നിളയോഴുകും പോൽ 💙: ഭാഗം 72

രചന: റിനു

ഞാ......... ൻ ഞാ....ൻ പറയാം,  എല്ലാ കാര്യങ്ങളും ഞാൻ പറയാം.... എന്നെ ഒന്നും ചെയ്യാതിരുന്നാൽ മതി,

വിക്കി വിക്കി അയാൾ പറഞ്ഞപ്പോൾ സഞ്ജയുടെ കൈ അയയുന്നുണ്ടായിരുന്നു

" എങ്കിൽ വേഗം പറ എന്താ സംഭവിച്ചത് എന്ന്.

സഞ്ജയ്‌ പറഞ്ഞു. അയാൾ ശക്തി ആയി ഒന്ന് ചുമച്ചു ശേഷം പറഞ്ഞു തുടങ്ങി..

"  അത് മല്ലിക  കുറേ കാലങ്ങളായിട്ട് എന്നെ കാണാൻ ഇവിടെ വരുന്നുണ്ടായിരുന്നു.  അതായത് കുഞ്ഞിന്റെ അച്ഛനുമായിട്ടുള്ള വിവാഹത്തിന് മുൻപ് തന്നെ എനിക്ക് മല്ലികയെ അറിയാമായിരുന്നു..

 അയാൾ പറഞ്ഞതൊക്കെ ശ്രദ്ധയോടെ തന്നെ അവൻ കേട്ടിരുന്നു. മല്ലികയുടെ ജാതകം എഴുതിയത് ഞാൻ ആണ്. അതിൽ വ്യക്തമായിട്ട് പറഞ്ഞിട്ടുണ്ട് അവർക്ക് കുട്ടികളുണ്ടാവില്ല എന്ന്.  അന്ന് അവരാരും അത് വിശ്വസിച്ചില്ല.  പിന്നീട് വിവാഹം കഴിഞ്ഞ സമയത്ത് കുട്ടികൾ ഉണ്ടാവാതെ ആദ്യത്തെ ഭർത്താവ് മല്ലികയെ ഉപേക്ഷിച്ചപ്പോൾ തന്നെ ജാതകത്തിലെ കാര്യം സത്യമാണെന്ന് അവർക്ക് മനസ്സിലായി.  അങ്ങനെയാണ്  വിവാഹശേഷം പിന്നീട് മല്ലിക എന്നെ കാണാൻ വരുന്നത്. രണ്ടു വിവാഹ യോഗം അവർക്കുണ്ട് എന്നും ആ ജാതകത്തിൽ എഴുതിയിട്ടുണ്ട്.  ഞാനത് പറഞ്ഞതിന്റെ പിറ്റ ആഴ്ചയിൽ തന്നെ മോന്റെ അച്ഛൻ മല്ലികയെ പെണ്ണ് കാണാൻ ആയിട്ട് വന്നു.  ആ വിവാഹം പെട്ടെന്ന് തന്നെ ഉറപ്പിക്കുകയും ചെയ്തു.  അതോടെ ജാതകത്തിൽ അവരുടെ വിശ്വാസം വർധിച്ചു.  പലതരത്തിലുള്ള പൂജകൾ വിവാഹ ശേഷവും കുട്ടികൾ ഉണ്ടാവാൻ വേണ്ടി അവരെ നടത്തി. ഒരു കുഞ്ഞിന് വേണ്ടി അത്രത്തോളം അവര് ദാഹിക്കുന്നുണ്ടായിരുന്നു. പക്ഷേ ഒരിക്കലും അവർക്ക് ഒരു അമ്മയാവാൻ സാധിക്കില്ല എന്ന് അവർ മനസ്സിലാക്കി.  കുഞ്ഞിന്റെ അച്ഛന്റെ ഭാര്യയായി ആ വീട്ടിലേക്ക് വരുമ്പോൾ അവർക്ക് ആകെ ഉണ്ടായിരുന്ന ആശ്വാസം അവിടെ മോൻ ഉണ്ടല്ലോ എന്നതായിരുന്നു. പിന്നീട് കുട്ടികളില്ല എന്നുള്ള അവരുടെ ആ ഒരു സങ്കടം മാറിയത് മോനെ വളർത്തിയതിലൂടെയാ. മോന്റെ കളിചിരികളും അവര് ഒരു പ്രത്യേക സന്തോഷത്തോടെ ഏറ്റെടുക്കാൻ തുടങ്ങി.  കുറച്ചുകാലങ്ങൾ കഴിഞ്ഞപ്പോൾ മോനെ കൊണ്ട് ഇവിടെ വന്നു. ജാതകം നോക്കാൻ തുടങ്ങി.  പതുക്കെ പതുക്കെ മല്ലിക വരാതെയായി.  അപ്പോഴൊക്കെ ഞാൻ വിചാരിച്ചു വലിയ പണക്കാരി ആയതുകൊണ്ട് ഇനി ഇതിലൊന്നും വിശ്വാസമില്ലാത്തതു കൊണ്ടാണ് വരാത്തത് എന്ന്. പിന്നീട് വർഷങ്ങൾക്കു ശേഷമാണ്  അവരെവിടേക്ക് വരുന്നത്.  ആ സമയത്ത് അവരുടെ ആവശ്യം തന്റെ ഭർത്താവിന്റെ ആയുസ്സ് ഇനിയെത്ര കാലം ഉണ്ടെന്ന് അറിയണമെന്നതായിരുന്നു.

