നിഴലായ് നിൻകൂടെ: ഭാഗം 13

nizhalay ninkoode

എഴുത്തുകാരി: ജിച്ചന്റെ കാവു

മുറിയിലേക്കടുത്തുവരുന്ന നിവിടെയും വേദിന്റെയും കലപില ശബ്ദം കേട്ട് ലച്ചു കുഞ്ഞിനെ മാറിൽ നിന്നും അടർത്തി മേൽമുണ്ട് വലിച്ചിട്ടു.. നുണഞ്ഞുകൊണ്ടിരുന്ന മുലപാൽ മധുരം തീർന്നതും കുഞ്ഞിപ്പെണ്ണ് കണ്ണുതുറന്നുകൊണ്ട് അമ്മയേനോക്കി.. കുഞ്ഞികയ്യ്കളാൽ മാറിൽ പരതി.. ആ പെണ്ണൊരു പുഞ്ചിരിയോടെ തന്റെ നെഞ്ചിൽ ചേർന്നു കിടക്കുന്ന കുഞ്ഞിനെ നോക്കി.. മാറിൽ പരതുന്ന കുഞ്ഞികയ്യ് പിടിച്ചു അതിലായൊന്നു മുത്തിക്കൊണ്ട് മുഖമുയർത്തി വാതുക്കലിലേക്ക് നോക്കിയതും ഒരു നിമിഷം ശ്വാസം പോലും എടുക്കാനാവാതെപോയി പെണ്ണിന്.. മൂന്നു മാസങ്ങൾക്കിപ്പുറം കണ്മുന്നിൽ അവളുടെ ജിച്ചേട്ടൻ.. ആദ്യമായി കാണും പോലെ ആ പെണ്ണവന്റെ നീണ്ട മുടിയിലും കട്ടി പുരികനിലും വിടർന്നിരിക്കുന്ന കണ്ണിലും മുഖത്തെല്ലാമെല്ലാം കണ്ണോടിച്ചു... ഒത്തിരി ഒത്തിരി കൊതിയോടെ.. വല്ലാത്തൊരു ചേലായിരുന്നു അവനു.. നെറ്റിയിലെ ചന്ദനകുറിയിൽ ആ ചേല് ഒന്നൂടെ ഉദിച്ചു നിന്നു.. കണ്ണിമ ചിമ്മാതവൾ അവനെ തന്നെ നോക്കിയിരുന്നു.. അമ്മയുടെ മാറിൽ പറ്റിച്ചേർന്നുകൊണ്ട് കയ്യ്കാലിട്ട് കളിക്കുന്ന കുഞ്ഞിപ്പെണ്ണിനെയും അവളെ പൊതിഞ്ഞുപിടിച്ചുകൊണ്ട് കൊഞ്ചിക്കുന്ന ലച്ചുവിനെയും വാത്സല്ല്യപൂർവം നോക്കിക്കൊണ്ട് വാതിലിനടുത്തു തന്നെ നിൽക്കുകയായിരുന്നു ജീവ...

അവനും ഒരു നിമിഷം തന്നിലേക്കെത്തുന്ന അവളുടെ മിഴികളിൽ തറഞ്ഞു നിന്നു.. നാളുകൾക്കിപ്പുറം അവളുടെ കാന്തിക മിഴികളെ നേരിടുമ്പോൾ വാത്സല്ല്യത്തിന്റെ കണികകൾക്കപ്പുറം ഉള്ളിൽ മറ്റെന്തൊക്കെയോ വികാരങ്ങൾ നിറയുന്നതവൻ അറിയുന്നുണ്ടായിരുന്നു.. ആ വികാരങ്ങൾ അവന്റെ ശരീരത്തിലെ ഓരോ അണുവിലും പടരുന്നുണ്ടായിരുന്നു.. അവയുടെ വ്യാപനം അവന്റെ കണ്ണുകളെ അവളുടെ മിഴികളിൽ നിന്നും ആ മുഖത്താകമാനവും പായിച്ചു... ഇതുവരെ കാണാതിരു ഭംഗിയായിരുന്നു പെണ്ണിന്.. കട്ടിയായ പുരികകൊടികളും കറുത്തു നീളമേറിയ പീലികൾ തിങ്ങിനിൽക്കുന്ന ഉണ്ടക്കണ്ണുകളും ഇടതുമൂക്കിൽ തിളങ്ങുന്ന വെള്ളക്കൽ മൂക്കുത്തിയും