നിഴലാഗ്നി: ഭാഗം 23

nizhalagni

രചന: Mp Nou

 ""നിന്റെ ഏട്ടനല്ലെടി അത്, നീയെന്താ ഒന്നും മിണ്ടാതെ പോവുന്നെ..."" കോളേജ് കഴിഞ്ഞ് മാളുവും പാർവതിയും വീട്ടിലേക്കുള്ള വഴി തിരിയുമ്പോഴാണ് യാദവ് പാർട്ടി ഓഫിസിന് മുന്നിൽ നിൽക്കുന്നത് കണ്ടത്... ""ഓഹ്.. എന്ത് ഏട്ടൻ... തറയാടി അവൻ വെറും തല്ലുകൊള്ളി..."" പുച്ഛവും ദേഷ്യവും മാളുവിന്റെ വാക്കിലുണ്ടായിരുന്നു... യാദവിന്റെ മുന്നിലൂടെയാണവർ പോയതെങ്കിലും, ഒരു നോട്ടം പോലും അവനിലേക്കെത്താതിരിക്കാൻ മാളു പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു... ""അല്ലെടി.. ഇന്നവരെ കണ്ടില്ലല്ലോ..."" പാർവതി പറഞ്ഞപ്പോഴാണ് മാളുവും അതോർത്തത്.. അവൾ വെറുതെ പിന്നിലേക്കൊന്ന് നോക്കി... നിരാശയായിരുന്നു ഫലം... എന്നും കാണാറുള്ളവനെ പെട്ടന്ന് കാണാതായപ്പോൾ എന്തോ ഒരു വിമ്മിഷ്ടം.. അവസാനമായി ഒരിക്കൽ കൂടി പിറകിലേക്ക് നോക്കി അവൾ വേഗത്തിൽ നടന്നു.... ""മുത്തശ്ശി വന്നോ....."" അമ്മു സന്തോഷത്തോടെ അവർക്കരികിലേക്ക് ഓടിയെത്തി.. രണ്ട് ദിവസമായിട്ട് അവരവിടെയില്ലായിരുന്നു, മകൻ വന്ന് വിളിച്ചപ്പോൾ കൂടെ പോയി... ""സുമതിയാന്റി എന്ത് പറയുന്നു...""

""നിന്നോട് ഒഴിവുള്ളപ്പോൾ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു..."" നേർത്ത വിറയലോടെ അവർ പറഞ്ഞു... ""ആ മാളുവും എത്തിയല്ലോ...."" ഗെയ്റ്റ് കടന്നു വരുന്നവളെ നോക്കി മുത്തശ്ശി പറയവേ, അമ്മുവിന്റെ നോട്ടവും അവിടെക്കായി.. ഓടി വന്ന് കഴുത്തിലൂടെ ചുറ്റിപിടിച്, തൊലി ചുരുണ്ട് തൂങ്ങിയ കവിളിൽ വളരെ പതിയെ സ്നേഹത്തോടെ ചുണ്ടുകൊണ്ടൊന്ന് കടിച്ചെടുത്തു... "" എന്റെ മാധവി കുട്ടിയമ്മേ... വല്ലാത്ത മിസ്സിംഗ്‌ ആയിരുന്നു ട്ടോ... """ മാളു അവരുടെ താടി പിടിചൊന്ന് വലിച്ചു... അവർ വാത്സല്യത്തോടെ രണ്ടുപേരെയും ചേർത്ത് പിടിച്ചൊന്ന് തലോടി, വെറുതെ പോക്കുവഴിലേക്ക് നോക്കിയിരുന്നു.. ***** ""എനിക്കൊരു പാട്ട് പാടി തരോ.."" ആയിഷ കെഞ്ചി... അറിയില്ലെന്നവൻ പറഞ്ഞെങ്കിലും അവളവനെ വിടാനുദ്ദേശിച്ചിട്ടില്ലായിരുന്നു... യാദവ് നന്നായി പാടുമെന്നവൾക്ക് നേരത്തെ തന്നെ അറിയാമായിരുന്നു... എന്തുകൊണ്ടോ ഈ നിമിഷം അവൾക്കൊരു പാട്ട് കേൾക്കണമെന്ന് തോന്നി.. അതും തന്റെ പാതിയുടെ ശബ്ദത്തിൽ... യാദവ് ചെറുതായൊന്ന് തൊണ്ടയനക്കി...