 ജ്യോത്സ്യന്റെ ആ വാക്കിൽ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയിരുന്നു സഞ്ജയ്.

"  ആയുർദൈർഖ്യം കൂടുതലുള്ള ജാതകമാണ് അയാളുടേത് എന്ന് ഞാൻ പറഞ്ഞപ്പോൾ മല്ലികയുടെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു.  അയാൾ മരണപ്പെടണമെന്ന് അവർ ആഗ്രഹിക്കുന്നത് പോലെ എനിക്ക് തോന്നി. ഒന്നും പറയാതെ അവർ പോയി.
പിറ്റയാഴ്ച ഞാൻ അറിയുന്നത് കുഞ്ഞിന്റെ അച്ഛൻ മരണപ്പെട്ടു എന്നതാണ്.  എനിക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നി ഞാൻ മല്ലികയെ വിളിച്ച് എന്റെ സംശയങ്ങൾ അവരോട് പറഞ്ഞു.  മാത്രമല്ല ഇത്തിരി ബുദ്ധിമുട്ടിലായിരുന്നത് കൊണ്ട് തന്നെ മല്ലികയെ ഒന്ന് ഭയപ്പെടുത്താമെന്ന് ഞാൻ കരുതി.  ഞാൻ മഷിയിട്ടു നോക്കിയപ്പോൾ മല്ലികയാണ് ഭർത്താവിന്റെ മരണത്തിന് കാരണമെന്ന് ഞാൻ അറിഞ്ഞുവെന്ന് വെറുതെ അവരോട് പറഞ്ഞു. വെറുതെ ഞാൻ ഒന്ന് എറിഞ്ഞു നോക്കിയതാ പക്ഷേ ഞാൻ പറഞ്ഞതുപോലെ അവരെന്നെ വിശ്വസിച്ചു.  അപ്പോൾ തന്നെ അവരിവിടെ ഓടി വന്നു.  ഈ വിവരം മറ്റാരും അറിയരുതെന്നും അതിനുവേണ്ടി എന്തും ചെയ്യാം എന്നും അവർ പറഞ്ഞു.  എനിക്ക് കുറച്ച് സാമ്പത്തിക ബുദ്ധിമുട്ടുള്ളതുകൊണ്ട് ഒരു രണ്ടുലക്ഷം രൂപയാണ് ഞാൻ ചോദിച്ചത്. അത് അന്നുതന്നെ അവരെനിക്ക് തരുകയും ചെയ്തു.  എന്തിനാണ് അവർ അത് ചെയ്തത് എന്ന് ഞാൻ ചോദിച്ചപ്പോൾ  ആ കാര്യം ഇപ്പോൾ ഞാൻ അറിയേണ്ട കാര്യമില്ല എന്ന് പറഞ്ഞു., എനിക്കത് അറിയാനാണോ പ്രയാസം എന്ന് കുറച്ചുകൂടി ശക്തമായി ചോദിച്ചപ്പോഴാണ് കഴിക്കുന്ന മരുന്നിന്റെ ഡോസ് കൂട്ടിക്കൊടുത്താണ് ഭർത്താവിനെ ഈ ലോകത്തിൽ നിന്നും അവർ പറഞ്ഞയച്ചത് എന്ന് എന്നോട് പറഞ്ഞത്...

