നിളയോഴുകും പോൽ 💙: ഭാഗം 75

nilayozhukumpol

രചന: റിനു

സ്വന്തം ജീവൻ ബലി കൊടുത്ത് അമ്മ ചിലപ്പോൾ ശ്രുതിയുടെ ജീവൻ തനിക്ക് തിരികെ തന്നതായിരിക്കാം എന്ന് ഏതോ ഒരു ശക്തി അവന്റെ കാതിൽ മന്ത്രിച്ചു..അതുതന്റെ അച്ഛനായിരിക്കും എന്ന് അവൾക്ക് തോന്നി.  മരണത്തിലൂടെ തനിക്കൊരു ജീവിതം നൽകി അവർ യാത്ര പറയുകയായിരുന്നു എന്നുപോലും ആ നിമിഷം സഞ്ചയ്ക്ക് തോന്നിയിരുന്നു.. വെള്ള തുണിയിൽ പൊതിഞ്ഞു കിടക്കുന്ന ആ മാംസ പിണ്ഡത്തിലേക്ക് അവൻ അറിയാതെ ഒന്ന് നോക്കി പോയിരുന്നു. ആ നിമിഷം അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരായായി ഒഴുകി

രാമേട്ടന്റെ അരികിലേക്ക് ചെന്നുകൊണ്ട് സഞ്ജയ് പറഞ്ഞു

"  എനിക്ക് അത്യാവശ്യമായിട്ട് ആശുപത്രി വരെ ഒന്ന് പോണം രാമേട്ടാ, ശ്രുതിയ്ക്ക് ബോധം തെളിഞ്ഞു എന്നാണ് വിളിച്ചു പറഞ്ഞത്. ഈ സമയത്ത് ഞാൻ അവിടെ ഉണ്ടാവണമെന്ന് ഒരുപാട് ആഗ്രഹിച്ചത് ആണ്. രാമേട്ടൻ ഇവിടത്തെ കാര്യങ്ങളൊക്കെ ഒന്ന് നോക്കണം,  ഒന്നിനും ഒരു കുറവ് വരരുത്. ഞാൻ പെട്ടെന്ന് തന്നെ തിരികെ വരാം.  ശ്രുതിയെ ഒന്ന് കണ്ട് സംസാരിച്ചു കഴിഞ്ഞ് ഓടിവരാം, ഒന്ന് കണ്ട് സംസാരിച്ചില്ലെങ്കിൽ ഞാൻ തളർന്നു പോകും.  അവൾക്ക് മാത്രമേ ഇപ്പോൾ എന്നെ ഒന്ന് സമാധാനപ്പെടുത്താൻ സാധിക്കു

"അതൊന്നും ഓർത്ത് കുഞ്ഞു പേടിക്കേണ്ട, ഇവിടുത്തെ കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കോളാം.  ഡ്രൈവ് ചെയ്തു പോകുമ്പോൾ കുഞ്ഞു സൂക്ഷിക്കണം.  കാരണം എനിക്ക് അറിയാം  ആ മനസ്സിപ്പോൾ പിടയുകയായിരിക്കുമെന്ന്. എത്രയൊക്കെ പുറത്തു കാണിച്ചില്ലെങ്കിലും കുഞ്ഞിന്റെ മനസ്സിലുള്ള വേദന എത്രത്തോളം വലുതാണെന്ന് എനിക്ക് ഊഹിക്കാൻ സാധിക്കും. 

