നിളയോഴുകും പോൽ 💙: ഭാഗം 58

രചന: റിനു

അവളുടെ വേദനയുടെ കാരണം അമ്മയുടെ അസുഖമാണെന്നാണ് അവൻ കരുതിയത്... എന്നാൽ അതിലും ചുട്ടുപൊള്ളിക്കുന്ന വേദനകളാണ് അവളുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നത് എന്ന് അവൻ മനസ്സിലാക്കിയിരുന്നില്ല..  ഒരിക്കൽ കൂടി അവളോട് യാത്ര പറഞ്ഞു അവൻ ആശുപത്രിയിൽ നിന്നും അകലുമ്പോൾ തന്റെ ജീവിതത്തിൽ നിന്നു കൂടിയാണ് അവൻ അകന്നു പോകുന്നത് എന്ന ഒരു ചിന്തയായിരുന്നു ആ നിമിഷം അവളിൽ..  അറിയാതെ അവളുടെ കണ്ണുകൾ കവിഞ്ഞു പോയിരുന്നു.


 "അമ്മേ... അമ്മ അറിഞ്ഞതൊന്നുമല്ല സത്യം...  അതിനപ്പുറം ഒരുപാട് കാര്യങ്ങൾ അമ്മ ഇനിയും മനസ്സിലാക്കാൻ ഉണ്ട്....  അതൊന്നും അറിയാതെ അമ്മ അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ ഓരോ കാര്യങ്ങൾ പറയുന്നത്....

 തിരികെ അമ്മയുടെ അരികിൽ എത്തിയ ശ്രുതി സഞ്ജയുടെ നിരപരാധിത്വം അജിതയ്ക്ക് മുൻപിൽ തെളിയിക്കാൻ ശ്രമിച്ചു...

"  നീ ഇനി കൂടുതലായിട്ട് അയാളെ പറ്റി ഒന്നും പറയണ്ട, ഓഫീസിൽ ജോലിക്ക് വന്ന നിർധനയായ ഒരു പെൺകുട്ടിയെ പ്രണയം നടിച്ച് തന്റെ വരുതിയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ച അയാളുടെ മനസ്സിൽ എന്താണെന്ന് എനിക്ക് നന്നായി ഊഹിക്കാം...  പലതവണ നിന്നെ തിരക്കി അയാൾ വീട്ടിൽ വന്നപ്പോൾ തന്നെ ഞാൻ ഇതൊക്കെ ഊഹിച്ചിരുന്നു..  അപ്പോഴോക്കെ എന്റെ തോന്നലുകൾ ആയിരിക്കുമെന്നാ ഞാൻ കരുതിയത്,  അയാൾ ഒരു നല്ല മനുഷ്യനാണെന്ന് ഞാൻ വെറുതെ തെറ്റിദ്ധരിച്ചു.  മനസ്സിലായി അയാളുടെ മനസ്സിലുള്ള മൃഗത്തെക്കുറിച്ച്,  അജിതയുടെ വാക്കുകളിൽ സഞ്ജയോടുള്ള വെറുപ്പ് നിറഞ്ഞ് നിന്നു. അത് സഹിക്കാൻ സാധിക്കുന്ന ഒന്നായിരുന്നില്ല ശ്രുതിക്ക്...

