നിഴലായ് നിൻകൂടെ: ഭാഗം 19

nizhalay ninkoode

എഴുത്തുകാരി: ജിച്ചന്റെ കാവു

പൊടുന്നനെ പെണ്ണവനിലേക്ക് അമരുമ്പോൾ അവനൊന്നു പിന്നോക്കം ആഞ്ഞിരുന്നു... നടന്നതെന്തെന്നറിയും മുൻപേതന്നെ അവളുടെ അധരം അവന്റെ ഇടനെഞ്ചിലായി പതിഞ്ഞിരുന്നു... ഒത്തിരി ഒത്തിരി പ്രണയത്തോടെ അവളുടെ കൈയ്കളും അവനെ പുണരുകയായിരുന്നു... അറിയാതെ തന്നെയവന്റെ കൈയ്കളും അവളെ വലയം ചെയ്തിരുന്നു.. പുഞ്ചിരിയായിരുന്നു അവളിൽ.. അതെ പുഞ്ചിരി തന്നെ ഉറങ്ങികിടക്കുന്ന കുഞ്ഞിപ്പെണ്ണിന്റെ ചുണ്ടിലും തെളിഞ്ഞു... പെണ്ണ് ഒന്നുകൂടി അവനിലേക്ക് ചേർന്നു.. " നിക്ക് ഇഷ്ടാന്ന് പറഞ്ഞില്ലേ ജിച്ചേട്ടാ... ന്തിനാ പിന്നെ എന്തേലും ആരേലും പറയുമ്പോക്കും വേദനിക്കണേ??.. ഏഹ്??.. " പെണ്ണിന്റെ സ്വരം കാതിൽ പതിയുന്നതിനോടൊപ്പം നിശ്വാസം നെഞ്ചിൽ തട്ടുന്നുണ്ടായിരുന്നു.. അവൻ മറുപടിയേതും പറയാതെ കണ്ണുകളടച്ചു നിന്നുകൊണ്ട് തന്നെ ആ നിമിഷത്തെ ഉള്ളിലേക്കാവഹിക്കുകയായിരുന്നു.. " ലച്ചൂനെ വിശ്വാസില്ലേ??.. ഇഷ്ടാന്ന് തോന്നണില്ലേ ജിച്ചേട്ടന്??.. " മുഖമുയർത്തി പെണ്ണ് ചോദിക്കുമ്പോൾ വാക്കുകൾ ഇടറിയിരുന്നു.. കണ്ണുതുറന്നുകൊണ്ട് ആ പെണ്ണിനെ നോക്കികാണുകയായിരുന്നു ജീവ.. അവന്റെ അരപ്പൊക്കം ഉള്ള വെള്ളത്തിൽ നിൽക്കുമ്പോൾ അവളുടെ നെഞ്ചോരം വരെ വെള്ളമെത്തിയിരുന്നു..

തണുത്തുകിടക്കുന്ന വെള്ളത്തിന്റെയോ ഉള്ളിലെ സങ്കടത്തിന്റെയോ ആ അധരങ്ങൾ വിറയ്ക്കുന്നുണ്ടായിരുന്നു.. കണ്ണുകൾ നിറഞ്ഞിരുന്നു.. അവനൊന്നുകൂടി പെണ്ണിനെ ചേർത്തുപിടിച്ചു.. കുനിഞ്ഞുവന്നവളുടെ നെറുകയിൽ മുത്തി.. ഇരുകണ്ണുകളുമടച്ചുകൊണ്ട് പെണ്ണത് സ്വീകരിക്കുമ്പോൾ അവളുടെ കൈയ്കൾ അവന്റെ നെഞ്ചോരം ചേർത്ത് പിടിച്ചിരിക്കുകയായിരുന്നു... " അതല്ല ലച്ചൂട്ടാ.. നിക്ക് സഹിക്കില്ലടാ... കടപ്പാടിന്റെ പുറത്തുള്ള സ്നേഹാണേൽ..." ശബ്ദം താഴ്ത്തി മടിച്ചു മടിച്ചു പറയുന്നവന്റെ അധരത്തെ ഉള്ളം കൈയാൽ മൂടി പെണ്ണ്.. " നിക്ക് ഇഷ്ടാ.. ന്റെ മോൾടെ അച്ഛനാ.. ന്റെ പ്രാണനാ.. ലച്ചൂന്റെ.. ലച്ചൂന്റെ മാത്രം പ്രണയാ.." ഉള്ളിലൊരു കുളിർമഴ പെയ്യുകയായിരുന്നു അവന്റെ... പെണ്ണിന്റെ വാക്കുകൾ ഹൃദയത്തിലായിരുന്നു പതിഞ്ഞത്... സന്തോഷംകൊണ്ട് കണ്ണു നിറഞ്ഞിരുന്നു... അവളുടെ തോളിലായി മുഖമമർത്തി സർവശക്തിയുമെടുത്തു ആഞ്ഞുപുൽകി അവൻ പെണ്ണിനെ.. " നിക്കൊപ്പം എന്നും വേണേ ലച്ചൂ.. ന്റെ മോളും നീയും.. ന്റെ പ്രാണനും പ്രണയവും.. " തോളിൽ പതിഞ്ഞ മിഴിനീരിനൊപ്പം കാതിൽ അവന്റെ ഏങ്ങലോടുകൂടിയ സ്വരം.. മുറുക്കെ തിരിച്ചും പുണർന്നിരുന്നു പെണ്ണ്.. ഒരിക്കലും പിരിയില്ലെന്നു പറയാതെ പറയും പോലെ.. തോളിൽ നിന്നും അവന്റെ മുഖം ബലമായെടുത്തുകൊണ്ട് തുരുതുരെ ചുംബിച്ചുകൊണ്ടിരിന്നു.. നെറ്റിയിൽ... കണ്ണിൽ.. നുണക്കുഴി കവിളിൽ.. താടിത്തുമ്പിൽ... എല്ലാമെല്ലാം... വല്ലാത്തൊരു കൊതിയോടെ അവന്റെ നീണ്ട താടിരോമങ്ങളിൽ വിരലോടിച്ചു... പെണ്ണിന്റെ കണ്ണിൽ വിരിയും പ്രണയഭാവങ്ങൾ അവന്റെ ഉള്ളിലേക്കായിരുന്നു പതിഞ്ഞിരുന്നത്...

ചുറ്റിപിടിച്ചിരുന്ന അവന്റെ കൈയ്കൾ ആദ്യമായവളുടെ അരക്കെട്ട് തേടി അലഞ്ഞു... പൂപോലുള്ള അരയിൽ പിടിച്ചുപൊക്കിക്കൊണ്ടവൻ പടവിലേക്ക് നടക്കുമ്പോൾ അവന്റെ തോളിൽ മുറുക്കെ പിടിച്ചുകൊണ്ട് പെണ്ണ് ആ കണ്ണുകളിലേക്കാഴ്ന്നിറങ്ങുകയായിരുന്നു... താഴെയുള്ള പടികളിലൊന്നിൽ അവളെയിരുത്തിക്കൊണ്ട് തൊട്ടടിയിലുള്ള പടിയിൽ ഇരിക്കുമ്പോഴും കണ്ണുകൾ തമ്മിലുള്ള കെട്ടുപിണയൽ വേർപെടുത്തിയിരുന്നില്ല... " നിക്ക് ചുംബിക്കണം