നിഴലാഗ്നി: ഭാഗം 24

nizhalagni

രചന: Mp Nou

പതിവിന് വിപരീതമായി, ശങ്കരന്റെ മങ്ങിയ മുഖം അമ്പിളി നേരത്തെ തന്നെ വീക്ഷിക്കുന്നുണ്ടായിരുന്നു.. 'എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന്' ചോദിച്ചെങ്കിലും ഒന്നും വ്യക്തമായി പറഞ്ഞിരുന്നില്ല... അതിനിടയിൽ യാദവും വന്നു... പിന്നീട് അവനു പുറകെയായി പോയി... വീണ്ടും ഇപ്പോഴാണ് ശങ്കാരനെ അവർക്ക് തനിയെ കിട്ടുന്നത്.... അടുക്കളയിലെ പണി കഴിഞ്ഞെത്തുമ്പോയേക്കും ശങ്കരൻ കിടന്നിരുന്നു... ഒരു ഉന്മേഷമോ, സന്തോഷമോ, അയാൾക്ക് ഇല്ല.... ""എന്തുപറ്റി...."" ശങ്കരാനരികിൽ അമ്പിളി പതിയെയിരുന്നു... മുഴുവനായും നരച്ച വെള്ളി മുടിയിൽ അവർ വിരൽകൊണ്ടുഴിഞ്ഞു.. ""എന്നോട് പറയാൻ കഴിയാത്ത പ്രശ്നം എന്താ..."" ""ഒന്നുല്ലടോ...അങ്ങനെ പറയാൻ പറ്റാത്തതൊന്നുമല്ല..."" സീലിംഗ് ഫാനിൽ നോട്ടമുറപ്പിച്ച, അയാൾ കണ്ണുയർത്തി അമ്പിളിയെ നോക്കി.... ""ഇന്ന് ബൽറാം ഓഫീസിൽ വന്നിരുന്നു..."" അമ്പിളി വല്ലായ്മയോടെ അയാളെ നോക്കി... ബാലറാമിന്റെ പെങ്ങളെയാണ് അമ്പിളിയുടെ മൂന്നാമത്തെ സഹോദരൻ വിവാഹം കഴിച്ചത്... അതുകൊണ്ട് തന്നെ ആ വഴി വന്ന ഭീഷണി ആയിരിക്കുമെന്നവർ ഉറപ്പിച്ചിരുന്നു.... ""എനിക്കി ഇതൊന്നും നോക്കി നടത്താൻ പറ്റില്ലെന്ന് അമ്മയോട് പറയണമത്രേ..."" ""നിങ്ങളെന്തിനാ അങ്ങനെ പറയുന്നേ.."" അമ്പിളിക്കി വല്ലാതെ ദേഷ്യം വന്നു...

