വിവാഹം കഴിക്കുന്നെങ്കിൽ കഴിക്കട്ടെ എന്ന് തന്നെ ഞാൻ വിചാരിച്ചു, രണ്ടാമത് മറ്റൊരു വിവാഹം ചെയ്തിട്ട് പോലും നിന്റെ പേര് അവൻ പറഞ്ഞില്ല.  നീ ഒഴിച്ച് മറ്റാരെ കണ്ടുപിടിച്ചാലും സമ്മതമാണെന്ന് എന്നോട് പറഞ്ഞത്, പിന്നെയും എന്തിനാ നീ ആവശ്യമില്ലാത്ത ആശകൾ മനസ്സിൽ താലോലിച്ചത്.?  അതുകൊണ്ട് ഇപ്പോൾ നിനക്ക് ഇങ്ങനെ വിഷമിക്കേണ്ടി വന്നത്...

അലിവോടെ അവളെ തഴുകി അവര് ചോദിച്ചു...

 "'ഓഹോ അമ്മായി അപ്പോൾ പറയുന്നത് ഒക്കെ എന്റെ കുറ്റമാണെന്നാണല്ലേ..?  സഞ്ജുവിനെ ഞാൻ അത്രയ്ക്ക് സ്നേഹിച്ചത് കൊണ്ടല്ലേ,

"  മോളെ ഈ സ്നേഹമെന്നൊക്കെ പറയുന്നത് പിടിച്ചു വാങ്ങിക്കാൻ പറ്റുന്ന ഒന്നല്ല....  അത് മനസ്സിൽ തന്നെ ഉണ്ടാവേണ്ടത് ആണ്....

" രണ്ട് വിവാഹം കഴിച്ച സഞ്ജയെ കല്യാണം കഴിക്കാൻ ഇവൾ സമ്മതിക്കുമെന്ന് അമ്മായ്യ്ക്ക് തോന്നുന്നുണ്ടോ...? 

" സഞ്ജു എല്ലാ കാര്യങ്ങളും അവളോട് തുറന്നു പറഞ്ഞിട്ടുണ്ടാവും..  ഇല്ലാതെ ഒരിക്കലും ഇത്രയും ആത്മവിശ്വാസത്തോടെ അവൻ എന്നോട് സംസാരിക്കില്ല, മാത്രമല്ല സഞ്ജുവിന്റെ സ്വഭാവമനുസരിച്ച് ഒരു കാര്യങ്ങളും അവൻ മറച്ചുവെക്കുകയും ചെയ്യാറില്ല,

"  അപ്പൊൾ  തന്നെ അമ്മായിയ്ക്ക് ഊഹിച്ചു കൂടെ അവളുടെ ഉദ്ദേശം സഞ്ജു അല്ല,  സഞ്ജുവിന്റെ സ്വത്തൊക്കെ ആണെന്ന്.

"  അത് മനസ്സിലാക്കണം സഞ്ജുവിനെ തന്നെയാണോ അവൾ ഇഷ്ടപ്പെടുന്നതെന്നും എനിക്കും അറിയണം,  നീ പറഞ്ഞതുപോലെ അവൾ ഇഷ്ടപ്പെടുന്നത് ഈ സ്വത്തും സുഖസൗകര്യങ്ങളും ആണെങ്കിൽ ഈ വിവാഹം നടന്നാൽ എന്റെ കുഞ്ഞിന് സമാധാനം ഉണ്ടാവാൻ പോകുന്നില്ല... അതല്ല ആത്മാർത്ഥമായി അവനെ അവൾ സ്നേഹിക്കുന്നുണ്ടെങ്കിൽ ഈ വിവാഹം നടക്കാൻ മുൻപിൽ നിൽക്കുന്നത് ഞാൻ ആയിരിക്കും... അവൻ തിരികെ വരട്ടെ അതിനുശേഷം വിശദമായിട്ട് ഇക്കാര്യത്തെക്കുറിച്ച് എനിക്ക് സംസാരിക്കണം.

 അത്രയും പറഞ്ഞ് മല്ലിക അകത്തേക്ക് പോയപ്പോൾ അവസാന പ്രതീക്ഷയും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഗൗരി...  എന്ത് വിലകൊടുത്തും ഈ വിവാഹം തടയും എന്നും സഞ്ജുവിനെയും  ശ്രുതിയെയും തമ്മിൽ അകറ്റുമെന്നും അവൾ ഒരു തീരുമാനം എടുത്തിരുന്നു... 


 തിരികെ ഉള്ള യാത്രയിൽ രണ്ടുപേരും മൗനത്തിൽ ആയിരുന്നു എന്ത് പറയുമെന്ന് രണ്ടുപേർക്കും അറിയില്ല.. ആ മൗനത്തെ ഭേദിച്ചുകൊണ്ട് ആദ്യം സംസാരിച്ചത് ശ്രുതിയാണ്...