"  എനിക്ക് ഒരുപാട് വിഷമം ഉണ്ട് രാമേട്ടാ,  ഞാൻ ഒരിക്കലും അമ്മയുടെ മരണം ആഗ്രഹിച്ചിരുന്നില്ല.  എന്നോട് ചെയ്തത് ഒക്കെ വലിയ തെറ്റാണ് ഒരുപക്ഷേ അമ്മയ്ക്ക് എന്നോടുള്ള സ്നേഹത്തിന്റെ പുറത്താണെന്ന് പറഞ്ഞാൽ പോലും അതൊന്നും ന്യായീകരിക്കാൻ സാധിക്കുന്നതല്ല. പക്ഷേ ഓർമ്മവച്ച കാലം മുതൽ ഞാൻ അമ്മയെന്ന് വിളിച്ചിട്ടുള്ളത് അവരെയാണ്,  ആ ചൂട് പറ്റി കിടന്നാണ് ഞാൻ ഉറങ്ങിയിട്ടുള്ളത്.  അങ്ങനെയുള്ള എനിക്ക് ഈ വാർത്ത നൽകുന്നത് വലിയ വേദന തന്നെയാണ്.  പക്ഷേ ആത്മാർത്ഥമായിട്ട് വിഷമിക്കാൻ പോലും എനിക്ക് സാധിക്കുന്നില്ല രാമേട്ട,  അതിന്റെ കാരണം എനിക്ക് മനസ്സിലാകുന്നില്ല.  ഒന്നെങ്കിൽ ഞാൻ അമ്മയെ മനസ്സിലാണെങ്കിലും വെറുത്തു തുടങ്ങിയിട്ടുണ്ട്.  അല്ലെങ്കിൽ ശ്രുതിയുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവ് എന്റെ എല്ലാ വേദനകളെയും മായ്ക്കാനുള്ള ഒരു വലിയ പരിഹാരമാണ്. 

"  എന്താണെങ്കിലും എല്ലാം നല്ലതിന് വേണ്ടിയാണെന്ന് മാത്രം കുഞ്ഞു കരുതിയാൽ മതി.  ഇല്ലെങ്കിൽ ഈ സമയത്ത് ഇപ്പോൾ ഇങ്ങനെയൊന്ന് സംഭവിക്കില്ല, അവസാന നിമിഷമാണെങ്കിലും കുഞ്ഞിനെല്ലാം അറിയാൻ സാധിച്ചതും ഇപ്പോൾ ശ്രുതി കുഞ്ഞിന് ബോധം തെളിഞ്ഞതും ഒക്കെ കുഞ്ഞിന്റെ നല്ലതിന് വേണ്ടി തന്നെ.  അങ്ങനെ മാത്രം കരുതിയാൽ മതി.  ആ കൊച്ചിന് ബോധം തെളിഞ്ഞ സ്ഥിതിക്ക് കുഞ്ഞ് അവിടെ വേണം, ആ കുട്ടിയെ ആശ്വസിപ്പിച്ചു തിരികെ വാ,  ഇവിടെ വേണ്ട ക്രമീകരണങ്ങളൊക്കെ ഞാൻ ചെയ്തോളാം..

ഒരച്ഛന്റെ സ്ഥാനത്ത് നിന്നു തന്നെയായിരുന്നു അദ്ദേഹം ആ നിമിഷം അവനെ ആശ്വസിപ്പിച്ചിരുന്നത്.  അദ്ദേഹത്തെ ഒന്ന് നോക്കിയശേഷം വണ്ടിയുമായി നേരെ ഹോസ്പിറ്റലിലേക്ക് തന്നെ പോയിരുന്നു സഞ്ജയ്. അങ്ങോട്ട് പോകുമ്പോൾ മനസ്സിൽ എന്താണ് എന്ന് അവന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.  വേദനയാണോ സന്തോഷമാണോ തന്നെ കീഴടക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല.  ഒരുവശത്ത് സന്തോഷം കൊണ്ട് ഹൃദയം തുളുമ്പി നിൽക്കുന്നുണ്ട് അതിന് കാരണം തന്റെ പ്രിയപ്പെട്ടവൾ ജീവിതത്തിലേക്ക് തിരികെ വന്നു എന്നതാണ്.  നഷ്ടപ്പെട്ടുവെന്ന കരുതിയതായിരുന്നു,  നഷ്ടപ്പെട്ട ജീവിതം തിരികെ കിട്ടിയതിന്റെ സന്തോഷമാണ് ഒരു വശത്തെങ്കിൽ പ്രാണനെപ്പോലെ സ്നേഹിച്ചിരുന്ന അമ്മയുടെ മരണം നൽകുന്നത് വല്ലാത്ത വേദന തന്നെയാണ്.  അവസാനമായി ഒരു നോക്ക് കാണുക പോലും ചെയ്യാതെയുള്ള ആ മരണം അത് തന്നെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു എന്നതും സത്യമാണ്.  സന്തോഷിക്കാനും സങ്കടപ്പെടാനും സാധിക്കാത്ത ഒരു അവസ്ഥയിലൂടെയാണ് താനി നിമിഷം കടന്നുപോകുന്നത് എന്ന് സഞ്ജയ്ക്ക് തോന്നി.. പ്രകൃതിയും മൂകമായി നിൽക്കുകയാണ് തന്റെ മനസ്സ് പോലെ 

