നിഴലാഗ്നി: ഭാഗം 9

nizhalagni

രചന: Mp Nou

  അയ്ഷയിൽ അവന്റെ ഭാവം ഒരു തുള്ളി പോലും ഭയം നിറച്ചില്ല.. തന്നെ നേരിട്ടാൽ അവനെയും നേരിടുമെന്ന ആത്മ വിശ്വാസത്തോടെ അവൾ ലാഘവത്തോടെ അവനെ നോക്കിയിരുന്നു..അതവനിൽ കൂടുതൽ ദേഷ്യം വർധിപ്പിച്ചു.. "" പറ്റുമെങ്കിൽ പറഞ്ഞാൽ മതി, ഇത്ര ഷോ വേണമെന്നില്ല ""കൂസലില്ലാത്ത അവളുടെ സ്വരം അവനെ മടുപ്പിച്ചു.. സ്വയം വഷളാവൻ ആഗ്രഹമില്ലാത്തതിനാലാവും യാദവ് കല്ലിച്ചു നിന്ന ദേഷ്യത്തോടെ കാർ ചീറി പായിച്ചു... **** സഹിക്കാൻ കഴിയാത്ത എന്തോ ഒരു വേദന യാദവിന് നൽകിയാണ് അവന്റെ അമ്മ പോയതെന്ന് ആയിഷ ഉറപ്പിച്ചിരുന്നു... മരിച്ചോ...? അതോ ജീവനോടെ ഉണ്ടോ..? എന്ന് മാത്രം അവൾക്കറിയുമായിരുന്നില്ല... ദൂരെയെങ്ങോ നോക്കി നിൽക്കുന്ന യാദവിന്റെ അരികെ അവൾ പതിയെ വന്നു നിന്നു... പകലത്തെ കറക്കം അവളുടെ മുഖത്തെ നന്നായി ബാധിച്ചിരുന്നു... കണ്ണുകളിൽ ഉറക്കം മങ്ങി വരുന്നുണ്ടായിരുന്നെങ്കിലും ഉറങ്ങാൻ സാധിക്കാതെയുള്ള വീർപ്പുമുട്ടലിന്നവസാനമാണ് അവനരികിലേക്ക് അവളും എത്തിയത്... അവളെത്തും മുൻപേ യാദവ് അവളുടെ സാമീപ്യം തിരിച്ചറിഞ്ഞിരുന്നു.. പക്ഷെ മുഖത്തേക്ക് നോക്കാൻ വല്ലാത്തൊരു മടി അവനെ പിന്തുടർന്നു... ""

പറയാൻ ബുദ്ധിമുട്ടുള്ളതാണെങ്കിൽ പറയണ്ട, ഞാൻ നേരത്തെ ചുമ്മാ ചോദിച്ചെന്നേയുള്ളൂ..."" നിസ്സംഗതയോടെ അവനരികിൽ നിന്നു... ""നിന്നോട് ചോദിച്ചപ്പോൾ നീ പറഞ്ഞിരുന്നോ.."" മുഖം നോക്കാതെ അവൻ ചോദിച്ചു.. അവളൊന്ന് പതിയെയൊന്ന് മന്ദഹസിച്ചു.. വെള്ളികടലാസ് പോലെ അവളുടെ പല്ലുകൾ തിളങ്ങി... കൂടെ ചുമന്ന ചുണ്ടുകളും..... ""എനിക്കെല്ലാരുമുണ്ട്... പപ്പ, മമ്മ, കാക്ക, കുഞ്ഞനുജൻ, മാളു പൂച്ച,, അങ്ങനെ അങ്ങനെ എല്ലാരും...."" പറഞ്ഞവസാനിക്കുമ്പോയേക്കും അവളുടെ മിഴികൾ നിറഞ്ഞൊഴുകിയിരുന്നു... ആശ്വസിപ്പിക്കാൻ അവനേറെ ആശ തോന്നിയെങ്കിലും എന്തോ ഒന്നവനെ തടഞ്ഞു നിർത്തി... ""പക്ഷെ... സ്വാതന്ത്ര്യം അതെന്താണെന്ന് ഞാനിന്നോളം അറിഞ്ഞിട്ടില്ല... മതത്തിനേറെ പ്രാധിനിത്യം കൊടുക്കുന്ന ഫാമിലിയാണ് എന്റേത്.. അത് ഞാൻ ആക്സപ്റ്റ് ചെയ്യുന്നു...

