നിളയോഴുകും പോൽ 💙: ഭാഗം 61

nilayozhukumpol

രചന: റിനു

മറ്റൊരാൾക്കൊപ്പം ഒരു ജീവിതം തുടങ്ങിയാൽ ശ്രുതി എന്നെ മറക്കും....  ഇല്ലാതെ അവളുടെ മനസ്സിൽ നിന്ന് ഞാൻ മാഞ്ഞു പോവില്ല, അതെനിക്ക് ഉറപ്പ് ആണ്.... അതിനു വേണ്ട കാര്യങ്ങളൊക്കെ ഞാൻ തന്നെ ചെയ്തോളാം,  അമ്മ വിഷമിക്കേണ്ട,  സമാധാനത്തോടെ ചെല്ല്....

 അവരുടെ തോളിൽ തട്ടി അവൻ അങ്ങനെ പറഞ്ഞപ്പോൾ ആ മിഴികൾ ചുവന്നതും ആ കണ്ണുകൾ നിറഞ്ഞതും ആ അമ്മ ശ്രദ്ധിച്ചിരുന്നു...  ഒരു നിമിഷം കുറ്റബോധം അവരെയും തളർത്താൻ തുടങ്ങി.

പക്ഷേ സ്വന്തം മകളുടെ ജീവൻ ഇല്ലാത്ത ശരീരം കാണുന്നതിലും വലുതല്ല അവന്റെ വേദനയും കണ്ണുനീരും എന്ന് അവർക്ക് തോന്നിയിരുന്നു....

അവൻ നൽകിയ വാക്കിന്റെ ഉറപ്പിൽ അവർ അവിടെ നിന്നും പുറത്തേക്ക് പോയിരുന്നു.. അവർ പുറത്തേക്ക് പോയതും, അവൻ പെട്ടെന്ന് മുറിയിലേക്ക് നടന്നു, ആ സമയത്താണ് മല്ലിക പുറത്തേക്കിറങ്ങി വരുന്നത്.. ഒരു ട്രേയിൽ എന്തോ കുടിക്കുവാനും അവർ കരുതിയിട്ടുണ്ട്.

" ശ്രുതിയുടെ അമ്മ പോയോടാ.?

 മുകളിലേക്ക് കയറി പോകുന്ന അവനോട് അവർ ചോദിച്ചു.. അവർക്ക് മുഖം നൽകാതിരിക്കാൻ അവൻ പരമാവധി ശ്രമിച്ചിരുന്നു.. അതുകൊണ്ടു തന്നെ മുഖത്ത് നോക്കാതെയാണ് മറുപടി പറഞ്ഞത്...

"പോയി എന്തോ ധൃതിയുണ്ട് എന്ന് പറഞ്ഞു, ഇവിടെ വരെ വന്നപ്പോൾ ഒന്ന് കയറിയത് ആണെന്നാണ് പറഞ്ഞത്,

" നിനക്ക് കൊണ്ടുവിടായിരുന്നില്ലേ...?  ഇനിയിപ്പോ ബസ് ഒക്കെ കിട്ടി  ചെല്ലുമ്പോൾ ഒരുപാട് സമയം എടുക്കില്ലേ

നിഷ്കളങ്കമായി  മല്ലിക പറഞ്ഞു...

"  ഞാൻ പറഞ്ഞത് ആണ്... ഇടയ്ക്ക് വേറെവിടെയോ കയറാൻ ഉണ്ട് പൊയ്ക്കോളാം എന്ന് പറഞ്ഞ പോയത്,

"  നമ്മളായിരുന്നു ആദ്യം അങ്ങോട്ട് പോകേണ്ടത്,  അവർ ആയിരുന്നില്ല വരേണ്ടിയിരുന്നത്,  ഞാൻ പറഞ്ഞു ഏറ്റവും അടുത്ത് ഒരു നല്ല ദിവസം നോക്കി ഞങ്ങൾ അങ്ങോട്ട് വരുന്നുണ്ടെന്ന്, നീ തിരക്കാണെന്ന് ഒന്നും പറയാതിരുന്നാൽ മതി,  എത്രയും പെട്ടെന്ന് അവിടെ പോയി കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനം ഉണ്ടാക്കണം,  നിന്റെ മനസ്സ് എപ്പോഴാ മാറുന്നതെന്ന് പറയാൻ പറ്റില്ലല്ലോ...

 ചെറു ചിരിയോടെ മല്ലിക പറഞ്ഞപ്പോൾ എന്തു മറുപടി പറയണമെന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു ആ നിമിഷം സഞ്ചയും,  ഒന്നും മിണ്ടാതെ അവൻ മുകളിലേക്ക് പോയിരുന്നു... അവന്റെ ഒഴിഞ്ഞുമാറ്റം ഒരു നിമിഷം മല്ലികയിലും ഒരു സംശയം നിറച്ചിരുന്നു.