""എന്നാലല്ലേ മറ്റുള്ളവർക്കെല്ലാം വീതിച്ചെടുക്കാൻ പറ്റുള്ളൂ..."" ""എത്രയുണ്ടെങ്കിലും ആക്രാന്തം മാറാത്ത വർഗ്ഗങ്ങൾ..."" ദേഷ്യം കൊണ്ട് അമ്പിളിയുടെ മുഖം ചുവന്നുപോയിരുന്നു... ""എന്റെ വിഷമം അതല്ല..., നമ്മുടെ കാര്യം എന്തെങ്കിലും ആയിക്കോട്ടെ. പക്ഷെ, മക്കൾക്ക് അവകാശപ്പെട്ടത് അവർക്ക് കിട്ടാതിരിക്കരുത്..."" ശങ്കരൻ ഉറച്ച നെഞ്ചിൽ കൈ അമർത്തി തടവി... ""മറ്റൊരു കാര്യം കൂടി അയാൾ പറഞ്ഞു..."" ""എന്ത് കാര്യം...??"" ""പ്രിയപ്പെട്ട ഭാര്യയുടെ മകനെ കൊണ്ട് തന്നെ സ്വന്തം കുഴി തോണ്ടരുതെന്ന്.."" അമ്പിളിയുടെ പതർച്ചയും, കണ്ണിലെ ഭയവും ഞൊടിയിടയിൽ അയാൾ മനസിലാക്കിയിരുന്നു... ബാലരാമിന്റെ വളർത്തുപുത്രനെ പോലെയാണ് യാദവ്... അയാൾക്ക് വേണ്ടി അവനെന്തും ചെയ്യും.. പക്ഷെ..., സ്വന്തം അമ്മയുടെ താലി അറുത്തുമാറ്റാൻ അവൻ തയ്യാറാകുമോ....? അമ്പിളിയുടെ ഉള്ള് നീറിയെങ്കിലും, തന്റെ പ്രിയപെട്ടവനു മുമ്പിൽ മിഴിനിറയ്ക്കാൻ അവർ ഒരുക്കമല്ലായിരുന്നു.... ശങ്കരന്റെ മറ്റെന്ത് ദുഃഖത്തിനുമുള്ള മരുന്ന് ആ സ്ത്രീയാണ്.. പക്ഷെ, ആ സ്ത്രീയുടെ മിഴി നിറഞ്ഞാൽ അയാളുടെ മുറിവുണക്കാൻ മാത്രം ഈ ലോകത്ത് മറ്റൊരു മരുന്നില്ല എന്നതാണ് സത്യം... കുടശീല പോലെയായ അമ്പിളിയുടെ വയറിലേക്ക് മുഖം പൂഴ്ത്തുന്ന ഓരോ നിമിഷവും അയാൾക്ക് പുതുമയുള്ളതാണ്...

അവരിലേകള്ളിപിടിക്കുന്ന പ്രണയത്തിന്റെ വേരുകൾ തമ്മിൽ ബന്ധിതരാവുമ്പോൾ, കെട്ടുറഞ്ഞു പോയ ദുഃഖങ്ങളെ പോലും മുഖവിലക്കെടുക്കാൻ അയാൾക്ക് സാധിക്കുമായിരുന്നില്ല... അത്രയുമത്രയും, അയാൾ, അമ്പിളിയിൽ മാത്രം ജീവിക്കുകയാണ്.... ***** രാവിലെ പത്തുമണിയോടടുത്തിരുന്നു ഷാനിബയും, അയ്ഷയും, മാലിക്കും പിന്നെ ഫാരിയും നഗരത്തിലെത്തി ചേരാൻ... പുതിയ, മറ്റൊരു നഗരം... അപരിചിതർ.... ""ഇവിടെ വെച്ചും എന്റെ മകനെ നീ പരാജയപ്പെടുത്തല്ലേ നാഥാ...."" കാറിൽ നിന്നിറങ്ങുമ്പോൾ ഷാനിബ അറിയാതെ നെഞ്ചിൽ കൈവെച് തേങ്ങി പോയി.... മാലിക്കും അയ്ഷയും ചായ കുടിക്കുകയായിരുന്നു.. റോഡിനോരം ചേർന്ന് ചെറിയൊരു തട്ടുകടയുണ്ട്.. കസ്റ്റമേഴ്സിന് ഇരിക്കാൻ പാകത്തിന് പണികയ്പ്പിച്ച നീളൻ മരബെഞ്ചിലായിരുന്നു അവരിരുവരും ഇരുന്നത് . ആയിഷ ചുറ്റുപാടും കണ്ണുകൾക്കൊണ്ട് അലഞ്ഞു വല്ലാതായ മട്ടുണ്ട്... മാലിക്കിന്റെ കണ്ണുകൾ അവളറിയാതെ ആ പെണ്ണിനെ പിന്തുടരുന്നുണ്ടായിരുന്നു... ""നിന്റെ ഒരു നോട്ടം അവളുടെ മേൽ ഉണ്ടാവണം..."" ബഷീർ സാഹിബിന്റെ വാക്കുകൾ വീണ്ടുമവൻ ഓർത്തെടുത്തു... ""ഇനി എത്ര ദൂരമുണ്ട്...."" ഷാനിബ അക്ഷമയോടെ അയ്ഷയെ നോക്കി... ആയിഷ മാലിക്കിനെ നോക്കി...

