നിളയോഴുകും പോൽ 💙: ഭാഗം 68

രചന: റിനു

ഏതോ ഒരു ശക്തി അവന്റെ പ്രാർത്ഥന കേട്ടിട്ടോ എന്തോ ശ്രുതിയുടെ ബോധമണ്ഡലത്തിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു തുടങ്ങി.  ഹോസ്പിറ്റലിലെ പൾസ് മിഷനിൽ ഏറ്റക്കുറച്ചിലുകൾ വർദ്ധിച്ചു തുടങ്ങി.  ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള നൂൽപാലത്തിൽ നിന്നും ജീവിതത്തിലേക്ക് ശ്രുതി പതിയെ തിരികെ വരാൻ തുടങ്ങി...  ആ നിമിഷവും നെഞ്ചുപൊട്ടി ഒരുവൻ  അവൾക്ക് വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു

പുറത്ത് പ്രാർത്ഥനയോടെ കാത്തിരിക്കുന്ന അജിതയുടെ മുൻപിലേക്ക് ഡോക്ടർ എത്തി പറഞ്ഞത് അവർ വലിയ ആശ്വാസത്തോടെയാണ് കേട്ടത്.

"  പേഷ്യന്റ് പതുക്കെ മരുന്നുകളോട് റെസ്പോണ്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്.  ഹോപ്പുണ്ട് പക്ഷേ, സമയം എടുക്കും.  സഞ്ജയ് എവിടെ..?

" ഇപ്പൊൾ വരാം എന്ന് പറഞ്ഞു പോയി,  മോൾടെ കണ്ണു തുറന്നോ ഡോക്ടറെ..?

പ്രതീക്ഷയോട് അജിത ചോദിച്ചു 

 "അത്ര വലിയ സ്റ്റേജിലേക്ക് എത്തിയിട്ടില്ല. നന്നായിട്ട് തന്നെ മരുന്നുമായിട്ട് റെസ്പോണ്ട് ചെയ്തിട്ടുണ്ട് ശരീരം.   മരുന്നുകളുമായിട്ട് പ്രതികരിക്കുന്നത് കൊണ്ട് നല്ല രീതിയിൽ ഉടനെ ഒരു ചെയ്ഞ്ച് ഉണ്ടാവും എന്നാണ് വിശ്വസിക്കുന്നത്.  ഏതായാലും പ്രതീക്ഷ കൈവിടണ്ട പ്രാർത്ഥിച്ചോളൂ, പകുതി ദൈവം രക്ഷിച്ചു എന്ന് കരുതിയാൽ മതി.  ബാക്കി പകുതിക്കു വേണ്ടി കൂടി നന്നായിരുന്നു പ്രാർത്ഥിക്ക്.

 അത്രയും പറഞ്ഞു ഡോക്ടർ പോയപ്പോൾ എങ്ങനെയെങ്കിലും ഈ വിവരം സഞ്ജയ്യെ അറിയിക്കണം എന്നാണ് അജിതയ്ക്ക് തോന്നിയത്.  കാരണം ഈ ഒരു വാർത്ത ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിച്ചതും കേൾക്കാൻ അർഹതയുള്ളതും അവനാണ്.  തന്റെ ജീവൻ പോലും നഷ്ടപ്പെടുത്തി ശ്രുതിയെ രക്ഷിക്കണമെന്ന് ആഗ്രഹിച്ചവനാണ്.  അതുകൊണ്ടു തന്നെ ഈ വാർത്ത ഏറ്റവും കൂടുതൽ അറിയേണ്ടത് അവൻ ആണെന്ന് അവർക്ക് തോന്നി..  ഉടനെ തന്നെ അവർ ഫോൺ എടുത്ത് സഞ്ജയുടെ നമ്പർ നോക്കി.  അതിൽ സഞ്ജയുടെ നമ്പർ ഉണ്ടായിരുന്നില്ല.  ശ്രുതിയുടെ ഫോണിന്റെ ലോക്ക് മാറ്റാനും അവർക്ക് അറിയില്ല.  എങ്ങനെയാണ് സഞ്ജയ്  ഈ വിവരം അറിയിക്കുന്നത് എന്ന് ഓർത്തിരുന്നപ്പോഴാണ് അനുഗ്രഹയുടെ കാര്യം അവർ ഓർമ്മിച്ചത്.  ഉടനെ തന്നെ അനുഗ്രഹയുടെ ഫോണിലേക്ക് വിളിച്ചു.  സഞ്ജയ് വിളിച്ച് വേഗം ആശുപത്രിയിലേക്ക് ഒന്ന് വരാൻ പറയുമോ എന്ന് ചോദിച്ചു. ഉടനെ തന്നെ പറയാം എന്ന് അനുഗ്രഹ പറഞ്ഞു.