ചെറുതായി വിറകൊള്ളുന്ന അധരങ്ങളും പിന്നെയും പിന്നെയും നോക്കിക്കാണുകയായിരുന്നു അവൻ.. വല്ലാത്തൊരു ആവേശത്തോടെ... തുടുത്തിരിക്കുന്ന വെളുത്ത കവിളുകളിൽ ചുവപ്പുരാശി പടരുന്നതവൻ അത്ഭുതത്തോടെ നോക്കി.. നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുത്തുള്ളികളിൽ നനഞ്ഞിരിക്കുന്ന സിന്ദൂരം അവളുടെ സൗന്ദര്യത്തിനെ പതിന്മടങ്ങാക്കുന്നത് ആദ്യമായായിട്ടായിരുന്നു അവനിത്രത്തോളം ശ്രദ്ധിക്കുന്നത്.. " ലച്ചൂന്റെ ഒരുക്കം കഴിഞ്ഞില്ലേ ഏട്ടാ??.." മുറിയുടെ വാതിലിനു പുറത്തെത്തിക്കൊണ്ട് നിവി ജീവയോടായി ചോദിക്കുന്നത് കേട്ടപ്പോഴാണ് പരസ്പരം കണ്ണിമചിമ്മാതെ നോക്കി നിന്നവർ ഞെട്ടി കണ്ണുകളുടെ കൂടിച്ചേരലിൽ നിന്നും പിന്തിരിഞ്ഞത്...

ജീവയൊന്നു പുഞ്ചിരിച്ചു കൊണ്ടു ലച്ചുവിനടുത്തേക്ക് നടക്കാൻ തുടങ്ങുമ്പോഴേക്കും വേദ് മുറിയിലേക്ക് കയറി കുഞ്ഞിപ്പെണ്ണിനെ വാരിയെടുത്തിരുന്നു... " ചെറിയച്ഛന്റെ കുഞ്ഞാപ്പി ഉറങ്ങല്ലായിരുന്നോ??.. ചുന്ദരിമണി.. " കുഞ്ഞികുടന്തയിൽ മുഖം വെച്ചൊന്നു ഇക്കിളിയാക്കികൊണ്ട് വാവയെ കളിപ്പിക്കുന്ന വേദിനൊപ്പം ചെന്നു നിന്നുകൊണ്ട് ജീവ അവളുടെ കുഞ്ഞി കൈയിൽ മുത്തി.. അച്ഛനെ കണ്ടതും കുഞ്ഞിപ്പെണ്ണ് ചിരിക്കാനും കയ്യ്കാലിട്ടടിക്കുവാനും തുടങ്ങിയിരുന്നു.. അവളുടെ കൈയിൽ വച്ചുകൊടുത്ത ജീവയുടെ കൈവിരലിൽ മുറുക്കെ പിടിച്ചുകൊണ്ട് വായിലേക്ക് വയ്ക്കാനൊരുങ്ങുന്ന കുഞ്ഞിപ്പെണ്ണിന്റെ താടിത്തുമ്പിൽ ചുംബിച്ചു.. വേദിന്റെ കൈയിൽ നിന്നും എടുത്തവളെ നെഞ്ചോട് ചേർത്തു.. പിന്നെയും കൊതിയോടെ കുഞ്ഞിനെറ്റിയിലും തുടുത്ത കവിളിലും താടിത്തുമ്പിലും മുത്തുമ്പോൾ മുലപാലിന്റെ ഗന്ധവും അവനിലേക്കെത്തിയിരുന്നു... അപ്പോഴും കുഞ്ഞിപ്പെണ്ണവളുടെ അച്ഛന്റെ താടിരോമങ്ങളിൽ പിടിച്ചുകളിക്കുകയായിരുന്നു.. വല്ലാത്തൊരു സന്തോഷത്തോടെ... ആ അച്ഛന്റെയും മകളുടെയും സ്നേഹപ്രകടനങ്ങൾ കണ്ടുനിൽക്കുന്ന എല്ലാവരുടെയും ഉള്ളം നിറയ്ക്കുകയായിരുന്നു.. അവരോടൊപ്പം ചേർന്നു നിന്നുകൊണ്ട് അവരുടെ സന്തോഷത്തിൽ പങ്കുചേരാൻ കൊതിച്ചൊരു അമ്മയും അവിടെയുണ്ടായിരുന്നു..

