നിഴലായ് നിൻകൂടെ: ഭാഗം 22

nizhalay ninkoode

എഴുത്തുകാരി: ജിച്ചന്റെ കാവു

പിറ്റേന്ന് തന്നെ ജോലിതിരക്കും പറഞ്ഞു ദേവനും തീർത്ഥയും തിരിച്ചുപോയിരുന്നു.. പോകും വരെ ലച്ചുവിന്റെയോ ജീവയുടെയോ മുഖത്തുപോലും നോക്കാനാവാതെ താൻ കാരണം നൊന്ത കുഞ്ഞിനെ ചേർത്തുപിടിക്കാനുള്ള ബലമില്ലാതെ തെറ്റ് ചെയ്ത കുട്ടിയെപ്പോലെയവൻ എല്ലാവരിൽ നിന്നും ഒഴിഞ്ഞുമാറിനടക്കുമ്പോൾ ജീവയ്ക്കുള്ളിൽ സമാധാനമായിരുന്നു... പലപ്പോഴൊക്കെ വേദനയും... പിന്നെയും കുഞ്ഞിനോടടുത്തിടപെടാൻ ദേവൻ ശ്രമിച്ചാൽ അത് ലച്ചുവിനെയും തന്നെയും എത്രത്തോളം വേദനിപ്പിക്കുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് തന്നെ ദേവന്റെ ഒഴിഞ്ഞുമാറ്റം ജീവയ്ക്ക് ആശ്വാസമേകുമ്പോൾ അറിയാതെ സ്വന്തം കയ്യിൽനിന്നും പറ്റിപ്പോയൊരു പാളിച്ചകൊണ്ട് കുഞ്ഞ് വേദനിക്കുമ്പോൾ അതിലും കൂടുതൽ വേദനിക്കുന്ന ദേവന്റെ മുഖം ജീവയ്ക്കുള്ളിലും നോവുണർത്തി... എന്നിരുന്നാലും കുഞ്ഞിപ്പെണ്ണിനെ ഒരിക്കൽ കൂടെ ദേവനോട് ചേർത്തു നിർത്താൻ ജീവയിലെ അച്ഛന്റെ മനസ്സ് അനുവദിച്ചിരുന്നില്ല... അവനത് ആകുമായിരുന്നില്ല... മറ്റാർക്കും വിട്ടുകൊടുക്കാതെ കുഞ്ഞിനെ നെഞ്ചോരം തന്നെ ചേർത്തുപിടിച്ചിരുന്നവൻ... പ്രാണനായ കുഞ്ഞിന്റെ കാര്യത്തിൽ മാത്രം അവനും സ്വാർത്ഥനായി മാറാൻ തുടങ്ങുകയായിരുന്നു... തിരിച്ചുപോവാൻ ഇറങ്ങും നേരം കുഞ്ഞിപ്പെണ്ണിനെ എടുത്തുനിൽക്കുന്ന ജീവയെ കെട്ടിപിടിച്ച ദേവന്റെ ഹൃദയതാളത്തിന്റെ ഭാവം തിരയുകയായിരുന്നു ജീവയുടെ മനസ്സ്..