 ശ്രീകോവിലിന്റെ മുൻപിൽ നിന്ന് സ്വയം മറന്ന് പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് ഫോൺ അടിക്കുന്നത് സഞ്ജയ് കേട്ടത്.  കുറച്ചധികം സമയം കഴിഞ്ഞാണ് അവൻ ജീവിതത്തിലേക്ക് തന്നെ തിരികെ വന്നത്. പെട്ടെന്ന് പോക്കറ്റിൽ നിന്നും ഫോൺ എടുത്തു.  നോക്കിയപ്പോൾ അനുഗ്രഹയാണ് അവൻ ഫോണെടുത്തതും പെട്ടെന്ന് ആശുപത്രിയിലേക്ക് ചെല്ലാൻ ശ്രുതിയുടെ അമ്മ പറഞ്ഞു എന്നാണ് അനുഗ്രഹ പറഞ്ഞത്.  ഒരു നിമിഷം അവന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ വെട്ടി..!

 എന്തെങ്കിലും പ്രശ്നമുണ്ടാകുമോ.?  അശുഭകരമായ എന്തെങ്കിലും വാർത്ത കേൾക്കേണ്ടി വരുമോ.?  ഭയത്തോടെയാണ് അവൻ ഫോൺ കട്ട് ചെയ്തത്.  ശ്രീ കോവിലിന്റെ അകത്തേക്ക് ഒരിക്കൽ കൂടി പ്രതീക്ഷയോടെ നോക്കി തന്റെ പ്രാർത്ഥനകൾ കേട്ടില്ലേ എന്നും ഇവിടെയും ഈശ്വരൻ തന്നെ കൈവിട്ടോ എന്നുമുള്ള ചോദ്യമായിരുന്നു ആ നോട്ടത്തിന് പിന്നിൽ. എങ്കിലും രണ്ടും കൽപ്പിച്ച് അവൻ ആശുപത്രിയിലേക്ക് പുറപ്പെട്ടു.  പുറത്ത് അപ്പോഴും ഓട്ടോക്കാരൻ കാത്തു നിൽക്കുകയായിരുന്നു.  അത്രയും സമയം അക്ഷമനായി കാത്തുനിന്നതിന്റെ ദേഷ്യം അയാളുടെ മുഖത്ത് ഉണ്ടായിരുന്നു...

" എന്താ സാറേ ഇത് ഇത്രയും താമസിക്കുമെങ്കിൽ എന്നെ പറഞ്ഞു വിടായിരുന്നില്ലേ.? ഇതിപ്പോ വെയിറ്റിംഗ് ചാർജ് കൂടി തരണ്ടി വരും,

"  എന്തുവേണമെങ്കിലും തരാം ചേട്ടാ, അകത്ത് ചെന്ന് കഴിഞ്ഞ് പ്രാർത്ഥിക്കുന്നതിനിടയിൽ ചേട്ടൻ പുറത്തു നിൽക്കുന്നു എന്നുള്ള കാര്യം മറന്നു പോയി.

 വെയിറ്റിംഗ് ചാർജ് കൂടി ലഭിക്കുമെന്ന് അറിഞ്ഞതോടെ അയാളുടെ മുഖഭാവം ഒക്കെ മാറിയിരുന്നു.  ഹോസ്പിറ്റൽ ഗേറ്റിനു മുൻപിൽ സഞ്ജയ് കൊണ്ടു വിടുമ്പോൾ കണക്ക് ചോദിക്കാതെ പേഴ്സിൽ  നിന്നും അവൻ പണം എടുത്ത് അയാളുടെ കയ്യിലേക്ക് വെച്ചു കൊടുക്കുകയായിരുന്നു.  ബാക്കി അയാൾ നീട്ടിയിട്ടും വേണ്ട എന്നും തന്റെ ഉള്ളിൽ ഒരു ആഗ്രഹമുണ്ട് അത് സാധിക്കണം എന്ന് പ്രാർത്ഥിച്ചാൽ മതിയെന്നും പറഞ്ഞാണ് അവൻ ആശുപത്രിയിലേക്ക് നടന്നത്.  ആദ്യമായാണ് താൻ ഇങ്ങനെയൊക്കെ ഒരാളോട് സംസാരിക്കുന്നത്. തന്റെ ജീവിതത്തിൽ താൻ താൻ അല്ലാതെ മാറുന്ന നിമിഷങ്ങളെ കുറിച്ച് സഞ്ജയ് മനസ്സിലാക്കുകയായിരുന്നു.  ഹോസ്പിറ്റലിന്റെ ഉള്ളിലേക്ക് പരിഭ്രാന്തിയോടെയാണ് കയറിച്ചെന്നത്.  അജിതയുടെ കണ്ണുനീരില്ലാത്ത മുഖം കണ്ടപ്പോൾ തന്നെ പകുതി ആശ്വാസം തോന്നിയിരുന്നു.  എങ്കിലും ഭയത്തോടെ അവർക്ക് അരികിലേക്ക് ഓടിയെത്തി

"  എന്തുപറ്റി ശ്രുതിയുടെ അമ്മേ? എന്തെങ്കിലും പ്രശ്നമുണ്ടോ.? ഡോക്ടറെന്തെങ്കിലും പറഞ്ഞോ

 അവൻ അവരുടെ മുഖത്തേക്ക് നോക്കി ചോദിച്ചു..

"ഉവ്വ് മോനെ... നമ്മുടെ പ്രാർത്ഥന ഈശ്വരന്മാര് കേട്ടു എന്ന് തോന്നുന്നത് ഡോക്ടർ പറഞ്ഞു അവളെ വെന്റിലേറ്ററിൽ നിന്ന് മാറ്റി  എന്ന്... മരുന്നുകളോട് അവളുടെ ശരീരം പ്രതികരിക്കുന്നുണ്ടെന്ന്,  ഇനിയും കുറച്ചു പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന ഡോക്ടർമാര് പറഞ്ഞത്...

 അങ്ങേയറ്റം സന്തോഷത്തോടെ ആ അമ്മ അത് പറയുമ്പോൾ അവരെക്കാൾ ഏറെ ആ നിമിഷം സന്തോഷിച്ചത് താൻ ആണെന്ന് തോന്നി സഞ്ജയ്ക്ക്.  ജീവിതത്തിൽ ആദ്യമായാണ് ഈശ്വരന്മാർ തന്നോട് കരുണ കാണിക്കുന്നത്.  ഈ ലോകത്തുള്ള സർവ്വ ദൈവങ്ങളോടും ആ നിമിഷം അവൻ നന്ദി പറഞ്ഞു.  സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.  അവന്റെ മുഖഭാവത്തിൽ നിന്നും അവൻ അനുഭവിക്കുന്ന സന്തോഷം എത്ര വലുതാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു.

"  ഞാനൊന്ന് ഡോക്ടറെ കണ്ടിട്ട് വരാം ശ്രുതിയുടെ അമ്മ ഇവിടെ വിശ്രമിച്ചോളൂ..

" മോൻ ഇനി എന്നെ ശ്രുതിയുടെ അമ്മ  എന്ന് വിളിക്കേണ്ട.  അമ്മ എന്ന് വിളിച്ചാൽ മതി.

 അവരുടെ ആ വാക്കുകൾ അവന് വീണ്ടും വളരെയധികം സന്തോഷമാണ് നൽകിയത്.  അവരോട് അത്രയും പറഞ്ഞതിനു ശേഷം അവൻ നേരെ ഡോക്ടറുടെ ക്യാബിനിലേക്ക് ചെന്നിരുന്നു..

"  സഞ്ജയ് വന്നോ ഞാന് പേഷ്യന്റിന്റെ സിറ്റുവേഷനെ കുറിച്ച് ആ കുട്ടിയുടെ അമ്മയോട് പറഞ്ഞിരുന്നു...അറിഞ്ഞു കാണുമല്ലോ.? വെന്റിലേറ്റർ മാറ്റിയിട്ടുണ്ട്..

"  പ്രതീക്ഷയ്ക്കുള്ള വകയുണ്ടല്ലോ

"  അങ്ങനെ ഒറ്റയടിക്ക് ചോദിച്ചാൽ ഞാൻ എന്താ പറയുന്നത്? എന്താണെങ്കിലും മുൻപത്തേതിലും ഒരുപാട് പ്രതീക്ഷിക്കാനുള്ള വകയുണ്ട്.

"  ശ്രുതിയെ എനിക്ക് ഒന്ന് കാണാൻ പറ്റുമോ  ഡോക്ടർ

" സോറി സഞ്ജയ് തൽക്കാലം വിസിറ്റേഴ്സിനെ ഒന്നും അല്ലോവ്ഡ് ആക്കുന്നില്ല.  അതിനുള്ള ഒരു സിറ്റുവേഷനിൽ അല്ല പേഷ്യന്റ്. അതുകൊണ്ട് ആണ്.. മനസ്സിലാക്കണം..!

" എനിക്ക് മനസ്സിലായി,  അതൊന്നും പ്രശ്നമില്ല.  അയാൾ ജീവനോടെയുണ്ടല്ലോ അതിനപ്പുറം മറ്റൊരു സന്തോഷവും ഈ നിമിഷം എനിക്ക് ലഭിക്കാനില്ല.  എന്റെ ആഗ്രഹം കൊണ്ട് ഞാൻ ചോദിച്ചത്  ആണ് കാണാൻ പറ്റുമോന്ന്. കാണാൻ പറ്റിയില്ലെങ്കിലും സാരമില്ല.  ഒരു കുഴപ്പങ്ങളും ഇല്ലാതെ ഉണ്ടല്ലോ എന്ന് സമാധാനിക്കാം. 