""പണ്ടൊരു കാട്ടിലൊരാൺ സിംഹംമദിച്ചു വാണിരുന്നൂ…. ജീവികൾക്കെല്ലാം ശല്യമായ് എങ്ങും മേഞ്ഞിരുന്നൂ…സിംഹം…..എങ്ങും മേഞ്ഞിരുന്നൂ… കാനനം മഞ്ഞിൽ മുങ്ങും നാളൊന്നിൽ …കണ്ടെത്തീ സിംഹം ഒരു മാൻ പേടയെ… രണ്ടുപേരും സ്നേഹമായ് ചേര്ന്നുവാഴും വേളയായ്…ജീവിതം സൌമ്യമായ് നീങ്ങിടും കാലം… പൂവിടും കാലം… പണ്ടൊരു കാട്ടിലൊരാൻ സിംഹം മതിച്ചു വാണിടുന്നു ജീവികൾക്കെല്ലാം ശല്യമായി എങ്ങും മേഞ്ഞിടുന്നു സിംഹം എങ്ങും മേഞ്ഞിടുന്നു.. """ ആയിഷ അവന്റെ സ്വര മാധുര്യത്തിൽ ലയിച്ച് മറ്റെവിടെയോ എത്തിയിരുന്നു.. ""കഴിഞ്ഞു കഴിഞ്ഞു.... സ്വപ്നലോകം വിട്ട് ഇങ്ങ് പോരി..."" കളിയായി പറഞ്ഞുകൊണ്ടവൻ ചെറുതായൊന്നു ചിരിച്ചു.. ""നിനക്ക് ഈ പാട്ടിന്നോടെന്താ ഇത്ര ഇഷ്ടം..."" ""അറിയില്ല.... എനിക്കെന്തോ വല്ലാത്തൊരിഷ്ടമാണ്... ഇപ്പൊ ആ ഇഷ്ടം ഒന്നുകൂടി കൂടി..."" ""പക്ഷെ ഒരു കാര്യം.."" ""മ്.. എന്തെ..."" ""സിംഹത്തെ അങ്ങനെ ഇനി മതിച്ച് വാഴൻ ഞാൻ വിടില്ല ട്ടോ.."" ""നീ എങ്ങും വിടണ്ട... ഞാൻ നിന്നിൽ മതിച്ചു വാണിടാം... ഇനിയെന്നും...

എന്റെ ഇഷ്ടവും അത് തന്നെ....""" ആ പെണ്ണിന്റെ മുഖം യാദവ് പറഞ്ഞത് കേട്ട് ചുവന്നു പോയി... ഒരു തുള്ളി രക്‌തമിപ്പോ ഉറ്റുമെന്ന പോലെ..... ****** ""ഇനിയും നിന്റെ സങ്കടം മാറിയില്ലേ..."" ജാലകത്തിനരികെ വിദൂരതയിലേക്ക് മിഴി നാട്ടി ഇരിക്കുന്ന ഷാനിബയെ പ്രതീക്ഷയോടെ ഫാത്തിമ നോക്കി.. "" എന്റെ മോന് പൂർണ്ണമായി മാറണം, അന്നേ എന്റെ സങ്കടം മാറുള്ളു... "" ""മാറും.. പൂർണ്ണമായിട്ട് മാറും... എനിക്കെന്തോ പ്രതീക്ഷ തോന്നുന്നു..."" ""ഹ്മ്മ്.... അമ്മായി പോയോ..."" ""ഇല്ല അൻവറിന്റെ വീട്ടിൽ പോയതാ..."" ബഷീർ സാഹിബിന്റെ രണ്ടാമത്തെ സഹോദരനാണ് അൻവർ, ഏകദേശം ഒരു കിലോമീറ്റർ ദൂരമേ ഇവിടെ നിന്നുമുള്ളൂ... ""അപ്പൊ ഞാൻ ഒറ്റക്ക് എങ്ങനെ പോവും..."" ചിന്തമാഗ്നയായി ഷാനിബയത് പറഞ്ഞപ്പോൾ ഫാത്തിമയും തെല്ലൊന്ന് ആശങ്കപെടാതിരുന്നില്ല.. ഒറ്റക്ക്, മറ്റൊരു നാട്ടിൽ, ഒരു യുവതി മാത്രം.. അതിനുമാത്രം ധൈര്യമൊന്നും ഇന്ന് ഈ പെണ്ണിനില്ല... കൂടെ ആണുങ്ങളായിട്ട് ആരുണ്ടെന്ന് പറഞ്ഞാലും, ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീ കൂട്ട് ഉണ്ടെങ്കിൽ അത് വലിയൊരാശ്വാസം തന്നെയാണ്.....

