നിഴലായ് നിൻകൂടെ: ഭാഗം 24

nizhalay ninkoode

എഴുത്തുകാരി: ജിച്ചന്റെ കാവു

തന്റെ ശരീരത്തിലെ വിയർപ്പിൽ ഒട്ടികിടക്കുന്ന ചെറിയ ആ പെണ്ണിനെ തന്നെ നോക്കിക്കിടന്നു ജീവ...അവന്റെ ദൃഢതയാർന്ന വിരിഞ്ഞ മാറിൽ ഒരു കുഞ്ഞിനെപോൽ പറ്റിച്ചേർന്നുകിടക്കുകയായിരുന്നവൾ... വല്ലാത്തൊരു വാത്സല്യവും പ്രേമവുമെല്ലാം തോന്നുകയായിരുന്നു അവളോട്.. നിലാവെട്ടത്തിൽ കാണുന്ന പെണ്ണിന്റെ പാറികളിക്കുന്ന മുടിയിഴകൾ അവൻ ഒതുക്കിവെച്ചുകൊടുത്തു... അവളുടെ അരയിലൂടെ ചുറ്റിപ്പിടിച്ചുകൊണ്ട് നെറുകയിൽ ചുംബിച്ചു... " ലച്ചൂട്ടാ.. " പ്രണയത്തോടെ വിളിച്ചു.. "മ്മ്.." അത്രമേൽ മൃതുവായി അവൾ മൂളിയിരുന്നു.. " താങ്ക്സ്... നിക്ക് അച്ഛനാവാൻ പറ്റില്ലെന്നറിഞ്ഞിട്ടും ന്നെ ഒറ്റപ്പെടുത്താതിരിക്കുന്നതിനു... ന്നെ ഇങ്ങനെയൊക്കെ പ്രണയിക്കുന്നതിനു... നിന്നെ തന്നെ നിക്ക് നൽകിയതിന്... " ഇടറിയ പതിഞ്ഞ സ്വരം സന്തോഷത്തിന്റെയും സംതൃപ്തിയുടെയുമെല്ലാം മിശ്രിതമായിരുന്നു... പെണ്ണൊന്നു മുഖമുയർത്തി കൂർപ്പിച്ചു നോക്കി.. " അച്ഛനാണല്ലോ ജിച്ചേട്ടൻ.. ന്റെ മോൾടെ.. ഇനീം ആവും... നിക്ക് വിശ്വാസണ്ട്... " പിന്നെയും അവന്റെ മാറിൽ മുഖം ചേർക്കുമ്പോൾ അവന്റെ വിരലുകൾ പെണ്ണിന്റെ മുടിയിഴകളിലായിരുന്നു... " നിക്ക് അറിയില്ലടാ... നിന്റെ വിശ്വാസം കാണുമ്പോ പേടി തോന്നാ... " ചെറിയൊരു ഭയത്തോടെ രോമങ്ങൾ നിറഞ്ഞ ബലമാർന്ന കൈയ്കൾ അവളെ പൊതിഞ്ഞു... പേടിയായിരുന്നു ആ മനുഷ്യന്...

