നിഴലാഗ്നി: ഭാഗം 16

nizhalagni

രചന: Mp Nou

 ""എനിക്കൊന്ന് ഒറ്റക്കിരിക്കണം.."" മുഖം നോക്കാതെ നാലുപേരോടും കൂടിയായി യാദവ് പറഞ്ഞു.. ""നീ ഞങ്ങളുടെ കൂടെ പുറത്തേക്കൊന്ന് വാ... മൈൻഡ് സെറ്റാവും,"" ഉണ്ണി പറഞ്ഞത് ബാക്കിയുള്ളവരും ശരി വെച്ചു.. ""ഞാനില്ല, എനിക്കൊന്ന് ഒറ്റക്കിരിക്കണം...""യാദവ് ഉദാസീനതയോടെ പറഞ്ഞു.... മറുതെന്തെങ്കിലും പറഞ്ഞാൽ, അവൻ വല്ലാതെ ദേഷ്യം പെടും.. മാത്രവുമല്ല ഈ സാഹചര്യത്തിൽ ദേഷ്യപ്പെട്ടാൽ അവനെ നിയന്ത്രിക്കാനും വളരെ ബുദ്ധിമുട്ടായിരിക്കും... കുറച്ച് നിമിഷങ്ങൾ കൂടി അവിടെ ചിലവഴിച്ച അവർ, പിന്നീട് അവനോട് യാത്രപറഞ്ഞിറങ്ങി.. ഗോവണിയുടെ ആദ്യ പടവിലെത്തിയപ്പോൾ റാം മാത്രമൊന്ന് തിരിഞ്ഞു നോക്കി.. വളരെ വിഷമത്തോടെ.... ദൂരകണ്ണുമായി യാദവ് ടെറസ്സിലൂടെ അലസമായി അങ്ങോട്ടുമിങ്ങോട്ടും വിലങ്ങനെ നടന്നുകൊണ്ടിരുന്നു.. ചുണ്ടിൽ എരിയുന്ന സിഗരറ്റിന്റെ ജീവൻ നഷ്ടപെടുന്നതിനനുസരിച്, പകരം, മറ്റൊന്ന് എരിയുന്നു... പ്രണയത്തിന്റെ തീവ്രതയറിഞ്ഞ ഒരു രാത്രിയും, ഒരു പകലും, അവൻ നിശ്വസിച്ചു... അവന്റെ മനസ്സിലെ സംഘട്ടനങ്ങൾ അവളെ കുറിച്ചായിരുന്നു... ഒരു വട്ടം കൂടി കണ്ടിരുന്നെങ്കിൽ....!!! ഉള്ളിലെ തന്നെ അലട്ടുന്ന പലതും അവളെക്കുറിച്ചു മാത്രമാണെന്നവന് തോന്നി...

ബുദ്ധിയിലും മനസ്സിലും ചിന്തകളുടെ സ്ഫോടനം നടക്കുമ്പോഴും, ആ വെളുത്തു തുടുത്ത മുഖം യാദവിന്റെ ഉടലാകെ മഞ്ഞു വീണ സുഖം നൽകുന്നു.. ഒരു സൂചനയെങ്കിലും അവൾക്ക് കൊടുക്കാൻ സാധിച്ചിരുന്നെങ്കിൽ, ഒരു പക്ഷെ താനിത്രയും നിരാശ അനുഭവിക്കേണ്ടി വരില്ലായിരുന്നു... ശങ്കരൻ മാമയുടെ മുഖം എന്തിനോ വേണ്ടി ആ നിമിഷം മനസിലിങ്ങനെ വന്നു പോയി... വിരാമമില്ലാത്ത ചിന്തകളുടെ നടപ്പാതയിലൂടെ മനസ്സ് വേഗതയിൽ ഓടി കൊണ്ടിരിക്കുന്നു... അവൻ തലയൊന്ന് കുടഞ്ഞിട്ടു... ശാസ്വം പുറത്തേക്ക് ആഞ്ഞു തള്ളി, പിന്നീട് പതിയെ, ആ പെണ്ണിന്റെ സ്പര്ശനമേറ്റ, നിശ്വാസമേറ്റ കട്ടിലിലിരുന്നു .. വടിവാൾ പിടിച്ചു തഴമ്പിച്ച കൈവെള്ളകൊണ്ടാ വിരിയിൽ തലോടി... അവളവിടെയുണ്ടന്ന പോലെ... ""എനിക്കെന്നെന്നേക്കുമായി നിന്നെ നഷ്ടപ്പെടുമോയെന്ന് ഞാൻ ഭയക്കുന്നു.... എവിടെ വെച്ചാണെന്നോ, എപ്പോഴാണെന്നോ എനിക്കറിയില്ല, നിന്നെ ഞാൻ ഒരുപാട് ഒരുപാട് സ്നേഹിച്ചു പോയിരിക്കുന്നു..."" യാദവിന്റെ കണ്ണുകൾ കലങ്ങിയിരുന്നു.... അവനാ കട്ടിലിൽ ചുരുണ്ടു കൂടി കിടന്നു... അപ്പോഴും അവന്റെ കൈത്തലം ആ കട്ടിലിലാകെ, ഒരു സങ്കൽപ ലോകം സൃഷ്ടിച്ച് പരതുകയായിരുന്നു... ""നീയില്ലാത്ത ഒരു രാവും പകലും,"

