നിളയോഴുകും പോൽ 💙: ഭാഗം 71

nilayozhukumpol

രചന: റിനു


എന്റെ ഏട്ടന്റെ മകൾ എന്നല്ല ഒരു പെൺകുട്ടിയും സഞ്ജുവിൽ അധികാരം പറയാനുണ്ടാവരുത്. എനിക്കത് ഇഷ്ടമല്ല...

 മല്ലികയുടെ ആ വെളിപ്പെടുത്തൽ ഒരു ഞെട്ടലോടെയാണ് രാമൻ കേട്ടത്..  പിന്നെ അവിടെ നിൽക്കാൻ അയാൾക്ക് തോന്നിയില്ല..  ഫയൽ പോലും എടുക്കാതെ പെട്ടെന്ന് അയാൾ അവിടെ നിന്നും പുറത്തേക്ക് വന്നിരുന്നു..

" ഇതൊക്കെ ഞാൻ അന്ന് തന്നെ കുഞ്ഞിനോട് പറയണം എന്ന് വിചാരിച്ചതാ. പിന്നെ ഞാൻ ഇവിടുത്തെ ജോലിക്കാരനാ, ആ ഞാൻ പറഞ്ഞ കുഞ്ഞു ഇതൊക്കെ വിശ്വസിക്കുമോ.?  കാരണം കുഞ്ഞ് എത്രത്തോളം മല്ലികാമ്മേ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. അങ്ങനെയുള്ള ഞാൻ ഒരു തെളിവുമില്ലാതെ ഇങ്ങനെ ഒരു കാര്യം പറഞ്ഞാൽ അത് അംഗീകരിക്കുമോ എന്ന് ഒരു പേടി. പിന്നെ മല്ലികമ്മയോ മറ്റോ ഇത് അറിഞ്ഞാൽ എന്റെ ജോലി പോകുമല്ലോ എന്നുള്ള ഭയം മറ്റൊരു വശത്ത്.  ഓരോ ദിവസവും ഇവിടുന്ന് കിട്ടുന്ന  വരുമാനം കൊണ്ട് എണ്ണി ചുട്ട അപ്പം പോലെ ജീവിക്കുന്ന കുടുംബം ആണ് എന്റെ. അങ്ങനെയുള്ള ഞങ്ങൾക്ക് ഈ ജോലി പോയ പിന്നെ അത് ബുദ്ധിമുട്ടാകും.  അതുകൊണ്ട് ഞാൻ പിന്നെ കുഞ്ഞിനോട് ഈ കാര്യത്തെക്കുറിച്ച് പറയാതിരുന്നത്... അല്ലെങ്കിൽ തന്നെ ഞാൻ അന്ന് ഈ കാര്യം പറഞ്ഞിരുന്നെങ്കിൽ കുഞ്ഞ് വിശ്വസിക്കുമാരുന്നോ.,? എനിക്ക് തോന്നുന്നില്ല.  കുഞ്ഞിനെ മല്ലികാമ്മയോടുള്ള ഇഷ്ടം എത്ര വലുതാണെന്ന് എനിക്ക് നന്നായി അറിയാം.

 അയാളുടെ ആ തുറന്നുപറച്ചിൽ അവനെ ഒന്നുകൂടി ഞെട്ടിപ്പിക്കുകയായിരുന്നു ചെയ്തത്.  എന്തിനാണ് തന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടാവരുത് എന്ന് അവർ ആഗ്രഹിച്ചത് എന്ന് അവൻ ചിന്തിച്ചു...  ഇത്രയും കാലം താൻ വിഡ്ഢിയാക്കപ്പെടുകയായിരുന്നു എന്നാണ് ആ ഒരു നിമിഷം അവൻ ചിന്തിച്ചത്.  ഈ ഒരു വെളിപ്പെടുത്തൽ വല്ലാതെ തന്നെ ഞെട്ടിച്ചു കളഞ്ഞിരിക്കുന്നു എന്ന് അവൻ ചിന്തിക്കുകയായിരുന്നു.

" ഒരിക്കലും മല്ലികാമ്മ അറിയരുത് ഞാനാണ് ഈ കാര്യം കുഞ്ഞിനോട് പറഞ്ഞതെന്ന്..

അയാൾ ഭയത്തോടെ പറഞ്ഞു..

