നിന്നിലായ്: ഭാഗം 19

ninnilay

എഴുത്തുകാരി: നിഹ

""ഒത്തിരി വേദനിച്ചോ മോളെ..? "" ""കുറച്ച്.. "" കൈ കൊണ്ട് കുറച്ച് എന്ന് കാണിച്ചു കൊണ്ട് സേറ ഇളിച്ചു.. ""നിനക്ക് എല്ലാം തമാശയാ.. ഉരുകിയത് ഞാനും.. കോണിപ്പടി ഒക്കെ നോക്കി കയറേണ്ട മോളെ.. "" ട്രീസയുടെ പറച്ചിൽ കേട്ട് സേറ ഒന്ന് ഇളിച്ചു.. ""ഞാൻ നോക്കി തന്നെയാ കയറിയെ.. അവിടെ വെള്ളം ഉണ്ടായിരുന്നു. അതിൽ വഴുക്കി വീണതാ.."" സമർത്ഥമായി അവരെ മുഖത്തു നോക്കാതെ അവൾ കള്ളം തട്ടിവിട്ടതും ട്രീസ ഒന്നും മിണ്ടാതെ അവിടെ ഇരുന്നു.. ""ഐശ്.. ഇങ്ങനെ കരയാൻ മാത്രം ഒന്നും ഇല്ലല്ലോ ട്രീസെ.. ദേ നോക്ക് ഞാൻ നല്ല ബോൾഡ് ആയിട്ട് ഇരിക്കുന്നു..ആ കണ്ണ് ഒന്ന് തുടച്ചെ.. "" അവളെ പറച്ചിൽ കേട്ട് ട്രീസ നിറഞ്ഞ കണ്ണുകളോടെ തല ഉയർത്തി നോക്കി.. അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കണ്ണ് തുടച്ചു.. _____❤️ ഇന്നേക്ക് സേറ ഹോസ്പിറ്റലിൽ ആയിട്ട് മൂന്ന് ദിവസം പിന്നിട്ടു . തലയിലെ മുറിവ് ശെരിക്ക് അങ്ങ് ഉണങ്ങിയിട്ട് ഇല്ലേലും അവളെ വാശി പ്രകാരം ഇന്ന് തന്നേ ഡിസ്ചാർജ് വാങ്ങി.. ബാഗ് എല്ലാം പാക്ക് ചെയ്ത് കൊണ്ട് ഹോസ്പിറ്റൽ ഫോര്മാലിറ്റിസ് എല്ലാം കഴിഞ്ഞു ജോയൽ ആ ബാഗും എടുത്തു പുറത്തേക്ക് നടന്നു.. കഴിഞ്ഞ മൂന്ന് ദിവസവും ട്രീസയും ജോയും തന്നേ ആയിരുന്നു ഹോസ്പിറ്റലിൽ..

ഡേവിഡ് അവിടെ തമ്പടിക്കാൻ ശ്രമിച്ചു എങ്കിലും ഞങ്ങൾ ഒക്കെ ഇവിടെ ഇല്ലേ എന്നും പറഞ്ഞു ജോ അവരെ നിർബന്ധിച്ചു അയച്ചു.. നേരത്തിനു ഉള്ള ഭക്ഷണവും ആയിട്ട് ജോയൽ കയറി വരും.. കുറച്ചു നേരം സേറയേ ഇട്ട് ചൊറിഞ്ഞും ജോയേ ഇട്ട് മാന്തിയും വെറുപ്പിച്ചു കൊണ്ട് അങ്ങ് മുങ്ങും.. സേറയുടെ കൈ പിടിച്ചു കൊണ്ട് ട്രീസ പുറത്തേക്ക് ഇറങ്ങി. പിറകെ തന്നേ ജോയും.. ബാഗ് എല്ലാം ജോയൽ കൊണ്ട് പോയത് കൊണ്ട് അവർക്ക് പ്രത്യേകിച്ച് ഒന്നും എടുക്കാൻ ഉണ്ടായിരുന്നില്ല.. പതിയെ നടന്നു പോവുന്ന സേറയുടെ കൈകളിൽ തന്റെ കൈ ചേർത്തു നടക്കാൻ ജോയുടെ ഉളളം കൊതിച്ചു എങ്കിലും ട്രീസ ഉള്ളത് കൊണ്ട് അവൻ അവർക്ക് പിറകെ തന്നേ നടന്നു.. ഹോസ്പിറ്റലിന് പുറത്ത് എത്തിയതും മുന്നിൽ കൊണ്ട് വന്നു നിർത്തിയ കാറിലേക്ക് സേറ കയറി ഇരുന്നു.. അവളെ കൂടേ തന്നേ ട്രീസയും.. ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന ജോയലിനെ ഒന്ന് നോക്കി കൊണ്ട് ജോ കോ-ഡ്രൈവർ സീറ്റിൽ കയറി ഇരുന്ന് സീറ്റ് ബെൽറ്റ്‌ ധരിച്ചു.. എല്ലാവരെയും ഒന്ന് നോക്കി കൊണ്ട് ജോയൽ വണ്ടി മുന്നോട്ട് എടുത്തു..

