നിഴലാഗ്നി: ഭാഗം 14

nizhalagni

രചന: Mp Nou

ആ അമ്മയുടെ അധരം വിറ കൊണ്ടു.. കണ്ണുകൾ കടലായി.. പരിഭവത്തിന്റെ, സങ്കടത്തിന്റെ, ദുഃഖത്തിന്റെ, നിരാശയുടെ മുഖങ്ങളോരോന്നും ആ കടലിൽ നീർതുള്ളിയായി... ഒലിച്ച്.. ഒലിച്ച്.. ഇരു കവിളിലും ഒന്നിന് മേൽ ഒന്നായി നിയന്ത്രണമില്ലാതെ വീണുടഞ്ഞു... നാലഞ്ച് നിമിഷങ്ങളോളം ആ നിൽപ് തുടർന്നപ്പോൾ വൃദ്ധ വിഷമത്തോടെ അമ്പിളിയെ നോക്കി.. ""എന്താ മോളെ..."" അവർ പരിഭ്രമിച്ചു.. അപ്പോഴും തന്റെ കൊച്ചുമകനെ ആ വൃദ്ധ തിരിച്ചറിഞ്ഞില്ല.. യാദവ് പൂമുഖത്തേക്ക് കയറാൻ, നീളൻ പടികളൊന്നിൽ ചവിട്ടവെ, അവനു മുമ്പിൽ വാതിൽ കൊട്ടിയടച്ചിരുന്നു... ഒരു മാത്ര പതറിപോയ അവന്റെ മനസ്സും ഉടലും, പിന്നീട് അദൃശ്യമായ മുറിവിന്റെ വേദന കൊണ്ട് വേവുന്ന പോലെ.. എങ്കിലും, സ്വയമെന്തൊക്കെയോ ചിന്തിച്ചവൻ അടഞ്ഞിട്ട വാതിലിൽ ചാരി നിന്നു... തൊട്ടപ്പുറത്ത് തന്നെ നിഴൽ പോലെ ആ അമ്മയും നിൽക്കുന്നുണ്ടായിരുന്നു... ഇരു ഹൃദയവും മണി തീർത്തും അഴിഞ്ഞു പോയ ചിലങ്ക പോലെ നിശബ്ദമായി തേങ്ങുകയായിരുന്നു... 'അമ്മയല്ലേ... ആ സാമീപ്യം, ആ നിശ്വാസം അറിയാതിരിക്കുമോ...?'

അടുക്കി വെച്ച നിശബ്ദത മുറിഞ്, ആ അമ്മയുടെ തേങ്ങൽ പതിയെയൊന്നുയർന്നു... ഒരു വട്ടം ഒരേ ഒരു വട്ടം മാത്രമേ ഉയർന്നിട്ടുണ്ടായിരുന്നുള്ളു.. വളരെ പതിയെ.. ""അമ്മേ...."" കതകിൽ പുറം ചാരി നിന്നവൻ, തിരിഞ്ഞ്, കതകിൽ മുഖം ചേർത്ത് വർഷങ്ങൾക്കിപ്പുറം വളരെയേറെ മനപ്രയാസത്തോടെ വിളിച്ചു... അത് മതിയായിരുന്നു.... അത് മാത്രമേ വേണ്ടിയിരുന്നുള്ളു ആ അമ്മയ്ക്ക്... നിലവിട്ട് പൊട്ടി... പൊട്ടി കരഞ്ഞു പോയ ആ പാവം സ്ത്രീ ധൃതിപെട്ട് വാതിൽ വലിച്ചു തുറന്നു.. ഒന്ന് മിണ്ടാൻ പോലും ത്രാണി നഷ്ടപ്പെട്ടയവർ തന്റെ മകന്റെ നെഞ്ചിലേക്ക് പിടഞ്ഞു വീണു... ""മാപ്പ്... മാപ്പ്... എന്നോട് ക്ഷമിക്കെടാ.."" സ്വബോധം നഷ്ടപെട്ടപോലെ അവർ പുലമ്പി കൊണ്ടിരുന്നു...'ഇനി ഇട്ട് പോവല്ലേ എന്നപോലെ 'യാദവ് അപ്പോയെല്ലാം മിഴി നിറച്ച് അവരെ ചുറ്റി പിടിച്ചിരുന്നു... ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ശങ്കരൻ, അത് നിർത്തി, ഹാളിലേക്ക് വന്നപ്പോൾ കണ്ട കാഴ്ചയിൽ തെല്ലൊന്നുമല്ല അമ്പരന്നത്.. അമ്പരപ്പ് പിന്നീട് വ്യസനത്തോടെ മിഴി നിറച്ച് നിൽക്കുന്നയാളിലേക്ക് വഴിമാറി..

