നിളയോഴുകും പോൽ 💙: ഭാഗം 67

nilayozhukumpol

രചന: റിനു


ഞാൻ പറയില്ലായിരുന്നു എന്റെ പേടികൊണ്ട് ആണ്.. ഇല്ലായിരുന്നെങ്കിൽ അവളുടെ ഒരു ഇഷ്ടത്തിനും ഞാൻ എതിര് നിൽക്കില്ലായിരുന്നു.  സാറിന്റെ അമ്മ തന്നെ നേരിട്ട് പറയുമ്പോൾ വിശ്വസിക്കാതിരിക്കാൻ എനിക്ക് തോന്നിയില്ല...

 അത്രയും വലിയ ദുഃഖത്തിനിടയിലും അജിതയുടെ ആ വെളിപ്പെടുത്തൽ സഞ്ചയിൽ ഒരു നടുക്കം സൃഷ്ടിച്ചിരുന്നു

" ശ്രുതിയുടെ അമ്മ എന്താ പറഞ്ഞത്...? എന്റെ അമ്മ എന്തു പറഞ്ഞുവെന്ന്...?

" അത് പിന്നെ സാറിനോട് പറയേണ്ടന്ന് അമ്മ പറഞ്ഞത് ആണ്... സാറിന് ജാതക പ്രശ്നങ്ങളുണ്ട് എന്നും വിവാഹം കഴിഞ്ഞാൽ അതേ അവസ്ഥ തന്നെ  ശ്രുതിയ്ക്കും ഉണ്ടാവും എന്നും പറഞ്ഞപ്പോൾ ഞാൻ ഒരു അമ്മയല്ലേ ഒന്നും മറച്ചു വയ്ക്കേണ്ട എന്ന് കരുതി എന്നോട് പറഞ്ഞത് എന്ന് പറഞ്ഞു, പക്ഷേ ഏത് അമ്മയാ ഇതൊക്കെ അറിഞ്ഞിട്ട് സ്വന്തം കുഞ്ഞിനെ അപകടത്തിലേക്ക് തള്ളിവിടുന്നത്.  അതുകൊണ്ട് കൂടിയ ഞാൻ ഇത്രത്തോളം വാശി പിടിച്ചത്.  ഇപ്പോൾ എന്റെ കുഞ്ഞിന്റെ ജീവൻ പോലും അപകടത്തിൽ ആണെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്.  ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചിരുന്നുങ്കിൽ സന്തോഷത്തോടെ എന്റെ കുഞ്ഞ് യാത്രയായാലും അത് സഹിക്കാമായിരുന്നു.  ഇതിപ്പോ മനസ്സ് വിഷമിച്ചല്ലേ അവള് പോവുകയാണെങ്കിൽ പോലും....

ആ അമ്മയുടെ കണ്ണുനീർ കണ്ടു വല്ലാത്തൊരു അവസ്ഥയിൽ എത്തിയിരുന്നു സഞ്ജയ്..

"ശ്രുതിയുടെ അമ്മ അങ്ങനെയൊന്നും പറയാതെ,  ശ്രുതിക്കൊന്നും സംഭവിക്കില്ല.  പഴയ ശ്രുതിയായി തന്നെ അവൾ തിരിച്ചു വരും...  അമ്മ ആഗ്രഹിച്ചത് പോലെ നല്ലൊരു കുടുംബജീവിതവും അവൾക്കുണ്ടാവും,

"  ഇല്ല മോനെ ഇനി അവൾ തിരിച്ചു വരുകയാണെങ്കിൽ എനിക്ക് ഒരു ശാഠ്യങ്ങളും ഇല്ല..  പഴയതുപോലെ ഞാൻ ഒന്നും പറയുകയില്ല, എന്റെ മോളെ ഒന്ന് ജീവനോടെ കിട്ടണമെന്ന് മാത്രമേ എനിക്ക് ആഗ്രഹമുള്ളൂ, അവൾ തിരിച്ചു വരുവാണെങ്കിൽ മോന്റെ ഒപ്പം ജീവിക്കുന്നതാണ് അവളുടെ സന്തോഷമെങ്കിൽ ഒരു ദിവസം എങ്കിലും ഒരു ദിവസം അവൾ സന്തോഷത്തോടെ ജീവിക്കുന്നതാ എനിക്ക് ഇപ്പോൾ സന്തോഷം...  എല്ലാ ഈശ്വരന്മാരോടും ഞാൻ പ്രാർത്ഥിക്കുകയായിരുന്നു ഒരപകടവും കൂടാതെ എന്റെ കുഞ്ഞിനെ തിരിച്ചു തരാൻ വേണ്ടി...

