നിളയോഴുകും പോൽ 💙: ഭാഗം 7

nilayozhukumpol

രചന: റിനു

ഇരുളിനെ വകഞ്ഞുമാറ്റി കൊണ്ട് ഒരു ബൈക്ക് എത്തിയത്... അടുത്തേക്ക് വരുന്തോറും ഉമ്മറത്തെ സിഎഫ്എൽ ബൾബിന്റെ വെളിച്ചത്തിൽ ബൈക്കിൽ ഇരിക്കുന്ന ആളുടെ മുഖം വ്യക്തമായി തുടങ്ങി .... "ശിവൻ അറിയാതെ അവളുടെ നാവുകൾ ആ പേരുതിർത്തപ്പോൾ ഒരു നിമിഷം അമ്മയിലും പരിഭ്രാന്തി നിറഞ്ഞിരുന്നു. "ഈ ത്രിസന്ധ്യക്ക് വഴക്കുണ്ടാക്കാൻ ഉള്ള വരവ് തന്നെയാണെന്ന് തോന്നുന്നത്... ശ്രുതിയുടെ മുഖത്തേക്ക് നോക്കി അജിത പറഞ്ഞു....അവൾക്ക് തല പെരുക്കുന്നത് പോലെ തോന്നി.... ശരീരത്തിന്റെ തളർച്ചയും ഒപ്പം അവന്റെ വരവ് കൂടി കണ്ടപ്പോൾ ഒരു വല്ലായ്മ അവൾക്ക് തോന്നി... അപ്പോഴേക്കും അവന്റെ ബൈക്ക് എത്തിക്കഴിഞ്ഞിരുന്നു..... ബൈക്കിൽ നിന്നും ഒരു ഗുണ്ടയെ പോലെ ഇറങ്ങിയവൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി...

. ദുരുദ്ദേശം നിറഞ്ഞ അവന്റെ നോട്ടത്തെ അഭിമുഖീകരിക്കാൻ സാധിക്കാതെ അവൾ വെറുപ്പോടെ മുഖം മാറ്റി.... ഒന്നും മിണ്ടാതെ അവൻ നേരെ അകത്തേക്ക് ആണ് കയറിയത്..... ഒരു നിമിഷം അമ്മയും മകളും ഒരേപോലെ ഭയന്നു... അകത്തെ മുറിയിലേക്ക് കയറി ഹോളിൽ കസേരയിട്ട് അവൻ ഇരുന്നു... കാലിന് മുകളിലേക്ക് കാലും കയറ്റിവെച്ച്, പോക്കറ്റിൽ നിന്നും ഒരു പാക്കറ്റ് എടുത്ത് അതിൽ നിന്ന് എന്തോ ഒന്ന് കയ്യിൽ കൂടി ഞെരിഞ്ഞു നാവിന്റെ അടിയിലേക്ക് വെച്ച് അവരുടെ മുഖത്തേക്കൊന്നു നോക്കി.... തിരികെയുള്ള യാത്രയിൽ ആണ് ഒരു കൊച്ചുകുട്ടി വഴിവക്കിൽ നിന്ന് ഞാവൽപഴം വിൽക്കുന്നത് സഞ്ജയ് കണ്ടത്...... ഒരു നിമിഷം അവൾ പറഞ്ഞ കാര്യങ്ങളൊക്കെ ഓർമ്മ വന്നു, അവൻ വണ്ടി നിർത്തി ഒരു പന്ത്രണ്ട് വയസ്സ് മാത്രം തോന്നുന്ന പെൺകുട്ടിയാണ്... സമയം സന്ധ്യയോട് അടുത്തു,

