നിളയോഴുകും പോൽ 💙: ഭാഗം 56

nilayozhukumpol

രചന: റിനു

അതല്ല ഇനി വിധി എനിക്ക് അനുകൂലമല്ലെങ്കിൽ വിവാഹശേഷം ശ്രുതിക്കും മരണമാണ് ഈശ്വരൻ വിധിക്കുന്നതെങ്കിൽ ആ വിധി ഞാനും സ്വയം തിരഞ്ഞെടുക്കും...

 അവസാനത്തെ അവന്റെ വാചകത്തിൽ മല്ലിക ശരിക്കും ഞെട്ടിപ്പോയിരുന്നു,  അവന്റെ കണ്ണുകൾ നിറഞ്ഞതും അവർ കണ്ടു...  അത്രത്തോളം ഹൃദയത്തിൽ തട്ടിയാണ് അവനത് സംസാരിച്ചത് എന്ന് അവർക്ക് മനസ്സിലായി.. 

" സഞ്ജു നീ എന്തൊക്കെയാ പറയുന്നത്.? നിനക്ക് വേണ്ടി ജീവിക്കുന്ന അമ്മയെക്കാൾ വലുതാണ് നിനക്ക് അപ്പോൾ രണ്ടുമൂന്ന് മാസത്തെ മാത്രം പരിചയമുള്ള പെൺകുട്ടി അല്ലെ...?

വേദനയോടെ മല്ലിക ചോദിച്ചു

" അങ്ങനെയല്ല അമ്മേ ഞാൻ പറഞ്ഞത്...

" അമ്മയ്ക്ക് മനസ്സിലായി. ഇനി ഒരു പെൺകുട്ടിയുടെ കൂടെ ദുർഗതി നിനക്ക് കാണാൻ വയ്യെന്ന്, മാത്രമല്ല ഈ കുട്ടിയെ നിനക്ക് ഇഷ്ടമാണെന്ന്..  ഇതുകൊണ്ട് നിന്നെ ബാധിച്ചിരിക്കുന്ന എല്ലാ ശാപങ്ങളും മാഞ്ഞു പോകും മോനെ, എനിക്ക് ഉറപ്പാ,  നീ മനസ്സറിഞ്ഞ് സ്നേഹിച്ച കുട്ടിയല്ലേ..?  അവൾക്ക് നിന്റെ ജീവിതത്തിൽ പ്രകാശം നിറയ്ക്കാൻ കഴിയുമെങ്കിൽ അമ്മയ്ക്ക് അതിൽപരം മറ്റൊരു സന്തോഷവും ഇല്ല..  നിന്നെ അവൾ സ്നേഹിക്കുന്നത് 100% ആത്മാർത്ഥമായിട്ടാണെങ്കിൽ തീർച്ചയായിട്ടും അമ്മ മുന്നിൽ നിന്ന് വിവാഹം നടത്തി തരും... എന്റെ മോൻ വിഷമിക്കാതെ,

 സഞ്ജയ്ക്ക് അമ്മയുടെ ആ വാക്കുകൾ  നൽകിയ സാന്ത്വനം ചെറുതായിരുന്നില്ല.  ജീവിതത്തിലേക്ക് സ്വപ്നങ്ങൾ പ്രതീക്ഷയോടെ വീണ്ടും വരുന്നത് സഞ്ജയ് അറിയുകയായിരുന്നു.  അതേ കിടപ്പിൽ അവരുടെ മടിയിൽ തന്നെ കിടന്നു അവൻ ഉറങ്ങി പോയിരുന്നു.  ഒരു താരാട്ടിന്റെ ഈണം പോലെ അവരുടെ തണുത്ത കരങ്ങളുടെ തഴുകൽ അവന്റെ മുടിയെ തണുപ്പിച്ചു കൊണ്ടേയിരുന്നു...    പിറ്റേന്ന് ഓഫീസിലേക്ക് പോകാൻ പതിവിലമധികം സന്തോഷമുണ്ടായിരുന്നു അവന്.  ശ്രുതിയോട് എത്രയും പെട്ടെന്ന് അമ്മ സമ്മതിച്ച വിവരം പറയണം എന്ന് അവൻ ചിന്തിച്ചു... അവളുടെ ഭയം അമ്മ സമ്മതിക്കുമോ എന്നതായിരുന്നു.

" സഞ്ജു.....