""ഇവിടെ എത്തിയാൽ പിന്നെ പത്തു പതിനഞ്ച് മിനുറ്റ്ന്റെ യാത്രയെ ഉള്ളു എന്നാണ് മുനീറ് പറഞ്ഞത്...""" ***** ""നിനക്കിന്ന് ഇരുപത്തിരണ്ട് വയസ്സ് പൂർത്തിയായി..."" ജാനകി പയറു തോരൻ ഒന്നിളക്കി ചേർത്തിട്ടു.. സുമിത്ര നിശബ്ധമായി തന്നെ അതെ ഇരുപ്പ് തുടർന്നു... തന്റെ പിറന്ന നാൾ വീട്ടിൽ ഒരുത്സവമാണ്.., രാവിലെ എഴുന്നേറ്റ് അമ്പലത്തിൽ പോയി മനസ്സറിഞ്ഞു പ്രാർത്ഥിക്കും, പ്രാത്ഥനയിലെ ഒരു ഭാഗം യാദവിനാണ്.. പതിവിലും ഏറെ നേരം അമ്പലത്തിൽ ചിലവഴിച്ചിട്ടേ, വീട്ടിലേക്ക് മടക്കമുള്ളൂ.... അപ്പോഴേക്കും, ജാനകി അവൾക്കേറ്റവും പ്രിയപ്പെട്ട അടപ്രഥമൻ ഉണ്ടാക്കിയിട്ടുണ്ടാവും... ഉച്ച ആവുമ്പോഴേക്കും വീട്ടിൽ അടുത്ത ബന്ധുക്കളെല്ലാം എതുമ്പോയേക്കും ചെറിയ വലിയൊരു ഉത്സവം തന്നെയാണെന്ന് തന്റെ പിറന്നാളെന്ന് അവൾ ചിന്തിക്കാറുണ്ട്... വന്നവരെല്ലാം അവരാൽ കഴിയുന്ന, എന്തെങ്കിലും സമ്മാനം നൽകിയിട്ടേ പിരിഞ്ഞു പോവാറുള്ളു.... സുമിത്രയുടെ നെഞ്ചിലെന്തോ കല്ലിച്ച് നിൽക്കുമ്പോലെ വല്ലാത്ത വേദന തോന്നി... ഇനിയും എത്ര നാൾ...!!

അച്ഛനെ വെറുത്ത്, അമ്മയെ സങ്കടപെടുത്തി.... അറിയില്ല.... അറ്റമില്ലാത്ത നൂല് പോലെ ജീവിതം നീണ്ടു കിടക്കുന്നു.. പക്ഷെ, ഭാവി എന്തെന്നറിയാൻ ആ നൂലിന്റെ അങ്ങേയറ്റം വരെ സഞ്ചരിക്കേണ്ടിയിരിക്കുന്നു.... പക്ഷെ...., എങ്ങനെ..., പാതി വഴിയിലെങ്കിലും കൂടെ തന്റെ പ്രണയമുണ്ടായിരുന്നെങ്കിൽ.....!! ""നീയ് കേൾക്കുന്നില്ലേ ഞാൻ പറയണത്..."" ജാനകി രണ്ടാമതും ചോദിച്ചു... ""ഏഹ്.. എന്താ അമ്മേ..."" നീണ്ട ആലോചനയെ മാറ്റി നിർത്തി സുമിത്ര ജാനകിയെ നോക്കി.. ""ആണായിട്ടും പെണ്ണായിട്ടും ഞങ്ങൾക്ക് നീയല്ലേ ഉള്ളു മോളെ... ഇനി എത്രകാലം ഉണ്ടാവുമെന്നെനിക്കറിയില്ല.., കണ്ണടയുന്നതിന് മുൻപ്.."" മിഴി നിറഞ്ഞിട്ടും, പ്രതീക്ഷയോടെ ജാനകി സുമിത്രയെ നോക്കി.. അവൾ അമ്മയുടെ മുഖത്തേക്ക് ഉറ്റ് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല... ഉലഞ്ഞ ചില്ല് പോലെ ഹൃദയത്തിൽ വേദനയുടെ വര വീണിരുന്നു.. ചുവപ്പ് മാറി ഒലിച്ചിറങ്ങുന്ന രക്തത്തിന്റെ നിറം കറുപ്പിനെക്കാൾ കറുത്ത മറ്റൊരു നിറം പോലെ... ഹൃദയത്തിലാകെ വേദനയുടെ വഴുവഴുപ്പ്.... അവൾക്ക് വല്ലാത്ത അസഹ്യത തോന്നിയെങ്കിലും, എതിർത്ത് പറയാനോ, മുഖം കറുപ്പിക്കാനോ ആ പെണ്ണിന് തോന്നിയില്ല... ""അമ്മയ്ക്ക് എല്ലാം അറിയാം.... പക്ഷെ..., മനസ്സിലാക്കേണ്ടവൻ മനസ്സിലാക്കിയില്ലെങ്കിൽ,

