നിഴലാഗ്നി: ഭാഗം 8

nizhalagni

രചന: Mp Nou

  ആ സമയം അവളുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നിരുന്നെന്നവൻ ഓർത്തു.. ""ചിലപ്പോൾ സ്ത്രീ ജനങ്ങൾ അങ്ങനെ തന്നെയാണ് അതിര് കവിഞ്ഞ ദേഷ്യം, വാശി, സ്നേഹം ഇതെല്ലാം അവർക്ക് അടക്കി വെക്കാൻ കഴിയില്ല, പണ്ടെങ്ങോ വായിച്ചത് ആ നിമിഷം അവനെ തേടി വന്നു... സ്വയം ശാന്തനാവാൻ ശ്രമിച്ചുകൊണ്ട് യാദവ് താഴെക്കിറങ്ങി നടന്നു... **** ""നീ റെഡിയായില്ലേ..??"" കുളി കഴിഞ്ഞ് റൂമിലേക്ക് വന്ന ആയിഷ തിരിഞ്ഞു നോക്കി, കറുപ്പ് ഷർട്ടും, വെള്ള മുണ്ടുമായിരുന്നു അവന്റെ വേഷം, വാരിവലിച്ചിട്ട കറുത്ത നൂലുപോലെ അവന്റെ മുടി അലസമായി കിടക്കുന്നു.. കൈ കൊണ്ട് പോലും ഒതുക്കിയിട്ടില്ലെന്ന് ഒറ്റ നോട്ടത്തിൽ കണ്ടാൽ തിരിച്ചറിയാൻ കഴിയുന്നുണ്ട്... കറുത്ത കട്ടി പീലി വരിയായി കൂട്ടിയിട്ടപോലെ ആ കുഞ്ഞി കണ്ണുകൾക്ക് ചുറ്റും വിടർന്നു നിൽക്കുന്നു... ഇന്ന് ആ.. കണ്ണുകളിൽ തീക്ഷണതയില്ലന്നവൾക്ക് തോന്നി.. മറ്റെന്തോ ഭാവം ഒളിഞ്ഞു കിടക്കുന്ന പോലെ.. സഹതാപമാണോ...?? എങ്കിൽ... എന്തിന്? അതിനവൾക്കൊരർത്ഥം തോന്നിയില്ല..

പിന്നെ സ്നേഹമാണോ...?? ആ ചോദ്യത്തിനൊട്ടും പ്രസക്തിയില്ലെന്നവളുടെ മനോരാജ്യം വിളിച്ചു പറയുന്നുണ്ട്.. തന്റെ ചിന്തകളെ ഓർത്ത് അവൾക്ക് സ്വയം നാണക്കേട് തോന്നി... പക്ഷെ...., അവന്റെ കണ്ണിലെന്തിനോ വേണ്ടി, അല്ലെങ്കിൽ ഇതുവരെ താൻ കാണാത്ത ഒരുത്സാഹം വിളക്കിലെ തിരിപോലെ തെളിഞ്ഞു കാത്തുന്നുണ്ടെന്ന് അവൾ ഉറപ്പിച്ചു.. ""നീ ഇന്ന് ഇറങ്ങുമോ "" യാദവിന് വല്ലാതെ വിരസതയാനുഭവപ്പെട്ടു.. "" തന്നോടല്ലേ ഞാൻ പറഞ്ഞിരുന്നേ, ഞാൻ വരുന്നില്ലെന്ന്, നിന്റെ നിർബന്ധം അല്ലെ അപ്പൊ കുറച്ച് കാത്തിരിക്കൂ.. "" അവളവനെ മുഖം കൊടുക്കാതെ തന്റെ ബാഗ് തുറന്ന് ചാണക പച്ച ചുരിദാർ കയ്യിലെടുത്തു.. ""വീട്ടിന്നിറങ്ങുമ്പോൾ പുതിയതൊരെണ്ണം എടുക്കാൻ തോന്നിയതെത്ര നന്നായി..."അവൾ സ്വയം ആശ്വസിച്ചു തിരിഞ്ഞു നോക്കിയപ്പോൾ യാദവ് അവളെ തന്നെ ശ്രദ്ധിച്ച് ഡോറിനടുത്ത് നിൽക്കുന്നുണ്ടായിരുന്നു.. അവൾക്കപ്പോൾ അസഹിഷ്ണുത തോന്നി.. കയ്യിലെ ഡ്രസ്സ്‌ കണ്ടിട്ടാവാം അവൻ ഡോർ വലിച്ചടിച്ചു പുറത്തേക്ക് പോയി.. ആയിഷ ഒരുങ്ങി വരുന്നത് കാറിന്റെ ഫ്രണ്ട് മിററിലൂടെ അവന് നല്ലപോലെ കാണാമായിരുന്നു.. കുറച്ചല്പം ദൂരെ നിന്നും നടന്നു വരുന്നവളെ അവൻ ശ്രദ്ധിച്ചു നോക്കുന്നുണ്ടായിരുന്നു..

