നിഴലായ് മാത്രം : PART 1

നിഴലായ് മാത്രം : PART 1

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

രാവിൻ നിലാ കായൽ
ഓളം തുളുമ്പുന്നു
നാണം മയങ്ങും പൊന്നാമ്പൽ പ്രേമാർദ്രമാകുന്നു
പള്ളിത്തേരിൽ നിന്നെക്കാണാൻ
വന്നെത്തുന്നു വെള്ളിത്തിങ്കൾ
രജനീ ഗീതങ്ങൾ പോലെ വീണ്ടും കേൾപ്പൂ….. സ്‌നേഹ വീണാനാദം….. അഴകിൻ പൊൻതൂവലിൽ നീയും കവിതയോ..പ്രണയമോ..

റേഡിയോയിലൂടെ പ്രണയാർദ്രമായ ഗാനം കേട്ടുകൊണ്ട് സ്വയം മറന്നു നിൽക്കുകയായിരുന്നു മീനാക്ഷി. അടപ്പതു ഇഡ്ലി പാത്രത്തിൽ നിന്നും നല്ലൊരു മണത്തോടെ ആവി ഉയർന്നു വരുന്നുണ്ട്. ‘ഏടത്തിയെ എനിക്കു വിശക്കുന്നു’ പെട്ടന്നുള്ള വിളി കേട്ടു മീനാക്ഷി ഞെട്ടി തിരിഞ്ഞുനോക്കി.

‘പേടിപ്പിച്ചു കളഞ്ഞല്ലോ പാറൂ നീ’ അതും പറഞ്ഞു മീനാക്ഷി ചെറുതായി ദേഷ്യം മുഖത്തു വരുത്താൻ ശ്രമിച്ചു. കള്ള ദേഷ്യം മുഖത്തു വരുത്താൻ ശ്രമിക്കുന്നത് കണ്ട മീനാക്ഷിയെ കണ്ടു പാറു ചിരിച്ചു.

‘നീയെന്തിനാ ചിരിക്കണേ’ മീനാക്ഷി ഒരു സംശയത്തോടെ ചോദിച്ചു.
പാറു മീനാക്ഷിയുടെ അരികിൽ ചെന്നു തോളിൽ ഒരു കൈ വച്ചു താടിയിൽ കൊഞ്ചിച്ചു കൊണ്ടു പറഞ്ഞു
‘ഒന്നുമില്ല എന്റെ ഏടത്തിയെ… ഈ കള്ള ദേഷ്യം മുഖത്തു വരുത്തുന്നത് കാണുമ്പോൾ എന്തു ഭംഗിയ എന്റെ ഏടത്തിയെ കാണാൻ ‘

‘അയ്യേ… നാറിയിട്ടു വയ്യ പെണ്ണേ. പല്ലും കൂടി തേക്കാതെ എണീറ്റു വന്നിരിക്ക നീ. ദേ എനിക്ക് ഓക്കാനം വരും കേട്ടോ’ പാറുവിനെ തള്ളി മാറ്റി കൊണ്ടു വയറിൽ കൈ ചേർത്തു മീനാക്ഷി പറഞ്ഞു. ‘ആണൊഡാ കുട്ടി കുറുമ്പ. അമ്മായി ഇങ്ങനെ നിന്നപ്പോൾ നിനക്കു ഇഷ്ടമായില്ലേ. അമ്മായി വേഗം പോയി കുളിച്ചു ചുന്ദരി ആയി വരാട്ടോ. നീ വേഗം വായോ എന്നിട്ടു വേണം നിന്റെ അമ്മേനെ നമുക്ക് ശരിയാക്കാൻ. ഇപ്പൊ വയറ്റിൽ കിടന്നു ചവിട്ടരുത് കേട്ടോ. എന്റെ ഏടത്തി പാവമല്ലേ….ഉമ്മ’ അവൾ വയറ്റിൽ മുഖം ചേർത്തു പറഞ്ഞു കൊണ്ട് ഒരു ഉമ്മയും കൊടുത്തു.
അതു കേട്ടന്ന വണ്ണം വയറിനുള്ളിൽ മുഴച്ചു വന്നു നിന്നു കുട്ടി. വയറിന്മേലെ കൈവച്ചു പാറു ആ സ്പർശനം അറിഞ്ഞു. ‘കണ്ടോ ഏടത്തി… അവനെ കുറുമ്പനാ’ സന്തോഷം കൊണ്ട് പാറുവിന്റെ കണ്ണു നിറയുന്നുണ്ടായിരുന്നു.
‘നിന്റെ ഏട്ടനെ പോലെ കുറുമ്പൻ തന്നെയാ’ ഒരു ചെറു നാണത്തോടെ മീനാക്ഷി അതു പറയുമ്പോൾ നീർത്തുള്ളികൾ മുത്തുകൾ കണക്കെ കണ്ണുകളിൽ സ്ഥാനം പിടിച്ചിരുന്നു.