പിന്നീട് കാത്തിരിക്കുന്നതിൽ എന്തർത്ഥമാണുള്ളത്..."" സുമിത്ര വെറുതെ വെറുതെ എല്ലാം കേട്ട് ആ ഇരിപ്പ് തുടർന്നു... ""ഒന്നുമില്ലേലും അദ്ദേഹം നിന്റെ അച്ഛനല്ലേ.. തെറ്റാണെങ്കിലും നിനക്ക് വേണ്ടിയല്ലേ.. അദ്ദേഹം അന്നത് ചെയ്തത്.. ഇനിയും ശിക്ഷിച്ചു മതിയായില്ലേ...."" പരിഭവം മാറാത്ത ജാനകിയുടെ വാക്കുകൾ ആ പെണ്ണിനെ വല്ലാതെ വീർപ്പു മുട്ടിച്ചു... ഒന്നും മിണ്ടാതെ തന്റെ റൂമിലേക്ക് പോവുമ്പോഴും മനസ്സ് നിറയെ സുമിത്രയുടെ പ്രണയമായിരുന്നു... എത്ര അടർത്തി മാറ്റാൻ ശ്രമിച്ചിട്ടും, അള്ളിപ്പിടിച്ച ഇത്തിൾ പോലെ ആ മുഖം, ഹൃദയത്തിന്റെ ഭിത്തിയിൽ പറ്റിപ്പിടിച്ചിരിക്കുന്നു... വയ്യ.....!!! ഇനിയൊരു തിരിച്ചു പോക്ക് ഇല്ല.... എന്റെ പ്രണയം എന്നിൽ തന്നെ അവസാനിക്കട്ടെ....! അർഹിച്ചതാണെങ്കിൽ അതെന്നിൽ എത്തിച്ചേരുന്നത് വരെ കാത്തിരിക്കും... വിധി മറ്റൊന്നാണെങ്കിൽ അതെന്നിൽ തന്നെയോടുങ്ങാട്ടേ... പലതും തീരുമാനിച്ചുറപ്പിച്ച ആ പെണ്ണ് തന്റെതായ പണികളിൽ മുഴുകി... **** എല്ലാം കഴിഞ്ഞ് വൈദ്യരുടെ വീട്ടിലെത്തുമ്പോയേക്കും പതിനൊന്നു മണി കഴിഞ്ഞിരുന്നു... ദാറിട്ട റോഡിൽ നിന്ന് ഒരു കുഞ്ഞു ഇടവഴിയിലൂടെ കാൽ നടയായിട്ട് വേണം പോവാൻ... അതുകൊണ്ട് തന്നെ കാർ റോഡിനപ്പുറത്തുള്ള ഒരു ഗ്രൗണ്ടിലായിരുന്നു നിർത്തിയത്...

