നിഴലായ് നിൻകൂടെ: ഭാഗം 10

nizhalay ninkoode

എഴുത്തുകാരി: ജിച്ചന്റെ കാവു

ലച്ചുവിന്റെ വയറിന്റെ വലുപ്പം വളരെയധികം കൂടിയിട്ടുള്ളതുപോലെയുണ്ട് ഇപ്പോൾ.. കിടക്കാനും ഇരിക്കാനും നടക്കാനുമൊക്കെ അവൾ വല്ലാതെ ബുദ്ധിമുട്ടുന്നത് കാണുംതോറും ജീവയുടെ ഉള്ളിൽ അവളോടുള്ള ബഹുമാനം കൂടുകയായിരുന്നു.. തന്റെ കുഞ്ഞിനെ ഉദരത്തിലേറ്റിയ അവളെന്നെ അമ്മയോടവന് സ്നേഹമായിരുന്നു.. തന്റെ കുഞ്ഞിനുവേണ്ടി അവൾ സഹിക്കുന്ന വേദനകളും പ്രയാസങ്ങളും കണ്ടറിഞ്ഞുകൊണ്ട് അവൾക്കുവേണ്ടിയും ആ ഉദരത്തിലെ കുഞ്ഞിനു വേണ്ടിയും ജീവിക്കാൻ ഓരോ നിമിഷവും കൊതിക്കുകയായിരുന്നവൻ.. നീരുവച്ചു വീർത്തു നിൽക്കുന്ന അവളുടെ കാൽപാദങ്ങൾ ഉഴിഞ്ഞുകൊടുത്തും കയ്കളിൽ പിടിച്ചുകൊണ്ടു നടത്തിച്ചും അവൾക്കൊരു തുണയായവൻ എപ്പോഴും കൂടെയുണ്ടായിരുന്നു.. കുളികഴിഞ്ഞു വെള്ളമുറ്റുന്ന മുടിയിഴകൾ തുടച്ചുകൊടുത്തും വാശിയോടെ ആഹാരം കഴിക്കാതിരിക്കുമ്പോൾ വാരികൊടുത്തും എന്നോ നഷ്ടപ്പെട്ടുപോയ അമ്മയുടെ സ്നേഹം അവൻ അവൾക്കായ് പകരുമ്പോൾ പലപ്പോഴും സന്തോഷംകൊണ്ട് ആ പെണ്ണിന്റെ കണ്ണുനിറയാറുണ്ടായിരുന്നു... ഒരിക്കലും ആശിക്കുകപോലും ചെയ്യാത്തത്ര സ്നേഹവും വാത്സല്യവും കരുതലും നൽകിക്കൊണ്ടവൻ എന്നും അവൾക്കുമുന്നിലൊരു അത്ഭുതമായി മാറുന്നുണ്ടായിരുന്നു.. ജീവയുടെ സ്വരം കേൾക്കുമ്പോൾ അനങ്ങുന്ന കുഞ്ഞിനൊപ്പം ആ പെണ്ണിന്റെ മനവും നിറയുന്നുണ്ടായിരുന്നു..

