നിളയോഴുകും പോൽ 💙: ഭാഗം 55

രചന: റിനു

താൻ എന്റെ പ്രാണനിൽ അല്ലേ ചേക്കേറിയത്... എന്റെ ശ്വാസത്തിന്റെ താളം പോലും തന്നിലാ  ഏറെ അരുമയായി അവളുടെ മൂർദ്ധാവിൽ അവൻ ചുംബിച്ചിരുന്നു. ആ ചുംബനം ഏറ്റുവാങ്ങിയവൾ  കണ്ണുകൾ അടച്ചു. ജീവിതത്തിൽ എന്തൊക്കെയോ നേടിയത് പോലെ

അവളുടെ വീടിന്റെ അരികിലായി അവൻ വണ്ടി നിർത്തിയിരുന്നു,

" എന്നെ കണ്ടാൽ തന്റെ അമ്മയ്ക്ക്  ടെൻഷൻ  ആവും.... വെറുതെ എന്തിനാ മറ്റുള്ളവരുടെ സമാധാനം കളയുന്നത്,  അന്ന് നമ്മൾ രണ്ടു ദിവസം ലേറ്റ് ആയിട്ട് വന്നതിനു ശേഷം അമ്മയ്ക്ക് എന്നോട് എന്തോ ഇഷ്ട കുറവുണ്ട്...  അതുകൊണ്ട് ഞാൻ വീട്ടിലേക്ക് വരുന്നില്ല....

അവൻ ഗൗരവത്തോടെ പറഞ്ഞു..

 " തിരിച്ചുപോകുമ്പോൾ സൂക്ഷിക്കണം വയ്യാണ്ടിരിക്കല്ലേ... മരുന്ന് കഴിക്കാൻ മറക്കരുത്, ഫോൺ വിളിക്കണേ, വിളിക്കാതിരുന്നാൽ എനിക്ക് എന്തോ ഒരു ടെൻഷൻ പോലെ....

" അത് അറിയാതെ സംഭവിച്ചു പോയതാ... ഇനി അങ്ങനെ ഉണ്ടാവില്ല ഞാൻ ഫോൺ ഓണാക്കി വെച്ചേക്കാം,

അവൻ അവളെ ആശ്വസിപ്പിച്ചു..

 " സാർ വീട്ടിൽ ചെല്ലുമ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടായാലോ അഥവാ....

എന്തോ പറഞ്ഞു നിർത്തിയവളെ അവൻ സൂക്ഷിച്ചു നോക്കി...

" അഥവാ...?

അവൻ ചോദിച്ചു...

" നമ്മുടെ കാര്യം വീട്ടിൽ വല്ലോം പ്രശ്നം ആയാൽ സാർ വീണ്ടും എന്നോട് പഴയ പോലെ അകലം കാണിക്കില്ലേ...?

ആധിയോട് അവൾ ചോദിച്ചു.

