നിളയോഴുകും പോൽ 💙: ഭാഗം 73

രചന: റിനു

സഞ്ജയ് മറ്റൊരാളുടേതാകുന്നത് മല്ലിക സഹിക്കാൻ പറ്റുമായിരുന്നില്ല.  അടുത്ത സമയത്തും മല്ലിക ഇവിടെ വന്നിരുന്നു ഓഫീസിലുള്ള ഒരു കുട്ടിയെ സഞ്ജയ്ക്ക് ഇഷ്ടമാണെന്നും ആ കുട്ടിയെ വിവാഹം കഴിക്കാൻ സാധിച്ചില്ലെങ്കിൽ മരിക്കുമെന്നും സഞ്ജയ് പറഞ്ഞു എന്ന് പറഞ്ഞു.  ആ ദിവസത്തെക്കുറിച്ച് ജോത്സ്യൻ ഓർത്തു

അന്ന് വളരെ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു മല്ലിക എന്നെ കാണാൻ വന്നത്.  അതിനുശേഷം അവർ എന്നോട് പറഞ്ഞത് സഞ്ജയ്ക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്നാണ്.  സത്യം പറഞ്ഞാൽ അത് കേട്ടപ്പോൾ ഞാൻ വിശ്വസിച്ചിരുന്നില്ല.  സഞ്ജയുടെ സ്വഭാവം ഞാൻ ഒരുപാട് അറിഞ്ഞിരുന്നു.  അങ്ങനെയുള്ള താൻ ഒരു പെൺകുട്ടിയെ പ്രണയിക്കുമെന്ന് മനസ്സിലാക്കാൻ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല.  അതുകൊണ്ട് ഒരിക്കൽ കൂടി ഞാൻ അവരോട് എടുത്ത് ചോദിച്ചു പ്രണയമാണോ എന്ന്.  അപ്പോഴാണ് ഓഫീസിൽ ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയാണെന്നും ആ കുട്ടിയെ വിവാഹം കഴിക്കണമെന്ന് സഞ്ജയ് ആഗ്രഹിക്കുന്നുണ്ടെന്നും അവർ എന്നോട് പറഞ്ഞത്. ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുകയായിരുന്നു. ആ സമയത്ത് ഞാൻ കാരണം ഒരു ചെറുപ്പക്കാരന്റെ ജീവിതം നഷ്ടപ്പെടുന്നത് എന്നെ വല്ലാതെ അലട്ടിയിരുന്നു എന്ന് പറയുന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഞാൻ മല്ലികയോട് ആദ്യമായിട്ട് സഞ്ചയ്ക്കു വേണ്ടി സംസാരിച്ചു.

" മല്ലിക നിങ്ങൾക്ക് പ്രായമായി വരികയാണ്,  നിങ്ങൾ ജീവനുതുല്യം നിങ്ങളുടെ മകനെ സ്നേഹിക്കുകയും ചെയ്യുന്നു. ഇത്രയും കാലം പൊതിഞ്ഞു പിടിച്ചില്ലേ.? നിങ്ങളുടെ കാലം കഴിയുമ്പോൾ അവൻ അനാഥനായി ജീവിക്കുന്നതിലും നല്ലത് അവൻ ഒരു കുടുംബം ഉണ്ടാകുന്നതല്ലേ.? അതുകൊണ്ട് എന്റെ ഒരു അഭിപ്രായം അനുസരിച്ച് ഇനി ഈ വിവാഹത്തിന് മല്ലിക യാതൊരു തടസ്സങ്ങൾ ഉണ്ടാക്കരുത്.  ഒന്നും അറിയാത്ത രണ്ട് പെൺകുട്ടികളെ മല്ലിക മരണത്തിന് വിട്ടുകൊടുത്തു.  ആ ശാപം ഈ ജന്മം നിങ്ങളെ വിട്ടു പോകില്ല. അത് സഞ്ചയുടെ ജീവിതത്തിലേക്ക് വരാതിരിക്കാൻ എങ്കിലും ഇനി അയാളെ സ്വതന്ത്രനാക്കി വിടണം.  നിങ്ങൾക്ക് സഞ്ചയോടുള്ള സ്നേഹം എനിക്ക് മനസ്സിലാക്കാൻ സാധിക്കും.  അയാളുടെ ജീവിതം അതിനെക്കുറിച്ച് കൂടി നിങ്ങൾ ആലോചിക്കേണ്ടെ..? എന്തൊക്കെ പറഞ്ഞാലും സഞ്ചയും ആഗ്രഹിക്കുന്നുണ്ടാവും ഒരു കുടുംബജീവിതം.