യാദവ്ന്റെ മിഴിനീർ കവിളിലൂടെ തുടർച്ചയുള്ള നൂലുപോലെ തൂങ്ങിയാടി... **** ""മോനെ കാണുന്നില്ലല്ലോ ശങ്കരേട്ടാ...."" ഓരോ ദോശയും ചുട്ടെടുത്ത് കേസ്രോളിൽ ഇടുന്നതിനിടയിലായിരുന്നു, കാളിങ് ബെൽ ശബ്ദിച്ചത്, യാദവ് ആണെന്നുള്ള ധാരണയിൽ ധൃതിപെട്ട് വാതിൽ തുറന്ന അമ്പിളി ശങ്കരനെയാണ് കണ്ടത്.. അയാൾ മോർണിംഗ് വാക് കഴിഞ്ഞുള്ള വരവായിരുന്നു... ""നീ എന്തിനാ ഇങ്ങനെ വെപ്രാളം കാണിക്കുന്നത്, എല്ലാം മനസ്സിലാക്കി നിന്റടുത്തേക്ക് തിരിച്ചു വന്ന യാദവ് ഇനി ഒരിക്കലും നിന്നെ വിട്ട് പോവില്ലടി... ഇപ്പോഴും വിശ്വാസമില്ലേ നിനക്ക്..."" അമ്പിളിയുടെ മങ്ങിയ മുഖം കണ്ടപ്പോൾ ശങ്കരൻ അവളെ നെഞ്ചോട് ചേർത്ത് സമാധാനിപ്പിച്ചു... അമ്പിളി ശങ്കരന്റെ സ്വന്തമായത് മുതൽ ഇന്നേ വരെ അവരുടെ മുഖം വാടുന്നതോ.. മങ്ങുന്നതോ പോലും അയാൾക്ക് സഹിക്കാൻ കഴിയില്ലായിരുന്നു.. പക്ഷെ, യാദവിന്റെ കാര്യത്തിൽ അയാൾ പരാജിതനായിരുന്നു.. തന്റെ വാക്കുകൾക്കോ, സ്നേഹത്തിനോ ആ മുറിവുണക്കാൻ അയാളെക്കൊണ്ട് ഇന്നേവരെ സാധിച്ചിട്ടില്ല..