അവളുടെ കണ്ണുകൾ അച്ഛന്റെയും മകളുടെയും സ്നേഹം ഒപ്പിയെടുത്തുകൊണ്ടിരുന്നു... " വേഗം റെഡിയായി വാട്ടോ മൂന്നാളും.. " കുഞ്ഞിപ്പെണ്ണിന്റെ ഡ്രെസ്സുകളും കളിപ്പാട്ടങ്ങളും സാധങ്ങളുമെല്ലാം അടക്കിവച്ചിരിക്കുന്ന പെട്ടികളുമായി നിവിയും വേദും അവിടെനിന്നിറങ്ങാൻ നേരം ലച്ചുവിനെ നോക്കി പറഞ്ഞു.. അവളൊന്നു പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.. പിന്നെയും കണ്ണുകൾ കുഞ്ഞിപ്പെണ്ണിലും അച്ഛനിലും ഉടക്കി.. ചുണ്ടുകളിലെ പുഞ്ചിരിയുടെ ശോഭ കൂടി.. അതെ സംതൃപ്തിയോടെ കണ്ണാടിയുടെ മുന്നിൽ ചെന്നുനിന്നുകൊണ്ട് മേൽമുണ്ടോന്ന് ഒതുക്കി കുത്തി.. കണ്ണാടിയിലൂടെ കാണുന്ന അവളുടെ പ്രാണനിൽ മിഴിയുറപ്പിച്ചുകൊണ്ട് തന്നെ കരിമഷിയാൽ കണ്ണുകൾ കറുപ്പിച്ചു.. ജിച്ചേട്ടന്റെ മിഴികൾ തനിക്കുനേരെ ഉയരുന്നെന്നു തോന്നിയതും പെണ്ണ് നോട്ടം മാറ്റിയിരുന്നു.. കുഞ്ഞിപ്പെണ്ണുമായി കളിചിരിയിൽ മുഴുകികൊണ്ടിരിക്കെ മുഖമയർത്തി നോക്കിയ ജീവയുടെ കണ്ണുകൾ കണ്ണാടിയിലൂടെ കാണുന്ന പെണ്ണിന്റെ പ്രതിഭിംബത്തിൽ ഉടക്കി നിന്നു... ചുവപ്പുകരയുള്ള സെറ്റ്മുണ്ടും ബ്ലൗസും അവളുടെ വെണ്ണനിറമുള്ള ഉടലിൽ എടുത്തുകാണിച്ചിരുന്നു.. വിയർപ്പുത്തുള്ളികൾ പറ്റിപിടിച്ചിരിക്കുന്ന പുറംകഴുത്തിൽ ഒന്ന് രണ്ട് മുടികൾ ഇഴയും പാമ്പിനെ പോലെ കിടക്കുന്നു.. നെറ്റിയിലെ വിയർപ്പിൽ പടർന്ന സിന്ദൂരത്തെ ഒന്നുകൂടെ ചുവപ്പിച്ചു വിരലിൽ അവശേഷിക്കുന്ന ചുവപ്പുകൊണ്ട് നെറ്റിൽ പൊട്ട് കുത്തികൊണ്ടിരിക്കുന്ന പെണ്ണ് മനസ്സിന്റെ താളത്തെ ഉലക്കുമ്പോൾ അവന്റെ നെറ്റിയിലും വിയർപ്പ് പൊടിഞ്ഞിരുന്നു...

