നിളയോഴുകും പോൽ 💙: ഭാഗം 60

രചന: റിനു


ഏതൊരു അമ്മയാണ് സ്വന്തം മോളെ മരണത്തിലേക്ക് തള്ളിവിടുന്നത്.? എന്റെ വേദന എത്രത്തോളം സാറിന് മനസ്സിലാവുമെന്ന് എനിക്കറിയില്ല പക്ഷേ സാറ് നാളെ ഒരു അച്ഛനാകുമ്പോൾ ആ ദുഃഖം എത്ര തീവ്രമാണെന്ന് മനസ്സിലാക്കാൻ സാധിക്കും. ഞാൻ അപേക്ഷിക്കുകയാണ്. ദയവുചെയ്ത് എന്റെ മകളെ ഇതിൽ നിന്നും ഒഴിവാക്കി തരണം

പൊട്ടിക്കരഞ്ഞുകൊണ്ട് പെട്ടെന്ന് അജിത അവന്റെ കാൽക്കൽ വീണിരുന്നു ഒരു നിമിഷം അവനും അമ്പരന്നു പോയി.


" അയ്യോ ശ്രുതിയുടെ അമ്മ എന്താ  ഈ കാണിക്കുന്നത്...?  എഴുന്നേൽക്കൂ,

 അവൻ പെട്ടെന്ന് അവർക്കരികിൽ നിന്നും അകന്നു മാറി കൊണ്ട് പറഞ്ഞിരുന്നു....  എന്നാൽ എഴുനേൽക്കാൻ അവർ ഒരുക്കമായിരുന്നില്ല...  അവരുടെ കണ്ണുനീർ ചീളുകൾ തന്നെ പൂർണ്ണമായും തകർക്കുന്നതായി ആണ് അവന് തോന്നിയത്.... എന്ത് പറഞ്ഞാണ് ഈ നിമിഷം താനവരെ ആശ്വസിപ്പിക്കേണ്ടത് എന്നുപോലും അവന് അറിയുമായിരുന്നില്ല.

"  അമ്മ എഴുന്നേൽക്കൂ നമുക്ക് എന്തിനും പരിഹാരമുണ്ടാക്കാം,  നമുക്ക് സംസാരിക്കാം...  അമ്മ ആദ്യം ഇവിടെ നിന്ന് എഴുന്നേൽക്കു....

 സമാധാനപൂർവ്വം അവരുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞപ്പോൾ കണ്ണുനീർത്തടച്ചുകൊണ്ട് അവർ എഴുന്നേറ്റു.....

" എനിക്ക് ആകെയുള്ള ഒരു മോള് ആണ്.... എന്റെ ജീവിതത്തിന്റെ ഏകപ്രതീക്ഷയാണ്... ദയവു ചെയ്തു ഉപദ്രവിക്കരുത്.  അതുപോലെ ബുദ്ധിമുട്ടുള്ളതുകൊണ്ട്  ആണ് അവളെ ഞാൻ ഇത്രയും ദൂരം ജോലിക്ക് തന്നെ വിട്ടത്...  സാറിനോടൊപ്പം ടൂറിന് ഒക്കെ പോകണമെന്ന് പറഞ്ഞപ്പോൾ ഒരു അമ്മയുടെ നിസ്സഹായത കൊണ്ട് ആണ് കൂടെവിടേണ്ടി വന്നത്....  ദൈവത്തെ ഓർത്ത് ഞങ്ങളുടെ അവസ്ഥ മുതലെടുക്കരുത്.

അവർ കൈകൾ തൊഴുതു....

" അമ്മ ഒരിക്കലും അങ്ങനെ പറയരുത്. അങ്ങനെ ഒരു രീതിയിലല്ല ഞാൻ ശ്രുതിയെ കണ്ടത്.

അവരുടെ തൊഴുത കൈകൾ മാറ്റിക്കൊണ്ട് അവൻ പറഞ്ഞു.