അപ്പോഴും ഒരുപാട് വർഷത്തെ പഴക്കമുള്ള പുഞ്ചിരി പുതുമയോടെ അയാളുടെ ചുണ്ടിൽ ദൃശ്യമായിരുന്നു.... അടുത്തെത്തിയപ്പോൾ തിരിച്ചറിഞ്ഞതെ ഉണ്ടായിരുന്നുള്ളു തന്റെ കൊച്ചു മകനെ ആ വൃദ്ധ.. സ്തംഭിച്ച് നിന്ന അവർ തൊട്ടടുത്ത കസേരയിലേക്ക് കുഴഞ്ഞിരുന്നു പോയി... ഒരുപാട് വർഷം പിന്നിട്ട് തിരികെയെത്താനുണ്ടായിരുന്നു ആ അമ്മയ്ക്കും മകനും, വഴി മാറി ശങ്കരൻ കൈ പോലും കഴിക്കാതെ മുകളിലേക്ക് കയറി പോയി... അമ്മയും, മകനും എത്ര നേരം ആ നിൽപ്പ് നിന്നെന്ന് അറിയില്ല... യാദവിന്റെ മിഴിയും ആ അമ്മയെ പോലെ കടലായിരുന്നു.. കണ്ണിൽ കാണുന്നയിടങ്ങളിൽ നിന്നെല്ലാം മുഷ്ടി ചുരുട്ടി ദേശിച് വഴി മാറി പോയവനാണ്.. കൊല്ലങ്ങൾ പഴകിയിട്ടും പഴയതിനേക്കാൾ ഉറച്ചു നിന്നിട്ടെ ഉണ്ടായിരുന്നു അവന്റെ ദേഷ്യം, താൻ എത്ര എത്ര നല്ല നിമിഷങ്ങൾ നഷ്ടപ്പെടുത്തി... ആ മടിയിൽ മതിവരുവോളം തല ചായ്ച്ചുറങ്ങാൻ കൊതിച്ചിരുന്നില്ലേ..? പല സന്ദർഭങ്ങളിലും വാരി പൊതിഞ്ഞ ചുംബനങ്ങൾ ആഗ്രഹിച്ചിരുന്നില്ലേ...? ഒരുരുള ചോറ് വാത്സല്യത്തോടെ വായക്കകത്തേക്ക് വെച്ച് തന്നിരുന്നെങ്കിലെന്ന് ആശിച്ചതിന് നിമിഷങ്ങളുടെ കണക്ക് പറയാനാകുമോ...?