ഏത് പാതിരാത്രിയും പതറാതെ നിൽക്കാനുള്ള ഒരു മനസ്സ് പെണ്ണിന് വേണം... പക്ഷെ, തളർച്ചക്ക് മുകളിൽ വീണ്ടുമൊരു തളർച്ച വള്ളി പടർപ്പ് പോലെ ആ യുവതിയെ പൊതിഞ്ഞിരിക്കുന്നു.... മറ്റൊരാശ്വാസം കടന്നു വരാത്തത്രയും കാലം അവൾ ബലഹീനതയുടെ കുടയിൽ ചൂളിപിടിച്ചിരിക്കാൻ മാത്രം സമയം കണ്ടെത്തുന്നവളാണ്... ഇനിയതിൽ നിന്നൊരു മോചനം ലഭിക്കണമെങ്കിൽ അവൾ മാത്രം വിചാരിക്കണം.. അവൾക്ക് കഴിയാത്തതും അതു തന്നെയാണ്... രോഗശയ്യയിലെ രോഗിക്ക് സമാനമായത്രയും പതിയെ ഒരു നിശ്വാസം ഫാത്തിമ പുറത്തേക്ക് വിട്ടു... കിനിഞ്ഞിറങ്ങിയ കണ്ണുനീര് മറച്ചു പിടിച്ചുകൊണ്ടവർ ആ മുറി വിട്ട് പോയതിന്റെ, അതെ നിമിഷം, ഷാനിബ ഡോറിനടുത്തേക്ക് നോട്ടമയച്ചു... ****** ""വേലായുധൻ വന്നില്ലേ...."" ശങ്കരൻ കാറിൽ നിന്നിറങ്ങിയതും ആദ്യം ചോദിച്ചതതാണ്... രണ്ട് ദിവസം മുൻപേ തേങ്ങ പറിക്കാനായി വേലായുധനെ ഏല്പിച്ചത് ശങ്കരൻ ആയിരുന്നു... ഇന്ന് പുലർച്ചെ എത്താമെന്നായിരുന്നു വാമൊഴി... കൈ സഹായത്തിന് ഏല്പിച്ചവൻ എത്തിയിട്ടും വേലായുധൻ എത്തിയില്ലെന്ന് കാൺകെ.. ശങ്കരൻ അമ്പിളിയെ നോക്കി... ""എത്തേണ്ട സമയം കഴിഞ്ഞു...."" അമ്പിളി പറഞ്ഞു.. ""വാക്ക് പാലിക്കാത്ത ഷൻണ്ടൻ...""

പിറുപിറുത് അയാൾ വേഗത്തിൽ അകത്തേക്ക് കയറി പോയി... ബാലുശ്ശേരി അറപ്പീടികയിലാണ് പാരമ്പര്യ വക സ്വത്ത്‌, മൂന്നേക്കറിൽ കൂടുതൽ നിലവും, പത്തോളം പീടിക മുറികളും ഉണ്ട് അവിടെ.. കൂടാതെ, പുതുതായിട്ട് പണി കഴിപ്പിച്ച രണ്ട് ടെസ്റ്റൈൽസും ഒരു ഹോട്ടലും കൂടിയുണ്ട്... എല്ലാം നോക്കി നടത്തുന്നത് ശങ്കരനാണ്... പക്ഷെ, വസ്തുക്കൾ എല്ലാം ഇപ്പോഴും മാധവി അമ്മയുടെ പേരിലാണെന്നതാണ് വാസ്തവം.. മാധവി അമ്മയുടെ ബാക്കി നാല് മക്കൾക്കും വീട് മാറുമ്പോൾ ആവോളം ഒരു പകുതി കൊടുത്തതാണ്.. എങ്കിലും ബാക്കി വരുന്ന വസ്തുക്കളിൽ അവർക്കിപ്പോഴും ഒരു കണ്ണുണ്ടെന്നത്, രഹസ്യമായ പരസ്യമാണ്... അതുകൊണ്ടാണ്, അനിഷ്ടത്തോടെയാണെങ്കിൽ കൂടിയും, ഭാര്യമാരും മാധവിയോട് അവരുടെ വീട്ടിൽ നിൽക്കാൻ ആവശ്യപ്പെടുന്നത്... മാധവി എല്ലാം മനസിലാക്കിയിട്ടും, ഒന്നും മനസിലാകാത്തത് പോലെ പെരുമാറും... ""ഭാര്യമാര് പിഴച്ചാൽ പിന്നെ മക്കൾ നേരെ നിക്കുമോ.."" തന്റെ ആണ്മക്കളെ കുറിച്, ചോദിക്കുന്നവരോടത്രയും, മാധവിക്ക് പറയാനുള്ളത് അത്രമാത്രമാണ്.... എന്നിരുന്നാലും പെറ്റ വയറല്ലേ... ഇടക്കെപ്പഴൊക്കെയോ ഓർക്കുമ്പോൾ കണ്ണ് നിറയും.... പക്ഷെ, നിറഞ്ഞൊഴുകാറില്ല.... ""ഇതിനിത്ര ശുണ്ഠി കാണിക്കേണ്ട കാര്യമുണ്ടോ...""