" എനിക്കറിയാം അവൾ എന്നോട് എല്ലാം പറഞ്ഞു,  അവൾ തന്നെയാണ് മോനോട് ഇഷ്ടമാണെന്ന് പറഞ്ഞതെന്നും ഈ ഇഷ്ടത്തിന് മുൻകൈ എടുത്തതെന്നും ഒക്കെ എന്നോട് പറഞ്ഞു... അവളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും ഒരു ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു,  ദയവു ചെയ്തു അത് അവളുടെ പ്രായത്തിന്റെ വിവരക്കേടായിട്ട് മോന് കരുതണം. മോൻ രണ്ടു വിവാഹം കഴിച്ചതോ അവളെക്കാളും 10- 12 വയസ്സ് കൂടുതലുള്ളതോ ഒന്നുമല്ല എന്റെ പ്രശ്നം,  ഒരമ്മ എന്ന നിലയിൽ ഒരിക്കലും എനിക്ക് സഹിക്കാൻ കഴിയാത്തത് കേട്ട വാർത്തകൾ തന്നെയാണ്.

 രണ്ടു വിവാഹബന്ധത്തിലും ഒരുപാട് ആയുസ്സ് ഭാര്യക്ക് ഉണ്ടായിരുന്നില്ല.  അത് അറിഞ്ഞിട്ട് ഞാൻ എങ്ങനെയാണ് എന്റെ മോളെ പറഞ്ഞയക്കുന്നത്.  മരണം പേടിച്ചു മാത്രമാണ് ഞാൻ ഇതിൽ നിന്ന് പിന്മാറണമെന്ന് അവരോട് പറയുന്നത്.  ഞാൻ അത് പറഞ്ഞാൽ അവൾ അംഗീകരിക്കില്ല.  പിന്നെ ഈ സമയത്ത് അത് ഒരിക്കലും അവൾ അംഗീകരിക്കില്ലല്ലോ.  കാരണം പ്രണയം കൊടുമ്പിരി കൊണ്ടു നിൽക്കുന്ന സമയത്ത് ആരും ഇത്തരം കാര്യങ്ങൾ ഒന്നും അംഗീകരിക്കില്ല എന്റെ മോന്റെ സ്ഥാനത്തുനിന്ന് ആണ് മോനോട് ഞാൻ അപേക്ഷിക്കുന്നത്.  അവളെക്കാളും പക്വതയുള്ള ആളല്ലേ മോൻ.

മാത്രമല്ല അവളെക്കാളും ഒരുപാട് ലോകം കണ്ടത് ആണ്...  മോന്റെ വിധിയിൽ എനിക്ക് വേദനയുണ്ട്,  നല്ല മനുഷ്യരോട് ഈശ്വരൻ എന്തിനാ ഇത്രയും ക്രൂരത കാണിക്കുന്നത് എന്ന് ഞാൻ ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ട്.  അത്തരം ഒരു അവസ്ഥയിലൂടെയാണ് കുഞ്ഞിപ്പോൾ കടന്നുപോകുന്നത് എന്ന് അമ്മയ്ക്ക് അറിയാം...  നല്ല മനസ്സുള്ള ആള് തന്നെയാണ് മോൻ... എന്റെ മോളുടെ കാല് ഞാൻ പിടിച്ചിട്ടും മോനോടുള്ള ഇഷ്ടത്തിൽ നിന്നും പിന്മാറാൻ അവൾ തയ്യാറല്ലെന്നാണ് പറയുന്നത്...

 ഇനിയിപ്പോൾ അവളോട് പറഞ്ഞിട്ട് ഒരു കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.  അതുകൊണ്ടാ ഞാൻ മോനെ കാണാൻ വേണ്ടി വന്നത്... ഒരമ്മയുടെ നിസ്സഹായതയാണ്. ഒരിക്കലും ഞാൻ ഇങ്ങനെ ചോദിക്കാൻ പാടില്ലെന്ന് അറിയാം എങ്കിലും എന്റെ അവസ്ഥ കൊണ്ടാണ് മോനെ,  എങ്ങനെയെങ്കിലും പറഞ്ഞു അവളെ ഈ ബന്ധത്തിൽ നിന്ന് ഒന്നു മാറ്റണം.