ക്രമാധീതമായി മിടിക്കുന്ന ഹൃദയത്തെ നിയന്ത്രണത്തിലാക്കാനാവാതെ പിന്നെയും കുഞ്ഞിപ്പെണ്ണിലേക്ക് മാത്രം കണ്ണുകളും മനസും ചുരുക്കുവാൻ പാടുപെടുകയായിരുന്നവൻ... " വാവേ ഇതുടുപ്പിക്കട്ടെ ജിച്ചേട്ടാ..?? " തൊട്ടടുത്തായി അവളുടെ സമീപ്യവും സ്വരവും കേട്ടുകൊണ്ട് ജീവ മുഖമുയർത്തി അവളെ നോക്കി.. കയ്യിലൊരു കുഞ്ഞി കസവുമുണ്ടുമായാണ് പെണ്ണിന്റെ നിൽപ്പ്.. " കുഞ്ഞിയെ കിടത്തണോ ഉടുപ്പിക്കാൻ..?? " കുഞ്ഞിമുണ്ടിനെയും കുഞ്ഞിപ്പെണ്ണിനേയും മാറി മാറി നോക്കികൊണ്ട് ജീവ ചോദിച്ചു " വേണ്ട ഏട്ടാ.. ഏട്ടനൊന്നു വാവേം കൊണ്ടിവിടെ ഇരിക്കാമോ??.. ഞാൻ ഉടുപ്പിച്ചോളാം.. വാവേ കൈയിൽ പിടിച്ച മതി ഏട്ടൻ.. " കട്ടിലിലേക്ക് ചൂണ്ടി പറയുന്ന പെണ്ണിനെ തന്നെ നോക്കികൊണ്ടവൻ കുഞ്ഞുമായി കട്ടിലിൽ ഇരുന്നു.. അവരിലേക്ക് കുനിഞ്ഞുകൊണ്ട് പെണ്ണ് ജീവയുടെ കൈയിൽ കളിക്കുന്ന കുട്ടികുറുമ്പിയെ മുണ്ടുടുപ്പിക്കാൻ ശ്രമിക്കുമ്പോൾ അച്ഛന്റെയും അമ്മയുടെയും ഇടയിൽ കിടന്നുകൊണ്ടവൾ കളിചിരിയിൽ കയ്യ്കാലിട്ടടിച്ചുകൊണ്ടിരുന്നു.. അതിനൊപ്പം ചേർന്നുകൊണ്ടവൾ കുഞ്ഞിനെ കൊഞ്ചിച്ചുകൊണ്ട് മുണ്ടുടുപ്പിക്കുന്നത് നിറഞ്ഞ മനസാലെ നോക്കികാണുകയായിരുന്നു കുഞ്ഞിപ്പെണ്ണിന്റെ അച്ഛൻ.. അവരോടൊപ്പം ചിരിച്ചും കൊഞ്ചിച്ചും അവനും ചേരുമ്പോൾ മൂന്നാളിലും നിറഞ്ഞ സന്തോഷമായിരുന്നു...

കുഞ്ഞിപ്പെണ്ണിന്റെ ഡ്രെസ്സുകളുമായി താഴെക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് തുറന്നിട്ടിരിക്കുന്ന രുദ്രന്റെ മുറിയുടെ വാതിൽ നിവിയുടെ കണ്ണിൽപ്പെട്ടത്.. " ഏട്ടൻ നടന്നോ.. ഞാനിപ്പോ വരാമേ.. ഒരു കാര്യം ലച്ചൂനോട് പറയാൻ വിട്ട്പോയി.. " ചുണ്ടിലൊരു കുസൃതി ചിരി വിരിഞ്ഞതും അത് മറയ്ച്ചു വച്ചു മുഖത്താകെ നിരാശ നിറഞ്ഞുകൊണ്ട് അവൾ വേദിനോട് പറയുമ്പോൾ പുരികമോന്നു പൊക്കിക്കൊണ്ടവൻ അവളെ തന്നെ നോക്കിയിരുന്നു.. ശേഷം അതെ ഭാവത്തോടെ രുദ്രന്റെ മുറിയുടെ വാതിലിലേക്കും നോക്കി.. " വിട്ടുപോയതൊക്കെ പറയാൻ പോവുന്നത് കൊള്ളാം.. തിരിച്ചൊരു കെടുപാടും കൂടാതങ്ങു നേരത്തിനു എത്തിയേക്കണം.. വായേലേ നാവ് മര്യാദക്കിട്ടാൽ രുദ്രേട്ടന്റെ കൈയിന് പണിയുണ്ടാവില്ല.. "ചുണ്ടിലൂറുന്ന ചിരിയോടെ അവളോടായി വേദ് പറയുമ്പോൾ നിവിപെണ്ണ് നന്നായൊന്നു ഇളിച്ചുകാണിച്ചുകൊണ്ട് അവന്റെ കവിളിൽ ചുണ്ട് ചേർത്തു.. " ഓഹ്.. എന്താ അവൾടെ സന്തോഷം.. " പെണ്ണിനെ കളിയാക്കിക്കൊണ്ട് വേദ് പടികൾ ഇറങ്ങുമ്പോൾ കയ്യിലുള്ള സാധനങ്ങളെല്ലാം ഒരിടത്തു ഒതുക്കി വച്ച് രുദ്രന്റെ മുറിയിലേക്ക് പായുകയായിരുന്നു നിവി.. കുളികഴിഞ്ഞ് വന്ന് കട്ടിലിൽ തേച്ചു വച്ചിരിക്കുന്ന ഷർട്ടും മുണ്ടുമെടുത്തിടാൻ തുടങ്ങുകയായിരുന്നു രുദ്രൻ.. പുറകിലായെന്തോ അനക്കം കേട്ട് പിന്തിരിഞ്ഞു നോക്കിയ അവന്റ നെഞ്ചിൽ ശക്തമായെന്തോ പതിഞ്ഞതും കട്ടിലിലേക്കായി അവൻ മലർന്നു വീണുപോയിരുന്നു..