"  അമ്മ ചിന്തിച്ചു വച്ചിരിക്കുന്നത് എല്ലാം പൂർണ്ണമായും തെറ്റാണു... ഒന്നാമത്തെ കാര്യം സഞ്ജയ് സാർ എന്നെ പ്രണയിച്ചു എന്നുള്ളത്,  അതുതന്നെയാണ് അമ്മയറിഞ്ഞ ഏറ്റവും വലിയ തെറ്റ്.  അദ്ദേഹം എന്നെയല്ല ഞാൻ അദ്ദേഹത്തെയാണ് പ്രണയിച്ചത്...  പലതവണ എന്നിൽ നിന്നും ഓടിമറയാൻ അദ്ദേഹം ശ്രമിച്ചിട്ടുള്ളത്  ആണ്.... എന്റെ ഇഷ്ടം അറിഞ്ഞപ്പോൾ പോലും എന്നെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ആണ് ശ്രമിച്ചിരുന്നത്...  എന്നെ ഇഷ്ടമായിട്ടുപോലും എന്റെ ജീവിതം നഷ്ടപ്പെടരുതെന്നാണ് അദ്ദേഹം വിചാരിച്ചിരുന്നത്... ആ ഒരു അവസ്ഥയിൽ നിന്നും ഞാൻ നിർബന്ധിച്ചാണ് അദ്ദേഹത്തെ ഇപ്പൊൾ എന്നെ സ്നേഹിക്കുന്ന അവസ്ഥയിലേക്ക് കൊണ്ടുവന്നത്...  ഒരുപാട് പ്രതീക്ഷകൾ കൊടുത്ത ഒരാൾക്ക് ഇനി ജീവിതത്തിൽ ഒന്നുമില്ലെന്ന് പറഞ്ഞു കൊടുക്കാൻ എനിക്ക് കഴിയില്ല അമ്മേ...  ഒരു പ്രതീക്ഷകളും ഇല്ലാത്ത ആ മനുഷ്യന്റെ മനസ്സിലേക്ക് ആദ്യമായിട്ട് സ്നേഹവും ഇഷ്ടവുമൊക്കെ പകർന്നു കൊടുത്തത് ഞാനാണ്.... പലതവണ അദ്ദേഹം എന്നിൽ നിന്നും അകന്നു മാറിയിട്ടും നിർബന്ധിച്ചു അദ്ദേഹത്തെ സ്നേഹിച്ചത് ഞാനാണ്.... അങ്ങനെ ഒരാളെ ഇനി ഉപേക്ഷിക്കണമെന്ന് പറഞ്ഞാൽ അതിലും നല്ലത് ഞാൻ എന്റെ ജീവൻ ഉപേക്ഷിക്കുന്നത് ആയിരിക്കുമെന്നാ എനിക്ക് തോന്നുന്നത്....

മകളുടെ തുറന്നുപറച്ചിലിൽ ഇത്തവണ അമ്പരന്നു പോയത് അജിതയാണ്.... എന്താണ് അവൾ പറയുന്നത് അംഗീകരിക്കാനും അംഗീകരിക്കാതിരിക്കാൻ പറ്റാത്ത ഒരു സാഹചര്യമാണെന്ന് അവർക്ക് തോന്നി...

" ശ്രുതി നീ പറയുന്നത് എന്താണെന്ന് ബോധം നിനക്കുണ്ടോ? നീ സ്നേഹിക്കുന്ന ആളെ രക്ഷിക്കാൻ വേണ്ടി എന്തുകാര്യവും പറയാം എന്നാണോ നീ കരുതിയിരിക്കുന്നത്...

" സ്വന്തം ജീവിതം വച്ചുകൊണ്ട് ആരെങ്കിലും കള്ളം പറയുമോ അമ്മേ.... ഞാൻ പറഞ്ഞതൊക്കെ സത്യമാണ് അമ്മ ആദ്യം മുതൽ ഞാൻ പറയുന്ന കാര്യങ്ങൾ കേൾക്കണം,

 തങ്ങളുടെ ജീവിതത്തിൽ ഉണ്ടായ ഓരോ കാര്യങ്ങളും ഒരു കഥ പോലെ അവൾ വിശദീകരിച്ചു തന്നെ പറഞ്ഞു കൊടുത്തു...  ഒപ്പം അവസാനം സഞ്ജയ് അവളോട്  തുറന്നു പറഞ്ഞ കാര്യങ്ങളും... എല്ലാം കേട്ടപ്പോൾ മകളുടെ ഭാഗത്ത് തന്നെയാണ് തെറ്റ് എന്ന് അജിതയ്ക്ക് തോന്നി..  ഒരു നിമിഷം സഞ്ജയ് സംശയിച്ചതിൽ അവർക്ക് കുറ്റബോധവും തോന്നിയിരുന്നു...  എങ്കിൽ പോലും മകളുടെ ഇഷ്ടത്തെ അംഗീകരിക്കാൻ അവർ തയ്യാറായിരുന്നില്ല.... എത്ര കോടിയുടെ സ്വത്തുകൾ ഉണ്ടെന്നു പറഞ്ഞാലും തന്റെ മകളെ ഒരു മൂന്നാം കെട്ടുകാരനെ പിടിച്ചു കൊടുക്കുന്നതിനെക്കുറിച്ച് ഒരിക്കൽപോലും താൻ സ്വപ്നം കണ്ടിട്ടില്ല...  ആദ്യത്തെ മകളാണ് തന്നെ ആദ്യമായി അമ്മയെന്ന് വിളിച്ചവൾ...  ജനിച്ചുവീണ നിമിഷം മുതൽ താൻ അവൾക്കായ് നെയ്തെടുത്ത സ്വപ്നങ്ങൾ,  അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അവളുടെ വിവാഹം ആയിരുന്നു.  ഒരു കൂലിപ്പണിക്കാരനാണെങ്കിൽ പോലും തനിക്ക് കുഴപ്പമില്ല പക്ഷേ ഇങ്ങനെ ഒരാളുടെ കയ്യിൽ അതും മരണം മുൻപിൽ ഉണ്ട് എന്ന യാഥാർത്ഥ്യത്തോടെ മകളെ വിട്ടുകൊടുക്കാൻ ഏത് അമ്മയ്ക്കാണ് സാധിക്കുന്നത്.?  ആ നിമിഷം അവർ സ്വാർത്ഥയായ ഒരു അമ്മ മാത്രമായി മാറിയിരുന്നു... എന്തൊക്കെ പറഞ്ഞിട്ടും അവരുടെ മുഖഭാവത്തിൽ ഒരു വ്യത്യാസവും വന്നിരുന്നില്ല...

