നിഴലാഗ്നി: ഭാഗം 20

nizhalagni

രചന: Mp Nou

 ""ഹെന്റമ്മോ....""" റാം അറിയാതെ നിലവിളിച്ചു പോയി.. ""ഒച്ചവെക്കല്ലേ..."" അമീർ റാമിന്റെ വായ പൊത്തി പിടിച്ചു... ""ഇവനെന്താ ദിവസവും പാറക്കല്ലാണോ കഴിക്കുന്നെ... എന്നാ മുടിഞ്ഞ വൈറ്റാണെടാ..."" റാം നെഞ്ച് തടവി.. അമീറിന് വല്ലാതെ ചിരി പൊട്ടുന്നുണ്ടായിരുന്നു... ""വാ.. നമുക്ക് വണ്ടിയിലേക്കിരിക്കാം..."" പൊട്ടിവന്ന ചിരി അടക്കി പിടിക്കാൻ ആയാസപ്പെട്ട് കൊണ്ട് അമീർ പറഞ്ഞു... യാദവ് ചുറ്റും നോക്കി... പുറമേക്ക് കാണുന്ന റൂമിലെല്ലാം വെളിച്ചമുണ്ട്... അതുകൊണ്ട് തന്നെ അനായസം ആയിഷ കണ്ടുപിടിക്കാൻ കഴിയില്ലെന്ന് അവനുറപ്പായിരുന്നു.. പക്ഷെ...., അവന്റെ ചിന്തകളെല്ലാം പൊട്ടി വീണ മാലയുടെ മുത്ത് ഊർന്ന് പോവുന്ന കണക്കെയായിരുന്നു ബാൽക്കണിയിലെ ആ നിഴലനക്കം... സദാ സമയം ആ പെണ്ണിനെ മാത്രം ഓർത്തിരിക്കുന്നവന് മനസിലാകാതിരിക്കുമോ ആ നിഴൽ ആരാണെന്ന്....!! അവന്റെ കണ്ണുകൾ പുഷ്പം പോലെ തെല്ലൊന്ന് വിടർന്നു... മിഴി നിറഞ്ഞു..... ആ വലിയ വീടിന്റെ പലയിടങ്ങളിലും അവന്റെ നിറഞ്ഞ മിഴികൾ പരതി.. വീണ്ടും.. വീണ്ടും... ഏകദേശം അരനിമിഷത്തോളം കണ്ണുകൾ പലതിലും തൊട്ട് പോയി... ഒടുവിൽ... തെങ്ങിൽ ചാരി വെച്ച അരക്കോണിയെടുത്തവൻ ഇടത് ഭാഗത്തേക്ക് നടന്നു...

ആ വീടിന്റെ മേൽക്കൂര മടക്കു വീണ കുഞ്ഞു കുഞ്ഞു മലകളെ പോലെയായിരുന്നു... അതുകൊണ്ട് തന്നെ ഒന്നിൽ കയറിയാൽ മറ്റൊന്നിലേക്ക് ചാടി കയറാനും ഒരുവിധം വലിഞ്ഞു കയറാനും അത്യാവശ്യം സുഖകരമായിരുന്നു.... ഏറ്റവും മുകളിലെത്തിയ യാദവ്, ഒരു ഭാഗത്തുകൂടെ അതി ശ്രദ്ധയോടെ നിരങ്ങി നിരങ്ങി നീങ്ങുന്ന കണക്കെ നടക്കുന്നത് റോഡിൽ നിന്ന് നോക്കിയാൽ കാണാൻ സാധിക്കും... അതിനാലാവണം അവന് വല്ലാത്ത ധൃതി പോലെ... തന്നെ കാണുന്നതിലോ, അതിനു ശേഷമുള്ള പരിണിതഫലമോ ഓർത്തിട്ടല്ലായിരുന്നു ആ ധൃതി... മറിച്, തന്റെ പ്രാണനെ കാണാൻ കഴിയാതെ വരുമോ..എന്ന ആകുലത മാത്രമായിരുന്നു.... കാട് പോലെ വിടർത്തിയിട്ട മുടിയിൽ സ്വയം വിരലോടിച്ച്, ഗാഡമായ ചിന്തയിലായിരുന്നു ആയിഷ... ഓറഞ്ച് നിറത്തിലുള്ള ഒരു കോട്ടൺ കുർത്തയും, പ്ലാസ്യോ പാന്റുമായിരുന്നു അവളുടെ വേഷം... യാദവ് തൂണിന് മറവിലൂടെ ആ പെണ്ണിനെ മിഴിയനക്കാതെ നോക്കി നിന്നു.... ശേഷം പതിയെ..... പൂച്ചയെക്കാൾ പതിയെ തെല്ലൊന്ന് കുനിഞ് അവളരികിലേക്ക് നടന്നു....