ഓരോ വാക്കിലും നോക്കിലും കുഞ്ഞിനോടുള്ള സ്നേഹം നിറയ്ക്കുന്ന ആ മനുഷ്യനെ പൂർണമായും ഉൾക്കൊള്ളാൻ മനസ്സിനെ പാകപ്പെടുത്തുകയായിരുന്നു അവൾ.. തന്റെ ഉദരത്തിലെ കുഞ്ഞിന്റെ അച്ഛൻ എന്ന സ്ഥാനവും അതിലുള്ള പരിപൂർണ അവകാശങ്ങളും ജീവയ്ക്കു നൽക്കാൻ തയ്യാറാവുമ്പോഴും താലികെട്ടിയ പുരുഷൻ, ഭർത്താവ് എന്നൊരു സ്ഥാനം അവനു നൽക്കുവാനോ ആ ഒരു അധികാരത്തിൽ അവൻ ഇടപെടുന്നത് ചിന്തിക്കുവാനോ അവൾക്കാവുന്നുണ്ടായില്ല... എന്തോ ഒരു നോവവളെ അത്തരം ചിന്തകളിൽ നിന്നുപോലും പിന്തിരിപ്പിച്ചിരുന്നു.. തന്റെ ഉദരത്തിൽ വിറയലോടെ തഴുകുകയും അനുവാദം ചോദിച്ചുകൊണ്ട് മാത്രം അധരങ്ങൾ ചേർക്കുകയും ചെയ്യുന്ന അവനെന്ന പുരുഷനെ അവൾ ബഹുമാനിച്ചിരുന്നു... സ്പർശനത്തിലോ ചുംബനത്തിലോ പരിശുദ്ധമായ സ്നേഹം എന്നതിനപ്പുറം മറ്റൊരു വികാരവും കൊണ്ടുവരാത്ത അവൻ അവൾക്കൊരു അത്ഭുതമായിരുന്നു.. താലി കെട്ടി സ്വന്തമാക്കിയിട്ടും ശരീരത്തിലോ മനസിലോ യാതൊരു ആധിപത്യം കാണിക്കാൻ ശ്രമിക്കാത്തവനോട് ആ പെണ്ണിന് ആരാധന തോന്നുന്നുണ്ടായിരുന്നു.. തന്റെ കുഞ്ഞിന് ജിച്ചേട്ടനെ തന്നെ അച്ഛനായി കിട്ടിയതിൽ അവൾ അങ്ങേയറ്റം സന്തോഷവതിയായിരുന്നു..

വീട്ടിലുള്ള എല്ലാവരും അവളെ സന്തോഷിപ്പിച്ചും പരിപാലിച്ചും കൊണ്ടുനടന്നിരുന്നെങ്കിലും കുഞ്ഞിനും ജിച്ചേട്ടനുമൊത്തുള്ള രാത്രിയിലെ സ്വകാര്യ നിമിഷങ്ങളും സംഭാഷണങ്ങളും അവളിൽ നിറച്ചിരുന്ന ഉണർവ് വേറൊന്നു തന്നെയായിരുന്നു.. അവനൊപ്പം ചേർന്ന് കുഞ്ഞിനോട് സംസാരിക്കുവാനും വീർത്തുനിൽക്കുന്ന വയറിൽ ഒന്നിച്ചു കയ്യ്ചേർക്കുവാനും അച്ഛന്റെയും അമ്മയുടെയും തഴുകൽ തിരിച്ചറിഞ്ഞവണ്ണം ഉള്ള കുഞ്ഞിന്റെ ചലനങ്ങൾ ജിച്ചേട്ടന് കാണിച്ചുകൊടുത്തുകൊണ്ട് വിവരിക്കുവാനും അവൾക്ക് വല്ലാത്ത ഉത്സാഹമായിരുന്നു.. അവളുടെ സ്വന്തമായ ആരൊക്കെയോ ആയി അവൻ മാറുന്നുണ്ടായിരുന്നു.. സ്നേഹമായിരുന്നു ആ പെണ്ണിനവനോട്.. ബഹുമാനമായിരുന്നു.. ഒപ്പം ആരാധനയും.. അതിനിടയിൽ തീർത്ഥയും ദേവനും പല വട്ടം നാട്ടിലേക്ക് വന്നിരുന്നു.. അവരുടെ സാമീപ്യം പോലും ലച്ചുവിൽ മാറ്റങ്ങളേതും ഉണ്ടാക്കാതിരുന്നത് തീർത്ഥയുടെ ഭർത്താവ് മാത്രമാണ് ദേവനെന്ന മനസ്സിന്റെ ഉറച്ച തീരുമാനം കൊണ്ടായിരുന്നു.. പലപ്പോഴും കളി പറഞ്ഞും കുഞ്ഞിന്റെ വിശേഷം ചോദിച്ചും എല്ലാവർക്കുമൊപ്പം ദേവനും കൂടിയിരുന്നെങ്കിലും കുഞ്ഞിനെ സ്പർശിക്കാൻ അവൾ അവനൊരു അവസരം നൽകിയിരുന്നില്ല.. അവളുടെ കുഞ്ഞിന്റെ തുടിപ്പ് ഒരു സ്പർശം കൊണ്ടുപോലും സ്വന്തമാക്കുവാൻ ദേവനെ അനുവദിക്കില്ല എന്നുള്ളത് അവളുടെ വാശി തന്നെയായിരുന്നു.. അത് അവളുടെ കുഞ്ഞായിരുന്നു.. അവളുടെ ജിച്ചേട്ടന്റെ കുഞ്ഞായിരുന്നു...