ജ്യോത്സ്യന്റെ ഈ വെളിപ്പെടുത്തലിൽ ഞെട്ടി പോവുകയായിരുന്നു സഞ്ജയ് ചെയ്തത്. തന്നെ തീർത്തും അനാഥനാക്കിയത് ആയിരുന്നു എന്ന തിരിച്ചറിവ് അവനെ വല്ലാത്തൊരു കോപത്തിലേക്ക് കൊണ്ടുചെന്ന് എത്തിച്ചിരുന്നു. തന്നെ ജീവനെ പോലെ സ്നേഹിച്ചിരുന്ന അച്ഛനെ എന്തിനായിരുന്നു അവർ ഇല്ലാതാക്കിയത്.?

"  എന്തിനായിരുന്നു എന്റെ അച്ഛനെ അവരില്ലാതാക്കിയത്..?  സ്വത്തിനു വേണ്ടിയോ പണത്തിനു വേണ്ടിയോ.?  എന്തിനുവേണ്ടിയായിരുന്നു അത്.

സഞ്ജയ്‌ ഇടറി തുടങ്ങി

 " ആ കാരണമാണ് വിചിത്രം.  ഞാനും വിചാരിച്ചത് അങ്ങനെ തന്നെയാണ്.  നിങ്ങളുടെ സമ്പത്തും സൗഭാഗ്യങ്ങളും ഒക്കെ കണ്ട് മല്ലിക ഭർത്താവിനെ ഇല്ലാതാക്കിയതാണെന്ന്, പക്ഷേ ജ്യോതിഷത്തിൽ അങ്ങേയറ്റം വിശ്വാസമുള്ളത് കൊണ്ട് തന്നെ എന്നോട് അവർ തുറന്നു പറഞ്ഞു ഭർത്താവിനെ ഇല്ലാതാക്കാനുള്ള അവരുടെ കാരണം.

" എന്തായിരുന്നു ആ കാരണം..?

 വേദനയോടെ സഞ്ജയ് ചോദിച്ചു

"  കുഞ്ഞായിരുന്നു അതിനുള്ള കാരണം...!

" ഞാനോ...????

