നിഴലായ് മാത്രം : PART 2

നിഴലായ് മാത്രം : PART 2

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

ആ പെങ്കൊച്ചു ആ ചെറുക്കന്റെ കൂടെ തന്നെയാണല്ലോ” പറഞ്ഞു തീരും മുന്നേ അവിടെ പടക്കം പൊട്ടുന്ന ശബ്ദം കേട്ടു.
എല്ലാവരും നോക്കെ പരദൂഷണം പരമു കവിളിൽ കൈ വച്ചു നിൽക്കുന്നു. അടുത്തു തന്നെ തന്റെ ഇടം കൈ കുടയുന്ന ബാലുവും.

“അങ്ങനെ തന്നെ വേണം തനിക്കു. ഞാൻ തരാൻ വച്ചിരുന്നത് അവൻ തന്നു. മാഷുടെ മക്കളെ കുറിച്ചു ഈ നാട്ടുകാർക്ക് എല്ലാവർക്കും അറിയാം തന്നോട് പല വട്ടം പറഞ്ഞിട്ടുണ്ട് ഇതുപോലെയുള്ള ചെറ്റ വർത്തമാനം പറയരുതെന്ന്. ഭക്ഷണത്തിന്റെ മുൻപിൽ നിന്നും എണീപ്പിച്ചു വിടുന്നില്ല” രാമേട്ടൻ കെർവിച്ചു കൊണ്ടു പറഞ്ഞു നോക്കിയത് രാധാകൃഷ്ണന്റെയും രവീന്ദ്രൻ മാഷിന്റെയും മുഖത്തേക്ക് ആണ്. അവിടെ നടന്നത് എല്ലാം അവരും കണ്ടു കഴിഞ്ഞുവെന്ന് മനസ്സിലായി. രവീന്ദ്രൻമാഷു ബാലുവിന് അരികിൽ ചെന്നു പറഞ്ഞു”എന്തൊക്കെ ആയാലും തലക്ക് മൂത്തവരെ കൈനീട്ടി അടിക്കാൻ പാടില്ല” ബാലു സ്വയം തന്റെ ചെവിയിൽ പിടിച്ചു ക്ഷമാപണം പറഞ്ഞു. രവീന്ദ്രൻ വാത്സല്യത്തോടെ അവന്റെ കവിളിൽ തലോടി. പരമുവിനെ നോക്കിയപ്പോൾ അവൻ മുന്നിലെ ഭക്ഷണത്തിലേക്കു ലജ്ജയോടെ മുഖം പൂഴ്ത്തി. രവീന്ദ്രൻ അയാളെ ഇരുത്തി ഒന്നു നോക്കിയിട്ട് കവർ വാങ്ങി രണ്ടുപേരും തിരികെ പോയി.

പോകുന്ന വഴിയിൽ രാധാകൃഷ്ണന്റെ മൗനം രവീന്ദ്രന് മനസിലായി. “ഒരു അച്ഛന്റെ എല്ല ആവലാതിയും ഇതോടെ കൂടിയല്ലേ”

“അവൾക്കു കല്യാണ പ്രായം ആയില്ലേ. ഇനിയും നമ്മുടെ നാട്ടുകാരിൽ തന്നെ മുറു മുറുപ്പു തുടങ്ങി. ” രാധാകൃഷ്ണൻ വേവലാതിയോടെ പറഞ്ഞു.
“നമ്മൾ മുന്നേ തീരുമാനിച്ചത് അല്ലെ അവരുടെ കാര്യം. കുട്ടികൾ പിരിയാൻ പറ്റാത്ത കൂട്ടു ആണ്. അവരോടു മറച്ചു വച്ചിട്ടും ഉണ്ണിമോൾ അതു കണ്ടുപിടിച്ചു. അവളുടെ ഉള്ളിലും ഹർഷൻ എന്ന മോഹം ഉണ്ട്.ഈ പഠിപ്പു കഴിഞ്ഞാൽ രണ്ടിനെയും അങ്ങു ചേർത്തു വയ്ക്കാം. അവർ സ്വയം പറയട്ടെ എന്നു കരുതിയല്ലേ ഇതുവരെ നമ്മൾ ഒന്നും പറയാതെ ഇരുന്നത്” രവീന്ദ്രൻ സമാധാനിപ്പിച്ചു കൊണ്ടിരുന്നു.