വ്യത്യസ്തതകളൊന്നുമില്ലാത്ത സർവ സാധാരണ ഒരു യുവതി, അവനപ്പോൾ അങ്ങനെയാണ് തോന്നിയത്, പക്ഷെ.., അടുതെത്തുന്തോറും അവളിലെന്തൊക്കെയോ പ്രത്യേകതയുള്ളതായി അവനു തോന്നി... എന്താണെന്ന് മാത്രം അവന് തിരിച്ചറിയാൻ കഴിഞ്ഞില്ല.. ചിന്തകൾ മനസ്സിലിരുന്ന് ചരട് വലിക്കുന്നതിനിടയിൽ അവൾ കാറിൽ കയറിയിരുന്നിട്ടുണ്ടായിരുന്നു.. ഊർന്നു വീഴുന്ന തട്ടം നേരെയാക്കി മുനിയുടെ ഭവത്തോടെയവൾ നേരെ നോക്കിയിരുന്നു.. ഒരുമാത്ര യാദവ് അവളുടെ മുഖത്തേക്ക് നോക്കി, തിരികെയവളും. ***** പരിചിതമല്ലാത്ത സ്ഥലമായതുകൊണ്ട് പുറത്തേക്കിറങ്ങാൻ ആയിഷ ഒന്നു മടിച്ചെങ്കിലും, ആളും ആരവും കണ്ടവൾ യാദവിന് പിറകെ ഇറങ്ങി നടന്നു.. തന്റെ പിറകെ നടക്കുന്നവളെ ചുണ്ടിലൊരു ഇളം ചിരിയുമായി അവൻ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.. അവളൊന്ന് സംശയിച്ചു നിന്നു.. പിന്നീട് അവനൊപ്പം നടക്കാൻ ശ്രമിച്ചു, അതായിരുന്നു യാദവിന്റെ നോട്ടത്തിന്റെ ലക്ഷ്യവും... മിഠായി തെരുവിൽ കച്ചവടം പൊടിപൊടിക്കുന്നുണ്ട്..