ലച്ചൂ... ന്റെ പ്രണയം നിന്നിലാരംഭിക്കുന്നത് ഈ ഉദരത്തിലൂടെയാണ്... പ്രണയപൂർവമുള്ള ന്റെ ആദ്യചുംബനവും ദേ ഇവിടെയായിരിക്കണം..." അവളുടെ ഉദരത്തെ മറച്ചുപിടിച്ചുകൊണ്ട് നനഞ്ഞൊട്ടിക്കിടക്കുന്ന സാരി വിടവിലൂടെ കയ്യോടിച്ചുകൊണ്ട് ജീവ പറയുമ്പോൾ പെണ്ണൊന്ന് ഇരുന്നയിരുപ്പിൽത്തന്നെ ഉയർന്നുപൊന്തിയിരുന്നു... ആദ്യമായവന്റെ കണ്ണുകളിലെ തീവ്രപ്രണയഭാവം കാണുകയായിരുന്നവൾ... അതവളെ തളർത്തുമ്പോൾ കണ്ണുകൾ അടഞ്ഞുപോയി... പടികളിൽ ചാഞ്ഞു കിടന്നിരുന്നു.. " ബഹുമാനമായിരുന്നു... ആദരവായിരുന്നു ന്റെ കുഞ്ഞിനെ സംരക്ഷിച്ച ഈ ഉദരത്തിനോട് എന്നും... ഇന്നാദ്യമായെന്റെ പ്രണയവും ഇതിനോട് തന്നെ പെണ്ണെ.. " മൃതുവാർന്ന സ്വരത്തിൽ പറഞ്ഞുകൊണ്ടവൻ പ്രണയപ്പൂർവം പെണ്ണിന്റെ ചുളിവുകൾ വീണ ഉദരത്തെ തലോടി... വെള്ളത്തുള്ളികൾ തിങ്ങി നിൽക്കും പൊക്കിളിച്ചുഴിയിൽ അമർത്തി ചുംബിച്ചു...

ആദ്യമായവൾ പ്രണയചുംബനത്തിന്റെ ചൂടറിഞ്ഞു... മീശരോമങ്ങളാൽ നോവിക്കപ്പെട്ടു... പൊള്ളിപ്പിടഞ്ഞു... കൈവിരലുകളാൽ അവന്റെ മുടിയിഴകളെ പ്രണയിച്ചു... വിവശയായി കിടക്കുന്ന പെണ്ണിനെ മുഖമുയർത്തിനോക്കിക്കൊണ്ടവൻ അവളുടെ പടർന്നു തുടങ്ങിയ സിന്ദൂരചുവപ്പിൽ ചുണ്ടു ചേർത്തു... " ഇതെന്റെ ജീവന്റെ പാതിക്ക്.. " അവളൊന്നു പുഞ്ചിരിച്ചു.. കണ്ണുകൾ തുറന്നവനെ നോക്കി.. അവനരികെ ഇരുന്നുകൊണ്ട് നഗ്നമായ നെഞ്ചിലേക്ക് ചാഞ്ഞു... ഒരു കയ്യാൽ മാറിലെ രോമങ്ങളെ തഴുകി... " നിക്ക് തെറ്റ്പറ്റിപ്പോയി ല്ലെ ജിച്ചേട്ടാ.. ലച്ചൂന് പറ്റിപ്പോയി... ദേവേട്ടൻ.. ദേവേട്ടനെ ഒരിക്കലും ലച്ചു പ്രണയിക്കരുതായിരുന്നു.. പ്രണയമായിരുന്നോ അത്.. നിക്ക് അറിയില്ല... ഇഷ്ടായിരുന്നു.. ഒരുപാട്... " അവനിലേക്ക് ഒന്നുകൂടി ചാഞ്ഞിരുന്നു പെണ്ണ്.. തലയിൽ തഴുകിക്കൊണ്ടവൻ പെണ്ണിനെ ചേർത്തുപിടിച്ചു... " ജിച്ചേട്ടന് സ്നേഹിച്ചൂടാർന്നോ ലച്ചൂനെ... " മുഖമുയർത്തി ചോദിക്കുന്നവളെ ഒരു നിമിഷം നോക്കി നിന്നു.. പതിയെ പുഞ്ചിരിച്ചു... കുനിഞ്ഞുവന്ന് നെറുകയിൽ മുത്തി.. " ഇപ്പൊ സ്നേഹിക്കുന്നുണ്ടല്ലോ.. ഒത്തിരി... പഴയതൊന്നും ഇനി ഓർക്കേണ്ട ലച്ചൂ.. " സ്നേഹത്തോടെയുള്ള