എന്നാൽ ഒരു മതത്തിനടിമയാവുക എന്നത് എത്ര ദുസ്സഹനമാണ്.."" അവളത് പറഞ്ഞു നിർത്തിയപ്പോഴാണ് യാദവ് ആ പെണ്ണിന്റെ മുഖത്തേക്ക് നോക്കിയത്.. വേദനകൊണ്ട് വിങ്ങി വീർത്തിരിക്കുന്ന അവളുടെ മുഖം കണ്ടപ്പോൾ അവനെന്തോ സഹതാപം തോന്നി.. തനിക്കരികിലെ കസേരയിൽ അവളിരുന്നു.. "എല്ലാ മതത്തെയും ഞാൻ ബഹുമാനിക്കുന്നു... മതത്തേക്കാൾ ഉപരി നമ്മളെല്ലാവരും മനുഷ്യരല്ലേ... രക്തത്തിന്റെ നിറവും കണ്ണീരിന്റെ നിറവും എല്ലാവരിലും ഒന്നല്ലേ... പിന്നെയെന്തിന് മറ്റു മതക്കാരെ നമ്മൾ ശത്രുക്കളായി കാണണം... അന്യ മതസ്ഥനോട് മിണ്ടാൻ പാടില്ല, നോക്കാൻ പാടില്ല, കൂട്ടുകൂടിയാൽ അത് പ്രേമം, അങ്ങനെ.. അങ്ങനെ.... ഒരുപാട് ചട്ട കൂടുകളിൽ അമർച്ചയോടെ വളർന്ന പെണ്ണായിരുന്നു ഞാൻ... ഉയർന്ന വിദ്യാഭ്യാസം പോലും തരാൻ വിസമ്മതിക്കുന്ന ഫാമിലി... പെണ്ണ് വളർന്നാൽ പിന്നെ വീട്ടിലിരിക്കണമെന്ന സമ്പ്രദായം വെച്ചു പുലർത്തുന്ന വിഡ്ഢികളായ കുറച്ച് മനുഷ്യർ.. അതിനിടയിൽ പല സ്വപ്‌നങ്ങളും കാണുന്ന സാധാരണ ഒരു പെൺകുട്ടി...,

കുടുംബ മഹിമ ഓർക്കാത്ത,, മനുഷ്യരെ വേർതിരിച്ചറിയാൻ കഴിയാത്ത ഒരു പെൺകുട്ടി അതായിരുന്നു ഞാൻ...."" അവളുടെ കണ്ണിലെ അവസാന നനവും വരണ്ടിരുന്നു... ""+2വരെ പഠിക്കാൻ കഴിഞ്ഞത് 18 വയസ്സിന് മുമ്പുള്ള വിവാഹം നിരോധിച്ചത് കൊണ്ട് മാത്രമാണ്...കേൾക്കുന്നവർ ചിലപ്പോൾ അത്ഭുതപെട്ടേക്കാം ഇങ്ങനെയൊക്കെ ഈ കാലഘട്ടത്തിൽ സംഭവിക്കുമോ എന്ന്... പക്ഷെ.. ഇങ്ങനെയും ചിലരുണ്ടെന്നത് വാസ്തവമാണ്..."" ""രാഹുലിന്റെ കൂടെ എന്തിന് വന്നു.."" യാദവിന്റെ ചോദ്യം ന്യായമായിരുന്നു.. ""+2 ഉയർന്ന മാർക്കോടെ പാസ്സായപ്പോൾ ഡിഗ്രി പഠിക്കാൻ അവസരം കിട്ടി.. വീട്ടിലും സമ്മതം.. വല്ലാത്ത അത്ഭുതം തോന്നി... എന്റെ ആഗ്രഹളെ അവർ തിരിച്ചറിഞ്ഞിട്ടുണ്ടാവുമെന്ന് ഞാൻ സന്തോഷിച്ചു... പക്ഷെ... ആയുസ്സ് വളരെ കുറവായിരുന്നു... വീട്ടിൽ കല്യാണലോചനകൾ തുടങ്ങി.. പഠിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചു.. അവർ തീർത്തുമതവഗണിച്ചു.. അതിനിടയിലായിരുന്നു രാഹുൽ കയറി വന്നത്... ആ അവസരം ഞാൻ മുതലെടുത്തു.. അവന്റെ കൂടെ ഇറങ്ങി വന്നു..