"  ഞാൻ കാരണം വലിയൊരു പ്രശ്നം ഉണ്ടായില്ലെ

" എന്താണെങ്കിലും ഇക്കാര്യം എങ്ങനെ പറയും എന്ന് വിചാരിച്ചിരിക്കുകയായിരുന്നു ഞാൻ... ഇനിയിപ്പോൾ ആ ഒരു ബുദ്ധിമുട്ട് ഇല്ലല്ലോ, രണ്ടും കൽപ്പിച്ച് ഇക്കാര്യം വീട്ടിൽ പറഞ്ഞല്ലോന്ന് ഓർത്തത് ആണ്

സഞ്ജു പറഞ്ഞു

 " ഞാനും വീട്ടിൽ പറയട്ടെ

"  താനായിട്ട് പറയണ്ട ഞാൻ വരാം, ഞാൻ വന്നു തന്റെ അമ്മയോട് സംസാരിക്കാം.  പറ്റുകയാണെങ്കിൽ ഇന്ന് തന്നെ സംസാരിക്കാം... പക്ഷേ ശ്രുതി...  എനിക്ക് ഇപ്പോഴും ധൈര്യം വരുന്നില്ല തന്നെ ജീവിതത്തിലേക്ക് കൂട്ടാൻ,  കഴിഞ്ഞുപോയ നിമിഷങ്ങൾ ഒക്കെ ഓർമ്മിക്കുമ്പോൾ ഇപ്പോഴും എനിക്ക് വല്ലാത്ത ഒരു ഭയം തോന്നുവാ...

"  ഞാൻ മരിച്ചു പോകുന്നതാണോ സാറിന്റെ ഭയം...

അവളത് ചോദിച്ചപ്പോൾ തന്നെ വണ്ടി സഡൻ ബ്രേക്ക് ഇട്ട് നിന്നിരുന്നു...അങ്ങനെ ഒരു വാക്ക് പോലും അവന് സഹിക്കാൻ പറ്റുന്നതായിരുന്നില്ല

"  താൻ അങ്ങനെ വെറുതെ പോലും പറയല്ലേ എനിക്കത് കേൾക്കുമ്പോൾ തന്നെ എന്തോ പോലെ....

"  ഇനി മരിച്ചു പോയാലും എനിക്ക് കുഴപ്പമില്ല, ഒരു നിമിഷമെങ്കിൽ ഒരു നിമിഷം സാറിന്റെ ഭാര്യയായി ആ കൈ കൊണ്ട് കെട്ടുന്ന താലിയുടെ അവകാശിയായി ജീവിച്ചിട്ട് മരിച്ചാലും എനിക്ക് സന്തോഷമാണ്...  എങ്കിൽ അടുത്ത നിമിഷം തന്നെ ഞാനും ഈ ലോകത്തിൽ നിന്ന് യാത്ര പറയും,

 അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു...  ഒരു കൊച്ചു കുട്ടിയെ പോലെ ഇടതടവില്ലാതെ ആ കണ്ണുകൾ ഒഴുകുന്നത് കണ്ട് അവൾക്കും വേദന തോന്നിയിരുന്നു...  അവളാ കണ്ണുനീർ തുടച്ചപ്പോൾ അവൻ സ്വയം മറന്ന് അവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു...

"  തന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്,  താൻ ഇല്ലാതെ എനിക്ക് ഒരു നിമിഷം പോലും പറ്റില്ല...  വിവാഹം കൊണ്ട് വിധി നമ്മെ ഒരുമിച്ച് ചേർക്കുമോ അകറ്റി നിർത്തുമോ എന്ന് എനിക്ക് അറിയില്ല,  സത്യമായിട്ടും നാദസ്വരവും കതിർ മണ്ഡപവും നിറപറയും ഒക്കെ എനിക്ക് പേടി സ്വപ്നങ്ങളാണ്...  ഇനി ഒരു പരീക്ഷണത്തിന് നിന്നു കൊടുക്കാൻ എനിക്ക് ധൈര്യവുമില്ല...  പക്ഷേ തന്നെ  എനിക്ക് ഉപേക്ഷിക്കാനും വയ്യല്ലോ...  താൻ എന്റെ പ്രാണനിൽ അല്ലേ ചേക്കേറിയത്... എന്റെ ശ്വാസത്തിന്റെ താളം പോലും തന്നിലാ  ഏറെ അരുമയായി അവളുടെ മൂർദ്ധാവിൽ അവൻ ചുംബിച്ചിരുന്നു. ആ ചുംബനം ഏറ്റുവാങ്ങിയവൾ  കണ്ണുകൾ അടച്ചു. ജീവിതത്തിൽ എന്തൊക്കെയോ നേടിയത് പോലെ...കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story