 താഴെ നിന്നും മല്ലികയുടെ ശബ്ദം കേട്ടപ്പോൾ തന്നെ  അവൻ ഇറങ്ങി വന്നിരുന്നു.  ഓഫീസ് വേഷത്തിൽ അവനെ കണ്ടപ്പോൾ തന്നെ അവൻ ഓഫീസിലേക്ക് പോവുകയാണെന്ന് മല്ലികക്ക് മനസ്സിലായി...

" ഇന്നുതന്നെ  പോകണോ മോനെ പനിയൊക്കെ ശരിക്കും ഒന്ന് മാറിയിട്ട് പോയാൽ പോരെ?

"  ഞാൻ ഇപ്പോൾ ഓക്കേ ആണമ്മേ...

"   ഇന്ന് വൈകുന്നേരം നീ ശ്രുതിയെയും കൊണ്ട് നമ്മുടെ കുടുംബക്ഷേത്രത്തിലേക്ക് വരണം... ഞാൻ അവിടെ ഉണ്ടാവും, ആ കുട്ടിയോട് ഒന്ന് സംസാരിക്കണം  എനിക്ക്....

"വരാം...!  ഞാനിത് പറയുമ്പോൾ കക്ഷിക്ക് വലിയ സന്തോഷമാകും...

" എങ്കിലും എന്റെ സഞ്ജു നിന്നെപ്പോലെ മൂർഖനായ ഒരാളെ എങ്ങനെയാ ആ കുട്ടിക്ക് ഇഷ്ടമായെന്ന് എനിക്ക് അങ്ങട് മനസ്സിലാവുന്നില്ല....

മല്ലിക ചിരിയോടെ പറഞ്ഞപ്പോൾ അവന്റെ ചൊടിയിലും ഒരു പുഞ്ചിരി ബാക്കിയായിരുന്നു...

  ഓഫീസിൽ എത്തി ഓരോ ജോലികൾ ചെയ്യുമ്പോഴും കണ്ണ് പടിവാതിൽക്കൽ നിൽക്കുകയായിരുന്നു..  അവൾ വരുന്നുണ്ടോ വരുന്നുണ്ടോ എന്ന് നോക്കിക്കൊണ്ട്. ആഗ്രഹിച്ച രൂപം വാതിൽ പടിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഒരു കൃത്രിമ ഗൗരവത്തോടെ ലാപ്ടോപ്പിലേക്ക് നോക്കിയിരുന്നു.  അവന്റെ അരികിലേക്ക് വന്ന് തന്റെ ചൂണ്ടുവിരലുകൾ കൊണ്ട് വീർത്തിരുന്ന അവന്റെ കവിളിൽ ഒന്ന് കുത്തിയിരുന്നു ശ്രുതി.

 അവൻ ഗൗരവത്തോടെ അവളുടെ മുഖത്തേക്ക് നോക്കി,

" എന്താണ് ഇന്ന് മുഖം ഇത്രയും കേറ്റി പിടിച്ചു വച്ചിരിക്കുന്നത്..?

അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു...

" എന്താ ഇഷ്ടമായില്ലേ..?

"  ഇഷ്ടമായില്ല, എന്റെ സാറ് നന്നായിട്ട് ചിരിച്ചുകൊണ്ടിരിക്കുന്നത് ആണ് എനിക്കിഷ്ടം...

"  അതല്ല ശ്രുതി ഒരു പ്രശ്നമുണ്ട്...!

 അവൻ ഗൗരവത്തിൽ പറഞ്ഞുകൊണ്ട് കസേരയിൽ നിന്നും എഴുന്നേറ്റു,  അവന്റെ മുഖത്തെ ഗൗരവം കണ്ടപ്പോൾ തന്നെ എന്തോ കാര്യമായ പ്രശ്നം ഉണ്ടെന്ന് അവൾക്കും തോന്നിയിരുന്നു... ആ നിമിഷം അവളുടെ മനസ്സിലേക്ക് തലേദിവസത്തെ സംഭവങ്ങൾ ഓരോന്നായി വരാൻ തുടങ്ങി.

" എന്താ സാർ...? വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ...?

അതെ എന്ന രീതിയിൽ അവൻ തല ഇളക്കി...  ആ നിമിഷം അവളിൽ ഉണ്ടായിരുന്ന സന്തോഷമൊക്കെ എവിടേക്കോ ഓടിപൊയിരുന്നു....

"അമ്മയോട് ഞാൻ തന്റെ കാര്യം സംസാരിച്ചു..