 മുറിയിലേക്ക് കയറിയതും അവൻ നേരെ ബാത്റൂമിലേക്കാണ് പോയത്,  ഷവർ തുറന്ന് ഇട്ട വേഷത്തോടെ അവൻ കുറേനേരം അതിന്റെ ചുവട്ടിൽ നിന്നു...

 തനിക്ക് മാത്രം എന്താണ് ഇത്തരത്തിലുള്ള ഒരു വിധിയെന്ന് അവൻ സ്വയം ചോദിക്കുകയായിരുന്നു, തന്നോട് മാത്രം എന്തിനാണ് ഈശ്വരൻ ഇങ്ങനെയൊരു ക്രൂരത ചെയ്യുന്നത്..  അതിനുമാത്രം എന്ത് തെറ്റാണ് താൻ ചെയ്തിട്ടുള്ളത്.  അറിഞ്ഞുകൊണ്ട് ഒരു മനുഷ്യനെയും നോവിച്ചിട്ടില്ല.  പലപ്പോഴും പരുക്കനായ തന്റെ സ്വഭാവം കൊണ്ട് പലരും വേദനിച്ചിട്ടുണ്ട്.  എന്നാൽ അത് ഒരിക്കലും ആരോടും ഇഷ്ടമില്ലാത്തതുകൊണ്ടല്ല,  ജീവിതസാഹചര്യങ്ങൾ കൊണ്ട് താൻ നേടിയെടുത്തതാണ് ആ സ്വഭാവം...! ഒരു ജീവിക്കു പോലും ഉപദ്രവം വരണമെന്ന് മനസ്സുകൊണ്ട് പോലും ആഗ്രഹിച്ചിട്ടില്ല,  എന്നിട്ടും ജനിച്ച കാലം മുതൽ വേദന മാത്രം തിന്നാനാണ് ഈശ്വരൻ തന്നെ വിധിച്ചത്.  ഒരു നിമിഷം അവന് സ്വയം അറപ്പ് തോന്നിയിരുന്നു.  ഈശ്വരന് വേദനിപ്പിക്കുവാൻ മാത്രമായി കുറച്ചു ജന്മങ്ങളെ അവിടുന്ന് ഭൂമിയിലേക്ക് അയയ്ക്കും.  അക്കൂട്ടത്തിൽ ഉള്ള ഒരാളാണ് താനെന്ന് അവന് തോന്നി..  എല്ലാത്തിലും ഉപരി ശ്രുതിയെ എങ്ങനെ പറഞ്ഞ് സമ്മതിപ്പിക്കും എന്നതായിരുന്നു അവനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഒരു സമസ്യ.