 " ഇല്ല രാമേട്ടാ ഒരിക്കലും രാമേട്ടന് ഒരു പ്രശ്നമുണ്ടാവില്ല,  ഒരു പ്രശ്നങ്ങളും ഇല്ലാതെ ഞാൻ നോക്കിക്കോളാം...  രാമേട്ടൻ പറഞ്ഞത് ശരിയാണ് അന്ന് ഒരുപക്ഷേ രാമേട്ടൻ എന്നോട് ഈ കാര്യം പറഞ്ഞിരുന്നെങ്കിൽ എന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്ന മറുപടി രാമേട്ടൻ പ്രതീക്ഷിച്ചത് പോലെയുള്ള ഒന്നായിരിക്കും.  ചിലപ്പോൾ ഞാൻ അത് വിശ്വസിക്കാൻ പോലും തയ്യാറായില്ലന്ന് വരും. അന്ന് രാമേട്ടൻ അത് എന്നോട് പറയാഞ്ഞത് എന്തുകൊണ്ടും നന്നായി...  അതിന്റെ പേരിൽ രാമേട്ടൻ വിഷമിക്കേണ്ട,  ഇപ്പോഴെങ്കിലും രാമേട്ടൻ എന്നോട് തുറന്നു പറഞ്ഞല്ലോ ഇപ്പോ ഇതൊന്നും അറിഞ്ഞില്ലായിരുന്നെങ്കിൽ ജീവിതത്തിൽ ഞാൻ ഒരു വലിയ ചതിയിൽ അകപ്പെട്ടു പോയേനെ...  അല്പം വൈകിയാണെങ്കിലും ഒക്കെ അറിയാൻ സാധിച്ചത് എന്റെ അച്ഛൻ മുകളിൽ ഇരുന്ന് എന്നോട് കാണിക്കുന്ന കാരുണ്യം കൊണ്ടായിരിക്കും... രാമേട്ടൻ പൊയ്ക്കോളൂ

അവൻ പറഞ്ഞു

" കുഞ്ഞിനെ ഇവിടെ തനിച്ചാക്കിയിട്ട്....

അയാൾ പറഞ്ഞു...

" രാമേട്ടൻ പേടിക്കണ്ട ഞാൻ ആത്മഹത്യ ഒന്നും ചെയ്യില്ല.  കാരണം ഒരു കലർപ്പും ഇല്ലാതെ എന്നെ സ്നേഹിച്ച ഒരാളുണ്ട്.  അയാളോട് കാണിക്കുന്ന വഞ്ചനയാവും ഞാനീ ജീവിതം നഷ്ടപ്പെടുത്തിയാൽ. 

 അവന്റെ മറുപടി കേട്ട് രാമേട്ടൻ പുറത്തേക്ക് പോയിരുന്നു.. കുറേസമയം അവനവിടെ തന്നെ ഇരുന്നു. രാത്രിയിൽ എപ്പോഴോ അവൻ ഉറങ്ങി പോയിരുന്നു.  തലേദിവസത്തെ തളർച്ചയും നെട്ടോട്ടവും ഒക്കെ അവനെ വല്ലാതെ ക്ഷീണിതനാക്കി എന്ന് പറയുന്നതാണ് സത്യം.

 അതിരാവിലെ ഔട്ട് ഹൗസിൽ ആരുടെയോ കൊട്ട് കേട്ടുകൊണ്ടാണ് അവൻ ഉണർന്നത്.. ഉണർന്ന് നോക്കിയപ്പോൾ രാമേട്ടനാണ്,  ഉറക്കച്ചടവോടെ അവൻ അയാളുടെ മുഖത്തേക്ക് നോക്കി...

" എന്താ രമേട്ടാ..?

"   കുഞ്ഞെ മല്ലികാമേ കാണുന്നില്ല,  ഞാൻ രാവിലെ അവിടെയെല്ലാം നോക്കി എന്നിട്ട് ഒന്നും കാണുന്നില്ല...

 അയാൾ പറഞ്ഞപ്പോൾ പെട്ടെന്ന് ഒരു ഭയം അവനിൽ തോന്നിയിരുന്നു.  എന്തൊക്കെ പറഞ്ഞാലും ഈ കണ്ട കാലം അത്രയും സ്വന്തം അമ്മയെ പോലെ കണ്ടതാണ്. പെട്ടെന്ന് അവൻ വീട്ടിലെക്കോടി അവിടെ മുഴുവൻ അവരെ തിരഞ്ഞെങ്കിലും കണ്ടില്ല.  അവസാനം അവരുടെ മുറിയിൽ നിന്നും അവനു വേണ്ടി വച്ചിരുന്ന ഒരു കത്ത് കിട്ടിയിരുന്നു..