ഒരിക്കൽ ഉപേക്ഷിച്ച അവന്റെ അച്ഛനാവാനുള്ള മോഹം പൂവണിഞ്ഞത് കുഞ്ഞിപ്പെണ്ണിലൂടെയാണ്.. ജീവിതത്തിലൊരുനാളും കൈവരില്ലെന്നു കരുതിയ ഭാഗ്യം അത്രയും കൊതിയോടെ ആസ്വദിക്കുകയായിരുന്നവൻ.. ആ നിമിഷങ്ങളിലെല്ലാം അവനൊരു അച്ഛനായി തന്നെ മാറുകയായിരുന്നു.. കുഞ്ഞിന്റെ ഓരോ വളർച്ചയും മാറ്റവും നെഞ്ചിലേറ്റുന്നോരച്ഛൻ.. ഇന്ന് പിന്നെയും ഉള്ളിൽ പ്രേതീക്ഷകൾ മൊട്ടിടുമ്പോൾ അതിലേറെ പ്രേതീക്ഷയും വിശ്വാസവുമായി കൂടെ അവന്റെപെണ്ണും... അവളുടെ ആ വിശ്വാസത്തിന്മേൽ ഏൽക്കുന്ന നേരിയൊരു മങ്ങൽ പോലും ആ പെണ്ണിനെ എത്രത്തോളം വേദനിപ്പിക്കുമെന്നതായിരുന്നു അവന്റെ ഭയം... " ഒരു പേടിയും വേണ്ടാ ജിച്ചേട്ടാ... ലച്ചൂന്റെ ജീവനല്ലേ നിങ്ങൾ... ഞാനെന്നും കാണും കൂടെ..." മുറുകിവരിയുന്ന കൈയ്കളിൽ നിന്നും മനസിലെ നോവ് തിരിച്ചറിഞ്ഞെന്ന വണ്ണം പെണ്ണ് പറഞ്ഞു... അവളുടെ വാക്കുകളിൽ നിറഞ്ഞിരിക്കും പ്രണയ മാന്ത്രികതയിൽ ശാന്തമാകുന്ന ഉള്ളം പിന്നെയും അവളെ ചുറ്റിപറ്റി വട്ടമിട്ടുപറക്കും ചിത്രശലഭമാവുന്നതും വീണ്ടും കൊതിയോടെ തേൻ നുകരാൻ വെമ്പുന്നതും അവനു തിരിച്ചറിയാനാവുന്നുണ്ടായിരുന്നു... "ഞാൻ...ഞാൻ നിന്നിൽ അടിമപ്പെട്ട് പോവാ പെണ്ണെ.. നിക്കൊരു മോചനമിനി സാധ്യമാവില്ല..." നേർത്തുപോയിരുന്നു അവന്റെ സ്വരം... നിലാവെട്ടത്തിൽ ആ കണ്ണുകളിൽ തിളങ്ങിയിരുന്നത് വീര്യമേറിയ അവന്റെ പ്രണയമായിരുന്നു... " ന്റെ ജീവനിൽ നിന്ന് നിക്കൊരു മോചനം വേണ്ടാ ജിച്ചേട്ടാ..

" കണ്ണുകളിലെ ആഴത്തിലുള്ള പ്രണയത്തിൽ സ്വയം മറന്നലിഞ്ഞു ചേരവേ പെണ്ണിൽ നിന്നും മൃതുവായ സ്വരത്തിൽ മറുപടി വന്നു... മനസ്സും ചിന്തയും ശരീരവുമെല്ലാം നിയന്ത്രണങ്ങൾക്കതീതമായി മാറാൻ തുടങ്ങുമ്പോൾ അവന്റെ കണ്ണുകളിൽ വിരിയുന്ന പ്രണയത്തിനാഴം അളന്നെടുക്കാൻ ശ്രമിക്കുകയായിരുന്നവൾ... അറിയും തോറും ഏറുന്ന ആ പ്രണയം കൗതുകത്തോടെ അതിലുപരി ആവേശത്തോടെ പെണ്ണാ കണ്ണുകളിൽ തിരയുമ്പോൾ അരക്കെട്ടിലൂടെ രോമാവൃതമായ കൈയ്കളുടെ ചലനം പിൻകഴുത്തിലേക്കടുക്കുകയായിരുന്നു... അധരങ്ങൾ പിന്നെയും തൊട്ടുരുമ്മി... കഥകൾ പറഞ്ഞു.. ഇതുവരെ പറഞ്ഞതിലും വ്യത്യസ്തമായൊരു കഥ... പിന്നെയും ഇരു മേനികളും ചൂടുപിടിക്കാനൊരുങ്ങവെ കുഞ്ഞിപ്പെണ്ണൊന്നു അനങ്ങി.. മുഖം ചുളിച്ചു... ചിണുങ്ങി കരയാൻ തുടങ്ങി... ജീവയുടെ ശരീരത്തിൽ നിന്നടർന്നുമാറിക്കൊണ്ട് ലച്ചു നിലത്തുകിടന്ന സാരി വാരിചുറ്റുമ്പോൾ ചുണ്ടിൽ തരാട്ടുപാട്ടുമായൊരച്ഛൻ കുഞ്ഞിപ്പെണ്ണിനെ വാത്സല്ല്യത്തോടെ തട്ടിയുറക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു... അതിനിടയിലും വെപ്രാളത്തോടെ സാരിയും വലിച്ചു ചുറ്റി കുഞ്ഞിനടുത്തേക്കെത്തുന്നവൾ കൺകളിൽ പതിയുമ്പോൾ അവളോടുള്ള ബഹുമാനം വർധിക്കുകയായിരുന്നു... അവളുടെ മാറിൽ പതുങ്ങികിടന്നു അമൃത് നുകരുന്ന കുഞ്ഞിന്റെ കവിളിൽ ചുംബിച്ചുകൊണ്ട് ജീവ നീങ്ങി കിടന്നു...