 കണ്ണുകൾ നിറയാതിരിക്കാൻ ആണ് ആ നിമിഷം സഞ്ജയ് ശ്രമിച്ചത്...  ഒരിക്കൽ മരണപ്പെട്ടുപോയ തന്റെ അമ്മയെയാണ് ആ നിമിഷം അവന് ഓർമ്മ വന്നത്... തന്റെ സ്വന്തം അമ്മ തനിക്ക് മുൻപിൽ വന്ന് അപേക്ഷിക്കുന്നത് പോലെ.  ഹൃദയത്തിൽ തൊടുന്ന വാക്കുകളാണ് അമ്മ പറയുന്നത്,  അതിൽ ഒരിക്കലും സ്വാർത്ഥത ഇല്ല... സ്വാർത്ഥതയാണെന്ന് മറ്റുള്ളവർക്ക് തോന്നും പക്ഷേ സ്വന്തം കുഞ്ഞിന്റെ കാര്യം വരുമ്പോൾ ഏത് അമ്മയാണ് സ്വാർത്ഥയാകാതിരിക്കുന്നത്.  ഈ ലോകത്ത് ഒരു അമ്മ ഏറ്റവും കൂടുതൽ സ്വാർത്ഥയാകുന്നത് സ്വന്തം കുട്ടിയുടെ കാര്യത്തിൽ മാത്രമാണ്. ബാക്കിയുള്ള എല്ലാ സ്ഥലങ്ങളിലും അവര് ചിലപ്പോൾ വിശാലമനസ് കാണിക്കും.

പക്ഷേ സ്വന്തം കുഞ്ഞിന്റെ കാര്യത്തിൽ മാത്രം ഏതൊരു അമ്മയും സ്വാർത്ഥയാണ്.  അത് കുറ്റമല്ല അങ്ങനെയെ സംഭവിക്കുകയുള്ളൂ.  അമ്മ സമാധാനമായിട്ട് പൊയ്ക്കോളൂ ഞാൻ കാരണം അമ്മയ്ക്ക് ഒരിക്കലും ഒരു വിഷമം ഉണ്ടാകില്ല.  ഈ വിവാഹത്തിൽ നിന്ന് ശ്രുതി തന്നെ പിന്മാറും.  ഞാൻ അയാളെ പറഞ്ഞ് മനസ്സിലാക്കിക്കൊള്ളാം.  അമ്മ വിചാരിക്കുന്നത് പോലെ എന്നെ മറക്കാൻ പറ്റാത്ത ബന്ധം ഒന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല.  എന്റെ അവസ്ഥകളൊക്കെ അറിഞ്ഞപ്പോൾ അയാൾക്ക് എന്നോട് ഒരു സഹതാപം തോന്നി. ആ സഹതാപം പ്രണയം ആയിട്ട് മാറി...  അതിനപ്പുറം മറ്റൊന്നുമില്ല...  പിന്നെ എപ്പോഴൊക്കെയോ ഒരു ജീവിതം ഞാനും സ്വപ്നം കണ്ടു എന്ന് പറയുന്നത് ആണ് സത്യം.  എങ്കിലും ഞാൻ ശ്രുതിയെ കുറിച്ച് ചിന്തിക്കണം ആയിരുന്നു.  