എല്ലാം തന്റെ തെറ്റാണ്, വാല് പോലെ പിറകെ വന്നിട്ടും നിഷ്കരുണം വെട്ടി മാറ്റാൻ മാത്രമേ തന്നെകൊണ്ട് കഴിഞ്ഞിട്ടുള്ളൂ... ഒരു നിമിഷമെങ്കിലും ആ അമ്മയുടെ ഭാഗത്ത് നിന്ന് ചിന്തിച്ചിരുന്നെങ്കിൽ...! യാദവിന്റെ നെടുനീളൻ നിരാശ, വിഷമത്തിലവസാനിച്ചതിന്റെ ഒടുവിൽ, അമ്മയുടെ മുഖം ഉയർത്തി.. ""ഞാനല്ലേ... മാപ്പ് പറയേണ്ടത്... ഒരു വട്ടമെങ്കിലും സൂചന തന്നിരുന്നെങ്കിൽ...?"" യാദവ് അവരിൽ നിന്നും വിട്ട് മുന്നിലെ ചതുര തൂണിൽ ചാരി നിന്നു... തുറന്നിട്ട ഗെയ്റ്റിൽ വെറുതെ ദൃഷ്ടി പതിപ്പിച്ച് അങ്ങനെ നിന്നും.. പിറകിൽ നിൽക്കുന്ന അമ്പിളിയുടെ മിഴി തായ്ന്നു.. ഒപ്പം തലയും... ഇരു കവിളും തുടച്ച് സ്വതന്ത്രമാക്കിയിട്ട അവന്റെ കൈയിൽ ചുറ്റി പിടിച്ചു.. പതിയെ പറഞ്ഞു.. ""അദ്ദേഹം... നിനക്ക് എന്നും ഒരു നല്ല അച്ഛനായിരുന്നു... ഞാനില്ലെങ്കിലും നിന്നെ നല്ല പോലെ നോക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.."" അമ്പിളി നിശ്വസിച്ചു.... ""എങ്കിലും അമ്മേ...""അവനെന്തോ പറയാനാഞ്ഞതും അവരവനെ തടഞ്ഞു.. ""ഞാൻ നിന്നോട് തിരികെ ഒരു ചോദ്യം ചോദിക്കട്ടെ..."" ""ഹ്മ്മ്..""

""അന്ന് ഞാൻ നിന്നെ വിളിച്ചിരുന്നെങ്കിൽ അദ്ദേഹത്തെ വിട്ട് നീ വരുമായിരുന്നോ.."" പ്രതീക്ഷിക്കാത്ത ചോദ്യം ആയതിനാലാവാം മറുപടി പറയാൻ അവന് ഏറെ പ്രയാസപ്പെട്ടു.. ഒരു വട്ടം കൂടി ആ ചോദ്യം മനസിലാവർത്തിക്കവേ, യാദവ് നിഷേധാർത്ഥത്തിൽ തലയാട്ടി... അമ്പിളി ഒന്ന് പുഞ്ചിരിച്ചു.., അപ്പോഴും ആ കണ്ണിലെ കലക്ക്വെള്ളം വരണ്ടിരുന്നില്ല... ""അപ്പോൾ ഞാൻ നിന്നെ കൂടെ കൂട്ടാതിരുന്നതല്ലേ ശരി..?"" അതിനവൻ ആണെന്നോ അല്ലെന്നോ പറയാതെ ആ കണ്ണിലേക്കു മാത്രം നോക്കി... ""പക്ഷെ.. നീ ഒരിക്കലും അദ്ദേഹത്തെ വെറുക്കരുത്... അത് നിനക്ക് ജന്മം തന്ന അച്ഛനാണ്.. മറ്റാരേക്കാളും നിന്നെ അദ്ദേഹത്തിന് ജീവനായിരുന്നു.."" ആ അമ്മ കഴിഞ്ഞതൊന്നുമോർക്കാതെ അലിവോടെ പറഞ്ഞു നിർത്തി.. യാദവിന്റെ ഉള്ളും പുറവും നിർവികരമായിരുന്നു ഉപ്പയെ കുറിച് സംസാരിച്ചത് മുതൽ.. ആ സ്ത്രീയുടെ കണ്ണിലെ ദയനീയത അവൻ തിരിച്ചറിയുന്നുണ്ടായിരുന്നു.. ഒരു പക്ഷെ തന്റെ അച്ഛനെ വെറുക്കുമോ എന്ന നേരിയ ഭയമായിരിക്കാം കാരണം..