വേദനയോ കുറ്റബോധമോ എന്തോ... അവനുള്ളം നീറുന്നുണ്ടെന്നുള്ളത് തിരിച്ചറിയാൻ ആ ഏട്ടനധികം പ്രായസ്സപ്പെടേണ്ടി വന്നില്ല... ജീവയുടെ കയ്യിലിരിക്കുന്ന കുഞ്ഞിപ്പെണ്ണിന്റെ മുറിവുകളിൽ നിറകണ്ണുകളോടിച്ചുകൊണ്ട് അവളുടെ പാദങ്ങളിൽ അമർത്തിചുംബിച്ചു ദേവൻ... അപ്പോഴും നാണതാൽ നിറഞ്ഞ പുഞ്ചിരിയുമായി കുഞ്ഞിപ്പെണ്ണ് അച്ഛന്റെ കഴുത്തിലൂടെ കയ്യിട്ട് നെഞ്ചിൽ മുഖമോളിപ്പിക്കുകയായിരുന്നു... അച്ഛനവളെ ഇരുകയ്യാലെയും പൊതിഞ്ഞുപിടിച്ചു നിൽക്കുമ്പോൾ ഉള്ളം പുകയുകയായിരുന്നു... . ശ്വാസം വിങ്ങുംപോലെ ആ മനുഷ്യനു തോന്നി... കുഞ്ഞിനടുത്തു ദേവൻ നിൽക്കുന്ന ഓരോ നിമിഷവും കൂടുതൽ കൂടുതൽ ശക്തിയിൽ തന്റെ ഹൃദയമിടിക്കുന്നതും ശ്വാസം നിലയ്ക്കുന്നതും കയ്യ്കാലുകൾ തളരുന്നതും അവനു തിരിച്ചറിയാനാവുന്നുണ്ടായിരുന്നു... ഉള്ളിനുള്ളിൽ വന്നുപൊതിയുന്ന ഭയത്തെ പുറത്തുകാണിക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും ആ അച്ഛന്റെ കൈയ്കൾ കുഞ്ഞിനെ പൊതിഞ്ഞു പിടിച്ച് തന്നെ തുടർന്നു... തീർത്ഥയും വല്ലാത്തൊരു ആവേശത്തോടെ കുഞ്ഞിനെ മുത്തങ്ങളാൽ മൂടുമ്പോഴും കുഞ്ഞിപ്പെണ്ണച്ഛന്റെ നെഞ്ചിലെ ചൂടിൽ നിന്നും അടരാൻ വിസമ്മതിച്ചുകൊണ്ടുകിടക്കുകയായിരുന്നു... നിമിഷങ്ങൾ യുഗങ്ങളായി തീർന്ന സമയം...ഉള്ളിലെ ബുദ്ധിമുട്ട് മറച്ചുപിടിച്ചു പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ടവൻ നിന്നു... ദേവനും തീർത്ഥയും ഇറങ്ങിയതും അതുവരെ ശ്വാസമെടുക്കാതിരുന്നവനെ പോലെ ആഞ്ഞുശ്വാസമെടുത്തുകൊണ്ട് കുഞ്ഞിനെ പിന്നെയും നെഞ്ചിലേക്ക് ചേർത്തു പിടിച്ചു .. അവന്റെ വെപ്രാളങ്ങൾ എല്ലാം കണ്ടുകൊണ്ട് നിന്ന ലച്ചുവിനുള്ളം തേങ്ങി...

ഇതുവരെ അവനിൽ ഇല്ലാതിരുന്നൊരു ഭയത്തെ അവളായിരുന്നു ഉണ്ടാക്കിയെടുത്തതെന്നുള്ള നോവ് അവളെ പൊള്ളിച്ചു... ആ മനുഷ്യന്റെ ഓരോ ചലനങ്ങളും കണ്ട് കണ്ണു നിറഞ്ഞു... ചുണ്ടിലെ പുഞ്ചിരിക്കുള്ളിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന ഭയത്തിന്റെ നിഴൽ അവനറിയാതെ പലപ്പോഴും പുറത്തുവരുന്നതവൾ അറിഞ്ഞു... നിറഞ്ഞ മിഴികൾ അമർത്തി തുടച്ചുകൊണ്ട് അവനെ തന്നെ നോക്കി ആ പെണ്ണ് ചുമരും ചാരി നിന്നിരുന്നു... സ്വന്തമല്ലയെന്നു അറിഞ്ഞിട്ടും സ്വന്തമായി മാത്രം കരുതിക്കൊണ്ടടക്കിപിടിക്കുന്നവൻ... ആ കുഞ്ഞിൽ മാത്രം ജീവനും ജീവിതവുമർപ്പിച്ചവൻ... തനിക്ക് പോലും നൽക്കാനാവാത്ത അത്ര സ്നേഹവും സംരക്ഷണവും കുഞ്ഞിനായി നൽകുന്നവനോട് പിന്നെയും പെണ്ണിന് പ്രണയമേറുകയായിരുന്നു... അവനിലെ അച്ഛനോട് ബഹുമാനവും.. ശ്വാസഗതിയും ഹൃദയമിടിപ്പുമൊന്നു നേരെയായതും ജീവയുടെ കണ്ണുകൾ നീണ്ടത് അവന്റെ പെണ്ണിലേക്കായിരുന്നു... അവനെ തന്നെ നോക്കി നിന്നിരുന്ന പെണ്ണിന്റെ മിഴികളുമായവ കൊരുക്കുമ്പോൾ ഉള്ളിലെ ആധികൾ മാറി പ്രണയം മാത്രം നിറഞ്ഞു വരുന്നതവൻ തിരിച്ചറിഞ്ഞു... കുഞ്ഞിനെ പൊതിഞ്ഞുപിടിച്ചുകൊണ്ട് അറിയാതെ കാലുകൾ അവൾക്കടുത്തേയ്ക്ക് ചലിക്കുമ്പോഴും വെറുമൊരു നോട്ടംകൊണ്ട് തന്നിലെ പ്രണയത്തെ തോട്ടുണർത്താൻ കഴിയുന്ന പെണ്ണിന്റെ കഴിവിനെ അത്ഭുതപൂർവം ഓർക്കുകയായിരുന്നവൻ...