അതുകൊണ്ട് തന്നെ, അയാൾ ആത്മാർഥമായിട്ടായിരുന്നു അവൻ തിരിച്ചുവരാൻ ആഗ്രഹിച്ചതും.. മാത്രവുമല്ല, അവന്റെ ഉപ്പ മരിച്ച കാലങ്ങളിൽ ഒരുപാട് തവണ അവനെ കാണാനും തിരികെ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോവാനും ശങ്കരൻ പലതവണ ശ്രമിച്ചിട്ടുണ്ട്.. 'കാലമിപ്പോഴാണ് സമയം കണ്ടത്..' ശങ്കരൻ അമ്പിളിയെ ചുറ്റിപിടിച്ചുകൊണ്ട് തന്നെ ഓരോന്നോർത്തെടുത്തു... ""അയ്യോ... ഞങ്ങളൊന്നും കണ്ടില്ലേ...""പടികൾ ചാടിയിറങ്ങിയ മാളുവും അമ്മുവും കുസൃതിയോടെ ചിരിച്ചു.. ശങ്കരൻ അവരെനോക്കിയൊന്ന് പുഞ്ചിരിച്ചു.. ആ പുഞ്ചിരി അമ്പിളിയുടെ ചുണ്ടിലും പ്രതിഫലിച്ചു.. ""നിങ്ങക്ക് രണ്ടാക്കും അറിയില്ലേ പ്രായപൂർത്തിയായ രണ്ട് പെണ്മക്കളിവിടെ പടർന്നു പന്തലിച്ചു നിൽക്കുന്ന കാര്യം..."" കളിയോടെ അമ്മു മാളുവിനെ നോക്കി.. മാളുവും അത് ശരിയാണെന്ന രീതിയിൽ തലയാട്ടി... ""ഞങ്ങളുടെ സ്നേഹം കണ്ടല്ലേ നിങ്ങൾ വളരണ്ട്യത്.."" ശങ്കരൻ വാത്സല്യത്തോടെ രണ്ടുപേരെയും തലോടി.. അപ്പോഴേക്കും ആ രണ്ടു പെൺകുട്ടികളും അതിയായ സ്നേഹത്തോടെ അമ്പിളിയുടെ വലവും, ശങ്കരന്റെ ഇടവും ചേർന്ന് ചുറ്റി പിടിച്ചിരുന്നു.. അപ്പോഴും അമ്പിളിയെ ശങ്കരൻ തന്റെ നെഞ്ചിൽ നിന്നും വേർപെടുത്താൻ തുനിഞ്ഞിട്ടുണ്ടായിരുന്നില്ല...

""ആഹ് പിന്നെ... നിങ്ങള് രണ്ട് മക്കളാല്ലാട്ടോ.. ഞങ്ങക്ക് മൂന്ന് മക്കളാണ്.."" ""ഹോ.. ഇതൊരു സ്ഥിരം പല്ലവിയായി മാറീട്ടുണ്ടല്ലലോ..."" മാളു ഇഷ്ടക്കേടോടെ ചുണ്ട് കോട്ടി... ""ഇനി പല്ലവി മാത്രമല്ല ആളിവിടെയുണ്ടാവും.."" ശങ്കരൻ മാളുവിന്റെ തലയിൽ ചൂണ്ടുവിരൽ വളച്ചു കൊട്ടി.. ""ങേ.. സത്യാണോ.."" വിശ്വസിക്കാൻ പ്രയാസമുള്ളതുപോലെ അവരുടെ കണ്ണുകൾ പുറത്തേക്ക് കരുത്തുരുണ്ട കല്ല് പോലെ ഉന്തി വന്നു... "യാദവേട്ടൻ വരുന്നുണ്ടോ..?"" മാളു അമ്മുവിനെ നോക്കി... അവർ പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു ""എനിക്കിഷ്ടല്ല ഏട്ടനെ.. ഏട്ടൻ കച്ചറായ..ഇങ്ങോട്ട് കൊണ്ടോരണ്ട, ഇത് ഞങ്ങളെ വീടല്ലേ..""മാളു നേരിയ ഭയം ഉള്ളിലൊതുക്കി ദേഷ്യത്തോടെ പറഞ്ഞു... ""മാളു....."" അമ്പിളിയുടെ കണ്ണിലെ തീ യാദവ്നോടുള്ള സ്നേഹമായിരുന്നു.. അവരുടെ മുഖം ദേഷ്യം കൊണ്ട് വിറച്ചു.. മാളു ശങ്കരന്റെ മറവിലേക്ക് നീങ്ങി.. ""അമ്പിളി... പോട്ടെ... സാരല്ല അവള് ചെറുതല്ലെ.."" ""കുഞ്ഞൊന്നും അല്ലല്ലോ ഇവള്.., കാര്യം പറഞ്ഞാൽ മനസിലാക്കാനുള്ള വിവേകവും ബുദ്ധിയും ഉണ്ടല്ലോ..