അവന്റെ വാക്കുകൾ.. പെണ്ണ് പിന്നെയും നെഞ്ചിൽ മുഖം പൂഴ്ത്തി.. " ഞാനൊരു കൂട്ടം ചോദിച്ചാ സത്യം പറയോ??.. " " ലച്ചൂട്ടനോട് ജിച്ചേട്ടൻ ന്തിനാ കള്ളം പറയണേ.. " മുഖമുയർത്താതെ തന്നെ പെണ്ണ് ചോദിക്കുമ്പോൾ അവനവളുടെ തലയിൽ തഴുകിക്കൊണ്ട് പറഞ്ഞു... " ജിച്ചേട്ടൻ ആരെങ്കിലും പ്രണയിച്ചിരുന്നോ??.. " ***************** പ്രകാശന്റെ നെഞ്ചോരം ചേർന്നിരിക്കുകയായിരുന്നു ദേവി.. ഇരുകയ്കളാളെയും അയാളെയവർ പുണർന്നിട്ടുണ്ട്..

സ്നേഹത്തോടെ ആ മനുഷ്യൻ അവരെ നെഞ്ചോരം അടക്കിപിടിച്ചുകൊണ്ട് അവരുടെ വാക്കുകൾ കാതോർത്തുന്നു... " നിക്ക്.. ഒത്തിരി സന്തോഷായി ഏട്ടാ.. ന്റെ കുഞ്ഞ്.. എത്ര നാളുകൾക്ക് ശേഷമാണിന്ന് ന്റെ മടീൽ കിടന്നെ... ഉള്ള് നിറഞ്ഞു ന്റെ.. " അവരുടെ വാക്കുകളിൽ ഉള്ളിലെ സന്തോഷം പ്രതിഫലിച്ചിരുന്നു... " ആടോ.. ഞാനും ഒരുനിമിഷം ഞെട്ടിപ്പോയി... പഴേ ജീവയെ തന്നെ തിരിച്ചുകിട്ടിയപോലെ.. അല്ലേടോ.. " വാത്സല്യത്തോടെ ദേവിയുടെ തലയിൽ തഴുകൊക്കൊണ്ട് പ്രകാശൻ പറയുമ്പോൾ അയാളുടെ മുഖത്തും സന്തോഷമായിരുന്നു... " ലച്ചുവും കുഞ്ഞും വന്നേൽപ്പിന്നെയാ ഏട്ടാ... ന്റെ ജീവേടെ ഭാഗ്യാ അവര്... ഒത്തിരി വൈകിയെങ്കിൽ എന്താ.. നല്ലൊരു ജീവിതം തന്നെ ന്റെ മോന് കിട്ടിയല്ലോ.. അത് മതി.. " ആ അച്ഛനും അമ്മയ്ക്കുമുള്ളിൽ സന്തോഷമായിരുന്നു.. സമാധാനമായിരുന്നു.. എന്തെന്നില്ലാതെ ആർക്കുവേണ്ടിയെന്നറിയാതെ പാഴായിപോവുന്ന മകന്റെ ജീവിതത്തിനു വന്ന മാറ്റം അവരെ അത്രത്തോളം ആനന്ദിപ്പിച്ചിരുന്നു.. ***************** " ജിച്ചേട്ടൻ ആരെങ്കിലും പ്രണയിച്ചിരുന്നോ??.. " നെഞ്ചോരം ചേർന്നുള്ള പെണ്ണിന്റെ ചോദ്യം കേൾക്കെ അവന്റെ കൈയ്കൾ നിശ്ചലമായി.. ഹൃദയമിടിപ്പേറി.. അതിലും ശക്തിയിൽ മിടിക്കുന്ന ഹൃദയവുമായൊരു പെണ്ണ് അവന്റെ ഉത്തരത്തിനായി കാതോർത്തു... "മ്മ്.." പതിയെ മൂളി.. "ആരെ.." അവന്റെ മൂളൽ കാതിൽ പതിഞ്ഞതും അടക്കാനാവാത്ത ആവേശത്തോടെ അതിലുപരി പിടയുന്ന ഹൃദയത്തോടെ ചോദിച്ചു.. "ഒരു കുട്ടിയെ... ഒത്തിരി ഇഷ്ടായിരുന്നു... പ്രണയമായത് മാറിയത് ഞാൻ പോലും അറിയാതായിരുന്നു... കുഞ്ഞായിരുന്നു അവൾ...