‘ഉം…ഉം..’ ഒരു ആക്കി ചിരി ചിരിച്ചുകൊണ്ട് പാറു പറഞ്ഞു’ഞാൻ എന്ന കുളിച്ചിട്ടു വരാം ‘
അടുക്കളയിൽ നിന്നും ഇറങ്ങിയതും മീനാക്ഷി വിളിച്ചു പറഞ്ഞു’മോളെ… ഹർഷനെ കൂടി വിളിച്ചോ… നേരത്തെ വിളിക്കാൻ പറഞ്ഞതാ ഞാൻ മറന്നു പോയി’.
‘ഞാൻ വിളിക്കാം കുഞ്ഞേട്ടനെ…. അല്ല വല്ലേയെട്ടൻ എഴുനേറ്റില്ലേ’ പാറു തിരിഞ്ഞു നിന്നു ചോദിച്ചു.
‘ഗോപേട്ടൻ ഇന്ന് നേരത്തെ ഇറങ്ങി. എന്തോ അത്യാവശ്യം കാര്യം ഉണ്ടെന്നു പറഞ്ഞിരുന്നു’ മീനാക്ഷിയുടെ മറുപടിക്ക് ചിരിച്ചുകൊണ്ട് തലയാട്ടി പോകാൻ തിരിഞ്ഞതും ചെവിയിൽ ഒരു പിടുത്തം വീണു. ‘അയ്യോ…അമ്മേ..വിട്’ ചെവി പൊത്തി പിടിച്ചുകൊണ്ടു പാറു വിളിച്ചു കൂവി.
‘അസത്…പലവട്ടം പറഞ്ഞിട്ടുണ്ട് കുളിക്കാതെ അടുക്കളയിൽ കയറരുതെന്നു.’ദേഷ്യം പിടിച്ചുകൊണ്ടു നിൽക്കുന്ന അമ്മയെ മുന്നിൽ കണ്ടപ്പോൾ പാറു ഒന്നു ഇളിച്ചു കാണിച്ചു.
‘എന്റെ ജാനകിയമ്മേ… ഇത്തവണത്തെക്കു ക്ഷമി’ജനാകിയെ ചേർത്തു പിടിച്ചുകൊണ്ടു പാറു പറഞ്ഞു. അവരുടെ അടുത്തേക്ക് മീനാക്ഷിയും പതുക്കെ നടന്നെത്തി. ‘ഏട്ടന്മാർ ആവശ്യത്തിനു അധികം കൊഞ്ചിച്ചു വഷളാക്കുന്നുണ്ട്. നീ വേണ്ടേ മീനു ഇവളെ നേരെയാക്കാൻ’ചെറു ദേഷ്യം വരുത്തി ജാനകി മീനുവിന്റെ നേർക്കു തിരിഞ്ഞു.
‘ഏട്ടന്മാർ എന്നു പറയണ്ട. എന്റെ ഗോപേട്ടന് മാത്രേ എന്നോട്സ്‌നേഹമുള്ളു. അമ്മയുടെ ഇളയ സൽപുത്രന് എന്നെ കാണുന്നതെ കലിയ’ അതും പറഞ്ഞു ചുണ്ട് കൂർപ്പിച്ചു കൊണ്ടു പാറു പോയി.
ജാനാകിയും മീനാക്ഷിയും അവളുടെ ചാടി തുള്ളിയുള്ള പോക്ക് ചിരിയോടെ നോക്കി കണ്ടു.