ഇടവഴി അവസാനിക്കുന്നിടത്ത് വിശാലമായ പറമ്പാണ്... നിറയെ തെങ്ങും കവുങ്ങും, ഒരാൾ പൊക്കത്തിലുള്ള മരവും ചെടികളും തിങ്ങി നിറഞ്ഞ മനോഹരമായ പറമ്പ്... വീട്ടിലേക്ക് പ്രത്യേകമായി വഴി തിരിച്ചിട്ടില്ലെങ്കിലും, ആളുകൾ നടന്ന പാട് മണ്ണിൽ പതിഞ് പതിഞ് ഒരു നടപ്പാത പോലെ തോന്നിക്കുന്നു... ആയിഷ ആകമാനം കണ്ണോടിച്ചു.... ചുണ്ടിൽ അവൾ പോലുമറിയാതെ ഒരു പുഞ്ചിരി നിറഞ്ഞു നിന്നു.... പകുതി വഴി എത്തിയപ്പോയെക്കും വല്ലാത്ത തണുപ്പും, പരിചിതമല്ലാത്ത പല മണവും അവരിലാകെ പൊതിഞ്ഞു നിന്നു... കുറച്ചുകൂടി മുന്പോട്ട് നടന്നപ്പോഴാണ് അത് ഔഷധ കൂട്ടിന്റെ മണമാണെന്ന് വ്യക്തമായത്.... അത്യാവശ്യം വലുപ്പത്തിലുള്ള ഓടിട്ട വീടായിരുന്നു അത്... പൂമുഖത്ത് ഒന്ന് രണ്ട് പേര് ഇരിക്കുന്നുണ്ട്... പിറകിലെ ചായ്‌പ്പിന്റെ ഒരു പകുതി മുറ്റത്ത് നിന്ന് തന്നെ കാണാമായിരുന്നു... അവിടെ നിന്നും പുക ഉയരുന്നതും നോക്കിയാണ് ആയിഷ ഉമ്മറത്തേക്ക് കയറിയത്... നീളത്തിലുള്ള കാവി കോലായിൽ, കുറച്ചധികം കസേരകൾ വരിക്കിട്ടിട്ടുണ്ട്... പൂമുഖത്ത് തന്നെയുള്ള മുറിയിലിരുന്നാണ് വൈദ്യരുടെ ചികിത്സ... കർട്ടൻ കൊണ്ട് മറച്ച വാതിൽ അടച്ചിട്ടിട്ടുണ്ട്... അതിനർത്ഥം അകത്ത് ആളുണ്ടെന്നാണ്... ""കുഞ്ഞിരാമൻ വൈദ്യർ ""

ആയിഷ ബോർഡിലേക്ക് വെറുതെ നോക്കി.... പാരമ്പര്യ വൈദ്യനാണ്, മരുന്നുകളെല്ലാം വീട്ടിൽ തന്നെയുണ്ടാക്കി കൊടുക്കുകയാണ്... പച്ച മരുന്നും കൂടെ ചെയ്യുന്നുണ്ട്.... ഫാരിക്ക് ഇവിടെ നിന്നും ഭേദമാവുമെന്ന് എന്തുകൊണ്ടോ അയ്ഷക്ക് വല്ലാത്ത വിശ്വാസം വന്നതുപോലെ...ഒന്നനങ്ങി ഇരുന്നു.. ഷാനിബ എന്തോ ചിന്തയിലാണ്... മാലിക് അവിടെ നിന്നും എങ്ങോട്ടോ എഴുന്നേറ്റ് പോയ സമയത്തായിരുന്നു അകത്ത് നിന്നും ഒരാൾ വരികയും അവരോട് കയറിക്കോളാൻ പറഞ്ഞതും.. ഷാനിബയോടൊപ്പം അയ്ഷയും അകത്തേക്ക് കയറി... പച്ച മരുന്നിന്റെയും ചന്ദന തിരിയുടെയും ഇടകലർന്ന മണം, ആ റൂമിലാകെ തിങ്ങി നിറഞ്ഞിട്ടുണ്ടായിരുന്നു... ""ഇരിക്ക്.."" കണ്ടാൽ ഗൗരവക്കാരനാണെന്ന് തോന്നുമെങ്കിലും ശബ്ദം സാധാരണക്കാരന്റെതായിരുന്നു.. സൂക്ഷിച് നോക്കിയാൽ അമ്പത്തഞ്ചിനോടടുത്ത പ്രായം തോന്നിക്കും... ഇപ്പൊ വീഴുമെന്ന രീതിയിൽ മൂക്കിനറ്റത്ത് തങ്ങി നിൽക്കുന്ന സാധാരണ ഒരു കണ്ണട... ചുളിവ് വീണ മുഖത്ത്, ഓജസ്സും, പ്രസന്നതയും... അധികം തടിയില്ലാത്തതും, അവശത തോന്നിക്കാത്തതുമായ ഒത്ത തടിയുള്ളൊരു മനുഷ്യൻ.. ഒരു മുണ്ട് മാത്രമായിരുന്നു വേഷം... ഒരു വട്ടം കണ്ടാൽ നേരിയ ഭയം തോന്നുമെങ്കിലും, വീണ്ടും വീണ്ടും കാണുമ്പോൾ പാവം ഒരു മനുഷ്യൻ.... മോണകാട്ടി വിടർന്നു ചിരിക്കുന്നത് കണ്ടപ്പോൾ പല്ല് മുളയ്ക്കാത്ത ഒരു കുഞ്ഞു കുട്ടിയെ പോലെ.... തങ്ങൾ കയറുമ്പോൾ അയാൾ ഏതോ പുസ്തകത്തിലേക്ക് മിഴിയെടുക്കാതെ നോക്കുകയായിരുന്നു...