ഞാൻ കാണിച്ചത് പ്രായത്തിന്റെ പക്വത ഇല്ലായ്മയാണോ എന്നെനിക്കറിയില്ല.. പക്ഷെ.. എന്റെ വാശി ഇവിടെ എത്തിച്ചു... ഇപ്പോൾ തോനുന്നു ഒന്നും വേണ്ടായിരുന്നെന്ന്... അവരില്ലാത്ത ശൂന്യത വളരെ വലുതാണ്... ദിവസവും ചോറ് വാരി തരുന്ന ഉമ്മ... കാക്കയുടെ പ്രിയപ്പെട്ട അനിയത്തി.. കുഞ്ഞനുജന്റെ ചേച്ചി... ഉപ്പയുടെ അഭിമാനം...എല്ലാമായിരുന്നു ഞാൻ... ഇന്നൊരുപക്ഷെ അവർ ഞാൻ കാരണം തലകുനിച്ചിരിക്കാം.. ഞാനെന്ന അഭിമാനം അപമാനമായിരിക്കാം.. എന്നെ പഴിചാരത്ത ദിവസങ്ങൾ ചുരുക്കമായിരിക്കാം..."" അവളൊരു നെടുവീർപ്പോടെ അവനെ നോക്കി.. ആ പെണ്ണിന്റെകണ്ണിലെ നിറമില്ലാത്ത ദുഃഖം വരണ്ടിരുന്നു.... നഷ്ടബോധവും, കുറ്റബോധവും അവളിലെ പെണ്ണിന് താങ്ങാൻ കഴിയുന്നില്ലെന്നവന് തോന്നി... അവനവളോട് പാവം തോന്നി.. എന്തുപറഞ്ഞു സമാധാനിപ്പിക്കണമെന്ന് യാദവിന് തീർച്ചയില്ലായിരുന്നു... "" തിരിച്ചു പോവാൻ എനിക്കി ഭയമാണ്, പക്ഷെ, പോവാതിരുന്നാൽ അതെന്നെ കൂടുതൽ കൂടുതൽ തളർത്തും... "" "" ആയിഷ... ""

അവൻ പതിയെ ആ പെണ്ണിനെ നോക്കി... ദയനീയാവസ്ഥയുടെ അന്ത്യം ആ മുഖത്ത് പ്രകടമായിരുന്നു... യാദവിന്റെ പതിഞ്ഞ വിളിയിൽ ആയിഷ തലയുയർത്താതെ നിലം നോക്കി നിന്നു.. അവൾക്കാദ്യമെന്തോ കൗതുകം തോന്നി... പിന്നീട് സങ്കടവും... ആ പെണ്ണിന്റെ തലയിൽ വാത്സല്യത്തോടെ വളരെ പതുക്കെ അവന്റെ വലതു കൈ വെച്ചു.. "" നീ വിഷമിക്കാതിരിക്കു നമുക്കെല്ലാം ശരിയാക്കാം... "" ആ നിമിഷം അതവൾക്ക് അവനെക്കാൾ കൂടുതൽ അനിവാര്യമായിരുന്നു.. വിക്കി വിക്കി വന്ന കരച്ചിൽ പുറത്തേക്ക് പൊട്ടിയൊഴുകി.. അവന്റെ നെഞ്ചിലേക്കവൾ തെറിച്ചന്നപോലെ പൊടുന്നനെ വീണുകിടന്നു... ഒരേ ഒരു നിമിഷം ഒരു പക്ഷെ അതിൽകൂടുതൽ അവൻ സ്തംഭിച്ചു നിന്നു... അപ്രതീക്ഷിത ചാലനാത്മകമായിരുന്നു ആ പെണ്ണിന്റെ.. ആശ്വസിപ്പിക്കാനോ, നിഷേധിക്കാനോ കഴിയാതെ അവനങ്ങനെ നിന്നു.. അതെത്ര നേരം നീണ്ടു പോയെന്നവർക്കറിയില്ല.... മറ്റാരേക്കാളും തന്നെയവൾ വിശ്വസിക്കുന്നുണ്ടന്നവനു തോന്നി...