"ഇല്ല.... അങ്ങനെ ഒരു ടെൻഷൻ തനിക്ക് വേണ്ട, ഇനി എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും നമ്മൾ രണ്ടുപേരും ഒരുമിച്ചുണ്ടാവും.. സുഖമാണെങ്കിലും ദുഃഖമാണെങ്കിലും നമുക്ക് ഒന്നിച്ച് ഫെയ്സ് ചെയ്യാം,  അന്ന് ഞാൻ തന്നോട് അകലം കാണിക്കാൻ എനിക്ക് ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നു എന്റെ മുൻപിൽ,  ഒന്ന് എന്റെ കഥകളൊക്കെ അറിയുമ്പോൾ ആ തോന്നിയ ഇഷ്ടമുണ്ടായില്ലെങ്കിലോ എന്നുള്ള ഒരു ചിന്ത,  പിന്നെ തനിക്ക് എന്നോട് ശരിക്ക് ഇഷ്ടമുണ്ടോന്നുള്ള സംശയം..  അങ്ങനെ കാരണങ്ങൾ ഒരുപാടുണ്ടായിരുന്നു. ഇപ്പൊൾ അങ്ങനെ ഒന്നുമില്ല, തെളിഞ്ഞ വെള്ളം പോലെ എല്ലാ കാര്യങ്ങളും ശുദ്ധമാണ്...  തന്റെ മനസ്സും എനിക്കിപ്പോൾ വ്യക്തമായിട്ട് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്... അപ്പൊൾ പിന്നെ എന്തിനാ ഇനി ഞാൻ തന്നോട് ഒരു അകലം കാണിക്കുന്നത്... താൻ വിചാരിക്കുന്നതുപോലെ പ്രശ്നങ്ങൾ ഒന്നും  എന്റെ വീട്ടിൽ ഉണ്ടാവാൻ പോകുന്നില്ല,  പ്രത്യേകിച്ച് എന്റെ അമ്മ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് എനിക്കൊരു ജീവിതം ഉണ്ടായിക്കാണാൻ.  അതുകൊണ്ട് പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല.  ഞാനിത് ഇങ്ങനെ പറഞ്ഞതിന്റെ ഒരു ബുദ്ധിമുട്ട് കാണും,പ്രത്യേകിച്ച് അമ്മയ്ക്ക് കൂടുതൽ അറ്റാച്ച്മെന്റ് ഉള്ള ഒരാളാണ് ഗൗരിയും ഗൗരിയയുടെ അച്ഛനും... ഗൗരിയുടെ മനസ്സ് വേദനിപ്പിക്കാതിരിക്കാൻ പണ്ടുമുതലേ അമ്മ ശ്രദ്ധിക്കാറുണ്ട്.  പക്ഷേ എന്റെ മനസ്സ് വേദനിച്ചാൽ അത് അമ്മയ്ക്ക് സഹിക്കാനും പറ്റില്ല.  തന്നെപ്പറ്റി അമ്മയോട് ഒരിക്കലും ഇങ്ങനെ ഒരു സാഹചര്യത്തിൽ പറയാൻ ആയിരുന്നില്ല ഞാനും ആഗ്രഹിച്ചത്.. പക്ഷേ ഈ അവസ്ഥയിലായിപ്പോയി, എന്റെ അമ്മ ഇനി താനുമായിട്ട് ഒരു ബന്ധവും ഉണ്ടാവരുതെന്ന് കട്ടായം പറയുകയോ എന്നെ പിടിച്ചു പൂട്ടി ഇടുകയോ ഒന്നും ചെയ്യില്ല. എന്റെ കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം എനിക്ക് തന്നെയാണ്.

അവൻ ഗൗരവത്തോടെ പറഞ്ഞു

 "ഇപ്പോഴാ എനിക്ക് സമാധാനമായത്,

അവൾ ആശ്വാസത്തോടെ പറഞ്ഞു

 "  ഒരു കാര്യം ഞാൻ വീണ്ടും തന്നോട് പറയുവാ, തനിക്ക് എന്നെക്കാൾ  നല്ല ഒരു പങ്കാളിയെ കിട്ടും അത്രയും ക്വാളിറ്റി ഉള്ള ആളാണ് താൻ....  നമ്മൾ തമ്മിൽ ഒരുപാട് അന്തരമുണ്ട്.  10 - 12 വയസ്സിന്റെ വ്യത്യാസം പിന്നെ രണ്ട് വിവാഹം കഴിച്ച ഒരാള്

അവസാനമായി അവളെ ഒന്നുകൂടി പിന്തിരിപ്പിക്കാൻ നോക്കി അവൻ...