എന്നിട്ടാണോ ഇങ്ങനെയൊക്കെ സംസാരിക്കുന്നെ.."" അമ്പിളി അല്പം ഗൗരവത്തിൽ മാളുവിനെ നോക്കി.. അവൾ പേടിച് തലതാഴ്ത്തി നിന്നു... പിന്നീട് വേഗത്തിൽ മുകളിലേക്ക് കയറി പോയി.. കൂടെ അമ്മുവും നിഴൽപോലെ പിന്നാലെ കൂടിയിരുന്നു.. ശങ്കരനും അമ്പിളിയും വേദനയോടെ അത് നോക്കി നിന്നു... ശങ്കാരന്റെയും അമ്പിളിയുടെയും മക്കളാണ് അമ്മുവും (ചൈതന്യ ), മാളുവും (മാളവിക ), അമ്മു 10കഴിഞ്ഞ് റിസൾട്ട്‌ കാത്തിരിക്കുന്നു.. മാളു ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിയാണ്.. രണ്ടുപേർക്കും വിപരീത സവഭാവമാണ്.. ഒരാൾ എടുത്തടിച്ചപോലെ മറുപടി പറയുകയും, ധൈര്യം കുറച്ചധികം ഉണ്ടെന്ന് സ്വയം വിശ്വസിക്കുകയും ചെയ്യുന്നു.. പക്ഷെ.. അമ്മു നേരെ തിരിച്ചാണ്, പ്രായത്തിന്റെ ചാഞ്ചട്ടമോ, ചപ്പല്യങ്ങളോ, ആഗ്രഹങ്ങളോ ഇല്ല... ഒരു പഞ്ച പാവം.. അധികമാരോടും സംസാരിക്കാത്ത പ്രകൃതം.. മാളുവിന്റെ കൂടെ കൂടുമ്പോൾ അവളിലേക്ക് അല്പം കുസൃതിയോടെ ചായുമെന്നല്ലാതെ, സ്വയം അവളൊരു ഉൾവലിഞ്ഞവളാണ്, അധികം സൗഹൃദങ്ങലൊന്നുമില്ലാത്തവൾ..

പക്ഷെ കൂടെയുള്ളത് ഒരാളാണെങ്കിൽ പോലും അതിയായ ആത്മാർത്ഥ വെച്ചു പുലർത്തുന്നവൾ... പ്രായതിനേക്കാൾ പക്വത അവളുടെ ഭാവത്തിനും പ്രവർത്തികൾക്കുമുണ്ട്... വായന അതവളുടെ ആത്മാവാണ്.. എവിടെയാണെങ്കിലും ഒരു പുസ്തകം അവളുടെ കൈകളിൽ ഭദ്രമായിരിക്കും.. ""ടി... നീ അങ്ങനെയൊന്നും അമ്മയോട് പറയേണ്ടിയിരുന്നില്ല..""ശ്വാസനയോടെ വാതിൽക്കട്ടിലയിൽ അമ്മു തോൾ ചെരിച് നിന്നു.. ""എന്റെ ചേച്ചി നീയല്ല... ഞാനാ നിന്റെ ചേച്ചി...""മാളു കനപ്പിച്ചവളെയൊന്ന് നോക്കിയപ്പോൾ പിന്നീടൊന്നും പറയാതെ അമ്മു തന്റെ റൂം ലക്ഷ്യം വെച്ചു നടന്നു.. 'നിങ്ങൾക്കൊരു ഏട്ടനുണ്ടന്ന് ' ചെറുപ്പം മുതലേ അമ്പിളി മക്കളെ ഓർമപ്പെടുത്തുമായിരുന്നു, ദൂരെ നിന്നാണെങ്കിലും പലവട്ടം അമ്പിളി അവനെ മക്കൾക്ക് കാണിച്ചു കൊടുക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ അവർക്ക് യാദവിനെ നന്നായിട്ടറിയാമരുന്നു.. ആദ്യമൊക്കെ മാളുവിനും അമ്മുവിനും തന്റെ ഏട്ടനെ കുറിച് അഭിമാനവും സന്തോഷവും ഒരുപോലെയുണ്ടായിരുന്നെങ്കിൽ, പിന്നീടാണ് മാളുവിന് കാര്യങ്ങളെല്ലാം മനസിലായത്. മാത്രവുമല്ല, ഒരിക്കൽ തന്റെ കോളേജിന്റെ മുൻപിൽ കിടന്ന് വഴക്കുണ്ടാക്കിയ യാദവിന്റെ മുഖമാണ് മാളുവിന്റെ മനസിലെക്കോർമ്മ വരുന്നത്..

