നിളയോഴുകും പോൽ 💙: ഭാഗം 8

nilayozhukumpol

രചന: റിനു

ഉമ്മറത്തെ സിമന്റ്തിണ്ണയിൽ തന്നെ ഇരുന്ന ശ്രുതി ഒരു നിമിഷം ഉമ്മറത്തേക്ക് കടന്നുവരുന്ന അതിഥിയെ കണ്ടു പെട്ടെന്ന് ചാടി എഴുന്നേറ്റു കൊണ്ട് കണ്ണുകൾ തുടച്ചു. തന്റെ ബാഗും കൈയ്യിൽ പിടിച്ചു കടന്നുവരുന്നവനെ കണ്ടപ്പോൾ അവന്റെ ആഗമനോദ്ദേശം അവൾക്ക് മനസ്സിലായിരുന്നു. ഒരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് അവൾ മുറ്റത്തേക്ക് ഇറങ്ങി.. " താൻ ഇത് വണ്ടിയിൽ വച്ച് മറന്നുപോയി.... അത് തരാൻ വേണ്ടി കൊണ്ടുവന്നതാ, അവൻ അവളുടെ മുഖത്തേക്ക് നോക്കി ഇപ്പോഴാണ് വന്നത് എന്ന അർത്ഥത്തിൽ പറഞ്ഞു... " ഞാൻ പെട്ടെന്ന് മറന്നു.... ഒരു ബുദ്ധിമുട്ടായി അല്ലേ, " ഏയ്‌... കുഴപ്പമില്ല... ഗൗരവം വിടാതെ അവൻ പറഞ്ഞു... അപ്പോഴാണ് പുറത്തേക്ക് അജിത ഇറങ്ങിവന്നത്... മനസ്സിലാവാതെ അവനെയും അവളെയും മാറി മാറി അജിത നോക്കി, " അമ്മേ ഞാൻ ഇന്ന് പോയത് ഈ സാറിന്റെ കമ്പനിയിൽ ആണ്... പിന്നെ അവിടെ മിന്നൽപണിമുടക്ക് ആയോണ്ട് ആണ് താമസിച്ചു പോയത്, ബസ് ഒന്നുമുണ്ടായിരുന്നില്ല, സർ ആണ് കൊണ്ടാക്കിയത്, എന്റെ ബാഗ് സാറിന്റെ കാറിൽ വച്ച് മറന്നു, അത് കൊണ്ട് വന്നത് ആണ്.... അജിതയുടെ മുഖത്തുനോക്കി അവൾ പറഞ്ഞപ്പോൾ ഒരു വിഷാദ പുഞ്ചിരി വിരിഞ്ഞു നന്ദി സൂചകമായി, " വലിയ ഉപകാരം സാറേ... വണ്ടി ഇല്ലാതെ അവിടെ ഒറ്റപ്പെട്ട പോയെങ്കിൽ ഇപ്പോഴത്തെ കാലമല്ലേ, സാറിനെ പോലെയുള്ളവരെ ഇപ്പോൾ ഒന്നും കാണാൻ പോലും കിട്ടില്ല, ചെറിയൊരു പുഞ്ചിരിയായിരുന്നു മറുപടിയായി സഞ്ജയും നൽകിയത്...