അജിത നെഞ്ച് പൊട്ടി പറഞ്ഞു..

" എനിക്കും ആ ഒരൊറ്റ പ്രാർത്ഥന മാത്രമേയുള്ളൂ,  അയാൾക്കൊന്നും സംഭവിക്കാതിരിക്കാൻ വേണ്ടി എന്റെ ജീവൻ നൽകാനും ഞാൻ തയ്യാറാണ്...ഒരു
 പക്ഷേ എന്നെപ്പോലുള്ള ഒരു നിർഭാഗ്യവാന്റെ പ്രാർത്ഥന ദൈവം കേൾക്കുമോന്ന് എനിക്ക് അറിയില്ല... 


" മോന്റെ കണ്ണിൽ എനിക്ക് കാണാൻ സാധിക്കുന്നുണ്ട് അവളോടുള്ള സ്നേഹം മുഴുവൻ,  ഈ സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ ഒരിക്കലും ഈശ്വരന്മാർക്ക് ഒന്നും സാധിക്കില്ല..  നിറഞ്ഞൊഴുകുന്ന മോന്റെ കണ്ണുകളിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയും അവളെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന്,  ഉരുകുന്ന മോന്റെ  മനസ്സിന്റെ ദുഃഖം കണ്ടിട്ടാണെങ്കിലും ഈശ്വരന്മാര് അവളെ നമുക്ക് തിരിച്ചു തരും എന്ന പ്രതീക്ഷ ആണ് എനിക്ക്...

നൊമ്പരത്തിൽ കുതിർന്ന ഒരു പുഞ്ചിരി സഞ്ജയ് അവർക്ക് സമ്മാനിച്ചപ്പോഴും ഉള്ളിൽ നിറഞ്ഞ് നിന്നിരുന്നത് അമ്മ എന്തിന് തന്റെ ജീവിതത്തിൽ ഇത്തരമൊരു അവസ്ഥയ്ക്ക് അവസരം നൽകി എന്നായിരുന്നു..  ഒരിക്കലും മോശം ഉദ്ദേശത്തോടെ ആയിരിക്കില്ല അമ്മയത് ചെയ്തിട്ടുണ്ടാവുക.  എല്ലാ കാര്യങ്ങളും അറിഞ്ഞു തന്നെ ശ്രുതി തന്റെ ജീവിതത്തിലേക്ക് വരണമെന്നുള്ള ആഗ്രഹം കൊണ്ടായിരിക്കും.  പക്ഷേ ഒരിക്കൽ പോലും ഇക്കാര്യം സംസാരിച്ചിരുന്നു ശ്രുതിയുടെ അമ്മയോട് എന്ന് തന്നോട് അമ്മ പറഞ്ഞിരുന്നില്ല. മാത്രമല്ല അമ്മ ഇത് പറഞ്ഞുവെന്ന് താൻ അറിയരുതെന്ന് അവരോട് ചട്ടം കെട്ടുകയും ചെയ്തിരുന്നു.  അപ്പോൾ ഈ വിവാഹം നടക്കരുതെന്ന് അമ്മയാഗ്രഹിച്ചിരുന്നോ.? തന്റെ വിവാഹം കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് തന്റെ അമ്മയാണെന്നാണ് താൻ പ്രതീക്ഷിച്ചത്.  എന്നാൽ അമ്മയിൽ നിന്നും ഇത്തരം ഒരു രീതി ഒട്ടും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. ഓരോ ചിന്തകളിൽ ഇരുന്നപ്പോഴാണ് പെട്ടെന്ന് ഐസിയുവിൽ നിന്നും ഡോക്ടർ പുറത്തേക്ക് വരുന്നത് അവൻ കണ്ടത്.  പെട്ടെന്ന് അവൻ എഴുന്നേറ്റു അയാൾക്ക് അരികിലേക്ക് ചെന്നു