" അമ്മ എന്തു പറഞ്ഞു

 അവളുടെ ചോദ്യത്തിന് മറുപടിയൊന്നുമില്ലാതെ സഞ്ജയ് കുറച്ചുനേരം വിദൂരതയിൽ എവിടേക്കോ നോക്കി നിന്നു...  അതിൽ നിന്നു തന്നെ പ്രശ്നം അല്പം ഗുരുതരമാണെന്ന് ശ്രുതിക്ക് മനസ്സിലായിരുന്നു.

"  സാറിങ്ങനെ വിഷമിക്കാതെ ഇതൊക്കെ സാർ തന്നെ എന്നോട് നേരത്തെ പറഞ്ഞതല്ലേ, ഒരുപാട് പ്രതിസന്ധിഘട്ടങ്ങൾ നേരിടേണ്ടി വരുമെന്ന്...  പിന്നെ ഇങ്ങനെ എതിർപ്പ് വന്നതിന്റെ പേരിൽ സാറിങ്ങനെ ടെൻഷനടിക്കേണ്ട കാര്യമൊന്നുമില്ലല്ലോ.. നമ്മളിത് ഓൾറെഡി പ്രെഡിക്ട് ചെയ്തതായിരുന്നില്ലേ..?

 അവനെ ആശ്വസിപ്പിക്കാൻ ആയി മനസ്സ് വേദനിക്കുമ്പോഴും അവൾ പറഞ്ഞു...

"  അതിന് ആരവിടെ ടെൻഷനടിച്ചത്

ഗൗരവം ഒക്കെ മാറ്റി അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചപ്പോൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാവാതെ നിൽക്കുകയായിരുന്നു ശ്രുതി.

"അമ്മ സമ്മതിച്ചതിന് ഞാനെന്തിനാ ടെൻഷൻ അടിക്കുന്നത്...?

ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവൻ പറഞ്ഞത് മനസ്സിലാവാത്തത് പോലെ അവൾ അവന്റെ മുഖത്തേക്ക് നോക്കി,

" എന്താ പറഞ്ഞേ..?

" അമ്മ സമ്മതിച്ചു എന്ന്, വൈകിട്ട് താൻ എന്റെ കൂടെ ഒന്ന് കുടുംബക്ഷേത്രം വരെ വരണം.  അവിടെ അമ്മ വരും തന്നെ ഒന്ന് കണ്ട് സംസാരിക്കാൻ..   അമ്മ പറഞ്ഞത് എന്തൊക്കെ പ്രശ്നമുണ്ടെങ്കിലും ഈ വിവാഹം മുൻപിൽ നിന്ന് അമ്മ നടത്തിത്തരുന്നാ... എനിക്ക് വേറെ ആരുടെയും സമ്മതം വേണ്ട,  അമ്മയുടെ മാത്രം സമ്മതം മതി...!  എനിക്ക് എന്ത് സമാധാനമായി എന്നറിയോ തന്നെ ഒന്ന് വട്ട് കളിപ്പിക്കാൻ വേണ്ടിയല്ലേ ഞാൻ ഇങ്ങനെയൊക്കെ ചെയ്തത്... അമ്മ സമ്മതിച്ചപ്പോൾ എനിക്ക് എന്താ തോന്നിയത് എന്ന് അറിയോ...?

ഇത്രയും ഉത്സാഹത്തോടെ അവനെ അവൾ കണ്ടിട്ടേ ഉണ്ടായിരുന്നില്ല.. അവന്റെ മുഖത്തേക്ക് അവൾ അത്ഭുതത്തോടെ നോക്കി..  ഇത്രയും വാചാലനായി ഇന്നോളം തന്നോട് അവൻ സംസാരിച്ചിട്ടില്ല.  കണ്ണുകൾ വിടരുകയും മുഖത്ത് പല ഭാവങ്ങൾ വിരിയുകയും ഒക്കെ ചെയ്യുന്നത് ഒട്ടൊരു കൗതുകതോടെയാണ് അവൾ നിരീക്ഷിച്ചത്...

"അറിയുമോന്ന്...??

 അവളുടെ തോളിലിട്ട് ഒന്ന് കുത്തികൊണ്ട് ഒന്നുകൂടി അവൻ ചോദിച്ചു..  അവൾ ഇല്ല എന്ന അർത്ഥത്തിൽ തലചലിപ്പിച്ചു...

"  ഇങ്ങനെ കെട്ടിപ്പിടിച്ച് ഞെരിച്ച് ഒരു ഉമ്മ തരാൻ...

അവനത് പറഞ്ഞപ്പോൾ ഒരു നിമിഷം അവളിൽ നാണം പൂത്തുലഞ്ഞിരുന്നു, അതൊരു പുഞ്ചിരിയായി ആ ചുണ്ടിൽ പരിണമിച്ചു..