"  സമ്മതിച്ചു അയാളുടെ ഭാഗത്ത് ഒരു തെറ്റുമില്ല നീയാണ് അയാളെ ഇതിലേക്ക് വലിച്ചിട്ടത്...  മകൾ ചെയ്ത ഒരു തെറ്റിന് അമ്മ മാപ്പ് ചോദിക്കുന്നു. ഞാൻ അയാളോട് മാപ്പ് ചോദിച്ചോളാം, എന്റെ മോള് കാരണം വീണ്ടും ജീവിതത്തിൽ അയാൾ സ്വപ്നങ്ങൾ കണ്ടതിനും അയാൾക്ക് നീ ആശകൾ നൽകിയതിനും..  പക്ഷേ ഈ വിവാഹം അതിന് ഞാൻ സമ്മതിക്കുമെന്ന് നീ വിചാരിക്കേണ്ട ശ്രുതി...  നിന്റെ വിവാഹത്തെക്കുറിച്ച് എനിക്ക് ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്... നീ ജനിച്ചപ്പോൾ മുതൽ ഞാൻ ഒരുപാട് കാര്യങ്ങൾ സ്വപ്നം കണ്ടിട്ടുണ്ട്...  ആ സ്വപ്നങ്ങളിൽ ഒന്നും സഞ്ജയെ പോലെയുള്ള ഒരാളായിരുന്നില്ല...  നമുക്ക് പണവും പ്രതാപവും ഒന്നും വേണ്ട മനസമാധാനത്തോടെ ജീവിച്ചാൽ മാത്രം മതി...

