നിളയോഴുകും പോൽ 💙: ഭാഗം 63

രചന: റിനു

അതും പറഞ്ഞ് അവൾ ഓഫീസിൽ നിന്നും പുറത്തേക്കിറങ്ങി.  ഓട്ടോസ്റ്റാൻഡിന് മുൻപിൽ നിൽക്കുമ്പോൾ എങ്ങനെയും സഞ്ചയെ കണ്ട് സംസാരിക്കണം എന്ന് മാത്രമായിരുന്നു അവളുടെ മനസ്സിൽ ഉണ്ടായിരുന്നത്..  ഓട്ടോയിൽ കയറി സഞ്ജയുടെ വീടിന് അരികിലേക്ക് ഇറങ്ങുമ്പോൾ പതിവിൽ കൂടുതൽ ധൈര്യം തന്റെ മനസ്സിലേക്ക് നിറയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു

കോളിംഗ് ബെൽ അടിച്ച സമയത്ത് വാതിൽ തുറന്നത് മല്ലികയായിരുന്നു, പെട്ടെന്ന് മുൻപിൽ ശ്രുതിയെ കണ്ടതും മല്ലിക ഒന്ന് അമ്പരന്നിരുന്നു...

"ആഹാ മോളെന്താ ഈ സമയത്ത്...? അമ്മ ഇപ്പോൾ അങ്ങോട്ട് ഇറങ്ങിയതെ ഉള്ളല്ലോ,

 മല്ലികയുടെ ആ തുറന്നുപറച്ചിലിൽ നിന്നു തന്നെ എന്താണ് സഞ്ജയ്ക്ക് സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ ശ്രുതിക്ക് സാധിക്കുമായിരുന്നു...

" അമ്മ പറഞ്ഞിരുന്നു അമ്പലത്തിൽ പോകാൻ വന്ന കൂട്ടത്തിൽ ഇവിടെ വന്നിരുന്നു എന്ന്,

"എങ്കിൽ പിന്നെ മോൾക്കും കൂടി അമ്മയുടെ കൂടെ വരാമായിരുന്നില്ലേ...?

"  ഞാനിപ്പോൾ ഇവിടെ വരാനായിട്ട് വന്നതല്ല ഓഫീസിൽ ഒരു അർജന്റ് കാര്യം നടക്കുന്നു അതുകൊണ്ട് സഞ്ജയ് സാറിനെ കാണാൻ വേണ്ടി വന്നതാ,

" സഞ്ജയ് സാറോ...?  എല്ലാ കാര്യങ്ങളും അവൻ എന്നോട് പറഞ്ഞു.  ഇനിയിപ്പോൾ ഒളിയും മറയും ഒന്നും വേണ്ട... എനിക്ക് എല്ലാ കാര്യങ്ങളും അറിയാം,  എന്റെ മുൻപിൽ വച്ച് ആയതുകൊണ്ടാവും സർ എന്ന് വിളിച്ചത്...

ഒരു കുസൃതിയോടെ  മല്ലിക ചോദിച്ചു

അതിനെന്തു മറുപടി പറയണമെന്ന് അവൾക്ക് അറിയില്ലായിരുന്നു...

"  അയ്യോ അമ്മ വിചാരിക്കുന്ന പോലെ......

"ഒന്നും പറയണ്ട എനിക്ക് എല്ലാ കാര്യങ്ങളും  എനിക്ക് അറിയാം,    അവൻ ഇവിടെത്തന്നെയുണ്ട് ഞാൻ വിളിക്കാം...  മോളെ അകത്തേക്ക് കയറിയിരിക്കാൻ നോക്ക്...

അവൾ അകത്തേക്ക് കയറാൻ തുടങ്ങിയതും പെട്ടെന്ന് മല്ലിക തടഞ്ഞു.

"വലതുകാൽ വെച്ച് അകത്തേക്ക് കയറു മോളെ, ഇനി മുതൽ നീ ഇവിടെ ജീവിക്കേണ്ടതല്ലേ,  പെട്ടെന്ന് മല്ലിക അങ്ങനെ പറഞ്ഞപ്പോൾ ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു ശ്രുതി,  എങ്കിലും തന്റെ മകന്റെ പെൺകുട്ടിയായി അവർ തന്നെ അംഗീകരിച്ചതിന്റെ സന്തോഷം അവളുടെ ഉള്ളിലുണ്ടായിരുന്നു...  വളരെ സന്തോഷത്തോടെ  തന്നെയാണ് അവൾ അകത്തേക്ക് കയറിയത്...