ഇനി ഇവരെ നമുക്കൊന്നു പരിചയപ്പെട്ടാലോ. പൂങ്കുന്നം വീട്ടിലെ അംഗങ്ങൾ ആണ് ഇവർ. പൂങ്കുന്നത്തെ രവീന്ദ്രൻ മാഷിന്റെ വീടു. രവീന്ദ്രൻ മാഷ് അവിടെ അടുത്തുള്ള സർക്കാർ സ്‌കൂൾ അധ്യാപകൻ. ഇനി രണ്ടുവർഷം കൂടിയേ സേവനം ഉള്ളു. ഭാര്യ ജാനകി. മൂന്നു മക്കൾ. രണ്ടു ആണും ഒരു പെണ്ണും. മൂത്തവൻ സ്ഥലം സബ് ഇൻസ്പെക്ടർ ആണ്. ഗോപകുമാർ. ഇനി ഇളയവൻ ഹർഷൻ എന്ജിനീറിങ് അതും പോസ്റ്റ് ഗ്രേഡുഅഷൻ അവസാന വർഷ വിദ്യാർത്ഥി. അവരുടെ മകൾ പാർവതി എന്ന പാറു ഡിഗ്രി ആദ്യ വർഷം. പിന്നെ മീനാക്ഷി ഗോപന്റെ ഭാര്യ. ഇപ്പൊ 7 മാസം ഗർഭിണി കൂടിയാണ്.
ഇനി ഒരു കുടുംബത്തെ കൂടി പരിചയപ്പെടാനുണ്ട്. രവീന്ദ്രൻ മാഷിന്റെ ഉറ്റ സുഹൃത് രാധാകൃഷ്ണൻ. രാധാകൃഷ്ണനും സ്‌കൂൾ മാഷ് തന്നെയാണ്. ഒരേ സ്‌കൂളിൽ തന്നെയാണ് രണ്ടുപേരും. ചെറുപ്പം മുതലെയുള്ള കൂട്ടുകെട്ട്. കളികൂട്ടുകാർ. ഒന്നിച്ചു പഠിച്ചു കളിച്ചു വളർന്നവർ ഒരേ സ്‌കൂളിൽ തന്നെ ജോലിയും ചെയ്തു ഒരു കുടുംബം പോലെ ജീവിക്കുന്നു. രാധാകൃഷ്ണനും ഭാര്യ വിജയലക്ഷ്മിയും. മകൾ ഉണ്ണിമായ. ഉണ്ണിമായ വളരെ ചെറുപ്പത്തിൽ ആയിരിക്കുബോൾ തന്നെ അമ്മ വിജയലക്ഷ്മി അവരെ വിട്ടുപോയിരുന്നു. അതുകൊണ്ടുതന്നെ ജാനാകിയും രവീന്ദ്രൻ മാഷും ഉണ്ണിമായക്കു അച്ഛനും അമ്മയും തന്നെയാണ്. സ്വന്തം വീട്ടിലെപോലെയുള്ള എല്ല അധികാരവും പൂങ്കുന്നത്തെ വീട്ടിൽ ഉണ്ണിമായക്കു ഉണ്ടായിരുന്നു.

അച്ഛന്മാരുടെ കൂട്ടുകെട്ട് അടുത്ത തലമുറയിലേക്ക് എന്നപോലെ ആയിരുന്നു ഹർഷനും ഉണ്ണിമായയും. ഗോപൻ ഉണ്ണിമായയെ പാറുവിനെ പോലെ ആയിരുന്നു സ്‌നേഹിച്ചിരുന്നത്. പാറുവിനും സ്വന്തം ചേച്ചി തന്നെയായിരുന്നു ഉണ്ണിമായ എന്ന ഉണ്ണി. ഹർഷനു ഉണ്ണിയെന്നാൽ അവന്റെ കളികൂട്ടുകരിയാണ്. അതുപോലെ ആയിരുന്നു അവനു അവളോടുള്ള സ്‌നേഹം. ഓർമ വച്ച നാൾ മുതൽ രണ്ടാളും ഒരുമിച്ചു കളിച്ചു വളർന്നത് ആയിരുന്നു. ഒരേ ക്ലാസ്സിൽ പഠിച്ചു കൊണ്ട്. ഹർഷന്റെ എല്ല കുസൃതിക്കും കൂട്ടു ഉണ്ണി ആയിരുന്നു. വല്ലാത്തൊരു ആത്മബന്ധം ആയിരുന്നു ഹർഷനും ഉണ്ണിമായയും. കോളേജിലും ഒരേ ക്ലാസ്സിൽ തന്നെ. ഉണ്ണിക്ക് ഒരു സംരക്ഷണ കവചം പോലെ എന്നും ഹർഷൻ ഉണ്ടായിരുന്നു. കോളേജിലെ തന്നെ പലർക്കും അസൂയയാണ് അവരുടെ കൂട്ടു. അവരുടെ ലോകത്തേക്ക് ഒരു കൈ അകലത്തിൽ മാത്രേ ആരെയും പ്രവേശിപ്പിക്കു. അതു ഹർഷന്റെ പോളിസി ആയിരുന്നു.