 ഹോസ്പിറ്റലിൽ എത്തിയപ്പോൾ തന്നെ അവൻ വണ്ടിയിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. അവന്റെ വരവ് കണ്ടപ്പോൾ തന്നെ അവൻ എത്രത്തോളം ആകാംക്ഷയോടെയാണ് കടന്നുവരുന്നത് എന്ന് മനസ്സിലാക്കാൻ അജിതയ്ക്ക് സാധിച്ചിരുന്നു. 

"അമ്മ കണ്ടോ ശ്രുതിയെ,  സംസാരിച്ചോ എന്തു പറഞ്ഞു.?

 കിതപ്പ് മാറുന്നതിനു മുൻപേ അവരുടെ മുഖത്തേക്ക് നോക്കി ഒരു നൂറു ചോദ്യങ്ങളാണ് അവൻ ചോദിച്ചത്... 

" ഞാൻ കയറി കണ്ടില്ല ആദ്യം മോൻ തന്നെ കാണട്ടെ എന്ന് കരുതി, മാത്രമല്ല അവൾ ആഗ്രഹിക്കുന്നതും മോനെ ആദ്യമായിട്ട് കാണാനായിരിക്കും.  അതുകൊണ്ട് ഞാൻ കയറി കാണാതിരുന്നത്.  മോൻ തന്നെ ആദ്യം കയറി കാണ് 

"അമ്മയ്ക്ക് കാണായിരുന്നില്ലേ നിങ്ങൾക്ക് അമ്മയ്ക്കും മോൾക്കും തമ്മിൽ എന്തൊക്കെ കാര്യങ്ങൾ സംസാരിക്കാൻ കാണും

"എന്നെ അങ്ങേയറ്റം വെറുത്തിട്ടായിരിക്കും. അവള് ജീവിതവസാനിപ്പിക്കുവാൻ തന്നെ തീരുമാനിച്ചിട്ടുണ്ടാവുക, ആ സ്ഥാനത്ത് ഞാൻ വീണ്ടും കയറി അവളെ കണ്ട് ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ. 

അവർ കണ്ണുനീർ തുടച്ചു 

"  അത് അമ്മയുടെ തോന്നൽ മാത്രമാണ്,  സ്വന്തം കുടുംബത്തെ എത്രത്തോളം വലുതായിട്ടാണ് ശ്രുതി കാണുന്നതെന്ന് എനിക്ക് നന്നായിട്ട് അറിയാം. ഒരുപാട് സ്നേഹിക്കുന്നുണ്ട് അമ്മയും അച്ഛനെയും അനുജനെയും ഒക്കെ അവൾ, നിങ്ങളെ ആരെയും വിഷമിപ്പിക്കാൻ വയ്യാത്തത് കൊണ്ട് ആണ് ഇങ്ങനെ ഒരു തീരുമാനത്തിൽ പോലും ശ്രുതി എത്തിയത്.  അയാൾ ജീവിതമവസാനിപ്പിക്കും എന്ന് പറഞ്ഞാൽ എന്ത് വില കൊടുത്തും ഞാൻ അയാളെ എന്റെ കൂടെ കൂട്ടും എന്ന് ശ്രുതിക്ക് അറിയാം.  എന്നിട്ടും ഇങ്ങനെ ഒരു തീരുമാനം അയാൾ എടുത്തെങ്കിൽ അതിനു പിന്നിലുള്ള കാര്യം നിങ്ങൾ ദുഃഖിക്കരുത് എന്ന് ശ്രുതി ആഗ്രഹിക്കുന്നുണ്ടെന്ന് തന്നെയാണ്. നിങ്ങളുടെ അനുഗ്രഹവും അനുവാദവും ഇല്ലാതെ ഒരു ജീവിതം ഒരിക്കൽപോലും ശ്രുതി ആഗ്രഹിച്ചിട്ടില്ലെന്നത് സത്യം ആണ്. ചെയ്തുപോയ തെറ്റിൽ ഇപ്പോൾ ഒരുപാട് കുറ്റബോധം ശ്രുതിക്ക് തോന്നിയിട്ടുണ്ടാവും.  അമ്മയ്ക്ക് ഒന്ന് കയറി കാണാമായിരുന്നില്ലേ