കുഞ്ഞിന്റെ ഓരോ തുടിപ്പും അവളുടെ ജിച്ചേട്ടന് മാത്രം സ്വന്തമായിരുന്നു... കുഞ്ഞിന്റെ അച്ഛന് മാത്രം സ്വന്തം.. രാവിലെ മുതൽ തുടങ്ങിയ അസ്വസ്ഥതകൾ ആണ് ലച്ചുവിന്.. വല്ലാത്ത കിതപ്പും വേദനയും ഒക്കെ ഇടക്കിടക്ക് വരും പോലെ.. കിടക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥ.. ഒരു വിധം പകൽ നേരമെല്ലാം തള്ളിനീക്കിയെങ്കിലും ആരോടും വയ്യായയെ പറ്റി പറയാൻ ശ്രമിച്ചില്ല.. നിവി മുറിയിലേക്ക് കൊണ്ടുകൊടുത്ത ഭക്ഷണത്തിനു പോലും ആവശ്യമില്ലാതെ കുറച്ചുമാത്രം എങ്ങനെയോ കഴിച്ചെന്നു വരുത്തിയിരുന്നു.. ശരീരമാകെ വെട്ടിവിയർക്കും പോലെ തോന്നിയതും മേല് കഴുകാനായി ബാത്റൂമിൽ കയറിയിരുന്നു.. കണ്ണാടിയിലൂടെ നനഞ്ഞിരിക്കുന്ന നഗ്നമായ ശരീരത്തിലൂടെ കണ്ണുകൾ പായിച്ചുകൊണ്ട് ആ അവശതയിലും അവൾ സ്വയം വന്ന മാറ്റങ്ങൾ നോക്കികാണുകയായിരുന്നു.. വയറിന്റെ വലുപ്പം ഒത്തിരി കൂടിയിട്ടുണ്ട്.. വിണ്ടുകീറിയപോലുള്ള പാടുകൾ വയറിൽ പലയിടത്തും തെളിഞ്ഞുനിൽക്കുന്നുണ്ട്..ഒന്ന് താഴേക്കു ഇടിഞ്ഞുവന്നപോലെ വയർ.. കുഞ്ഞിനുള്ള പാല് നിറഞ്ഞു നിൽക്കുംവണ്ണം മാറിടവും വലുതായി.. കഴുത്തും മുഖവുമെല്ലാം ഇരുണ്ടു നിൽക്കുംപോലെ.. എന്നിരുന്നാലും അവയെല്ലാം തന്റെ കുഞ്ഞിനായുള്ള മാറ്റങ്ങൾ ആണെന്ന് ഓർക്കും തോറും അവശതയിലും അവളുടെ കണ്ണുകൾ തിളങ്ങിയിരുന്നു.. ഒരു അമ്മയുടെ നിർവൃതിയുടെ തിളക്കം.. അടിവയറിൽ നിന്നൊരു വേദന അരിച്ചുകയറിയതും പെണ്ണ് കുനിഞ്ഞുപോയിരുന്നു..