"എങ്കിൽ വരട്ടെ... "കയറുക ആണെങ്കിൽ ഒരു കാപ്പി കുടിച്ചിട്ട് പോകാം... ശ്രുതി പറഞ്ഞു, " വേണ്ട ഇപ്പോ തന്നെ ഒരുപാട് ലേറ്റായി ഞാൻ വരട്ടെ, രണ്ടുപേരോടും മുഖത്തേക്ക് നോക്കി പറഞ്ഞ് പുറത്തേക്ക് നടക്കുമ്പോഴും കുറച്ചു മുൻപ് നടന്ന സംഭവങ്ങൾ ആയിരുന്നു അവന്റെ മനസ്സിൽ.... സിനിമയിൽ മാത്രമാണ് ഇത്തരം രംഗങ്ങൾ കണ്ടിട്ടുള്ളത്, ജീവിതത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംഭവത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുന്നത്.... ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ഉണ്ടല്ലോ എന്ന ചിന്ത അവന്റെ മനസ്സിനെ അസ്വസ്ഥമാക്കി തുടങ്ങിയിരുന്നു, അവളുടെ അവസ്ഥ ഏറെക്കുറെ അവന് മനസ്സിലാക്കാൻ സാധിച്ചിരുന്നു, ജോലിക്ക് വേണ്ടി തന്റെ മുൻപിൽ വന്ന നിസ്സഹായയായ പെൺകുട്ടിയുടെ അവസ്ഥ അവനെ വല്ലാതെ നൊമ്പരത്തിൽ ആഴ്ത്തിയിരുന്നു, അവളുടെ സർട്ടിഫിക്കറ്റുകൾ പോലും താനോന്ന് വാങ്ങി പരിശോധിച്ചില്ല... അത്രയെങ്കിലും താൻ അവൾക്കുവേണ്ടി ചെയ്യാമായിരുന്നു, അവളെ അപമാനിച്ചത് പോലെയാണ് അവന് തോന്നിയത്... കുറ്റബോധം അവനെ കാർന്നു തിന്നാൻ തുടങ്ങി, എങ്ങനെയൊക്കെയോ വണ്ടി ഓടിച്ചാണ് വീട്ടിലെത്തിയത്... വീട്ടിലെത്തിയതും ഉമ്മറത്തു തന്നെയുണ്ടായിരുന്നു മല്ലിക, " നീ എന്താ സഞ്ജു... ഇത്രയും താമസിച്ചത്, ഓഫീസിൽ വിളിച്ചപ്പോൾ നീ നേരത്തെ ഇറങ്ങിയതാണ് എന്ന് പറഞ്ഞു, പിന്നെ ഇന്ന് മീറ്റിങ്ങിനു പോകില്ലെന്നും പറഞ്ഞു... ഞാൻ വിചാരിച്ചു നീ ഇന്ന് പെട്ടിയൊക്കെ അടുക്കി വെക്കണം എന്ന് പറഞ്ഞിട്ട് എവിടെ പോയി എന്ന്.... "

എന്ത് പറയാനാ അമ്മേ,ഇന്ന് ഒരു വല്ലാത്ത ദിവസമായിരുന്നു... ഒട്ടും കൊള്ളാത്ത ദിവസം എന്ന് പറയാം, കുറച്ചു സംഭവങ്ങൾ ഒക്കെ നടന്നു.... ഒക്കെ ഞാൻ ഡീറ്റെയിൽ ആയിട്ട് അമ്മയോട് പറയാം,ആദ്യം ഒന്ന് കുളിക്കട്ടെ... " നിനക്ക് ചായ വേണോ.... " ഒരു ഗ്രീൻ ടീ ആവാം.... അത്രയും പറഞ്ഞു അവൻ മുറിയിലേക്ക് പോയിരുന്നു, മുറിയിലേക്ക് ചെന്നതും അന്നേ ദിവസത്തെ ക്ഷീണം വല്ലാതെ അലട്ടി, പെട്ടെന്നുതന്നെ ബാത്റൂമിലേക്ക് കയറി, ഇറങ്ങിയപ്പോഴേക്കും ഇന്ന് നടന്ന സംഭവങ്ങളെല്ലാം ഒരു കൊച്ചുകുട്ടി എന്നതുപോലെ മല്ലികയുടെ മടിയിൽ കിടന്ന് അവൻ പറഞ്ഞു കേൾപ്പിച്ചു, അവളുടെ അവസ്ഥയും വിഷമങ്ങളും മല്ലികയെയും വേദനയിൽ ആഴ്ത്തി... " കഷ്ടമായി പോയല്ലോ സഞ്ജു.... ഒരു ജോലി നിനക്ക് കൊടുക്കാരുന്നില്ലേ..? നമ്മുക്ക് എത്രയോ ബ്രാഞ്ചുകൾ ഉണ്ട്, അവിടെ എവിടെയെങ്കിലും നീ വിചാരിച്ചാൽ ആ കുട്ടിക്ക് ഒരു ജോലി കൊടുക്കാൻ പറ്റില്ലേ... ഇത്രത്തോളം ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളെ വേണ്ട സഞ്ജു നമ്മൾ രക്ഷപ്പെടുത്താൻ, മല്ലിക മകനെ കുറ്റപ്പെടുത്തി... " എനിക്ക് അറിയില്ലായിരുന്നു അമ്മേ, ഇത്രയും പ്രശ്നങ്ങൾ ഉണ്ടെന്ന്... പിന്നെ വീട്ടിലേക്ക് ചെന്നപ്പോൾ ജോലിയുടെ കാര്യം പറയാൻ പറ്റിയ ഒരു മാനസികാവസ്ഥ ആയിരുന്നില്ല, ഇനി ഒരിക്കൽ കൂടി വരുവാ മറ്റോ ആണെങ്കിൽ എന്തെങ്കിലും ചെയ്യാം, " കഷ്ടമുണ്ട് സ്വന്തം മാനം കാത്തുസൂക്ഷിക്കാൻ വേണ്ടി ഒരു പെൺകുട്ടി ജോലിക്ക് ഇറങ്ങിത്തിരിക്കുന്നു, അത് വലിയ കഷ്ടമാണ് മോനെ...