പറയത്തക്ക ഒരു പ്രത്യേകതയും ഉണ്ണിമായക്കു ഇല്ല. നല്ല വെളുത്ത നിറമോ ആകാര വടിവൊ ഒന്നും. ഇരു നിറത്തേക്കാൾ കുറച്ചു കൂടി നിറം തോന്നും. മുടി നല്ല നീളത്തിൽ ആരു കണ്ടാലും ഒന്നു നോക്കും വിധം ഉണ്ടായിരുന്നു. സദാ പുഞ്ചിരിക്കുന്ന ചുണ്ടുകൾ. അവളുടെ മറ്റൊരു പ്രത്യേകത കണ്ണുകൾ കൊണ്ടും അവൾ പുഞ്ചിരിക്കും. നന്നായി വരയ്ക്കുമായിരുന്നു അവൾ. എവിടെ പെയിന്റിങ് മത്സരം നടന്നാലും ഉണ്ണിയെ കുത്തി പൊക്കി കൊണ്ടുപോകുന്നത് ഹർഷൻ ആയിരുന്നു. നല്ല നിരീക്ഷണം ആയിരുന്നു ഉണ്ണിമായ. പുറമെ കാണുന്നതെന്തും അവൾ ക്യാൻവാസിൽ പകർത്തുമായിരുന്നു. നമ്മൾ പോലും അതിശയിച്ചുപോകും കാരണം നമ്മൾ പലരും കാണാത്ത കാഴ്ചകൾ അവളുടെ ക്യാൻവാസിൽ ഇടം നേടും. അത്യാവശ്യം കുറച്ചു എഴുത്തും വായനയും ഉള്ള ഒരു പാവം പെണ്കുട്ടി.
ഹർഷനെ കുറിച്ചു എന്താ പറയാ. അത്യാവശ്യം ഉയരവും അതിനു അനുസരിച്ച തടിയും ഉള്ള നല്ല കട്ട താടിയും ചിരിക്കുമ്പോൾ വിടരുന്ന നേരിയ നുണക്കുഴിയും അവന്റെ പ്രത്യേകതയാണ്. എല്ലാവരോടും ഒരുപോലെ ഇടപെടുന്ന സൗമ്യമായ പ്രകൃതം. അവന്റെ എല്ലാ തീരുമാനങ്ങളുടെയും അവസാന വാക്കു ഉണ്ണിമായ ആയിരുന്നു.

