നിളയോഴുകും പോൽ 💙: ഭാഗം 57

രചന: റിനു

അവരുടെ നെറ്റിയിൽ ആർദ്രമായി തലോടിക്കൊണ്ട് അവൾ ആശ്വാസത്തോടെ വിളിച്ചു

"അമ്മേ....

കണ്ണു തുറന്നു നോക്കിയ അജിത കാണുന്നത് തന്റെ അരികിൽ നിറകണ്ണുകളോടെ ഇരിക്കുന്ന മകളെയാണ്. അവളെ കണ്ടതും  പെട്ടെന്ന് അവർ  തന്റെ വലതു കൈകൊണ്ട് അവളുടെ ഇടതു കരണം പുകച്ചിരുന്നു..

ഒന്നും മനസ്സിലാവാതെ ശ്രുതി അമ്മയുടെ മുഖത്തേക്ക് നോക്കി

"അമ്മേ.... അമ്മ എന്താ ഈ കാണിക്കുന്നത് എന്തുപറ്റി? എന്തിനാ എന്നെ അടിച്ചത്

 " നശിച്ചു പോയല്ലോഡി നീ...

 പറയുന്നതിനോടൊപ്പം അവരുടെ കണ്ണുകളും കലങ്ങി പോയിരുന്നു... കാര്യം എന്താണെന്ന് മനസ്സിലാവാതെ ശ്രുതി ഒരിക്കൽ കൂടി അവരെ നോക്കി....

"  നീ  രാവിലെ കെട്ടി ഒരുങ്ങി ജോലിക്കന്നും പറഞ്ഞു  ഇറങ്ങുന്നത് എന്തിനാണ്...?  നീയും നിന്റെ കമ്പനിയിലെ മുതലാളിയും തമ്മിൽ എന്താ ബന്ധം.?

 അമ്മയെല്ലാം അറിഞ്ഞിരിക്കുന്നു എന്ന് അവൾക്ക് മനസ്സിലായി...

"അമ്മ എന്തൊക്കെയാ പറയുന്നെ ഇതൊക്കെ അമ്മയോട് ആരാ പറഞ്ഞത്...?

"  പറഞ്ഞത് ആരും ആയിക്കോട്ടെ, അറിഞ്ഞത് സത്യമല്ലേ...?

" എനിക്ക് പലതവണ സംശയം തോന്നിയിരുന്നു, പക്ഷേ എന്റെ മോള് അങ്ങനെയൊന്നും ചെയ്യില്ലെന്ന് ഞാൻ വിശ്വസിച്ചു.  അത് തെറ്റായിരുന്നു  എന്ന് നീ എനിക്ക് കാണിച്ചു തന്നു...  എന്റെ സംശയങ്ങളൊക്കെ ശരിയായിരുന്നു എന്ന് വളരെ വേഗം തന്നെ നീ എനിക്ക് മനസ്സിലാക്കി തന്നു.. നീയും അയാളും തമ്മിൽ പ്രേമത്തിലാണോ.?  എനിക്ക് അത് മാത്രം അറിഞ്ഞാൽ മതി.

"  അമ്മ വിചാരിക്കുന്നത് പോലെയല്ല ഞാൻ പറയുന്നത് ഒന്ന് കേൾക്ക്....

"  ഞാൻ ചോദിച്ചതിനു മറുപടി പറയടി

അജിത ദേഷ്യത്തോടെ  അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ആ കണ്ണുകളിൽ നിന്നും അഗ്നിപാറുന്നതായി അവൾക്ക് തോന്നി... കണ്ണിൽ നിന്നും ഒഴുകിയിറങ്ങുന്ന കണ്ണുനീർ തുടച്ചുകൊണ്ട് അവൾ സമ്മതിച്ചു...

"അതെ...!  ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാ ഒരിക്കലും പിരിയാൻ പറ്റാത്ത വിധം ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ട്...  സാറ് തിരിച്ച് എന്നെയും....