റോഡ് ഏത് കടയേത് എന്നറിയാത്ത മട്ടിൽ തെരുവത്രയും നിറഞ്ഞിരുന്നു, തുണികൾക്കൊണ്ടും ജനത്തെ കൊണ്ടും, രാവിലെ ഇത്രയും തിരക്ക് കണ്ടപ്പോൾ യാദവിന് അതിശയം തോന്നി പോയി... സാധാരണ ഇവിടേക്ക് വരുന്നത് പതിവില്ലാത്തതാണ്.., സുജാതയാണ് സാധനം വാങ്ങാൻ പറ്റിയ സ്ഥലം ഇവിടെയാണെന്ന് ഉപദേശിച്ചത്,, അവര് ഇവിടെ നിന്നാണത്രെ കുട്ടികൾക്കുള്ളതടക്കം പലസാധനങ്ങളും വളരെ വിലക്കുറവിൽ വാങ്ങാറുള്ളത്.. 'അതുകൊണ്ടായിരിക്കും ഇത്ര തിരക്കും,' അവൻ മനഃപൂർവം ഊഹിച്ചു... എവിടെയോ തട്ടി ഗ്ലാസിന് വരവീണ വാച്ചിലേക്ക് നോക്കിയപ്പോൾ സമയം പത്തു കഴിഞ്ഞു.. ""എനിക്കി ആവശ്യ സാധനങ്ങളെ പറ്റിയൊന്നും അറിയില്ല... അതുകൊണ്ട് എല്ലാം നീ നോക്കി വാങ്ങണം... വർക്ഷോപ്പിലേക്ക് വേണ്ട സാധനങ്ങളായിരുന്നെങ്കിൽ പരസഹായം എനിക്കാവശ്യമില്ലായിരുന്നു..."" അയിഷായ്ക്കടുത്തേയ്ക്ക് നീങ്ങി അവൻ പതിയെ പറഞ്ഞു.. ജാള്യത മറച്ചുവെക്കാൻ പാടുപെടുന്നതുകണ്ട് ആയിഷയ്ക്ക് ചിരി അനിയന്ത്രിതമായി...

അവൾ പൊട്ടി.. പൊട്ടി... ചിരിച്ചു പോയി...കൂടെ സമ്മതമെന്നോണം തലയാട്ടുകയും ചെയ്തു.. ഒരായ്ച്ചയിൽ അധികമായി അവളെന്റെ കൂടെ, മനസ്സ് തുറന്ന് ഇത്രയും സ്വാതന്ത്രത്തോടെ ചിരിക്കുന്നതവൻ കണ്ടിട്ടില്ല, വെളുത്തു തുടുത്ത മുഖം ചോരച്ച നിറത്തിന് സമാനമായി, സൂര്യൻ കുറച്ചധികം കൂർമ്മതയോടെ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അധികമായി ആ മുഖം പ്രകാശിക്കുന്നപോലെ... യാദവിന്റെ പതിവില്ലാത്ത നോട്ടം അവളിൽ വല്ലായ്മ ജനിപ്പിച്ചു. 'എന്താണെന്ന് 'ചോദിക്കണമെന്ന് അവളിൽ അതിയായ ആഗ്രഹം ഉടുത്തൊരുങ്ങി വന്നെങ്കിലും തൊണ്ടക്കുഴിലേക്കാഴ്ന്നിറങ്ങി പോയി.. പരസ്പരം നോക്കിയതിന്റെ അന്ത്യത്തിൽ പിൻവലിഞ്ഞ മിഴികൾ മറ്റെവിടെക്കയോ നോട്ടം പതിപ്പിക്കാനുള്ള പരിഭ്രമത്തിലായിരുന്നു... ശബ്ദമുഖരിതമായ പ്രത്യക്ഷത്തിൽ അവർ തനിയെ നിൽക്കുന്നപോലെ......മൗനത്തിന്റെ വന്മത്തിലുകളിൽ അള്ളിപ്പിടിച്ച കണ്ണുകൾ ഒരു മാത്ര കൂടി പരസ്പരം നോക്കി.. പിന്നീട്.. യാദവ് മുന്പോട്ട് നടന്നു അവനെ അനുഗമിച്ചുകൊണ്ട് അയ്ഷയും... *****