ഞാൻ പഠിപ്പിച്ചിരുന്നൊരു കുട്ടി.. പിന്നീടെന്നോ എപ്പോഴോ തെറ്റാണെന്ന് തിരിച്ചറിഞ്ഞുതുടങ്ങിയതും എല്ലാം വേണ്ടാന്ന് വെച്ചു.. ന്റെ ജീവിതം എല്ലാം ഉപേക്ഷിക്കാൻ ന്നെ പഠിപ്പിച്ചു..." വാക്കുകളിൽ പോലും വേദന ഒളിച്ചിരിക്കുംപോലെ തോന്നിയവൾക്ക്.. അതവളെ നോവിച്ചു... ഉള്ളിനുള്ളിൽ ജിച്ചേട്ടൻ തന്നെ പ്രണയിച്ചിരുന്നു എന്ന് തന്നെ കേൾക്കാനാഗ്രഹിച്ചൊരു മനസ്സുണ്ടായിരുന്നു അവൾക്... അതിനായിരുന്നു മുറിവേറ്റത് ... മറ്റൊരു പെൺകുട്ടിയെ ആ മനുഷ്യൻ സ്നേഹിച്ചിരുന്നെന്ന് ഓർക്കും തോറും വേദന തോന്നിയവൾക്ക്... എന്നും എപ്പോഴും അവന്റേത് മാത്രമായി മാറാൻ കൊതി തോന്നി... ഓർമയിൽ അവനോടൊന്നിച്ചുള്ള നിമിഷങ്ങൾക്കെല്ലാം പ്രണയത്തിന്റെ നിറം നൽകിക്കൊണ്ട് ഉള്ളിൽ നിറച്ചു... ആ മുഖത്തേക്ക് ലച്ചു ഉറ്റുനോക്കി... ആശ്ചര്യമായിരുന്നവൾക്ക്.. മറ്റൊരുത്തനെ പ്രണയിച്ച് തന്നെ തന്നെ അവനുനൽകി ഉദരത്തിലൊരു ജീവനെയുംപേറിക്കൊണ്ട് വന്നവളെ ഇങ്ങനെ പ്രണയിക്കാൻ എങ്ങനെ കഴിയുന്നീ മനുഷ്യന്??.. ഉള്ളിലെ നോവിനെപോലും പ്രണയമാക്കി മാറ്റുകയല്ലേ ചെയ്യുന്നത്... ഇത്രക്ക് ആഴത്തിൽ പ്രണയിക്കാൻ എങ്ങനെ പറ്റുന്നു.. " ലച്ചൂട്ടാ... വാവ.. വാവ എന്തെടാ??.. " പെട്ടന്നെന്തോ ഓർത്തപ്പോലുള്ള അവന്റെ ചോദ്യം കെട്ടവൾ ചിന്തയിൽ നിന്നുണർന്നിരുന്നു.. ആദിയായിരു അവന്റെ കണ്ണുകളിൽ.. " ഇതാപ്പോ നന്നായെ.. ന്റെ കുഞ്ഞിനെ ഒന്ന് നോക്കപോലും ചെയ്യാതിങ്ങു വന്നതല്ലേ... ഇപ്പോഴാണോ തിരക്കണേ ന്നിട്ട്... പാവം ന്റെ മോള്.. പിണങ്ങി കരഞ്ഞുകിടന്നുറങ്ങി..." അവനെ നോക്കി മുഖം കൂർപ്പിച്ചുകൊണ്ട് പെണ്ണ് പറയുമ്പോൾ കുറ്റബോധം നിറയുംപോലെയായിരുന്നവന്..