തൊട്ടടുത്തായി വന്നുനിന്നവനോട് ചേർന്നുനിന്ന് മാറിൽ ചേർന്നിരിക്കും കുഞ്ഞിനെ തഴുകുമ്പോഴും കണ്ണുകൾ തമ്മിൽ വേർപെടുത്താതെ പെണ്ണ് അവനെ തന്നെ നോക്കി നിന്നു... ഒത്തിരി പ്രണയത്തോടെ... " ജാനീടെ ഈ അച്ഛനെ നിക്ക് ജീവനാണ്..." തൊട്ടടുത്തായി നിൽക്കുന്നവനു മാത്രം കേൾക്കാൻ പാകത്തിൽ മൃതുവായി പെണ്ണ് മൊഴിഞ്ഞു... വികസിച്ച അവന്റെ കണ്ണുകളിൽ പ്രണയം തുളുമ്പിയിരുന്നു... ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയിൽ വല്ലാത്തൊരു വശ്യതയായിരുന്നു.. ആ വശ്യതയിൽ സ്വയം മറന്നങ്ങനെ നിൽക്കുന്ന പെണ്ണിനെ കൺചിമ്മികാണിച്ചുകൊണ്ടവൻ കുഞ്ഞിനേയും കൊണ്ട് പടികൾ കയറി... കട്ടിലിലിരുന്ന് കളിക്കുന്ന കുഞ്ഞിപ്പെണ്ണിനെ നോക്കികൊണ്ട് തന്നെ ജീവ തേച്ചു വച്ചിരുന്ന ഷർട്ട് എടുത്തിടുമ്പോഴാണ് കൈയിലൊരു ഗ്ലാസ്സ് ചായയും ദോശയുമായി ലച്ചു കയറി വരുന്നത്... പെട്ടന്ന് അവളെ കണ്ടതും ജീവയുടെ കണ്ണുകളൊന്നു തിളങ്ങിയിരുന്നു.. പടികയറിവന്നത്തിന്റെ അണപ്പോ വിയർപ്പുത്തുള്ളികൾ പറ്റിനിൽക്കും മേൽച്ചുണ്ടോ എന്തോ ഒന്ന് പെണ്ണിന്റെ മോടി വല്ലാതെക്കൂട്ടിയിരുന്നു... അവളിൽ നിന്നുയിരുന്ന തുളസിപ്പൂ ഗന്ധമാകെ മുറിയിൽ പടരുന്നതറിഞ്ഞു പ്രണയപ്പൂർവ്വം അവനവളെ തന്നെ നോക്കികൊണ്ട് ഓരോരോ ബട്ടൻസ് ആയി ധരിക്കാൻ തുടങ്ങുമ്പോൾ കയ്യിലുള്ള പാത്രം മേശയിൽ വച്ചു ചായഗ്ലാസ് അവനുനേരെ നീട്ടി പെണ്ണ് വന്ന് നിന്നിരുന്നു.. " ഇത് കുടിക്ക് ജിച്ചേട്ടാ.. നേരം വൈകിയെന്നും പറഞ്ഞു ഒന്നും കഴിക്കാതെ പോവനല്ലേ... അങ്ങനിപ്പോ വേണ്ടാ.. " കണ്ണുകളിൽ കുസൃതി നിറച്ചു പെണ്ണ് പറയുമ്പോൾ അവനറിയാതെ തന്നെയാ കണ്ണുകളിൽ അടിമപ്പെട്ട് അവയുടെ ആക്ഞയനുസരിക്കുംവണ്ണം ചായ ഗ്ലാസ്സ് കൈയിൽ വാങ്ങി... കുസൃതിചിരിയോടെ പെണ്ണ് അവനിലേക്ക് ചേർന്ന് നിന്നു...