അത് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല, മല്ലിക പറഞ്ഞു... " എനിക്ക് അല്ലെങ്കിലും ഒന്നും മനസ്സിലാകില്ലല്ലോ.... എന്നെ ആരും മനസ്സിലാക്കിയിട്ടില്ല.... അവൻ അത് പറഞ്ഞപ്പോൾ മല്ലികയുടെ ഹൃദയത്തിലും ഒരു വേദന നിഴലിച്ചിരുന്നു, മകൻ എന്താണ് ഉദ്ദേശിച്ചത് എന്ന് മല്ലികയ്ക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നു... അകത്തേക്ക് പോയി തന്റെ തിരക്കുകളിലേക്ക് വീണ്ടും ഊളയിടും മുൻപ് തന്നെ കുറിച്ചു സ്വയം ഒന്ന് ഓർത്തു സഞ്ജു.. വിമൂഖമായ തന്റെ വീണ എന്ന് ഇനിയും എന്നെങ്കിലും ശ്രുതി ചേരുമോ.?എവിടെങ്കിലും തനിക്കായി ഒരു വസന്തം ഒരുക്കിയിട്ടുണ്ടാകുമോ കാലം.? ഇറൻ കണ്ണിൽ മൂടലായി വന്നു നിറഞ്ഞു തുടങ്ങി ഓർമകളുടെ കൂടാരം. എന്നോ മറവിയിൽ എഴുതിയ പലതും വീണ്ടും തെളിഞ്ഞു തുടങ്ങി.. തിരശീലയിൽ അവ്യക്തമായ കഥാപാത്രങ്ങൾ തെളിഞ്ഞു..ആളും അരങ്ങും ഒഴിഞ്ഞപ്പോൾ താൻ ഒരു നിഴൽനാടകത്തിലേ നായകൻ ആയി...മിഴിനീർ അണിഞ്ഞ ആ രാത്രി മാത്രം മൂകമായി അവന്റെ നൊമ്പരം നെഞ്ചിലേറ്റി,പാടാൻ മറന്നു രാകുയിൽ പോലും അവന്റെ വേദനയിൽ പങ്കുകൊണ്ടു. അടുക്കളയിൽ നിന്ന് ജോലി ചെയ്യുകയാണെങ്കിലും വല്ലാത്ത വേദനയിൽ ആയിരുന്നു അജിതയും, സ്വന്തം മകൾക്ക് ഇങ്ങനെയൊരു അവസ്ഥയാണല്ലോ വന്നത് എന്ന ഭയമായിരുന്നു അവരെ അലട്ടിയത്..

