നിഴലാഗ്നി: ഭാഗം 7

nizhalagni

രചന: Mp Nou

 യാദവിന്റെ തൊട്ടടുത്തായി ആയിഷ ഒരു കപ്പ്‌ ചായയുമായി ഇരുന്നു.. കവിൾ ഭാഗികമായ് മൂടിയ കറുത്ത താടി രോമങ്ങൾ, നെറ്റി തൊടാതെ കോതിയുയർത്തി വെച്ച മുടി, കട്ടി പിരികത്തിനടിയിൽ എല്ലായ്പ്പോഴും തീക്ഷണത തോന്നിക്കുന്ന കണ്ണുകൾ,, എന്തോ ഒരു വശ്യ സൗന്ദര്യം അവനിലാവോളം ഉണ്ടെന്ന് ആ പെണ്ണിന് തോന്നി.. അവന്റെ കണ്ണുകളിലേക്ക് ഏറെ നേരം നോക്കിയിരിക്കാൻ ഒരാൾക്ക് പോലും കഴിയുമായിരുന്നില്ല... അത്രമാത്രം തീക്ഷണത ആ കണ്ണുകളിൽ സദാ ഉണ്ടായിരുന്നു.. തന്റെ അരികിലിരിക്കുന്നവളെ ഗൗനിക്കാതെ യാദവ് എവിടെക്കെയോ നോക്കിയിരുന്നു.. ആ പെണ്ണും അതെ പോലെയങ്ങനെ ഇരുത്തമുറപ്പിച്ചു.. കൂടെ ഓരോ കവിൾ ചായ ആസ്വദിച്ച് കുടിച്ചു കൊണ്ടിരുന്നു.. ഇരുവരും ഇരു യുഗങ്ങളിൽ എന്ന പോലെ തോന്നിക്കും, പുറമെ നിന്നുമൊരാൾ നോക്കിയാൽ.. ചായപീടികയിൽ തിരക്കാണെങ്കിലും ബഷീർ ഒരു കണ്ണ് അവരിലേക്ക് നീട്ടിയിരുന്നു... മാറി മാറി കവലയിലേക്കെത്തുന്ന ജനം ഇടയ്ക്ക് അവരെ നോക്കിയെങ്കിലും കാര്യമായ അനേഷണം ഉണ്ടായില്ല...

വാസ്തവത്തിൽ ഒരായ്ച്ച പിന്നിട്ടപ്പോഴേക്കും നാടെങ്ങും പരന്ന വാർത്തയുടെ ചൂര് ഏറെ കുറെ കുറഞ്ഞിരുന്നു... അതാവും മുഖ്യ കാരണം.... ആയിഷ ഇടയ്ക്കൊന്ന് യാദവിനെ നോക്കി കൊണ്ടിരിക്കെ ചായ കുടിക്കുന്നത് തുടർന്നു.. ""നിനക്കെന്തെങ്കിലും എന്നോട് പറയാനുണ്ടോ "" പെടുന്നനെ അവൻ ചോദിച്ചപ്പോൾ ചുണ്ടിലേക്കടുപ്പിച്ച കപ്പ് പിൻവലിച്ചയവൾ നിഷേധാർത്ഥത്തിൽ തലയാട്ടി.. "" അതല്ല... ഇടക്കിടക്ക് നോക്കുന്നത് കണ്ട് ചോദിച്ചതാ.. "" സൗമ്യതയോടെ അവളെ നോക്കി.. അവനവളെ ശ്രദ്ധിക്കുന്നുണ്ടന്നറിഞ്ഞപ്പോൾ അവൾക്ക് വല്ലാതെയായി പോയി.. അപ്രകാരമൊരു പ്രതികരണം അവനിൽ നിന്നും തീരെ പ്രതീക്ഷിച്ചിരുന്നില്ല.. അവൾക്കുണ്ടായ നാണക്കേട് പുറത്ത് കാണിക്കാതെ ചോദിച്ചു.. ""ഇന്നും പുറത്ത് നിന്നാണോ ഭക്ഷണം..?"" "" പിന്നെയല്ലാതെ... ഇവിടെ വെച്ച് വിളമ്പാൻ പറ്റുമോ.. "" ""അതിനെന്താ...? ഇവിടെ ഒരുപാട് സൗകര്യമുണ്ടല്ലോ.. കുറച്ച് അവശ്യ സാധനങ്ങൾ വാങ്ങിയാൽ ഇവിടെ തന്നെ ഭക്ഷണം ഉണ്ടാക്കലോ.."" സംശയത്തോടെ അവനെ നോക്കിയെങ്കിലും ആ പെണ്ണിന്റെയുള്ളിൽ തെല്ലും കുറയാത്ത ആകാംഷ ബലപ്പെട്ടിരുന്നു..