ആദ്യമായി കുഞ്ഞിപ്പെണ്ണിനെ വേദനിപ്പിച്ചതിൽ തന്നോട് തന്നെ ദേഷ്യം തോന്നി.. " ടാ.. ഞാൻ.. അപ്പോഴത്തെ വിഷമത്തിൽ.. സത്യായും ഒന്നും ശ്രദ്ധിക്കാൻ പറ്റീല... സോറി ലച്ചൂ.. വാ.. നമുക്ക് പോവാ.. ന്റെ മോള്.. നൊന്താവോ ന്റെ കുട്ടിക്ക്.. " വെപ്രാളത്തിൽ പറഞ്ഞുകൊണ്ട് എഴുനേൽക്കാൻ തുടങ്ങിയവന്റെ കയ്യിൽപിടിച്ചുനിർത്തിയിരുന്നു ലച്ചു.. സംശയത്തോടെ അവളെത്തന്നെ ഉറ്റുനോക്കി.. " അവൾ ഉറങ്ങി... നിവിയെ ഏൽപ്പിച്ചിട്ടാ ഞാനിങ്ങു വന്നത്... ഇപ്പൊ പോണ്ട ജിച്ചേട്ടാ.. നിക്ക്.. നിക്ക് നനയണം... ജിച്ചേട്ടന്റെ കൂടെ... ഈ കുളത്തിൽ... " അവനെ തന്നെ ഉറ്റുനോക്കികൊണ്ട് പറയുന്ന പെണ്ണിന്റെ മുഖത്തെ ഭാവം പുതുമയുള്ളതുപോലെ തോന്നിയവന്.. പിന്നെയും പിന്നെയും അവളുടെ കണ്ണുകളിൽ അടിമപ്പെട്ട്പോവാൻ വെമ്പുകയായിരുന്നു ഉള്ളം.. ആ കണ്ണുകളിൽ പോലും പ്രണയം തുളുമ്പിയിരുന്നു... പിന്നെയും ബലമുള്ള കൈയ്കൾ അരക്കെട്ടിനെ പുണർന്നു.. നെഞ്ചോരം ചേർത്തുപിടിച്ചുകൊണ്ട് കുളത്തിലേക്കിറങ്ങി.. പരസ്പരം പുണർന്നുകൊണ്ട് മുങ്ങിപൊങ്ങി... ചുണ്ടിലൊരു പുഞ്ചിരിയുമായി അവളവനെ മുഖമുയർത്തി നോക്കുമ്പോൾ വെള്ളത്തിൽ അലിഞ്ഞുചേർന്നുകൊണ്ടോഴുകുന്ന സിന്ദൂരചുവപ്പിലായിരുന്നു അവന്റെ കണ്ണുകൾ.. ചുവപ്പ് സിന്ദൂരതുള്ളിയുടെ സഞ്ചാരപ്പാത മൂക്കിൻ തുമ്പിലെത്തിനിൽക്കുമ്പോൾ അവന്റെ അധരം അവയെ സ്വന്തമാക്കിയിരുന്നു.. ഏങ്ങിപോയിരുന്നു പെണ്ണ്... കണ്ണുകൾ കൂമ്പിയടഞ്ഞു... വിറയലാർന്ന അധരങ്ങൾ അവനോടായി പരിഭവിക്കും പോലെ.. പെണ്ണിന്റെ മുഖം കയ്യ്കുമ്പിളിൽ കോരിയെടുത്ത് ഉയർത്തിപിടിക്കുമ്പോൾ അവന്റെ കയ്യ്കളിലും വിറയലായിരുന്നു...