നെഞ്ചോരം മോളെ ചേർത്ത് പാലൂട്ടുന്ന അമ്മയെ കൺകളിൽ നിറച്ചു... അവളിൽ നിറഞ്ഞു നിൽക്കും അമ്മയെന്ന വികാരത്തെ നെഞ്ചോടടുക്കി... പടർന്നിരിക്കുന്ന അവളുടെ സിന്ദൂരചുവപ്പ് ശ്രദ്ധയിൽ പെട്ടതും അവളെന്നെ കാമുകി അമ്മയ്‌ക്കൊപ്പം ഉള്ളിൽ എത്തി നോക്കി.. കഴിഞ്ഞുപോയ നിമിഷങ്ങളുടെ ഓർമ്മകൾ കുളിരണിച്ചു... ചുണ്ടിലൊരു നിറഞ്ഞ പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു... മലർന്നുകിടന്നുകൊണ്ടവൻ കണ്ണുകളടച്ചു.. ഇടനെഞ്ചിൽ കൈയ് ചേർത്തു... നിനയ്ക്കാതെ തന്നെ കുഞ്ഞിന്റെ അമ്മയും ഭാര്യയും കാമുകിയുമായി ജീവിതത്തിലോപ്പം കൂടിയ പെണ്ണിനേയും അവളിലൂടെ സ്വന്തമായ പോന്നോമനയെയും കുറിച്ചുള്ള ഓർമകളിലൂടെ കൊതിയോടെ പിന്നെയും പിന്നെയും സഞ്ചരിക്കുമ്പോൾ വല്ലാത്തൊരു ഉന്മേഷം വന്നുചേരുംപോലെ... എന്നോ അവസാനിപ്പിക്കാമെന്നു കരുതിയ ജീവിതത്തോടുപോലും അന്നേരം കൊതിതോന്നുകയായിരുന്നു... കടന്നുപോവുന്ന ഓരോ നിമിഷവും ആ മനുഷ്യനത്രയും പ്രിയപ്പെട്ടതായിരുന്നു... ഉറങ്ങിയ കുഞ്ഞിനെ വാരിയെടുത്തു വലതുനെഞ്ചിൽ കയറ്റികിടത്തുമ്പോൾ അവളുടെ നെറുകയിൽ അമർത്തി ചുംബിക്കുന്ന ജിച്ചേനോട്‌ പെണ്ണിനെന്നത്തേയും പോലെ പ്രിയമേറിവരികയായിരുന്നു... ഇടതുകരമൊന്നു നീട്ടി കൺകളാൽ അവളെയും നെഞ്ചിൽ ചായാൻ വിളിക്കുമ്പോൾ അത്രമേൽ കൊതിയോടെ പെണ്ണവന്റെ നെഞ്ചോരം ചേർന്നുകൊണ്ട് ചുണ്ടമർത്തി...

