നിഴലാഗ്നി: ഭാഗം 18

nizhalagni

രചന: Mp Nou

മനസ്സിലെ ഭാരം ചെറിയതോതിൽ കുറഞ്ഞ പോലെ, യാദവ് കട്ടിലിൽ മലർന്നു കിടന്നു... മിഴി മുരളി ഓടുന്ന ഫാനിലേക്കാണെങ്കിലും, മനസ്സ് മറ്റെവിടെയോ ആയിരുന്നു... അവൻ മനോഹരമായി ഒന്ന് പുഞ്ചിരിച്ചു... ഒന്നും ചെയ്യാതെ അവനങ്ങനെ അല്പ നേരം കിടക്കാനാണ് തോന്നിയത്... ""യാദവ്... യാദവ്..."" സുജാത കുറച്ച് മടിയോടെ അവനെ തട്ടി വിളിച്ചു.. നേരത്തെ കിടന്ന കിടപ്പിൽ അവൻ ചെറുതായോന്ന് മയങ്ങി പോയിരുന്നു.. ""പുറത്തേക്കൊന്നും കണ്ടില്ലല്ലോ,,, നീ എന്തെങ്കിലും കഴിച്ചോ..."" ""ഇല്ല.."" അലസതയോടെ അവനെഴുന്നേറ്റിരുന്ന്, ആദ്യം നോക്കിയത് ക്ലോക്കിലേക്കാണ്... ""അമ്മ..""മനസിലാമുഖം തെളിഞ്ഞു വന്നപ്പോൾ, യാദവ് വെപ്രാളപെട്ട്, ടെറസിലേക്ക് നടന്നു... വെള്ളം നിറച്ച് വെച്ച ടാങ്കിൽ നിന്നും കൈകുമ്പിളിൽ നിറയെ വെള്ളം കോരിയെടുത് മുഖത്തേക്ക് എറിഞ്ഞു വീഴ്ത്തി.. പിന്നീട് കാലും കൈകളും കഴുകി, അവർക്കരികിലേക്ക് നടന്നു... ""മക്കളൊക്കെ.. എവിടെ കാണാറേ ഇല്ലല്ലോ.."" ""അവരുറങ്ങി... ഇന്നലെ ഞങ്ങളിവിടെ ഇല്ലായിരുന്നു... അദ്ദേഹത്തിന്റെ അമ്മയ്ക്ക് വയ്യ... മക്കളെ കാണണമെന്ന് പറഞ്ഞിട്ട് പോയിരുന്നു...""

സുജാതയുടെ മുഖം പതിവിലും തിളക്കമുള്ളതായി യാദവിന് തോന്നി... കൂടുതലെന്തെങ്കിലും അവന് ചോദിക്കാൻ തോന്നിയതുമില്ല, അവരൊന്നും പറഞ്ഞതുമില്ല... വാതിലടച്ച് യാത്ര പറഞ്ഞിറങ്ങുമ്പോൾ എവിടേക്കാണെന്ന് അവരൊന്ന് തിരക്കി.. ഷാപ്പിലേക്കാണെന്ന് കള്ളം പറയാനാണ് അപ്പോളവാന് തോന്നിയത്... അല്ലെങ്കിൽ എല്ലാ കാര്യങ്ങളും അവർ ചോദിച്ചറിയും, അങ്ങനെ തന്നെ ഒരു വിധം സമയം നഷ്ടപ്പെട്ട് പോവും... ***** രാത്രി ഭക്ഷണം കഴിക്കാൻ ഇരിക്കുകയാണ് ശങ്കരനും കുടുംബവും, മുത്തശ്ശിക്ക് മരുന്ന് കുടിക്കാനുള്ളത് കാരണം അവർ നേരത്തെ കഴിച്ചു... ശങ്കരന് ചപ്പാത്തിയും പച്ചകറി കുറുമയും, അമ്മുവും അമ്പിളിയും ചോറും കറികളുമാണ് കഴിക്കുന്നത്.. മാളുവിന് മീൻ നിർബന്ധമായത് കൊണ്ട് രാത്രിയിലും മീൻ വറുക്കണം.. മീൻ മാത്രം നുള്ളി കഴിക്കുന്ന പെണ്ണിനെ കണ്ടപ്പോൾ അമ്പിളിക്ക് അരിശം വന്നു.. ""ചുമ്മാതല്ല ഈർക്കിലി പോലെ ആവുന്നേ... ചോറ് കൂട്ടി വാരി കഴിക്കടി.."" അവളൊന്നും മിണ്ടാതെ തല താഴ്ത്തി നിന്നതേ ഉണ്ടായിരുന്നുള്ളു..