"  ഏതായാലും മോൻ കയറി കാണ്, അതിനു ശേഷം മാത്രമേ ഞാൻ കാണുന്നുള്ളൂ, 

 അജിത പറഞ്ഞപ്പോൾ എതിർക്കാൻ അവനെ തോന്നിയില്ല. മാത്രമല്ല ആ നിമിഷം അവളെ ഒന്ന് കാണുക എന്നത് അത്രത്തോളം അത്യന്താപേക്ഷിതമായ ഒരു കാര്യമായിരുന്നു അവന്.  അതുകൊണ്ടുതന്നെ അവൻ പെട്ടെന്ന് ഡോക്ടറോട് അനുവാദം ചോദിച്ച് ഡോക്ടറുടെ സാന്നിധ്യത്തിൽ തന്നെ ഐസിയുവിൻ ഉള്ളിലേക്ക് കയറിയിരുന്നു,  അവനകത്തേക്ക് കയറി നിമിഷം തന്നെ ഡോക്ടർ പുറത്തേക്കിറങ്ങുകയും ചെയ്തു

" ഒരുപാട് സ്ട്രെസ് ചെയ്യിപ്പിക്കേണ്ട 

അവനോട് അത്രമാത്രം പറഞ്ഞ് ഡോക്ടർ പുറത്തേക്ക് ഇറങ്ങിയപ്പോൾ കണ്ണുകൾ അടച്ച് കിടക്കുന്ന ശ്രുതിയുടെ മുഖം അവന് കാണാമായിരുന്നു.  ആ മുഖം ഇപ്പോൾ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു,  ഒറ്റ ദിവസം കൊണ്ട് അവളുടെ നിറം പോലും മങ്ങിപ്പോയതായി അവന് തോന്നി. 

" ശ്രുതി....

ആർദ്രമായി അവൻ വിളിച്ച നിമിഷം തന്നെ ഏതോ ഒരു മായാ ലോകത്തിൽ നിന്നും തിരികെ വന്നതുപോലെ അത്ഭുതത്തോടെ അവൾ കണ്ണുകൾ തുറന്നു നോക്കിയതും അവന്റെ മുഖത്തേക്കാണ്. കുറച്ച് സമയം അവൾ ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കിയിരുന്നു രണ്ടുപേരുടെയും മിഴികൾ നിറഞ്ഞു തുടങ്ങിയിരുന്നു.. അനുസരണയില്ലാതെ മിഴികൾ നിറഞ്ഞ തുളുമ്പിയ നിമിഷം ശ്രുതി അവനിൽ നിന്നും നോട്ടം മാറ്റി,  മറ്റെവിടേക്ക് നോക്കി കിടക്കാൻ തുടങ്ങി.  അവൻ അരികിൽ വന്നിരുന്ന് അവളുടെ കൈകളിൽ പിടിച്ചപ്പോൾ അവൾ അല്പം വാശിയോടെ തന്നെ അവന്റെ കൈകൾ വിടുവിച്ചു. 