അവളുടെ ഭാവിയെ കുറിച്ച് ചിന്തിക്കണം ആയിരുന്നു.  ഈ ബന്ധത്തിൽ നിന്നും ശ്രുതിയെ എങ്ങനെയെങ്കിലും പിൻ മാറ്റണമായിരുന്നു.  ആ സമയത്ത് എനിക്ക് അങ്ങനെ ഒന്നും തോന്നിയില്ല.  അറിയാതെയാണെങ്കിലും അമ്മയുടെ മനസ്സ് വേദനിക്കാൻ ഞാനും കാരണമായിട്ടുണ്ട്.  ഞാനും എവിടെയൊക്കെയൊ കുറച്ച് സ്വാർത്ഥനായി പോയി.  അതുകൊണ്ട് ഇപ്പോൾ അമ്മയ്ക്ക് എന്റെ മുന്നിൽ ഇങ്ങനെ ദുഃഖിച്ചു നിൽക്കേണ്ടി വന്നത്.. ഞാൻ കാരണം ആണ് അമ്മ വിഷമിച്ചത്.  ഞാൻ അമ്മയോട് മാപ്പ് പറയുക ആണ്... ഒരിക്കലും മനപ്പൂർവ്വം ഞാൻ ശ്രുതിയെ ഇതിലേക്ക് വലിച്ചിടണമെന്ന് ആഗ്രഹിച്ചിട്ടില്ല.  അറിയാതെ എപ്പോഴൊക്കെ മനസ്സ് കൈവിട്ടു പോയത് ആണ്.... മനുഷ്യനല്ലേ എത്രയൊക്കെ നിയന്ത്രിച്ചാലും യഥാർത്ഥ സ്നേഹം മുൻപിൽ കിട്ടുമ്പോൾ ഒരു ചാഞ്ചാട്ടം ഉണ്ടായിപ്പോകും..  

അത് സ്വാഭാവികം അത്തരത്തിലുള്ള ചാഞ്ചാട്ടം എനിക്ക് ഉണ്ടായി.. ആ സമയം ഞാൻ എന്റെ കുറവുകളെ കുറിച്ച് ചിന്തിച്ചില്ല ശ്രുതിയെ ഒരിക്കലും മരണത്തിന് വിട്ടുകൊടുക്കണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല..  ശ്രുതിയോടും പറഞ്ഞിട്ടുണ്ട് എന്റെ ജീവൻ നൽകി പോലും പുതിയ രക്ഷിക്കാൻ ഞാൻ തയ്യാറാണ് എന്ന്... ശ്രുതി എന്നും സന്തോഷത്തോടെ ജീവിക്കുന്നത് ആണ് എന്റെ സന്തോഷം. അമ്മ വിഷമിക്കേണ്ട ഞാൻ കാരണം ഒരിക്കലും ശ്രുതിയ്ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല.  ഞാൻ ഒരിക്കലും ശ്രുതിയെ വേദനിപ്പിക്കുകയില്ല.  ഒട്ടും വേദനിപ്പിക്കാതെ തന്നെ ഞാൻ ശ്രുതിയോട് പറഞ്ഞോളാം ഈ ബന്ധത്തിൽ നിന്നും പിന്മാറണമെന്ന്,  അവൾക്ക് മനസ്സിലാകും ഇതൊക്കെ ഒരു പിടിവാശിയുടെ പുറത്ത് പറയുന്നത് ആണ്...

അമ്മയും ദേഷ്യം ഒന്നും കാണിക്കാതെ സ്നേഹത്തോടെ അവളോടെ സംസാരിച്ചാൽ അവള് അമ്മ പറയുന്നതിൽ അപ്പുറം ഒന്നും പോകില്ല.  ശ്രുതിയ്ക്ക് എന്നെ ഒരുപാട് ഇഷ്ടമാണ് പക്ഷേ അവളുടെ കുടുംബത്തോടുള്ള ഇഷ്ടത്തിന്റെ ത്രാസ് എന്നോടുള്ള ഇഷ്ടത്തിന് മുന്നിൽ എപ്പോഴും താണ് തന്നെ ഇരിക്കും,  അവൾക്ക് അത്ര പ്രിയപ്പെട്ടതാണ് അവളുടെ അച്ഛനും അമ്മയും അനുജനും ഒക്കെ..  അവരെ വേദനിപ്പിക്കാൻ അവൾ ആഗ്രഹിക്കില്ല...  അതുകൊണ്ടു തന്നെ നിങ്ങടെ ശ്രുതിയെ ഞാൻ നിങ്ങൾക്ക് തിരിച്ചു തരും. ആ പഴയ പ്രസരിപ്പോടെയും ഉത്സാഹത്തോടെയും കൂടെ തന്നെ.. എന്റെ ജീവിതം അത് ഇങ്ങനെയൊക്കെ പോയതാ,  അതൊരിക്കലും നന്നാവില്ലെന്ന് ഈശ്വരൻ തന്നെ തീരുമാനിച്ചിട്ടുള്ളത് ആണ്.... ഇടയ്ക്ക് കുറച്ചു സ്വപ്നം കാണിച്ചു എന്നിട്ട് വീണ്ടും ആ സ്വപ്നത്തിൽ നിന്നും എന്നെ വേദനയിലേക്ക് എടുത്തിട്ടു...

