നിളയോഴുകും പോൽ 💙: ഭാഗം 64

nilayozhukumpol

രചന: റിനു

എന്റെ സ്വത്തും പണവും കണ്ടിട്ടാണോ.?  അങ്ങനെയാണെങ്കിൽ താൻ ചോദിക്കുന്നത് എന്താണെന്ന് വെച്ചാൽ ഞാൻ തനിക്ക് തരാം. ദയവു ചെയ്തു ഉപദ്രവിക്കാതെ ഒന്ന് പോയി തരാമോ...?

 ദേഷ്യത്തോടെ കൈകൾ കൂപ്പി സഞ്ജയ് അത് പറഞ്ഞപ്പോൾ വല്ലാത്ത ഒരു അവസ്ഥയിലേക്ക് എത്തിയിരുന്നു ശ്രുതി... അവൾ പോലും അറിയാതെ അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഇറ്റ് വീഴാൻ തുടങ്ങി,

 അവൾ അവന്റെ മുഖത്തേയ്ക്ക് നോക്കി... ആ മുഖത്തേക്ക് ഒരുപാട് നേരം നോക്കി നിൽക്കാൻ അവനും കഴിയുമായിരുന്നില്ല...  പിന്നീട് മറുപടി ഒന്നും പറയാതെ വാതിൽ തുറന്നു അവൾ പുറത്തേക്ക് പോയിരുന്നു

പെട്ടെന്നുള്ള അവളുടെ ആ പ്രവർത്തിയിൽ അവനും ശരിക്കും വല്ലാതെ ആയി പോയിരുന്നു. എന്തുപറഞ്ഞാണ് താൻ അവളെ ആശ്വസിപ്പിക്കുന്നത്.?  ഒന്ന് ചേർത്തുപിടിച്ചു പുൽകണം എന്നുണ്ട് പക്ഷേ തന്റെ കൈകൾക്ക് ബലക്ഷയം ആണെന്ന് എങ്ങനെയാണ് അവളോട് പറയുന്നത്. ആ ഹൃദയം നോവുമ്പോൾ അതിൽ കൂടുതൽ നോവുന്നത് തന്റെ ഹൃദയമാണ്,  പക്ഷേ അത് തനിക്ക് തുറന്നു പറയാനും സാധിക്കുന്നില്ല. നിസ്സഹായയായ അവളുടെ അമ്മയുടെ കണ്ണുനീർ കണ്ണിൽ നിന്നും മാഞ്ഞു പോയിട്ടില്ല. പ്രിയപ്പെട്ടത് പലതും ത്യജിക്കാൻ പണ്ടുമുതലേ വിധിക്കപ്പെട്ടവനാണ് താൻ. അക്കൂട്ടത്തിൽ ഒന്നുകൂടെ എന്നു മാത്രമേ ഇപ്പോൾ കരുതുന്നുള്ളൂ. കുറച്ച് വിഷമിച്ചാലും സാരമില്ല നാളെ ഒരുപാട് ദുഃഖിക്കുന്നതിലും നല്ലത് അത് തന്നെയാണ്.  അവളുടെ അമ്മ പറഞ്ഞതുപോലെ ഒരു അമ്മയും സ്വന്തം മകളെ മരണത്തിലേക്ക് തള്ളി വിടാൻ ആഗ്രഹിക്കില്ലല്ലോ..  ഇത്തിരി വേദനിച്ചാലും നല്ലത് ഇതുതന്നെയാണെന്ന്  അവന് തോന്നി.  സ്വന്തം മകളുടെ ജീവനു വേണ്ടി തന്റെ കൺമുമ്പിൽ വന്ന് കരഞ്ഞ ഒരു അമ്മയെ ഒരിക്കലും മറക്കാൻ സാധിക്കില്ല.  താനായി ആ അമ്മയുടെ മനസ്സ് വിഷമിപ്പിക്കാൻ പാടില്ലന്ന് അവൻ ചിന്തിച്ചു. അവന്റെ കണ്ണുകളും നിറഞ്ഞു വന്നിരുന്നു.  കണ്ണുകൾ അടച്ച് കുറെ നേരം ഇരുന്നപ്പോൾ അവന്റെ മനസ്സിൽ നില നിന്നത് മുഴുവൻ അവളുമായുള്ള സന്തോഷകരമായ നിമിഷങ്ങൾ ആയിരുന്നു.  ആദ്യമായി തന്നോട് അവൾ ഹൃദയം തുറന്നതും താൻ എതിർത്തപ്പോൾ കൊച്ചു കുട്ടികളെപ്പോലെ അവൾ ശാഠ്യം പിടിച്ചതും ഒക്കെ അവന്റെ മനസ്സിൽ നിറഞ്ഞു നിന്നു. ഒന്നും പ്രതീക്ഷിക്കാതെ തന്നെ സ്നേഹിച്ചവളാണ്. താൻ നൽകിയ സുരക്ഷിതത്വം കൊണ്ട് മാത്രം തന്നെ ഹൃദയത്തിൽ കൊണ്ട് നടന്നവൾ ആണ്.  ഇന്ന് അവളുടെ മനസ്സിൽ താൻ വലിയൊരു ആഘാതം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്...  മറ്റെന്തു പറഞ്ഞാലും അവൾ പോകില്ലെന്ന് ഉറപ്പായിരുന്നു. അതുകൊണ്ടാണ് അത്രയും രൂക്ഷമായ ഭാഷയിൽ അവളോട് സംസാരിച്ചത്. ഇപ്പോൾ അല്പം വേദന തോന്നുന്നുണ്ട്.  പക്ഷേ അത് വേണ്ടിയിരുന്ന ഒന്നുതന്നെയാണെന്ന് മനസ്സ് പറയുന്നു.. 