" നിങ്ങൾക്ക് ചന്ദനത്തിന്റെ ഗന്ധമാണ് ജിച്ചേട്ടാ.."കഴുത്തിടുക്കിലേക്ക് മുഖം ചേർത്ത് കൈയ്കളാൽ കുഞ്ഞിനേയും പൊതിഞ്ഞു അവന്റെ മാറിൽ കിടന്നുകൊണ്ടവൾ പറഞ്ഞു... " ലച്ചൂന് തുളസിപ്പൂവിന്റേം.. " ഇരുവരിലും നിറഞ്ഞ പുഞ്ചിരിയായിരുന്നു... ........എന്നിലെ അവസാനശ്വാസം നിലച്ചാലും നിൻ നിഴലായെന്നും കൂടെ ഞാനുണ്ടാവും പെണ്ണെ... കുളിർകാറ്റായ് നിന്നെ തലോടാൻ... മഴത്തുള്ളിയായ് നിന്നെ ചുംബിച്ചുണർത്താൻ... ഇളവെയിലായ് നിന്നെ പൊതിയാൻ... ജീവശ്വാസമായ് നിന്നിലലിയാൻ... എന്നെന്നും നിഴലായ് നിൻ കൂടെ........ ഒരുകയ്യാൽ കുഞ്ഞിനേയും മറുകയ്യാൽ പെണ്ണിനേയും പൊതിഞ്ഞുപിടിച്ചു ഇരുവരുടെയും നെറുകിൽ ചുണ്ട് ചേർത്തുകൊണ്ടവൻ മൗനമായ് മൊഴിഞ്ഞു... നിറമേറുന്ന പുതു പുലരിയെ അവർ മൂവരും ഒന്നിച്ചു വരവേറ്റു... ഉദയസൂര്യന്റെ അഴക് എന്നത്തേതിനേക്കാളും ഇരട്ടിയായിരുന്നന്ന്... അന്നുമാത്രമല്ല.. തുടർന്നെന്നും... പിന്നീടുള്ള ദിവസങ്ങൾ അവർക്കായുള്ളതായിരുന്നു... ആശിച്ചുമോഹിച്ചു കൈവന്നുചേർന്ന നിധിയെ പോലെ ആ മനുഷ്യൻ തന്റെ പെണ്ണിനേയും കുഞ്ഞിനേയും നെഞ്ചോടടുക്കി പിടിച്ചിരുന്നു... അച്ഛനാവാൻ സ്വന്തം ചോരയിൽ തന്നെ കുഞ്ഞ് പിറക്കേണ്ടതില്ലെന്നു ജീവ ഓരോ നിമിഷവും തെളിയിച്ചുകൊണ്ടിരുന്നു... ഇത്രയേറെ കുഞ്ഞിനെ സ്നേഹിക്കാൻ ഒരച്ഛനാകുമോ എന്ന് ലച്ചുവിനുപോലും അത്ഭുതം തോന്നും വിധമായിരുന്നു ആ മനുഷ്യൻ... കഴിയുമായിരിക്കും...

കുഞ്ഞെന്ന സ്വപ്നം പാടെ ഉപേക്ഷിച്ചു കളഞ്ഞു ജീവിതം ആർക്കൊവേണ്ടിയെന്നവണ്ണം ജീവിച്ചുതീർത്തിരുന്നവന് കൈവന്ന സ്വർഗ്ഗതുല്യമായ ഭാഗ്യത്തെ ഇതിലേറെ നെഞ്ചിൽ ചേർത്തുപിടിക്കാൻ കഴുയുമായിരിക്കാം... കാണുന്നവരിൽപോലും അതിശയമുളവാക്കും വിധം ആ അച്ഛനും അമ്മയും മകളും കൂടിയൊരു സ്വർഗം തീർക്കുകയായിരുന്നു... അതിനു മാറ്റേകാൻ മറ്റെല്ലാവരും... അപ്പൂപ്പന്മാരുടെയും അമ്മൂമ്മയുടെയും ജാനിക്കുട്ടിയായും രുദ്രമാമന്റെയും നിവിയാന്റിയുടെയും കുഞ്ഞാപ്പിയായും ചെറിയച്ഛന്റെ ചുന്ദരിമണിയായും അച്ഛന്റെയും അമ്മയുടെയും ജീവൻ തന്നെയായും കുഞ്ഞിപ്പെണ്ണ് ആ വീട്ടിലെ കുസൃതികുരുന്നായി മാറിയിരുന്നു... അവളുടെ ചിരിയൊലികളും പാദസരകിലുക്കവും