പാവാടയുടെ വള്ളി എങ്ങനെയോ കെട്ടിക്കൊണ്ട് കടിച്ചമർത്താൻ പറ്റാത്ത വേദനയെ കരച്ചിൽ ചീളുകളായി പുത്തേക്കുവിട്ട് വാതിലിന്റെ കൊളുത്തു വേർപെടുത്താൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു.. സ്കൂളിൽ നിന്നും വന്ന് കുളിയും കഴിഞ്ഞ് മുറിയിലേക്ക് കടക്കുമ്പോഴാണ് ലച്ചുവിന്റെ കരച്ചിൽ ജീവയുടെ കാതുകളിൽ പതിഞ്ഞത്.. വെപ്രാളത്തോടെ ചുറ്റും നോക്കിക്കൊണ്ട് അവളുടെ പേരും വിളിച്ചവൻ അകത്തു കയറുമ്പോൾ ബാത്റൂമിൽ നിന്നുമുള്ള അവളുടെ വേദനയുടെ സ്വരം ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു.. " ലച്ചൂട്ടാ... മോളെ... എന്തെടാ... വാതിൽ തുറക്ക് ടാ... എന്തെടാ... മോളെ... " കരഞ്ഞുകൊണ്ട് ബാത്‌റൂമിന്റെ വാതിലിൽ മുട്ടുമ്പോഴും ചുണ്ടിൽ പുഞ്ചിരി നിറച്ചുകൊണ്ട് വീർത്ത വയറുമായി രാവിലെ അവനെ യാത്രയാക്കിയ പെണ്ണായിരുന്നു അവന്റെ ഉള്ളിൽ.. അവളുടെ കരച്ചിലിന്റെ ഓരോ ചീളും അവന്റെ നെഞ്ചിലേക്ക് മൂർച്ചയുള്ള ആയുധം പോൽ കുത്തികയറുമ്പോൾ ശ്വാസം പോലും നിലക്കും പോലെ തോന്നുകയായിരുന്നു അവനു.. ഒരുവിധം വാതിൽ തുറന്ന് അകത്തു കയറിയപ്പോഴേക്കും വേദനയാൽ തളർന്ന് അവന്റെ മേൽ വീണിരുന്നു ലച്ചു.. അപ്പോഴും വേദനകൊണ്ടവൾ പുളയുന്നുണ്ടായിരുന്നു.. "ലച്ചൂട്ടാ.. എന്തെടാ.. എന്തെടാ വാവേ.. വേദനിക്കുന്നോ.. "

ഇരു കയ്യാലെയും അർദ്ധനഗ്നയായി നിൽക്കുന്നവളെ വാരിയെടുത്തു നെഞ്ചോട് ചേർത്തുകൊണ്ടവൻ പൊട്ടികരഞ്ഞുപോയിരുന്നു.. " ജിച്ചേട്ടാ.. നിക്ക് വയ്യാ.. നിക്ക്.. നിക്ക്.. പറ്റണില്ല ഏട്ടാ.... നമ്മൾടെ വാവ... " ഒരു കയ്യാൽ വയറിനെ താങ്ങിപിടിച്ചുകൊണ്ട് മറു കയ്യാൽ അവനെ അള്ളിപ്പിടിച്ചു ആ പെണ്ണ് കരഞ്ഞു പറഞ്ഞിരുന്നു.. " ഒന്നൂല്യടാ.. ഒന്നുല്ല്യാ... നമ്മൾടെ വാവക്ക് ഒന്നുല്യാട്ടോ.. ന്റെ ലച്ചുട്ടൻ കരയല്ലേ... ജിച്ചേട്ടന്റെ മോളല്ലേ.. ഇപ്പോ പോവാട്ടോ.. ഹോസ്പിറ്റലിൽ ഇപ്പൊ പോവാം.. " തന്റെ ജീവനെ നെഞ്ചോട് ചേർത്തു പുലമ്പിക്കൊണ്ട് അവൻ പുറത്തേക്കു നടക്കുമ്പോൾ ആ പെണ്ണവന്റെ വെപ്രാളം വേദനയിലും കണ്ടറിയുകയായിരുന്നു.. അവന്റെ നെഞ്ചോരം ചേർന്നു കിടന്നു ആ ഹൃദയത്താളത്തെ കുഞ്ഞിനു കേൾപ്പിച്ചുകൊടുത്തുകൊണ്ട് സ്വയം ധൈര്യം സംഭരിക്കുവാൻ ശ്രമിക്കുന്നതിനൊപ്പം കുഞ്ഞിനെക്കൂടി മനസിലാക്കിപ്പിക്കുകയായിരുന്നു അവൾ.. എന്നും എപ്പോഴും അവർക്കായ് മാത്രം മിടിക്കുന്ന ജീവന്റെ താളം.. ചുവപ്പുകലർന്ന വെള്ളംകൊണ്ട് ലച്ചുവിന്റെ ഉടുത്തിരുന്ന പാവാട നിറയുന്നതിനൊപ്പം അവന്റെ വസ്ത്രങ്ങളും നനയുന്നത് കണ്ട് തളർന്നു പോവുന്നുണ്ടായിരുന്നു അവൻ ... അപ്പോഴും ആ പെണ്ണിന്റെ കരച്ചിലവിടെ മുഴങ്ങിയിരുന്നു... ശബ്ദം കേട്ട് ഓടി വന്ന ദേവിയും നിവിയും കൈയ്കളിൽ ലച്ചുവിനെയും കോരിയെടുത്ത് പാഞ്ഞുവരുന്ന ജീവയെ കണ്ട് അവനടുത്തേക്ക് ഓടിയിരുന്നു..