 പ്രിയപ്പെട്ട മോന്...
 ഇനിയിപ്പോ അങ്ങനെ വിളിക്കാമോ എന്നെനിക്കറിയില്ല. നിന്റെ മനസ്സിൽ ഇന്നലെ തന്നെ ഞാൻ മരിച്ചു പോയിട്ടുണ്ടാവും എന്ന് എനിക്കറിയാം.  ഞാന് നിന്റെ ജീവിതം തകർക്കാൻ ആയിട്ട് ശ്രമിച്ചു എന്ന് മാത്രമേ നീ കരുതൂ. നീ എന്നല്ല നിന്റെ സ്ഥാനത്ത് ആരും അങ്ങനെ കരുതു. പക്ഷേ മോന്റെ ജീവിതം തകർക്കാൻ വേണ്ടിയാണോ എന്ന് ചോദിച്ചാൽ അറിയില്ല.  പക്ഷേ അമ്മ ഒരിക്കലും ഇഷ്ടക്കുറവ് കൊണ്ടല്ല അങ്ങനെ ചെയ്തിട്ടുള്ളത്.  ഇഷ്ടക്കൂടുതൽ കൊണ്ടാണ്.  അത് എപ്പോഴെങ്കിലും നിനക്ക് മനസ്സിലാകും. നിന്റെ മുൻപിൽ ഒരു കുറ്റവാളിയെ പോലെ മുഖം കുനിച്ചു നിൽക്കാൻ എനിക്ക് സാധിക്കില്ല. നിന്നെ ഇനി എനിക്ക് ഫേസ് ചെയ്യാൻ സാധിക്കില്ലെന്ന് തോന്നുന്നതുകൊണ്ടാണ് അമ്മയിവിടെ കത്ത് എഴുതി വെച്ച് പോകുന്നത്... അമ്മ പോവുകയാണ് എന്നെന്നേക്കുമായി,  നീ ഇന്നലെ പറഞ്ഞില്ലേ ഒരിക്കലും പോറ്റമ്മയ്ക്ക് പെറ്റമ്മ ആവാൻ കഴിയില്ലെന്ന്.  ഒരിക്കൽപോലും ഞാൻ നിനക്ക് പോറ്റമ്മ ആയിരുന്നില്ല. പെറ്റമ്മ തന്നെയായിരുന്നു അതെങ്ങനെ പറഞ്ഞു മനസ്സിലാക്കണം എന്ന് എനിക്കറിയില്ല.  ഇനിയെങ്കിലും സന്തോഷത്തോടെ ജീവിക്കണം.  ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ച് വളരെ സന്തോഷത്തോടെ...
 അമ്മയെ വെറുക്കരുത്...!!

 അത്രയും വായിച്ചു കഴിഞ്ഞപ്പോൾ അവന്റെ കണ്ണുകൾ കലങ്ങിയിരുന്നു.

" പോകാൻ സാധ്യതയുള്ളയിടതെല്ലാം അന്വേഷിക്കാൻ ആളെ വിട്ടിട്ടുണ്ട്...  കുഞ്ഞു വിഷമിക്കരുത്

അവനെ ഒന്ന് തഴുകികൊണ്ട് രാമൻ പറഞ്ഞു

"എനിക്ക് ആ ജോത്സിനെ ഒന്ന് കാണണം...

 പെട്ടെന്ന് അവൻ പറഞ്ഞപ്പോഴാണ് അങ്ങനെയൊരു വഴി ഉണ്ടല്ലോ എന്ന് രാമനും ഓർത്തത്.. പെട്ടെന്ന് തന്നെ അവർ ജോത്സ്യരുടെ വീട്ടിലേക്ക് പുറപ്പെട്ടിരുന്നു...  അതിരാവിലെ തന്നെ സഞ്ജയ് വീട്ടിൽ കണ്ടപ്പോൾ അയാളും ഒന്ന് അമ്പരന്നിരുന്നു...

" ആരാ ഇത് സഞ്ജു കുട്ടനോ,  ഈ സമയത്ത് എന്താ..?   ഒന്നു വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ഞാൻ അങ്ങോട്ട് വരുമായിരുന്നല്ലോ..

 നിഷ്കളങ്കനായി പറയാൻ ശ്രമിക്കുന്ന അയാളെ കണ്ടപ്പോൾ അവന് ദേഷ്യമാണ് തോന്നിയത്...  ഒന്നും മിണ്ടാതെ അയാളുടെ അരികിലേക്ക് വന്ന് അയാളുടെ കഴുത്തിന് കുത്തി പിടിച്ചുകൊണ്ടാണ് സഞ്ജയ് സംസാരിച്ചത്..

" സത്യം പറയടോ താൻ എന്റെ ജീവിതം തകർക്കാൻ എത്ര രൂപയാ എന്റെ അമ്മയുടെ കയ്യിൽ നിന്ന് വാങ്ങിയിട്ടുള്ളത്.?