അതിന്റെ അവസാനമെന്നോണം, പുസ്തകം മടക്കി സഹായിയുടെ കയ്യിൽ നൽകി, ടേബിളിലെ ഗ്ലാസിൽ വെച്ച വെപ്പ് പല്ലെടുത്ത് മോണയിൽ തിരുകി..... ഒന്ന് നിവർന്നിരുന്നു.... ""കാര്യങ്ങളെല്ലാം ഞാൻ നേരത്തെ തന്നെ അറിഞ്ഞു... അതുകൊണ്ട് കൂടുതൽ മുഖവരയില്ലാതെ വൈദ്യത്തിലേക്ക് കടക്കാം...."" ""അവസാന പ്രതീക്ഷയാണിവിടെ... എന്റെ മകന്റെ അസുഗം മാറ്റി തരണം..."" ഷാനിബ കൈകൂപ്പി മിഴി നിറച്ചു പറഞ്ഞു... ""ഞാനതിന് ദൈവമല്ലല്ലോ... നമുക്ക് ശ്രമിക്കാം...."" ചെറു പുഞ്ചിരിയോടെ അയാൾ പറഞ്ഞു... ഷാനിബാക്ക് വല്ലാത്ത നിരാശ തോന്നിയെങ്കിലും, എവിടെയോ ഒരു പ്രതീക്ഷ... ""വാ... ഇങ്ങ് വന്നേ..."" വൈദ്യർ വാത്സല്യത്തോടെ കൈകാട്ടി വിളിച്ചു... തന്റെ ഉമ്മയെ പറ്റിചേർന്നിരിക്കുകയായിരുന്നു ഫാരിസ്... ആദ്യമൊന്ന് മടിച്ചെങ്കിലും, പിന്നീട് നേരിയ മടിയോടു കൂടി തന്നെ ഫാരി അയാൾക്കരികെ ചെന്നു... വൈദ്യർ വാത്സല്യത്തോടെ അതിലുപരി സ്നേഹത്തോടെ ആ കൊച്ചു പയ്യനെ തലോടുകയും ആകമാനം വീക്ഷിക്കുകയും ചെയ്തു... അവിടെയും ഇവിടെയുമായി വയറിലമർത്തി ഞെക്കി നോക്കി.... ഗൗരവം വിടാതെ അയാൾ കുറച്ചധിക നേരം ചിന്തമഗ്നനായി, ""ചികിത്സ പെട്ടന്ന് തുടങ്ങണം, ചിലപ്പോൾ, ഒരുമാസത്തോളം തുടർ ചികിത്സ വേണ്ടി വരും, പക്ഷെ താമസ സൗകര്യം..""