കോളേജിന്റെ മെയിൻ ഗേറ്റ് കഴിഞ്ഞു ഹർഷൻ ബൈക്കു പാർക്കിങ്ങിൽ നിർത്തിയ ഉടൻ ഉണ്ണി ചാടി ഇറങ്ങി.
“എന്തുവാ പെണ്ണേ… പതുക്കെ ഇറങ്ങു. പിന്നെ പ്രിൻസിയുടെ കയ്യിൽ നിന്നും പെർമിഷൻ വാങ്ങിയിട്ടുണ്ട് ഉച്ചക്ക് വേഗം കൂടെ വന്നോളണം ഇന്ന് അറിയാലോ മറന്നിട്ടില്ലാലോ പെയിന്റിങ് കോമ്പറ്റീഷൻ. സേക്രഡ് കോളേജിൽ വച്ചാണ് ” ഹർഷൻ അവളെ ഓർമിപ്പിച്ചു.
“പെയിന്റിങ് കോമ്പറ്റീഷൻ ഞാൻ മറന്നാലും നീ മറകില്ലലോ. നീ തന്നെ വന്നു വിളിച്ചാൽ മതി” അവന്റെ ബാഗ് കയ്യിൽ കൊടുത്തു മുന്നോട്ടു നടന്നുകൊണ്ടു ഉണ്ണി പറഞ്ഞു.

“എത്തിയോ സായാമീസ് ഇരട്ടകൾ” നോക്കിയപ്പോൾ അവളുടെ ഗ്യാങ് ആണ്. രാധികയും കീർത്തിയും.
“നീയിന്നു മത്സരത്തിന് പോകുന്നില്ലേ” രാധികയാണ് തുടക്കമിട്ടത്.
“ഹർഷൻ ഇപ്പോൾ ഓര്മിപ്പിച്ചതെയുള്ളൂ” ഉണ്ണി പറഞ്ഞു കൊണ്ട് അവരുടെ അടുത്തേക്ക് നീങ്ങി. ഹർഷൻ ചിരിച്ചുകൊണ്ട് അവരെ കടന്നുപോയി കൊണ്ടിരുന്നു.
“നിനക്കു ചിലപ്പോ പണി കിട്ടാൻ ചാൻസ് ഉണ്ട് മോളെ. കാരണം ഇവിടെ നടന്ന സെലക്ഷൻ മത്സരത്തിൽ നിന്റെ എതിരാളി ആ യാമി പിശാശ് ആയിരുന്നല്ലോ. അവൾ നിന്നെ വിടാൻ വഴിയില്ല. നീ പോയില്ലെങ്കിൽ ആ ചാൻസ് അവൾക്കു ആണ്. നീ സൂക്ഷിച്ചോ” കീർത്തിയാണ് ന്യൂസ് പറഞ്ഞു കൊടുത്തത്.
“ഒന്നു പതുക്കെ പറയു എന്റെ കീർത്തി. ഹർഷൻ കേൾക്കണ്ട. യാമിയുടെ പപ്പും പൂടയും പറക്കും.” ഉണ്ണി ഹർഷൻ പോകുന്നത് നോക്കി ശാസനയോടെ കീർത്തിയോട് പറഞ്ഞു.
“ആ യാമിക്കു എന്തിന്റെ സൂക്കേട് ആണോ എന്തോ” രാധിക ആത്മഗതം പറഞ്ഞു.
“അവൾക്കു മുഴുത്ത പ്രേമം അല്ലെ ഹർഷനോട്. ഇന്നത്തെ കോമ്പറ്റീഷൻ കൊണ്ടുപോകുന്നത് അവൻ അല്ലെ. കഴിഞ്ഞ 5 വർഷമായി അവൾ അവന്റെ പുറകെ നടക്കുന്നു ദിവ്യ പ്രണയം കൊണ്ടു. അടുക്കാൻ കഴിഞ്ഞില്ല. അവൾ ഒരു ചാൻസ് നോക്കി നടക്കുവല്ലേ അവനോടു മുട്ടാൻ” കീർത്തി പറഞ്ഞതു ശരിയായിരുന്നു വെന്നു ഉണ്ണിയും ചിന്തിച്ചു. എൻജിനിയറിങ് ചേർന്ന വർഷം ഒരേ ക്ലാസ്സിൽ തന്നെ ആയിരുന്നു യാമിഎന്ന യാമിനിയും താനും ഹർഷനുമൊക്കെ. തങ്ങളുടെ കൂട്ടിലേക്ക്‌ ഇടിച്ചു കയറാൻ എന്നും അവൾ ശ്രമിച്ചിരുന്നു. അതിനെല്ലാം തടയിട്ടതോ ഹർഷനും. അവൾ തങ്ങളുടെ കൂട്ടിലേക്ക്‌ ഇടിച്ചു കയറാൻ ആദ്യം ശ്രമിച്ചു. അതു നടക്കില്ല കണ്ടപ്പോൾ ആണ് എനിക്കെതിരെ എന്തിലും മത്സരിക്കാൻ തുടങ്ങിയത്. എന്തോ ഒരു പരിഭവം അവൾക്കു തന്നോട് ഉണ്ടെന്നു യാമിയുടെ തനിക്കു നേരെ നീളുന്ന കണ്ണുകൾ പറയാറുണ്ട്. തനിക്കെതിരെ എപ്പോ മത്സരിച്ചാലും അവൾ തോറ്റു പോയിട്ടേയുള്ളൂ. ഹർഷൻ ഉള്ളിടത്തോളം ഉണ്ണി എവിടെയും തോൽക്കില്ല. തോൽക്കാൻ അവൻ സമ്മതിക്കാറുമില്ല.