ഇറുക്കിയടച്ച കണ്ണുകൾ തുറന്നു നോക്കിയതും കണ്ടത് ഇരുകയ്കളും മാറിൽ കെട്ടി നിൽക്കുന്ന പെണ്ണിനെയാണ്.. അതേ കിടപ്പിൽ കിടന്നുകൊണ്ട് അവളെ തന്നെ ശ്രദ്ധിക്കുകയായിരുന്നവൻ.. സെറ്റുമുണ്ടും കരിമ്പച്ച ബ്ലൗസും അവളുടെ ശരീരത്തിനിണങ്ങുന്നതായിരുന്നു.. കാതിലുള്ള വലിയ ജിമിക്കി കുലുങ്ങിക്കൊണ്ട് ആടുന്നുണ്ട്.. മുഖം കൂർപ്പിച്ചു നിൽക്കുകയാണെങ്കിലും ചുണ്ടിലൊളിപ്പിച്ചു വച്ചിരിക്കുന്ന ചിരിയവന് തിരിച്ചറിയാൻ കഴിഞ്ഞു.. " നാണമില്ലല്ലോ.. കെട്ടുപ്രായമെത്തിയ ചെക്കന്റെ മുറിയിലിങ്ങനെ ഇടിച്ചുകേറി വരാൻ.. " ബെഡിൽ ഒന്ന് എണീറ്റിരുന്നുകൊണ്ട് പുരികമൊന്നു ഉയർത്തി അവൻ ചോദിക്കുമ്പോൾ നഗ്നമായ അവന്റെ വിരിഞ്ഞമാറിലെ വെള്ളത്തുള്ളികളിൽ ആയിരുന്നു പെണ്ണിന്റെ ശ്രദ്ധ... അവളുടെ നോട്ടം കണ്ടതും മുൻപോട്ടൊന്നു ആഞ്ഞു പെണ്ണിന്റെകയ്യിൽ പിടിച്ചു വലിച്ച് നെഞ്ചോട് ചേർത്തവൻ അവളെയുംകൊണ്ട് കട്ടിലിലായി അമർന്നിരുന്നു.. ഞെട്ടിപിടഞ്ഞുകൊണ്ട് നിവിപെണ്ണ് മുഖമുയർത്തി നോക്കിയതും അവളുടെ മൂക്കിൻ തുമ്പിൽ രുദ്രൻ പതിയെ മുത്തി.. " ന്തേടി മിണ്ടാത്തെ.. പിണക്കണോ ന്റെ പെണ്ണ്..?? ഏഹ്.??.. " മൂക്കിൽ മൂക്കുരസികൊണ്ടവൻ ചോദിക്കുമ്പോൾ അവളുടെ ചൊടികളിൽ പുഞ്ചിരിയായിരുന്നു.. " ന്തിന്??.. " അവന്റെ മേലെ കിടന്നുകൊണ്ട് തന്നെ ഒറ്റപുരികം ഉയർത്തി പെണ്ണ് ചോദിച്ചു.. " കല്യാണം വൈകിപ്പിക്കുന്നതിനു.. നിക്ക് അറിയാം..