" എങ്കിൽ താ...!

 ഏറെ നാണത്തോടെ അവന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു.

"ഇപ്പോഴോ..? ഇവിടെ ക്യാമറയൊക്കെയുണ്ട്,

" അത്രക്ക് ഡിമാൻഡ് ആണെങ്കിൽ വേണ്ട...

 കപട ദേഷ്യത്തോടെ അവന്റെ അരികിൽ നിന്നും തിരികെ പോകാൻ തുടങ്ങിയവളുടെ കയ്യിൽ അവൻ പിടുത്തമിട്ടു..  പിന്നെ കൈകൊണ്ട് താൻ നിൽക്കുന്ന ഭാഗത്തെ ഷെൽഫിന് അരികിലുള്ള സ്വിച്ച് ബോർഡിന്റെ അരികിലായി ഉള്ള വിരലമർത്തി...  ആ നിമിഷം തന്നെ ആ ക്യാബിനുള്ളിലെ ലൈറ്റുകൾ എല്ലാം തന്നെ ഓഫ് ആയിരുന്നു, ഒരു ഇരുട്ട് നിറഞ്ഞു... ഒരു നിമിഷം അവൾക്ക് ചിന്തിക്കാൻ പോലും സാവകാശം കൊടുക്കാതെ അവളെ വലിച്ച് തന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു.  അവൻ പറഞ്ഞതുപോലെ തന്നെ അല്പം തീവ്രമായി തന്നെ പുണർന്നു,  പിന്നെ ഏറെ ഇഷ്ടത്തോടെ അവളുടെ മൂർദ്ധാവിൽ ഒരു ചുംബനം നൽകി.... ശേഷം അവളെ തന്നിൽ നിന്നും അകറ്റി അവൻ ലൈറ്റ് ഓൺ ആക്കി...  ആ നിമിഷം അവളുടെ മുഖഭാവം അവൻ കൗതുകത്തോടെ തന്നെ നോക്കി,  രക്തവർണ്ണമായിരിക്കുന്നു ആ മുഖം..  അത്രത്തോളം ചുവന്നു പോയിട്ടുണ്ട് പെണ്ണ്...!

"  ഇനി പോയി ജോലി ചെയ്യ്,

 അത്രയും പറഞ്ഞ് ചിരിയോടെ അവൻ വീണ്ടും സീറ്റിൽ ഇരുന്ന് ലാപ്ടോപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു...

 പുറത്തേക്ക് പോയവൾ അല്പം നേരം കഴിഞ്ഞ് പരിഭ്രമിച്ച മുഖത്തോടെ തിരികെ വന്നത് കണ്ടതും അവൻ എന്താണ് കാര്യം എന്ന് തിരക്കി...

" അടുത്ത വീട്ടിലെ ചേച്ചി വിളിച്ചിട്ട് ഉണ്ടായിരുന്നു അമ്മയ്ക്ക് പെട്ടെന്ന് ഒരു തലകറക്കം പോലെ വന്നിട്ട് ആശുപത്രിയിൽ ആക്കി. ഞാൻ വീട്ടിലോട്ടു പൊയ്ക്കോട്ടെ..?

 അവളുടെ മുഖത്ത് നിറഞ്ഞുനിന്നിരുന്ന പരിഭ്രമവും കരയാനുള്ള വ്യഗ്രതയും ഒക്കെ അവനു മനസ്സിലായി..