""ഈ അമ്മ എന്തിനാ എപ്പോഴും വഴക്ക് പറയുന്നേ.. അവള് ചെറുതല്ലെ, വേണ്ടപോലെ കഴിച്ചോട്ടെ.."" അമ്മു അല്പം നീരസത്തോടെ തന്നെയായിരുന്നു അത് പറഞ്ഞു നിർത്തിയത്.. ""ആഹാ.. ന്റെ പൊന്ന് മോള് അമ്മയോടും തട്ടി കയറാൻ തുടങ്ങിയോ.."" ദേഷ്യത്തിൽ അമ്പിളി കഴിപ്പ് നിർത്തി എഴുന്നേറ്റു.. ""അമ്പിളി.. മതി മതി... കഴിക്ക്.. ബാക്കി എന്നിട്ട്.."" രംഗം വഷളാവുമെന്ന് കണ്ട ശങ്കരൻ, പ്രശ്നത്തിലേക്കിടപ്പെട്ട് അവരെ സമാധാനിപ്പിക്കാൻ തുനിഞ്ഞു.. ""നോക്ക് ശങ്കരേട്ടാ... നിങ്ങള് കേട്ടില്ലേ... പെണ്ണ് പറഞ്ഞത്..."" അമ്പിളി മുഖം കോട്ടി... ""അവള് പറഞ്ഞതിലെന്താ തെറ്റ്... വാരി കൊടുത്ത് കഴിപ്പിക്കാൻ കുഞ്ഞൊന്നും അല്ലല്ലോ... വല്യവരല്ലേ.. അവരുടെ ഇഷ്ടത്തിന് അവർ കഴിക്കട്ടെ..."" മാളു അമ്പിളിയെ നോക്കി കുസൃതിയോടെ ചുണ്ട് കോട്ടി, ""മ്മ്.. വളം വെച്ചോ വെച്ചോ... അനുഭവിക്കുമ്പോൾ പഠിക്കും..."" പിറു പിറുത് അമ്പിളി കഴിപ്പ് തുടർന്നു... ""ടി... പെണ്ണെ..."" ശങ്കരൻ തല ചെരിച്ച് അമ്പിളിയെ നോക്കിയപ്പോൾ, അവരെന്താണെന്നുള്ള ചോദ്യഭാവത്തിൽ പിരികം പൊക്കി..