അവനെന്ത് പറയുമെന്ന് അവളിലൊരു നിശ്ചയവുമുണ്ടായിരുന്നില്ല.. ""ഉം.. നോക്കാം.."" അവനിലെ അതെ പുഞ്ചിരി അയ്ഷയുടെ ചുണ്ടിലൂടെയും മാഞ്ഞു പോയി... അന്നൊരു വൈകുന്നേരം.. മഴക്കുള്ള ലക്ഷണമെന്നപോലെ കിഴക്ക് വെളുത്ത മേഖങ്ങൾ കറുത്തുരുണ്ട് വന്നു.. ഇടയ്ക്കിടെ ഈർപ്പത്തിന്റെ സാനിദ്ധ്യത്തിൽ കാറ്റ്, മരങ്ങളെയും.. മനുഷ്യരെയും.. ഒരു കുഞ്ഞു പുല്നാമ്പിനെ പോലും സ്പർശിക്കാതെ കടന്നു പോയില്ല.. തുടക്കത്തിൽ ശാന്തതയോടെ വന്ന കാറ്റ് ഇടയ്ക്കിടെ ശക്തി കൂടി വന്നു...ജനലുകൾ സ്വയം കൊട്ടിയടക്കപ്പെടുന്ന ശബ്‌ദം കോളനിയിലെ പല ഭാഗങ്ങളിൽ നിന്നായ് വ്യക്തമായി കേൾക്കാം.. അയ്ഷയ്ക്ക് വല്ലാത്ത ഭയം തോന്നി.. കാറ്റിനെ അവൾക്ക് പേടിയാണ്.. പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്ത് ശക്തമായ കാറ്റിൽ മേൽക്കൂര തകർന്ന് വീണ് കൂട്ടുകാരികൾക്ക് അപകടം സംഭവിച്ചത് അവൾക്ക് മുമ്പിൽ വെച്ചായിരുന്നു... തന്റെ ശരീരത്തിലേക്ക് വീഴേണ്ടിയിരുന്ന ഒരു അലക് ലക്ഷ്യം തെറ്റി മറ്റൊരു കുട്ടിയുടെ കഴുത്തിനു വീഴുകയും അവൾ മരണപ്പെടുകയും ചെയ്തത് ഇന്നും ഉണർന്നിരിക്കുന്ന സ്വപ്നം പോലെ അവൾക്കു മുമ്പിൽ വേദന മാറാത്ത കാഴ്ചയായി കല്ലിച്ചു നിൽക്കുന്നു..