അവന്റെ കൈയിൽ കിടന്നു പുളയുന്ന ലച്ചുവിന്റെ അവസ്ഥ കണ്ടതും കരഞ്ഞുകൊണ്ട് ദേവിയും അവളെ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിച്ചിരുന്നു.. അപ്പോഴും നെഞ്ചിൽ ചേർത്ത് പൊതിഞ്ഞുപിടിച്ചുകൊണ്ട് പുലമ്പിക്കൊണ്ടിരിക്കുന്ന അവളുടെ കുഞ്ഞിന്റെ അച്ഛന്റെ സ്വരവും ആ ഹൃദയത്തിന്റെ പിടപ്പും മാത്രമേ അവളുടെ കാതുകളിൽ മുഴങ്ങിയിരുന്നുള്ളൂ.. ലച്ചുവിനെ കാറിലായി കിടത്തിയപ്പോഴേക്കും നിവിയൊരു മേൽമുണ്ടുമായി വന്നവളെ പുതപ്പിച്ചിരുന്നു.. അപ്പോഴേക്കും ബഹളം കേട്ട് ഓടിപിടഞ്ഞെത്തിയ രുദ്രൻ ലച്ചുവിന്റെ അവസ്ഥ കണ്ട് തളർന്നുപോയിരുന്നു.. എന്നിരുന്നാലും മറ്റൊന്നും ഓർക്കാതെ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നുകൊണ്ടവൻ വണ്ടി ഹോസ്പിറ്റലിലേക്കെടുക്കുമ്പോൾ പുറകിലെ സീറ്റിൽ ലച്ചുവിനെ നെഞ്ചോരം ചേർത്തുപിടിച്ചുകൊണ്ട് ജീവയും അവനൊപ്പം അവളുടെ കൈയ്കളിൽ പിടിമുറുക്കിക്കൊണ്ട് ദേവിയും ഉണ്ടായിരുന്നു.. അവളുടെ മൂർദ്ധാവിൽ അമർത്തിചുംബിച്ചുകൊണ്ട് ഒരു കൈയാൽ വീർത്തിരിക്കുന്ന വയറിൽ തഴുകി ഈശ്വരനോട് തന്റെ കുഞ്ഞിനും പെണ്ണിനും വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു ജീവ.. ****************

" മോനെ.. നീയിവിടെ കുറച്ചുനേരം വന്നിരിക്ക് ടാ.. " ലേബർ റൂമിനു തൊട്ടടുത്തായി ചുമരിൽ ചാരി കണ്ണുകളടച്ചു നിൽക്കുന്ന ജീവയോടായി പ്രകാശൻ പറഞ്ഞിരുന്നു.. ലച്ചുവിനെ ലേബർ റൂമിൽ കയറ്റിയിട്ട് കുറച്ച് നേരം കഴിഞ്ഞിരുന്നു.. വിവരം അറിഞ്ഞു പ്രകാശനും ശങ്കരനും വേദിനോടൊപ്പം ഹോസ്പിറ്റലിൽ എത്തിയിട്ടുണ്ട്.. ലച്ചുവിനെ അകത്തു കയറ്റിയപ്പോൾ മുതൽ ജീവ നിൽക്കാൻ തുടങ്ങിയതാണിങ്ങനെ.. ഇടയ്ക്കിടെ ഒഴുകിയിറങ്ങുന്ന അവന്റെ കണ്ണുനീരും വിറയ്ക്കുന്ന അധരങ്ങളും അവനുള്ളിലെ പേടി വിളിച്ചോതുന്നുണ്ടായിരുന്നു.. വെറുമൊരു ശരീരം മാത്രമായിരുന്നവിടെ.. മനസ്സപ്പോഴും കഴിഞ്ഞുപോയ മണിക്കൂറുകളിൽക്കൂടി ഭയത്തോടെ പിന്നെയും പിന്നെയും സഞ്ചരിക്കുകയായിരുന്നു... " ജിച്ചേട്ടാ... വാവ.. നമ്മൾടെ വാവ.. ലച്ചൂന് പേടിയാവാ.. " ലേബർ റൂമിലേക്ക് കയറ്റുമ്പോൾ പോലും വയറിൽ അവന്റെ കയ്യ്ചേർത്തുപിടിച്ചുകൊണ്ട് കരച്ചിലിനിടയിലും ആ പെണ്ണ് പറയുമ്പോൾ വിങ്ങിപ്പൊട്ടിക്കൊണ്ടവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു അവൻ.. " ഇല്ലടാ.. വാവക്ക് ഒന്നുല്യാട്ടോ... ജിച്ചേട്ടൻ ഇവിടെ കാത്തുനിക്കും... ന്റെ ലച്ചൂനും വാവയ്ക്കും വേണ്ടി.. " കുനിഞ്ഞു വന്നുകൊണ്ടവളുടെ നെറ്റിയിൽ അമർത്തിചുംബിച്ചുകൊണ്ടവൻ പിന്മാറിയിരുന്നു... അതവൻ നൽകുന്ന ആദ്യ ചുംബനമായിരുന്നു.. തന്റെ കുഞ്ഞിന്റെ അമ്മയ്ക്ക്..

അതിലുപരി തന്റെ പാതിക്ക്.. ലച്ചുവിന്റെയും ജീവയുടെയും സ്നേഹത്തിനാഴം കണ്മുന്നിൽ പിന്നെയും കണ്ട് മനസിലാക്കുകയായിരുന്നു രുദ്രൻ.. ഒരിക്കൽ പ്രായവ്യത്യാസം പറഞ്ഞു ഒഴിവാക്കാൻ ആഗ്രഹിച്ചിരുന്ന മനുഷ്യന് തന്റെ കുഞ്ഞിപ്പെങ്ങളോടുള്ള സ്നേഹവും കരുതലും ആ ഏട്ടന്റെ മനം നിറക്കുകയായിരുന്നു.. " ശിവലക്ഷ്മിയുടെ കൂടെയുള്ളവർ ആരാ?? " ലേബർ റൂമിന്റെ വാതിലും തുറന്നു വന്ന നേഴ്സിന്റെ സ്വരം കേട്ട് കണ്ണുകൾ തുറന്നുകൊണ്ട് ജീവ അടുത്തേക്ക് പാഞ്ഞിരുന്നു.. " ഞാൻ.. ഞാനാ.. " അവന്റെ സ്വരത്തിലെ വിറയൽ ആ മനസ്സിന്റെ പിടച്ചിൽ ആയിരുന്നു.. " ശിവലക്ഷ്മി പ്രസവിച്ചു.. പെൺകുഞ്ഞാണ്.. കുഞ്ഞിനെ ഇപ്പോൾ കൊണ്ടുവരും.. " പുഞ്ചിരിച്ചുകൊണ്ട് പറയുന്ന നേഴ്സിന്റെ വാക്കുകൾ അവനിലൊരു പുളിർമഴയായിരുന്നു.. ആ മഴയിൽ അവന്റെ ഉള്ളിലെ സ്വപ്നവല്ലരി പൂത്തുലഞ്ഞിരുന്നു.. കണ്ണുകൾ നിറഞ്ഞിരുന്നു.. വിറക്കുന്ന അധരങ്ങളിൽ പുഞ്ചിരി പടരുന്നുണ്ടായിരുന്നു.. കാലുകൾ ഇടറുന്നുണ്ടായിരുന്നു.. " ന്റെ.. ന്റെ.. ലച്ചൂ.. ലക്ഷ്മി..???.. " നിറഞ്ഞൊഴുകുന്ന കണ്ണുകളും വിറയ്ക്കുന്ന അധരവുമായി ജീവ ചോദിക്കുമ്പോൾ ജിച്ചേട്ടാ എന്നുള്ള അവളുടെ വിളിയായിരുന്നു ഉള്ളിൽ നിറയെ.. " അമ്മേം കുഞ്ഞും സുഖായിരിക്കുന്നു.. ഒന്നും പേടിക്കണ്ട.. " പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു മാലാഖ അകത്തേക്ക് നടക്കുമ്പോൾ ജീവയോടൊപ്പം കേട്ട് നിന്നിരുന്ന എല്ലാവരുടെയും മനം നിറഞ്ഞിരുന്നു.. ജീവയെ മുറുക്കെ ചുറ്റിപ്പിടിച്ചുകൊണ്ട് രുദ്രനും വേദും അഭിനന്ദിക്കുമ്പോൾ ഇരുവരും സന്തോഷത്താൽ കരഞ്ഞുപോയിരുന്നു.. തന്റെ സഹോദരിക്ക് വന്നു ചേർന്ന ഭാഗ്യമാണ് ജിച്ചേട്ടനെന്നു ഓർത്തുകൊണ്ട് തന്നെ രുദ്രൻ ദൈവത്തിനു നന്ദി പറഞ്ഞിരുന്നു..