മറ്റാരേക്കാളും യാദവിന്റെ വെറുപ്പിന്റെ തീവ്രത അറിഞ്ഞ സ്ത്രീയാണല്ലോ അത്...!! ""ആദ്യം ഞാൻ കരുതി അമ്മ പോയ സങ്കടത്തിൽ മാത്രമാണ് ഉപ്പ തളർന്നു പോയതെന്ന്.. കൂടെ തന്നെ കുറ്റബോധവും അലട്ടിയിരുന്നെന്ന സത്യം ആരും അറിയാതെ പോയി.."" അവരതിനൊന്നും പറഞ്ഞില്ല,, മനസ്സിൽ നിഴലിച്ച സങ്കടം മറയ്ക്കാൻ അമ്പിളി പാടു പെടുന്നുണ്ടായിരുന്നു... അതവനും മനസിലാക്കിയിരുന്നു.. ""ഒരു തവണ ഞാൻ ആശുപത്രിയിൽ കാണാൻ വന്നിരുന്നു.."" ഏതോ ചിന്തയിലവരത് പറഞ്ഞപ്പോൾ മിഴി നിറഞ്ഞൊഴുകി.. ഇനിയൊന്നും കൂടുതൽ പറയേണ്ടന്നുറച്ച് അവൻ ആ അമ്മയുടെ കൈ കവർന്നു.. ""ഇനി എന്റെ അമ്മയെ വിട്ട് ഞാനെങ്ങും പോവില്ല...""പറഞ്ഞവസാനിപ്പിക്കുന്നതിന് മുമ്പ് തന്നെ, രണ്ടു പേരും പരസ്പരം നനഞ്ഞ മിഴിയോടെ ആലിംഗബന്ധിതരായിരുന്നു... ""ഇനി നീ പോയാൽ, ന്റെ കുട്ട്യേ ഞാനായിരിക്കും നിന്നെ കൊല്ലണെ.."" മുത്തശ്ശി വാത്സല്യത്തോടെ അടുത്തേക്ക് വന്നു... ചുക്കി ചുളിഞ്ഞ ആ മുഖവും കണ്ണീരുകൊണ്ട് പടവുകൾ തീർത്തിരുന്നു... മൂവരും ഒരുമിച്ച് അത്യാർത്തിയോടെ, പുതുമയോടെ, ഒരുപാട് കൊല്ലങ്ങളുടെപാഴാക്കത്തോടെ വാരി പുണർന്നു... **** ""നീയൊന്ന് വിളിച്ചു നോക്ക്.. അവനെ കാണുന്നില്ലല്ലോ..""റാം ആസ്വസ്ഥനായി..

കുറച്ച് മുൻപേ തന്നെ കാറിന് മുൻവശത്തെത്തിയിരുന്നു വിനുവും റാംമും... ""ഞാൻ ട്രൈ ചെയ്തത കിട്ടുന്നില്ല.."" ഒരു ഗോൾഡ് വിനു റാമിന് നൽകി... പിന്നീടവർ കാറിൽ തലചായ്ച്ചുറങ്ങുന്നവരിലേക്ക് തല ചെരിച്ചു വെറുതെ നോക്കി... ***** യാദവിനെ ഏറെ നേരം കാത്തിരുന്നൊടുവിൽ ഉറങ്ങിപോയവൾ, ഏതോ സ്വപ്നം കണ്ട് ഞെട്ടിയുണർന്നു... റൂമിലെ വെള്ള പ്രകാശം നിറഞ്ഞു കാത്തുകയായിരുന്നു.., അസ്വസ്ഥമാക്കപ്പെട്ട മഞ്ഞ പ്രകാശത്തെ ഒഴിവാക്കിയപ്പോൾ തന്നെ റൂമിനൊരു തെളിച്ചം വന്നിരുന്നു... ആയിഷ അലസതയോടെ ക്ലോക്കിലെ സമയം നോക്കി.. ഒരു മണി കഴിഞ്ഞിരുന്നു.. അവൾ ടെറസിലേക്ക് പാളി നോക്കി.. ശൂന്യമായയിടം കണ്ടപ്പോൾ അവൾക്ക് വല്ലായ്മ തോന്നി.. കൂടെ നേരിയ ഭയവും.., ഇവിടെ നിന്നും പോവുമ്പോൾ ആ മുഖം അണഞ്ഞു കെട്ട നിലവിളക്കിലേക്ക് നോക്കുമ്പോലെ ഇരുണ്ടതും നിരാശയുള്ളതുമായിരുന്നു... അവളോർത്തു.. ഇനിയൊരു പക്ഷെ,അവനിലെ കുറ്റബോധം വല്ലാതെ അലട്ടുന്നുണ്ടാവുമോ...? ഈ പാതിരാത്രി എവിടെ പോയി അന്വേഷിക്കും...

അവളുടെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു.. ഫോണെടുത്ത് എവിടെയാണെന്ന് തിരക്കാമെന്നോർത്തപ്പോൾ, നമ്പർ ഇതുവരെയും അറിയില്ലെന്നവൾ വിഷമത്തോടെ ഓർത്തു... ""ഇനി എന്ത് ചെയ്യും..""അവൾ സ്വയം പിറുപിറുത്തു... സുജാതേച്ചിയെയും കൂട്ടി ഷാപ്പിലൊന്ന് പോയിനോക്കാമെന്ന് വിചാരിച്ച് ഡോറിനടുത്തേക്ക് നടക്കവേ ആയിരുന്നു രണ്ടു മൂന്ന് കൊട്ട് ഡോറിന്നിട്ട് ആരോ പുറത്ത് നിന്ന് തട്ടിയത്... യാദവ് ആണെങ്കിൽ തന്റെ പേര് വിളിക്കുമല്ലോയെന്ന് ശങ്കിച് അവൾ അവിടെ തന്നെ നിലയുറപ്പിച്ചു... ***** അമ്പിളിയുടെ മുഖത്തെ നിരാശ കണ്ടപ്പോൾ യാദവിന് പാവം തോന്നി... ""ഞാൻ പോയി ഉടനെ വരാം.."" ""ഇല്ല ഞാൻ വിടില്ല..""അവർ ഒരേ പിടിവാശിയോടെ അവന്റെ കൈ ഇറുകെ പിടിച്ചു... ""അമ്പിളി... അവനെ വിട്ടേക്ക്.. ഇനി നിനക്കവൻ നഷ്ടമാവുമെന്ന് ഭയം എന്തിനാണ്.."" ശങ്കരൻ സന്തോഷത്തോടെ യാദവിനെ നോക്കി.. വർഷം മുമ്പേ പരിചയമുള്ളത് കൊണ്ട്, അയാളുടെ മുഖത്തേക്ക് നോക്കാൻ അവനെന്തോ മടി തോന്നിയില്ല.. അന്നും ഇന്നും സംസാരത്തിലും ഭാവത്തിലും സൗമ്യനാണ്..

പുറമെയെന്തൊക്കെയോ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നല്ലാതെ.... ""ന്റെ.. മോനെ എനിക്കി കിട്ടിയല്ലേ ഉള്ളു ശങ്കരേട്ടാ... അതിന് മുമ്പേ പോവാണെന്നു പറഞ്ഞാൽ..? കണ്ടും താലോലിച്ചും എനിക്ക് കോതി തീർന്നില്ല..."" ശങ്കരെന്റെ നെഞ്ചിൽ മുഖം പൂഴ്ത്തിയപ്പോഴും യാദവിന്റെ കൈ അമ്പിളി വിട്ടിരുന്നില്ല... പക്ഷെ, യാദവ് വല്ലാതെ അസ്വസ്തനായിരുന്നു... കാരണമില്ലാതെ ഉരുണ്ട് കൂടിയ വിയർപ്പ് കണം അനിഷ്ടങ്ങളെന്തോ സംഭവിക്കുന്ന പോലെ... പിന്നീടവൻ അമ്മയുടെ കൈ വിടുവിച്ച്,വായുവിനെക്കാൾ വേഗത്തിൽ ഇരുളിലേക്ക് മറഞ്ഞു.. ആ അമ്മയുടെ മുഖത്തപ്പോൾ നിസ്സഹായതയായിരുന്നു.. ***** ""ആയിഷ വാതിൽ തുറക്ക്.."" അത് യാദവല്ല, പക്ഷെ സുപരിചിതമായ ശബ്ദം... അവളിലെ ഭയം നിമിഷനേരം വർദ്ധിച്ചു, വർദ്ധിച്ചു വന്നു... പതിയെ പോയി കതക് തുറന്നവൾ ഒരു ഞെട്ടലോടെ അവിടം തന്നെ നിന്നു പോയി.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story