എന്തൊക്കെയോ ആലോചിച്ചു അവർ ക്ലാസിലേക്ക് കയറുമ്പോൾ യാമി തല കുമ്പിട്ടു ഇരിക്കുന്നത് ആണ് ഉണ്ണി കണ്ടത്. മറ്റുള്ളവർക്ക് ഒരു ചിരി സമ്മാനിച്ചു അവളും അവളുടെ സീറ്റിലേക്ക് ഇരുന്നു. മറ്റു ഫ്രണ്ട്‌സ് ആയി സംസാരിച്ചു കൊണ്ടു ഹർഷനും ക്ലാസ്സിലേക്ക് കയറി വന്നു. ഹർഷന്റെ വരവ് അറിഞ്ഞെന്ന വണ്ണം യാമി തല ഉയർത്തി നോക്കിയപ്പോൾ അവളെ തന്നെ കൂർപ്പിച്ചു നോക്കിക്കൊണ്ടു തന്റെ സീറ്റിൽ വന്നിരുന്നു ഹർഷൻ. ആദ്യത്തെ രണ്ടു പീരിയഡ് ക്ലാസ് കഴിഞ്ഞു ഇന്റർവെൽ സമയം ആയപ്പോൾ ഉണ്ണി വാഷ്റൂം വരെ പോയി. അവൾ പോയി കഴിഞ്ഞു പുറകെ യാമിയും സംഘങ്ങളും പുറത്തേക്കു ഇറങ്ങിയിരുന്നു. വാഷ്റൂം ഇറങ്ങി തിരിച്ചു ക്ലാസ്സിലേക്ക് വരും വഴി ക്ലാസ്സിലെ തന്നെ കുട്ടി ജീവ വന്നു അവളോട്‌ കമ്പ്യൂട്ടർ ലാബിലേക്ക് ചെല്ലാൻ പറഞ്ഞു. അവിടെ ഇപ്പൊ എന്താ എന്നു ഒരു നിമിഷം ആലോചിച്ചു നിന്നു.പിന്നെ പതുക്കെ ലാബിലേക്ക് നടന്നു. അതിന്റെ ഡോർ തുറന്നു ഉള്ളിൽ കയറിയതും പുറത്തു നിന്നു അതു ആരോ അടച്ചു. കമ്പ്യൂട്ടർ ലാബ് ഒരു ഒഴിഞ്ഞ കോണിൽ ആയിരുന്നു ഉണ്ടായിരുന്നത്. അത്യാവശ്യം ലാബിലേക്ക് മാത്രേ അവിടെ എല്ലാവരും പോകു. ഉണ്ണി ലാബിനുള്ളിലേക്കു നോക്കി…ഭാഗ്യം അതിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല. അവൾ വാതിൽ വളരെ ശക്തിയായി മുട്ടാൻ തുടങ്ങി. ഉറക്കെ ഉറക്കെ വിളിച്ചു കൊണ്ടിരുന്നു.