അവന്റെ വിരിഞ്ഞ നെഞ്ചോടോട്ടി കിടക്കുന്ന വെളുത്ത ബനിയനിൽ പതിയെ തലോടി... ചുണ്ടിലൊളിപ്പിച്ചു പിടിച്ച നാണത്തോടെ ബട്ടനുകൾ ഓരോന്നായി ഇട്ടുകൊടുത്തുകൊണ്ട് പിന്മാറി കുഞ്ഞിപ്പെണ്ണിനരികിലേക്ക് നടന്നു... " അമ്മേടെ കുഞ്ഞാപ്പി ഇവിടെയിരിക്ക്ട്ടോ... മേലെ ഇരുന്നാ വീഴോന്ന് പേടിയാ.. " അവളുടെ പ്രവർത്തിയിൽ വിശ്വാസം വരാതെ ജീവ നിൽക്കുമ്പോൾ കുഞ്ഞിപ്പെണ്ണിനെ കട്ടിലിൽ നിന്നിറക്കി താഴെയിരുതുന്നതിനിടയിൽ പെണ്ണ് പറഞ്ഞു.. കുഞ്ഞിനൊരു മുത്തവും കൊടുത്ത് ദോശ പാത്രത്തിലെ ചമ്മന്തിയിൽ കീറിയ ദോശ മുക്കിയെടുത്തുകൊണ്ട് ജീവയ്‌ക്കരികിലേക്ക് നീങ്ങി... അധികാരത്തോടെ അവനു നേരെ അതും നീട്ടിപിടിച്ചുകൊണ്ട് നിൽക്കുന്ന പെണ്ണിന്റെ മുഖത്തേക്കും കയ്യിലേക്കും മാറി മാറി നോക്കുമ്പോഴേക്കും അവളതവന്റെ ചുണ്ടോടാടുപ്പിച്ചിരുന്നു... കൊതിയോടെ പെണ്ണിന്റെ കൈയ്കളിൽ നിന്നുമത് കഴിക്കുമ്പോൾ ഇതുവരെയില്ലാത്തൊരു രുചിയായിരുന്നു ഭക്ഷണത്തിനു... ഇടയ്ക്കവന്റെ ചുണ്ടിൽ പറ്റിപിടിച്ചിരിക്കും ചമ്മന്തിയെ പുറം കയ്യാൽ തുടച്ചുമാറ്റിയും എരിവ് കൂടുമെന്ന് തോന്നും നേരങ്ങളിൽ നിർബന്ധിച്ചു ചായകുടിപ്പിച്ചും പെണ്ണവനെ ഊട്ടുന്ന ആ നിമിഷങ്ങളിൽ ഇരുവരിലെയും പ്രണയവും വാത്സല്യത്തോടൊപ്പം പുറത്തേക്കൊഴുകിയിരുന്നു... അവന്റെ കണ്ണുകളിലേക്ക് നോക്കാതെ ഊട്ടിക്കൊണ്ടിരിക്കുന്ന പെണ്ണിനെ തന്നെ നോക്കിനിന്നുപോയിരുന്നു ജീവ... മേൽചുണ്ടിന് മുകളിലും മൂക്കിൻ തുമ്പിലുമായി പറ്റിപ്പിടിച്ചിരിക്കുന്ന നേർത്ത വിയർപ്പുകണങ്ങൾ.. നെറുകയിൽ നീട്ടി വരച്ചിരിക്കുന്ന കുങ്കുമ ചുവപ്പിനൊപ്പം നിൽക്കാനെന്നവണ്ണം തുടുത്തിരിക്കുന്ന കവിളിണകൾ... കാറ്റിന്റെ താളത്തിനൊപ്പം കവിളിനെ ചുംബിച്ചുകൊണ്ടിരിക്കുന്ന മുടിയിഴകൾ... കൈവിരൽതുമ്പ് അറിയാതെ തന്റെ നാവിൽ കൊള്ളുമ്പോൾ പുഞ്ചിരി മിന്നിമാറുന്ന അവളുടെ ചുണ്ടുകളും പിടയുന്ന കണ്ണുകളും... വല്ലാത്തൊരു ആവേശത്തോടെ അവളിലെ ഓരോന്നും ഉള്ളിലേക്കാവഹിക്കുകയായിരുന്നു അവൻ...