വലിയ സന്തോഷത്തോടെ അവൻ പറഞ്ഞപ്പോൾ ഡോക്ടറുടെ മുഖത്ത് ഒരു അമ്പരപ്പ് പ്രകടമായിരുന്നു.

"  അസ്സെ ഡോക്ടർ ഞാൻ ഒരിക്കലും ചോദിക്കാൻ പാടില്ലാത്തതാണ് തന്റെ പേഴ്സണൽ കാര്യങ്ങളാണ് എങ്കിലും ഞാൻ ചോദിക്കുകയാണ് ഓഫീസിൽ ജോലി ചെയ്യുന്ന ഒരു സഹപ്രവർത്തകയുടെ കാര്യത്തിൽ സഞ്ജയ് ഇത്രയും വറീഡ് ആവണ്ട കാര്യം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.  തന്നെ കുറച്ചു കാലങ്ങളായി അറിയാവുന്നതു കൊണ്ടാണ് ഞാൻ ചോദിക്കുന്നത്. ആരുടെ കാര്യത്തിലും ഒരു പരിധിയിൽ കൂടുതൽ ടെൻഷനടിച്ചിട്ടുള്ള സഞ്ജയ്യെ ഞാൻ കണ്ടിട്ടില്ല.  പക്ഷേ ഇവിടെ വന്നപ്പോൾ മുതൽ താൻ ആകെ ഡിസ്റ്റർബ്ഡ് ആയിരുന്നു. എന്താ കാരണം.? എന്ന് രണ്ടു മൂന്നു തവണ ഞാൻ ചോദിക്കണം എന്ന് കരുതിയത്.  പിന്നെ സ്വകാര്യതയിലേക്ക് കയറിയുള്ള എന്റെ ചോദ്യം ചെയ്യൽ  ശരിയാവില്ല എന്ന് തോന്നിയതുകൊണ്ട് ചോദിക്കാതിരുന്നത്. പക്ഷേ ഇപ്പോൾ തന്റെ മുഖത്തെ അങ്സൈറ്റിയും  ടെൻഷനും ഒക്കെ കാണുമ്പോൾ എനിക്ക് എന്തോ ഒരു പൊരുത്തമില്ലായ്‌മ  ഫീൽ ചെയ്യുന്നു..  എന്താ കാര്യം ആ കുട്ടി തന്റെ ഓഫീസിലെ ഒരു ജോലിക്കാരി മാത്രമാണെന്ന് എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല..

ഡോക്ടർ പറഞ്ഞ നിമിഷം അറിയാതെയാണെങ്കിലും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു..  ഈയൊരു സാഹചര്യത്തിൽ തനിക്ക് എങ്ങനെ ചിരിക്കാൻ സാധിക്കുന്നതു എന്നുപോലും അവൻ ഓർമിച്ചു.. എങ്കിലും ഡോക്ടറുടെ വാക്കുകൾ തന്നിൽ ഉണ്ടാക്കിയത് എത്രത്തോളം സന്തോഷമാണെന്ന് സഞ്ജയ് മനസ്സിലാക്കുകയായിരുന്നു.

"  ഡോക്ടർ പറഞ്ഞത് ശരിയാണ് ശ്രുതി അവൾ എനിക്ക് ഓഫീസിൽ ജോലിചെയ്യുന്ന വെറുമൊരു സ്റ്റാഫ് മാത്രമല്ല.  അതിനുമപ്പുറം എന്റെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യമുള്ള ഒരാൾ ആണ്. എന്റെ സർവ്വമാണെന്ന് പറയുന്നതാണ് സത്യം. കുറച്ചുകൂടി വ്യക്തമായിട്ട് പറഞ്ഞാൽ അകത്ത് മരണവും ആയിട്ട് മല്ലിട്ട് കിടക്കുന്നത് എന്റെ പ്രാണനാണ് അത് നഷ്ടമായാൽ എന്റെ ജീവൻ നഷ്ടമാകുന്നതിന് തുല്യമാണ്.  അതുകൊണ്ട് പരമാവധി ശ്രമിക്കണം അതിനുവേണ്ടി എന്തുവേണമെങ്കിലും ചെയ്യാൻ ഞാൻ തയ്യാറാണ്.

 പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവൻ കരഞ്ഞു പോയിരുന്നു.. അതിൽ നിന്ന് തന്നെ അവന് എത്ര പ്രിയപ്പെട്ടവളാണ് അകത്ത് കിടക്കുന്നത് എന്ന് ആ ഡോക്ടർക്കും മനസ്സിലാക്കാൻ സാധിച്ചു....കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story