""സാറിന്റെ ഭാര്യയോട് പറയു മടിച്ചു നിൽക്കാതെ ആവശ്യമുള്ളത് നോക്കിയെടുക്കാൻ...."" സൗമ്യതയോട് കൂടി ഒരു യുവാവ് യാദവിനോട് അത്യാവശ്യം ശബ്ദത്തിൽ പറഞ്ഞു. രണ്ടു ചാൺ അകലെ നിൽക്കുന്ന ആയിഷ വ്യക്തമായി കേട്ടെങ്കിലും, കേൾക്കാത്ത ഭാവത്തിൽ അവൾ മറ്റു പല സാധനങ്ങളിലേക്കും വീക്ഷണമുറപ്പിച്ചു നിന്നു.. ഭവ്യത മറ്റുള്ളവരെക്കാളും ഒരു പൊടിക്ക് കൂടുതലാണ് ആ യുവാവിനെന്ന് തോന്നി.. കടയിൽ വരുന്നവരെ അതിവിനയത്തിൽ സ്വീകരിക്കുകയും മാന്യമായി പെരുമാറുകയും ചെയ്യുന്നത് കണ്ടപ്പോൾ പുതിയ ജോലിക്കാരനാണെന്ന് അവനൂഹിച്ചു... മറ്റുള്ളവരിൽ നിന്നും വ്യത്യസ്തത ജനിപ്പിക്കുന്ന ഐശ്യര്യമുള്ള മുഖത്ത് ശാലീനത ആവോളം നിറഞ്ഞു നിൽക്കുന്നു... 'ദൈവം ഇവനെ വിനയത്തിന്റെ പ്രതീകമായി 'സൃഷ്ടിച്ചതായെക്കുമോ എന്നവൻ ഒരുമാത്ര സംശയിച്ചു.. തേച്ചു മിനുക്കിയ ഖദർ ഷർട്ട്‌, വെളുത്ത വടിപോലുള്ള വെള്ള മുണ്ട് അതായിരുന്നു ആ യുവാവിന്റെ വേഷം.. പിന്നീടവൻ അയ്ഷക്കടുത്തേക്ക് നീങ്ങി,, എന്തൊക്കെയോ ചോദിക്കുന്നു, പലതും കാണിക്കുന്നു,,

പരിചയപ്പെടുത്തുന്നു.. പക്ഷെ..., അവളുടെ നിസ്സഹകരണം ആ യുവാവിന്റെ ഉത്സാഹത്തെ ഇല്ലായ്മ ചെയ്യപ്പെടുന്നതുപോലെ യാദവിന് തോന്നി.. എങ്കിലും അവളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട് ആ യുവാവ് കൂടുതൽ പരിശ്രമിച്ചുകൊണ്ടിരുന്നു... ഒന്നോ രണ്ടോ വാക്കിൽ മറുപടി നൽകികൊണ്ടിരുന്ന ആ പെണ്ണ് ആ യുവാവുമായി കൂടുതൽ സംസാരിച്ചു തുടങ്ങി.. ഓരോ സാധനങ്ങളെ കുറിച് അഭിപ്രായവും അഭിപ്രായ വ്യത്യാസവും അവർക്കിടയിലുണ്ടായി.. യാദവ് ഒരു പുഞ്ചിരിയോടെ നോക്കി നോക്കി നിന്നു... ബില്ലടിച്ച് ഇറങ്ങാൻ നേരമായിരുന്നു ആ കടയുടെ ഓണർ ഈ യുവാവാണെന്ന് യാദവ് തിരിച്ചറിഞ്ഞത്, തെല്ലൊന്നുമല്ല അവനിൽ അത് അതിശയം ജനിപ്പിച്ചത്.., കടയിലെ തിരക്കിന്റെ മുഖ്യ കാരണവും ആ യുവവാണെന്ന് അവൻ ഉറപ്പിച്ചു.. ""നിനക്ക് മാറ്റിയിടാൻ ഡ്രസ്സ്‌ വേണ്ടേ.."" വാങ്ങിയ സാധനങ്ങളെല്ലാം കാറിന്റെ ഡിക്കിയിലേക്ക് വെച്ചു കഴിഞ്ഞപ്പോൾ അവൻ ചോദിച്ചു. അവളത് തീർത്തും അവഗണിച്ച് കാറിൽ കയറിയിരുന്നു.. ഒരു നിമിഷം അവിടെ നിന്നതിനു ശേഷം വീണ്ടും അവൾക്കടുത്തേക്കായി അവൻ വന്നു..

