നിളയോഴുകും പോൽ 💙: ഭാഗം 77 || അവസാനിച്ചു

nilayozhukumpol

രചന: റിനു

ഒരു കണക്കിന് അമ്മ ത്യാഗം ചെയ്ത് എനിക്ക് ജീവൻ തിരിച്ച് തന്നതാണെന്ന് വേണമെങ്കിൽ നമുക്ക് വിശ്വസിക്കാം.  നമ്മൾ ഒരുമിക്കണമെന്ന് ഇപ്പോൾ അമ്മ ആഗ്രഹിക്കുന്നുണ്ട്. കർമ്മങ്ങൾ ഒക്കെ ചെയ്തതിനുശേഷം സാർ തിരിക വാ

 ശ്രുതി പറഞ്ഞു..  അവൻ അത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കി  

താനാ നിമിഷം മനസ്സിൽ ആഗ്രഹിച്ചത് എന്താണോ അതുതന്നെയാണ് ശ്രുതി പറഞ്ഞതെന്ന് അവന് തോന്നി,  അല്ലെങ്കിലും തന്നെ മനസ്സിലാക്കാൻ അവളോളം ഈ ലോകത്ത് മറ്റാർക്കും സാധിക്കില്ല..  അവൾ നിശ്ചലമായി കിടന്ന നിമിഷങ്ങളിൽ എല്ലാം മിസ്സ് ചെയ്തതും ഈ ഒരു കരുതലും തനിക്ക് ലഭിച്ചിരുന്ന ഈ ഒരു ആത്മവിശ്വാസവും ആണ്.  അവൾ അരികിൽ ഉണ്ടെങ്കിൽ ഏതു വലിയ കൊടുമുടിയേയും കീഴടക്കാം എന്നുള്ള ഒരു വിശ്വാസം തനിക്കൊപ്പം ഉണ്ട്. 

" എനിക്ക് അമ്മയെ ഒരു നോക്ക് അവസാനമായിട്ട് കാണാൻ പറ്റിയില്ലല്ലോ, 

 വിഷമത്തോടെ ശ്രുതി പറഞ്ഞു

" സാരമില്ല ഇപ്പോൾ റസ്റ്റ് എടുക്കേണ്ട സമയമാണ്, റസ്റ്റ് എടുക്ക്, പിന്നെ തന്റെ അമ്മയോട് യാതൊരു പിണക്കവും കാണിക്കരുത്.  ഈ സമയങ്ങളിൽ ഒക്കെ തന്റെ അമ്മ എത്രയൊക്കെ വേദനിച്ചു എന്ന് ഞാൻ നേരിട്ട് കണ്ടതാണ്.  തന്റെ അമ്മയുടെ സ്ഥാനത്ത് ആരാണെങ്കിലും ഇങ്ങനെയൊക്കെ ചെയ്യും. ഏതൊരു അമ്മയും സ്വാർത്ഥമായിട്ട് ചിന്തിക്കുന്നതുപോലെ തന്റെ അമ്മയും ചിന്തിച്ചു,  നാളെ താനൊരു അമ്മയായി തനിക്കൊരു മകൾ പിറന്നാൽ താനും ഇങ്ങനെ തന്നെ ചിന്തിക്കും,  അതിന് ഒരിക്കലും നമുക്ക് അവരെ കുറ്റം പറയാൻ പറ്റില്ല, ഒരു കുഞ്ഞ് ജനിക്കുന്ന നിമിഷം മുതൽ അതിന്റെ അച്ഛനും അമ്മയും ഒരുപാട് സ്വപ്നങ്ങൾ കാണും,  ഒരു ജീവിതകാലം മുഴുവൻ സ്വപ്നം കാണും, ആ സ്വപ്നങ്ങൾ നടക്കാതെ വരുമ്പോൾ പല മാതാപിതാക്കളും തകർന്നു പോകും. തന്റെ അമ്മയെ സംബന്ധിച്ചിടത്തോളം ഒരുപാട് സ്വപ്നങ്ങൾ ഒന്നും തന്റെ കാര്യത്തിൽ കണ്ടിട്ടുണ്ടാവില്ല.  നല്ലൊരു കുടുംബജീവിതം തനിക്ക് ലഭിക്കണമെന്ന് അമ്മ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. അത് ലഭിക്കാതെ വന്ന നിമിഷം അമ്മയ്ക്ക് സങ്കടം സ്വാഭാവികം ആയിട്ട് ഉണ്ടാകും, അതിന്റെ കാരണക്കാരൻ ആയ എന്നോട് ദേഷ്യവും തോന്നും. പിന്നെ മകൾക്ക് മരണം കൂടി സംഭവിക്കുമെന്ന് അറിഞ്ഞാൽ ഏത് അമ്മയാ സമാധാനത്തോടെ ഇരിക്കുന്നത്.  ആ സമയത്ത് ഒരു അമ്മ ചെയ്യേണ്ടത് എന്തോ അതുമാത്രമാണ് തന്റെ അമ്മയും ചെയ്തത്. മാത്രമല്ല തന്റെ അമ്മയോട് എന്റെ ദോഷങ്ങളെപ്പറ്റി പറഞ്ഞത് മറ്റാരുമല്ല എന്റെ സ്വന്തം അമ്മയെന്ന് തന്റെ അമ്മ വിശ്വസിക്കുന്ന ഒരാളാണ്.  അപ്പൊൾ സ്വന്തം മകളെ രക്ഷിക്കുവാനുള്ള അമ്മയുടെ പോരാട്ടം വർദ്ധിക്കുക മാത്രമേ ചെയ്യുകയുള്ളൂ. അതിൽ ഒരിക്കലും താൻ തെറ്റ് കാണരുത്..