അവരുടെ കാർ ഹോസ്പിറ്റൽ കോമ്പൗണ്ട് കടന്നു മുന്നോട്ട് പാഞ്ഞു.. പിന്നിലേക്ക് മറഞ്ഞു പോകുന്ന ഓരോ കാഴ്ച്ചകളിലും സേറ ആനന്ദം കണ്ടെത്തി.. കുറച്ചു ദിവസങ്ങൾക്കുള്ളിൽ പോലും കൂട്ടിൽ അടചിട്ട പക്ഷിയേ തുറന്നു വിട്ട ആഹ്ലാദം ആയിരുന്നു സേറയിൽ..പാതി തുറന്ന ഗ്ലാസ്സിലേക്ക് കവിൾ ചേർത്തു കൊണ്ട് അവൾ ഓരോ കാഴ്ചകളിലും മുഴുകി.. അവളെ വരണ്ട അധരങ്ങളിൽ ഒരു കുഞ്ഞ് പുഞ്ചിരി വിടർന്നു.. ക്ഷീണം ബാധിച്ച കണ്ണുകളിൽ പറഞ്ഞറിയിക്കാൻ ആവാത്ത സന്തോഷം അലയടിച്ചു.. ആ വിടർന്ന ഉണ്ടമിഴികൾ തിളങ്ങി.. അവളെ മുഖത്തെ ഓരോ ഭാവവും സൈഡ് മിററിലൂടെ ഒപ്പിയെടുത്ത ജോയിലും ഒരു ചിരി വിടർന്നു.. ഒരിക്കലും കെട്ട് അടങ്ങാത്ത ഭ്രാന്തമായ തന്റെ പ്രണയത്തിന് വേണ്ടി.. കണ്ണിലെ കൃഷ്ണമണി പോൽ കാത്തു സൂക്ഷിച്ച തന്റെ പ്രാണന് വേണ്ടി... 💔 _______

കാർ വീട്ടിൽ വന്നു നിർത്തിയതും സേറ അവളെ വീട് കണ്ട് ചാടി ഇറങ്ങി.. ""സൂക്ഷിച്.. "" അവളെ ചാട്ടം കണ്ട ജോ കണ്ണുരുട്ടി പേടിപ്പിച്ചു കൊണ്ട് പറഞ്ഞു.. അവനെ നോക്കി പല്ല് മുഴുവൻ കാണിച്ചു ഇളിച്ചോണ്ട് അവൾ ഉമ്മറത്തേക്ക് കയറി.. ""ഇച്ചേയി എപ്പോ വന്നു.. "" കയറിയ പാടെ അകത്ത്‌ നിന്നും പൂമുഖത്തേക്ക് വന്ന ജുവലിനെ(ജൂഹി)കണ്ട് തെല്ലൊരു അമ്പരപ്പോടെ സേറ ചോദിച്ചു.. അവളെ ചോദ്യം കേട്ട് ജൂഹി ചെറു ചിരിയോടെ അവളിലേക്ക് നടന്നു.. ""നീ സ്റ്റെയറിൽ നിന്ന് വീണു എന്ന് അറിഞ്ഞപ്പോൾ തന്നേ ഞാൻ ഇവിടെ എത്തിയിരുന്നു സാറപെണ്ണെ.. "" അവളെ കൈകളിൽ പിടിച്ചു അകത്തേക്ക് കയറ്റി കൊണ്ട് ജൂഹി മറുപടി പറഞ്ഞു. ""എന്നിട്ട് എന്തെ എന്നേ കാണാൻ വരാത്തത്.. ഒന്ന് പറഞ്ഞത് പോലും ഇല്ലാലോ ആരും .. "" കുഞ്ഞ് പരിഭവം പോൽ ചുണ്ട് ഒന്ന് പിളർത്തി വെച്ചു സേറ പറഞ്ഞു.. ""നീ നൗറ മോളെ കണ്ടാൽ അടങ്ങി ഇരിക്കത്തില്ലെന്നു പറഞ്ഞു ജോയാ അങ്ങോട്ട് വരാൻ നിന്ന എന്നേ തടഞ്ഞത്.."" ജൂഹിയുടെ പറച്ചിൽ കേട്ട് സേറ ജോയേ നോക്കി കണ്ണുരുട്ടി .