" ഇനി ഈ കാര്യം പറയല്ലേ സഞ്ജു ഏട്ടാ...  ഇനി  ഈ കാര്യം പറയാതിരിക്കാൻ വേണ്ടിയാണ് സാർ എന്നുള്ള വിളി ഞാനിപ്പോൾ ഒഴിവാക്കിയത്...  എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല ഇതിലും വലിയ ഒരു കോളിറ്റിയുള്ള ആൾ എനിക്ക് വേണ്ട, എനിക്കിഷ്ടവും ആരാധനയും തോന്നിയത് ഈ മനസ്സിനോടാണ്, എനിക്ക് കരുതലും സംരക്ഷണവും തന്ന ആ കൈകളോടാണ്.. എന്നും ആ കൈകളുടെ സംരക്ഷണം എനിക്ക് വേണം..  മറ്റൊന്നും എനിക്ക് വേണ്ട,

 അലിവോടെ അവൻ അവളുടെ കവിളിൽ ഒന്ന് തഴുകി...  ഏറെ സ്നേഹത്തോടെ അവർ യാത്ര പറഞ്ഞു...


വീട്ടിലെത്തിയതും മല്ലിക സഞ്ജുവിനെ കാത്തിരിക്കുന്നുണ്ടായിരുന്നു, എന്തു പറഞ്ഞു അവരോട് സംസാരിക്കുമെന്ന് അവനും ഒരു രൂപം ഉണ്ടായിരുന്നില്ല...  താൻ ഏറെ ആഗ്രഹിച്ച ഒരു പെൺകുട്ടിയെ കുറിച്ച് അമ്മയോട് ആദ്യമായി പറയാൻ ഒരുപാട് കാര്യങ്ങൾ പ്ലാൻ ചെയ്തിരുന്നു.. എന്നാൽ സംഭവിച്ചത് അത് ഒന്നുമല്ല..  എങ്കിലും അവൻ ഒന്നും മിണ്ടാതെ മല്ലികയുടെ മടിയിൽ കിടന്നു,  യാതൊരു പരിഭവങ്ങളും ഇല്ലാതെ അവർ തന്റെ കൈകൾ അവന്റെ ശിരസ്സിലൂടെ ഒഴുക്കി.....

" അമ്മയോട് എന്താ പറയാൻ വൈകിയത്..?  അമ്മ എതിർക്കുമെന്ന് കരുതിയോ..?..

"  അല്ലമ്മ പറയാനിരിക്കുകയായിരുന്നു,  ഇന്നല്ലെങ്കിൽ നാളെ അമ്മയോട് പറയുമായിരുന്നു... അമ്മയോട് തന്നെ പറയണം എന്നാണ് ആദ്യം കരുതിയത്,  അതിനിടയിൽ ഗൗരി വന്നു ഇങ്ങനെ ഒരു സീൻ ഉണ്ടാവുന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല...  സോറി എന്റെ ജീവിതത്തിൽ ഏറ്റവും വലിയ പ്രധാനപ്പെട്ട ഒരു കാര്യം ഒരിക്കലും ഇങ്ങനെ അമ്മയോട് പറയണം എന്നല്ല ആഗ്രഹിച്ചത്...

"  അതൊന്നും സാരമില്ല എന്റെ കുട്ടിക്ക് ഒരു ജീവിതം ഉണ്ടായല്ലോ.. ആ കുട്ടിക്ക് എല്ലാ കാര്യങ്ങളും അറിയാമോ..?

"  അറിയാം ഞാൻ പറഞ്ഞു,

" എന്നിട്ട്..?

" അതൊന്നും അവൾക്ക് പ്രശ്നമല്ലെന്നാ പറയുന്നത്...
 പലവട്ടം ഞാൻ ഒഴിഞ്ഞു മാറിയത് ആണ്... അപ്പോഴൊക്കെ സ്നേഹം കൊണ്ട് എന്നെ പൂട്ടിയിടുന്നത് പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്,