" രണ്ട് വിവാഹം കഴിച്ച് രണ്ട് പെൺകുട്ടികളുടെ ജീവിതം തകർത്ത നിന്നെക്കാൾ ഇരട്ടി പ്രായമുള്ള അയാളെ മാത്രം നിനക്ക് പ്രേമിക്കാൻ കിട്ടിയുള്ളൂ അല്ലേ...?  അയാളുടെ സ്വത്തും പണവും ഒക്കെ കണ്ടപ്പോൾ നിന്റെ കണ്ണ് മഞ്ഞളിച്ചു പോയി അല്ലേടി... കടങ്ങളും ബുദ്ധിമുട്ടുകളും തീർക്കാൻ ഇതാണോ നീ കണ്ടെത്തിയ മാർഗം...  ഇതിൽ നല്ലത് നീ.....

" അമ്മേ.....

ബാക്കി പറയാനനുവദിക്കാതെ അവൾ  അവരുടെ വായ പൊത്തി....

"  അമ്മ എന്ത് അറിഞ്ഞിട്ടാ ഈ പറയുന്നത്...

" ഇപ്പൊ ഞാൻ അറിഞ്ഞതിൽ കൂടുതൽ ഒന്നും എനിക്കറിയേണ്ട,  ഒരു കാര്യം ഞാൻ നിന്നോട് പറയാം. ഇനി നീ അയാളെ കാണുകയോ ഓഫീസിൽ ജോലിക്ക് പോവുകയോ ചെയ്തിട്ടുണ്ടെങ്കിൽ എന്റെ ശവമായിരിക്കും കാണാൻ പോകുന്നത്...  ഇങ്ങനെ നശിച്ച ഒരു ജീവിതം എനിക്ക് വേണ്ട..  ഇതിലും നല്ലത് മരിക്കുന്നത് തന്നെയാണ്..  മോള് കാരണം അമ്മ ആത്മഹത്യ ചെയ്തുവെന്ന് മറ്റുള്ളവർ പറയാൻ ഇടവരുത്തരുത്....

 പെട്ടെന്നാണ് സഞ്ജയ് വാർഡിലേക്ക് കയറി വരുന്നത് അവൾ കണ്ടത്...

"അമ്മേ സാർ ഇങ്ങോട്ട് വരുന്നുണ്ട്... നമുക്ക് സംസാരിക്കാം,  ദയവുചെയ്ത് അമ്മ ഇപ്പോൾ സാറിനോട് ദുർമുഖം കാണിക്കരുത്. അമ്മ അറിഞ്ഞതൊന്നുമല്ല സത്യം.  ഒരുപാട് കാര്യങ്ങൾ അമ്മ അറിയാനുണ്ട്.  അതൊക്കെ ഞാൻ പറയാം. ഒന്നുമല്ലെങ്കിലും നമ്മുടെ പട്ടിണി മാറ്റിയ മനുഷ്യനാണ്...  അങ്ങനെയുള്ള ആളിനോട് ഒരിക്കലും ദുർമുഖം കാണിക്കരുത്. അമ്മ വിചാരിക്കുന്നത് പോലെ ഒരു സ്ത്രീലമ്പടനായി. മനുഷ്യൻ ഒന്നുമല്ല  അദ്ദേഹം....

 അവൾ പറഞ്ഞതിന് മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും സഞ്ജയ്യെ കണ്ടപ്പോഴേക്കും കണ്ണുകൾ അടച്ച് കിടന്നിരുന്നു അജിത. ഒരുവിധത്തിൽ അവരുടെ ആ പ്രവർത്തി ശ്രുതിക്ക് ആശ്വാസമാണ് പകർന്നത്..  അവൻ കാണാതെ പെട്ടെന്ന് ഷാൾ കൊണ്ട് അവൾ കണ്ണുകൾ തുടച്ചു.

" അമ്മയ്ക്ക് എങ്ങനെയുണ്ട് ശ്രുതി....