അവളെ നോട്ടം കണ്ട് ഒന്ന് പുച്ഛിച്ചു തള്ളി കൊണ്ട് ജോ സെറ്റിയിൽ സ്ഥാനം പിടിച്ചു.. ""എന്നിട്ട് പുള്ളിക്കാരി എവിടെ.. "" നൗറയേ കാണാൻ ഉള്ള ആകാംഷ മൂത്ത് സേറ ചോദിച്ചു ""ഇത്ര നേരം ആയിട്ടും നിന്നെ കാണുന്നില്ലാന്നു പറഞ്ഞു പിണങ്ങി ഇരിപ്പുണ്ട്. അപ്പുറത്ത് എങ്ങാനും കാണും.."" ഒന്ന് കുലുങ്ങി ചിരിച്ചു കൊണ്ട് ജൂഹി പറഞ്ഞു നിർത്തിയതും സേറ വേഗത്തിൽ പിന്നാംപുറത്തേക്കു നടന്നു.. അവിടെ ഉള്ള ഒരു കല്ലിൽ ചുണ്ടും കൂർപ്പിച്ചു വെച്ചു നെഞ്ചിൽ കൈകൾ പിണച്ചു വെച്ചു കുറുമ്പൊടെ ഇരിക്കുന്ന നൗറയേ കണ്ട് സേറയുടെ മിഴികൾ തിളങ്ങി.. ശബ്ദം ഉണ്ടാക്കാതെ അവളെ പിന്നിൽ പോയി നിന്നു കൊണ്ട് കുഞ്ഞിനെ വാരി എടുത്തതും ഒന്ന് ഞെട്ടി പിടഞ്ഞ കുഞ്ഞ് സേറയാണെന്ന് മനസ്സിൽ ആയതും ചുണ്ട് കൂർപ്പിച്ചു.. സേറയേ തന്നേ തുറിച്ചു നോക്കുന്ന നൗറയേ നോക്കി സേറ കണ്ണ് ഇറുക്കി കൊണ്ട് നൗറയുടെ വയറിൽ ഇക്കിളി ഇട്ടു.. അത് വരെ മോന്തേം വീർപ്പിച്ചു എയർ പിടിച്ചു നിന്നിരുന്ന നൗറ ഒരു പൊട്ടിചിരിയോടെ സേറയുടെ തോളിലേക്ക് ചാഞ്ഞു.. അവൾ തോളിലേക്ക് ചാഞ്ഞതും തലയിലെ സ്റ്റിച് ഇട്ട മുറിവ് ചെറുതായി ഒന്ന് വേദനിച്ചു..

കണ്ണ് അടച്ചു പിടിച്ചു കൊണ്ട് വേദനയേ കടിച്ചമർത്തി.. അവളേം കൊണ്ട് ഒരു കുഞ്ഞ് ചിരിയോടെ സേറ അകത്തേക്ക് നടന്നു.. _____❤️ ""നീ നാട്ടിൽ വന്നിട്ട് എന്നതാടാ എന്റെ അടുത്തേക്ക് വരാത്തത്. ഹേ.. പെങ്ങളെ ഒക്കെ മറന്നോ.. "" സെറ്റിയിൽ ചാഞ്ഞിരിക്കുന്ന ജോയുടെ അരികിലായ് ഇരുന്നു കൊണ്ട് ജൂഹി പരാതി കെട്ട് അഴിച്ചു.. ""ഈ പറഞ്ഞ പെങ്ങൾക്കും ആങ്ങളയേ കാണാൻ ഒക്കെ വരാം.. ഓ നിന്റെ കെട്ടിയോൻ സിറിൽ വിടുന്നുണ്ടാവത്തില്ല അല്യോ.. "" ഒരു പ്രത്യേക ഈണത്തിൽ പുരികം ഒന്ന് പൊക്കി താഴ്ത്തി കൊണ്ട് ജോ ചോദിച്ചതും ജൂഹി ഇളിച്ചു കാണിച്ചു.. ""നിനക്ക് അറിയാലോ തിരുവല്ലയിൽ നിന്ന് ഇങ്ങോട്ട് എത്താൻ ഉള്ള പാട്.. "" ""എടി.. എടി വിളചിൽ എടുക്കല്ലേ മോളെ.. മൂക്ക് അടിച്ചു പരത്തും ഞാൻ.. പറഞ്ഞില്ലെന്ന് വേണ്ടാ...ഞാൻ വന്നിട്ട് ആഴ്ച്ചകൾ കഴിഞ്ഞു.. എന്നിട്ട് നിനക്ക് ഒന്ന് വിളിച്ചു നോക്കാൻ എങ്കിലും തോന്നിയോ.. "" കൈ മുഷ്ടി ചുരുട്ടി വെച്ചു കൊണ്ട് ജോ പറഞ്ഞു.. അവനെ നോക്കി ജൂഹി ഇളിച്ചു കൊണ്ട് അവിടെ നിന്നും വലിഞ്ഞു..