അയാളുടെ വാക്കുകളിൽ മല്ലിക അസ്വസ്ഥ ആയി

 " അവനെക്കാൾ കൂടുതൽ ഞാൻ ആഗ്രഹിക്കുന്നുണ്ട്.  ഇപ്പോൾ അവന് ഒരു കൂട്ട് വേണമെന്ന്, ജ്യോത്സ്യർ പറഞ്ഞതുപോലെ ഞാൻ അവനോട് ചെയ്തത് മാപ്പ് അർഹിക്കാത്ത തെറ്റാണെന്ന് എനിക്കറിയാം. ഓരോ നിമിഷവും കുറ്റബോധത്തോടെയാണ് ഞാൻ എന്റെ സഞ്ജുവിന്റെ മുൻപിൽ നിൽക്കുന്നത്.  ഞാൻ തന്നെ അവന്റെ വിവാഹം നടത്താനുള്ള എല്ലാ കാര്യങ്ങളും ചെയ്തതായിരുന്നു. ഒരു പെൺകുട്ടിയെയും കണ്ടുപിടിക്കാം എന്ന് തീരുമാനിച്ചതാ.  ഞാൻ കണ്ടുപിടിക്കുന്ന പെൺകുട്ടിയാണെങ്കിൽ അവൻ ആ കുട്ടിയുമായിട്ട് അടുക്കാൻ തന്നെ ഒരുപാട് സമയം വേണ്ടിവരും. അതുകൊണ്ടു തന്നെ എന്റെ മകൻ ഒരിക്കലും എന്നിൽ നിന്ന് അകന്നു പോകില്ലെന്ന് എനിക്ക് വിശ്വാസം ഉണ്ടായിരുന്നു.  പക്ഷേ ഇത് അവനായിട്ട് കണ്ടുപിടിച്ച പെൺകുട്ടിയാ,  അതുകൊണ്ടു തന്നെ ഇഷ്ടവും സ്നേഹവും ഒക്കെ അല്പം കൂടുതൽ ആ പെൺകുട്ടിയോട് സഞ്ജു കാണിക്കില്ലേ.? പിന്നെ എനിക്ക് എന്ത് വിലയാണ് അവിടെ ഉണ്ടാവാൻ പോകുന്നത്.? ഈ വിവാഹം കൂടി ഇതുകൂടി മാത്രം ജോത്സ്യൻ എങ്ങനെയെങ്കിലും മുടക്കണം.

അവർ കേണ് പറഞ്ഞു

" മല്ലിക എന്തെ ഈ പറയുന്നത്? വളരെയധികം ക്രൂരമായ രീതിയിലാണ് നിങ്ങൾ സംസാരിക്കുന്നത്. അയാളെ ഇനിയെങ്കിലും അയാളുടെ സ്വാതന്ത്ര്യത്തിൽ വിടാൻ ആണ് ഞാൻ പറയുന്നത്.

"  ഞാൻ പറഞ്ഞല്ലോ ജോത്സ്യരെ ഒട്ടും വൈകാതെ തന്നെ അവന്റെ വിവാഹം ഞാൻ നടത്തും. പക്ഷേ ഈ കുട്ടി വേണ്ട.

"  അയാൾക്ക് കൂടി ഇഷ്ടപ്പെടുന്ന ഈ കുട്ടി തന്നെ ആളുടെ ജീവിതത്തിലേക്ക് വരുന്നതല്ലേ നല്ലത്.?