ക്ലാസ്സിൽ ഉണ്ണിയെ നോക്കിയപ്പോൾ കാണാനില്ല. ഹർഷനു അപകടം മണത്തു. അവൻ യാമിക്കു നേരെ ചെന്നു അവളുടെ കൈകളിൽ ശക്തിയായി പിടിച്ചു “ഉണ്ണി എവിടെ… ഉണ്ണി എവിടെ യാമി” അവൻ നിന്നു പുകയുകയാണെന്നു അവൾക്കു തോന്നി പോയി.
“എനിക്കറിയില്ല ഹർഷാ… ഞാൻ… ഞാൻ….ഒന്നും ചെയ്തിട്ടില്ല” അവൾ നിന്നു വേദന കൊണ്ട് വിക്കി പറഞ്ഞു.
“അവളുടെ ഇന്നത്തെ കോമ്പറ്റീഷൻ മുടങ്ങിയാൽ”അവളുടെ മേലെ ചൂണ്ടുവിരൽ നീട്ടി അരുതെന്ന് കാണിച്ചുകൊണ്ട് അവൻ പുറത്തേക്കു കുതിച്ചു. അവർ ഒന്നു രണ്ടു പേർ കൂടി ഉണ്ണിയെ അന്വേഷിച്ചു ഇറങ്ങി.

ശക്തിയായി ഡോർ ഇടിച്ചു കൊണ്ടേയിരുന്നു ഉണ്ണി. പെട്ടന്ന് പുറത്തു നിന്നു ഡോർ തുറക്കുന്ന ശബ്ദം അവൾ കേട്ടു. വാതിൽ വലിച്ചു തുറന്ന് അകത്തേക്ക് വരുന്ന ആളെ കണ്ടു അവൾ ഒരു നിമിഷത്തേക്ക് പകച്ചുപോയി. പിന്നെ പെട്ടന്ന് കണ്ണിൽ ഇരിട്ടു കയറും പോലെ തോന്നി. അടുത്തു കിടന്ന ഡെസ്കിലേക്ക് കൈ ചേർക്കുമ്പോഴേക്കും താഴേക്കു വീഴാൻ തുടങ്ങിയ അവളെ നെഞ്ചോടു ചേർത്തു പിടിച്ചിരുന്നു. കോളേജിൽ വന്ന നാൾ മുതൽ തനിക്കായി മാത്രം തുടിക്കുന്ന ആ നെഞ്ചിലെ താളം കാതോരത്തായി കേട്ടുകൊണ്ട് അവൾ പതിയെ മയക്കത്തിലേക്കു നീണ്ടു അപ്പോഴും അവളുടെ ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു

“അനന്തു….!”