തനിക്കെതിർവശമായി ഊഞ്ഞാലിൽ ഇരിക്കുന്ന തന്റെ പ്രിയ സഖിക്ക് മറവിലായ് ഒരു ചെറു പുഞ്ചിരിയോടെ അവൻ നിന്നു... സ്വയം അത്ഭുതം തോന്നി പോയ നിമിഷങ്ങളായിരുന്നു അവ... തന്റെയുള്ളിൽ ഇത്രയധികം കുട്ടിത്തവും, കുസൃതിയുമുണ്ടോ എന്ന് പോലും ഒരുമാത്ര യാദവ് അതിശയിച്ചു പോയി.... മൃദുവായി.... വളരെ മൃദുവായി ആ പെണ്ണിന്റെ മിഴികളവൻ പിറകിൽ നിന്നു തന്നെ പൊത്തി... പെടുന്നനെ പിടഞ്ഞെഴുന്നേറ്റ്, ഒരു പകപ്പോടെ ആ പരുത്ത, ബലിഷ്ഠമായ കൈകളിൽ പിടിച്ചവൾ ഞെരിച്ചു.... നഖം കൊണ്ട് കുത്തിയിറക്കി.. ""ആഹ്...."" ഷോകേറ്റത് പോലെ യാദവ് കൈ വലിച്ചു... ശേഷം കുടഞ്ഞു.... ""ഹേയ്... നീയോ...."" പകപ്പ് മാറാതെയുള്ള ആ പെണ്ണിന്റെ നോട്ടം പിന്നീട് അത്ഭുതത്തോടെയും കൗതുകത്തോടെയുമായി മാറിയിരുന്നു... പൊടിഞ്ഞു വീണ വിയർപ്പ് തുടച്ച് മാറ്റിയവൾ നെഞ്ചത്ത് കൈ വെച്ചു... ""പേടിച്ചു പോയി ഞാൻ.."" ആയിഷ ചുമരിലേക്ക് ചാരി നിന്നു പോയി... യാദവിന്റെ പ്രതീക്ഷക്ക് വിപരീതമായിരുന്നു അയ്ഷയുടെ പെരുമാറ്റം...