ആ സംഭവം അവളെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തിയത്,, ഇന്നു വരെ മറക്കാൻ കഴിയാത്ത നോവിന്റെ വരയായി മനസ്സിൽ നെടുനീളെ കിടക്കുന്നു... അതിനാൽ തന്നെ അവളുടെ ധൈര്യത്തെ ഏറ്റവും കൂടുതൽ ബലഹീനപെടുത്താൻ കഴിവുള്ള ഒന്ന് കാറ്റ് തന്നെയാണ്... അല്പം കഴിഞ്ഞ് കാറ്റിനോടൊപ്പം ശക്തിയായി പെയ്യുന്ന മഴ, പുറത്തെ ഷീറ്റിനു മുകളിൽ ചരൽ വാരിയെറിയുന്ന പോലെ ശബ്ദമുണ്ടാക്കി.. ഇടയ്ക്കിടെ വാതിലിനിടയിലൂടെയും ജനലിലൂടെയും ടെറസ്സിലേക്കും അവളുടെ മിഴി ഇളം പകപ്പോടെയും ഭീതിയോടെയും നോക്കി കൊണ്ടിരുന്നു.. പക്ഷെ...., മഴ അയ്ഷക്ക് ഇഷ്ടമാണ്.. . ശാന്തമായ കാറ്റിനെയും ആ പെണ്ണിനേറെ ഇഷ്ടമാണ്....അതവൾ പണ്ടും ഇന്നും ആവോളം ആസ്വദിക്കാറുമുണ്ട്.. കാറ്റിന്റെ ശക്തിയൊന്ന് കുറഞ്ഞപ്പോൾ അവൾ വാതിൽ കടന്ന് പുറത്തേയ്ക്കിറങ്ങി.. ഏറ്റവും ആദ്യത്തെ പടിയിലിരുന്നു... എവിടെയോ തട്ടി തെറിക്കുന്ന നീർ തുള്ളിയുടെ അംശം അവളുടെ വലതുഭാഗം നേർമയിൽ നനച്ചു കൊണ്ടിരുന്നു.. കവിളിലും കണ്ണിലും ആ നനവ് പടർന്നു... മഴ ശക്തി കൂടി കൂടി വന്നു...

ഏറെ നേരത്തേക്ക് ഈ മഴ തുടരുമെന്നവൾക്ക് തോന്നി.. മുറി നൂലുപോലെ വീഴുന്ന മഴയിലേക്കവൾ ഉറ്റുനോക്കി.. കഴിഞ്ഞ കുറച്ചു ദിവസങ്ങളെ ഓർത്തപ്പോൾ അവളിലാകെ ഒരുള്ക്കിടിലം അനുഭവപ്പെട്ടു.. ബോധമറ്റ് വീണുപോയ തന്നെയവിടെയിട്ട് രക്ഷപെട്ട രാഹുലിനോടവൾക്ക് ലജ്ജതോന്നി... ഒപ്പം യാദവിനോട് ബഹുമാനവും... ഒരുപക്ഷെ തന്റെ മാനം നഷ്ടമായെക്കാവുന്ന സാഹചര്യമായിരുന്നു അവിടെയുണ്ടായത്... കയറിപിടിക്കാൻ വന്ന അപരിചിതനെ തള്ളി മാറ്റിയപ്പോൾ പുറകിലുള്ള കമ്പിയിലേക്ക് അയാൾ വീണുപോകുമെന്നും മരിച്ചുപോവുമെന്നും തന്റെ ഉപബോധ മനസ്സ് ഓർത്തില്ല... എങ്ങനെയെങ്കിലും ഓടി രക്ഷപെടണമെന്ന് മാത്രം ചിന്തിച്ചു... ഒടുവിൽ ഇവിടം വരെ എത്തി.. കണ്ണിൽ ഉരുണ്ട് കൂടിയ നെല്ലോളം വലുപ്പത്തിലുള്ള തുള്ളി കവിളിലേ മഴത്തുള്ളിയോട് ചേർന്നൊലിച്ചു... ചിന്തമാഗ്നയായി ഇരിക്കുമ്പോഴാണ് മഴയത്ത് നിന്നും ഓടികയറിയ യാദവിനെ അവൾ ശ്രദ്ധിച്ചത്.. വേഗത്തിൽ ഗോവണി കയറി റൂമിലേക്കോടി കയറിയ അവനെ അവൾ തിരിഞ്ഞു നോക്കി..