ഒരുപാട് ആഗ്രഹിക്കുന്നുണ്ടാവും നിവികൊച്ച് രുദ്രന്റെ മാത്രാവാൻ.. " അരയിലൂടെ പെണ്ണിനെ ചുറ്റിപ്പിടിച്ചുകൊണ്ട് രുദ്രൻ പറയുമ്പോൾ അവൾ ഒന്നൂടെ മുഖം കൂർപ്പിച്ചു.. " അതെ.. നിക്ക് പിണക്കല്ല.. ദേഷ്യാ...ന്താ... നിങ്ങളേം മനസിലിട്ടോണ്ട് നടക്കാൻ തൊടങ്ങീട്ട് വർഷം ഒത്തിരിയായെ.. അല്ലേലും പിന്നലെ നടന്നു ശല്യപെടുത്തി സ്നേഹിപ്പിച്ചതല്ലേ രുദ്രേട്ടനെകൊണ്ട്.. തല്ലിപ്പഴുപ്പിച്ചാ പഴുക്കില്ലല്ലോ.. " കൂർപ്പിച്ച കണ്ണുകളോടെ പെണ്ണ് പറയുന്നത് കേട്ടതും രുദ്രന്റെ മുഖമൊന്നു വാടി.. " അങ്ങനെ അല്ല മോളെ... നിക്ക് ഇഷ്ടായിരുന്നു.. എപ്പോഴൊക്കെയോ.. ഉള്ളിൽ ഇഷ്ടാന്ന് മനസ്സ് പറയുമ്പോഴും അല്ലെന്ന് തെളിയിക്കാൻ ദേഷ്യപ്പെട്ടോണ്ടിരുന്നു കൊറേ... ഞാൻ ആഗ്രഹിക്കുന്ന എന്തൊക്കെയോ നിന്നിൽ ഇല്ലന്നുള്ള തോന്നൽ ആയിരുന്നു.. പിന്നെ പിന്നെ നിക്ക് നിന്നെ കൂടാതെ പറ്റില്ലെന്ന് മനസിലാക്കിയതോണ്ടാ അച്ഛനോടെല്ലാം പറഞ്ഞത്... " അവനൊന്നു നിർത്തി.. " ഇപ്പൊ ലച്ചൂന്റെ കാര്യായൊണ്ടല്ലേ??.. വാവേം അവളേം.. " തുടർന്നു പറയുന്ന രുദ്രന്റെ ചുണ്ടിൽ നിവിയൊന്ന് അമർത്തി മുത്തി.. " നിക്ക് ഒരു കുഴപ്പോമില്ല ചെക്കാ.. എത്ര വൈകിച്ചാലും കുഴപ്പമില്ല.. നിക്ക് അറിയാലോ ഈ ചെക്കന്റെ ഉള്ളിൽ മൊത്തം നിവികൊച്ച് മാത്രേ ഉള്ളുന്ന്.. അത് മതി.. " രുദ്രന്റെ മുഖം കയ്യിൽകോരിയെടുത്തു പറഞ്ഞുകൊണ്ട് അവൾ ഒന്നുകൂടി ചുണ്ടിൽ മുത്തിയിരുന്നു.. " ചുമ്മാ മുഖം വീർപ്പിച്ച് കാണിച്ചതല്ലേ.. അപ്പോക്കും ന്റെ രുദ്രേട്ടന് നോവുംന്ന് എനിക്കുന്നുണ്ടോ അറിയുന്നു..."