" ഏത് ആശുപത്രിയിലാണ്

"  അവിടെയുള്ള ഗവൺമെന്റ് ആശുപത്രിയിൽ

"   ഞാനും കൂടെ വരാം

 അവൻ പറഞ്ഞപ്പോൾ അവൾ എതിർത്തിരുന്നില്ല അവളുടെ മാനസികാവസ്ഥ അവന് നന്നായി മനസ്സിലാകുമായിരുന്നു.  രണ്ടുപേരും ഒരുമിച്ച് ക്യാബിനിൽ നിന്നും പുറത്തിറങ്ങുന്നത് കണ്ടപ്പോൾ തന്നെ ജോലിക്കാരിൽ പലരും പരസ്പരം മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു..  ഇരുവരുടെയും ഒരുമിച്ചുള്ള യാത്രകളും സംസാരരീതികളും ഒക്കെ ഇതിനോടകം തന്നെ ഓഫീസിൽ ഒരു സംസാരവിഷയമായി മാറിയിരുന്നു.  ഇതിനിടയിൽ ഗൗരി തന്നെ കൊണ്ട് പറ്റാവുന്ന രീതിയിൽ സഞ്ജുവിനെയും ശ്രുതിയും ഓഫീസിൽ നാറ്റിക്കുകയും ചെയ്തിട്ടുണ്ട്.  അടുത്തുള്ള വീട്ടിലെ ചേച്ചിയോട് വിളിച്ച് ചോദിച്ചപ്പോൾ  ആശുപത്രിയിലാണ് എന്ന് അറിഞ്ഞിരുന്നു..  അങ്ങോട്ടുള്ള യാത്രയിൽ മുഴുവൻ അവളുടെ മുഖത്ത് ആ പരിഭ്രമം  കാണുന്നുണ്ടായിരുന്നു. ഇടയ്ക്ക് കഴുത്തിലെ ഏലസിൽ തൊട്ട് പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്.  പേടി വന്നാൽ അവൾ അങ്ങനെയാണ് ചെയ്യുന്നത്.  പലവട്ടം തന്നോടൊപ്പം ഉള്ള യാത്രകളിലും അവളുടെ ഈ ഒരു രീതി അവൻ ശ്രദ്ധിച്ചിട്ടുണ്ട്.  അവളുടെ മാനസികാവസ്ഥ മനസ്സിലാക്കി അവൻ അവളുടെ കൈകളിൽ ആർദ്രമായി ഒന്ന് പിടിച്ചു..

" ഒന്നും വരില്ല പേടിക്കേണ്ട ബിപിയോ മറ്റോ ഷൂട്ട് ആയത് ആവും.

" അമ്മയ്ക്ക് അങ്ങനെ പ്രശ്നമൊന്നുമില്ല

" അതിനങ്ങനെ പ്രത്യേകിച്ച് സമയം ഒന്നും വേണ്ട.  എന്തെങ്കിലും ഭക്ഷണം ശരിക്ക് ചെല്ലാതിരിക്കുക അങ്ങനെ എന്തെങ്കിലും ചെറിയ കാര്യം മതി..  ഒന്നുമുണ്ടാവില്ലഡോ ഞാനല്ലേ പറയുന്നേ...

 അവൻ ആർദ്രമായി പറഞ്ഞിരുന്നു,

 ആശുപത്രിയിലേക്ക് എത്തിയതും അടുത്തുള്ള വീട്ടിലെ കുറച്ച് ആളുകൾ ഉണ്ടായിരുന്നു... എല്ലാരും സഞ്ചയെ നോക്കുന്നുണ്ട്... അമ്മയെ കാഷ്വാലിറ്റിയിൽ നിന്നും വാർഡിലേക്ക് മാറ്റിയിട്ടുണ്ട് എന്ന് അവർ പറഞ്ഞിരുന്നു...  ബോധം വന്നിട്ടുണ്ട് എന്നും പറഞ്ഞു അത് കേട്ടപ്പോൾ തന്നെ അവൾക്ക് പകുതി ആശ്വാസമായിരുന്നു,  ആശ്വാസത്തോടെ അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഞാൻ പറഞ്ഞത് എന്തായി എന്ന ഭാവമായിരുന്നു അവന്റെ മുഖത്ത്...

" ചെല്ല്... അമ്മയെ പോയി കണ്ടിട്ട് വാ...  ഞാന് റൂമോ മറ്റോ കിട്ടുമോ നോക്കട്ടെ...

 അതും പറഞ്ഞ് അവൻ പുറത്തേക്ക് നടന്നു.. വാർഡിൻറെ ഒരു ഓരത്ത് ആയി കിടക്കുന്ന അജിതയെ കണ്ട് ആവേശത്തോടെ അവർകരികിലേക്ക് നടന്നുകൊണ്ട് അവരുടെ അരികിലായി ഇരുന്നിരുന്നു. ശേഷം അവരുടെ നെറ്റിയിൽ ആർദ്രമായി തലോടിക്കൊണ്ട് അവൾ ആശ്വാസത്തോടെ വിളിച്ചു

"അമ്മേ....

കണ്ണു തുറന്നു നോക്കിയ അജിത കാണുന്നത് തന്റെ അരികിൽ നിറകണ്ണുകളോടെ ഇരിക്കുന്ന മകളെയാണ്. അവളെ കണ്ടതും  പെട്ടെന്ന് അവർ  തന്റെ വലതു കൈകൊണ്ട് അവളുടെ ഇടതു കരണം പുകച്ചിരുന്നു......കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story