 മരണത്തിൽ പോലും തനിക്കൊപ്പം ചേരാൻ കാത്തു നിൽക്കുന്നവളാണ്,  താൻ എന്തൊക്കെ പറഞ്ഞാലും അവൾ അംഗീകരിക്കില്ല.  അവളുടെ അമ്മ വന്നു തന്നോട് നേരിട്ട് പറഞ്ഞു എന്ന് പറയാനും വയ്യ. എന്തു പറഞ്ഞാണ് ഇനി താൻ അവളെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. പലകുറി തന്റെ മുഖത്തേക്ക് നോക്കി ഇനി തന്നെ വേണ്ടെന്നു വയ്ക്കുമോ എന്ന് ചോദിച്ചിട്ടുള്ളവളാണ്.  അപ്പോഴൊക്കെ ഒരായിരം വട്ടം താൻ അവൾക്ക് ഇനി മരണത്തിലും ജീവിതത്തിലും ഒരുമിച്ച് ആയിരിക്കുമെന്ന് ഉറപ്പ് കൊടുത്തിട്ടുണ്ട്. സ്നേഹിച്ച പെണ്ണിന് കൊടുത്ത ഉറപ്പു പോലും പാലിക്കാൻ സാധിക്കാത്ത ഒരു നിസ്സഹായനാണല്ലോ താനെന്ന് ആ നിമിഷം അവൻ ചിന്തിച്ചു.  എന്താണ് താൻ അവളോട് പറയുന്നത്,  എങ്ങനെയാണ് അവളെ തന്റെ ജീവിതത്തിൽ നിന്ന് അകറ്റുന്നത്,  ഒരുവേള അവളെ താൻ ജീവിതത്തിൽ കണ്ടില്ലായിരുന്നുവെങ്കിൽ എന്ന് അവൻ ചിന്തിച്ചു.  അങ്ങനെയായിരുന്നുവെങ്കിൽ ഇത്രയും വലിയൊരു വേദനയിൽ താൻ വീഴുമായിരുന്നില്ല..ഇതിനു മുൻപ് തന്റെ ജീവിതത്തിൽ വിവാഹം സംഭവിച്ചപ്പോഴും ആ വിവാഹങ്ങളൊക്കെ നിമിഷനേരത്തിന്റെ ദൈർഘ്യത്തിൽ ഇല്ലാതെ ആയപ്പോഴും താൻ ഇത്രയും വേദനിച്ചിട്ടില്ല.... കാരണം അവരെയൊന്നും താൻ സ്നേഹിച്ചിരുന്നില്ല, അച്ഛനും അമ്മയും കണ്ടുപിടിച്ചവർ അതിനപ്പുറം അവർക്ക് തന്റെ മനസ്സിൽ ഒരിടവും ഉണ്ടായിരുന്നില്ല. തന്റെ വിധി കാരണം നിസ്സഹായരായി പോയ പെൺകുട്ടികളോട് സഹതാപം ഉണ്ടായിരുന്നു മനസ്സിൽ എന്നത് സത്യമാണ്. പക്ഷേ ഒരു വേള പോലും ആരോടും പ്രണയം തോന്നിയിട്ടില്ല,  എന്നാൽ ഇതങ്ങനെയല്ല ആദ്യമായും അവസാനമായും തന്നിൽ മോഹത്തിന്റെ വിത്തു പാകി തന്നവളാണ്.  സ്വപ്നം കാണാൻ പഠിപ്പിച്ചവളാണ്,  അവളെ താൻ എങ്ങനെ മറക്കും അവൾ തന്നെ സ്നേഹിക്കുന്നത് എത്ര മടങ്ങാണെന്ന് തനിക്കറിയാം. അതിലും ഒരു 100 മടങ്ങ് താൻ അവളെയും സ്നേഹിക്കുന്നുണ്ട്.  പക്ഷേ ആരുമില്ലാതെ ജീവിതവഴിയിൽ ഒറ്റയ്ക്കായ ആ അമ്മയുടെ സങ്കടത്തിന്റെ മുൻപിൽ തന്റെ വേദനയുടെ ത്രാസ് താണു പോകുമെന്ന് അവന് തോന്നി...  ജന്മം നൽകിയവർക്ക് മാത്രമേ സ്വന്തം കുഞ്ഞുങ്ങൾ നഷ്ടപ്പെടുമ്പോൾ ഉള്ള വേദന മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ,  ഒരുപക്ഷേ പ്രതീക്ഷകൾക്ക് അപ്പുറമായി ആണ് സംഭവിക്കുന്നത് എങ്കിൽ ആ അമ്മയോട് എന്തു പറഞ്ഞു താൻ ആശ്വസിപ്പിക്കും, പിന്നീട് എന്നെങ്കിലും കുറ്റബോധമില്ലാതെ ഉറങ്ങാൻ തനിക്ക് സാധിക്കുമോ.? തന്റെ ജീവിതം ഒരിക്കലും ശരിയാവാത്ത ഒന്നാണെന്ന് ഇതുവരെയുള്ള അനുഭവങ്ങൾ തനിക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്.  വീണ്ടും ഒരു ഭാഗ്യ പരീക്ഷണത്തിന് നിൽക്കാതിരിക്കുക തന്നെയാണ് നല്ലത്.  ഒന്നുമല്ലെങ്കിൽ ഒരു വിളിപ്പാടകലെ എവിടെയെങ്കിലും അവൾ ഉണ്ടല്ലോ എന്ന് ആശ്വാസത്തിൽ തനിക്ക് ജീവിക്കാൻ കഴിയും. അവൾ ജീവനോടെ ഇരിക്കുന്നു എന്നതിനേക്കാൾ അപ്പുറം തനിക്ക് സന്തോഷം നൽകുന്ന എന്താണ് ഉള്ളത്. അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഒപ്പം താനും ഈ ലോകം വിടുമെന്ന് അവളോട് പറഞ്ഞിട്ടുള്ളതാണ്.  അതിലും നല്ലത് അവൾ സന്തോഷത്തോടെ മറ്റൊരാൾക്കൊപ്പം ജീവിക്കുന്നത് അല്ലേ..?  ഒരാളുടെ വേദനകൊണ്ട് മറ്റുള്ളവർക്ക് സന്തോഷം ലഭിക്കുമെങ്കിൽ മറ്റുള്ളവർ സമാധാനിക്കുമെങ്കിൽ ആ ഒരാൾ മാത്രം വേദനിക്കുന്നതല്ലേ നല്ലത്.?  അല്ലെങ്കിലും ഒന്നഴുകിയാലേ ഒന്നിന് വളമാവുകയുള്ളൂ,  എന്തുപറഞ്ഞാലും ശ്രുതിയെ തന്നിൽ നിന്നും അകറ്റണമെന്ന ഒരു തീരുമാനത്തിലേക്ക് അവൻ എത്തിയിരുന്നു..  ഇല്ലെങ്കിൽ അത് തന്നെക്കാൾ കൂടുതൽ ബാധിക്കുന്നത് ശ്രുതിയെയാണ്,  ഒരു നിമിഷം അവളോട് തോന്നിയ മോഹത്തിന്റെ പേരിൽ താൻ മറ്റെല്ലാം മറന്നു പോയിരുന്നു.  അവളുടെ ജീവനാപത്തിലാണ് എന്ന് താൻ എന്തുകൊണ്ടാണ് ചിന്തിക്കാതെ പോയത്.? മുന്നിൽ രണ്ട് അനുഭവങ്ങൾ ഉണ്ടായിട്ടും എന്ത് ധൈര്യത്തിലാണ് ഒരു പാവം പെൺകുട്ടിയുടെ ജീവിതം ഇല്ലാതാക്കാൻ താൻ മുൻകൈയെടുത്തത്. ഈ ജന്മം തനിക്ക് വിവാഹജീവിതം പറഞ്ഞിട്ടില്ല,  ശ്രുതി തന്റെ ജീവിതത്തിൽ നിന്ന് എങ്ങനെയും അകന്നു പോകണം അവൻ ദൃഢനിശ്ചയമെടുത്തു. അവന്റെ കണ്ണിൽ നിന്നും ആ നിമിഷം ഒഴുകിയത് കണ്ണുനീരായിരുന്നില്ല ലാവയായിരുന്നു...