അവളെ പോക്ക് നോക്കി നിന്ന ജോയുടെ ചൊടികൾ വിടർന്നു.. 'ജുവൽ.. എല്ലാവരുടെയും ജൂഹി..തന്നെക്കാൾ രണ്ട് വയസ്സിനു ഇളപ്പം.. പഠിക്കാൻ വേണ്ടി അങ്ങ് തൃശൂർ പോയപ്പോൾ അവിടുന്ന് ഒരുത്തനെ അങ്ങ് വളച്ചു.. സിറിൽ.. നല്ല ഒന്നാന്തരം തിരുവല്ലക്കാരൻ അച്ചായൻ.. പ്രേമിക്കുന്നതിൽ വല്യ കുഴപ്പം ഒന്നും ഇല്ലാത്തത് കൊണ്ടും സിറിലിന്റെ പെർഫോമൻസ് കൊണ്ടും സക്കറിയ അങ്ങ് സമ്മതിച്ചു.. ഇപ്പൊ കെട്ടി ഒക്കത്ത് ഒരു ട്രോഫിയും ഉണ്ട്.. നൗറ.. സേറ വീണു എന്ന് അറിഞ്ഞപ്പോൾ തന്നേ പുള്ളിക്കാരി കെട്ടും മാറാപ്പുമായി ഇവിടെ എത്തി.. സേറ എന്ന് വെച്ചാൽ ജീവൻ ആണ്.. തിരിച്ചും അങ്ങനെ തന്നേ. ' ലവളെ പോക്ക് നോക്കി നിന്ന ജോ ഓരോന്നും ഓർത്തു കൊണ്ട് സെറ്റിയിൽ നീണ്ടു നിവർന്നു കിടന്നു... _____❤️ ""Where is my crime partner? "" അകത്തേക്ക് കയറി വന്ന പാടെ ജൂഹിയേ കണ്ട് ജോയൽ ചോദിച്ചു.. ""ടാ.. അവളെ ചോദിക്കുന്നത് ഒക്കെ കൊള്ളാം.. കൊച്ചിനെ എങ്ങാനും വെറുപ്പിച്ചാൽ നിന്റെ ചന്തിക്ക് സീൽ വെക്കും ഞാൻ..അല്ലേലെ പെണ്ണിന് ഇച്ചിരി കുറുമ്പും വാശിയും കൂടുതൽ ആണ്.. "" ""ഓ ഭ്രാന്തി പെണ്ണിന്റെ സ്വഭാവം ഇപ്പോഴും മാറിയില്ലേ..ഹോ എന്റെ മുടിയുടെ കാര്യത്തിൽ തീരുമാനം ആയി..

"" സ്വന്തം മുടിയിൽ ഒന്ന് തൊട്ടു തലോടി കൊണ്ട് ജോയൽ സങ്കടത്തോടെ പറഞ്ഞു.. ""ഭ്രാന്തി പെണ്ണ് നിന്റെ മറ്റവൾ മീനാക്ഷി.. പോടാ പട്ടി ജോയലേ.. "" അവന്റെ ചോദ്യത്തിനു ഉരുളയ്ക്ക് ഉപ്പേരി കണക്കെ നൗറയിൽ നിന്ന് മറുപടി വന്നതും ജോയൽ നാക്ക് കടിച്ചു കൊണ്ട് സേറയുടെ അരയിൽ ഇരുന്ന നൗറയേ നോക്കി.... ശേഷം മെല്ലെ ഒളികണ്ണ് ഇട്ട് ജൂഹിയെയും.. പുള്ളിക്കാരി ഈ ലോകത്ത് ഒന്നും അല്ലെന്ന് മനസ്സിൽ ആയതും അവൻ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു.. ""കുട്ടിപിശാശ്.. "" വാ പൊത്തി പിടിച്ചു ചിരിക്കുന്ന സേറയേയും നൗറയെയും നോക്കി പല്ല് കടിച്ചോണ്ടു പിറുപിറുത്തു.. ""നിന്റെ വിത്ത് അല്ലെ.. ഇങ്ങനെ ഒക്കെയേ കാണൂ😏.. "" ജൂഹിയേ നോക്കി അതും പറഞ്ഞു കൊണ്ട് ജോയൽ അകത്തേക്ക് കയറി പോയി.. അവന്റെ പറച്ചിൽ കേട്ട് അത് വരെ സ്വപ്നം കണ്ട് നിന്ന ജൂഹി വായേം പൊളിച്ചു നോക്കി.. അവന്റെ പോക്ക് നോക്കി നിന്ന സേറയും നൗറയും ഒന്ന് കുലുങ്ങി ചിരിച്ചു കൊണ്ട് ജോ കിടക്കുന്ന സെറ്റിയുടെ തൊട്ടടുത്ത സെറ്റിയിൽ സ്ഥാനം പിടിച്ചു.. നൗറയേ മടിയിലായി ഇരുത്തി കൊണ്ട് സേറ ജോയേ ഇടംകണ്ണിട്ട് നോക്കി..