എല്ലാവരുടെയും ജീവിതത്തിനൊരു താളം നൽക്കുകയായിരുന്നു... പ്രണയം അതിന്റെ എല്ലാ ഭാവങ്ങളോടും കൂടി ശക്തമായി തന്നെ ഒഴുകുമ്പോൾ അതിനുള്ളിൽ ആർത്തുല്ലസിച്ചുകൊണ്ട് ജിച്ചേട്ടനും ലച്ചുവും അവരുടെ ദാമ്പത്യത്തിനു മാറ്റുകൂട്ടി... പലപ്പോഴും ഒരു ചെറിയ കള്ളകാമുകനായി ജിച്ചേട്ടൻ മാറുമ്പോൾ ആരാരും കാണാതെ തരുന്ന കുഞ്ഞി ചുംബനങ്ങളിലും ദൃഢമാർന്ന കൈയ്കളുടെ തലോടലിലും പെണ്ണിന്റെ നാണം പൂത്തുലഞ്ഞിരുന്നു... അതവനെ എന്നും യുവകോമളനായ കാമുകനാക്കി നിലനിർത്തിയിരുന്നു... അവന്റെ കാമുകിയായും ഭാര്യയായും ചിലപ്പോഴൊക്കെ അമ്മയായും മാറുന്ന ലച്ചൂട്ടൻ അവനെന്നും എപ്പോഴും പ്രിയപെട്ടവളായിരുന്നു... ആദ്യമായറിഞ്ഞ അതെ വികാരങ്ങളോടെ ഓരോ രാവും അവളിലെക്കലിഞ്ഞു ചേരുമ്പോൾ പ്രണയപൂർവം പെണ്ണിന്റെ നാവിൽ നിറഞ്ഞുനിൽക്കുന്ന അവന്റെ നാമത്തെ കൊതിയോടെ സ്വന്തമാക്കികൊണ്ടിരുന്നു... അവളുടെ തുളസിപ്പൂ ഗന്ധത്തെ ഉള്ളിൽ നിറയ്‌ച്ചുകൊണ്ടവനും അവനിലെ ചന്ദനഗന്ധത്തിൽ ഉന്മാദയായി അവളും പ്രണയം പങ്കിട്ടു...

ഒരിക്കൽ കൂടി അമ്മയാവുക എന്നുള്ള മോഹത്തെ തോൽപ്പിച്ചുകൊണ്ട് ഓരോ മാസവും മുടങ്ങാതെ വന്നുപോകുന്ന ചുവപ്പ് രക്തതുള്ളികൾ അവളെക്കാളുപരി ജീവയെ തളർത്തിയിരുന്നു... തകർന്ന സ്വപ്നവും വിങ്ങുന്ന മനവുമായി അവൾക്കുമുന്നിൽ പുഞ്ചിരിക്കാൻ ശ്രമിക്കുന്നവനെ മാറോടടുക്കി പിടിച്ചുകൊണ്ട് സമാധാനിപ്പിക്കുവാൻ ലച്ചുവിനെ സാധിക്കുമായിരുന്നുള്ളൂ... നിവി അവളുടെ ഗർഭകാലം അതിന്റെ എല്ലാ യാതനകളോടും സുഖത്തോടും കൂടി ആസ്വദിക്കുകയായിരുന്നു... അവളുടെ ഇഷ്ടങ്ങൾക്കും വാശികൾക്കും കൂട്ട് നിന്നുകൊണ്ട് രുദ്രനും... പണ്ടെന്നൊക്കെയോ അവളെ വാക്കുകൾക്കൊണ്ടും പ്രവർത്തിയാലും നോവിച്ചതിനുള്ള പ്രാശ്ചിതമെന്നോണം അവളുടെ കുറുമ്പുകൾക്കൊപ്പം രുദ്രനും മാറുകയായിരുന്നു... വീർത്തുന്തി നിൽക്കുന്ന അവളുടെ വയറിൽ മുഖം ചേർത്തുകൊണ്ട് കുഞ്ഞിനോട് കിന്നരിച്ചും തലോടിയും അവനൊരു അച്ഛനായി മാറിക്കഴിഞ്ഞു... ദിനംപ്രതി കൂടി വരുന്ന ഒരു കുഞ്ഞിനായുള്ള മോഹം തീർത്ഥയുടെയും ദേവന്റെയും ജീവിതം തന്നെ മാറ്റിമറയ്ക്കുമ്പോൾ സ്വന്തം സ്വാർത്ഥതാത്പര്യങ്ങൾക്കും സുഖത്തിനും വേണ്ടി കുറച്ചുനാൾ കുഞ്ഞ് വേണ്ടെന്നു വയ്ക്കുവാൻ തോന്നിയ നിമിഷത്തെ ഇരുവരും പഴിച്ചിരുന്നു.. കുഞ്ഞിപ്പെണ്ണിനെ സ്നേഹിക്കാനും മാറോടടുക്കുവാനും മാത്രം എല്ലാ മുടക്കുദിവസങ്ങളിലും നാട്ടിലേക്ക് ഓടിയെത്തുന്നവർ ഉള്ളു നിറയെ അവളുടെ കളിചിരികൾ നിറയ്‌ച്ചുകൊണ്ടാണ് തിരിച്ചുപോവുന്നത്... മാസത്തിൽ വല്ലപ്പോഴും വന്നുപോകുന്ന ദേവനും തീർത്ഥയും കുഞ്ഞിപ്പെണ്ണിന്റെ ദേവച്ഛനും തീത്തമ്മയും ആയി മാറുന്നത് സന്തോഷത്തോടെത്തന്നെയാണ് ജീവയും ലച്ചുവും നോക്കികണ്ടത്... ഉള്ളിനുള്ളിൽ മൂടികിടന്നിരുന്ന ഭയത്തേയെല്ലാം തന്നെ പാടെ തച്ചുടയ്ക്കും വിധം അവർ മൂവരുടെയും ബന്ധം അത്രമേൽ ശക്തമായി മാറിയിരുന്നു... ലോകത്തുള്ള ഒരു ശക്തിയ്ക്കും പിരിക്കാനാവാത്ത വിധം... കുഞ്ഞിപ്പെണ്ണ് അച്ഛന്റെ മകളായിരുന്നു...

ആദ്യ തുടിപ്പുമുതൽ അവളെ നെഞ്ചിലേറ്റി ജീവിച്ചോരച്ഛന്റെ പൊന്നോമന... ***************** " ജാനികാലക്ഷ്മി ജീവപ്രാകാശ്.." കുരുന്നുകളുടെ കലപില ശബ്ദങ്ങൾക്കിടയിൽ ടീച്ചറുടെ മാതുര്യമേറിയ സ്വരം ഉയർന്നു... പുറത്തെ വാതിലിനടുത്തു നിൽക്കുന്ന പ്യൂണിന്റെ അരികിലായി വരാന്തയിൽ നിന്നിരുന്ന വേദ് തിടുക്കത്തിൽ കയ്യ്കൊണ്ട് മുടിയൊന്നു മാടിയൊതുക്കി.. ചെറുതായി മീശ പിരിച്ചു വച്ചു.. കണ്ണുകളിൽ ആകാംഷ നിറച്ചുകൊണ്ട് ചുണ്ടിന്റെ കോണിൽ വിരിയുന്ന പുഞ്ചിരി മറച്ചു പിടിച്ച് ക്ലാസ്സ്‌ മുറിയിലേക്കെത്തി നോക്കി... കണ്ണുകൾ കുരുന്നുകൾക്കിടയിൽ ഓടിനടക്കുന്നതിനു മുൻപേ കുട്ടികളിലേക്ക് മുഖം തിരിച്ചു നിൽക്കുന്ന പെണ്ണിൽ ഉടക്കി.. ഒരു നിമിഷം ശ്വാസം നിലച്ചുപോയി...അവളെ തന്നെ നോക്കി നിന്നു... തുടുത്തു ഉരുണ്ട അവളുടെ മുഖത്തിന് മാറ്റേകാൻ ഇടതുമൂക്കിലൊരു നീലക്കൽ മൂക്കുത്തിയുണ്ടായിരുന്നു... കൂടിയിരിക്കുന്ന കൊച്ചു കുഞ്ഞുങ്ങളെ പോലെ നിഷ്കളങ്കമായ അവളുടെ മുഖം വിടരുന്നതും പുഞ്ചിരി വിരിയുന്നതും കാണെ അവളുടെ കണ്ണുകൾക്കൊപ്പം സഞ്ചരിച്ചു... കലപില കൂട്ടിക്കൊണ്ട് ചിരിക്കുകയും കളിക്കുകയും വിങ്ങിപൊട്ടുകയും ചെയ്യുന്ന കുരുന്നുകൾക്കിടയിൽ നിന്നുമൊരു കൊച്ചു സുന്ദരി തലയുയർത്തി... കരിമഷിയാൽ നീട്ടിയെഴുതിയ ഉണ്ടക്കണ്ണുകൾ വിടർത്തി അവൾ ടീച്ചറെ തന്നെ ഉറ്റുനോക്കി... ടീച്ചറുടെ മുഖത്തെ പുഞ്ചിരി കണ്ടതും കുഞ്ഞിപ്പെണ്ണിന്റെ ചുണ്ടിലും പുഞ്ചിരി വിടർന്നിരുന്നു.. ആ പുഞ്ചിരിയിൽ കവിളിൽ പതുങ്ങിയിരിക്കും നുണക്കുഴി രണ്ടും തെളിമയോടെ വെളിവാകുന്നതിനൊപ്പം കണ്ണുകൾ ചെറുതായി പോയിരുന്നു... കയ്യ്കൊണ്ട് ടീച്ചർ അടുത്തുവരാൻ ആംഗ്യം കാട്ടുമ്പോൾ കുട്ടിപാവാടയിട്ട കുഞ്ഞിജാനി ടീച്ചർക്കടുത്തേക്ക് ആവേശത്തോടെ നടന്നു..

അവളുടെ കൊലുസിന്റെ താളം അവിടെ മുഴങ്ങുമ്പോൾ വേദിന്റെ ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയായിരുന്നു.. മുന്നിലേക്ക് നടന്നെത്തിയെ കുഞ്ഞിപ്പെണ്ണിന്റെ കൺകൾ വാതിലിലേക്ക് നീങ്ങിയതും അവ കൂടുതൽ വിടർന്നു.. സന്തോഷംകൊണ്ടും അതിശയംകൊണ്ടും കണ്ണുകൾ ചിരിക്കുമ്പോൾ ചുണ്ടുകളിലും അതെ ചിരി നിറഞ്ഞു... " വേതൂത്താ ... " കൊഞ്ചികൊണ്ട് പെണ്ണ് ഉറക്കെ വിളിച്ചു വാതുക്കലിലേക്ക് കുലുങ്ങി ചിരിച്ചു ഓടുമ്പോൾ അവളെ തന്നെ നോക്കിക്കൊണ്ട് വേദ് ചിരിയോടെ മുട്ടിലിരുന്നു... കൈയ് രണ്ടും വിടർത്തി പിടിച്ചപ്പോഴേക്കും കുഞ്ഞിപ്പെണ്ണവന്റെ കഴുത്തിലൂടെ കൈയ് ചുറ്റി കെട്ടിപിടിച്ചു കവിളിൽ മുത്തിയിരുന്നു... ഒത്തിരി വാത്സല്ല്യത്തോടെ വേദും അവളെ മുറുക്കി ചുറ്റിപിടിക്കുമ്പോൾ അവന്റെ തോളിൽ തല ചായ്ച്ചുകിടന്നുകൊണ്ട് ചിരിക്കുകയായിരുന്നു പെണ്ണ്... ജാനിയുടെയും വേദിന്റെയും സ്നേഹപ്രകടനങ്ങൾ കണ്ടുകൊണ്ട് ക്ലാസ്സിലുള്ള കുട്ടികളും ടീച്ചറും പ്യൂണും അടക്കം എല്ലാവരും നിശ്ചലരായി നിൽക്കുമ്പോൾ കുഞ്ഞിപ്പെണ്ണ് തോളിൽ നിന്നു മുഖമുയർത്തി വേദിന്റെ മൂക്കിൽ മൂക്കുരസുകയായിരുന്നു... " വേദൂന്റെ ചുന്ദരിമണിയാരാ..." " ന്നാനാ...ജാനി... " അവന്റെ കളിപ്പിച്ചുകൊണ്ടുള്ള ചോദ്യത്തിന് സ്വന്തം നെഞ്ചിൽ കൈയ് തട്ടി മറുപടി നൽകിക്കൊണ്ട് കുഞ്ഞിപ്പെണ്ണ് കുലുങ്ങി ചിരിച്ചു... അവളെയൊന്നു മുത്തിക്കൊണ്ട് നോക്കുമ്പോൾ കണ്ണും തുറുപ്പിച്ചുകൊണ്ട് ടീച്ചർ അവർക്കടുത്തെത്തിയിരുന്നു... " താ തീച്ചറെ ന്റെ വേതൂത്തൻ.. " വേദിനെ നെഞ്ചിൽ തട്ടികൊണ്ട് കുഞ്ഞിപ്പെണ്ണ് അവനെ പരിചയപെടുത്തുമ്പോൾ ടീച്ചറുടെ കണ്ണുകളിൽ വെപ്രാളമായിരുന്നു... " ഹായ്.. ഞാൻ വേദ്പ്രകാശ്.. ജാനികയുടെ ചെറിയച്ഛനാണ്...