"ഒക്കെ സന്തോഷം തന്നെ പക്ഷെ മോനെ ഇപ്പോഴത്തെ കാലാണ്,  പെൺകുട്ടികളെയും നമുക്ക് വിശ്വസിക്കാൻ പറ്റില്ല..!  ഒരിക്കലും മോന്റെ തിരഞ്ഞെടുപ്പ് തെറ്റാണെന്നല്ല ആ കുട്ടിയെ കണ്ടാലേ അറിയാം ഒരു പാവമാണെന്ന്,  എങ്കിലും ഒരു അമ്മ എന്ന നിലയിൽ എന്റെ സംശയമാണ് ഞാൻ ചോദിക്കുന്നത്...  നീയും അവളും തമ്മിൽ പ്രായത്തിൽ ഒരുപാട് വ്യത്യാസമുണ്ട്,നീ രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെന്നും അവൾക്കറിയാമെന്ന് പറയുന്നു,  അപ്പോൾ അവൾ സ്നേഹിക്കുന്നത് നിന്നെ തന്നെയാണോ..?  അതോ  നീ കെട്ടിപ്പൊക്കിയ ഈ സാമ്രാജ്യത്തെയും അതിലെ സ്വത്തുക്കളെയും ആണോ..?  ബുദ്ധിമുട്ടുകളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും വന്ന കുട്ടിയാണ്, സുഖസൗകര്യങ്ങൾ കാണുമ്പോൾ ചിലപ്പോൾ കണ്ണു മഞ്ഞളിച്ചേക്കാം...  അതുകൊണ്ട് ആണ് അമ്മ വീണ്ടും ചോദിക്കുന്നത്...  മനുഷ്യന്മാരെ മനസ്സിലാക്കാനുള്ള കഴിവ് നമ്മുക്ക് ഇല്ല....

ആകുലതയോടെ അവർ പറഞ്ഞു..

 "ശ്രുതിയെ അറിയാത്തതുകൊണ്ടാ അമ്മ ഇങ്ങനെ പറയുന്നത്, അമ്മ അവളെ നന്നായി മനസ്സിലാക്കിയാൽ ഒരിക്കലും ഇങ്ങനെ പറയില്ല... പണം കൊണ്ട് നേടാൻ സാധിക്കാത്ത ഒരുപാട് കാര്യങ്ങൾ ഈ ലോകത്ത് ഉണ്ട്...  അത്തരത്തിലുള്ള ഒന്നു തന്നെയാണ് ശ്രുതിയുടെ കാര്യം,  പണത്തിന് ശ്രുതി ഒട്ടും തന്നെ പ്രാധാന്യം കൊടുക്കുന്നില്ലന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത് ആണ്.... എനിക്ക് വേണ്ടി മരിക്കാൻ പോലും തയ്യാറാണ് ആ കുട്ടി...   എന്നെ വിവാഹം കഴിച്ചാൽ അവൾക്കു മുൻപിലുള്ളത് മരണമാണെന്ന് പലകുറി ഞാൻ അവളോട് പറഞ്ഞു,  അപ്പോഴൊക്കെ അവൾ പറയുന്നത് എന്റെ  ഭാര്യയായി ഒരു നിമിഷം ജീവിച്ചിട്ട് മരിച്ചാലും അത് അവൾക്ക് സന്തോഷമാണെന്ന് ആണ്.... അങ്ങനെ പറയുന്ന ഒരു പെൺകുട്ടിയോട് ഞാൻ എന്താണ് പറയുന്നത്? അമ്മ പറഞ്ഞത് പോലെ ഞങ്ങൾ തമ്മിൽ ഒരുപാട് അന്തരങ്ങൾ ഉണ്ട്,  അത് എനിക്ക് നന്നായിട്ട് അറിയാം..   22 വയസ്സായ ഒരു പെൺകുട്ടിക്ക് മുതിർന്നൊരു പുരുഷനോട് തോന്നുന്ന വെറും ഒരു അഭിനിവേശം മാത്രമാണ് അവൾക്ക് എന്നോട് ഉള്ളത് എന്ന് ആദ്യം എനിക്കും സംശയം ഉണ്ടായിരുന്നു...  പക്ഷേ അവളെ കുറിച്ച് ആഴത്തിൽ അറിഞ്ഞപ്പോൾ ആ സംശയം എനിക്ക് പൂർണമായും മാറുകയാണ് ചെയ്തത്.  ശ്രുതിയെപ്പോലെ എന്നെ സ്നേഹിക്കാൻ മറ്റാർക്കും സാധിക്കില്ല.  ഇതുവരെ അമ്മയോട് പറഞ്ഞിട്ടില്ലാത്ത മറ്റൊരു കാര്യം കൂടി ഞാൻ പറയാം, ആദ്യമായിട്ടും അവസാനമായിട്ടും എന്റെ മനസ്സ് കീഴടക്കിയ ഒരു പെൺകുട്ടിയും ശ്രുതി മാത്രമാണ്.  രണ്ട് പെൺകുട്ടികളെ വിവാഹം കഴിച്ചെങ്കിലും അവർ രണ്ടുപേരും എന്റെ മനസ്സിൽ ചെറിയ സ്ഥാനം പോലും നേടിയിട്ടുണ്ടായിരുന്നില്ല..  അവരെക്കുറിച്ച് ഓർക്കുമ്പോൾ സഹതാപവും വിഷമവും ഒക്കെ എനിക്ക് തോന്നിയിട്ടുണ്ട്,  പക്ഷേ ഒരിക്കൽപോലും ഒരു നഷ്ടബോധമോ പ്രണയമോ രണ്ടുപേരോടും എനിക്ക് തോന്നിയിട്ടില്ല... ഞാൻ കാരണം ജീവിതം നശിച്ചു പോയ രണ്ടു പെൺകുട്ടികൾ.!  അതിനപ്പുറം മറ്റൊന്നും എനിക്ക് ആ കുട്ടികളോട് തോന്നിയിട്ടില്ല,  പക്ഷേ ശ്രുതിയോട് അങ്ങനെയല്ല ആദ്യം കണ്ട നിമിഷം മുതൽ എന്റെ മനസ്സിൽ മായാതെ കിടക്കുന്ന ഒരു മുഖമാണ് അവളുടെ..  ആദ്യത്തെ കണ്ടുമുട്ടൽ പോലും ഒട്ടും സുഖകരമായിരുന്നില്ല, പിന്നീട് എത്രയോ വട്ടം ഞങ്ങൾ തമ്മിൽ കലഹിച്ചിരിക്കുന്നു, ഞാൻ ഏറ്റവും കൂടുതൽ വഴക്ക് കൂടിയിട്ടുള്ളത് ശ്രുതിയോട് ആണെന്ന് പറയുന്നത് ആണ് സത്യം...  പക്ഷേ അവളെ കണ്ട നിമിഷം മുതൽ ഒരു ദിവസം പോലും അവളെ ഓർക്കാതെ ഞാൻ ഉണരുകയോ ഉറങ്ങുകയോ ചെയ്തിട്ടില്ല ആദ്യ കാഴ്ചയിൽ തന്നെ അത്രത്തോളം എന്റെ മനസ്സിൽ സ്ഥാനം നേടാൻ അവൾക്കു സാധിച്ചു,  അവളെക്കുറിച്ച് പറഞ്ഞപ്പോൾ വാചാലനായവനെ തന്നെയാണ് മല്ലിക സൂക്ഷിച്ചു നോക്കിയത്...  ആദ്യമായാണ് തന്റെ മകനിൽ ഇത്തരം ഒരു ഭാവം അവർ കാണുന്നത്.. 

" അതല്ല ഇനി വിധി എനിക്ക് അനുകൂലമല്ലെങ്കിൽ വിവാഹശേഷം ശ്രുതിക്കും മരണമാണ് ഈശ്വരൻ വിധിക്കുന്നതെങ്കിൽ ആ വിധി ഞാനും സ്വയം തിരഞ്ഞെടുക്കും...

 അവസാനത്തെ അവന്റെ വാചകത്തിൽ മല്ലിക ശരിക്കും ഞെട്ടിപ്പോയിരുന്നു,  അവന്റെ കണ്ണുകൾ നിറഞ്ഞതും അവർ കണ്ടു...  അത്രത്തോളം ഹൃദയത്തിൽ തട്ടിയാണ് അവനത് സംസാരിച്ചത് എന്ന് അവർക്ക് മനസ്സിലായി.....കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story