യാദവിന് വല്ലാത്ത നാണക്കേടും, അമർഷവും തോന്നി... അവന്റെ മുഖം വാടി.... കൊച്ചു കുഞ്ഞിനെ പോലെ മുഖം വീർപ്പിച്ചു നിൽക്കുന്നവനെ കണ്ടപ്പോൾ അയ്ഷക്ക് ചിരി പൊട്ടി വന്നു... ""നീയെന്താ ഒന്നും പറയാതെ... കള്ളനെ പോലെ വന്ന് കയറിയത്..."" യാദവ് ഇത്തവണ ശരിക്കും ചമ്മി പോയിരുന്നു... "". അവിടുന്നെങ്ങാനും നിന്നെ ഒന്ന് കാണാൻ വന്നതും പോരാ... എന്നിട്ട് എനിക്കെന്നെ ഇട്ട് പണിയുന്നോ..."" ആയിഷ യാദവിന്റെ അരികിലേക്ക് പതിയെ നടന്നു വന്നു... ദേഷ്യം കൊണ്ട് ചുമന്ന കവിളിൽ ഒന്ന് തൊട്ടു... പിന്നീടവൾ മുറിവേല്പിച്ച കൈകളിലൊന്ന് തലോടി, അവനെ നോക്കി... ആ പെണ്ണിന്റെ സാമീപ്യത്താൽ അലിഞ്ഞു പോവുന്ന ആയുസ്സെ അവനിലെ ദേഷ്യത്തിനുണ്ടായിരുന്നുള്ളു... ""വേദനിച്ചോ..."" കണ്ണുകൾ തമ്മിലുടക്കി.... വാക്കുകൾ പലതും വീർപ്പു മുട്ടുന്ന പോലെ തോന്നിയ പല നിമിഷങ്ങളിൽ ഒരുനിമിഷവും അവരെ കടന്നു പോയി... ""ഇരിക്കി....."" എസ് പോലെ വളഞ്ഞ സ്റ്റൂൾ ഒന്ന് അവന് നേരെ നീക്കിയിടുകയും, അവശേഷിച്ച മറ്റൊന്നിൽ അവളിരിക്കുകയും ചെയ്തു... ""ഞാൻ നേരത്തെ കണ്ടിരുന്നു..."" യാദവ് നെറ്റി ചുളിച്ചു... ""പിന്നെ.. എന്താണ് തന്റെ പ്ലാൻ എന്നറിയാൻ ഞാൻ കാണാത്ത ഭാവം നടിച്ചതാ..."" അയ്ഷയുടെ ചുണ്ടിലെ കുസൃതി കലർന്ന ചിരി, അവനിലേക്കും പടർന്നിരുന്നു...

പിന്നീടത് ഒരു വലിയ പൊട്ടിച്ചിരിയിലേക്കായിരുന്നു വഴിമാറിയത്... ""പിന്നെ.. താൻ പറ എന്തൊക്കെയാ വിശേഷങ്ങൾ..."" കുറച്ചധികം നിമിഷങ്ങൾ കഴിഞ്ഞായിരുന്നു യാദവ് ചോദിച്ചത്... ഇരുവരും ബാൽക്കണിയുടെ അരഭിത്തിയിൽ കൈ ഊന്നി, പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു... ""എനിക്കെന്ത് വിശേഷം.. എല്ലാം തനിക്കല്ലേ..."" ഒരുതരം നിസ്സംഗതയോടെ ആ പെണ്ണ് പറഞ്ഞു... ""ഞാൻ പറഞ്ഞതിൽ കൂടുതലായിട്ട് മറ്റൊന്നുമില്ല.."" വീണ്ടും മൗനം.... എത്ര തന്നെ സംസാരിച്ചാലും അടുത്ത് കാണുമ്പോഴേക്കും എന്തോ ഒരു അപരിചിതത്തം പോലെ.... യാദവിന് അവളുടെ മുഖത്തേക്ക് നോക്കാൻ പോലും വല്ലാത്ത പ്രയാസം തോന്നി... അവളുടെ അവസ്ഥയും മറിച്ചല്ലായിരുന്നു... ""ആയിഷ...."" അവളൊന്നും മിണ്ടിയില്ല... മിഴിയനക്കാതെ അവനെ നോക്കി നോക്കി നിൽക്കുകയാണ്... എന്തൊക്കെയോ പറയണമെന്നുണ്ട്.. പക്ഷെ....,, തൊണ്ടക്കുഴിയോളം ശങ്കിച്ചു നിൽക്കുന്ന വാക്കുകൾ തിരിച് പിന്നിലേക്ക് തന്നെ പോവുന്നു... ""എന്താ കാണാണമെന്ന് പറഞ്ഞത്..."" നീണ്ട നേരത്തെ മൗനത്തെ ബേദിച്ചു കൊണ്ടവൾ ചോദിച്ചു... ""വല്ലാതെ മിസ്സ്‌ ചെയ്തു.."" യാദവിന്റെ നോട്ടമപ്പോഴും മറ്റെവിടെയോ ആയിരുന്നു... ""നിനക്കോ..."" ആയിഷ വായപൊത്തി അടക്കി ചിരിച്ചു...