"  അത് ശരിയാവില്ല കാരണം എന്താണെന്ന് വെച്ചാൽ ഇന്ന് അവൻ എന്നോട് പറഞ്ഞത് ആ കുട്ടിക്ക് വേണ്ടി അവൻ മരിക്കാൻ പോലും തയ്യാറാണെന്ന് ആണ്. അത്രയും സ്നേഹം അവൻ ആ കുട്ടിക്ക് കൊടുക്കുകയാണെങ്കിൽ പിന്നെ എന്റെ കാര്യം ജ്യോത്സ്യർ ഓർത്തു നോക്ക്.  അവൻ ഒരു വിവാഹം കഴിക്കണം ഞാനത് നന്നായി തന്നെ ആഗ്രഹിക്കുന്നുമുണ്ട്.  പക്ഷേ ഒരിക്കലും വരുന്ന പെൺകുട്ടിയെ എന്നെക്കാൾ കൂടുതൽ അവൻ സ്നേഹിക്കാൻ പാടില്ല.  അതെനിക്ക് സഹിക്കാൻ പറ്റില്ല.  അവനായിട്ട് കണ്ടെത്തുന്ന പെൺകുട്ടിയാകുമ്പോൾ സ്നേഹം കൂടുതൽ ആ കുട്ടിയോട് തന്നെയായിരിക്കും.  ഞാനായിട്ട് കണ്ടെത്തുന്ന കുട്ടിയാവുമ്പോൾ അങ്ങനെ ഉണ്ടാവില്ല.

"  നിങ്ങൾ കണ്ടെത്തുന്ന വിവാഹത്തിന് അവൻ സമ്മതിച്ചില്ലെങ്കിലോ.?  അങ്ങനെ ഒരു വിവാഹത്തിന് അവന് താൽപര്യമില്ലെന്ന് പറഞ്ഞാൽ നിങ്ങൾ എന്ത് ചെയ്യും.?  ഞാനെങ്ങനെയെങ്കിലും അവനെ സമ്മതിപ്പിക്കും. അതു മാത്രമേ  ചെയ്യാൻ ഇപ്പോൾ സാധിക്കുകയുള്ളൂ. 

" എങ്കിൽ പിന്നെ നിങ്ങളുടെ അവസ്ഥ എന്താണെന്ന് നിങ്ങൾ തന്നെ സഞ്ജയോട് നേരിട്ട് പറ. അപ്പൊ സഞ്ജയ്  മനസ്സിലാക്കികോളും എന്താണെങ്കിലും ഞാനില്ല ഇനി അയാളുടെ ജീവിതം നശിപ്പിക്കാൻ. എന്നെക്കൊണ്ട് പറ്റില്ല മല്ലിക.  ഇനി  ഈ ആവശ്യം പറഞ്ഞ് ഇങ്ങോട്ട് വരണ്ട.  ഇപ്പോൾ തന്നെ ഞാൻ ഒരുപാട് കുറ്റബോധം അനുഭവിക്കുന്നുണ്ട്.  ഞാൻ കാരണം ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് നശിക്കുന്നത്. എനിക്കും ഉണ്ട് ഒരു മകൻ,  നാളെ ഞാൻ കാരണം അവന്റെ ജീവിതത്തിൽ എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് അത് സഹിക്കാൻ പറ്റില്ല.  ഞാനീ ചെയ്തതിന്റെ ഒക്കെ ശിക്ഷ എന്റെ കുട്ടിയാണ് അനുഭവിക്കുന്നത് എങ്കിൽ സമാധാനത്തോടെ മരിക്കാൻ പോലും എനിക്ക് പറ്റില്ല.   ഒരു പരിധി കഴിഞ്ഞാൽ സ്വന്തം അമ്മയാണെങ്കിൽ പോലും ആൺകുട്ടികൾ അവരിൽ നിന്നും അകന്നു തുടങ്ങും. അവരുടെ ജീവിതത്തിനും ഭാര്യക്കും പ്രാധാന്യം കൽപ്പിച്ചു തുടങ്ങും. അതൊരു തെറ്റല്ല അത് ഈ ലോകത്തിന്റെ നിയമമാണ്.  മകനെ ഇങ്ങനെ നിങ്ങളുടെ മടിത്തട്ടിൽ തന്നെ നിർത്തണമെന്ന് പറഞ്ഞാൽ അത് ശരിയായ കാര്യമല്ല, അതും അവന്റെ ജീവിതം തകർത്തുകൊണ്ട്.  എന്തുവന്നാലും ഇനി ഇക്കാര്യത്തിന് എന്നെ മല്ലിക കൂട്ടുപിടിക്കേണ്ട. ഞാൻ ഒരിക്കലും ഇനി ഇതിന് കൂട്ടുനിൽക്കില്ല.  ഇനി എന്നെ ഇക്കാര്യത്തിന് നിർബന്ധിച്ചാൽ എല്ലാ കാര്യങ്ങളും എനിക്ക് സഞ്ജയോട് തുറന്നു പറയേണ്ടി വരും.  ഈ ആവശ്യവും പറഞ്ഞു ഇനി മല്ലിക ഇങ്ങോട്ട് വരണ്ട.