 അവൻ പറഞ്ഞപ്പോൾ അവൾ ചിരിയോടെ സമ്മതം അറിയിച്ചിരുന്നു...  

"എനിക്കറിയാം അമ്മ ഒരിക്കൽ പോലും എന്റെ ദോഷത്തിനു വേണ്ടി ഒന്നും ചെയ്യില്ലെന്ന്, സാർ പറഞ്ഞതുപോലെ അമ്മയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും ചിലപ്പോൾ ഇങ്ങനെ തന്നെ ചെയ്തേനെ,  എനിക്ക് അമ്മയുടെ വിഷമവും ആകുലതകളും ഒക്കെ ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.  അതുമതി താൻ പറഞ്ഞതുപോലെ ഞാൻ ചടങ്ങുകൾ ഒക്കെ തീർത്ത് പെട്ടെന്ന് മടങ്ങി വരാം,

 അവളുടെ കവിളിൽ അരുമയായി തലോടി ബെഡിലിരുന്ന് ക്ഷീണിതമായ അവളുടെ കൈകൾ എടുത്ത് നെഞ്ചിലേക്ക് ചേർത്തുപിടിച്ച് അവൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു..

" ഐ ലവ് യു ശ്രുതി താൻ ഇല്ലാതെ ഒരു നിമിഷം പോലും ഈ ഭൂമിയിൽ എനിക്ക് ജീവിക്കാൻ സാധിക്കില്ല.. 

 നെഞ്ചിൽ ചേർത്ത് പിടിച്ച അവളുടെ കൈകൾ ചുണ്ടിൽ മുട്ടിച്ചുകൊണ്ട് അവൻ പറഞ്ഞപ്പോൾ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഉതിർന്നു വീണിരുന്നു,  അവന്റെ തുടുവിരലുകൾ ആ നിമിഷം തന്നെ ആ കണ്ണുനീരിനെ കൈകളിൽ ഏറ്റുവാങ്ങി,  വളരെ ആർദ്രമായി ആ കണ്ണുകൾ തുടച്ചു..  ഒരിക്കൽ കൂടി മൗനമായി യാത്ര പറഞ്ഞു അവൻ ആ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ അക്ഷമയായി പുറത്ത് അജിത കാത്തു നിൽക്കുന്നുണ്ടായിരുന്നു. 

" അവൾ എന്തു പറഞ്ഞു മോനെ സംസാരിക്കുന്നുണ്ടോ അവൾക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലെ,

 പ്രതീക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി അവർ ചോദിച്ചു.