 വീട്ടിലേക്ക് കയറിച്ചെന്നു ഒന്നും മിണ്ടാതെ മുറിയിലേക്ക് പോവുകയായിരുന്നു ശ്രുതി ചെയ്തത്.  ഒപ്പം തന്നെ കണ്ണുകൾ നിറച്ച് അവൾ കട്ടിലിലേക്ക് ചെയ്തിരുന്നു.  അവൾക്ക്  പിന്നാലെ അവൾ എന്താണ് ചെയ്യുന്നത് എന്ന് അറിയുവാനായി വന്ന അജിത കാണുന്നത് കട്ടിലിൽ കിടന്ന് ഏങ്ങിയേങ്ങി കരയുന്ന ശ്രുതിയെയാണ്..  മകളുടെ ആ അവസ്ഥ കണ്ടതും ആ അമ്മ മനസ്സ് ഒന്ന് പിടഞ്ഞു പോയിരുന്നു..  അരികിൽ ചെന്ന് ഒന്ന് തഴുകണമെന്ന് തോന്നിയിരുന്നു,  പക്ഷേ എന്തുകൊണ്ടോ അതിന് അവർക്ക് കഴിഞ്ഞില്ല. ഇപ്പോൾ കുറച്ചു വേദനിക്കുമെങ്കിലും തനിക്ക് അവളുടെ അവസ്ഥയിൽ തെല്ലും വേദനയില്ലന്ന് തോന്നുമ്പോൾ അവൾ താനെ അയാളെ മറന്നുകൊള്ളും എന്നാണ് അവർ പ്രതീക്ഷിച്ചത്...

" ശ്രുതി....

 അല്പം രൂക്ഷമായി തന്നെ അവർ വിളിച്ചു.  ഒന്നും മിണ്ടാതെ ചുവന്ന കണ്ണുകളോടെ അവൾ തലയുയർത്തി അമ്മയുടെ മുഖത്തേക്ക് നോക്കി.

"  ഇവിടെ ഇത്രത്തോളം കരയുവാൻ എന്താ സംഭവിച്ചത് നിന്റെ അമ്മയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല.  അതോ അമ്മയെക്കാളും വലുതാണോ ഇന്നലെ കണ്ട ഏതോ ഒരാൾ.