"എന്തായി ഡോക്ടർ

"  ഒന്നും പറയാറായിട്ടില്ല,  ഞങ്ങളുടെ മാക്സിമം ഞങ്ങൾ ശ്രമിക്കുന്നുണ്ട് കുറച്ച് അധികം വൈകിപ്പോയി... പിന്നെ ബ്ലഡ് കുറെ പോയിട്ടുണ്ട്, ബ്ലഡ് ഒക്കെ കയറിയതിനു ശേഷം ബോഡി റസ്പോണ്ട് ചെയ്യുന്നുണ്ടോ എന്ന് നോക്കണം...  മാക്സിമം ഞാൻ ശ്രമിക്കാം എന്ന് മാത്രമേ പറയാൻ പറ്റൂ,  ജീവൻ നിലനിർത്തുന്ന ഇംപോർട്ടന്റ് ആയിട്ടുള്ള വെയ്ൻ തന്നെയാണ് കട്ട് ചെയ്തിരിക്കുന്നത്.. ഞങ്ങളെക്കൊണ്ട് ചെയ്യാൻ പറ്റുന്ന എല്ലാ ട്രീറ്റ്മെന്റ് കൊടുത്തിട്ടുണ്ട്..  ബാക്കിയൊക്കെ ദൈവത്തിന്റെ കയ്യിലാണ്.

" വേറെ ഏതെങ്കിലും ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയ എന്തെങ്കിലും പ്രതീക്ഷ ഉണ്ടാവുമോ സർ..?എത്ര രൂപ കൊടുക്കാനും ഞാൻ ഒരുക്കമാണ്, ഞങ്ങൾക്ക്  യാതൊരു കുഴപ്പവുമില്ലാതെ ശ്രുതിയെ മാത്രം തിരിച്ചു കിട്ടിയ മതി...

"  മിസ്റ്റർ സഞ്ജയ് നിങ്ങളെ എനിക്ക് അറിയാത്തതല്ലല്ലോ,  സഞ്ജയുടെ ഓഫീസിലെ ഒരു സ്റ്റാഫ് ആണെന്ന് പറഞ്ഞതു കൊണ്ടാണ് ഞാൻ ഇത്രയും വലിയ റിസ്ക് ഫാക്ടർ ആയിട്ടും ഇവിടെ ആ കുട്ടിയെ അഡ്മിറ്റ്‌ ചെയ്യാൻ തന്നെ തയ്യാറായത്.  അറിയാമല്ലോ സംഭവം സൂയിസൈഡ് ആണ്.  അതുകൊണ്ടു തന്നെ ഇത് പുറത്തറിഞ്ഞാൽ ഹോസ്പിറ്റലിന്റെ റെപ്യൂട്ടേഷനെ മാത്രമല്ല എന്റെ ജോലിയേ കൂടി ബാധിക്കുന്ന കാര്യമാണ്...  എന്നിട്ടും ഞാൻ എന്റെ സ്വന്തം റിസ്കിൽ ആണ് ട്രീറ്റ്മെന്റ്  ഇവിടെ നൽകുന്നത്.  ഇതിനെക്കാളും ബെറ്റർ ട്രീറ്റ്മെന്റ് എവിടെ പോയാലും കിട്ടുമെന്ന് സഞ്ജയ് പ്രതീക്ഷിക്കേണ്ട.. ഞാൻ പറഞ്ഞില്ലേ ബ്ലഡ് കയറിക്കൊണ്ടിരിക്കുകയാണ് അതുമായിട്ട് ബോഡി റിയാക്ട് ചെയ്യുന്നുണ്ടെങ്കിൽ നമ്മൾ രക്ഷപ്പെട്ടു,

 അത്രയും പറഞ്ഞ് സഞ്ജയുടെ തോളിൽ തട്ടി ഡോക്ടർ കടന്നു പോയപ്പോൾ അവന്റെ മാനസികാവസ്ഥ കണ്ട് വേദനയിൽ നിൽക്കുകയായിരുന്നു അജിത. ആ സമയത്ത് ശ്രുതിയെക്കാൾ കൂടുതൽ അവന്റെ അവസ്ഥയിലാണ് അവർക്ക് വേദന തോന്നിയത്.

"  ഞങ്ങൾ എന്നാൽ പോട്ടെ അജിതേ ,  നേരം ഒരുപാട് ആയി,  ഇനി നിനക്ക് ഇവിടെ സഹായത്തിന് പ്രത്യേകിച്ച് ആരും വേണ്ടല്ലോ ഇപ്പോൾ ശ്രുതിയുടെ സാറും ഉണ്ടല്ലോ,  ഇവിടെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി...