ചെറു ചിരിയോടെയുള്ള ശങ്കരന്റെ മുഖത്തെ ചേഷ്ടകൾ കണ്ടപ്പോൾ, അമ്പിളി നാണത്തോടെ മനോഹരമായി ഒന്ന് പുഞ്ചിരിച്ചു... കഴിച്ച് എഴുന്നേൽക്കുന്നതിന് മുമ്പ് അമ്പിളിയുടെ കൈകൊണ്ട് ഒരു ഉരുള ചോറ്, ശങ്കരന്ന് അന്നും ഇന്നും നിര്ബന്ധമാണ്, എങ്കിലേ അന്നത്തെ ദിവസത്തിനു ഒരു പരിപൂർണ്ണത തോന്നുകയുള്ളു... അമ്പിളി തന്റെ പ്രിയതമന്, ഒരു ഉരുള പിടിയാക്കി കൈ നീട്ടി... എല്ലാമായെന്ന നിർവൃതിയോടെ ശങ്കരൻ, കഴിച്ചെഴുന്നേറ്റു... അപ്പോഴും അമ്പിളിയുടെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല... യാദവിന്റെ കവിളിലേ അതെ നുണക്കുഴി അപ്പോൾ അമ്പിളിയുടെ കവിളിലും സ്പെഷ്ടമായിരുന്നു... അമ്മുവിനും മാളുവിനും ഇതൊരു സ്ഥിര കാഴ്ചയായത് കൊണ്ട് അവർക്കതിൽ വല്യ ആശ്ചര്യമൊന്നും തോന്നിയില്ല... അച്ഛന് ശേഷം അവരും ഒരു ഉരുള ചോറ് കഴിച്ചിട്ടേ അവിടെ നിന്നും എഴുന്നേൽക്കുള്ളു.. കൈ കഴുകി വന്ന ശങ്കരൻ, പാത്രം എടുത്തു വെക്കാനും, കഴുകാനും അമ്പിളിയെ സഹായിച്ചു.. അതിന് ശേഷമാണ് അയാൾ റൂമിലേക്ക് പോയത്... കാളിങ് ബെൽ കേട്ട് കതക് തുറന്നത് മാളുവായിരുന്നു..

ആ സമയം അമ്പിളി ബാത്‌റൂമിലായിരുന്നു... യാദവിനെ കണ്ട മാളു ഈർഷ്യതയോടെ മുഖം കോട്ടി പടികൾ കയറി മുകളിലേക്ക് പോയി.. യാദവിന് വല്ലാത്ത വിഷമം തോന്നി... ആ ചുണ്ടിലെ നിറഞ്ഞു നിന്ന പുഞ്ചിരി മാഞ്ഞു പോയിരുന്നു... ഒരു നിമിഷം ഹാളിൽ നാലു പാടും വീക്ഷിച്ചു നിന്നവൻ, തന്റെ തൊട്ടടുത്ത സോഫയിൽ ചാരിയിരുന്നു.. ""നീ ഇങ്ങെത്തിയോ... എന്ത് പോക്കാ പോയെ...."" വല്ലാത്ത വിഷമത്തോടെ അമ്പിളി അവന്റെ കവിളിൽ മൃദുവായൊന്ന് തൊട്ടു... തന്റെ അമ്മയുടെ മുഖത്തേക്ക് നോക്കി നോക്കി നിന്ന അവൻ, ഒന്നും മിണ്ടാതെ ചെറു പുഞ്ചിരിയോടെ, അമ്പിളിയുടെ തോളിലേക്ക് ചാഞ്ഞു... അവർ വാത്സല്യത്തോടെ, അവന്റെ മുടിഴിയകളിൽ തലോടി.... നീണ്ട ഇരുപത് വർഷം, തന്റെ മകനെ ഒന്ന് തലോടാനോ, കൊഞ്ചിക്കാനോ, വാത്സല്യത്തോടെ ഒന്ന് തൊടാനോ കഴിയാതെ വീർപ്പു മുട്ടിയ ദിനങ്ങൾ,, കണ്ണെത്തുന്നിടത്തുണ്ടായിട്ടും നഷ്ടപെട്ട ഒത്തിരി നല്ല നിമിഷങ്ങൾ,, അമ്പിളി നെടുവീർപ്പോടെ അവനെ ഒന്നുകൂടെ ചേർത്തു പിടിച്ചു...