എത്രത്തോളം ബുദ്ധിമുട്ട് ഉണ്ടായിട്ടായിരിക്കും അവൾ ഈ സമയത്ത് ഈ ജോലി ചെയ്യുന്നത് എന്ന് അവനോർത്തു.... ഒപ്പം മുത്തശ്ശിയെ പോലെ ഒരാൾ കൂടെയുണ്ട്, ചെറുചിരിയോടെ അവളുടെ കയ്യിൽ നിന്നും 2 കെട്ട് വാങ്ങി.... 100 രൂപ എന്ന് അവൾ പറഞ്ഞെങ്കിലും 500 ന്റെ ഒരു താൾ അവൻ നൽകി... ബാക്കി വേണ്ടെന്നു പറഞ്ഞു, അത്ഭുതമുറ്റിയ ആ കുഞ്ഞു കണ്ണുകൾ അവനെ നോക്കിയപ്പോൾ ഇരുകണ്ണുകളും ചിമ്മി കാണിച്ച് അവൻ പാക്കറ്റ് പുറകിലേക്ക് വയ്ക്കാൻ തുടങ്ങിയപ്പോഴാണ്, അവിടെ സീറ്റിൽ പിഞ്ചി തുടങ്ങിയ ഒരു ടാൻ നിറത്തിലെ ഒരു ബാഗ് കണ്ടത്, ആ ബാഗ് ആരുടേതാണെന്ന് ഒരുപാട് ചിന്തിക്കേണ്ടി വന്നില്ല അവന്, " എന്തൊരു കഷ്ടമാണിത്... " അവൻ സ്വയം പറഞ്ഞു.... പിന്നെ കുറച്ചു നേരം ആലോചിച്ചതിനു ശേഷം നേരെ വണ്ടി തിരിച്ചു, അവൾ ഒരിക്കൽ പറഞ്ഞു തന്ന വഴികളിലൂടെ വീണ്ടും യാത്ര ആരംഭിച്ചു....

അവൾ ഇറങ്ങിയ ഇടവഴിയുടെ മുൻപിൽ വണ്ടി നിർത്തിയതിനുശേഷം രണ്ടു വട്ടം ഒന്ന് ഹോൺ അടിച്ചു നോക്കി, ആരും വരുന്നില്ല എന്ന് മനസ്സിലായപ്പോൾ അവൻ വണ്ടിയിൽ നിന്ന് ഇറങ്ങി.... മഞ്ഞു കലർന്ന കാറ്റ് അവനെ തണുപ്പിച്ചു.... അവിടെ വരെ ശബ്ദം ഒരുപക്ഷേ കേൾക്കില്ല എന്ന് തോന്നി..... അവസാനം മൊബൈലിൽ ടോർച്ച് ഓൺ ആക്കി, ഒപ്പം പ്രകൃതി ഒരു നിലാവെട്ടം ഒരുക്കി.... അതിനുശേഷം വണ്ടിയിൽ നിന്നും ബാഗുമെടുത്ത് അവൻ പതിയെ ഇടവഴിയിലൂടെ നടന്നു അവളുടെ വീട് ലക്ഷ്യമാക്കി.... കുറച്ചു നടന്നപ്പോഴേക്കും വീടിന്റെ രൂപം ഏകദേശം അനാവൃതമായി തുടങ്ങി, പഴയവീട് ആണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.... സിമന്റും ഇഷ്ട്ടികയും ചേർത്ത് കട്ടകൾ കെട്ടിയ വീടാണ്...