 ജ്യോത്സ്യന്റെ വെളിപ്പെടുത്തലിൽ വല്ലാതെ ഞെട്ടിപ്പോയിരുന്നു സഞ്ജയ്

"  മല്ലികേക്കാൾ കൂടുതലായി മോനെ ആരും സ്നേഹിക്കരുതെന്ന് അവൾ ആഗ്രഹിച്ചിരുന്നു. മോന്റെ അച്ഛൻ പോലും. ആദ്യമൊക്കെ കുട്ടി ഇല്ലാതിരുന്ന ഒരു അമ്മയുടെ സ്വാർത്ഥതയായിട്ട് ഞാനത് കണ്ടത്.  പക്ഷേ പിന്നീട് എനിക്ക് മനസ്സിലായി അങ്ങനെയല്ല ഭ്രാന്തമായ തരത്തിലുള്ള ഒരു സ്നേഹമാണ് മോനോട് മല്ലികക്കുള്ളത്.  ആ സ്നേഹം പങ്കുവയ്ക്കാൻ പാടില്ലെന്ന് മല്ലിക ആഗ്രഹിച്ചു.  മോന്റെ വിവാഹം മോന്റെ അച്ഛൻ നടത്തുന്നു എന്ന് കണ്ടതോടെ മല്ലിക്കയ്ക്ക് പരിഭ്രാന്തിയായി.  വന്നു കയറുന്ന പെൺകുട്ടി മോനിൽ കൂടുതൽ ആധിപത്യം നേടുമെന്നും അതിലൂടെ മല്ലിക മോന്റെ ജീവിതത്തിൽ ഒന്നും ആവാതെ ആകും എന്നും അവർ ഭയപ്പെട്ടു.  ഭാര്യയും കുടുംബവും ഒക്കെ ആകുമ്പോൾ രണ്ടാനമ്മയോടുള്ള സ്നേഹം കുറഞ്ഞു പോകുമെന്നും പതിയെ പതിയെ മല്ലികയിൽ നിന്നും മോൻ അകന്നു പോകുമെന്നും അവരുടെ മനസ്സ് വല്ലാതെ ഭയപ്പെട്ടിരുന്നു. കുറച്ചുകാലം വിവാഹാലോചനകൾ ഒന്നും വരാതിരിക്കാനാണ് ആദ്യം മോന്റെ അച്ഛനെ തന്നെ ഇല്ലാതാക്കാൻ മല്ലിക ശ്രമിച്ചത്.  അല്ലെങ്കിൽ മോന്റെ അച്ഛൻ ജീവിച്ചിരിക്കുമ്പോൾ എങ്ങനെയും മോന്റെ വിവാഹം നടത്തുമെന്ന് വിശ്വാസമായിരിക്കും.  പിന്നീട് മല്ലിക എന്റെ അരികിൽ വന്നത് കുറ്റസമ്മതങ്ങൾക്ക് വേണ്ടിയായിരുന്നു.  മോനുവേണ്ടി കണ്ടുപിടിച്ച രണ്ടു പെൺകുട്ടികളെയും ഇല്ലാതാക്കിയത് മല്ലികയായിരുന്നു.  അതിന് പിന്നിൽ മല്ലികയുടെ ബുദ്ധിയായിരുന്നു. ആദ്യത്തെ പെൺകുട്ടി മരിച്ചതല്ല വിഷ സർപ്പത്തെ ആ കുട്ടിയെ കൊണ്ട് കൊത്തിച്ചതാണ്.  ആർക്കും സംശയം തോന്നാതിരിക്കാൻ വേണ്ടി കാവിൽ വെച്ച് തന്നെ കയ്യിൽ ഉണ്ടായിരുന്ന പണം ഉപയോഗിച്ച് മല്ലിക അത് ചെയ്തു.  ഒരു രാത്രി പോലും ആ പെൺകുട്ടിക്കൊപ്പം സഞ്ജയ് ജീവിക്കരുതെന്ന് നിർബന്ധം അവർക്ക് ഉണ്ടായിരുന്നു. കാരണം ഒരു രാത്രി എങ്കിലും ഒരു പെൺകുട്ടിക്കൊപ്പം സഞ്ജയ് ജീവിച്ചാൽ ആ ഓർമ്മകൾ പോലും ആ പെൺകുട്ടിയുമായി അവനെ അടുപ്പിക്കുമെന്നും അത് മല്ലികയോടുള്ള ഇഷ്ടത്തിന് കുറവാകും എന്നും അവർ ഭയപ്പെട്ടു. പിന്നീട് മോൻ ഒറ്റയ്ക്ക് ജീവിക്കുന്നത് കണ്ട് സഹതാപം തോന്നിയാണ് വീണ്ടും വിവാഹമാലോചിക്കുന്നത്.  പക്ഷേ കാര്യത്തോട് അടുത്തപ്പോൾ മല്ലികയ്ക്ക് ഭയമായി . അങ്ങനെ രണ്ടാമത്തെ വിവാഹത്തിന് ശേഷം  കാർ ആക്സിഡന്റ് വഴി ആ പെൺകുട്ടിയെ ഇല്ലാതാക്കിയപ്പോൾ പ്രത്യേകം തന്റെ അനുയായികളോട് മല്ലിക പറഞ്ഞത് സഞ്ജയുടെ ദേഹത്ത് ഒരു പോറൽ പോലും ഏൽക്കാൻ പാടില്ലെന്ന്  ആണ്. സഞ്ജയ് മറ്റൊരാളുടേതാകുന്നത് മല്ലിക സഹിക്കാൻ പറ്റുമായിരുന്നില്ല.  അടുത്ത സമയത്തും മല്ലിക ഇവിടെ വന്നിരുന്നു ഓഫീസിലുള്ള ഒരു കുട്ടിയെ സഞ്ജയ്ക്ക് ഇഷ്ടമാണെന്നും ആ കുട്ടിയെ വിവാഹം കഴിക്കാൻ സാധിച്ചില്ലെങ്കിൽ മരിക്കുമെന്നും സഞ്ജയ് പറഞ്ഞു എന്ന് പറഞ്ഞു.  ആ ദിവസത്തെക്കുറിച്ച് ജോത്സ്യൻ ഓർത്തു....കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story