 അവന്റെ ആ ചോദ്യത്തിൽ തന്നെ അയാൾ ഭയന്നു പോയിരുന്നു...

"കുഞ്ഞ് എന്തൊക്കെയോ പറയുന്നത്...?

" ഇനി എന്റെ മുൻപിൽ താൻ പൊട്ടൻ കളിക്കരുത്, എല്ലാം അറിഞ്ഞിട്ട് തന്നെയാണ് ഞാൻ ഇങ്ങോട്ട് വന്നിരിക്കുന്നത്.  താനും എന്റെ അമ്മ എന്ന് പറയുന്ന സ്ത്രീയും കൂടി ചേർന്നാണ് ഈ കണ്ട കാലം അത്രയും എന്നെ വിഡ്ഢിയാക്കിയതെന്ന് എനിക്ക് നന്നായിട്ട് അറിയാം.  അതിനുള്ള എല്ലാ തെളിവുകളും എന്റെ കയ്യിൽ ഉണ്ട്.  ജീവിതകാലം മുഴുവൻ എന്നെ പൊട്ടൻ ആക്കി ജീവിക്കാമെന്നതാണോ നിങ്ങൾ കരുതിയത്.  അവരുടെ വായിൽ നിന്ന് തന്നെ എനിക്ക് മനസ്സിലാക്കാൻ സാധിച്ചു താനും കൂടി ഇതിന് കൂട്ടുനിന്നിട്ടുണ്ടെന്ന്.  പൂജയുടെയും വഴിപാടിന്റെയും വിശ്വാസങ്ങളുടെയും ജാതകത്തിന്റെയും പേര് പറഞ്ഞു എന്നെ ഈ ജീവിതം തന്നെ വെറുക്കപ്പെട്ടവൻ ആക്കി കളഞ്ഞത് താൻ ഒറ്റ ഒരുത്തനാണ്.  എനിക്കറിയണം എന്തായിരുന്നു അണിയറയിൽ നടന്നിട്ടുള്ള കളികൾ എന്ന്.  എന്നെ പാടെ തകർക്കാൻ വേണ്ടി എന്ത് കൊട്ടേഷൻ ആണ് എന്റെ അമ്മ എന്ന് പറഞ്ഞ ആ സ്ത്രീ തനിക്ക് തന്നത്.  ഇക്കണ്ട കാലം അത്രയും മനസ്സ് കല്ലാക്കി ഞാൻ ജീവിക്കേണ്ടിവന്നത് താനും അവരും കാരണം ആണ്. എനിക്ക് അറിയണം ഇല്ലെന്നുണ്ടെങ്കിൽ തന്നെയും  തന്റെ വീട്ടിലുള്ളവരെയും പച്ചക്ക് കത്തിച്ചിട്ട് ഞാൻ പോവുകയുള്ളൂ.  എനിക്കിനി ഒന്നും നോക്കാനില്ല.  എന്ത് സംഭവിച്ചാലും ഒന്നുമില്ല.. താൻ പറയുന്നത്  ആണ് നല്ലത്.  ഇല്ലെങ്കിൽ തന്റെ ശവവും ആയിട്ടായിരിക്കും ഇന്ന് ഞാൻ ഇവിടെ നിന്ന് പോകുന്നത്.  അത്രയും സഞ്ജയ് പറഞ്ഞപ്പോൾ ആ നിമിഷം അയാളിൽ ഒരു ഞെട്ടൽ പ്രകടമായിരുന്നു.  ഒപ്പം തന്നെ ശ്വാസമെടുക്കാൻ അയാൾ ബുദ്ധിമുട്ടുന്നതായി രാമന് തോന്നിയിരുന്നു.

" അയാൾ പറയും, കുഞ്ഞ് വിട്... ഇല്ലെന്നുണ്ടെങ്കിൽ അയാൾ ഇപ്പോ ചത്തുപോകും

അവന്റെ കൈ മാറ്റാനായി രാമൻ ശ്രമിക്കുന്നുണ്ടായിരുന്നു...  എങ്കിലും ഒരു പ്രത്യേക വികാരവിക്ഷോഭത്തിൽ ആയിരുന്നു ആ നിമിഷം സഞ്ജയ്.

" ഞാ......... ൻ ഞാ....ൻ പറയാം,  എല്ലാ കാര്യങ്ങളും ഞാൻ പറയാം.... എന്നെ ഒന്നും ചെയ്യാതിരുന്നാൽ മതി,

വിക്കി വിക്കി അയാൾ പറഞ്ഞപ്പോൾ സഞ്ജയുടെ കൈ അയയുന്നുണ്ടായിരുന്നു....കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story