ബോധമന്ധലം യഥാസ്ഥിതിയിലേക്ക് വന്നപ്പോയായിരുന്നു അയിഷായ്ക്ക് സംഭവിച്ച അമളിയെ കുറിച്ചവൾ ഓർത്തത്... പതിയെ അവനിൽ നിന്നും ആ പെണ്ണ് മാറി നിന്നു... ഒന്നും സംവിച്ചില്ല എന്ന പോലെ.. പക്ഷെ അവളുടെ മനോരാജ്യം നാണക്കേട് കൊണ്ട് ചൂളിപോയിരുന്നു... ""കുഴപ്പമില്ല.... ഏതൊരാൾക്കും സങ്കടം കേൾക്കാനും,ആശ്വസിപ്പിക്കാനും ഒരു തണൽ കിട്ടിയാൽ അത്രയേറെ വലുതായിട്ടൊന്നുമില്ല..."" അവളുടെ വല്ലായ്മയെ തിരിച്ചറിഞ്ഞെന്നോണം അയ്ഷയുടെ കണ്ണുകളിലേക്ക് നോക്കിയവൻ പറഞ്ഞു.. അവജ്ഞയില്ലാത്ത അവന്റെ ഭാവം അവളിലെ പെണ്ണിന്റെ നാണക്കേടിന് കനം കുറഞ്ഞത് പോലെയാവൾക്ക് തോന്നി... മനോഹരമായ ഒരു പുഞ്ചിരി അവനവൾക്ക് നൽകി ""പോയി കിടന്നുറങ്ങിക്കോ..."" ആ മുഖത്തെ വാത്സല്യം അവളിൽ അതിയായ അതിശയം തോന്നിച്ചു... ***** ""ഏ.... എന്തൊക്കെയാ ഈ പറയുന്നേ...""" കേട്ടത് വിശ്വസിക്കാനാവാതെ റാം മിഴി മിഴിച്ചു നിന്നു.. "" കൊച്ചു പെണ്ണാണല്ലെടാ അവൾ.. "" അമീറിന്റെ മുഖത്തെ അത്ഭുതം വാക്കുകളിൽ പ്രകടമായിരുന്നു...

പക്വതയും, കാര്യബോധവും, സംസാര ശൈലിയും, പെരുമാറ്റ രീതിയും ആ പെണ്ണിനെ , അടുത്തറിയാത്ത ഏതൊരാൾക്കും യുവതിക്ക് സമാനമായി തോന്നി പോകുമായിരുന്നു... ""ഹ്മ്മ്..."" യാദവ് പതിഞ്ഞൊന്ന് മൂളി... ""എന്നാലും ആ കൊച്ചിന്റെ ധൈര്യം സമ്മതിച്ചു.. ബാൽറാമിന്റെ മകന്റെ കൂടെയല്ലേ ഇറങ്ങി വന്നേക്കുന്നത്.. എന്തെങ്കിലും അനിഷ്ടം സംഭവിച്ചിരുന്നെങ്കിലോ...?"" ഉണ്ണി ഗൗരവത്തോടെ പറയുമ്പോൾ ബാക്കിയുള്ളവരും അതിനെ ശരി വെച്ചു.. അവരുടെ സംഭാഷണമങ്ങനെ തുടർന്നുകൊണ്ടിരുന്നപ്പോഴും, യാദവ് ചിന്തകളുടെ പടിയിൽ തനിയെ ഇരിക്കുകയായിരുന്നു... അവന്റെ മാറ്റം അവർ നാലുപേരും ശ്രദ്ധിക്കുന്നുണ്ടെങ്കിലും അതത്ര കാര്യമായി ഗൗനിച്ചില്ല.. യാദവ് അവന്റെ നെഞ്ച് പതിയൊന്ന് തടവി... അവന്റെ ചുണ്ടിലെ മനോഹരമായ പുഞ്ചിരി ഇന്നലകളിൽ അവനെയെത്തിച്ചു... കരഞ്ഞു കലങ്ങിയ കണ്ണുകൾ... ചുവന്നു വീർത്ത മുഖം...അവനിൽ പൊടുന്നനെ നിരാശ ജനിപ്പിച്ചു.. പെട്ടവളെ കാണണമെന്ന മോഹം അനിയന്ത്രിതമായി യാദവിന്റെ ഹൃദയത്തിൽ കുമിളകളെ പോലെ അതിവേഗം വ്യാപിച്ചു...