യാദവിന്റെ ചിന്തയും തന്റെ നഷ്ടപെട്ട ഇന്നലെകളെ കുറിച് തന്നെയായിരുന്നു.. അവന്റെ മിഴിയും നീറിയിരുന്നു... **** ആയിഷ പതിയെ പടികളിറങ്ങി, താഴേക്കു വന്നു, ഹാളിൽ നിന്ന് ആദ്യം നോക്കിയാൽ കാണുന്ന റൂം ബഷീർ സാഹിബിന്റെതാണ്... തൊട്ടടുത്ത റൂമിലാണ് മുനീറും, ഫായിസും, മുനി നേരമിത്രയായിട്ടും എത്തിയിട്ടില്ലന്ന് തുറന്നു കിടക്കുന്ന കതക് കണ്ടപ്പോൾ അവളൂഹിച്ചു... ഫായിസ് അമ്മായിയുടെ വീട്ടിൽ വിരുന്ന് പോയതാണ്, ഒരായ്ച്ചത്തേക്ക് അവനെ നോക്കേണ്ടന്ന് ഉമ്മ നേരത്തെ പറഞ്ഞിരുന്നത് ആയിഷ ഓർത്തു... വീണ്ടും, അടഞ്ഞു കിടക്കുന്ന കതകിലേക്ക് ആ പെണ്ണ് ഏറെ നേരം നോക്കി നിന്നു... തന്റെ ഉപ്പയുടെ നെഞ്ചിൽ പറ്റി കിടക്കുന്ന ആ കൊച്ചു പെൺകുട്ടിയെ ഓർത്തപ്പോൾ, ആ പെണ്ണിന്റെ കവിളിൽ വെള്ളച്ചാട്ടമായിരുന്നു.. ആ പെണ്ണത് തുടയ്ക്കാൻ പോലും മെനക്കടാതെ, പുറത്തെ ഗാർഡ്നിലേക്ക് നടന്നു... **** ""അമ്മേ...."" ""ഹ്മ്മ്...""അവർ പതിഞ്ഞൊന്ന് മൂളി... ""എനിക്കി വാരി തരുമോ.."" ഓരോന്നോർത്ത് വിതുമ്പി നിന്ന അമ്പിളി പൊട്ടി കരഞ്ഞു പോയി... യാദവ് നിശബ്ദനായി ആ മുഖത്തേക്ക് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല... അവനെക്കാൾ മറ്റാർക്കാണ് ആ അമ്മയുടെ മനസ്സ് കാണാൻ സാധിക്കുന്നത്...?? പഴക്കം ചെന്ന തകര പെട്ടി പോലെ ഇരുവരുടെയും മനസ്സ് മുറുകിയിരുന്നു..

സാരി തലപ്പ് കൊണ്ട് മിഴി തുടച്ച് ചോറുമായി യാദവ്നടുത്തേക്ക് വരുമ്പോയായിരുന്നു ശങ്കരൻ അമ്പിളിയെ കാണാതെ മുകളിൽ നിന്നും താഴേക്ക് എത്തി നോക്കിയത്... മനം കുളിർന്ന കാഴ്ച്ചയിൽ അയാൾ, അവരെ ശല്യം ചെയ്യാതെ തിരികെ റൂമിലേക്ക് തന്നെ പോയി... ""പുറത്ത് നിന്ന് മതി.."" ചെറിയ കുഞ്ഞിനെ പോലെ അവൻ കെഞ്ചി... അമ്പിളിക്കി അവന്റെ വാക്കുകളിലോ, പ്രവർത്തിയിലോ യാതൊരു വിധ അതിശയവും തോന്നിയില്ല... കാരണം,ആ അമ്മയേക്കാൾ അവനെ മനസ്സിലാവുന്നവർ മാറ്റാരാണ്..? ഉമ്മറത്തെ പടികളൊന്നിൽ രണ്ടാളും ഇരിക്കുമ്പോഴും, ആ നാലു മിഴികളും വരണ്ടിരുന്നില്ല,, നേരിയ നനവ് ഇടയ്ക്കിടെ വന്നു പോയ്‌ കൊണ്ടിരുന്നു.. ""പണ്ട് നിനക്കെന്തൊരു കുറുമ്പായിരുന്നെന്നോ... രാത്രി ചോറ് കഴിക്കാൻ വല്ലാത്ത മടിയായിരുന്നു... എന്നും ഒരടി എന്റെ കയ്യിന്ന് നിനക്ക് നിർബന്ധ.."" അവർ മനസ്സ് തുറന്ന് പൊട്ടി പൊട്ടി ചിരിച്ചു... പിന്നെയും ആ യുവതി അവനെ കുറിച് വാചാലനായി കൊണ്ടിരുന്നു.... അതിലെവിടെയും തന്റെ ഉപ്പയുടെ നാമം വെറുതെ പോലും വന്നില്ലല്ലോ എന്നോർത്തപ്പോൾ യാദവിന് വല്ലാത്ത നിരാശ തോന്നി..