അതെ വിറയലോടെ വലതുകരത്തിന്റെ തള്ളവിരലാൽ അധരത്തെ തഴുകുമ്പോൾ ഉള്ളിലൊരു മിന്നൽ പാഞ്ഞിരുന്നു ഇരുവരുടെയും.. ശരീരങ്ങൾ ചൂടുപിടിക്കുമ്പോൾ അറിയാതെ തന്നെ അവളിലേക്ക് മുഖവും കുനിഞ്ഞിരുന്നു.. പൂപോലുള്ള അവളുടെ അധരത്തെ മൃതുവായി തഴുകികൊണ്ടവൻ ചുംബിച്ചു... ആ മുപ്പത്തിയാറാം വയസ്സിൽ ആദ്യമായവൻ അറിയുകയായിരുന്നു പ്രണയിക്കുന്ന പെണ്ണിന്റെ ചുണ്ടുകളുടെ മധുരം... ചുംബനത്തിന്റെ ലഹരി... അടരാൻ അനുവദിക്കാതെ ഇരുവരുടെയും അദരങ്ങൾ കഥ പറഞ്ഞു.. തൊട്ടുരുമ്മി... തമ്മിൽ തഴുകി.. ഗാഢമായ്പുൽകി... പ്രണയത്തിനൊരു പുതുജീവൻ പകർന്നു... പതിവിന് വിപരീതമായി അന്ന് ആദ്യമായവന്റെ ഇടനെഞ്ചിൽ തലചായ്ച്ചുകൊണ്ടവൾ നിദ്രയെ പുൽകി... ഇടതുകരത്താൽ പെണ്ണിന്റെ അരയിലൂടെ ചുറ്റിപ്പിടിച്ചുകൊണ്ട് നെഞ്ചോരം ചേർക്കുമ്പോഴും വലതുമാറിൽ കമഴ്ന്നുകിടന്നുറങ്ങുന്ന കുഞ്ഞിപ്പെണ്ണിനെ ഒരുകയ്യാൽ അവൻ പൊതിഞ്ഞിരുന്നു... ഇടയ്ക്കിടെ ഇരുവരുടെയും നെറുകിൽ ചുംബിച്ചുകൊണ്ട് ആ മനുഷ്യൻ ജീവിതത്തിന്റെ സുന്ദരനിമിഷങ്ങളോരോന്നും ഉള്ളിൽ പതിപ്പിക്കുകയായിരുന്നു... ദിവസങ്ങൾ കടന്നു പോകെ കുഞ്ഞിപ്പെണ്ണവളുടെ മുട്ടിലിഴഞ്ഞു വീടിലാകെ കാര്യാന്വേഷണമായി നടപ്പ് തുടങ്ങിയിരുന്നു... പതിയെ കസേരയിലും തൂണിലുമൊക്കെയായി പിടിച്ചു പിടിച്ചു ഒറ്റടി വച്ചു നടപ്പ് തുടങ്ങിയതും അവിടെയും ഇവിടെയുമൊക്കെ തട്ടലും വീഴലും പതിവായിരുന്നു.. എന്നിരുന്നാലും കരച്ചിലോന്നൊതുങ്ങുമ്പോൾ പിന്നെയും കുഞ്ഞിപ്പെണ്ണ് ഒറ്റടി വച്ചുള്ള നടപ്പ് തുടങ്ങും.. അച്ഛൻ വീട്ടിലുള്ളപ്പോഴെല്ലാം അവളുടെ ഇടറുന്ന കാലുകൾക്ക് താങ്ങായി അച്ഛന്റെ കരങ്ങളും ഉണ്ടാകാറുണ്ട്.. അച്ഛന്റെ കാലിൽ കയറിനിന്നുകൊണ്ട് ആ കാലുകളെ മുറുക്കെ പിടിച്ച് അച്ഛന്റെ ഓരോ കാലടികൾക്കൊപ്പം നീങ്ങുന്നത് കുഞ്ഞിപ്പെണ്ണിന് ഏറ്റവുമിഷ്ടപ്പെട്ട ഒന്നായിരുന്നു...