അവൻ അവരെ രണ്ടു പേരിലേക്കും ദൃഷ്ടി ഊന്നി കൊണ്ട് കിടന്നു..അവന്റെ നോട്ടം തങ്ങളിൽ ആണെന്ന് അറിയവേ സേറ പിടപ്പോടെ മിഴികൾ പിൻവലിച്ചു.. സേറയുടെ മടിയിൽ ഇരുന്നു അവളെ നെഞ്ചിൽ തല ചായ്ച്ചു കൊണ്ട് നൗറ ജോയേ തന്നേ ഉറ്റു നോക്കി.. നൗറയിൽ സംശയത്തിന്റെ വിത്ത് പാകിയിരുന്നു.. ""ഇത് ആരാ സാറപെണ്ണെ.. "" ജോയിലേക്ക് അവളെ കുഞ്ഞി കൈകൾ ചൂണ്ടി കൊണ്ട് നൗറ ചോദിച്ചതും ജോ ജൂഹിയേ നോക്കി പല്ല് കടിച്ചു..സേറ ആണേൽ പൊട്ടി വരുന്ന ചിരിയേ അടക്കി കൊണ്ട് ചുണ്ട് കടിച്ചു പിടിച്ചു ഇരുന്നു . ""എന്നാതിനാടാ നീ എന്നേ നോക്കി പേടിപ്പിക്കുന്നെ..കൊച്ചിന്റെ സംശയം ന്യായം ആണ്.. അഞ്ചേട്ടു വർഷം നീ ലണ്ടനിൽ ആയിരുന്നെല്ലോ..വല്ലപ്പോഴും അല്ലെ വന്നിരുന്നത്.. എന്റെ കൊച്ചിന് നിന്നെ ഒന്ന് കണ്ടതായിട്ട് പോലും ഓർമ ഉണ്ടാവില്ല.. "" ""എന്ന് വെച്ചു ഫോട്ടോ എങ്കിലും കാണിച്ചു കൊടുക്കണ്ടേ.. "" ജൂഹിയുടെ കാര്യം പറച്ചിൽ ഒന്നും ഒട്ടും ഗൗനിക്കാതെ ജോ തന്റെ പക്ഷവാദം പിടിച്ചു.. ""സാറപെണ്ണെ.. അപ്പൊ ഇവൻ എന്റെ ആരായിട്ട് വരും.. "" ജോയിലേക്ക് കൈ ചൂണ്ടി കൊണ്ട് നൗറ വീണ്ടും തന്റെ സംശയം ഉന്നയിച്ചതും അവളെ ഇവൻ എന്നുള്ള അഭിസംബോധന ഒട്ടും ഇഷ്ട്ടപ്പെടാതിരുന്ന ജോ ജൂഹിയേ നോക്കി കണ്ണുരുട്ടി.. അവന്റെ നോട്ടം കണ്ട് ജൂഹി പല്ല് മുഴുക്കെ കാണിച്ചു വളിഞ്ഞ ചിരി ചിരിച്ചു.. ""നിന്റെ അങ്കിൾ ആയിട്ട് വരും കുഞ്ഞി.. "" അവളെ ചോദ്യത്തിനു മറുപടി എന്നോണം സേറ പറഞ്ഞു.. എങ്കിലും ആ കുഞ്ഞിന്റെ ഉള്ളിലെ സംശയം തീർന്നില്ല.. അവൾ വീണ്ടും ഒരു ചോദ്യം കൂടേ ഉന്നയിച്ചു... ""അപ്പൊ സേറപെണ്ണിനോ? ""...(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story