 അരികിലേക്ക് വന്നുകൊണ്ട് അവൻ ചോദിച്ചു.

"  കുഴപ്പമൊന്നുമില്ല മരുന്നിന്റെ ഒരു സഡേഷൻ ആണെന്ന് തോന്നുന്നു..  നല്ല ഉറക്കത്തിലാ,

" ഉം.... റൂം കിട്ടുന്നാ പറഞ്ഞത്.  ഞാന് അതിനുള്ള സൗകര്യങ്ങളൊക്കെ ചെയ്തിട്ടുണ്ട്. വൈകുന്നേരം റൂമിലേക്ക് മാറാൻ പറ്റും.  വേറെന്തെങ്കിലും വേണോ കാന്റീനിൽ നിന്ന് ഫുഡോ  വല്ലതും വാങ്ങാണോ മറ്റോ ഉണ്ടെങ്കിൽ ഞാൻ പോയി വാങ്ങിയിട്ട് വരാം....

" ഒന്നും വേണ്ട ഞാനിവിടെ ഉണ്ടല്ലോ പിന്നെ സാറിനെ തിരക്കുണ്ടെങ്കിൽ പൊയ്‌ക്കോ..  ഞാൻ ഇവിടത്തെ വിവരങ്ങളൊക്കെ ഫോൺ വിളിച്ച് അറിയിക്കാം,  തിരക്കൊന്നുമില്ല താൻ ഇവിടെ തന്നെ നിൽക്കുമ്പോൾ...

"  സാരമില്ല ഇങ്ങനെ ഒരു ഹോസ്പിറ്റലിൽ സാറിന് നിന്ന് പരിചയമില്ലല്ലോ...  മാത്രമല്ല ഇത് വാർഡ് അല്ലേ ഒരുപാട് ആളുകൾ നിൽക്കുന്നത് അവരും സമ്മതിക്കില്ല... ഞാൻ സാറിനെ വിളിച്ചോളാം.

"  ശരി താനോന്ന് പുറത്തേക്ക് വാ...

അവൻ അത് പറഞ്ഞ് മുൻപിൽ നടന്നപ്പോൾ അജിതയെ ഒന്നുകൂടി നോക്കിയതിനു ശേഷം രണ്ടും കൽപ്പിച്ച് അവൾ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.. പോകാൻ തുടങ്ങുന്നതിനു മുൻപ് അവളുടെ കയ്യിൽ അജിത പിടുത്തമിട്ടിരുന്നു...

"  10 മിനിറ്റിനുള്ളിൽ തിരിച്ചു വന്നിരിക്കണം,  പിന്നെ ഇത് അവനോടുള്ള നിന്റെ അവസാനത്തെ സംസാരം ആയിരിക്കണം..  ഇല്ലെങ്കിൽ നിനക്ക് അമ്മ ഉണ്ടാവില്ലന്ന് കരുതിക്കോ...

 അവർ പറഞ്ഞപ്പോൾ മറുപടിയൊന്നും പറയാൻ നിൽക്കാതെ അവൾ പുറത്തേക്ക് പോയിരുന്നു...  പുറത്തേക്ക് ചെന്നപ്പോൾ തന്നെ കാത്ത് അവിടെ നിൽക്കുകയാണ് സഞ്ജയ്... അവന്റെ മുഖത്തേക്ക് നോക്കാൻ ഒരു നിമിഷം അവൾക്ക് ഭയം തോന്നി.  തന്റെ മനസ്സിലുള്ളത് ഇപ്പോൾ അവൻ അറിഞ്ഞാൽ പൂർണമായും തകർന്നു പോകുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. അമ്മയെ എങ്ങനെയെങ്കിലും പറഞ്ഞു മനസ്സിലാക്കാം എന്നുള്ള ഒരു വിശ്വാസമായിരുന്നു അവളുടെ മനസ്സിൽ ഉണ്ടായിരുന്നത്.  അതുകൊണ്ടു തന്നെ ഒന്നും അവനെ അറിയിക്കാൻ അവൾ താല്പര്യപ്പെട്ടിരുന്നില്ല.