ചെറു ചിരിയോടെ മയത്തിൽ പറഞ്ഞു കൊണ്ട് അമ്പിളി ശങ്കരന്റെ പിന്നിൽ വന്ന് നിന്നു... ""വാക്ക് പാലിക്കാനുള്ളതാണ്.."" അയാൾ തിണ്ണയ്ക്ക് മുകളിലെ കൂജയിൽ നിന്നും ഒരു ഗ്ലാസ്‌ വെള്ളമെടുത്ത് വലിച്ചു കുടിച്ചു... ""ഓഹോ.... ഇവിടെയും ഒരുപാട് മോഹന വാഗ്ദാനങ്ങൾ നൽകിയിരുന്നു..."" അമ്പിളി അയാൾക്ക് നേരെ ചിറി കോട്ടി... പതിയെ ശങ്കരന്റെ വലങ്കയ്യിൽ ചുറ്റിപിടിച് തോളോട് ചാരി കിടന്നു... ശങ്കരൻ മൗനമായി പുഞ്ചിരിച്ചു.... വലുതും, ചെറുതുമായ, ഏത് സമ്മർദ്ധവും ഒരുനിമിഷത്തേക്കെങ്കിലും ഇല്ലായ്മ ചെയ്യാൻ കഴിവുള്ളവളാണ് സ്ത്രീ... അതേതെങ്കിലും ഒരു സ്ത്രീ ആവുന്നതിലപ്പുറം, മനസ്സറിയുന്ന, ജീവനേക്കാൾ സ്നേഹിക്കുന്ന ഒരുവളാണെങ്കിൽ ആ ജീവിതം തന്നെ ധന്യം.. ചില ജീവിതങ്ങൾ വിചിത്രമാണ്.. വായിക്കാനും, മനസ്സിലാക്കാനും കഴിയാത്ത പുസ്തകം പോലെ... അതുമല്ലെങ്കിൽ സുമിത്രയെ പോലെ... അമ്പിളി സ്നേഹത്തോടെ തലയുയർത്തി അയാളെ നോക്കി... ""എന്താണ് എന്റെ പ്രാണനാഥന്റെ ശരിക്കുമുള്ള പ്രശ്നം..."" ശങ്കരനൊന്നും മിണ്ടിയില്ല... പറയാനുള്ള ഭാവവും അയാൾക്കില്ലെന്ന് തോന്നിയവർക്ക്....