ഒത്തിരി ഒത്തിരി പ്രണയത്തോടെ... കൊണ്ടുവന്ന ഭക്ഷണമെല്ലാം കഴിപ്പിച്ചുകൊണ്ട് പിന്തിരിഞ്ഞു നടന്ന പെണ്ണിന്റെ വയറിലൂടെ അവൻ കൈചുറ്റി പിന്നിലേക്ക് വലിക്കുമ്പോൾ പെണ്ണൊന്നു പുറകിലോട്ടാഞ്ഞുകൊണ്ട് അവന്റെ നെഞ്ചിൽ തട്ടി നിന്നിരുന്നു... വയറിൽ പതിഞ്ഞ കൈയ്കളുടെ തണുപ്പിൽ ശ്വാസം ഉള്ളിലേക്കെടുത്തുകൊണ്ട് പെണ്ണ് നിൽക്കുമ്പോൾ അവളുടെ പുറം കഴുത്തിലും തോളിലുമെല്ലാം പറ്റിയിരിക്കും വിയർപ്പുത്തുള്ളികളിലായിരുന്നു അവന്റെ കണ്ണുകൾ... "ജിച്ചേട്ടാ.." വിറയ്ക്കുന്നുണ്ടായിരുന്നു സ്വരം... ചുണ്ടിൽ വിരിഞ്ഞ ചിരിയാലവൻ വയറിനെ തഴുകിക്കൊണ്ട് പുറം മേനിയിലെ വിയർപ്പുത്തുള്ളികളിൽ അമർത്തി ചുംബിച്ചുക്കുമ്പോൾ ഏങ്ങിപോയിരുന്നു പെണ്ണ്... കണ്ണുകൾ കൂമ്പിയടയുമ്പോൾ അധരങ്ങളുടെ ചലനം തോളിലൂടെ കഴുത്തിടുക്കിലേക്കും അവിടെ നിന്നും ചെവിയിലേക്കും നീങ്ങുന്നതവൾ അറിയുന്നുണ്ടായിരുന്നു... " താങ്ക്സ്... വല്ലാത്തൊരു രുചിയായിരുന്നു... വാരി തന്ന ഫുഡിനും... തുളസിഗന്ധമുള്ള ഈ വിയർപ്പുത്തുള്ളികൾക്കും.. " പതിയ സ്വരത്തിൽ പറഞ്ഞുകൊണ്ടവളുടെ ചെവിയിൽ മുത്തി അവൻ പിന്മാറുമ്പോൾ ചുവന്നുതുടുത്ത കവിളുകൾ മറയ്ച്ചുപിടിച്ചുകൊണ്ട് പെണ്ണ് മുറിവിട്ട് താഴേയ്ക്ക് പായുകയായിരുന്നു... ഉച്ച കഴിഞ്ഞുള്ള തിരക്കുകൾ എല്ലാം കഴിഞ്ഞ് സംസാരിച്ചിരിക്കുകയായിരുന്നു നിവിയും ലച്ചുവും... ഒപ്പം കുഞ്ഞിപ്പെണ്ണും ഇരുന്നു കളിക്കുന്നുണ്ട്.. ദേവിയും പ്രകാശനും ആ സമയം പുറകുവശത്തുള്ള അടുക്കള കൃഷിയിൽ മുഴുകിയിരിക്കുകയായിരുന്നു... കളിക്കിടയിൽ ഇടയ്ക്കമ്മയുടെ മടിയിൽ വന്നു കിടക്കുകയും കൈയിൽ പിടിച്ച് വലിക്കുകയുമെല്ലാം ചെയ്യ്തുകൊണ്ട് ആധിപത്യം കാണിക്കുന്ന കുഞ്ഞിപെണ്ണിനെ കുറുമ്പുകേറ്റാൻ നിവി ശ്രമിച്ചുകൊണ്ടിരുന്നു..