ഈർപ്പാമുറ്റിയ നനുത്ത കാറ്റിൽ ആ പെണ്ണിന്റെ കട്ടിയുള്ള മുടിഴിയകൾ അലക്ഷ്യമായി സ്ഥാനം തെറ്റുന്നത് കാൺകെ, യാദവ് മൗനമായി പുഞ്ചിരിച്ചു... ചിരിയടക്കാൻ പാടുപെടുന്ന ആ പെണ്ണിന്റെ കൈകളിൽ പതിയെ പിടുത്തമിട്ടു... ശങ്കിച്ചു നോക്കി നിന്നവളെ അവൻ അല്പംകൂടി ശക്തിയിൽ പിടിമുറുക്കി... വീണ്ടും കണ്ണുകൾ തമ്മിലുടക്കിയപ്പോൾ, ഇരു പേരുടെയും ഉള്ളം ശക്തിയിൽ തുടിക്കുന്നുണ്ടായിരുന്നു... അവന്റെ കണ്ണിലെ തീക്ഷണതയിൽ അവളറിയാതെ ഉമിനീരിറക്കി പോയി... ""എ.. എന്താ..."" ക്രമപ്പെടുത്താൻ കഴിയാത്ത മുത്ത് പോലെ അക്ഷരങ്ങൾ പൊട്ടി വീണു... ഇടർച്ചയുടെ അങ്ങേയറ്റം പോയി നിന്നവൾ ഉത്ഖണ്ഡയോടെ അവനെ നോക്കി... അലസമായ താടി രോമങ്ങൾ ചീകി വെക്കാൻ മറന്ന പോലെ ചികഞ്ഞു കിടക്കുന്നു.. ഉദിച്ചു വരുന്ന സൂര്യനെ പോലെ ആ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം, നോക്കി നോക്കി നിൽക്കെ ആ പെണ്ണിന്റെ മിഴി തനിയെ ഉലഞ്ഞു പോവുന്നു.... ""എന്താ ഇങ്ങനെ നോക്കുന്നെ..."" മിഴിച്ചു നോക്കുന്നവളോട് ചിരിച്ചുകൊണ്ടവൻ ചോദിച്ചപ്പോൾ, കവിളിലെ നുണക്കുഴി കുഴിഞ്ഞു നിന്നു...

. ""ഒന്നുമില്ല..."" ആയിഷ ശിരസ്സ് താഴ്ത്തി... അമർത്തി പിടിച്ച അവന്റെ കൈ വിടുവിക്കാൻ ഒരു ശ്രമം നടത്തി... അവൻ കൂടുതൽ കൂടുതൽ ശക്തിയിൽ അയ്ഷയുടെ കൈയിൽ പിടി മുറുക്കി... അവൾക്കരികിലേക്ക് അവൻ നടന്നു നടന്നെത്തുന്നതിനനുസരിച് ആയിഷ പിന്നിലേക്കായ് ഓരോ കാലടി വെച്ച് വെച്ച്...നീങ്ങുമ്പോഴും രണ്ടുപേരുടെയും മിഴികൾ ഒരു നിമിഷ നേരത്തേക്ക് പോലും വ്യതിചലിച്ചില്ല.... ""ഇനി പുറകോട്ട് പോവാൻ സ്ഥലമില്ല..."" അപ്പോഴാണ് താൻ ചുമരിനോട് ചേർന്നുനിൽക്കുകയാണെന്ന ബോധമാവളിലുണ്ടായത്... പെടുന്നനെ ആ മഴ ഓർമ അവളിലേക്കുണർന്നപ്പോൾ, ഉടലാകെയൊന്ന് ഉറഞ്ഞു പോയി... യാദവിന്റെ കൈ അവളിൽ നിന്നുമൊന്ന് അഴിഞ്ഞതായി തോന്നുവേ, പെട്ടന്നവൾ അവനുമുമ്പിൽ നിന്നും ഒഴിഞ്ഞു മാറാൻ ഒരു ശ്രമം നടത്തി... മുൻകൂട്ടി കണ്ട് മനസ്സിലാക്കിയ യാദവ് അവൾക്കിരുവശവും അവന്റെ കൈകൊണ്ട് തടസ്സം തീർത്തു.... ""എന്താ ഓർമ വന്നേ..."" കുസൃതിയോടെ ചോദിക്കുന്നവനെ നോക്കവേ, പൊരുവിരൽ മുതൽ മൂർദ്ധാവ് വരെ നാണംകൊണ്ട് ചുവന്നു പോയിരുന്നു ആ പെണ്ണ്.... യാദവിന്റെ നോട്ടം അഭിമുഖീകരിക്കാൻ കഴിയാതെയവൾ തല താഴ്ത്തി, മിഴികൾ നിലം വിഴുങ്ങുമ്പോഴും മനസ്സ് അവനിലേക്കാണ്...