, ""പറയാതെ ഞാൻ വിടില്ല... അത്രയ്ക്കുമുണ്ട് എന്തോ പുകഞ്ഞു പൊന്തുന്ന മണം..."" അയാളുടെ ഉറച്ച നെഞ്ചിൽ കുത്തിയവർ പറഞ്ഞു.. "ഹ്ഹ..""ശങ്കരനറിയാതെ പ്രകടമായി തന്നെ ചിരിച്ചു പോയി... ആ പതിനഞ്ച് വയസുകാരി പെൺകുട്ടിയെ ഓർമ വന്നപ്പോൾ, അയാൾ വാത്സല്യത്തോടെ അമ്പിളിയെ നോക്കി.... അയാളിലേക്ക്, കൂട്ടി പിടിച്ചവരെ നെറുകിൽ ഉമ്മ വെക്കുമ്പോയായിരുന്നു യാദവ് അങ്ങോട്ടേക്ക് വന്നത്... തന്റെ ഉപ്പയുടെ സ്ഥാനത് മറ്റൊരാളെ കണ്ടപ്പോൾ അർത്ഥമില്ലാത്തൊരു മനപ്രയാസം അവന് തോന്നി... മാത്രവുമല്ല പലപ്പോഴും ഉപ്പ ഇതിനേക്കാൾ സ്നേഹത്തോടെ അമ്മയെ ചുംബിക്കുന്നത് കൺ കുളിർക്കേ കണ്ടവനാണല്ലോ അവൻ.., അപ്പോൾ യാദവിന്റെ സങ്കടം തീർത്തും സ്വഭാവികമാണല്ലോ......!!! ""ആഹ്.. മോനെത്തിയോ..."" ശങ്കരന്റെ മുഖത്തെ ആത്മാർത്ഥമായ വാത്സല്യം അവനപ്പോൾ, വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കി... മനസ്സിലെ വികാരം ഭാവങ്ങളിൽ വരാതിരിക്കാൻ ശ്രമിച്ചുകൊണ്ടവൻ, ചിരിച്ചെന്നു വരുത്തി, അടുക്കളയിൽ നിന്നും പുറത്തേക്ക് പോയി... തന്റെ മകന്റെ ചിന്തയിലൂടെ കടന്നു പോയതെന്താണെന്ന് ആ അമ്മയ്ക്ക് മനസ്സിലാകാതിരിക്കുമോ....??

നേരിയ വിഷമത്തോടെ അവന്റെ റൂമിലേക്ക് ആ അമ്മ പോവുമ്പോൾ, ഗാഡ്ഢമായ ചിന്തയിലായിരുന്നു യാദവ്... ഏറെ നിമിഷമൊന്നും ആയിട്ടില്ലെങ്കിലും ചിന്തകൾക്ക് മനുഷ്യനുമേൽ സ്വാധീനം ചെലുത്താൻ നിമിഷങ്ങളിൽ നിന്ന് നിമിഷങ്ങളിലേക്കുള്ള ദൂരമത്രയും വേണ്ടത്രേ... ""മോനെ... നിന്റെ വിഷമം എനിക്കി മനസ്സിലാവും.... പക്ഷെ അദ്ദേഹം എന്റെ ഭർത്താവാണെന്നുള്ള കാര്യമോർക്കത്തെ നീ പലപ്പോഴും, നിന്റെ ഉപ്പയെ കുറിച്ചോർത് ദുഖിക്കുന്നു..."" യാദവിന്റെ തോളിൽ കൈ അമർത്തി, അവനു മുമ്പിലായിരുന്നു.. ""എനിക്കെല്ലാം മനസ്സിലാവും അമ്മേ... പക്ഷെ..."" മുഴുമിപ്പിക്കാൻ കഴിയാതെയവൻ ഉഴറി.. നേർത്ത വരണ്ട ചിരി മായാതെ അമ്പിളി യാദവിന്റെ മുഖത്തേക്ക് നോക്കി... ""ഞാൻ ഒരു കാര്യം പറഞ്ഞാൽ നിനക്ക് ഉൾകൊള്ളാൻ കഴിയുമോ..."" ശിരസ്സ് വെട്ടിച്ച് യാദവ് അമ്പിളിയെ 'എന്താണെന്നുള്ള ഭാവേനെ നോക്കി ' ""എനിക്കിന്നും നിന്റെ ഉപ്പയോട് വെറുപ്പാണ്.... നീ എല്ലാം മനസ്സിലാക്കി എന്റെ അടുത്തേക്ക് വന്നവനാണ്, പക്ഷെ ഞാൻ അങ്ങനെയല്ല.. നിന്റെ ഉപ്പയെയും മറ്റൊരു സ്ത്രീയെയും, ഒരേ റൂമിൽ, ഒരേ കിടക്കയിൽ..."" മുഴുമിപ്പിക്കാനാവാതെ അമ്പിളി വേദനയോടെ തേങ്ങി... അവരുടെ കൈയിൽ യാദവ് അമർത്തി പിടിച്ചു..