കാറിനകത്തിരിക്കുന്നവളെ ഡോറിൽ കൈ വെച്ചവൻ നോക്കി.. നിർവികരമായ അവളുടെ മുഖം രഹസ്യങ്ങളുടെ കലവറയാണെന്നവന് തോന്നി ""നീ എന്നെ എന്തിനാണ് ഒരു ശത്രുവിനെ പോലെ കാണുന്നത്..?"" ""ഇത് ചോദിക്കേണ്ട സ്ഥലവും, സമയവും, സാഹചര്യവും ഇതാണോ..?"" ലാഘവത്തോടെയുള്ള അവളുടെ ചോദ്യം അവനെ എന്തുകൊണ്ടോ നാണം കെടുത്തി... ഒന്നും മിണ്ടാതെ കാറിലേക്ക് കയറിയിരിക്കുമ്പോഴും അവനവളെ നോക്കി... തിരികെയവളും.... ഉള്ളിലെ ചിന്തകൾ കടിഞ്ഞാൺ പൊട്ടിയ കുതിരയെ പോലെ ഓട്ടം തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി... പല ചോദ്യങ്ങൾക്കും സ്വയം ഉത്തരം കണ്ടെത്തേണ്ട ആവശ്യഗത മനസ്സവനെ നിർബന്ധിതനാക്കുന്നു.. 'അവൾക്കെന്നെ ശരിക്കറിയില്ല..അറിഞ്ഞിരുന്നെങ്കിൽ എന്റെ മുമ്പിൽ ഓരോ നിമിഷവും വിറച്ചു വിറച്ചു നിന്നേനെ..'യാദവിന്റെ ഉള്ളിലെ തേറ്റ കൂർത്തു വന്നു,, അല്പം കൂടി മൂർച്ച കൂടി... പക്ഷെ.... ""പെണ്ണിനോട് ശൗര്യം കാണിക്കുന്നവൻ ആണല്ല.. അവനൊരു ഭീരുവാണ്.."" സുജാതയുടെ വാക്കുകൾ അവന്റെ തേറ്റകളുടെ മൂർച്ചയെ തുരുമ്പിപ്പിച്ചു..

""ആദ്യമേ എന്നെയൊരു ശത്രുവിനെ പോലെ കണ്ടതുകൊണ്ടല്ലേ.."" യാദവിന്റെ ചിന്തകളെ വരയിട്ടുകൊണ്ടുള്ള അയ്ഷയുടെ ചോദ്യം അവനിൽ അവളിലേക്ക് ശുഷ്‌കാന്തി വർധിപ്പിച്ചു.. ""ഞാൻ ശ്ത്രുവായി കണ്ടിട്ടില്ല... നിനക്ക് തോന്നിയതാവും.. എന്റെ സംസാര ശൈലി അതേപോലെയാണ്, അതിൽ നിന്നെ കുറ്റം പറയാനും പറ്റില്ല.."" "" കൊടുക്കുന്നതെന്താണോ.. അതെ തിരിച്ചുകിട്ടുകയുള്ളു.. "" അവളുടെ വാക്കുകൾ ബലമുള്ളതായിരുന്നു.. അവനിലത് വല്ലായ്മ ചെലുത്തി.. ""എന്നാലും ഒരു സ്ത്രീയെ ബഹുമാനിക്കാൻ അറിയാത്തവനല്ല ഞാൻ.."" എവിടെയോ മുറിഞ്ഞുപോയ ചില വാക്കുകൾ ലഘൂകരിച്ച് അവനവളെ നോക്കി.. ""എന്ന് ഞാൻ പറഞ്ഞില്ലല്ലോ..."" അവൾ തീർത്തും നിർവികാരമായി അവനെ നോക്കി... ""നമുക്കെന്തെങ്കിലും കഴിച്ചാലോ.."" അയ്ഷയോട് സംസാരിക്കുന്നത് വളരെ വലിയ ബുദ്ധിമുട്ടുള്ള പ്രശ്നമായി മാറിയിരുന്നു യാദവിന്... അവൻ കണ്ടവരിലാരിലും ഇല്ലാത്ത ദൃഡത, പഴുതടക്കാൻ കഴിയാത്ത ഉത്തരം, കൂർമ്മത, അങ്ങനെ.. അങ്ങനെ... എന്തൊക്കെയോ അവളിൽ സ്പഷ്ട്ടമാണ്...