അങ്ങനെ ചെയ്യുമ്പോൾ കുടുകുടെ ചിരിക്കുന്ന അവളുടെ ചിരിയൊളികളെ നെഞ്ചിലേറ്റി ആ അച്ഛനും അവളെ മുറുക്കെ പിടിച്ചു നടന്നിരുന്നു... നിവിപെണ്ണും രുദ്രനും പരസ്പരം കളിയാക്കിയും കൊഞ്ചിച്ചും വഴക്കിട്ടും ചുംബനങ്ങളാൽ പരിഭവം തീർത്തും അവരുടെ പ്രണയം ആസ്വദിച്ചുകൊണ്ടിരുന്നു... വേദ് കുഞ്ഞിപ്പെണ്ണിന്റെ പ്രിയപ്പെട്ട ചെറിയച്ഛനായി മാറുമ്പോൾ നിവിക്കുള്ളിൽ ഉടലെടുത്ത കുഞ്ഞികുശുമ്പിനെ അവനുമായി തല്ലിട്ടുകൊണ്ട് തന്നെ പെണ്ണ് തീർത്തിരുന്നു... പലപ്പോഴും നാട്ടിൽ വന്ന് കുഞ്ഞിപ്പെണ്ണിനെ കാണുമ്പോൾ പിന്നെയും പിന്നെയും കുഞ്ഞിനായുള്ള മോഹം തീർത്തയിലും ദേവനിലും ഭ്രാന്തമായി നിറഞ്ഞു.. കൊഞ്ചിക്കൊണ്ടുള്ള കുഞ്ഞിപ്പെണ്ണിന്റെ 'താ' വിളിയും ' 'മാ' വിളിയും ഹൃദയത്തിലേറ്റിക്കൊണ്ടൊരു അച്ഛനും അമ്മയും അവൾക്കൊപ്പം തന്നെയുണ്ടായിരുന്നു... അതോടൊപ്പം ജീവിതത്തിന്റെ സുന്ദരപ്രണയനിമിഷങ്ങൾ നുകർന്നുകൊണ്ട് കാമുകനും കാമുകിയുമായി മാറുകയായിരുന്നു അവരിരുവരും... വാക്കുകളിലും നോട്ടത്തിലും സ്നേഹവും കരുതലും നിറച്ചുകൊണ്ട് ചുംബനത്തിൽ പ്രണയം ചാലിച്ച്, തഴുകലും തലോടലും വിയർപ്പിന്റെ ഗന്ധവും പ്രണയിച്ചുകൊണ്ടവർ ഒന്നിച്ചൊരു സന്തോഷജീവിതം നയിക്കുകയായിരുന്നു... കോടമഞ്ഞിൻ കുളിരിൽ ഒന്നിച്ചൊരു പുതപ്പിനുള്ളിൽ തൊട്ടുരുമ്മി കിടക്കുമ്പോഴും മൃതുസ്പർശമായി തഴുകിയും ചുംബിച്ചും ഉള്ളിലെ വികാരങ്ങൾ തളച്ചിടുന്നവൻ അവൾക്കൊരു അത്ഭുതമായിരുന്നു.. പലപ്പോഴെല്ലാം വേദനയും... അവനേകുന്ന പൂർണതയെ അത്രമേൽ ആ പെണ്ണും മോഹിച്ചു തുടങ്ങിയിരുന്നു... എന്നിരുന്നാലും അവളുടെ ഉദരത്തിൽ തുടങ്ങി തുടുത്ത ചുണ്ടുകളിൽ അവൻ അവന്റെ പ്രണയത്തെ തളച്ചിട്ടു.. എപ്പോഴൊക്കെയോ മാറിടങ്ങളിൽ അമർത്തി ചുംബിച്ചു... പ്രണയത്തേക്കാളുപരി കുഞ്ഞിനമൃതേകുന്ന ബഹുമാനത്തോടെ.....................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story