"  താൻ വിഷമിക്കേണ്ട അമ്മയ്ക്ക് ഒന്നും ഉണ്ടാവില്ല.

 അവൾ വെറുതെ തലയാട്ടി അവൻ കുറച്ചു നോട്ടുകൾ എടുത്ത് അവളുടെ കൈകളിലേക്ക് കൊടുത്തു..

"  വേണ്ട സാർ എന്റെ കയ്യിൽ ആവശ്യത്തിനുണ്ട്

"  ഇരിക്കട്ടെടോ ഹോസ്പിറ്റൽ കേസ് അല്ലേ? എപ്പോഴാണ് അത്യാവിശ്യം വരുന്നതെന്ന് പറയാൻ പറ്റില്ല. പോരാത്തതിന് ജനറൽ ഹോസ്പിറ്റൽ അവര് പുറത്തുനിന്ന് വിലകൂടിയ മരുന്നൊക്കെ വാങ്ങിപ്പിച്ചാൽ  രാത്രിയിൽ ഒറ്റയ്ക്ക് എന്ത് ചെയ്യും...

അവനത് നൽകിയിട്ടും അവൾ വാങ്ങാൻ മടിച്ചു നിന്നപ്പോൾ ബലമായി അവളുടെ ബാഗിലേക്ക് അവനത് ഇട്ടു കൊടുത്തിരുന്നു... ആരും കാണുന്നില്ല എന്ന് ഉറപ്പുവരുത്തി അവളുടെ കൈകളിൽ അവൻ മുറുക്കി പിടിച്ചു ശേഷം ആർദ്രമായി ആ മുഖത്തേക്ക് നോക്കി പറഞ്ഞു..

"  വിഷമിക്കേണ്ട എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി..  ഏതു പാതിരാത്രിയിലും ഞാൻ ഓടി വരാം....

അവൾ കൈ തലയാട്ടിയിരുന്നു.

"  എങ്കിൽ ഞാൻ ഇറങ്ങട്ടെ ഞാൻ വിളിക്കാം... പിന്നെ അമ്മയുടെ കാര്യം മാത്രം നോക്കാതെ താനും സമയസമയത്ത് ഭക്ഷണം ഒക്കെ കഴിക്കണം.  ഇല്ലെങ്കിൽ അടുത്ത ദിവസം താൻ ആയിരിക്കും ഇവിടെ അഡ്മിറ്റ് ആവുന്നത്.  തനിക്ക് ആണെങ്കിൽ തല ചുറ്റൽ എന്ന് പറയുന്നത് കൂടെപ്പിറപ്പ് ആണ്...

 ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവനുവേണ്ടി മാത്രമായി ഒരു കൃത്രിമ ചിരി അവളുടെ മുഖത്ത് ഉണ്ടായിരുന്നു...  അവളുടെ വേദനയുടെ കാരണം അമ്മയുടെ അസുഖമാണെന്നാണ് അവൻ കരുതിയത്... എന്നാൽ അതിലും ചുട്ടുപൊള്ളിക്കുന്ന വേദനകളാണ് അവളുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നത് എന്ന് അവൻ മനസ്സിലാക്കിയിരുന്നില്ല..  ഒരിക്കൽ കൂടി അവളോട് യാത്ര പറഞ്ഞു അവൻ ആശുപത്രിയിൽ നിന്നും അകലുമ്പോൾ തന്റെ ജീവിതത്തിൽ നിന്നു കൂടിയാണ് അവൻ അകന്നു പോകുന്നത് എന്ന ഒരു ചിന്തയായിരുന്നു ആ നിമിഷം അവളിൽ..  അറിയാതെ അവളുടെ കണ്ണുകൾ കവിഞ്ഞു പോയിരുന്നു.....കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story