അമ്മയോട് വഴക്കിട്ടു വേഗത്തിൽ കുളിക്കാൻ പോയപ്പോൾ ഹർഷനെ വിളിക്കാൻ ഏടത്തി പറഞ്ഞതു അവൾ മറന്നു പോയിരുന്നു. കുളിച്ചു പൂജാമുറിയിൽ കയറി ദേവി സ്തുതി പാടികൊണ്ടു ഒരു ഭസ്മ കുറിയും വരച്ചു അവൾ അടുക്കളയിലേക്കു വച്ചു പിടിച്ചു. കാരണം വയറിന്റെ കത്തൽ അത്രക്കും ഉണ്ടേ. പോരാത്തതിന് കറുക അപ്പത്തിന്റെ മണം മൂക്കിൽ അടിച്ചിട്ടു വയർ എരിപിരി സഞ്ചാരം തുടങ്ങി കുറെയായി. അവൾ അടുക്കളയിൽ കയറി നോക്കുമ്പോൾ മീനാക്ഷി കറുക അപ്പം പാത്രത്തിലേക്ക് മാറ്റുന്നതാണ് കണ്ടത്.
‘എനിക്കറിയാമായിരുന്നു ഇന്ന് ഇവിടെ ഇതു കാണുമെന്ന്’കയ്യിൽ ഒരു അപ്പം എടുത്തു വായിലിട്ടുകൊണ്ടു അവൾ പറഞ്ഞു.
‘പതുക്കെ കഴിക്കു പെണ്ണേ… അതു ആരും കൊണ്ടുപോകില്ല…ഇനി തെരുപ്പിൽ കേറണ്ട’ മീനാക്ഷി പറഞ്ഞു തീരും മുന്നേ പാറു ചുമച്ചു തുടങ്ങി. അടുത്തു പാത്രത്തിൽ ചായ പകർത്തിയത് ഒരു ഗ്ലാസ്സിൽ ഒഴിച്ചു അവൾക്കു കൊടുത്തു കൊണ്ടു തലയിൽ പതുക്കെ അടിച്ചു.’പറഞ്ഞാലും കേൾക്കില്ല പെണ്ണു’ മീനാക്ഷി ഒരു ശാസനയോടെ പറഞ്ഞു. ‘അല്ല നീ ഹർഷനെ വിളിച്ചില്ലേ’
‘അയ്യോ ഏടത്തി ഞാൻ മറന്നു’അവൾ തലയിൽ കൈ വച്ചു പറഞ്ഞു.
‘നന്നായി. ഇനി അവൻ എന്നെ കൊല്ലും.’ മീനാക്ഷിയും ഒപ്പം തലയിൽ കൈ വച്ചു.
‘എന്താണ് ഇവിടെ മഹതികൾ ഒരു ചർച്ച’ ശബ്ദം കേട്ടിടത്തേക്കു രണ്ടുപേരും തിരിഞ്ഞു നോക്കി.
‘ഉണ്ണി’മീനാക്ഷി സന്തോഷത്തോടെ വിളിച്ചു. ഉണ്ണിയുടെ കണ്ണുകൾ പോയത് ഏടത്തിയുടെ കയ്യിൽ ഇരുന്ന കറുക അപ്പത്തിലേക്ക് ആയിരുന്നു. പെട്ടെന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു’ഉണ്ണിമോളെ …ശോകം ആക്കല്ലേ…’ പാറു അവളെ നോക്കി പറഞ്ഞു. ‘എനിക്കറിയാമായിരുന്നു ഇന്നിവിടെ ഇതുണ്ടാകുമെന്നു. കാരണം ഇന്നലെ ഇതു കഴിക്കണം എന്നു നിന്നോട് പറഞ്ഞിരുന്നല്ലോ’ നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചുകൊണ്ടു ഉണ്ണി മറുപടി കൊടുത്തു.
‘സ്മരണ വേണം മോളെ സ്മരണ’ പാറുവും വിട്ടില്ല.
‘അപ്പൊ എന്തോ കാര്യം സാധിക്കാൻ ഉണ്ടല്ലോ. പറഞ്ഞോ ആലോചിക്കാം’ ഉണ്ണി അപ്പം വായിൽ ഇട്ടുകൊണ്ടു പറഞ്ഞു.
‘ഹൊ…എന്തൊരു ടേസ്റ്റ് ആണ്… ഏടത്തി സമ്മതിക്കണം’ ഉണ്ണി മീനാക്ഷിയോട് നന്ദിയോടെ പറഞ്ഞു.
‘അതേ ഇതിന്റെ നന്ദി കാണിക്കേണ്ടത് ഇങ്ങനെയല്ല കേട്ടോ…ദേ മുകളിൽ ഒരുത്തൻ ഇതുവരെ എഴുനേറ്റില്ല. അവനെ വിളിക്കാൻ പാറുവിനെ പറഞ്ഞു ഏൽപ്പിച്ചു അവൾ മറന്നു. ഇനി ആരു ചെന്നു വിളിച്ചാലും അവന്റെ രുദ്രഭാവം കാണേണ്ടി വരും’ മീനാക്ഷി വേവലാതിയോടെ പറഞ്ഞു.
‘അവനെ പോയി വിളിക്കണം. അതല്ലേ കാര്യം. ഞാൻ ഏറ്റു എന്റെ ഏടത്തിയമ്മേ’ മീനാക്ഷിയുടെ മൂക്കിൽ പിടിച്ചു വലിച്ചു പറഞ്ഞു കൊണ്ടു അവൾ ഒരു അപ്പം കയ്യിൽ എടുത്തുകൊണ്ടു ഹർഷന്റെ മുറിയിലേക്ക് നടന്നു.
‘ഉം…ഉം..അതേ ഇപ്പോഴത്തെ പഠിപ്പു കഴിഞ്ഞു അവനൊരു ജോലി ആകട്ടെ രണ്ടെണ്ണത്തിന്റെയും കാര്യത്തിൽ ഒരു തീരുമാനം അയക്കുന്നുണ്ട്’മീനാക്ഷി കളിയാക്കി പറഞ്ഞു.