കുലുങ്ങി ചിരിച്ചുകൊണ്ട് പറയുന്ന പെണ്ണിന്റെ അരയിലെ പിടുത്തം മുറുക്കികൊണ്ട് രുദ്രൻ തലയൊന്നുയർത്തി അവളുടെ അധരങ്ങളെ സ്വന്തമാക്കി.. പ്രണയത്തോടെ നുണയുന്ന അധരങ്ങളെ വേർപെടുത്താതെ തന്നെ അവളുമായൊന്നു മറഞ്ഞു അവൾക്കു മേലെ കിടന്നുകൊണ്ട് കൈയിവിരലാലെയും പെണ്ണിൽ ഈണമീട്ടാൻ തുടങ്ങിയിരുന്നു.. കത്തിച്ചുവച്ച നെയ്യ്‌വിളക്കിന് മുൻപ്പിലിരിക്കുന്ന പ്രകാശന്റെ മടിയിൽ കിടന്നുകൊണ്ട് കുഞ്ഞിപ്പെണ്ണ് ചുറ്റും കൂടിനിൽക്കുന്നവരെയാകമാനം നോക്കിക്കാണുകയായിരുന്നു.. പ്രകാശന്റെ ഇരുവശത്തുമായി ശങ്കരനും ദേവിയും ഇരിപ്പുണ്ട്..അടുത്തായി തന്നെ ജീവയും ലച്ചുവും നിന്നിരുന്നു.. അവരുടെയെല്ലാം എതിർവശത്തു രുദ്രനും നിവിയും വേദും ദേവനും തീർത്ഥയും നിൽപ്പുണ്ടായിരുന്നു.. എല്ലാവരെയും മാറി മാറി നോക്കികൊണ്ടിരുന്ന കുഞ്ഞിപ്പെണ്ണിന്റെ മുഖത്തെ അമ്പരപ്പ് മാറി പതിയെ പതിയെ കരച്ചിലിലേക്ക് കടന്നിരുന്നു.. അവൾക്കടുത്തായി മുട്ടുകുത്തി ഇരുന്നുകൊണ്ട് പെണ്ണിനെ കളിപ്പിക്കാൻ തുടങ്ങുന്ന ജീവയ്ക്കടുത്തു തന്നെ ലച്ചുവും ഇരുന്നിരുന്നു.. ആ അച്ഛനും അമ്മയും തങ്ങളുടെ പൊന്നോമനയെ ചിരിപ്പിക്കാനായി ഓരോന്ന് ചെയ്യുമ്പോൾ കരച്ചിലിനിടയിലും കുഞ്ഞിപ്പെണ്ണവരെ മാറി മാറി നോക്കിയിരുന്നു... പതിയെ വിതുമ്പിനിൽക്കുന്ന കുഞ്ഞിചുണ്ടിൽ പുഞ്ചിരി തെളിഞ്ഞതും ആയിരം സൂര്യന്റെ തേജസ്സാർന്ന മുഖവുമായി അവളുടെ അമ്മയും അച്ഛനും അടുത്ത് തന്നെയുണ്ടായിരുന്നു...

തന്നോട് ചേർന്നിരുന്നുകൊണ്ട് കുഞ്ഞിപ്പെണ്ണിനോടായി പുഞ്ചിരിക്കുന്ന ലച്ചുവിനെ ജീവയൊന്നു നോക്കി.. അവളുടെ പുഞ്ചിരിയിൽ സ്വയം മറന്നലിയാൻ വെമ്പുന്ന മനസിനെ അടക്കി നിർത്താൻ ശ്രമിക്കുമ്പോൾ ആ പെണ്ണും അവനെ നോക്കിയിരുന്നു.. നിറഞ്ഞ പുഞ്ചിരിയോടെ.. പ്രകാശന്റെ മടിയിൽ കിടന്നിരുന്ന കുഞ്ഞിപ്പെണ്ണിന്റെ ചുണ്ടിലൊരു കുസൃതിയുടെ ചിരിയായിരുന്നപ്പോൾ... മുന്നിലെ നിലവിളക്കിനെ സാക്ഷിയാക്കി കുഞ്ഞിനെറ്റിയിൽ ചന്ദനകുറി ചാർത്തിയതിനു ശേഷം കറുത്ത ചരട് അരയിൽ കെട്ടികൊടുക്കുമ്പോൾ കുഞ്ഞിനായുള്ള പ്രാർത്ഥനയിൽ ആയിരുന്നു എല്ലാവരും.. മറ്റാരും കേൾക്കാതെ കുഞ്ഞിപ്പെണ്ണിന്റെ ചെവിയിലായി അവളുടെ പേര് മൂന്നു വട്ടം ഉച്ഛരിച്ചുകൊണ്ട് പ്രകാശൻ അവളെ ശങ്കരന്റെ മടിയിലേക്ക് കിടത്തി കൊടുത്തു.. അത്യധികം സന്തോഷത്തോടെ ആ മുത്തശ്ശനും കുഞ്ഞിപ്പെണ്ണിന്റെ ചെവിയിൽ പേരുവിളിച്ചിരുന്നു.. കുഞ്ഞിപ്പെണ്ണിന്റെ അച്ഛനൊഴികെ ചുറ്റും കൂടിയിരിക്കുന്ന എല്ലാ മുഖങ്ങളും പേരെന്താണെന്നറിയാനുള്ള തിടുക്കം കണ്ടതും കുഞ്ഞിപ്പെണ്ണിന്റെ തലയിൽ തഴുകിക്കൊണ്ട് പ്രകാശൻ ഉറക്കെ പറഞ്ഞു... "....ജാനിക... ....ജാനികാലക്ഷ്മി ജീവപ്രകാശ്...." നിറഞ്ഞ സന്തോഷത്തോടെ എല്ലാവരും കുഞ്ഞിപ്പെണ്ണിന്റെ പേരിനെ മനസിലേറ്റുമ്പോൾ തന്റെ പേര് കൂടെ കുഞ്ഞിനെ പേരിനൊപ്പം കേട്ടതിന്റെ അത്ഭുതത്തിൽ നിറകണ്ണുകളോടെ ലച്ചു ജീവയെ നോക്കി..