ഓഫീസിൽ വിളിച്ചു സംസാരിച്ചിരുന്നു.. ഒരു എമർജൻസിയുണ്ട്.. മോളെ കൊണ്ടുപോവാൻ വന്നതാണ്.. പ്രിൻസിപ്പളിന്റെ പെർമിഷൻ വാങ്ങിയിട്ടുണ്ട്.. " എന്തു പറയണമെന്നോ ചെയ്യണമെന്നോ അറിയാതെ വെപ്രാളപെടുന്ന ടീച്ചറെ നോക്കിക്കൊണ്ട് വേദ് പറയുമ്പോൾ ചുണ്ടിലൊരു പുഞ്ചിരിയവൻ ഒളിപ്പിച്ചിരുന്നു.. " ഓഹ്... ഐ ആം സോറി.. എനിക്ക് മനസ്സിലായില്ല പെട്ടന്ന്... ഞാൻ ദ്രുപ.. മോളുടെ ക്ലാസ്സ്‌ ടീച്ചറാണ്.." വേദിനെ നോക്കി ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറയുന്നതിനൊപ്പം പ്യൂണിന്റെ കൈയിൽ നിന്നും ലെറ്റർ വാങ്ങി വായിച്ചു സൈൻ ചെയ്തു തിരിച്ചു നൽകി.. " ചുന്ദരി... പോയി ബാഗൊക്കെ എടുത്തിട്ട് വാ ട്ടോ.. " ജാനിയോട് വേദ് കൊഞ്ചിച്ചുകൊണ്ട് പറയുമ്പോഴേക്കും അവളവന്റെ ദേഹത്തുനിന്നും ഊർന്നിറങ്ങി ക്ലാസ്സിലേക്കോടിയിരുന്നു... " അതേയ്... എനിക്ക് കൊടുത്തുവിടാറുള്ള ചോക്ലേറ്റ്സും പൂവും മുത്തങ്ങളുമെല്ലാം കറക്റ്റ് ആയിട്ട് ജാനിക്കുട്ടി തരാറുണ്ട്ട്ടോ..." ജാനിയെ തന്നെ നോക്കി നിന്നിരുന്ന ദ്രുപയുടെ കാതോരം എന്നപോലെ വേദ് പതിയെ മൊഴിഞ്ഞു... കണ്ണും തള്ളി ആ പെണ്ണവനെ തന്നെ ഉറ്റുനോക്കുമ്പോൾ വല്ലാത്തൊരു ചിരിയായിരുന്നു അവനിൽ... " ആളെ ഇപ്പോഴാ കാണണേ... കൊടുത്തയക്കുന്നതെല്ലാം കിട്ടാറുണ്ട്... " ഇരുകണ്ണുകളും ചിമ്മിക്കൊണ്ടാവാൻ പറയുമ്പോൾ ശ്വാസം പോലും എടുക്കാൻ മറന്നുകൊണ്ട് ആ പെണ്ണ് അവനെ തന്നെ നോക്കി നിന്നിരുന്നു........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story