. ""നീ ഇപ്പോൾ എന്താ ചിന്തിക്കുന്നതെന്നിക്കറിയാം.."" ""എന്താ..""യാദവ് ആകാംഷയോടെ അവരെ മിഴിച്ചു നോക്കി... ""ഉപ്പയെ കുറിച്ചല്ലേ...?"" അവൻ തല കുനിച്ചു... ""മനഃപൂർവ്വം ഞാൻ പറയാതിരുന്നത...."" അമ്പിളിയുടെ നോട്ടം മറ്റെവിടെയോ ആയിരുന്നു.. ""പ്രണയം പലർക്കും പലരോടും തോന്നാം... പക്ഷെ യഥാർത്ഥ പ്രണയം ഒരിക്കൽ, ഒരാളോട് മാത്രം തോന്നുന്ന വികാരമാണ്... അതിന്റെ മൂല്യം നമ്മുടെ ജീവന്റെ വിലയാണ്.."" അവസാന ഉരുളയും യാദവിന് നൽകിയവർ എഴുന്നേറ്റ് പോവുമ്പോൾ ഇത്രമാത്രം പറഞ്ഞു... ""നീ ഒരിക്കലും മൂല്യം നശിപ്പിക്കുന്നവനായി മാറരുത്, നിന്റെ ഉപ്പയെ പോലെ..."" യാദവിന് പെടുന്നനെ വല്ലാത്ത സങ്കടം തോന്നി... മിഴികൾ നിറഞ്ഞൊഴുകി.... കട്ട പാകിയ നിലം, നിലാവിന്റെ തെളിച്ചത്തിൽ വ്യക്തമായി കാണാം.. യാദവിന് ഇഷ്ടമുള്ള മുറി കിടക്കാൻ ഉപയോഗിക്കാമെന്ന് പറഞ്ഞു കൊണ്ടാണ് അമ്പിളി മുകളിലേക്ക് കയറി പോയത്.. നേരത്തെ താഴെ ആയിരുന്നു അവരുടെ റൂം, ശങ്കരന്റെ നിർദ്ദേശപ്രകാരമാണ് ഇപ്പോൾ മുകളിലേക്ക് മാറ്റിയത്....

""ശങ്കരേട്ടാ..."" ഒരു നനുത്ത സ്പർശം കവിളിൽ വന്നതറിഞ്ഞിട്ടും ശങ്കരൻ മയങ്ങിയതുപോലെ അനങ്ങാതെ കിടന്നു... പതിവുള്ള സ്നേഹ ചുംബനം ശങ്കരന്റെ കവിളിൽ നൽകി അവർ അയാൾക്കരികിൽ ചുരുണ്ട് കിടന്നു... ""പൊന്നമ്പിളി...""ആ യുവതിയുടെ വയറിലൂടെ ചുറ്റി പിടിച് കാതോരം ചുണ്ട് ചേർത്ത് പതിയെ വിളിച്ചു... പ്രണയത്തിന്റെ തീവ്രതയിൽ അയാളെപ്പോഴും അങ്ങനെയാണ്... അമ്പിളിയെ വിളിക്കാറ്,, ശങ്കരനും അമ്പിളിക്കും മാത്രം അറിയാവുന്ന ഒരേ ഒരു പേര്..."""പൊന്നമ്പിളി..."" അമ്പിളിയൊന്ന് ചിണുങ്ങി അയാളിലേക്ക് പറ്റി ചേർന്ന് കിടന്നു... ഒരിക്കലും... ഒരിക്കലും മതിയാവാത്തപോലെ... **** പാരിജാതത്തിന്റെ ഗന്ധം, അയിഷായ്ക്ക് ചുറ്റും പുറന്തോട് പോലെ പടർന്നിരുന്നു... ഭ്രമിപ്പിക്കുന്ന വല്ലാത്തൊരു സുഗന്ധം... കവിളിലേ, ഉണങ്ങാത്ത കണ്ണുനീര് അവളൊന്ന് തൊട്ട് നോക്കി.. പിന്നീട് മണത്തു നോക്കി... പാരിജാതത്തിന്റെ മണം... ഇരുവർക്കും തന്റെ പ്രാണനെ ഓർമ വന്ന ഒരേ നിമിഷങ്ങൾ... ഒന്ന് കാണാൻ, ഒന്ന് മിണ്ടാൻ, പരിഭവങ്ങളും, സങ്കടങ്ങളും പങ്കു വെക്കാൻ,

അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ച നിമിഷങ്ങൾ.... ആയിഷ ഫോണെടുത്ത് ചെവിയോടടുപ്പിച്ചു... ""ഞാൻ അങ്ങോട്ട് വിളിക്കാൻ നോക്കുവായിരുന്നു..."" സൗമ്യതയോടെ യാദവിന്റെ സ്വരം കാതിലുയർന്നപ്പോൾ അവൾക്ക് വല്ലാത്ത വെപ്രാളം തോന്നി... ""നീ എവിടെയാ..."" ആയിഷ തിരക്കി... ""എന്റെ വീട്ടിൽ... എന്റെ അമ്മയുടെ കൂടെ..."" അയിഷായ്ക്ക് വല്ലാത്ത അതിശയവും, ആകാംഷയും തോന്നി... സ്വന്തം അമ്മയെ വെറുക്കുന്ന മറ്റൊരാളെയവൾ ഇന്നേ വരെ കണ്ടിട്ടില്ലായിരുന്നു.. യാദവിനെ കാണുന്നത് വരെ... യാദവ് കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ അയ്ഷയുടെ ചിന്തയും നഷ്ടപ്പെട്ട് പോയ നിമിഷങ്ങളെ കുറിച്ചോർത്തായിരുന്നു... ""ഞാൻ ചിന്തിക്കുന്നതതല്ല ആയിഷ.. ഒരിക്കൽ അത്രമേൽ പ്രണയിച്ചവർക്കെങ്ങനെ, എല്ലാം മറക്കാൻ കഴിയുന്നത്.."" ആ നിമിഷം യാദവിന്റെ ചിന്ത തന്റെ അമ്മയെ കുറിച്ചായിരുന്നു.. ഉപ്പയും അമ്മയും തമ്മിലുള്ള സ്നേഹം കൺകുളിർക്കേ നോക്കി നിന്നവനാണ്... അന്നാ കുഞ്ഞു മനസ്സിൽ അവർ രണ്ടു പേരോടും അടങ്ങാത്ത ആരാധനയായിരുന്നു...

ക്ലാസ്സുകളിൽ കൂട്ടുകാർ വീട്ടിലെ വഴക്കുകളെ കുറിച് പരസ്പരം പറയുമ്പോൾ തന്റെ ഉപ്പയെയും അമ്മയെയും ഓർത്ത് അഭിമാനിച്ചവനാണ്... ഒടുവിൽ ക്ഷതം പറ്റിയത് നിർവചിക്കാൻ കഴിയാത്ത ആ സ്നേഹ ബന്ധങ്ങൾക്കിടയിലായിരുന്നു.. "" പ്രണയത്തെ പങ്കുവെക്കുന്നത് ഒരു പെണ്ണിനും സഹിക്കാൻ കഴിയില്ല യാദവ്.. അതിനേക്കാൾ ഭേദം മരിക്കുന്നതാണ്..., നീ ഒന്ന് ചിന്തിച് നോക്കു, അന്ന് നിന്റെ അമ്മയ്ക്ക് മരിക്കാൻ തോന്നിയിരുന്നെങ്കിലോ...?? "" ആയിഷ ഒന്ന് നിർത്തി വീണ്ടും തുടർന്നു... ""മരിക്കാൻ എളുപ്പമാണ് യാദവ്, എല്ലാം തരണം ചെയ്ത് ജീവിക്കാനാണ് പ്രയാസം, ആ കാര്യത്തിൽ നിന്റെ അമ്മ വേറിട്ട്‌ നിൽക്കുന്ന ധീരയായ ഒരു സ്ത്രീയാണെന്ന കാര്യത്തിൽ സംശയമില്ല..."" ഇത്തവണ ആ പെണ്ണിന്റെ വാക്കുകൾ യാദവിന്റെ ആത്മാവിലെക്കഴ്നിറങ്ങിയിരുന്നു.. എന്തെന്നില്ലാത്ത ആഹ്ലാദം... സന്തോഷം അഭിമാനം... യാദവിന്റെ അതുവരെയുണ്ടായിരുന്ന ഒരിറ്റ് നിരാശകൂടി മൃതിയടഞ്ഞു... ""ആയിഷ....."" ""ഹ്മ്മ്..."" ""നീ ഇപ്പോളെവിടെയാ..."" ""ഗാർഡനില... ഇവിടെ പാരിജാതത്തിന്റെ ചോട്ടിൽ....""