അന്ന് മുതൽ അയാളോട് വല്ലാത്തൊരു അമർഷവും ഭയവുമാണ്.. ""എങ്ങനെയെങ്കിലും അയാളുടെ വരവിനെ തടയണം, തടയാൻ കഴിഞ്ഞില്ലെങ്കിൽ, എന്നെന്നേക്കുമായി ഇവിടെ നിന്നും ഓടിക്കണം.."" മാളു മനസ്സിൽ കുറിച്ച് വെച്ചു... ****** ""മുനീറും ഉപ്പയും രാവിലെ പ്രാതൽ കഴിക്കാനും വന്നില്ലല്ലോ.."" ഫാത്തിമയുടെ മുഖത്തെ നിരാശ ഷാനിബയിലും കണ്ടു.. ""ഉമ്മ.. ഉമ്മ.. ഉമ്മ.."" ആ പത്തുവയസുകാരൻ നിർത്താതെ വിളിക്കുന്നത് കേട്ട് ഷാനിബ വെപ്രാളത്തോടെ അവരുടെ റൂമിലേക്കോടി.. കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് കരയുന്ന കുഞ്ഞിനെ കണ്ടപ്പോൾ ഷാനിബയുടെ ഉള്ളാകെ നോവ് പടർന്നു.. ""മോനെ...വേദനിക്കുന്നോടാ..""തന്റെ പിഞ്ചോമനയെ വാരി പുണർന്ന് ഷാനിബ മിഴിനിറച്ചു... ഷാനിബാക്കും, സമദിന്നും മൂന്ന് മക്കളാണ്, ആമിർ, ഹിഷാം, ഫാരിസ്.. ഇളയ പുത്രനാണ് ഫാരിസ്, ഏകദേശം രണ്ട് മൂന്ന് മാസത്തോളമായി അവന് പെട്ടന്നൊരു വയറു വേദന തുടങ്ങിയിട്ട്.. ഒരു ദിവസം ഉച്ചക്ക് ശേഷം അവന്റെ ക്ലാസ്സ്‌ ടീച്ചർ വിളിച്ചു പറഞ്ഞന്നാണ് ആദ്യമായി വയറു വേദന തുടങ്ങിയത്, അത് അത്ര കാര്യമാക്കിയില്ല.. ഡോക്ടറെ കാണിച്ചപ്പോൾ ഫുഡ്‌ പോയ്സൺ ആണെന്ന് പറഞ്ഞു.. പിറ്റേന്നേക്ക് അത് മാറുകയും ചെയ്തു.. പക്ഷെ..,

പതിവ് തെറ്റി ഇടയ്ക്കിടെ വയറു വേദന വന്നും പോയും കൂടി കൊണ്ടിരുന്നു... കാണിക്കാത്ത ഡോക്ടർസ് ഇല്ല.., ടെസ്റ്റുകളില്ല.. എന്നിട്ടും ഇപ്പോഴും വേദന തുടർന്നുകൊണ്ടിരിക്കുന്നു.. ""ന്റെ റബ്ബേ... ന്റെ മോന് എന്നാ ഒരു സമാധാനം കൊടുക്ക നീ...""കണ്ണീരോടെ നെഞ്ചിൽ കൈ വെച്ചു പോയി ആ ഉമ്മ... ഫാത്തിമ ഒരു കുപ്പി ചുടുവെള്ളവുമായിട്ട് അവിടേക്ക് വന്നു... അവന്റെ വയറിൽ മെല്ലെ ചൂട് പിടിച്ചു.. ഷാനിബ പല മന്ത്രോചാരണങ്ങളും ഓതി അവന്റെ ശിരസ്സിലൂതി... മന്ത്രിച്ച് വെള്ളം കുടിക്കാൻ നൽകി.. വേദനയുടെ മരുന്നെടുത്ത് കുടിപ്പിച്ചു.. ഏറെ നേരത്തിന് ശേഷം ഫാരിസ് മയങ്ങി പോയിരുന്നു... ""ട്രിങ്ങ്.. ട്രിങ്.. ട്രിങ്..""ഫോണിന്റെ ശബ്ദം കേട്ട് ഷാനിബ കാളെടുത്തപ്പോൾ മറുഭാഗത്ത് സമദായിരുന്നു... അവൾ പൊട്ടി കരഞ്ഞു പോയി..""എനിക്കി വയ്യ ഇക്ക... ഇതൊന്നും കാണാൻ...""ഷാനിബ തന്റെ പ്രിയതമനോട് സങ്കടങ്ങളുടെ കെട്ടുകൾ അഴിച്ചു വിട്ടു... എല്ലാം കേട്ടിരുന്നതല്ലാതെ അയാളൊന്നും മിണ്ടിയില്ല... അല്ലെങ്കിലും, സങ്കടങ്ങൾ കേൾക്കാൻ ഒരാളുണ്ടാവുന്നത് തന്നെ വളരെയേറെ ആശ്വാസം തരുന്ന കാര്യമല്ലേ... അതിൽപരം മറ്റൊരു സന്തോഷം വേറെയെന്തുണ്ട്...? ""ഞാൻ എത്രയും പെട്ടന്ന് വരാൻ നോക്കാം.."" സമദ് മലേഷ്യയിലാണ്, അവിടെയും ചില ബിസിനസ്സുകൾ ഇവർക്കുണ്ട്...