അയാളൊന്ന് നിർത്തി എന്തോ പറയാൻ ഭവിക്കവേ, ഷാനിബ പറഞ്ഞു.. "" അതൊന്നും വിഷയമല്ല... എന്റെ മകനൊന്ന് നന്നായി കണ്ടാൽ മതി... "" ""ഉം "" അയാളൊന്നമർത്തി മൂളി... പിന്നെയും അവരുടെ സംഭാഷണം നീണ്ടുപോയി... വൈദ്യ രീതിയും, ചികിത്സയെ കുറിച്ചും സംസാരിച് ഏകദേശ ധാരണ വരുത്തിയതിന് ശേഷമാണ് അവരവിടെ നിന്നും ഇറങ്ങിയത്..... ***** ""നിന്നെ എത്ര ദിവസമായെടാ കണ്ടിട്ട്...."" ആൽത്തറയിൽ ഇരിക്കുകയായിരുന്നു റാംമും, അമീറും,വിനുവും,, അപ്പോഴാണ് ഉണ്ണി അവിടേക്ക് വന്നത്... ""പകുതിയിൽ നിർത്തിയ പഠനം പൂർത്തിയാക്കാമെന്ന് കരുതി....അതിന്റെ പിറകെയ.."" ""എന്റെ പൊന്നോ,, എന്തുപറ്റി ഇങ്ങനൊരു ചിന്ത വരാൻ..."" റാം തലയിൽ കൈ വെച്ചു... ""ഒന്നുല്ലെടാ.. എത്ര നാളാ ഇങ്ങനെ അലമ്പ് കളിച് നടക്കുന്നെ... ചുമ്മാ എല്ലാരെകൊണ്ടും പറയിപ്പിക്കാനായിട്ട്.... നാട്ടിനും വീട്ടിനും ഉപകാരമില്ലാതെ.. "" ""ഹഹ... അതൊക്കെ അതിന്റെ വഴിക്കി നടക്കട്ടെ...നീ ഇങ്ങ് വന്നേ... കൊറേ കാലമായില്ലേ ഒന്ന് കൂടിയിട്ട്... ഇന്ന് നമുക്ക് ആഘോഷിക്കണം...."" വിനു ആഹ്ലാദത്തോടെ പറയുമ്പോൾ അമീർ തിരക്കിയത് യാദവിനെ ആയിരുന്നു... ""ഇന്നവള് വരുന്നുണ്ടെടാ... ചെലപ്പോ കാണാൻ പോയിട്ടുണ്ടാവും...""

റാമായിരുന്നു മറുപടി നൽകിയത്... നാലുപേരും യാദവിനെ ഓർത്ത് ഒരുപോലെ പുഞ്ചിരിച്ചു പോയി.... ***** വൈദ്യരുടെ വീടിനടുത്തായിട്ട് തന്നെയാണ് അയ്ഷയും ഒരു കുഞ്ഞു വീട് വാടകക്കെടുത്തത്... ആദ്യം റൂമെടുക്കാമെന്നായിരുന്നു മാലിക് ഉപദേശിച്ചത്... പക്ഷെ, ഷാനിബയാണ് ഒരു കുഞ്ഞു വീട് മതിയെന്ന് പറഞ്ഞത്.. ഒറ്റ നിലയിൽ വാർപ്പിട്ട ഒരു ഇടത്തരം വീട്.... വൈദ്യർ തന്നെ ആളെ വിട്ട് വീടും പരിസരവും വൃത്തിയാക്കി തന്നു... ""മ്മ്.. കൊള്ളാം...."" ഷാനിബ തല വെട്ടിച് അയ്ഷയെ നോക്കി... ""ഇവിടെയൊക്കെ താമസിക്കാൻ എനിക്കി വല്ലാത്ത ബുദ്ധിമുട്ട് തോന്നുന്നു..."" മാലിക് ഈർഷ്യതയോടെ പറഞ്ഞു... ""എന്നാ നീ വിട്ടോ...."" എടുത്തടിച്ച പോലെയായിരുന്നു അയ്ഷയുടെ മറുപടി.. അവൻ കണ്ണുരുട്ടി അയ്ഷയെ നോക്കിയപ്പോൾ, അവൾ പുച്ഛത്തോടെ ചുണ്ട് കോട്ടി.... അകത്തേക്ക് പോയി... ""അടുപ്പെല്ലാം ഉണ്ടല്ലോ...."" ഷാനിബയ്ക്ക് ചെറിയൊരാശ്വാസം തോന്നി... ""ഇതിങ്ങനൊക്കെ ചികിത്സക്ക് വന്ന് നിൽക്കാൻ വേണ്ടി സൗകര്യപ്പെടുത്തിയതാണ് പോലെ..."" മാലിക് കയ്യിലെ കവർ അടുക്കള തിണ്ണയിൽ വെച്ച് സിങ്കിൽ നിന്നും കൈ കഴുകി.... ""ഞാൻ കുറച്ച് അത്യാവശ്യ സാധനങ്ങൾ വാങ്ങി വരാം.... അപ്പോയെക്കും ചായ റെഡിയാക്കിക്കോ എന്റെ പെണ്ണെ....""