" ഞാൻ സഞ്ജുവിനെ വിളിച്ചിട്ട് വരാം...

 അതും പറഞ്ഞ് അവർ മുകളിലേക്ക് പോകാൻ തുടങ്ങി . താൻ കാണാൻ വന്നു എന്ന് അറിഞ്ഞാൽ സഞ്ചയ് വരുമോ എന്നുള്ള ഒരു സംശയം അവൾക്കുണ്ടായിരുന്നു.. 

 "അമ്മയ്ക്ക് വയ്യാതിരിക്കല്ലേ,
 മുകളിലേക്ക് പോകാൻ ബുദ്ധിമുട്ടായിരിക്കും,  ഞാൻ പോയി കാണാം...  എനിക്ക് അർജന്റ് ആയി ഒരു മെയിൽ അയക്കാൻ ഉണ്ട്.  അതിനെപ്പറ്റി സംസാരിക്കാൻ ആയിരുന്നു.

"ആണോ ശരി എങ്കിൽ മോൾ ചെല്ല്... ഞാൻ അപ്പോഴേക്കും മോൾക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കാം,

 അതും പറഞ്ഞു മല്ലിക അടുക്കളയിലേക്ക് പോയപ്പോൾ അവൾ മുകളിലേക്ക് കയറിയിരുന്നു...  ഒന്ന് രണ്ട് തവണ ഡോറിൽ മുട്ടിയതിനു ശേഷം ആണ് കതക് തുറക്കപ്പെട്ടത്...  കതക് തുറന്നതും മുൻപിൽ നിൽക്കുന്ന ശ്രുതിയെ കണ്ടപ്പോൾ അവന് അമ്പരന്നു പോയിരുന്നു... സഞ്ജയുടെ കോലം കണ്ട് അവളും ഞെട്ടിയിരുന്നു. കണ്ണുകൾ ഒക്കെ ചുവന്ന് ഒരു വ്യത്യസ്തമായ മുഖഭാവം.  താനിതുവരെ അത്രയും വിഷമമായി അവനെ കണ്ടിട്ടില്ല എന്ന് അവൾ ഓർത്തു... മുൻപിൽ പെട്ടെന്ന് ശ്രുതിയെ കണ്ടപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു സഞ്ജയ്.  ഒരു മുന്നറിയിപ്പുമില്ലാതെ അവൾ തനിക്ക് മുൻപിലേക്ക് ഇങ്ങനെ വന്നു നിൽക്കുമെന്ന് പ്രതീക്ഷിച്ചതല്ല... അവനെപ്പോലും അമ്പരപ്പിച്ചു കൊണ്ട്  അകത്തേക്ക് കയറി അവൾ പെട്ടെന്ന് ഡോർ ലോക്ക് ചെയ്യുകയായിരുന്നു ചെയ്തത്.. അവളുടെ ആ പ്രവർത്തിയിൽ പെട്ടെന്ന് അവൻ അമ്പരന്നു പോയിരുന്നു..

"ശ്രുതി എന്താ താൻ ഈ കാണിക്കുന്നത്,   ആരെങ്കിലും ഇങ്ങോട്ട് കയറിവന്നാൽ എന്താ കരുതുക.?

"  ആര് എന്ത് കരുതിയാലും എനിക്കൊരു കുഴപ്പവുമില്ല.  ഇവിടെ ആർക്കും അറിയാത്ത ഒന്നുമല്ലല്ലോ, സർ അമ്മയോട് പറഞ്ഞിട്ടില്ലേ...?അമ്മ ഇപ്പൊൾ എന്നെ കണ്ടപ്പോൾ പറഞ്ഞു.. അമ്മയ്ക്ക് എല്ലാ കാര്യങ്ങളും അറിയാം എന്ന്..

"എന്ത് കാര്യം..?  എന്ത് കാര്യം അറിയാവുന്ന കാര്യം അമ്മ പറഞ്ഞുവെന്ന് ആണ് താൻ പറയുന്നത്...

 അവൾക്ക് മുഖം നൽകാതെ അവൻ തിരിഞ്ഞുനിന്ന് സംസാരിച്ചിരുന്നു...
 അവന്റെ വാക്കുകളിലെ ഗൗരവവും മുഖത്തെ നിസ്സംഗതയും അവൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു..