""നിന്റെ തന്റേടമൊക്കെ എവിടെ പോയി..."" യാദവ് പതിയെ ചോദിച്ചു... നീണ്ട മൗനം..... അവൻ ആ പെണ്ണിന്റെ മുന്നിലേക്ക് തൂങ്ങി നിൽക്കുന്ന മുടി വിരൽ കൊണ്ട് പതിയെ ചെവിയിടുക്കിലേക്ക് നീക്കി വെച്ചു... അപ്പോഴും അവന്റെ കണ്ണുകൾ അവളുടെ മുഖത്തേക്കായിരുന്നു യാദവിന്റെ സ്പർശനമേൽക്കവേ ആയിഷ മിഴിയടച്ചു... അവന്റെ മുഖം അവളിലെക്കടുപ്പിക്കുന്തോറും ആയിഷ കണ്ണുകൾ ഇറുകെ ഇറുകെ അടച്ചു... അവനിലെ ചുടു നിശ്വാസം ആ പെണ്ണിന്റെ ശ്വാസോചാസങ്ങൾ പോലും നിലച്ചേക്കുമെന്ന പോലെ സ്തംഭിച്ചു പോയി... ""ഐ ലവ് യു...."" അവളിലേക്ക് മുഖം ചേർത്ത് വെച്ച് പതിയെ വളരെ പതിയെ,, മൃദുവായി ചെവിയോരം പറഞ്ഞു... ഒരു നിമിഷം കൂടി അതെ നിൽപ് നിന്ന ആയിഷ പെടുന്നനെ മിഴിയുറച്ച് തുറന്ന് അവനെ തള്ളി മാറ്റി... ബാൽക്കണിക്കടുത്തെ ഉരുളൻ തൂണിനരികെ ഓടിയെത്തി...ചുറ്റി പിടിച്ചു നിന്നു.... മിഴി കടലായി... കവിളിലേക്ക് ഒലിച്ചിറങ്ങി... യാദവ് ദീർഘമായി ശ്വാസം പുറത്തേക്ക് ആഞ്ഞു തള്ളി... അസ്വസ്ഥതയോടെ അവൾക്കരികിലേക്ക് നടന്നു..

. "" ഇഷ്‍ടമായില്ലെങ്കിൽ ക്ഷമിച്ചേക്കു.... മനസ്സിലുള്ളത് തുറന്ന് പറയാൻ കഴിയാതെ ഒരുപാട് നാളായി വീർപ്പു മുട്ടുകയാണ്... എപ്പഴാണെന്നറിയില്ല നീയെന്റെ മനസ്സിൽ ശിലപോലെ ഉറച്ചു പോയത്... അന്ന് മുതൽ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു മരണം വരെ കൂടെ വേണമെന്ന്.... അത്യാഗ്രഹമാണോ, അർഹതയില്ലാത്തതാണോ എന്നൊന്നും എനിക്കറിയില്ല... ഒന്നു മാത്രം എനിക്കറിയാം... നീ ഇല്ലെങ്കിൽ ഞാനും എന്റെ ജീവിതവും ശൂന്യമാണ്... പക്ഷെ... പിടിച്ചു വാങ്ങാൻ ഒരിക്കലും ഞാൻ വരില്ല....""" ഒറ്റ ശ്വാസത്തിൽ മനസ്സിലുള്ളതെല്ലാം തുറന്ന് പറഞ്ഞ യാദവ്,അവിടെ നിന്നും തിരിഞ്ഞു നടന്നു.. ഇനി ഒരിക്കൽ കൂടി ആ പെണ്ണിനെ അഭിമുഖീകരിക്കാൻ അവനിലെ പുരുഷന് ത്രാണിയില്ലായിരുന്നു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story