അതെല്ലാം നോക്കി നടത്തുന്നത് സമദ്ണ്... മാസത്തിൽ വീട്ടിലേക്ക് വരാറുള്ള അയാൾ, മൂന്ന് മാസത്തോളമായി വന്നിട്ട്..., രണ്ടു മാസമായിട്ട് അവിടെയാകെ പകർച്ചവ്യാധി പിടിപെട്ടത് കാരണം ഇവിടെ നിന്ന് അങ്ങോട്ടോ, അവിടെയുള്ളവർക്ക് ഇങ്ങോട്ടോ പ്രവേശിക്കാൻ അനുവാദമില്ല... ""ഷാനിബ..."" ""മ്മ്.."" ""നിന്റെ കരച്ചിൽ മാറിയോ...."" ""അതങ്ങനെ പെട്ടന്ന് മാറുമോ..? നിങ്ങളെങ്കിലും കൂടെ ഉണ്ടായിരുന്നെങ്കിൽ ഒരു സമാധാനം ഉണ്ടായേനെ..."" അവളുടെ വിഷാദം അയാളെ വേദനിപ്പിച്ചു... തൊട്ടടുത്തില്ലെങ്കിലും ആ യുവതിയുടെ ഓരോ ഭാവങ്ങളും അയാൾക്ക് മനപാഠമായിരുന്നു... ""നിനക്കവിടെ എല്ലാരുമില്ലേ... വല്യക്കാക്ക.. ഏട്ടത്തി.. അങ്ങനെ അങ്ങനെ എല്ലാരും.. നീ എന്റെ കാര്യം ചിന്തിച് നോക്ക്.."" ""എങ്കിലും നിങ്ങൾക്ക് പകരമാവില്ലല്ലോ.."" ഷാനിബ മിഴി നിറച്ച് മയങ്ങുന്ന മകനെ നെടുവീർപ്പോടെ നോക്കി... മറുഭാഗവും മൗനമായിരുന്നു.. പിന്നീടൊന്നും പറയാതെ ആ കാൾ അവസാനിച്ചു.. എങ്കിലും കുറച്ച് നിമിഷം കൂടി ഫോൺ ആ യുവതി ചെവിക്കടുപ്പിച്ചു തന്നെ വെച്ചു... അപ്പോഴേക്കും ഫാത്തിമ അവിടെ നിന്നും പോയിരുന്നു.. ബാൽക്കണിയിലെ ഊഞ്ഞാലിൽ ഇരിക്കുകയാണ് ആയിഷ... പണ്ടുമുതലേ അവൾക്ക് പ്രിയപ്പെട്ട സ്ഥലമായിരുന്നു അത്...