തേച്ചിട്ടില്ല, വിശാലമായ മുറ്റം ആണ്.... വൃക്ഷലതാദികൾ കൊണ്ട് സമ്പന്നമാണ് മുറ്റം, ചാമ്പയും ജാതിയും സർപ്പഗന്ധിയും, ഇലഞ്ഞിയും പിച്ചകവും എല്ലാം ആ മുറ്റത്തിന് അലങ്കാരം തീർക്കാൻ അവിടെ ഇടം പിടിച്ചിട്ടുണ്ട്.... കുറെ സമയമായിട്ടും ശിവൻ ആ ഇരുപ്പ് ഇരിക്കുകയാണ്... എഴുന്നേൽക്കാൻ ഉദ്ദേശം ഇല്ല എന്ന് തോന്നിയപ്പോൾ ഭയത്തോടെ ആണെങ്കിലും അജിത അകത്തേക്ക് ചെന്നു, "ശിവ...എന്തോ ഇത്.... ഒരു വീട്ടിനുള്ളിൽ ത്രിസന്ധ്യയ്ക്ക് ഇങ്ങനെ ഇരുന്നാൽ എങ്ങനെ ആണ്.... ഞങ്ങൾക്ക് വിളിക്ക് വയ്ക്കണം.... സ്ത്രീകൾ മാത്രം താമസിക്കുന്ന ഒരു വീട്ടിൽ വന്നാൽ ഇങ്ങനെയാണോ കാണിക്കുന്നത്...? പുറത്തിറങ്ങിക്കെ.... അവിടെനിന്ന് സംസാരിക്കാം... പ്രായമായ ഒരു പെൺകുട്ടി ഉള്ള വീട് ആണ്... അജിത തീർത്തു പറഞ്ഞു. " അതെ ആ ചിന്ത നിങ്ങൾക്ക് വേണം..... അവൻ മെല്ലെ കസേരയിൽ നിന്നെഴുന്നേറ്റ് അവരുടെ അരികിലേക്ക് വന്നു പറഞ്ഞു..

. " പ്രായമായ ഒരു പെൺകുട്ടി ഉള്ളതുകൊണ്ടാണ് ഞാൻ ചോദിച്ചത് ഒക്കെ അകത്ത് കിടക്കുന്ന കിളവന് എണ്ണി കൊടുത്തത്... അല്ലാതെ ഈ പഴക്കംചെന്ന വീടിന് അതിനു മാത്രം ഒന്നും കിട്ടുമെന്ന് ഉള്ളതുകൊണ്ടല്ല, ഈ വീട് എന്റെ പേരിൽ ഞാൻ എഴുതി വാങ്ങിയിട്ടുണ്ട്.... വെറുതെ ഒന്നുമല്ല ഇതിനകത്ത് കയറി ഞാൻ ഇരിക്കുന്നത്, പലിശയും പലിശയുടെ പലിശയും എല്ലാം കൂടി ചേർത്ത് എനിക്കിപ്പോ തരാനുള്ളത് എത്രയാണെന്ന് നിങ്ങൾക്ക് വല്ല നിശ്ചയമുണ്ടോ..? അകത്തു കിടക്കുന്ന കിളവന് പോലും നിശ്ചയമുണ്ടായിരുന്നില്ല, ഒന്നും വേണ്ട പലിശയും വേണ്ട പലിശയുടെ പലിശയും വേണ്ടെന്ന് ഞാൻ പറഞ്ഞില്ലേ...?എല്ലാം എഴുതി തള്ളാം.... പലവട്ടം നിങ്ങളോട് പറഞ്ഞ കാര്യം വീണ്ടും വീണ്ടും ആവർത്തിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്,എങ്കിലും പറയാം... ഇവളെ എനിക്ക് തന്നേക്കൂ, ഞാൻ അവളുടെ കാര്യം മാത്രമല്ല നിങ്ങളുടെ കാര്യവും ഏറ്റു, ഒരു ബുദ്ധിമുട്ടും വരുത്തില്ല, ഈ വീട്ടിൽ തന്നെ നിങ്ങൾക്ക് താമസിക്കാം... അവളെ അടിമുടി ഉഴിഞ്ഞവൻ പറഞ്ഞു..