മാലിക് വല്ലാത്തൊരു ഭാവാധികാരത്തോടെ അയ്ഷയുടെ കവിളിൽ തൊട്ടു.. അവൾക് വല്ലാത്ത അരിശം വന്നു തുടങ്ങിയിരുന്നു... അറപ്പോടെ അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ, മാലിക് കണ്ണ് ചുമ്മി, കാറിന്റെ കീ വിരലിലിട്ട് കറക്കി ഒരു മൂളിപ്പാട്ടോടെ കാറിൽ കയറി മതിൽ കെട്ടിൽ നിന്നും പുറത്തേക്ക് പോയി... ""ഞാനൊന്ന് ഫ്രഷ് ആയി വരാം..."" ബാഗിൽ നിന്നും ഡ്രെസ്സെടുത്ത് വാഷ്റൂമിലേക്ക് നടക്കുമ്പോഴും യാദവിനെ കാണാൻ കഴിയാത്ത വേദന മനസ്സാകെ നിറഞ്ഞിരുന്നു..... ****** ""യാദവ്...."" പോസ്റ്റുമാൻ നാരായണൻ കുട്ടി അവനെ കൈ കൊട്ടി വിളിച്ചു... യാദവ് അയ്ഷയെ കാണാൻ വേണ്ടി ചേലിയയിലേക്ക് പുറപ്പെടുകയായിരുന്നു... റോഡിലേക്കിറങ്ങിയപ്പോൾ വണ്ടിയ്ക്ക് എന്തോ ഒരു തകരാറ്, എന്താണെന്ന് ചികഞ്ഞു നോക്കുന്നതിനിടയിലാണ് അയാളുടെ വിളി....

""നിനക്കൊരു കത്തുണ്ട്..."" അവന്റെ കയ്യിൽ കൊടുത്ത്, എന്തോ തിരക്കുള്ളത് കാരണം ഒന്നും ചോദിക്കാതെ അയാൾ ധൃതിയിൽ കടന്നു പോയി... കത്ത് കയ്യിൽ പിടിച് ശങ്കിച് നിന്നയവൻ, തലയൊന്ന് കുടഞ് അത് പൊട്ടിച്ചു വായിച്ചു... """എന്റെ പ്രണയത്തിന്റെ ചുവന്ന പൂക്കൾ, ഞാൻ നിനക്ക് സമ്മാനിക്കട്ടെയോ...?? രക്തത്തിന്റെ നിറവും, കണ്ണീരിന്റെ മണവും, ഓരോ ഇതളിലും നിനക്ക് കാണാനും അറിയാനും കഴിയുമോ...? അന്നും ഇന്നും നിന്നോടുള്ള പ്രണയം നൊമ്പരം മാത്രം തന്നു.. പക്ഷെ..., ആ വേദനയും എനിക്കൊരു ലഹരിയാണ്... ഒരിക്കലും തിരികെ കിട്ടുമെന്നുറപ്പില്ലാത്ത പ്രണയത്തിന്റെ ലഹരി ഞാൻ നിന്നെ പ്രണയിക്കുന്നു... ഇന്നും നിർത്താതെ ഭ്രാന്തമായി..""""" -അജ്ഞാത- """ ഇപ്രകാരമായിരുന്നു ആ കത്തിലുണ്ടായിരുന്നത്.... പേരോ നാടോ, ഒന്നുമേ ഇല്ലാത്ത ഊമ കാത്തുമായി യാദവ് ഒന്നും മനസിലാവാതെ ആ വഴിയരികിൽ തറഞ്ഞു നിന്നു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story