അതിനോടനുബന്ധിച് തന്നെയാണ് അവളുടെ റൂമും.. ബാൽക്കണിയുടെ പുറത്തേക്കുന്തി നിൽക്കുന്ന അരഭിത്തിയിൽ ചെടികൾ നിറഞ്ഞു നിൽക്കുന്നുണ്ട്, ചില പടർപ്പുകൾ താഴേക്ക് തൂങ്ങി നിൽക്കുന്നു..... രണ്ട് ദിവസം പഴക്കമുള്ള പനിനീർ പൂക്കൾ അവളൊന്ന് തലോടി, ദൂരേക്ക് നോക്കി... തിങ്ങി നിറഞ്ഞ കുഞ്ഞു കുഞ്ഞു കുന്നുകൾ വലിയ മല പോലെ എപ്പഴും തോന്നിക്കുമെന്നവൾക്ക് തോന്നി... മഴ പെയ്താൽ മാത്രം കാണുന്ന നീർച്ചാൽ അവിടെയില്ലെന്നവൾ കണ്ടു.. ശീതകാറ്റിന്റെ കുളിരിൽ അവളുടെ മുഖം കോച്ചുന്ന പോലെ... തട്ടം ഒന്നുകൂടെ മാടിപ്പുതച്ച് ബാൽക്കണിയിലെ ഉരുളൻ തൂണിൽ ചാരി നിന്നവൾ വെറുതെ ദൂരേക്ക് മിഴി പറപ്പിച്ചു... എപ്പോഴോ തന്റെ പ്രാണന്റെ മുഖം അവളിലേക്ക് കടന്നു വന്നപ്പോൾ അനുഭവപ്പെട്ട ശൂന്യത അവളെ വല്ലാതെ തളർത്തി... വിളിച്ചു നോക്കാൻ നമ്പർ അറിയില്ല...!! സുജാതേച്ചിയോട് മാത്രം വിവരം പറഞ്ഞിട്ടുണ്ട്.. ഈ മണിക്കൂറിനുള്ളിൽ യാദവിനോട് അവർ പറഞ്ഞിട്ടുണ്ടാവുമെന്നവൾ ഊഹിച്ചു... 'ഇനിയൊരു തിരിച്ചു പോക്ക് തനിക്ക് സാധ്യമാണോ..'?? വേവലാതിയോടെയവൾ സ്വയം ചിന്തിച്ചു.. ""എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോവുമോ നിന്നെ, എന്ന് ഞാൻ അതിയായി ഭയപ്പെടുന്നു.."" മിഴി നിറഞ്ഞൊലിച്ചിട്ടും അതവൾ തുടച്ചു നീക്കാതെ പുറത്തേക്ക് തന്നെ വെറുതെ നോക്കി നോക്കി നിന്നു

""ഞാൻ ചെയ്തത് മണ്ടത്തരമായി പോയി.. മനസിലുള്ളത് തുറന്ന് പറയാമായിരുന്നു.. ആരുമില്ലാത്തവന് ഞാൻ മാത്രമായിരുന്നില്ലേ മനസ്സുകൊണ്ടെങ്കിലും ആശ്വാസം..."" തിരിച്ചു കിട്ടിയ കുടുംബത്തെ കുറിച്ചറിയാതെ ആയിഷ വേവലാതിയോടെ പിറുപിറുത്തു.. ***** വിശപ്പിനെക്കാൾ മറ്റൊരു വികാരമെന്തുണ്ട്.. യാദവ് പതിയെ എഴുന്നേറ്റ് ചായയിടനായി യാദവ് അടുക്കള ഭാഗത്തേക്ക് നടന്നു... അവളുടെ ഗന്ധം നിറഞ്ഞു നിൽക്കുന്നു... ഗ്യാസിൽ വെള്ളം വെച്ച്, പതയ്ക്കുമ്പോൾ പൊടിയും പഞ്ചസാരയുമിട്ട് ഗ്ലാസ്സിലേക്ക് ഒഴിച്ച് പുറത്തേക്ക് നടക്കാനായവേ, സ്റ്റോവ്നടുത്തൊരു വെള്ള പേപ്പർ മടക്കി വെച്ചിരിക്കുന്നത് അവന്റെ കണ്ണിലുടക്കി... ആദ്യമെന്താണെന്ന് സാകൂതം നോക്കി നിന്നതല്ലാതെ അവനെടുത്തില്ല, നിസ്സാരമട്ടിൽ വീണ്ടും നടക്കാൻ തുടങ്ങാവെ എന്തോ ഒന്ന് അവനെ പിടിച്ചു നിർത്തുന്നപോലെ... ഒന്നുകൂടെ സംശയിച്ചു നിന്ന ശേഷം അവനത് കയ്യിലെടുത്തു പുറത്തേക്ക് നടന്നു.. ഗോവണിയുടെ ആദ്യപടവിലിരുന്ന്, കട്ടൻ ഊതി ഊതി കുടിക്കുമ്പോഴും ചിന്ത അവളില്ലായിരുന്നു.. പകുതി കുടിച്ച ഗ്ലാസ്‌ പടിയിൽ വെച്ച്, ഭദ്രമായി വൃത്തിയിൽ മടക്കി വെച്ച കടലാസ് യാദവ് പതിയെ.. വളരെ പതിയെ തുറന്നു നോക്കി... അവന്റെ മിഴി നിറയുകയും, ഒപ്പം വിടരുകയും ചെയ്തു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story