‘ഒന്നു പോ ചേച്ചി’ ഉണ്ണിയുടെ കണ്ണിൽ അവൾ ഒളിപ്പിച്ചിരുന്ന പ്രണയം കണ്ണുകളിലെ പുഞ്ചിരിയോടെ തെളിഞ്ഞു നിറഞ്ഞു നിന്നു. അവൾ ഹർഷനെ വിളിക്കാൻ ആയി അവന്റെ മുറിയിലേക്ക് എത്തി. വാതിലിൽ തട്ടും മുന്നേ അവൾ കണ്ണുകൾ ഇറുകെ അടച്ചു തുറന്നു ഒന്നു ദീർഘശ്വാസം വിട്ടു. ആ നിമിഷത്തിൽ നേരത്തെ അവളുടെ കണ്ണിൽ വിരിഞ്ഞ പ്രണയം എവിടേക്കോ ഓടി ഒളിച്ചു. രണ്ടു വട്ടം വാതിൽ തട്ടിയിട്ടും പ്രതികരണം കാണാതായപ്പോൾ അവൾ വാതിൽ പതുക്കെ തള്ളി. അതു ലോക്കഡ് ആയിരുന്നില്ല. പുതച്ചു ഒരു വശം ചെരിഞ്ഞു കിടക്കുകയായിരുന്നു ഹർഷൻ. ഒരു നറു ചിരിയോടെ അവന്റെ കിടപ്പ് നോക്കി നിന്നു. പതുക്കെ അവന്റെ അടുത്തു ഇരുന്നു ഒരു കൈകൊണ്ട് മുടിയിൽ മെല്ലെ തഴുകി.കവിളിൽ അവളുടെ തണുത്ത കൈകൾ സ്പര്ശിച്ചപ്പോൾ അവൻ ഒന്നു മുരണ്ടു കൈകൾ രണ്ടും നിവർത്തി മൂരി നിവർന്ന് കണ്ണുകൾ തുറന്നു നോക്കി. തന്റെ മുന്നിൽ ഒരു കയ്യിൽ അപ്പവും പിടിച്ചു ചിരിയോടെ ഇരിക്കുന്ന ഉണ്ണിമായ.
‘ആഹാ… നല്ല കണി’ അവനും ചിരിയോടെ പറഞ്ഞു.
‘ഇന്ന് കോളേജിൽ ഒന്നും പോകണ്ടേ സാർ. ഇപ്പോ തന്നെ സമയം നോക്കു’ഹർഷനു നേരെ കൈകൾ നീട്ടി അവൾ ചോദിച്ചു.
ഹർഷൻ ക്ലോക്കിൽ നോക്കുമ്പോൾ സമയം 8 മണിയോട് അടുക്കുന്നു. ‘ഇത്ര നേരമായോ ‘ നീട്ടിപിടിച്ച അവളുടെ കൈകളിൽ പിടിച്ചു എഴുനേറ്റുകൊണ്ടു അവൻ പറഞ്ഞു
‘ഏടത്തിയോട് ഞാൻ പറഞ്ഞത് ആയിരുന്നു വിളിക്കണമെന്ന്. മറന്നു കാണും. ആ കുട്ടി പിശാശിന് എങ്കിലും എന്നെ ഒന്ന് വിളിക്കമായിരുന്നു’ അവൻ താടി ചൊറിഞ്ഞു നിന്നു കൊണ്ടു പറഞ്ഞു.
‘ഇനി സമയം കളയാതെ വേഗം പോയി ഫ്രഷ് ആയി വാ.’ ഉണ്ണി അതും പറഞ്ഞു അവനെ ബാത്റൂമിൽ ഉന്തി തള്ളി വിട്ടുകൊണ്ട് പുറത്തേക്കു നടന്നു.
അവൻ കുളിച്ചു ഫ്രഷ് ആയി വരുമ്പോഴേക്കും പാറു സ്ഥലം വിട്ടിരുന്നു. അല്ലെങ്കിൽ അവന്റെ വായിൽ ഉള്ളത് മുഴുവൻ കേൾക്കേണ്ടി വരുമെന്ന് അറിയാം. കഴിക്കാൻ ഉള്ള ദോശ എടുത്തു വയ്ക്കുന്നതിനിടയിൽ മീനാക്ഷി ക്ഷമാപണം പോലെ ചെവിയിൽ പിടിച്ചു നിന്നു.
‘ദേ… ഈ കുറുമ്പൻ വരുന്നവരെ ഏടത്തിക്കു ഒരു കൻസിഡറേഷൻ. ചവിട്ടും കുത്തുമൊക്കെ ഉണ്ടോ ചേച്ചി’ ഒരു ചിരിയോടെ ഹർഷൻ മീനാക്ഷിയുടെ കൈകളിൽ പിടിച്ചു ചോദിച്ചു.
‘നിന്റെ ചേട്ടന്റെ അത്ര കുറുമ്പില്ല’മീനാക്ഷി അതുപറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു.
‘ഇന്ന് സ്പെഷ്യൽ ഉണ്ടല്ലോ. ഇവളുടെ കറുകപ്പം കുറച്ചു ആയി ഇതു കഴിച്ചിട്ട്’ അവനും ഒരു കഷ്ണം വായിൽ ഇട്ടു. ജാനകി ഒരു പ്‌ളേറ്റിൽ ദോശ ഉണ്ണിക്കും വിളമ്പി.’എനിക്ക് ഇതുമാത്രം മതിയമ്മേ’അവൾ അപ്പത്തിന്റെ പ്‌ളേറ്റിൽ പിടിച്ചിരുന്നു
‘അതു മുഴുവൻ നിനക്കു തന്നെയാ. പതുക്കെ കഴിക്കു പെണ്ണേ ‘ ഹർഷൻ ദോശ കഴിക്കുന്നതിനിടയിൽ പറഞ്ഞു.
‘ഇന്നലെ ഞാൻ പാറുവിനോട് പറഞ്ഞിരുന്നു ഇതു കഴിക്കാൻ തോന്നുന്നുവെന്നു. അപ്പോഴേക്കും അമ്മ ഇതുണ്ടാക്കി. അപ്പൊ ഇതു മുഴുവൻ ഞാൻ തന്നെ കഴിക്കണം’ഉണ്ണി പറയുന്നത് കേട്ടു ജാനകി സ്‌നേഹത്തോടെ അവളുടെ തലയിൽ തലോടി. പരസ്പരം ഒരു നന്ദി പറച്ചിലിന്റെ കാര്യമില്ല. രണ്ടുപേരും കഴിച്ചു കോളേജിലേക്ക് പോകാൻ ഇറങ്ങി. സ്‌കൂൾ മുതൽ അവർ ഒന്നിച്ചാണ് പോക്കും വരവും. അവന്റെ ബൈക്കിനു പുറകിൽ ഉണ്ണിയും കയറി. ഏടത്തിയോടും അമ്മയോടും യാത്ര പറഞ്ഞു.
‘അല്ല മാഷുമാർ ഇന്ന് നേരത്തെ ഇറങ്ങിയോ. കാണ്മാനില്ല’ ഹർഷൻ ജനാകിയോട് തിരക്കി.
‘അതു പറഞ്ഞപ്പോൾ ആണ് ഓർത്തത്. നീ പോകുന്ന വഴിയിൽ ഈ കവർ രാമേട്ടന്റെ ചായ കടയിൽ കൊടുത്തേക്കു. അച്ഛൻ വന്നു വാങ്ങിക്കൊള്ളും. എന്തോ സ്‌കൂളിൽ അത്യാവശ്യം ആയി പോയതാണ്.’ ഒരു കവർ പുറത്തു ഇരുന്നത് ഉണ്ണിയുടെ കൈകളിൽ വച്ചു കൊടുത്തു ജാനകി. അതും വാങ്ങി അവർ കോളേജിലേക്ക് പുറപ്പെട്ടു. രാമേട്ടന്റെ കടയിൽ എത്തിയപ്പോൾ അവൻ ബൈക്കു നിർത്തി. ഉണ്ണി ഇറങ്ങി കടയ്ക്ക് ഉള്ളിലേക്ക് ‘രാമേട്ട’ വിളിച്ചുകൊണ്ടു കയറി.
‘ആഹാ..മോളോ… എന്താ മോളെ ‘