 അത്രയും പറഞ്ഞു ഞാൻ കയറി പോവുകയാണ് ചെയ്തത്.  പിന്നെ മല്ലിക എന്തെങ്കിലും ചെയ്തോ എന്ന് പോലും എനിക്കറിയില്ല.  ഇങ്ങനെയൊക്കെ പറഞ്ഞതുകൊണ്ട് തന്നെ എന്റെ ജീവനുപോലും ആപത്തുണ്ടാകും എന്ന് ഞാൻ ഭയന്നിരുന്നു.  ഒരുപക്ഷേ എന്നെ അവർ ഇല്ലാതാക്കിയാലോ എന്ന് ഞാൻ പേടിച്ചു. പക്ഷേ അങ്ങനെയൊന്നും സംഭവിച്ചില്ല.  മല്ലിക പിന്നെ എന്നെ വിളിച്ചിട്ടില്ല.  സ്വന്തമായ രീതിയിൽ അവരെന്തെങ്കിലും ചെയ്തു കാണുമെന്ന് വിചാരിച്ചു.  എനിക്ക് കുറച്ചെങ്കിലും സമാധാനം കിട്ടി എന്ന് പറയുന്നതാണ് സത്യം.

 ജ്യോത്സ്യർ പറഞ്ഞു നിർത്തിയപ്പോൾ എന്തു മറുപടി പറയണം എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു സഞ്ജയ്.

"   സ്നേഹം കൊണ്ട് ചില ആളുകൾക്ക് ഭ്രാന്ത് ആവാറുണ്ട്.  മല്ലിക അത്തരമൊരു അവസ്ഥയിലായിരുന്നു എന്ന് ആണ് എനിക്ക് തോന്നുന്നത്.  സഞ്ചയോടുള്ള സ്നേഹം അവരെ ഒരു ഭ്രാന്തിയാക്കി മാറ്റിയിരുന്നു. ആ സ്നേഹം പകുത്തു പോകാൻ അവർ ആഗ്രഹിച്ചിരുന്നില്ല.  നിങ്ങൾ സ്നേഹിച്ച പെൺകുട്ടിക്ക് വേണ്ടി നിങ്ങൾ മരിക്കാൻ പോലും തയ്യാറാണെന്ന് അവരോട് തുറന്നു പറഞ്ഞപ്പോൾ അവർക്ക് പിന്നെ അവിടെ സ്ഥാനമില്ലെന്നും ആ സ്ഥാനം സ്വന്തമാക്കിയത് ആ പെൺകുട്ടി ആണെന്നുമുള്ള ഒരു ചിന്ത അവരുടെ മനസ്സിലേക്ക് വന്നു. പിന്നെ അത് അവളോടുള്ള ദേഷ്യമായി. അവൾ ഒരിക്കലും തന്റെ ഭാര്യ ആവരുതെന്ന് അവർ ആഗ്രഹിച്ചു.

"  ഇതിനൊക്കെ ഞാൻ എന്തു മറുപടിയാ പറയേണ്ടത് എനിക്ക് അറിയില്ല ജോത്സ്യരെ,

അവൻ തലയിൽ കൈവച്ചു.  പെട്ടെന്നാണ് സഞ്ചയുടെ ഫോൺ ബെല്ലടിച്ചത്.  നോക്കിയപ്പോൾ രാമേട്ടനാണ് മല്ലികയെക്കുറിച്ച് തിരക്കുവാൻ വേണ്ടി ജ്യോത്സ്യന്റെ അരികിൽ തന്നെ ഇറക്കിയതിനു ശേഷം പോയതായിരുന്നു രാമേട്ടൻ.  എന്തെങ്കിലും വിവരം കിട്ടിയതിനാൽ വിളിച്ചതാകും എന്ന് തോന്നിയിരുന്നു. പെട്ടെന്ന് അവൻ ഫോൺ എടുത്തു.  മറു തലയ്ക്കൽ നിന്നും രാമേട്ടൻ പറയുന്ന വാക്കുകൾ കേട്ടപ്പോൾ അവന്റെ തല പെരുക്കുന്നത് പോലെ തോന്നിയിരുന്നു....കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story