" ഒരു കുഴപ്പമില്ല അമ്മേ വളരെ സന്തോഷത്തോടെ സംസാരിച്ചു,  അമ്മ പേടിക്കേണ്ട ഞാൻ എല്ലാ കാര്യങ്ങളും ശ്രുതിക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്. ശ്രുതിയ്ക്ക് അമ്മയോട് ഒരു പിണക്കവുമില്ല.  മറിച്ച് ചെയ്തു പോയതിൽ കുറ്റബോധം മാത്രമേ ഉള്ളൂ, അമ്മയുടെ സങ്കടവും ആകുലതയും ഒക്കെ ഇപ്പൊൾ എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെന്നാണ് ശ്രുതി പറഞ്ഞത്,  അമ്മ കയറി ശ്രുതിയെ കാണ്ടോളു, പിന്നെ നല്ലതായി ശ്രദ്ധിക്കേണ്ട സമയം ആണ്, അമ്മ ശ്രുതിക്കൊപ്പം തന്നെ നിൽക്കണം എനിക്ക് രണ്ടു മൂന്നു ദിവസത്തേക്ക് ഇവിടേക്ക് വരാൻ പറ്റില്ല,

"അതെന്താ മോനെ...

 മനസ്സിലാവാത്തത് പോലെ അവർ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു,

" അത് എന്റെ അമ്മയ്ക്ക് ഒരപകടം സംഭവിച്ചു,  ഞാനിപ്പോൾ അവിടെ വേണം എല്ലാ കാര്യങ്ങളും ഞാൻ വിശദമായിട്ട് ശ്രുതിയോട് പറഞ്ഞിട്ടുണ്ട്..  ശ്രുതി ആ കാര്യങ്ങളൊക്കെ അമ്മയോട് പറയും,  ഒക്കെ കേട്ടതിനു ശേഷം മാത്രം ഞങ്ങളുടെ കാര്യത്തിൽ അമ്മ ഒരു തീരുമാനം എടുത്താൽ മതി,

" നിങ്ങടെ കാര്യത്തിൽ ഇനി എനിക്ക് പ്രത്യേകിച്ചൊരു തീരുമാനം എടുക്കേണ്ട ആവശ്യമില്ല മോനെ,നിങ്ങൾ ഒരുമിക്കണമെന്ന് ഉള്ളത് ദൈവത്തിന്റെ നിശ്ചയമാണ്. അത് അങ്ങനെ തന്നെ സംഭവിക്കണം ഞാനെന്നല്ല ആരൊക്കെ എതിരെ നിന്നാലും നിങ്ങൾ ഒരുമിക്കുക തന്നെ ചെയ്യും.  കാരണം ദൈവമായിട്ട് കൂട്ടിച്ചേർത്തതാണ് നിങ്ങളെ,  മരണത്തെ പോലും അതിജീവിച്ച് എന്റെ മകൾ തിരിച്ചുവന്നത് നിന്നോടൊപ്പം ജീവിക്കാൻ വേണ്ടി തന്നെയാണ്..

അതിനിനി ഞാനായിട്ട് തടസ്സം നിൽക്കില്ല.  മാത്രമല്ല ഏതൊരു അമ്മയും ആഗ്രഹിക്കുന്നത് പോലെ ഏറ്റവും സുരക്ഷിതമായ കൈകളിലേക്കാണ് ഞാൻ എന്റെ മകളെ ഏൽപ്പിക്കുന്നത്.  അതിനപ്പുറം ഈ ജന്മത്തിൽ എനിക്ക് ഒരു സമാധാനവും ആവശ്യമില്ല.. നിന്റെ കൈകളിൽ അവൾ സന്തോഷവതിയും സുരക്ഷിതയും ആയിരിക്കുമെന്ന ബോധം എനിക്കുണ്ട്. ഇഷ്ടപ്പെട്ട ആൾക്കൊപ്പം ജീവിക്കാൻ സാധിക്കുക എന്നു പറയുന്നതാണ് ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം വലിയ കാര്യം.