" കുറച്ച് സമയം ഒന്ന് ഒറ്റയ്ക്ക് ഇരിക്കാൻ ഉള്ള സ്വാതന്ത്ര്യം എങ്കിലും അമ്മ എനിക്ക് തരണം. അമ്മയുടെ ഇഷ്ടം പോലെ എല്ലാ കാര്യങ്ങളും നടന്നല്ലോ. 

" അമ്മ ചെന്ന് കാണേണ്ടവരെ കാണുകയും പറയേണ്ട കാര്യങ്ങൾ പറയുകയും ചെയ്തു.  അമ്മയുടെ മനസ്സിലെ ആഗ്രഹം എന്താണോ അതുപോലെ തന്നെ അദ്ദേഹം പ്രവർത്തിക്കുകയും ചെയ്തു.  ഇനിയെങ്കിലും എന്നെ ഒന്ന് വെറുതെ വിട്ടൂടേ... ഒപ്പം മറ്റൊരു കാര്യം കൂടി അമ്മയെ ഓർത്തോളു ഈ ജന്മം എനിക്കിനി മറ്റൊരു വിവാഹം ഉണ്ടാകില്ല.  ഒരിക്കലും ഒരു വിവാഹകാര്യം പറഞ്ഞുകൊണ്ട് അമ്മ എന്റെ അരികിൽ വരികയും ചെയ്യരുത്.

അവളുടെ വെളിപ്പെടുത്തലിൽ ഞെട്ടി പോയിരുന്നു അജിത

 "നീ എന്നോട് വാശി തീർക്കാൻ ആയിട്ട് ഇറങ്ങിയിരിക്കുകയാണ് അല്ലെ...? നീ ഇനി ഒരു വിവാഹം കഴിക്കില്ലെന്ന് പറഞ്ഞാലും ഇങ്ങനെ ഒരു വിവാഹത്തിന് ഞാൻ സമ്മതിക്കില്ല.  അത് കേട്ടാൽ മതി. ഇനി ഒരിക്കലും അമ്മ എന്നോട് വിവാഹത്തിന്റെ കാര്യം പറയരുത്.

"  ശ്രുതി അത്രമാത്രം ഇഷ്ടപ്പെടാൻ എന്ത് മേന്മ അയാൾക്കുള്ളത്.?  രണ്ട് വിവാഹം കഴിച്ച ഒരാളെ അതും നിന്റെ ഇരട്ടി പ്രായമുള്ള ഒരാളെ വിവാഹം കഴിക്കണമെന്ന് നീ വാശിപിടിക്കുന്നതിന്റെ അർത്ഥം എനിക്ക് മനസ്സിലാവുന്നില്ല.

"  13 വയസ്സ് ആണോ എന്റെ ഇരട്ടി പ്രായം.?  രണ്ട് വിവാഹം കഴിച്ചത് അദ്ദേഹത്തിന്റെ കുറ്റമാണോ.?  ജീവിതത്തിൽ വീണ്ടും വീണ്ടും വിധി ക്രൂരത കാണിക്കുന്നത് അദ്ദേഹത്തിന്റെ കുറ്റമാണോ.?  അമ്മ വല്ലാതെ സ്വാർത്ഥമായി പോയി.  എന്റെ ഇഷ്ടങ്ങൾക്ക് പോലും അമ്മ പ്രാധാന്യം നൽകിയില്ല.