അയലിൽ നിന്നും വെളുത്ത മുണ്ടെടുത്ത് അവൻ തല നന്നായി തോർത്തി... റൂമിലാകെ കണ്ണോടിച്ച് അവൻ അയ്ഷയെ നോക്കി... അവൾ പുറത്തേക്ക് നോക്കിയിരിക്കുകയാണ്.. റൂമാകെ നല്ല വെടുപ്പും വൃത്തിയുമുണ്ട്.. എല്ലാം അടുക്കിയൊതുക്കി വെച്ചിരിക്കുന്നു.. ആകെ ഒരു തെളിച്ചം വന്നതുപോലെ.. ഇത്രയും കാലം താനിവിടെ താമസിച്ചിട്ടും ഈ റൂമിനിത്ര ഭംഗിയുള്ളതായി അവന് തോന്നിയിരുന്നില്ല.. "" ഞാൻ വെറുതെയിരുന്നപ്പോൾ ഒതുക്കി വെച്ചന്നെയുള്ളൂ.. "" അവനിഷ്ടപ്പെട്ടില്ലേ.... എന്ന സംശയത്തോടെ യാദവിനെ നോക്കി.. "" ഉം.... നന്നായിട്ടുണ്ട്...ഈ ലൈറ്റൊക്കെ എവിടുന്ന് ഒപ്പിച്ചു.. "" ആകാംഷയോടെ യാദവ് ചോദിച്ചു.. കുറച്ച് നന്നായി തന്നെ ലൈറ്റ്സും ചിത്രങ്ങളും വെച്ച് അവൾ ആ മുറിയാകെ അലങ്കരിച്ചിരുന്നു... "" ഞാൻ വരുമ്പോൾ എടുത്തതാ... എന്റെ റൂമിലുള്ളതായിരുന്നു... "" "" ഉം കൊള്ളാം... "" പിങ്ക് നിറത്തിൽ കുട്ടിയുടുപ്പിട്ട, മൂന്നോ നാലോ വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി.. യാദവ് ആ ചിത്രം സൂക്ഷിച്ചു നോക്കി.. അയ്ഷയുടെ മുഖത്തെ ചമ്മൽ കണ്ടപ്പോൾ അവന് ചിരിയടക്കാനാവാതെ ബുദ്ധിമുട്ടി..

എങ്കിലും മനസ്സിലായില്ലെന്ന പോലെ അവൻ വെറുതെ ചോദിച്ചു.. ""അതാരാ.."" ""അതെന്റെ കൂട്ടുകാരിയാണ്.."" നാണക്കേട് പുറത്ത് കാണിക്കാതെ അവൾ ആ ചിത്രം നോക്കി നിന്നു.. "" നല്ല ഭംഗിയുള്ള കൊച്ച്.. കുട്ടിയായിരുന്നപ്പോൾ ഇങ്ങനെയാണെങ്കിൽ... ഇപ്പൊ നല്ല ഭംഗിയുള്ള പെൺകുട്ടി ആയിട്ടുണ്ടാവും അല്ലെ.. "" അവൾക്കവനോട് എന്തിനോ വല്ലാത്ത നീരസം തോന്നി.. യാദവ് ഇടങ്കണ്ണിട്ട് നോക്കിയതല്ലാതെ പൂർണ്ണമായി നോക്കിയില്ല... കാരണം അവന് നല്ല പോലെ ചിരി വരുന്നുണ്ടായിരുന്നു.. അവളൊന്നും മിണ്ടാതെ അരനിമിഷത്തോളം അവനു മുമ്പിൽ നിന്നു.. ""നാളെ നമുക്ക് പോയി അത്യാവശ്യം വേണ്ട സാധനങ്ങൾ വാങ്ങാം.."" യാദവ് വിഷയം മാറ്റാൻ ശ്രമിച്ചു.. യാദവ് തനിയെ പോയി വാങ്ങിയാൽ മതിയെന്നായിരുന്നു അയ്ഷയുടെ തീരുമാനമെങ്കിലും, അവളെയും കൂടെ കൊണ്ടുപോവണമെന്ന് തന്നെയായിരുന്നു യാദവിന്റെ തീരുമാനം.. മഴയുടെ കനം കുറഞ്ഞു വന്നെങ്കിലും ഇന്ന് ടെറസിൽ കിടക്കാൻ കഴിയില്ലെന്ന് യാദവിന് ബോധ്യമായിരുന്നു.. രാത്രി ഭക്ഷണം വാങ്ങാനും സാഹചര്യം അനുകൂലമല്ല..