"  ഞാൻ എത്ര തവണ വിളിച്ചു, സർ എന്താ ഫോൺ എടുക്കാതിരുന്നത്...?  പിന്നെ വിളിച്ചപ്പോൾ സ്വിച്ച് ഓഫ്‌ അതുകൊണ്ട ഞാൻ നേരിട്ട് വന്നത്...

" ശ്രുതി ഞാൻ തന്റെ കളി കുട്ടിയല്ല,  താൻ പറയുന്ന സമയത്ത് എനിക്ക് തന്നെ വിളിക്കാനും ചിലപ്പോൾ താൻ വിളിക്കുന്ന സമയത്ത് ഫോൺ എടുക്കാനും ഒന്നും സാധിച്ചില്ലന്ന് വരും. എനിക്ക് ഒരു 100 കൂട്ടം തിരക്കുള്ള ആളാണ്,  തന്നെ പോലെ വെറുതെ കുത്തിയിരിക്കുകയല്ല... ബുദ്ധിമുട്ട് വരും,  മാത്രമല്ല എനിക്ക് സംസാരിക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഞാൻ ഫോൺ സ്വിച്ച് ഓഫ് ചെയ്യും.  ഇതൊക്കെ തന്നോട് ഞാൻ പറഞ്ഞ് മനസ്സിലാക്കി തരണമെന്ന് പറയുന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാ...  മാത്രമല്ല ഞാൻ എന്തൊക്കെ ചെയ്യണം എന്ന് തീരുമാനിക്കുന്നത് താൻ ആണോ.? എന്റെ തലയിൽ കയറി നിരങ്ങാനുള്ള അധികാരം ഒന്നും ഞാൻ ആർക്കും നൽകിയിട്ടില്ല.. കടുത്ത ഭാഷയിൽ അവൻ പറഞ്ഞപ്പോൾ അവൾ വല്ലാതെ ആയി പോയിരുന്നു.

" സാറെന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് ...? അമ്മ സാറിനെ കാണാൻ വന്നിരുന്നു അല്ലേ,

"  എന്നെ കാണാൻ പല ആളുകൾ വരും അതിന്റെയൊക്കെ ലിസ്റ്റ് ഞാൻ നിനക്ക് തരണമെന്ന് ഉണ്ടോ...?

" സാറെന്തിനാ ആവശ്യമില്ലാതെ ഇങ്ങനെ ദേഷ്യപ്പെടുന്നത്.? എനിക്കറിയാം അമ്മ സാറിനെ വന്നു കണ്ടു എന്തൊക്കെയോ പറഞ്ഞിട്ടുണ്ട് അതിന്റെ ലക്ഷണങ്ങളാ ഇതൊക്കെ..

"  തന്റെ അമ്മ എന്നെ കാണാൻ വന്നിരുന്നു എന്നുള്ളത് ശരിയാണ് പക്ഷേ അതൊന്നും പറയാൻ വേണ്ടിയല്ല ഇനി ജോലിക്ക് തന്നെ വിളിക്കരുതെന്ന് പറയാൻ വേണ്ടി മാത്രം,  അല്ലാതെ മറ്റു കാര്യങ്ങൾ ഒന്നും തന്നെ എന്നോട് പറഞ്ഞിട്ടില്ല..

"  ശരി സമ്മതിച്ചു ഞാൻ വിശ്വസിച്ചു.  ഞാൻ ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നത് എന്താ

" ഞാൻ പറഞ്ഞില്ലേ എനിക്ക് 100 കൂട്ടം പ്രശ്നങ്ങളുണ്ട് എപ്പോഴും തന്നെ ഫോൺ വിളിച്ചിരിക്കാൻ ഒന്നും എനിക്ക് പറ്റില്ല...

"  അമ്മ സാറിനോട് ഒന്നും പറഞ്ഞിട്ടില്ലെങ്കിൽ പിന്നെ എന്തിനാ ഈ ഒഴിഞ്ഞുമാറ്റം ഇത് കാണുമ്പോൾ തന്നെ എനിക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ട്

" ആരൊഴിഞ്ഞുമറിയെന്നാ...?താൻ ഈ കാണിക്കുന്നത് വല്ലാത്ത ബോർ പരിപാടിയാണ്.  ഏതെങ്കിലും ഒരു പെൺകുട്ടി ഇങ്ങനെ വീട്ടിലേക്ക് കയറി വന്ന് ഒരു പുരുഷന്റെ മുറിയിലെ ഡോർ അടച്ചു കുറ്റിയിട്ട് സംസാരിക്കുമോ.? വളരെ മോശം

" എന്ത് മോശം നമ്മൾ ഒരു മുറിയില് ഇങ്ങനെ ഇരിക്കുന്നത് ഇതാദ്യമാണോ...?