""ഇപ്പൊ വരാം.."" ഷാപ്പിൽ നിന്നും ധൃതിയിലിറങ്ങി പോകുന്നവനെ അവർ നാലുപേരും പുഞ്ചിരിയോടെ നോക്കി നോക്കി നിന്നു... ***** തലേ ദിവസം വാങ്ങിയ സാധനങ്ങൾ ചിട്ടയോടും അടുക്കോടുകൂടിയും ക്രമപെടുത്തുന്ന തിരക്കിലായിരുന്നു ആയിഷ, പൊടുന്നനെ അകത്തേക്ക് കയറി വരുന്നവനിൽ അവളുടെ ശ്രദ്ധയുറച്ചില്ല... യാദവ് ഡോറിനോരം ചാരി നിന്നു.... അവളിലെ ആകാര വടിവ് എടുത്തു കാണിക്കും വിധമായിരുന്നു അവളിലെ വേഷം... വെള്ളനിറത്തിൽ മഞ്ചാടി വിതറിയ പോലെ കറുത്ത പൊട്ടുകൾ നിറഞ്ഞു നിൽക്കുന്ന ചുരിദാറിൽ അപ്സരസ്സെന്ന് തോന്നി പോയി അവനൊരു നിമിഷം . നീളൻ മുടി തട്ടത്തിനുള്ളിൽ കെട്ടിയൊതുക്കി വെച്ചിട്ടുണ്ടെങ്കിലും,, കൂട്ടത്തിൽ പെടാത്ത പോലെ ചിലതെല്ലാം വേരറ്റ കണക്കെ താഴേക്ക് തൂങ്ങിയാടുന്നു... തന്നിലേക്ക് തന്നെ നോക്കി നിൽക്കുന്ന യാദവിനെ കണ്ടപ്പോൾ അവൾക്കാദ്യം പകപ്പ് തോന്നി.. പിന്നീട് കൗതുകം... ഏറ്റവുമൊടുവിൽ ലജ്ജയും.... എന്താണെന്നവൾ കണ്ണുകൾക്കൊണ്ട് ചോദിച്ചെങ്കിലും, യാദവ് അത് ശ്രദ്ധിക്കാതെ സാധാരണ മട്ടിൽ അകത്തേക്ക് കയറി വന്നു...

""റൂമാകെ മാറി പോയല്ലോ.."" ചുറ്റുപാടും ശ്രദ്ധയോടെ വീക്ഷിച് കട്ടിലിലേക്കിരുന്നു.. കിഴക്ക് ഭാഗത്ത്‌ ഗ്യാസ് അടുപ്പ്, അതിനടുത്തായി കുറച്ച് പാത്രങ്ങൾ, പൊടികുപ്പികൾ അങ്ങനെ അങ്ങനെ ആ ഭാഗം അടുക്കള കണക്കെ വ്യത്യാസപ്പെട്ടിരിക്കുന്നു... ""ഇതൊക്കെ നീ എവിടുന്നു പഠിച്ചെടുത്തു.."" ""ഇതെന്തിനാ പഠിക്കുന്നെ,,, അത്യാവശ്യം കോമൺസൻസ് പോരെ...?"" ""അതല്ല... ഇത്ര ചെറിയ പ്രായത്തിലെ.."" ""അതിന് ഞാൻ കുഞ്ഞല്ലല്ലോ..."" അവന്റെ ചോദ്യത്തെ അവഗണിച്ചവൾ യാദവിനരികെ ഇരുന്നു... ""ഒന്ന് പ്രശംസിക്കാമായിരുന്നു..."" ""വളരെ നന്നായിട്ടുണ്ട്.."" ""ഹോ.. ഞാൻ പറഞ്ഞിട്ടല്ലേ.. വേണ്ടായിരുന്നു.."" ആയിഷ ചുണ്ട് കോട്ടി യാദവിനെ നോക്കി... അവൻ പൊട്ടി ചിരിച്ചു... മനോഹരമായ ചിരി... ഇതുവരെ അവൾക്കണ്ടിട്ടില്ലാത്തത്രയും മനോഹരമായി... അവളുടെ മുഖം നിവർന്നു നിന്നെപ്പോലെ വിടർന്നു വന്നു... വല്ലാത്ത അതിശയം തോന്നി... പൊട്ടി പൊട്ടി ചിരിക്കുന്ന യാദവിനെ അവൾ വീണ്ടും വീണ്ടും നോക്കി... എന്തിനെന്നറിയാതെ... ഭംഗിക്കുമേൽ ഒരു ഭംഗി അവന്റെ മുഖത്ത് പൊതിഞ്ഞു നിന്നു.. കവിളിലേ നുണക്കുഴി രോമത്തോടുകൂടി കുഴിഞ്ഞു നിന്നു.. ""നിനക്ക് രാഹുലിനോട് ഒരിക്കൽ പോലും പ്രണയം തോന്നിയില്ലേ...ഈ നിമിഷം വരെ "" അവസരോചിതമല്ലാത്തത്തും അലോസരപ്പെടുത്തുന്നതുമായിരുന്നു യാദവിന്റെ ചോദ്യം.. ആയിഷ ഈർഷ്യതയോടെ യാദവിനെ നോക്കി............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story