അവനവളെ നോക്കിയൊന്നു കണ്ണു ചിമ്മികാണിച്ചു... ചുണ്ടിൽ കുസൃതി ഒളിപ്പിച്ച ചിരിയാലെ... ജീവയുടെ മടിയിൽ കുഞ്ഞിപ്പെണ്ണിനെ കിടത്തിക്കൊണ്ട് അവൻ പൊന്നരഞ്ഞാണം കുഞ്ഞിനെ അണിയിക്കുമ്പോൾ തൊട്ടടുത്തു ഇരുന്നുകൊണ്ട് ലച്ചു വാവയെ ഒന്നുയർത്തികൊടുത്തിരുന്നു.. അച്ഛന്റെയും അമ്മയുടെയും ഒപ്പം കുഞ്ഞിപ്പെണ്ണ് ചിരിച്ചും കളിച്ചും ഇടക്കൊന്നു ചിണുങ്ങിയും എല്ലാവരുടെയും സമ്മാനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.. വാവേടെ കാലിൽ പിടിച്ചൊന്നു മുത്തിയിട്ട് ദേവൻ കുഞ്ഞുകാലിൽ പാദസരം അണിയിക്കുമ്പോൾ ഒരിക്കലും ദേവൻ കുഞ്ഞിന്റെ സത്യാവസ്ഥ അറിയരുതേയെന്ന് ജീവ ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു.. വിങ്ങുന്ന ഹൃദയത്തോടെ അവൻ ലച്ചുവിനെ നോക്കി... അവളുടെ ശ്രദ്ധ മുഴുവനും ജീവയുടെ മടിയിൽ കിടന്നുകൊണ്ട് ചിണുങ്ങുന്ന കുഞ്ഞിപ്പെണ്ണിൽ മാത്രമായിരുന്നു.. കുഞ്ഞാവയുടെ ചെറിയച്ഛൻ എന്നതിനപ്പുറം ദേവനെന്നൊരാളെ പാടെ അവഗണിക്കുന്ന അവൾ പിന്നെയും അവനൊരു അത്ഭുതമായി മാറുകയായിരുന്നു... ബഹുമാനമായിരുന്നവന് ആ പെണ്ണിനോട്.. ആരാധനയായിരുന്നു.. ഒപ്പം ഉള്ളിനുള്ളിൽ പ്രണയവും.. കുഞ്ഞിപ്പെണ്ണിനൊപ്പം അവളെയും ചേർത്തുപിടിച്ചു നെഞ്ചോട് ചേർക്കുവാൻ കൊതിക്കുകയായിരുന്നവൻ... അപ്പോഴേക്കും ചിണുങ്ങിക്കൊണ്ട് കുഞ്ഞിപ്പെണ്ണ് അച്ഛന്റെ മാറിൽ കയ്യ്കൊണ്ട് പരതാൻ തുടങ്ങിയിരുന്നു.. കുഞ്ഞിന്റെ താടിത്തുമ്പിൽ ചുണ്ട് ചേർത്തുകൊണ്ട് ജീവ ലച്ചുവിനെ നോക്കുമ്പോൾ അവളൊന്നു പുഞ്ചിരിച്ചു.. അച്ഛന്റെ നെഞ്ചിൽ നിന്നും കുഞ്ഞിപ്പെണ്ണിനെ വാരിയെടുത്തു മുറിയിലേക്കായി നടക്കുമ്പോൾ കവിളിലായി ഉരസിയ അവന്റെ താടിരോമങ്ങളുടെ തലോടലിൽ വിറകൊള്ളുന്ന ശരീരത്തെയും മനസിനെയും നിയന്ത്രിക്കുകയായിരുന്നു പെണ്ണ്...............................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story