 പുരുഷന്മാർ കരയാൻ പാടില്ല എന്ന് പറയും പക്ഷേ ചങ്ക് പൊട്ടുന്ന സാഹചര്യത്തിൽ ഒരു ആശ്വാസം പകരാൻ കരച്ചിൽ അല്ലാതെ മറ്റ് എന്താണ് പ്രതിവിധി.? ഒന്ന് അലറി കരയാൻ ആ നിമിഷം അവൻ ആഗ്രഹിച്ചിരുന്നു.  പക്ഷേ സാധിക്കില്ലല്ലോ സമൂഹത്തിനു മുൻപിൽ താൻ പുരുഷൻ അല്ലേ.? എന്തും സഹിക്കേണ്ടവൻ, അവനു മൃദുവികാരങ്ങൾ പാടില്ല,  സ്ത്രീകളെ പോലെ കരഞ്ഞാൽ അവൻ സ്ത്രൈണനാണ് എന്ന് സമൂഹം പറയും.  അവനും വേദനയും ദുഃഖവും ഉണ്ടെന്ന് മറ്റുള്ളവർ അറിയുന്നില്ല.  പുരുഷൻ എന്ന മൂടുപടത്തിനുള്ളിൽ അവൻ സഹിക്കുന്നത് എന്തൊക്കെ വേദനകൾ ആയിരിക്കും.?  ചുണ്ടിനു മുകളിൽ അല്പം രോമം ഉണ്ടായിപ്പോയി എന്നതുകൊണ്ട് മാത്രം കരയാൻ സാധിക്കാതെ പോകുന്ന ജന്മങ്ങളാണ് ഓരോ പുരുഷന്മാരും എന്ന് അവൻ ഓർമിച്ചു.  മറ്റുള്ളവർക്ക് മുൻപിൽ നിന്ന് അവൻ ഒന്ന് കരഞ്ഞാൽ അവൻ പിന്നെ കോമാളിയാണ് ആണത്തം ഇല്ലാത്തവൻ ആണ്. ഒന്ന് പൊട്ടിക്കരയുമ്പോൾ ഒരു മനുഷ്യന് ലഭിക്കുന്ന സമാധാനം വേറെ എവിടെയാണ് ലഭിക്കുന്നത്, ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട്  ഷവർ ഓഫ് ചെയ്ത് നനഞ്ഞ ഡ്രസ്സ് മാറി അവൻ തലയെല്ലാം തോർത്തി പുറത്തേക്ക് ഇറങ്ങിയപ്പോൾ നാലു മിസ്കോൾ ഫോണിൽ കിടപ്പുണ്ട്, നോക്കിയപ്പോൾ ശ്രുതിയാണ്...!

 തിരിച്ചു വിളിക്കാൻ തോന്നിയില്ല വീണ്ടും കോൾ വന്നപ്പോൾ അവൻ ഒന്നും നോക്കാതെ ഫോൺ അപ്പോൾ തന്നെ സ്വിച്ച് ഓഫ് ചെയ്തിരുന്നു.......കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story