ഇപ്പോൾ മാത്രമല്ല എപ്പോഴും അങ്ങനെയാണ്,  ജനിച്ച കാലം മുതൽ അതെന്റെ കൂടെപ്പിറപ്പ് ആണ്... അതിൽ എനിക്കിപ്പോൾ പരാതിയില്ല... കാരണം എത്രയോ കാലങ്ങളായി ഞാൻ അതുമായിട്ട് പൊരുത്തപ്പെട്ട് കഴിഞ്ഞു...   അതുകൊണ്ട് എന്റെ വിഷമം അമ്മ നോക്കണ്ട,  ഇതിലും വലിയ വിഷമങ്ങളെയൊക്കെ നേരിട്ടുള്ള വ്യക്തിയാണ് ഞാൻ.  ഞാൻ കണ്ടിട്ടുള്ളത് പോലെയുള്ള ജീവിതവും ലോകവും ആരും കണ്ടിട്ടുണ്ടാവില്ല...  വിഷമങ്ങളൊക്കെ എനിക്ക് ശീലമായതാണ്...  ആ വിഷമത്തിന്റെ കൂടെ ഒരു ചെറിയ വിഷമം കൂടി ആകും ശ്രുതി എന്നുള്ളത് ഉറപ്പ്...  വിഷമം ഇല്ലാന്ന് ഞാൻ പറയില്ല എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ ശ്രുതിയെ മറക്കില്ല.

എനിക്ക് മറക്കാനും പറ്റില്ല. അത്രത്തോളം എന്നെ സ്വാധീനിച്ച കുട്ടിയാണ് ശ്രുതി.  പക്ഷേ അമ്മ പറഞ്ഞതുപോലെ എന്റെ ഒപ്പം ആണെങ്കിൽ അവൾ ഒരിക്കലും സന്തോഷത്തോടെ ഇരിക്കില്ല.  എന്റെ സമയദോഷം എന്റെ കൂടെയുള്ളവരെ കൂടി ബാധിക്കും.  അതങ്ങനെയാ,  അതുകൊണ്ട് ശ്രുതി എപ്പോഴും സന്തോഷമായി തന്നെ ഇരിക്കണം അതിന് ശ്രുതി എന്റെ അരികിൽ നിന്നും മറ്റെവിടെങ്കിലും പോണം...

 നന്നായി ജീവിക്കണം,  നമുക്ക് ശ്രുതിയുടെ കല്യാണം നടത്തണം അതിനുള്ള കാര്യങ്ങളൊക്കെ ഞാൻ തന്നെ ചെയ്തോളാം,  മറ്റൊരാൾക്കൊപ്പം ഒരു ജീവിതം തുടങ്ങിയാൽ ശ്രുതി എന്നെ മറക്കും....  ഇല്ലാതെ അവളുടെ മനസ്സിൽ നിന്ന് ഞാൻ മാഞ്ഞു പോവില്ല, അതെനിക്ക് ഉറപ്പ് ആണ്.... അതിനു വേണ്ട കാര്യങ്ങളൊക്കെ ഞാൻ തന്നെ ചെയ്തോളാം,  അമ്മ വിഷമിക്കേണ്ട,  സമാധാനത്തോടെ ചെല്ല്....

 അവരുടെ തോളിൽ തട്ടി അവൻ അങ്ങനെ പറഞ്ഞപ്പോൾ ആ മിഴികൾ ചുവന്നതും ആ കണ്ണുകൾ നിറഞ്ഞതും ആ അമ്മ ശ്രദ്ധിച്ചിരുന്നു...  ഒരു നിമിഷം കുറ്റബോധം അവരെയും തളർത്താൻ തുടങ്ങി......കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story