അതുകൊണ്ട് തന്നെ അവൻ പെട്ടന്ന് വിഷയം മാറ്റി അവൾക്കും ഏറെ നേരമായി വിശക്കുന്നുണ്ടായിരുന്നു.. മാത്രവുമല്ല സമയം ഉച്ച കഴിഞ്ഞു... യാത്രയ്ക്കിടെ ആദ്യം കണ്ട ഹോട്ടലിൽ തന്നെ അവർ കയറി.. ലഘുവായി എന്തെങ്കിലും മതിയെന്നായിരുന്നു അവളുടെ പക്ഷം, ചോറാവട്ടെയെന്ന് അവനും ശഠിച്ചു.. ഒടുവിൽ ബിരിയാണിയും കഴിച്ച് പുറത്തിറങ്ങുമ്പോൾ മഴക്കുള്ള ലക്ഷണം കണ്ടു തുടങ്ങിയിരുന്നു.. സൂര്യൻ അവശയായ പോലെ... ചൂടിന്റെ ശക്തിയും നിറവും കുറഞ്ഞു.... ഒരുതുള്ളിക്കൊരു കുടമെന്ന പോലെ വലിയൊരു കാറ്റിന്റെ ശബ്ദത്തോടെ പെടുന്നനെ പെയ്ത മഴ നനയാതിരിക്കാൻ അവർ ഓടി കാറിൽ കയറി... "" ഞാൻ കരുതി കാറ്റാണെന്ന്..

. "" അവളുടെ മുഖത്തെ പരിഭ്രമം അവൻ കൗതുകത്തോടെ നോക്കി.. ഓരോ നിമിഷവും മാറി കൊണ്ടിരിക്കുന്ന ഭാവങ്ങൾ,, ഒരാൾക്ക്‌ പോലും പിടികൊടുക്കാതെ... അത്ഭുതം തോന്നിപോയി അവനാ പെണ്ണിനോട്.. "" നിനക്കാരുമില്ലേ... ഒറ്റക്കാണോ ജീവിക്കുന്നത്.. "" അപ്രതീക്ഷിതമായി അവളുടെ ചോദ്യം അവനെ അലോസരപ്പെടുത്തി... ""ഉപ്പയുണ്ടായിരുന്നു.. മരിച്ചു പോയി.."" ""ഉമ്മയോ "" സഡൻ ബ്രേക്കിട്ട കാർ ഒരു ഞരുക്കത്തോടെ നിരങ്ങി നിന്നു.. ഒന്നു മുന്നോട്ടാടിയുലഞ്ഞ ആയിഷ യഥാ സ്ഥലത്ത് തന്നെ ഉറഞ്ഞിരുന്നു പോയി.. യാദവിന്റെ മുഖം ചുമപ്പിനുമേൽ ചുമന്നിരുണ്ടത് പോലെ... ഇപ്പൊ പൊട്ടുമെന്ന പോലെ പേശികൾ... ദേഷ്യം നിയന്ത്രിക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന യാദവിന്റെ ഉള്ളം കൈ സ്റ്റിയറിങ്ങിൽ അമർന്നു........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story