അപ്പൂപ്പനും അമ്മൂമ്മയും ആയ സന്തോഷത്താൽ മതിമറന്നു നിൽക്കുകയായിരുന്നു രണ്ടച്ചന്മാരും അമ്മയുമവിടെ.. തന്റെ കൈയിൽ വെള്ളടർക്കിയിൽ പൊതിഞ്ഞുപിടിച്ചിരിക്കുന്ന ഇളം റോസ് നിറത്തിലുള്ള കുഞ്ഞിനെ തന്നെ നോക്കിയിരിക്കുകയായിരുന്നു ജീവ... കൈയ്കളുടെ വിറയൽ മാറാത്ത പോലെ തോന്നുകയായിരുന്നു അവനു.. ... ന്റെ കുഞ്ഞ്... ന്റെ കുഞ്ഞ്.. എന്നും പറഞ്ഞു ആ കുഞ്ഞുമുഖത്തേക്ക് തന്നെ ഉറ്റുനോക്കികൊണ്ടിരുന്ന അവനുള്ളിൽ സന്തോഷത്തിന്റെയും നിർവൃതിയുടെയും അലകളായിരുന്നു... ഒരച്ഛന് മാത്രം അനുഭവവിക്കാനാവുന്ന സുന്ദരനിമിഷത്തിൽ അലിഞ്ഞു ചേരുകയായിരുന്നവൻ.. അവനൊരു അച്ഛനായിരിക്കുന്നു.. പെണ്ണിനെ അറിയാതെ... ബീജം നൽക്കാതെ ഒരച്ഛൻ... ഒൻപത് മാസം ഹൃദയത്തിൽ ഏറ്റിയ കുഞ്ഞിന്റെ അച്ഛൻ... സ്വന്തം അച്ഛൻ.. നിറഞ്ഞ പുഞ്ചിരിയായിരുന്നു ആ മുഖത്ത്.. സംതൃപ്തിയായിരുന്നു.. അവനൊന്നു പതിയെ വിരലാൽ പഞ്ഞിപോലുള്ള കുഞ്ഞ് കവിളിൽ തൊട്ട് നോക്കുമ്പോൾ ഉറക്കത്തിനേറ്റ ഭംഗം പോലെ ആ കുഞ്ഞിപ്പെണ്ണ് അവനെയൊന്നു നോക്കി മുഖം ചുളുക്കിയിരുന്നു.. പിന്നെയും കണ്ണുകളടച്ചുകൊണ്ട് ഉറക്കത്തിലേക്ക് പോവുന്ന കുഞ്ഞിനെ അവൻ പൊതിഞ്ഞുപിടിച്ചുകൊണ്ട് നെഞ്ചോരം ചേർത്തിരുന്നു.. അച്ഛന്റെ ഹൃദയതാളം തിരിച്ചറിഞ്ഞവണ്ണം ആ കുഞ്ഞി ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞിരുന്നു.. അതുകണ്ട് മനസ്സ് നിറച്ചു ജീവ തന്റെ കുഞ്ഞാവയുടെ നെറ്റിയിൽ മുത്തുമ്പോൾ ഒരു ചുമരിനപ്പുറം അവന്റെ പെണ്ണും കണ്ണടയും മുൻപ് കണ്ട തന്റെ കുഞ്ഞിന്റെ പുഞ്ചിരിയിൽ ലയിച്ചുകൊണ്ട് മയങ്ങുകയായിരുന്നു....................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story