അതെന്റെ മോൾക്ക് ലഭിക്കണമെന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ട് മോനെ ഈ കാര്യം ഓർത്ത് പേടിക്കണ്ട എല്ലാ പ്രശ്നങ്ങളും മാറ്റി മോൻ തിരിച്ചു വാ ഞാനും ശ്രുതിയും ഇവിടെ മോനുവേണ്ടി കാത്തിരിക്കും.  ഒരു ചടങ്ങിന്റെ ആവശ്യം പോലും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല, അവളുടെ ആരോഗ്യം ശരിയായാൽ നിങ്ങൾ ഏതെങ്കിലും ഒരു അമ്പലത്തിൽ വച്ച് താലികെട്ടുക അതിനുശേഷം സന്തോഷകരമായിട്ട് ജീവിക്കുക വിവാഹത്തിന്റെ ആർഭാടത്തിലും സ്വർണ്ണത്തിന്റെ തൂക്കത്തിലും അല്ല കാര്യം ഇഷ്ടപ്പെടുന്ന രണ്ടുപേര് എങ്ങനെ ജീവിക്കുന്നു എന്നതിലാണ്,  

നിങ്ങൾ ആഗ്രഹിച്ചതുപോലെ ഒരുപാട് സന്തോഷത്തോടെ നിങ്ങൾ രണ്ടുപേരും ഒരുപാട് കാലം ഒരുമിച്ച് ജീവിക്കണം.. അമ്മയ്ക്ക് അതുമാത്രമാണ് ഇപ്പോഴുള്ള ആഗ്രഹം. എന്റെ മോളെ ആഗ്രഹിച്ചത് നിന്നെ മാത്രമാണ് ഇത്രയും നല്ല മനസ്സിന് ഉടമയായ നിന്നെപ്പോലെ ഒരാളെ അവൾ ഇഷ്ടപ്പെട്ടെങ്കിൽ ഞാൻ എങ്ങനെയാണ് അവളെ തെറ്റു പറയുന്നത്,  ഈ രണ്ടു ദിവസക്കാലം അവൾക്കുവേണ്ടി നീ അനുഭവിച്ച വേദന എത്രത്തോളം ആയിരുന്നു എന്ന് ഞാൻ നേരിട്ട് അറിഞ്ഞതല്ലേ..

ഞാൻ അവളെ പൂർണ്ണ മനസ്സോടെ നിന്റെ കൈകളിലേക്ക് ഏൽപ്പിച്ചു തരികയാണ്. ഒരിക്കലും കൈവിട്ട് കളയരുത് എന്റെ മോള് അവളുടെ ജീവനേക്കാൾ കൂടുതലായി നിന്നെ സ്നേഹിക്കുന്നുണ്ട് ഈ ലോകത്തിലുള്ള മറ്റെന്തിനെകളും വലുതായി അവള് നിന്നെ കരുതുന്നു.. മറിച്ച് അവൾക്ക് വേണ്ടി ജീവൻ പോലും നഷ്ടപ്പെടുത്താൻ തയ്യാറായി നീയും അവളെ സ്നേഹിക്കുന്നു..  

നിങ്ങളുടെ സ്നേഹത്തിനു മുൻപിൽ പ്രപഞ്ചശക്തികൾ പോലും തോറ്റു നിൽക്കുകയാണ് നിങ്ങളുടെ സ്നേഹം കണ്ട് ഈശ്വരന്മാർക്ക് പോലും അസൂയ തോന്നിയിട്ടുണ്ടാവും എന്ന് എനിക്ക് തോന്നുന്നത്.. അതുകൊണ്ട് ഇത്രത്തോളം നിങ്ങളെ വേദനിപ്പിച്ചത്,  പക്ഷേ ആ മരണത്തെ പോലും തോൽപ്പിച്ചുകൊണ്ട് നിങ്ങളെ ജീവിതത്തിലേക്ക് തിരികെ വന്നു.  ഇനി ആ ജീവിതം മനോഹരമായിട്ട് ജീവിച്ചു തീർക്കുക അത് കാണുന്നതാണ് അമ്മയ്ക്കും സന്തോഷം.

 അജിത അത് പറഞ്ഞ നിമിഷം അവന്റെ കണ്ണുകളിൽ പുതിയൊരു പ്രതീക്ഷയുടെ നാളം മിന് നിമറയുന്നത് കാണാമായിരുന്നു............അവസാനിച്ചു

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story