" തനിക്ക് എന്നോട് പിണക്കം ആയിരിക്കുമെന്ന് എനിക്കറിയാം, 
ഒരിക്കലും തനിക്ക് സങ്കൽപ്പിക്കാൻ പോലും പറ്റാത്ത അത്രയും വേദന നിറയ്ക്കുന്ന വാക്കുകളാണ് ഞാൻ പറഞ്ഞത്, തെറ്റാണെന്ന് അറിയാം, പക്ഷേ ആ ഒരു തെറ്റിന് ഇത്രയും വലിയൊരു ശിക്ഷ എനിക്ക് നൽകേണ്ടിയിരുന്നോ ശ്രുതി..?  താൻ ഇല്ലാതെ ഒരു നിമിഷമെങ്കിലും ഞാൻ ഈ ഭൂമിയിൽ ജീവിക്കുമെന്ന് തനിക്ക് തോന്നുന്നുണ്ടായിരുന്നോ.? തനിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ അടുത്ത നിമിഷം തന്നെ ഞാൻ ഈ ജീവിതം ഉപേക്ഷിച്ചേനെ, 

അവളുടെ കൈകൾ അല്പം ബലമായി പിടിച്ച് തന്റെ കണ്ണിന് മുകളിലേക്ക് വെച്ചുകൊണ്ട് വേദനയോടെയാണ് അവൻ സംസാരിച്ചിരുന്നത്.  കണ്ണുകൾ നിറയുന്നുണ്ട് എങ്കിലും അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ തന്നെയാണ് കിടന്നത്. അവസാനം കണ്ട സമയത്ത് അവൻ നൽകിയ വേദന അത്രത്തോളം ആയിരുന്നു എന്ന് അവൾക്ക് തോന്നിയിരുന്നു.  വീണ്ടും അവൻ എന്തൊക്കെ പറയുന്നുണ്ട് അപ്പോഴെല്ലാം മിണ്ടാതെ കിടക്കുകയാണ് ശ്രുതി ചെയ്തത്. 

"  താൻ എന്തെങ്കിലും ഒന്ന് മിണ്ടു,  തന്നോട് ഒന്ന് സംസാരിക്കാൻ വേണ്ടിയല്ലേ ഞാൻ ഓടിപ്പിടിച്ച് വന്നത്..  എന്നെ ഒന്ന് വഴക്ക് പറഞ്ഞാലും മതി, തന്റെ സ്വരം ഒന്ന് കേൾക്കാമല്ലോ, എനിക്ക് അത് മാത്രം കേട്ടാൽ മതി.. 

 സഞ്ജയ് കരയുന്നത് പോലെ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു 

അപ്പോഴും ഒന്നും മിണ്ടാതെ കിടക്കുകയായിരുന്നു അവൾ ചെയ്തത്,  ചില സമയങ്ങളിൽ ഏറ്റവും വലിയ പ്രതികാരമാണ് മൗനം. ആ ഒരു ആയുധമാണ് അവൾ എടുത്തത് എന്ന് അവന് മനസ്സിലാക്കാൻ സാധിച്ചു. 

"  തന്നോട് ഒന്ന് സംസാരിക്കാൻ വേണ്ടി ആണ് ഞാൻ ഓടിവന്നത്. ഈ സമയത്ത് എന്നെ ആശ്വസിപ്പിക്കാൻ താൻ മാത്രമേയുള്ളൂ,  ഞാൻ പൂർണ്ണമായിട്ടും തകർന്നു നിൽക്കുന്ന സമയം ആണ് ശ്രുതി,  അമ്മ..... അമ്മ ആത്മഹത്യ ചെയ്തു...!  വീട്ടിൽ അതിന്റെ ചടങ്ങുകൾ നടന്നുകൊണ്ടിരിക്കുകയാണ്.  അതിനിടയിലാണ് ഞാൻ ഓടിപ്പിടിച്ച് വരുന്നത്..

 അവന്റെ ആ വെളിപ്പെടുത്തലിൽ ഒരു നിമിഷം ശ്രുതിയും ഞെട്ടിപ്പോയിരുന്നു അമ്പരപ്പോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി  ..കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story