. " അപ്പോൾ നിങ്ങളുടെ ഭാര്യയുടെയും കുട്ടികളുടെയും കാര്യം എന്ത് ചെയ്യും...? അല്പം ദേഷ്യത്തോടെ ആണ് ശ്രുതി ചോദിച്ചത്.... ക്ഷീണാവസ്ഥയിൽ ആണെങ്കിലും അവളുടെ ശബ്ദം കുറച്ച് ഉയർന്നിരുന്നു.... " നല്ല പൂതി ആണല്ലോടി....! നിന്നെ ഞാൻ എന്റെ ഭാര്യ ആക്കി വഴിക്കാം എന്ന് ഒന്നുമല്ല പറഞ്ഞത്, ഭാര്യയെ പോലെ.... മീശ ഒന്ന് പിടിച്ചവൻ പറഞ്ഞു.. " അതിന് വലിയ മോഡിഫിക്കേഷൻ ഒന്നും വേണ്ട വെപ്പാട്ടി എന്ന് പറഞ്ഞാൽ മതി..... ശ്രുതിക്ക് വേദനയും ദേഷ്യവും ഒരുപോലെ വന്നു... " അതേടി പച്ച മലയാളത്തിൽ പറഞ്ഞാൽ അങ്ങനെതന്നെ... ഇന്നത്തെ കാലത്ത് കുറച്ച് അഡ്ജസ്റ്റ്മെന്റ് ഒക്കെ ചെയ്താലേ മുന്നോട്ടു ജീവിക്കാൻ പറ്റു... നിനക്ക് പറ്റുമെങ്കിൽ മതി, ഇല്ലെങ്കിൽ എന്റെ കാശ് തന്നിട്ട് ഞാൻ പോയേക്കാം... പിന്നെ ശല്യപ്പെടുത്താൻ ഞാൻ വരില്ല,

തരും... ഇന്നല്ലെങ്കിൽ നാളെ നിങ്ങളുടെ കാശ് മുഴുവനായിട്ട് തരും, പലിശയും കൂട്ടുപലിശയും പിന്നെ കുറെ കള്ളപലിശ താൻ എഴുതിയിട്ടുണ്ടല്ലോ അതും തരും.... മാനം വിൽക്കാതെ തന്നെ തരും.... അവൾക്ക് വാക്കുകൾ ഇടറി തുടങ്ങി... " അതിന് എനിക്ക് നല്ലൊരു ജോലി കിട്ടിയാൽ മാത്രം മതി... തികട്ടി വന്ന കണ്ണുനീരിനെ വിഴുങ്ങി അവൾ പറഞ്ഞു... " ഇങ്ങനെ തരും എന്ന് പറഞ്ഞിട്ട് കാര്യമില്ല,കഴിഞ്ഞ രണ്ട് മൂന്ന് കൊല്ലമായിട്ട് ഞാനത് കേട്ടു കൊണ്ടിരിക്കുന്നത്.... എന്ന് തരും, എപ്പോൾ തരും എന്ന് കൃത്യമായിട്ട് പറയണം..... ഇല്ലെങ്കിൽ ഇവിടെ കേറി താമസിക്കാൻ തയ്യാറായിട്ടാണ് ഞാൻ വന്നിരിക്കുന്നത്, ഇന്ന് ഞാൻ ഇവിടെ ഹോളിൽ ആണ് ഇരുന്നത്, നാളെ ഞാൻ അകത്തേക്ക് കയറും.... പിന്നെ കിടപ്പുമുറിയിൽ ആയിരിക്കും ഒപ്പം നീയും....