‘ഇതു അച്ചന്മാർ വരുമ്പോൾ കൊടുത്തേക്കാൻ പറഞ്ഞു തന്നു വിട്ടത് ആണ് അമ്മ’ ഉണ്ണി അതും പറഞ്ഞു കവർ രാമേട്ടന്റെ കൈകളിൽ വച്ചു കൊടുത്തു. പിന്തിരിഞ്ഞു നടക്കാൻ തുടങ്ങിയ ഉണ്ണിയുടെ കൈകളിൽ ഒരു പിടുത്തം വീണു. അവൾ തിരിഞ്ഞു നോക്കും മുന്നേ പറഞ്ഞു തുടങ്ങി’എന്താടാ ബാലു… നിന്നെ മറന്നുവെന്നു കരുതിയോ’ ഉണ്ണി ചിരിയോടെ ചോദിക്കുമ്പോൾ ബാലു മുന്നിലേക്ക് വന്നു നിന്നു ചിരിക്കാൻ തുടങ്ങി. ഉണ്ണി അവളുടെ കൈകളാൽ അവന്റെ കവിളിൽ തലോടി. ഒരു സങ്കടം അവളിൽ നിറഞ്ഞു. ‘രാമേട്ട ഇവന്റെ പതിവ് മുടക്കണ്ട കേട്ടോ’
‘ഇല്ല മോളെ… ഞാൻ അതു മാത്രം മുടക്കില്ല’