" പണവും പ്രതാപവും ഉണ്ടെങ്കിൽ മനസ്സമാധാനം കിട്ടുമെന്നാണോ അമ്മ വിചാരിച്ചിരിക്കുന്നത്..?  അങ്ങനെയാണെങ്കിൽ അത് ഏറ്റവും കൂടുതൽ ലഭിക്കേണ്ടത് സഞ്ജയ് സാറിനായിരുന്നില്ലേ.?  പണവും പ്രതാപവും ഒന്നുമില്ലാത്തടത്തും മനസമാധാനം കിട്ടുമെന്നു നമുക്ക് വിശ്വസിക്കാൻ പറ്റില്ല.  പിന്നെ അമ്മ എന്നെക്കുറിച്ച് സ്വപ്നങ്ങൾ കണ്ടിട്ടുണ്ടെന്ന് പറഞ്ഞു, അത് എനിക്ക് മനസ്സിലാക്കാം ഒരു അമ്മയുടെ സ്വപ്നങ്ങൾ എത്ര തീവ്രമാണെന്ന് മനസ്സിലാക്കാം...  പക്ഷേ അതുപോലെ എന്റെ ജീവിതത്തെക്കുറിച്ച് എനിക്കും പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടാവില്ലെ..? കോളേജിൽ പഠിക്കുന്ന സമയത്തോ ജോലി ചെയ്യുന്ന സമയത്തോ ഒന്നും എന്റെ മനസ്സിലേക്ക് ഒരാളെ പോലും കയറി കൂടിയിട്ടില്ല.  ഒരാളോടും എനിക്ക് ഒരു ഇഷ്ടവും തോന്നിയിട്ടില്ല.  കോളേജിൽ ഒക്കെ വെച്ച് എത്രയോ പേരെന്റെ പിറകെ നടന്നിട്ടുണ്ട്...  അവരോട് ഒന്നും തോന്നാത്ത ഒരു ഇഷ്ടവും ആരാധനയും ഒക്കെ എനിക്ക് തോന്നിയത് സഞ്ജയ് സാറിനോട് ആണ്... അത് അമ്മയും മറ്റുള്ളവരും കരുതുന്നതു പോലെ അദ്ദേഹത്തിന്റെ പണമോ പ്രതാപമോ ഒന്നും കണ്ടിട്ടല്ല,  കൂടെ നിൽക്കുന്നവരെ ചേർത്തുപിടിക്കാനുള്ള അദ്ദേഹത്തിന്റെ മനസ്സ് പിന്നെ ജീവിതത്തിൽ അദ്ദേഹം അനുഭവിച്ചിട്ടുള്ള ഒരു നൂറ് പ്രതിസന്ധികൾ.. അതൊക്കെ എന്നെ അദ്ദേഹത്തിലേക്ക് അടുപ്പിക്കുകയായിരുന്നു ചെയ്തത്... അദ്ദേഹത്തെ മറന്ന് ഞാൻ മറ്റൊരു ജീവിതം കണ്ടെത്തിയാൽ പോലും അത് ഒരു ശരിയായ രീതി ആയിരിക്കില്ല...  ഞാൻ വിവാഹം കഴിക്കുന്ന ആളെ പോലും ഞാൻ മനസ്സുകൊണ്ട് വഞ്ചിക്കുകയായിരിക്കും ചെയ്യുന്നത്...  മനസ്സ് മുഴുവൻ ഒരാൾക്ക് നൽകി ശരീരം മറ്റൊരാൾക്ക് നൽകുന്നതും ഒരു വഞ്ചന തന്നെയല്ലേ അമ്മേ...?  അമ്മയ്ക്ക് വേണ്ടി വേണമെങ്കിൽ ഞാൻ അദ്ദേഹത്തെ മറക്കാം,  ഈ വിവാഹം വേണ്ടന്ന് അമ്മ പറഞ്ഞാൽ അതിന് ഞാനായി മുൻകൈയെടുക്കില്ല.  പക്ഷേ ഒരിക്കലും മറ്റൊരു ജീവിതം എനിക്ക് ഉണ്ടാവില്ല....! അത് എനിക്ക് സാധിക്കില്ല... ഞാൻ അങ്ങനെ ഒറ്റയ്ക്ക് ജീവിക്കുന്നത് കാണാനാണ് അമ്മയ്ക്ക് ഇഷ്ടമെങ്കിൽ അമ്മ അങ്ങനെ ഒരു തീരുമാനം എടുത്തോളൂ..  അതല്ല ഞാൻ സന്തോഷമായി ഇരിക്കുന്നതാണ് അമ്മയ്ക്ക് ഇഷ്ടമെങ്കിൽ അമ്മ സഞ്ജയ് സാറിനെ അംഗീകരിക്കണം,  അത്രമാത്രം എനിക്ക് പറയാനുള്ളൂ...  ഇതെന്റെ വാശി അല്ല അമ്മേ എന്റെ നിസ്സഹായതയാണ്...  ഒരിക്കലും അമ്മയെയും നമ്മുടെ കുടുംബത്തെയും ഒന്നും മറന്ന് പ്രണയം മൂത്ത് നിൽക്കുകയല്ല  ഞാൻ... അങ്ങനെ ഇറങ്ങി പോവുകയോ ഒളിച്ചു ഓടിപ്പോയി വിവാഹം കഴിക്കുക ഒന്നും ചെയ്യില്ല...

ദൃഢമായ സ്വരത്തിൽ അത്രയും പറഞ്ഞതിനു ശേഷം തന്നിൽ നിന്നും അകന്നു പോകുന്ന മകളെ കണ്ടപ്പോൾ അജിതയ്ക്ക് എന്തു പറയണമെന്ന് പോലും അറിയില്ലായിരുന്നു... അവളുടെ നിശ്ചയദാർഢ്യത്തിന് ആ അമ്മയ്ക്ക് പോലും മറുപടി ഉണ്ടായിരുന്നില്ല  .....കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story