"   എന്റെ സ്ഥാനത്ത് നീയാണെങ്കിലും ഇത് മാത്രേ ചെയ്യൂ,  ഒരിക്കലുമില്ല അമ്മേ,  അമ്മയുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ ആദ്യം ഞാൻ സ്വന്തം മകളുടെ മനസ്സ് അറിയാനാണ് ശ്രമിക്കുന്നത്.  ഇതുവരെ ഒരു കാര്യത്തിനും വാശിപിടിച്ചിട്ടില്ലാത്ത ഒരു മകൾ ഒരു കാര്യത്തിന് മാത്രം ഇത്രത്തോളം പ്രാധാന്യം നൽകുന്നുവെങ്കിൽ അതില്ലാതെ പറ്റില്ല എന്ന് വാശിപിടിക്കുന്നു എങ്കിൽ അവൾ അത് അത്രത്തോളം ആഗ്രഹിച്ചിട്ടുണ്ടാവുമെന്ന് എനിക്ക് മനസ്സിലാകും.  അവളുടെ ജീവിതത്തിൽ ശരിയെന്ന് തോന്നുന്ന തീരുമാനങ്ങളാണ് അവൾ എടുക്കുന്നത് എന്ന് പൂർണ ബോധ്യം ഉള്ള ഒരു അമ്മയാണ് ഞാൻ എങ്കിൽ ഒരിക്കലും ഞാൻ ഇങ്ങനെയുള്ള ഒരു കാര്യത്തിന് മുൻപിൽ ഇറങ്ങില്ല.

"  ജീവിതത്തിൽ തെറ്റ് എന്ന് തോന്നുന്ന തീരുമാനങ്ങളാണ് അവളെടുക്കുന്നതെങ്കിലോ.?എനിക്കിപ്പോൾ നിന്റെ തീരുമാനം കണ്ടിട്ട് അങ്ങനെയാ തോന്നുന്നത്. നീ ചെറുപ്പമാണ് പ്രായത്തിന്റെ ചോരത്തിളപ്പിൽ പല തീരുമാനങ്ങളും നീ എടുക്കും. അത് തിരുത്തേണ്ടത് എന്റെ കടമയാണ്. ഒരു അമ്മ എന്ന നിലയിൽ ഞാൻ അത് ചെയ്യുകയും വേണം.  നിന്നെക്കാളും ലോകപരിചയവും അനുഭവ പാഠവും കൂടുതലുള്ളത് എനിക്കാണ്.  അതുകൊണ്ട് ഞാനീ പറഞ്ഞത് സത്യമാണെന്ന് നിനക്ക് മനസ്സിലാകാൻ വർഷങ്ങൾ എടുക്കും.  ഒരുപക്ഷേ ജീവിതം തുടങ്ങിയതിനു ശേഷം ആയിരിക്കും അങ്ങനെ ഒരു കാര്യം നീ മനസ്സിലാക്കുന്നത് പോലും.  പക്ഷേ എന്റെ തീരുമാനമായിരുന്നു ശരിയെന്ന് കാലം തെളിയിക്കും.  കുറച്ചുകാലം വിവാഹം വേണ്ടെന്നൊക്കെ നിനക്ക് തോന്നും. പതിയെ പതിയെ മറവിയിലേക്ക് നീ തന്നെ അയാളെ മാറ്റി നിർത്തും.  അയാളുടെ ഓർമ്മകൾ പോലും നിനക്ക് മടുപ്പു ഉളവാക്കും.  മനുഷ്യൻ എന്ന് പറയുന്നത് അതാണ് മോളെ മറക്കാനും മടുക്കാനും കഴിവുള്ളവർ.