""ഞാൻ മനസ്സിൽ കാണുന്നു..."" യാദവ് പുഞ്ചിരിച്ചു.... അര നിമിഷം മൗനം മാത്രം... ""നിനക്കെന്തെങ്കിലും എന്നോട് പറയാനുണ്ടോ...??"" യാദവ് ഗൗരവം ഭാവിച്ച് ചോദിച്ചു... ""ഇല്ല.."" അയ്ഷയുടെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വന്നു നിന്നു... മായാതെ... ""നീ ഇപ്പോൾ ചിരിക്കുവല്ലേ..."" ആയിഷ ചുറ്റും അതിശയത്തോടെ മിഴിയുരുട്ടി നോക്കി... ""അങ്ങനെ നോക്കണ്ട... ഞാൻ കേരളത്തിൽ തന്നെയാ ഉള്ളെ... എന്റെ മണിക്യത്ത് തറവാട്ടിൽ "" അവൻ കുസൃതിയോടെ ചിരിച്ചുകൊണ്ട് പറഞ്ഞു... ""പക്ഷെ.. എങ്ങനെ.."" ആയിഷ പൂർത്തിയാക്കും മുൻപേ യാദവ് പറഞ്ഞു.. ""അറിയില്ല... എല്ലാം എന്റെ കണ്മുൻപിൽ കാണുന്നപോലെ.."" വീണ്ടും മൗനം... ""ഞാൻ നാളെ വന്നോട്ടെ..."" യാദവിന്റെ സ്വരം പതിഞ്, വല്ലാത്ത ആഗ്രഹത്തോടെയുള്ള ചോദ്യമായിരുന്നു അത്....

""ഹ്മ്മ്...""യന്ത്രിക്കാമെന്നോണം ആ പെണ്ണ് സമ്മതം നൽകുമ്പോൾ, മറുത്തൊന്നും ചിന്തിച്ചില്ല... യാദവിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.... അയിഷായ്ക്ക് ഫോണെങ്ങനെയെങ്കിലും വെച്ചാൽ മതിയെന്ന ചിന്തയായിരുന്നു... അവൾക്കെന്തോ സ്വയം നാണക്കേട് തോന്നി പോയി... ""ഞാൻ വെച്ചോട്ടെ... പുറത്ത് ഇനിയും നിന്നാൽ ഞാൻ ഉറച്ചു പോവും അത്രയ്ക്കും തണുപ്പാ... ഡിസംബറിലെ തണുപ്പ്..."" അവൾ മടിച്ചു മടിച്ചു പറഞ്ഞു നിർത്തി... ""മ്മ് ഉറങ്ങിക്കോ സമയം ഒരുപാടയില്ലേ..."" ഫോൺ വെച്ച് യാദവ് പൂമുഖത്തെ വെറും തറയിൽ മലർന്നു കിടന്നു... പുഞ്ചിരി മായാത്ത ചുണ്ടുകൾ വിടർത്തി വെച്ചവൻ പതിയെ മിഴികൾ കൂമ്പിയടച്ചു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story