കണ്ണിൽ ശക്തിയായി എന്തോ വന്നു പതിക്കുംപോലെ തോന്നി. ഉണ്ണി കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു. കഴിയുന്നില്ല.
“ഉണ്ണി…എഴുന്നേൽക്കു”അവളുടെ ചുമലിൽ കുലുക്കി വിളിച്ച ശബ്ധത്തെ ഹർഷൻ ആണെന്ന് അവൾ തിരിച്ചറിഞ്ഞു. കണ്ണുകൾ ഒന്നുകൂടി ഇറുകെ അടച്ചു കൊണ്ടു തുറന്നു. അപ്പോൾ മുന്നിൽ നിൽക്കുന്ന അനന്തുവിനെ യാണ് കാണുന്നത്. അപ്പൊ അനന്തുവല്ലേ തന്നെ താങ്ങിയത്. അപ്പൊ തന്നെ ചേർത്തു പിടിച്ചിരിക്കുന്നത് ഹർഷൻ ആണല്ലോ. ഇതെപ്പോ. അവൾ ഓരോന്നും ചിന്തിക്കാൻ തുടങ്ങി. “ഇപ്പൊ ഒക്കെ ആയോ ഉണ്ണിമോളെ” ഹർഷന്റെ വിളി കേട്ടു അവളുടെ ചുണ്ടിൽ ചിരി വിടർന്നു. സ്നേഹം കൂടുമ്പോഴും തന്റെ കാര്യത്തിൽ വേവലാതി കൂടുമ്പോഴും ഹർഷൻ ഉണ്ണിമോളെ എന്ന വിളിക്കുക. അവൾ ഓർത്തു നിന്നു. ” നീയെന്താ സ്വപ്നം കാണുകയാണോ. ഇപ്പൊ എങ്ങനെയുണ്ട് നിനക്കു”ഇത്തവണ അവന്റെ സ്വരം കടുത്തിരുന്നു.
“എനിക്ക് കുഴപ്പം ഒന്നുമില്ല. ഞാൻ ഒക്കെ ആണ്” ഉണ്ണിയുടെ വാക്കുകൾ ശ്രവിക്കുമ്പോഴും അനന്തു അവളെ കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുവായിരുന്നു. അവന്റെ നോട്ടത്തെ നേരിടാൻ ആകാതെ അവൾ കുമ്പിട്ടു മിഴികളെ പിൻവലിച്ചു. “നീയെന്തിനാ ലാബിലേക്ക് വന്നത്” ഹർഷൻ വിടാൻ ഉദേശമില്ലായിരുന്നു. “ഞങ്ങൾ നിന്നെ കാണാതെ അന്വേഷിച്ചു നടക്കുമ്പോൾ ആണ് അനന്തു നിന്നെ താങ്ങി എടുത്തു വരുന്നത് കണ്ടത്. എന്താ ഉണ്ടായത്” ഹർഷൻ ഉണ്ണിയുടെ മറുപടിക്കായി അക്ഷമയോടെ കാത്തിരുന്നു.
“ഞാൻ ലാബിലേക്ക് എന്റെ റെക്കോര്ഡ് നോക്കാൻ വേണ്ടി വന്നതാ. പെട്ടന്ന് തല കറങ്ങി ആ സമയം അനന്തു കണ്ടു. കണ്ടില്ലായിരുന്നുവെങ്കിൽ ഞാൻ ലാബിൽ കിടന്നേനെ” ഉണ്ണി അതും പറഞ്ഞു അനന്തുവിനെ നോക്കി. താൻ പറഞ്ഞ കള്ളം ഹർഷനു നേരെ ആവർത്തിക്കണം എന്നവൾ കണ്ണുകൾ കൊണ്ടു അനന്തുവിനോട് അപേക്ഷിച്ചു. എന്നും അവളെ ബഹുമാനിച്ചു മാത്രം ശീലമുള്ള അനന്തു കണ്ണുകൾ കൊണ്ടു തന്നെ തിരികെ സമ്മതം നൽകി. എന്നാൽ പതിവിലും വിപരീതമായി ഹർഷൻ അനന്തുവിനോട് സത്യമാണോ എന്നു ചോദിച്ചില്ല. കുറച്ചു നിമിഷങ്ങൾ കഴിഞ്ഞിട്ടും ഹർഷൻ ചോദ്യങ്ങൾ ഒന്നും ചോദിക്കാതെ കണ്ടു ഉണ്ണി ഹർഷനുനേരെ തിരിഞ്ഞു.

“നീ നോക്കണ്ട. നീയെന്താണോ പറഞ്ഞതു അതു തന്നെ ഇവനും ആവർത്തിക്കുന്നു എനിക്ക് അറിയാം. പിന്നെ ഞാൻ വെറുതെ എന്തിനാ സമയം കളയുന്നെ” ഹർഷൻ പറയുന്നത് കേട്ടു അവൾ അറിയാതെ ചിരിച്ചുപോയി.
“വാ…എഴുന്നേൽക്കു സമയം ആകുന്നു കോമ്പറ്റീഷൻ പോകാൻ. ” ഹർഷൻ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ടു പറഞ്ഞു.