ഇനി ഒരിക്കൽ കൂടി അവനിവിടെ വന്നാൽ അവൻ പറഞ്ഞതുപോലെ വല്ലതും ചെയ്യുകയാണെങ്കിൽ കൂട്ടമരണം അല്ലാതെ മറ്റൊന്നും തങ്ങളുടെ മുൻപിൽ ഇല്ലെന്ന് അവർ ചിന്തിക്കുകയായിരുന്നു, കുളികഴിഞ്ഞ് അടുക്കളയിലേക്ക് എത്തിയ ശ്രുതി കാണുന്നത് വേദനയോടെ നിൽക്കുന്ന അമ്മയാണ്, അമ്മയുടെ സങ്കടത്തിനു കാരണം എന്താണെന്ന് ഉറപ്പുണ്ടായിരുന്നു, തന്റെ ഉള്ളിലെ വേദന മാറ്റിവെച്ച് അവൾ അമ്മയോട് സംസാരിച്ചത്... "ഹലോ...! എന്താ ഇങ്ങനെ തന്നെ നിക്കണേ, എത്ര നേരം കൊണ്ട് പറയുന്നു എനിക്ക് വിശക്കുന്നു വല്ലതും കഴിക്കാൻ തരാൻ... ഓർമകളിൽ നിന്ന് ഞെട്ടി അവളെ നോക്കി അജിത. " വൈകിട്ട് ഓട്ടട ഉണ്ടാക്കിയിരുന്നു, അത് തരട്ടെ.... അല്ലെങ്കിൽ ഇപ്പോൾ തന്നെ ചോറ് തരാം, പയറു തോരൻ ഒന്ന് വെന്ത് കിട്ടിയാൽ മതി, കുറച്ചു നേരം ഇരിക്ക്... " വേണ്ട, ഓട്ടട മതി. കുറച്ചു കടുകാപ്പി ഇട്, അതാണ് അതിന്റെ ഒരു രുചി... അതും പറഞ്ഞ് അവൾ പാത്രത്തിൽ നിന്നും അടയും എടുത്തു ഉമ്മറത്തേക്ക് പോയിരുന്നു, ദുഃഖങ്ങൾ മറക്കാൻ ഉള്ളതാണ് അവളുടെ ഈ ഊർജം എന്ന് നന്നായി തന്നെ അജിതയ്ക്ക് അറിയാമായിരുന്നു.... ഒന്നും മിണ്ടാതെ അജിത അല്പം കാപ്പി ഇടാനുള്ള തിരക്കിലായി, ബാഗിൽ ഇരിക്കുന്ന തന്റെ സർട്ടിഫിക്കറ്റുകളെക്കുറിച്ച് ആ നിമിഷമാണ് അവൾ ഓർത്തത്....

പ്ലേറ്റ് ഉമ്മറത്ത് വെച്ച് അവൾ ബാഗിനുള്ളിൽ നിന്നും സർട്ടിഫിക്കറ്റുകൾ ഭദ്രമായി അലമാരയിലേക്ക് വെക്കുവാനായി അകത്തേക്കോടി.. കൊണ്ടുവന്ന ബാഗ് തുറന്നപ്പോൾ ആദ്യം ബാഗിൽ നിന്നും പുറത്തേക്ക് വന്നത് 2000 ത്തിന്റെ കുറച്ചു നോട്ടുകൾ ആയിരുന്നു... ഒരു നിമിഷം അവൾ ഒന്ന് പതറി പോയിരുന്നു, ഈ കാശ് എങ്ങനെ ബാഗിൽ വന്നു എന്ന് ചിന്തിച്ചു... ഒരുപാട് സമയമൊന്നും അവൾക്കത് ചിന്തിക്കേണ്ടി വന്നില്ല, അവൻ നൽകിയത് ആയിരിക്കും എന്ന് അവൾക്ക് തോന്നി.. തന്റെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കണ്ട് നൽകിയത് ആയിരിക്കും... അവൾക്കെന്തോ അഭിമാനക്ഷതം പോലെ തോന്നി, ഭിക്ഷ വാങ്ങുന്നതുപോലെ... വല്ലാത്ത ദേഷ്യവും സങ്കടവും ആണ് അവൾക്ക് തോന്നിയത്, താൻ വല്ലാതെ കൊച്ച് ആവുന്നത് പോലെ... അയാളുടെ കമ്പനിയിലേക്ക് താൻ ചേർന്നത് ഒരു ജോലിക്ക് വേണ്ടിയാണ്, അല്ലാതെ ഭിക്ഷ വാങ്ങാനല്ല, അവൾക്ക് വല്ലാത്ത ദേഷ്യം തോന്നി.... എങ്ങനെയെങ്കിലും ഒന്ന് രാവു പുലരണമെന്നേ ഉണ്ടായിരുന്നുള്ളു അവൾക്ക്, അവന്റെ മുഖത്തേക്ക് കൊണ്ട് ഈ പണം എറിഞ്ഞു കൊടുക്കണം, പണത്തിനും മുകളിലാണ് ആത്മാഭിമാനം എന്ന് പറയണം, അങ്ങനെയൊരു ചിന്തയിലായിരുന്നു ശ്രുതി... അജിത വിളിച്ചപ്പോഴാണ് അവൾക്ക് ബോധമുണ്ടായത്, പെട്ടെന്ന് പണം ബാഗിലേക്ക് തന്നെ വെച്ചതിനു ശേഷം അവർ പുറത്തേക്കു പോയി. കാപ്പിയും അടയും കഴിച്ചു, പിറ്റേന്ന് കൂടി അവധി എടുക്കുന്ന കാര്യം അവർക്ക് ചിന്തിക്കാൻ പറ്റുന്നതായിരുന്നില്ല...