അവന്റെ വാക്കുകളിൽ നിറഞ്ഞു നിന്ന അശ്ലീലത അവളെ വല്ലാത്ത രോഷത്തിൽ കൊണ്ട് ചെന്ന് എത്തിച്ചു.... പക്ഷേ പ്രതികരിക്കാൻ കഴിയില്ലല്ലോ, അതുകൊണ്ടുതന്നെ കണ്ണുനീർ കണ്ണിൽ നിന്നും വന്നു തുടങ്ങി, അമ്മയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി... ഒരു അമ്മ ഒരിക്കലും കേൾക്കാൻ പാടില്ലാത്തത് ആണ്... തനിക്ക് മുന്നിൽ വച്ചു ആണ് മകളുടെ മാനത്തെ കുറിച്ചു പറയുന്നത്... മുഖമടച്ചു ഒരു ആട്ട് കൊടുക്കണ്ടവളാണ് താൻ.. പക്ഷെ ഇന്ന് രാത്രി അവൻ ഇറങ്ങി പൊകാൻ പറഞ്ഞാൽ... തന്നെപോലെ ഒരു അവസ്ഥ ഒരു അമ്മയ്ക്കും വരരുത്...അവർ വേദനയോടെ ഓർത്തു... "അവസാനമായിട്ട് ഒരു മൂന്നുമാസം കൂടി ഞാൻ തരും, അതിനുള്ളിൽ കുറച്ചു പണം എങ്കിലും കയ്യിലില്ലെങ്കിൽ ഇനി ഞാൻ പറഞ്ഞത് പോലെ ആയിരിക്കും നടക്കാൻ പോകുന്നത്...

തള്ളയും മോളും അത് മനസ്സിൽ വെച്ചാൽ കൊള്ളാം... മറുപടിക്ക് കാക്കാതെ അകത്തുനിന്നും ശിവൻ പുറത്തേക്കിറങ്ങുന്ന കേട്ടപ്പോൾ തന്നെ ഉമ്മറത്ത് നിന്നും സഞ്ജയ് അവന് കാണാത്ത രീതിയിൽ അപ്പുറത്തേക്ക് മാറിയിരുന്നു.... ആരോ ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടാണ് ഉമ്മറത്തേക്ക് കയറി നിന്നത്, അപ്പോഴാണ് കേൾക്കാൻ പാടില്ലാത്ത ഇത്രയും സംസാരങ്ങൾ കേൾക്കേണ്ടി വന്നത്..... ഒരു നിമിഷം ശ്രുതിയുടെ അവസ്ഥയോർത്ത് ഒരു വേദന തോന്നിയിരുന്നു, പെട്ടെന്നുതന്നെ അവൻ തന്റെ പോക്കറ്റിൽനിന്ന് അല്പം ചെയ്തു നോട്ടുകൾ അവളുടെ ബാഗിൽ തന്നെ വെച്ചു, ശിവന്റെ വണ്ടി സ്റ്റാർട്ട് ആയി പോയ ശബ്ദം കേട്ടതിനു ശേഷവും അവനു അവിടെ നിന്ന് ചലിക്കാൻ സാധിച്ചില്ല....

അകത്തു രണ്ട് നിസ്സഹായരായ സ്ത്രീകളുടെ വിങ്ങലുകളും കണ്ണീരും മാത്രം അവനെ വരവേറ്റു... കുറച്ച് സമയം അവിടെ നിന്ന് തന്നെ ശ്വാസം യഥാർത്ഥ രീതിയിൽ ആണെന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് സഞ്ജയ് അവിടെ നിന്നും വീണ്ടും ഉമ്മറത്തേക്ക് നടന്നത്.... ഉമ്മറത്തെ സിമന്റ്തിണ്ണയിൽ തന്നെ ഇരുന്ന ശ്രുതി ഒരു നിമിഷം ഉമ്മറത്തേക്ക് കടന്നുവരുന്ന അതിഥിയെ കണ്ടു പെട്ടെന്ന് ചാടി എഴുന്നേറ്റു കൊണ്ട് കണ്ണുകൾ തുടച്ചു. തന്റെ ബാഗും കൈയ്യിൽ പിടിച്ചു കടന്നുവരുന്നവനെ കണ്ടപ്പോൾ അവന്റെ ആഗമനോദ്ദേശം അവൾക്ക് മനസ്സിലായിരുന്നു. ഒരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് അവൾ മുറ്റത്തേക്ക് ഇറങ്ങി....കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story