 എല്ലാം മനസ്സിലായി എന്ന് അർത്ഥത്തിൽ അയൽപക്കത്തെ സ്ത്രീ പറഞ്ഞപ്പോൾ അതിന്റെ അർത്ഥം മനസ്സിലാക്കാൻ അജിതയ്ക്ക് സാധിച്ചിരുന്നു...  പെട്ടെന്ന് സഞ്ജയ് അവരുടെ സംഭാഷണം കേട്ട് അവിടേക്കു വന്നു

" നിങ്ങൾ എങ്ങനെ പോകും?

സഞ്ജയ്‌ ചോദിച്ചു..

"  അതു കുഴപ്പമില്ല  ഓട്ടോ ഉണ്ടല്ലോ

ഓട്ടോ ഡ്രൈവർ ആയ രമണൻ പറഞ്ഞു...

"ശ്രുതിയെ ഓട്ടോയിൽ ആയിരുന്നു ഞങ്ങൾ ആശുപത്രിയിൽ  എത്തിച്ചത്,

 സഞ്ജയ് നോക്കി അജിത പറഞ്ഞു...

"  എത്ര കാശ് ആയി ചേട്ടാ  വണ്ടിക്കൂലി

സഞ്ചയ് പേഴ്സ് എടുത്തുകൊണ്ട് ചോദിച്ചു..

"അയ്യോ അത് കുഴപ്പം ഇല്ല, ഈ സാഹചര്യത്തിൽ പണം ഒന്നും വാങ്ങിക്കുന്നത് ശരിയല്ലല്ലോ.  പിന്നെ ശ്രുതി മോളെ തിരിച്ചു വരട്ടെ അപ്പൊ വാങ്ങാം

 രമണൻ പറഞ്ഞപ്പോൾ സഞ്ജയുടെ കണ്ണിൽ ഒരു തിളക്കം ഉണ്ടായി,  എങ്കിലും അവൻ പേഴ്സിൽ നിന്നും 500 ന്റെ നാല് നോട്ട് എടുത്ത് രമണന്റെ ഷർട്ടിനുള്ളിൽ വച്ചുകൊടുത്തു.

"  ചേട്ടന്റെ  മനസ്സും പറഞ്ഞ വാക്കും പൊന്നായിരിക്കട്ടെ.

 അഞ്ഞൂറിന്റെ രണ്ട് നോട്ട് എടുത്ത് കൂടെ വന്ന അയൽപക്കത്തെ സ്ത്രീയുടെ കയ്യിലേക്കും നീട്ടി,

"  എത്ര പണം ഉണ്ടെങ്കിലും ആവശ്യത്തിനു ആരെങ്കിലും ഓടിവരാൻ ഉണ്ടാവുക എന്ന് പറയുന്നതാണ് വലിയ കാര്യം.  അങ്ങനെ ഒരാൾ ഇല്ലാത്ത ആൾക്കാർക്കെ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ സാധിക്കു...  ശ്രുതിയുടെ അമ്മ ഒറ്റയ്ക്ക് കഷ്ടപ്പെട്ടപ്പോൾ മനസാക്ഷി തോന്നി വന്നവരല്ലേ നിങ്ങൾ അങ്ങോട്ട് പോകുമ്പോൾ ബുദ്ധിമുട്ടുണ്ട,

 അവൻ പറഞ്ഞപ്പോൾ അവരുടെ മുഖവും തെളിഞ്ഞിരുന്നു..  അജിതയുടെ മുഖത്തേക്ക് നോക്കി ഒരിക്കൽകൂടി യാത്ര പറഞ്ഞതിനു ശേഷം അവർ രണ്ടുപേരും പുറത്തേക്കിറങ്ങിയിരുന്നു.

"  ശ്രുതിയുടെ അമ്മയ്ക്ക് കുടിക്കാൻ ചായയോ മറ്റോ വേണോ.?

സഞ്ജയ് അജിതയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു

"  എനിക്ക് ഒന്നും വേണ്ട കുഞ്ഞെ...

    കണ്ണുനീരോടെ അവർ പറഞ്ഞു

" എങ്കിൽ ഞാൻ വേഗം വരാം..