"ഇപ്പൊൾ അമ്മയോ ആരെങ്കിലുമോ കയറി വന്ന് കണ്ട എന്തായിരിക്കും വിചാരിക്കുക.?

" എന്ത് വിചാരിക്കാൻ, അമ്മയ്ക്ക് അറിയാമല്ലോ സാറ് എന്നെ വിവാഹം കഴിക്കാൻ പോവാണെന്ന്...

"വിവാഹം കഴിക്കാൻ പോന്നോ.? അത് താൻ മാത്രം ഉറപ്പിച്ചാൽ മതിയോ...?

" സാർ എന്തൊക്കെയാ ഈ പറയുന്നത്.?

"  അങ്ങനെ എടുത്ത് ചാടി ചെയ്യാവുന്ന ഒന്നല്ല വിവാഹം എന്നു പറയുന്നത്...  ഞാൻ അങ്ങനെ പെട്ടെന്ന് ആ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ ഉദ്ദേശിച്ചിട്ടുമില്ല.

"  അതെന്താ പെട്ടെന്ന് ഒരു മനം മാറ്റം വന്നത് കഴിഞ്ഞദിവസം വരെ അങ്ങനെ ആയിരുന്നില്ലല്ലോ പറഞ്ഞത്...

" ഞാൻ പറഞ്ഞില്ലേ ആലോചിച്ച് വേണം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ,  അതുകൊണ്ട് ഞാൻ നന്നായി ആലോചിച്ചു തീരുമാനിക്കാം എന്ന് കരുതി... അതിനുള്ള സ്വാതന്ത്ര്യം എനിക്കില്ലേ.? എന്റെ ജീവിതം അല്ലേ.?

" അതിനുള്ള സ്വാതന്ത്ര്യം സാറിനുണ്ട്,ഇല്ലെന്ന് ഞാൻ പറഞ്ഞില്ല, അതുപോലെ എനിക്കിപ്പോൾ സാറിനോട് കുറച്ച് സംസാരിക്കാനുണ്ട് 

" ഇപ്പൊൾ എനിക്കൊന്നും സംസാരിക്കാൻ താല്പര്യം ഇല്ല.  ശ്രുതി ഇപ്പോൾ പോകണം

 അവളുടെ മുഖത്തേക്ക് നോക്കാതെ അവൻ പറഞ്ഞപ്പോൾ വല്ലാത്തൊരു നൊമ്പരം അവളെ കീഴടക്കുന്നുണ്ടായിരുന്നു ....

"സർ വാക്ക് മാറ്റാൻ തുടങ്ങുകയാണോ...?  ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും പറഞ്ഞ വാക്കിന് മാറ്റം ഉണ്ടാവില്ലന്ന് എന്നോട് ഉറപ്പ് പറഞ്ഞിട്ട് ഇപ്പോൾ എന്നിൽ നിന്ന് ഒഴിഞ്ഞു മാറുകയാണോ.?

"  തനിക്കെന്താ എന്നെ തന്നെ വിവാഹം കഴിക്കണമെന്ന് ഇത്രയ്ക്ക് വാശി.?  എന്റെ സ്വത്തും പണവും കണ്ടിട്ടാണോ.?  അങ്ങനെയാണെങ്കിൽ താൻ ചോദിക്കുന്നത് എന്താണെന്ന് വെച്ചാൽ ഞാൻ തനിക്ക് തരാം. ദയവു ചെയ്തു ഉപദ്രവിക്കാതെ ഒന്ന് പോയി തരാമോ...?

 ദേഷ്യത്തോടെ കൈകൾ കൂപ്പി സഞ്ജയ് അത് പറഞ്ഞപ്പോൾ വല്ലാത്ത ഒരു അവസ്ഥയിലേക്ക് എത്തിയിരുന്നു ശ്രുതി... അവൾ പോലും അറിയാതെ അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഇറ്റ് വീഴാൻ തുടങ്ങി,

 അവൾ അവന്റെ മുഖത്തേയ്ക്ക് നോക്കി... ആ മുഖത്തേക്ക് ഒരുപാട് നേരം നോക്കി നിൽക്കാൻ അവനും കഴിയുമായിരുന്നില്ല...  പിന്നീട് മറുപടി ഒന്നും പറയാതെ വാതിൽ തുറന്നു അവൾ പുറത്തേക്ക് പോയിരുന്നു..........കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story