"ടി കുഞ്ഞാപ്പി.. ഇതേയ് ന്റെ ലച്ചുവാ... നീയങ്ങട്ട് നീങ്ങിയിരുന്നേ.. ചെല്ല് ചെല്ല്.." ലച്ചുവിന്റെ മടിയിൽ കിടന്നുകൊണ്ട് അടുത്തിരുന്ന് ബഹളം വയ്ക്കുന്ന കുഞ്ഞിപ്പെണ്ണിനെ നോക്കി മുഖം കോട്ടി നിവി പറയുമ്പോൾ മുഖം കൂർപ്പിച്ചുവച്ചു കുഞ്ഞികയ്കൾക്കൊണ്ടവളുടെ തലയിലും കയ്യിലുമെല്ലാം അടിക്കുണ്ട് പെണ്ണ്... നിവിയാണെങ്കിൽ കുഞ്ഞിപ്പെണ്ണിന്റെ കൈയ്കൾ കൂട്ടിപിടിച്ചു വയ്ക്കാനും അവളെ വാശികേറ്റാനും ശ്രമിച്ചുകൊണ്ടിരുന്നു... ഇരുവരുടെയും കളിയും വാശിയും തല്ലുകൂടലുമെല്ലാം കണ്ടുകൊണ്ട് പുഞ്ചിരിയാലെ ലച്ചുവും ഇരുന്നു... ഇടയ്ക്കിടെ പെണ്ണിന്റെ കണ്ണുകൾ അകത്തു ചുമരിലെ ക്ലോക്കിലേക്കും നീങ്ങി... പ്രിയപെട്ടവന്റെ വരവ് പ്രേതീക്ഷിച്ചുകൊണ്ടവ സമയത്തെ അളന്നു... " നിക്കിപ്പോ പച്ചമാങ്ങേൽ ഉപ്പും മുളകും തേച്ച് തിന്നാൻ തോന്നാ ലച്ചൂ... " കുഞ്ഞിപ്പെണ്ണിനൊപ്പം തല്ലിട്ടും പിടിച്ചും കളിച്ചുകൊണ്ടിരുന്ന നിവിപെണ്ണ് പെട്ടന്ന് ഒന്ന് നിശ്ചലയായിക്കൊണ്ട് ലച്ചുവിനോടായി പറഞ്ഞു... ഒപ്പം കൊതികൊണ്ട് ചുണ്ട് രണ്ടും കൂട്ടിപിടിച്ചു കൂർപ്പിച്ചുകൊണ്ട് നുണയാനും തുടങ്ങി... അവളുടെ കാട്ടായങ്ങൾ നോക്കിയിരുന്ന കുഞ്ഞിപ്പെണ്ണ് അമ്മയെയും ആന്റിയെയും മാറി മാറി നോക്കികൊണ്ട് പതിയെ അമ്മയ്ക്കടുത്തേക്ക് നീങ്ങി.. മാറിൽ കൈവെച്ചു പരതിക്കൊണ്ട് ചുണ്ടുകളാൽ നുണഞ്ഞുകാണിച്ചു... " അയ്യടാ.... അമ്മേടെ കുഞ്ഞിപ്പോ പാല് കുടിച്ചല്ലേ ഉള്ളൂ... വന്നെ.. നമുക്ക് നിവിയാന്റിക്കെ മാങ്ങാപൊട്ടിച്ചുകൊടുക്കലോ... ന്നിട്ട് വന്നിട്ട് പാപ്പോ തരാട്ടോ.. " കുഞ്ഞികയ്കൾ മാറിൽ നിന്നും മാറ്റിപിടിച്ചുകൊണ്ടവളെ വാരിയെടുത്തു ലച്ചു പുറത്തേക്കിറങ്ങുമ്പോൾ നിവിയും കൂടിയിരുന്നു... സ്കൂളിൽ നിന്നും ജീവ വീട്ടിലേയ്ക്കെത്തുമ്പോൾ അകത്തിരുന്നുകൊണ്ട് ചെറുതായരിഞ്ഞെടുത്ത മാങ്ങപ്പൂളുകളിൽ ഉപ്പും മുളകും ചേർത്തു കഴിക്കുകയായിരുന്നു എല്ലാവരും... ദേവിയുടെ മടിയിലിരിക്കുന്ന കുഞ്ഞിപ്പെണ്ണിന്റെ നാവിൽ ഉപ്പിൽ തൊട്ട് മുക്കിയ മാങ്ങ കഷ്ണം നുണയാനായി നിവി വച്ചുകൊടുക്കുമ്പോൾ പെണ്ണ് പുളിക്കൊണ്ട് ഇരു കണ്ണുകളുമിറുക്കി വിറച്ചിരുന്നു...