. ""ആ കാഴ്ച ഒരു പെണ്ണിനും സഹിക്കാൻ കഴിയാത്തയാണ്... മറ്റെന്ത് സഹിച്ചാലും മറ്റൊരു പെണ്ണിനെ തേടുന്നവനെ ഉൾകൊള്ളാൻ ആത്മഭിമാനം ഇല്ലാത്തവളല്ല നിന്റെ അമ്മ..."" അമ്പിളി പഴയ ഓർമ്മകൾ അയവിറച്ചു... ""പക്ഷെ..., എന്റെ ശങ്കരേട്ടൻ, അദ്ദേഹമാണ് എന്നെ ആത്മാർഥമായി സ്നേഹിച്ചത്... ആത്മാർത്ഥയുള്ളതേ, ജീവിതകാലം മുഴുവൻ കൂടെയുണ്ടാവു മോനെ... അമ്മയെ പോലെ ഒരിക്കലും മോന്റെ ജീവിതം തകരരുത്... അമ്മയുടെ ജീവിതം തകർന്ന പോലെ, മറ്റൊരു പെണ്ണിന്റെ ജീവിതം തകർക്കാൻ നീ കാരണമാകരുത്..."" അമ്പിളി ആ നിമിഷം സുമിത്രയെ കുറിച്ചായിരുന്നു ഓർത്തത്... യാദവ് അയിഷായെയും.... ***** ""കോഴിക്കോട്ടേക്ക് പോവുന്നത് ആരൊക്കെയാണെന്ന് തീരുമാനിച്ചോ...??"" ബഷീർ സാഹിബ്‌ മുനീറിനോട് തിരക്കി... ഗാർഡനിലെ ഫൈബർ കസേരയിൽ കണക്കുകൾ നോക്കിയിരിക്കുകയായിരുന്നു അയാൾ... ""തീരുമാനിച്ചു... പക്ഷെ..."" അവനൊന്ന് പരുങ്ങി... സംശയത്തോടെ അയാൾ തന്റെ മകനെ നോക്കി... ""അമ്മായി നാളെ എത്തില്ല.... ഉമ്മയ്ക്കാണെങ്കിൽ ക്ലൈമറ്റ് മാറുമ്പോയേക്കും അസുഖമല്ലേ... പിന്നെയുള്ളത് അയ്ഷയാണ്..."" മുനീർ സാകൂതം ഉപ്പയെ നോക്കി... അയാൾ വരി മുറിയാത്ത നീണ്ട ആലോചനയിലായിരുന്നു...

""അങ്ങനെ എങ്കിൽ ആയിഷ തന്നെ പോട്ടെ, മാലിക്കിനെയും വിടാം..."" മാലിക്കുണ്ടെന്നറിഞ്ഞപ്പോൾ മുനീറിനെപ്പോലെ തന്നെ, അയ്ഷയും വല്ലാതെ അസ്വസ്ഥത പ്രകടിപ്പിച്ചു... ""നീ ഇല്ലേ..."" കുറച്ച് നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് അയിഷായത് ചോദിച്ചത്. ""എനിക്കി ഒരു പാട് വർക്ക്‌ പെന്റിങ് ഉണ്ട്.. വൈദ്യർ പറയുന്നതിനനുസരിച്, ഞാൻ വരാം..."" ""അപ്പോൾ അവിടെ നിൽക്കണമെന്ന് നിർബന്ധമുണ്ടോ...??"" ""വിവരങ്ങൾ അറിഞ്ഞപ്പോൾ തങ്ങേണ്ടി വരുമെന്ന പറഞ്ഞത്.."" ""മ്മ്.. ഞാൻ തന്നെ പോവാം... എന്ത് വന്നാലും ഫാരിയെ നന്നായികണ്ടാൽ മതി...."" ""എങ്കിൽ നാളെ പുലർച്ചക്ക് പുറപ്പെട്ടോ.... ഞാൻ എളേമ്മയോടും പറഞ് വരാം.."" ആയിഷ പതിഞ്ഞൊന്ന് മൂളി... മുനീർ പോയെന്ന് ഉറപ്പ് വരുത്തിയ ശേഷം, ആയിഷ യാദവിന്റെ നമ്പറിലേക്ക് ഡയൽ ചെയ്ത് പതിയെ ബാൽക്കാണിയിലേക്ക് നടന്നു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story