“ദേ… ഹർഷാ എന്തുപറഞ്ഞാലും ഞാൻ വരില്ല. എനിക്ക് വയ്യ. ഇത്തവണ യാമി പോയിക്കോട്ടെ” ഉണ്ണിയുടെ പറച്ചിൽ കേട്ടു അവനു ദേഷ്യം വന്നു തുടങ്ങി.
“എനിക്കറിയാം ഇതവളുടെ പണിയാണെന്നു. കൊടുക്കുന്നുണ്ട് ഞാൻ അവൾക്കു” അവൻ ദേഷ്യത്തിൽ തിരിഞ്ഞു പോകാൻ തുടങ്ങിയപ്പോൾ അവനു കുറുകെ അവൾ നിന്നു. “ഈ ഒരു തവണത്തെക്കു വിട്. പ്ളീസ് ഡാ… നിന്റെ ഉണ്ണിയല്ലേ പറയുന്നേ” അവൾ ക്ഷമയോടെ അവനോടു കെഞ്ചി. അവളുടെ വാക്കുകൾ കൊണ്ട് ഒന്നും അവന്റെ ദേഷ്യത്തെ അടക്കാൻ ആയില്ല. അവൻ അവളെ തള്ളി നീക്കി പോകാൻ ആഞ്ഞു. രണ്ടടി മുന്നോട്ടു വച്ച കൊണ്ടു അവൻ തിരിഞ്ഞു നിന്നു അവളോട്‌ ആയി പറഞ്ഞു. “നിന്റെ മനസ്സിനെയും ശരീരത്തെയും ആരെങ്കിലും വേദനിപ്പിച്ചാൽ അവർക്കുള്ള മറുപടി ഈ ഹർഷന്റെ ശരീരത്തിൽ ജീവന്റെ ഒരു കണികയെങ്കിലും ബാക്കി ഉണ്ടെങ്കിൽ കൊടുത്തിരിക്കും. എനിക്ക് നിന്നോളം വലുതു ഈ ലോകത്തു വേറെ ഒന്നുമില്ല ഉണ്ണിമോളെ” അവസാനത്തെ വാചകം പറയുമ്പോൾ അവന്റെ വാക്കുകൾ ഇടറി.

അവൻ കണ്മുന്നിലൂടെ പോകുന്നത് അവൾ കണ്ണിമ ചിമ്മാതെ നോക്കി നിന്നു. അവനോടു പറയാതെ തന്റെ കണ്ണുകളിൽ അവനായി ഒളിപ്പിച്ച പ്രണയം എവിടെ നിന്നോ കണ്ണുകളിൽ ഓടി എത്തി. അതു സന്തോഷാശ്രുക്കൾ പൊഴിക്കാൻ ശ്രമം നടത്തി.
“ഉണ്ണി” ആ വിളിയിൽ അനന്തു തന്റെ അരികിൽ ഉള്ളത് അവൾ അറിഞ്ഞു. തന്റെ മനസിലെയും കണ്ണുകളിലെയും പ്രണയം അവൻ കണ്ടുപിടിച്ചാലോ എന്നു പേടിച്ചു അവൾ അത് പണിപ്പെട്ടു ഒളിപ്പിക്കാൻ ശ്രമിച്ചു കൊണ്ടു അനന്തുവിന് നേരെ നോക്കി. മിഴികൾ നിലത്തൂന്നി നിന്നു.

“ഉണ്ണി…നീ എത്ര നാളുകൾ നിന്റെ മനസ്സിനെയും കണ്ണുകളെയും പറഞ്ഞു പറ്റിക്കും” അനന്തുവിന്റെ വാക്കുകൾ ഒരു ഞെട്ടലോടെ അവളുടെ ചെവിയിലേക്കു വീണു.

“നീ എത്ര ഒളിപ്പിക്കാൻ ശ്രമിച്ചിട്ടും നിന്റെ മനസിലെ അവനോടുള്ള പ്രണയത്തെ ഞാൻ നിന്റെ കണ്ണുകളിൽ നിന്നും…നിന്റെ ക്യാൻവാസിൽ നിന്നും കണ്ടുപിടിച്ചു” ഉണ്ണി അതിശയത്തോടെ അനന്തുവിന്റെ വാക്കുകൾ കേട്ടു കൊണ്ടിരുന്നു.