ആ പുളിയൊന്നു മാറുമ്പോഴേക്കും പിന്നെയും നിവിയെ നോക്കി വെള്ളമിറക്കി കാണിക്കുന്ന കുഞ്ഞിപ്പെണ്ണിനെ കണ്ടുകൊണ്ട് ജീവയും അവർക്കടുത്തായി വന്നിരുന്നു.. കുഞ്ഞിപ്പെണ്ണിന്റെ വയറിൽ മൂക്കുരസിയും കവിളിൽ ചുംബിച്ചും അച്ഛൻ അകന്നിരുന്നതിന്റെ പരിഭവം തീർക്കുമ്പോൾ അവളും അവന്റെ മുടിയിൽ പിടിച്ച് വലിച്ചുകൊണ്ട് കുടുകുടെ ചിരിച്ചു... കുഞ്ഞിൽ നിന്നും കണ്ണുകൾ പിന്നെയും പ്രിയപെട്ടവൽക്കായി തിരയുമ്പോൾ അവളുടെ ഗന്ധത്തെ പുൽക്കാനുള്ളവും കൊതിക്കുകയായിരുന്നു... ആ പ്രായത്തിലും പ്രണയകടലിൽ മുങ്ങാൻ കൊതിക്കുന്നൊരു പതിനെട്ടുകാരനാവുന്നുണ്ടായിരുന്നു അവൻ... പ്രണയിനിയെ കാണാൻ പിടയുന്ന ഹൃദയവുമായി ഓരോ നിമിഷവും തള്ളിനീക്കി കൊതിക്കുന്നൊരു ചെറിയചെക്കൻ.. ഉച്ചഭക്ഷണത്തിന്റെ പാത്രം ബാഗിൽ നിന്നെടുത്തു കഴുകാണെന്ന വ്യാജേനെ ആളനക്കം തോന്നിയ അടുക്കളയിലേക്കവൻ വലിയുമ്പോൾ അകത്തിരുന്നു പ്രകാശനും ദേവിയും നിവിയും കുഞ്ഞിപ്പെണ്ണും മാങ്ങ കഴിച്ചുകൊണ്ടിരുന്നു... അടുക്കളവാതിലെത്തിയതും കണ്ടു കുഞ്ഞിന് കുറുക്കുണ്ടാക്കി ചൂടാറ്റിക്കൊണ്ടിരിക്കുന്ന പെണ്ണിനെ...വരണ്ട ഹൃദയത്തിലൊരു മഴത്തുള്ളി സ്പർശംപോൽ ഒരു നിമിഷം പെണ്ണിനെ തന്നെ നോക്കികൊണ്ടവൻ നിന്നു... കണ്ണിലും ഉള്ളിലും അവളെ മാത്രം നിറച്ചു...വിയർപ്പിനാൽ നനഞ്ഞ അവളുടെ പുറം മേനിയിൽ മനസ്സുടക്കുമ്പോൾ രാവിലത്തെ ചുംബനം ഓർമ്മിച്ചു.. അവളിലെ വിയപ്പുകണത്തോടുപോലും പ്രണയമായിരുന്നവന്... വായപൊത്തിപ്പിടിച്ചുകൊണ്ട് പുറകുവശത്തേക്കൊടുന്ന നിവിയും അവളുടെ ശർദിയുടെ സ്വരവും കെട്ട് ഞെട്ടി തിരിഞ്ഞു ജീവ നോക്കുമ്പോൾ തന്നെ ലച്ചുവും തിരിഞ്ഞിരുന്നു.. വാതുകലിലായി ജീവയെ കണ്ട പെണ്ണിന്റെ കണ്ണുകളിൽ വിടരുന്നത് അറിയാതെ അവൻ നിവിയുടെ പിന്നാലെ പാഞ്ഞുചെന്നു...