എങ്കിലും ഉച്ചയ്ക്ക് കമ്പനിയിൽ എത്തുമെന്ന് എന്ന് വിളിച്ച് അറിയിച്ചതിനു ശേഷം അവൾ വീണ്ടും ഓഫീസിലേക്കുള്ള ബസിൽ തന്നെയാണ് കയറിയത്... ഓഫീസിലേക്ക് കയറി വരുമ്പോൾ ഇത്തവണ അവൾക്ക് കാലുകൾ വിറച്ചിരുന്നില്ല.... ആത്മാഭിമാനം വ്രണപ്പെടുത്തിയവരോടുള്ള ദേഷ്യം മാത്രമായിരുന്നു ആ നിമിഷം അവളുടെ മനസ്സിൽ ഉണ്ടായിരുന്നത്.... പടിക്കെട്ടുകൾ ഓരോന്നും കയറി റിസപ്ഷന് മുൻപിൽ എത്തിയപ്പോൾ വീണ്ടും ശരീരത്തിലേക്ക് വിറയൽ പൂർവാധികം ശക്തിയോടെ എത്തുന്നത് അവൾ അറിഞ്ഞു, റിസപ്ഷനിൽ ഇരുന്ന പെൺകുട്ടി വളരെ പെട്ടെന്ന് തന്നെ അവളെ തിരിച്ചറിഞ്ഞു, എങ്കിലും ധൈര്യം വീണ്ടെടുത്ത് അവൾ ആ പെൺകുട്ടിക്ക് അരികിലേക്ക് ചെന്നു... " സാർ ഉണ്ടോ..? " ആ ഉണ്ട്.. " അപ്പൊയ്‌മന്റ് എടുത്തിട്ടില്ല, പക്ഷെ കണ്ടേ പറ്റു, ഇന്നലെ വന്ന ശ്രുതി വന്നു എന്ന് പറഞ്ഞാൽ മതി... ധൈര്യത്തോടെ ഉള്ള അവളുടെ സംസാരം കേട്ട് പെട്ടെന്ന് തന്നെ പെൺകുട്ടി ഫോണെടുത്ത് അവനെ വിളിച്ചു.. ഇന്നലെ വന്ന ആളു തന്നെയാണ് എന്ന് പറഞ്ഞപ്പോൾ കയറ്റി വിടാൻ ഉള്ള അനുമതിയായിരുന്നു സഞ്ജയ് നൽകിയത്.... " അകത്തേക്ക് ചെന്നോളൂ... സാറ് ചെല്ലാൻ പറഞ്ഞു പെട്ടെന്ന് ഒരു അമ്പരപ്പ് തോന്നിയെങ്കിലും ധൈര്യപൂർവ്വം അവൾ ക്യാബിനിലേക്ക് നടന്നു.......കാത്തിരിക്കോ.. ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story