 അതും പറഞ്ഞ് അവൻ പുറത്തേക്കു ഇറങ്ങിയിരുന്നു. അവൻ എവിടെ പോയതാണെന്ന് അവർക്കറിയില്ലായിരുന്നു കുറ്റബോധവും സങ്കടവും എല്ലാം കൊണ്ട് ഉഴലുന്ന ഒരു അവസ്ഥയിലായിരുന്നു ആ നിമിഷം അജിതയും, തൊട്ടടുത്ത ഓട്ടോ സ്റ്റാൻഡിൽ എത്തിയ സഞ്ജയ് ഓട്ടോ ഡ്രൈവറോട് ഇറങ്ങാനുള്ള സ്ഥലം പറഞ്ഞശേഷം കണ്ണുകൾ അടച്ച് ഓട്ടോയിൽ ഇരിക്കുകയായിരുന്നു...  ഡ്രൈവർ അമ്പലത്തിന്റെ മുൻപിൽ വണ്ടി നിർത്തിയപ്പോൾ കുറച്ചു സമയം വെയിറ്റ് ചെയ്യാൻ പറഞ്ഞു അവൻ അമ്പലത്തിനുള്ളിലേക്ക് കയറിയിരുന്നു..

 എത്രയോ കാലങ്ങൾക്ക് ശേഷമാണ് വീണ്ടും ക്ഷേത്രത്തിൽ എത്തുന്നത്.. ഒരിക്കൽ ശ്രുതി തന്നെ നിർബന്ധിച്ചത് അവൻ ഓർമിക്കുന്നു. അന്ന് തനിക്ക് ഇതിലൊന്നും വിശ്വാസമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയായിരുന്നു ചെയ്തത്.  അതിന് കാരണം ജീവിതത്തിൽ നേരിട്ട അനുഭവങ്ങളാണ്.. അത് അത്രത്തോളം തീവ്രമായിരുന്നു. അതുകൊണ്ടു തന്നെ ഒരിക്കൽപോലും അമ്പലത്തിൽ വരുവാനോ ഈശ്വരവിശ്വാസം ഉണ്ടാകുവാനോ തോന്നിയിരുന്നില്ല എന്നാൽ ഈ നിമിഷം അവൾക്കു വേണ്ടിയാണ് വന്നിരിക്കുന്നത് ഈശ്വരന്മാർക്ക് അത്രയും പ്രിയപ്പെട്ടവളാണ് അവൾ.  ജീവിതത്തിൽ എത്ര വലിയ പ്രതിസന്ധി വന്നിട്ടും ഈശ്വരനെ തള്ളി പറയാതെ സ്നേഹിച്ചവൾ.  ഒരുപാട് ഇഷ്ടമുള്ളവരെ ഈശ്വരൻ ഒരുപാട് പരീക്ഷിക്കും എന്നാണ് പറയുന്നത്.  അതായിരിക്കും ശ്രുതിയുടെ ജീവിതത്തിൽ സംഭവിച്ചത്.  ശ്രീ കോവിലിന്റെ മുൻപിൽ നിന്ന് അവൻ അറിയാതെ പൊട്ടി കരഞ്ഞിരുന്നു കണ്ണുകളിൽ നിന്നും ധാരധാരയായി കണ്ണുനീരൊഴുകി ഉള്ളിൽ ഒരൊറ്റ പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ തന്റെ പ്രിയപ്പെട്ടവൾക്ക് ഒന്നും സംഭവിക്കരുത്. അതിനു പകരമായി വേണമെങ്കിൽ തന്റെ ജീവൻ എടുത്തോളൂ,  സന്തോഷത്തോടെ അവൾക്കു വേണ്ടി മരണം വരിക്കും. പക്ഷേ ജീവനോടെ ശ്രുതിയെ തനിക്ക് കാണണം,  ഒരു നിമിഷമെങ്കിൽ ഒരു നിമിഷം,  തന്റെ മുഖത്ത് നോക്കി പഴയതുപോലെ സഞ്ജുവേട്ട എന്ന് അവൾ വിളിക്കണം. ആ ഒരു പ്രാർത്ഥനയോടെയാണ് അവൻ ശ്രീകോവിൽ മുൻപിൽ നിന്നത്.  അകലെയിരുന്ന് ഏതോ ഒരു ശക്തി അവന്റെ പ്രാർത്ഥന കേട്ടിട്ടോ എന്തോ ശ്രുതിയുടെ ബോധമണ്ഡലത്തിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു തുടങ്ങി.  ഹോസ്പിറ്റലിലെ പൾസ് മിഷനിൽ ഏറ്റക്കുറച്ചിലുകൾ വർദ്ധിച്ചു തുടങ്ങി.  ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള നൂൽപാലത്തിൽ നിന്നും ജീവിതത്തിലേക്ക് ശ്രുതി പതിയെ തിരികെ വരാൻ തുടങ്ങി...  ആ നിമിഷവും നെഞ്ചുപൊട്ടി ഒരുവൻ  അവൾക്ക് വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു....കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story