വാത്സല്യത്തോടെ അവളുടെ പുറത്ത് ഉഴിഞ്ഞും ചുണ്ടിലെയും മുഖത്തെയും അവശിഷ്ടങ്ങൾ തുടച്ചുകൊടുത്തും അവൻ പരിപാലിക്കുന്നതു നോക്കിനിന്നു ലച്ചു... നിറഞ്ഞ ആരാധനയോടെ... നിവിയെ നെഞ്ചോരം ചേർത്ത് താങ്ങിപിടിച്ചു അകത്തേക്ക് നടക്കുമ്പോഴാണ് തന്നിൽ തന്നെ നോട്ടമിട്ടുനിൽക്കുന്ന പെണ്ണിനെയവൻ കണ്ടത്.. നിറഞ്ഞൊരു പുഞ്ചിരി അവൾക്കായി നൽക്കുമ്പോൾ അവളും നിവിയെ താങ്ങി അകത്തേക്ക് നടന്നിരുന്നു.. സോഫയിൽ കിടത്തി നിവിയുടെ നെറുകയിൽ തലോടികൊണ്ട് ജീവ ഇരിക്കുമ്പോൾ കുഞ്ഞിപ്പെണ്ണും അവന്റെ മടിയിൽ ഇരിക്കുന്നുണ്ടായിരുന്നു.. ക്ഷീണത്താൽ മയങ്ങിപോകുന്ന നിവിയുടെ കവിളിലും മുഖത്തുമെല്ലാം തലോടിക്കൊണ്ട് കുഞ്ഞിപ്പെണ്ണ് കളിക്കാനായി വിളിച്ചുകൊണ്ടിരുന്നു... ഒരു കയ്യാൽ കുഞ്ഞിനേയും മറുകയ്യാൽ കുഞ്ഞനിയത്തിയെയും തലോടിക്കൊണ്ടിരിക്കുന്ന ജിച്ചേട്ടൻ മാത്രമായിരുന്നപ്പോഴും ലച്ചുവിനുള്ളിൽ... ഓരോ നിമിഷവും ആ മനുഷ്യൻ കാണിക്കുന്ന കരുതലും സ്നേഹവും അവൾക്കുള്ളിൽ നിറഞ്ഞു... ഇതുപോലൊരു ഗർഭാവസ്ഥയിൽ തന്റെ നിഴലായ് കൂടെ തന്നെ നിന്നുകൊണ്ട് ചെയ്തു തന്നിരുന്ന കാര്യങ്ങൾ ഓർക്കും തോറും ഉള്ളിനുള്ളിൽ അവനോടുള്ള പ്രണയം കൂടികൊണ്ടിരുന്നു.. അവനിലെ ഓരോ വിയർപ്പുകണങ്ങളെയും സ്വന്തമാക്കുവാനുള്ള മോഹമേറി.. ഒപ്പം ഒരിക്കൽ കൂടെ അവന്റെ സ്നേഹലാളനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടുള്ള ഗർഭകാലത്തോടുള്ള ആഗ്രഹവും... നിറഞ്ഞൊരു പുഞ്ചിരി അവളിൽ സ്ഥാനം പിടിച്ചിരുന്നു.. അതിനു നാണത്തിന്റെ കണങ്ങൾ മാറ്റുക്കൂട്ടി........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story