“ഞാൻ എങ്ങനെ അറിഞ്ഞു എന്നാണെങ്കിൽ. നമ്മൾ ഏറെ സ്നേഹിക്കുന്നവരുടെ മനസു വായിക്കാൻ എളുപ്പം കഴിയും. അതു അവരുടെ ഒരു നോട്ടം കൊണ്ടു പോലും. പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട് ഹർഷനെ നോക്കുന്ന നിന്റെ കണ്ണുകളിലെ പ്രണയത്തെ. നീയത് മനസിൽ കുഴിച്ചുമൂടാൻ ശ്രമിക്കുമ്പോഴും അനുസരണ ഇല്ലാതെ നിന്റെ കണ്ണുകൾ നിന്നെ പറ്റിക്കുന്നു ഇടക്കൊക്കെ. നിന്റെയീ കണ്ണുകളിലൂടെ ഞാൻ അറിഞ്ഞു നിനക്കു അവനോടുള്ള പ്രണയത്തെ”
അനന്തു പറഞ്ഞതു അത്രയും സത്യമായിരുന്നു. താൻ എത്ര മൂടി വയ്ക്കാൻ ശ്രമിച്ചാലും തന്റെ കണ്ണുകൾ ഇടക്ക് കൂടെ നിന്നുകൊണ്ട് ചതിക്കുന്നു. കണ്ണുകളെ എന്തിനാ കുറ്റപ്പെടുത്തുന്നെ… തന്റെ ഉള്ളിലെ പ്രണയവും സ്നേഹവും ഇട തടവില്ലാതെ ഒഴുകുമ്പോൾ അതു അവൻ അറിയാതെ പോകുന്നല്ലോ എന്ന വേവലാതിയിൽ പലപ്പോഴും കണ്ണുകൾ ചതിക്കുന്നതാണ്. അവൾ അറിയാതെ ഒരു തുള്ളി കണ്ണുനീർ ഒഴുകി. അവളുടെ കണ്ണുകൾ അവളോട്‌ ക്ഷമാപണം നടത്തി.

“നിന്നെ കണ്ട അന്ന് മുതൽ എന്റെ നെഞ്ചിൽ കൂടി കയറിയ മുഖം ആണ് ഉണ്ണിമായ നിന്റേത്. അന്നുമുതൽ നിന്റെ കൂടെ തന്നെയുണ്ട് ഞാൻ. അറിയാതെ തോന്നിയ ഇഷ്ടം തുറന്നു പറഞ്ഞു. നീയത് നിരസിക്കും എന്നെനിക്കു ഉറപ്പുള്ളത് കൊണ്ടു തന്നെയാണ്. പക്ഷെ പറഞ്ഞു. ഇന്നും ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്. നീ മറ്റൊരാളെ സ്നേഹിക്കുന്നുണ്ട് എന്ന് അറിഞ്ഞു കൊണ്ടും. എന്തുകൊണ്ടോ നിന്നെ മനസ്സിൽ നിന്നും പറിച്ചു കളയാൻ കഴിയുന്നില്ല. ” ഉണ്ണി അവനെ കൂർപ്പിച്ചു നോക്കി.
“നീയെന്നെ പേടിപ്പിച്ചു നോക്കണ്ട. ഞാൻ നിന്നെ പുറകെ നടന്നു ശല്യപ്പെടുത്തുന്നൊന്നുമില്ലലോ” അവൻ ചിരിയോടെ മറുപടി നൽകി. അവൾ മറുപടിയൊന്നും കൊടുക്കാതെ നടക്കാൻ തുടങ്ങി.
“ഉണ്ണി…ഒരു നിമിഷം കൂടി” ഇനി എന്താ എന്നുള്ള ഭാവത്തിൽ അവൾ അവനെ പുരികമുയർത്തി നോക്കി.
“നിനക്കു അവനോടുള്ള ഇഷ്ടത്തെ എത്രയും വേഗം തുറന്നു പറയണം. ” ഉണ്ണി എന്തിനെന്ന പോലെ അനന്തുവിനെ നോക്കി.

“നിന്റെ കണ്ണിലെ പ്രണയംപോലെ അവന്റെ ഉള്ളിലും ഒരു പ്രണയം ഉണ്ട്. അതിപ്പോ അവന്റെ കണ്ണുകളിലും പ്രകടമാകുന്നുണ്ട്” ഉണ്ണി അതിശയത്തോടെ അവനെ നോക്കി.

“ഞാൻ ഇല്ലാകഥ പറഞ്ഞതു അല്ല ഉണ്ണി. സത്യമാണ്. പക്ഷെ ആ കണ്ണുകൾ തുടിക്കുന്നത് അതൊരിക്കലും നിന്നെ കാണുമ്പോഴോ നിന്നോടുള്ള പ്രണയം കൊണ്ടോ അല്ല. യാമിനി…യാമി… അവന്റെ മനസ്സിലെ പ്രണയത്തിന് യാമിയുടെ മുഖം മാത്രമാണ്” അനന്തുവിന്റെ വാക്കുകൾ ഒരു ഇടുത്തി പോലെ അവളുടെ നെഞ്ചിൽ പൊട്ടി വീണു.

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

നിഴലായ് മാത്രം : PART 2

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

നിഴലായ് മാത്രം : PART 1

Share this story