ബാലു എന്തൊക്കെയോ ആംഗ്യ ഭാഷയിൽ ചോദിച്ചു. ‘ഹർഷൻ പുറത്തു നിൽക്കുന്നുണ്ട്’ അവളുടെ മറുപടിയിൽ മനസ്സിലായി അവൻ ചോദിച്ചത് ഹർഷനെയാണെന്നു. പിന്നെയും അവർ തമ്മിൽ എന്തൊക്കെയോ സംസാരിച്ചു. അവനു സംസാരശേഷി ഇല്ലാത്ത ആരുമില്ലാത്ത അനാഥൻ ആയിരുന്നു. ഇവരുടെ കളിക്കൂട്ടുകാരൻ. ഇവനുള്ള ഒരു നേരത്തെ ഭക്ഷണം രാമേട്ടന്റെ കടയിൽ നിന്നുമാണ്. അതു കൊടുക്കുന്നത് ഉണ്ണിയും ഹർഷനും കൂടിയാണ്. ബാക്കിയുള്ളത് അവൻ ജോലി ചെയ്തു ഉണ്ടാക്കും. അവൻ എത്ര വേണ്ട പറഞ്ഞാലും ഉണ്ണിയും ഹർഷനും സമ്മതിക്കില്ല. അവരുടെ സംസാരം കടയിൽ ഉണ്ടായിരുന്ന മറ്റുള്ളവരും നോക്കി കണ്ടു. ഉണ്ണി അവനോടും രമേട്ടനോടും യാത്ര പറഞ്ഞു ഇറങ്ങി ഹർഷന്റെ ബൈക്കിനു പുറകിൽ കയറി. അവർ പോയി.

‘ആ പെങ്കൊച്ചു ആ ചെറുക്കന്റെ കൂടെ തന്നെയാണല്ലോ’ പറഞ്ഞു തീരും മുന്നേ അവിടെ പടക്കം പൊട്ടുന്ന ശബ്ദം കേട്ടു.

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

നിഴലായ് മാത്രം : PART 1

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

Share this story