"എല്ലാ മനുഷ്യരും അങ്ങനെ അല്ലമ്മ, അങ്ങനെയാണെന്ന് അമ്മ പ്രതീക്ഷിച്ചോളൂ പക്ഷേ ഞാൻ അങ്ങനെ ആയിരിക്കില്ല.  ഇനി ഒരിക്കലും അമ്മയ്ക്ക് എന്നെ സന്തോഷത്തോടെ കാണാൻ സാധിക്കില്ല.  എന്റെ സന്തോഷം മുഴുവൻ ആ ഒരാളില്ലായിരുന്നു, ഈ കാലത്തിനുള്ളിൽ ഞാൻ ഒന്ന് ഹൃദയം തുറന്ന് ചിരിച്ചിട്ടുള്ളത് അദ്ദേഹത്തിനൊപ്പം ഇരുന്നപ്പോഴാ,  ഈ ലോകത്തിൽ ഞാൻ സുരക്ഷിതയാണെന്നും എനിക്ക് വേണ്ടി സംസാരിക്കാനും എനിക്ക് വേണ്ടി പ്രവർത്തിക്കാനും ആരൊക്കെയോ ഉണ്ട് എന്ന് തോന്നിയത് ആദ്യമായിട്ട് അദ്ദേഹത്തിന്റെ അരികിൽ ചെന്നപ്പോഴാണ്.  എന്റെ സന്തോഷവും എന്റെ സ്വപ്നങ്ങളും അദ്ദേഹം മാത്രമായിരുന്നു. ജീവിതത്തിൽ മറ്റൊന്നും ഞാൻ ഇത്രയും തീവ്രമായ ആഗ്രഹിച്ചിട്ടില്ല. ആ ആഗ്രഹത്തെയാണ് അമ്മ മുളയിലെ നുള്ളി കളഞ്ഞത്.  ഇപ്പോൾ അമ്മയോട് സംസാരിക്കുന്നത് ജീവനില്ലാത്ത ആത്മാവ് നഷ്ടപ്പെട്ട ഒരു ശരീരം മാത്രമാണ്.  എന്റെ ജീവനും ശ്വാസവും ആത്മാവും ഒക്കെ സഞ്ജു സാർ ആയിരുന്നു.  ഈ ലോകത്തിൽ ഞാൻ അത്രത്തോളം സ്നേഹിച്ചിട്ടുള്ള മറ്റാരുണ്ടായിരുന്നില്ല.

 അത്രയും പറഞ്ഞ് അവൾ കട്ടിലിൽ തന്നെ വീണ്ടും തിരിഞ്ഞു കിടന്നപ്പോൾ എന്തു മറുപടി പറയണമെന്ന് അജിതയ്ക്ക് അറിയില്ലായിരുന്നു.  കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ അവൾ പഴയ ജീവിതത്തിലേക്ക് തിരികെ വരുമെന്ന് തന്നെ അവർ ഉറച്ച വിശ്വസിച്ചു. അന്ന് അച്ഛന്റെ മുറിയിലേക്ക് ശ്രുതി പോയില്ല.  എല്ലാ ദിവസവും നാമം ജപിക്കാറുള്ളവൾ അന്ന് സന്ധ്യയ്ക്ക് നാമം ജപിക്കാനായും എത്തിയില്ല.  രാത്രിയിൽ ഭക്ഷണം കഴിക്കുവാനായി അജിതയും അനുജനും വന്നു വിളിച്ചിട്ടും അവൾ എഴുന്നേറ്റില്ല.  കുറച്ച് സമയം കഴിയുമ്പോൾ എല്ലാം മാറും എന്ന് ഉറച്ചു വിശ്വസിക്കുകയായിരുന്നു അജിത ചെയ്തത്.  രാവിലെ ആയിട്ടും ശ്രുതി എഴുന്നേൽക്കുന്നില്ലന്ന് കണ്ടതും അജിത നേരെ അവളുടെ മുറിയിലേക്ക് പോയി.  രണ്ടു തവണ അവളെ വിളിച്ചു അവളിൽ നിന്നും പ്രതികരണം ഉണ്ടാവാതിരുന്നപ്പോൾ അവരുടെ ഉള്ളിൽ ഒരു ഭയം തോന്നി.  അവളെ ഒന്നുകൂടി തട്ടി വിളിച്ചപ്പോഴും അവൾ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല.  ആ നിമിഷം അവർ നന്നേ ഭയന്നു. അല്പം കുലുക്കി അവളെ തിരിച്ച് കിടത്തിയപ്പോൾ അജിത കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു.  കട്ടിലിന്റെ വീതിയിൽ കട്ടപിടിച്ച ചോര ഉണങ്ങി കിടക്കുന്നു,  അത് എവിടെ നിന്നാണ് എന്ന് നോക്കിപ്പോയ അജിത കണ്ടത് കൈയിലെ ഞരമ്പ് നിന്നും ചോര വാർന്നു കിടക്കുന്ന ശ്രുതിയെ ആണ്,

"എന്റെ മോളെ.... ചതിച്ചോടി നീ...

ചങ്ക് പൊട്ടി അവർ വിളിച്ചു........കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story