നേരത്തെ വരുമ്പോൾ വാങ്ങിയാൽ മതിയായിരുന്നെന്ന് അവനോർത്തു.. ഇന്നത്തെ ഫുഡിന്റെ കാര്യം അയ്ഷയോട് അന്വേഷിച്ചപ്പോൾ"" ഒരു നേരം കഴിച്ചില്ലെങ്കിൽ ഒന്നും സംഭവിക്കില്ല ""എന്നായിരുന്നു അവളുടെ മറുപടി.. എങ്കിലും യാദവിന് വല്ലാത്ത അസ്വസ്ഥത തോന്നി.. ആയിഷയ്ക്ക് കഴിക്കാൻ ഒന്നും വാങ്ങിയില്ലല്ലോ എന്ന ചിന്ത അവന് വ്യഗ്രത വർധിപ്പിച്ചു.. "" ഞാൻ പെട്ടന്ന് പോയി വരാം.. ""മറുപടി കാത്തു നിൽക്കാതെ തിടുക്കത്തിൽ എങ്ങോട്ടോ പോയ അയാളോടവൾക്ക് മറുപടി പറയാൻ സാധിച്ചില്ല.. ഏകദേശം ഒരു മണിക്കൂറിനു ശേഷമാണ് അവൻ തിരികെയെത്തിയത്, അപ്പോഴേക്കും മഴ പൂർണ്ണമായും നിലച്ചിരുന്നു.. വാങ്ങിയ പാർസൽ മേശയ്ക്കരികെ വെച്ച് അവൻ പുറത്തേക്കിറങ്ങാൻ തുനിഞ്ഞു.. "" താനും ഇരുന്ന് കഴിക്ക് "" പൊതിയഴിക്കുന്നതിനിടയിൽ മുഖം നോക്കാതെയവൾ പറഞ്ഞു. ""

ഞാൻ പുറത്തുന്ന് കഴിച്ചു, നീ കഴിച്ച് കിടന്നോ.. "" പറഞ്ഞവസാനമെത്തിയപ്പോഴേക്കും അവൻ റൂമിന് വെളിയിലെത്തിയിരുന്നു... നേരത്തെ ആയിഷ ഇരുന്ന അതെ പടിയിൽ യാദവ് വെറുതെ പുറത്തേക്ക് നോക്കിയിരുന്നു.. മഴയുടെ അവശേഷിപ്പ് പോലെ കോച്ചി പിടിക്കുന്ന തണുപ്പായിരുന്നു പുറത്ത്.. സിഗരറ്റ് എടുത്ത് പുകച്ചു.. .പുക അലസമായ് അവനു ചുറ്റും ചുരുങ്ങിയ അന്തരീക്ഷമാകെ മലിനമാക്കി.. പുറത്തേക്കിറങ്ങിയ അയിഷായ്ക്ക്, ആ മണം, മനംപുരട്ടി വന്നു... തല കനക്കുന്നത് പോലെ... "" ഈ വൃത്തികെട്ട നാറ്റം കാരണം ഇവിടെയെങ്ങും നിൽക്കാൻ കഴിയുന്നില്ല.. പുറത്തെങ്ങാനും പോയി വലിച്ചാൽ പോരെ ബാക്കിയുള്ളവരെക്കൂടെ ബുദ്ധിമുട്ടിക്കണോ.. "" അവളുടെ പുച്ഛഭാവം യാദവിന് ഒട്ടും ദഹിച്ചില്ല.. പല്ലുരുമ്മി അവളെ നോക്കി.. പലതും ചോദിക്കണമെന്നുണ്ടായിട്ടും അവ ചങ്കിലെവിടെയോ കല്ലിച്ചു നിന്നു,, അവളെന്താ തന്നെ കുറിച് ധരിച്ചു വെച്ചിരിക്കുന്നത്.?. അത്രയധികം പുച്ഛം അവളുടെ ചുണ്ടിൽ സ്പെഷ്ടമാണ്.. പാതിയടഞ്ഞ വാതിലിലൂടെ അവനവളെ നോക്കി.. അപ്പോഴേക്കുമവൾ മൂടിപ്പുതച്ചു കിടന്നു കഴിഞ്ഞിരുന്നു.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story