നിഴലായ് നിൻകൂടെ: ഭാഗം 8

nizhalay ninkoode

എഴുത്തുകാരി: ജിച്ചന്റെ കാവു

" അച്ഛന്റെ ചുന്ദരിവാവ എന്തെടുക്കുവാ???.. ചാച്ചൊങ്ങിയോ??.. " ഉറങ്ങികിടക്കുന്ന ലച്ചുവിന്റെ കട്ടിലിനു കീഴെ വന്നിരുന്നുകൊണ്ട് പുതപ്പിനാൽ മറച്ചിരുന്ന വീർത്ത വയറിൽ തന്നെ ദൃഷ്ടിപതിപ്പിച്ചു ജീവ കുഞ്ഞിനോടായി സംസാരിക്കുകയാണ്.. " ഒത്തിരി നേരായെന്നെ.. വാവേടെ അമ്മ ഉറങ്ങുന്നതും കാത്ത് ഇരിക്കായിരുന്നു അച്ഛൻ.. അമ്മ ഉറങ്ങാതെ അച്ഛനെന്റെ മോളോട് ഇങ്ങനെ സംസാരിക്കാൻ പറ്റാത്തോണ്ടല്ലേ.. അല്ലേൽ എപ്പോഴും ന്റെ കുഞ്ഞാവേടെ കൂടെ മിണ്ടീം പറഞ്ഞും അച്ഛൻ കാണില്ലെടാ.." വയറിൽ കിടന്നുകൊണ്ട് കുഞ്ഞ് അതിന്റെ അച്ഛന്റെ ശബ്ദത്തിനൊപ്പം കയ്യ്കാലുകൾ അനക്കി മൗനമായ് സംവദിക്കുമ്പോൾ ഉറക്കത്തിലാഴ്ന്ന ലച്ചുവും ഒന്നു ചിണുങ്ങിയിരുന്നു.. കാല് കടഞ്ഞിട്ടാവും അവളുടെ ഉറക്കം തടസ്സപ്പെടുന്നതെന്നു കരുതി കുഞ്ഞിനോടുള്ള പതിഞ്ഞ സ്വരത്തിലുള്ള സംസാരത്തിനിടയിലും അവനവളുടെ കാൽപാദങ്ങളിൽ തടവികൊടുത്തുകൊണ്ടിരുന്നു...

" പിണക്കാണോ അച്ഛനോട്... ഒത്തിരി സ്നേഹോള്ളോണ്ടല്ലേ ന്റെ കുഞ്ഞിനെ ഒറങ്ങാൻ സമ്മതിക്കാതെ അച്ഛനിങ്ങനെ സംസാരിച്ചിരിക്കുന്നത്.. ഇച്ചിരി നേരം.. ഇച്ചിരി നേരം കൂടെടാ കണ്ണാ.. അത് കഴിഞ്ഞ് ഒറങ്ങാട്ടോ... " ഉറക്കത്തിലേക്ക് വഴുതിപോയിരുന്ന ലച്ചു കുഞ്ഞിന്റെ അനക്കം തിരിച്ചറിഞ്ഞുകൊണ്ട് പ്രയാസപ്പെട്ട് സ്വബോധത്തിലേക്ക് തിരിച്ചുവരുമ്പോഴാണ് കാലുകളിൽ പതിഞ്ഞ തണുത്ത കൈയ്കളുടെ തലോടലും പതിഞ്ഞ സ്വരത്തിലുള്ള സംസാരവും കേൾക്കാനിടയായത്.. കുഞ്ഞുമായി സംസാരിക്കുകയാണ് അവനെന്നു തിരിച്ചറിഞ്ഞതും ഉറക്കം നടിച്ചുകൊണ്ട് അതെ കിടപ്പ് തുടർന്ന് അവൾ അവന്റെ വാക്കുകൾക്കായി കാതോർത്തിരുന്നു.. " ന്റെ ചുന്ദരികുട്ടി എന്നാ വരാ.. അച്ഛനിവിടെ മോളേം കാത്ത് കാത്ത് ഇരിക്കുന്നുണ്ടെട്ടോ.. എന്തോരം കളിപ്പാട്ടോം കുഞ്ഞുടുപ്പും വാങ്ങി വച്ചിട്ടുണ്ടെന്നോ.. ഒക്കേം ന്റെ വാവക്കാ.." അത്രമേൽ വാത്സല്യത്തോടെ മൃതുവായി സംസാരിക്കുന്ന അവന്റെ ഓരോ വാക്കുകളും അവളിലെ അമ്മയെ അത്രയധികം സന്തോഷിപ്പിക്കുന്നുണ്ടായിരുന്നു.. കുഞ്ഞിനോടുള്ള കരുതൽ അവൾ ഓരോ നിമിഷവും മനസിലാക്കിക്കൊണ്ടിരിക്കുകയായിരുന്നു..

"..നിക്ക് അറിയാം.. വാവേം അച്ഛനേം അമ്മേനേം കാണാൻ കൊതിച്ചിരിക്കാവുംലെ.. ഇവിടെ എല്ലാരും ഉണ്ടല്ലോ.. ന്റെ കുഞ്ഞിനെ സ്നേഹിക്കാൻ.." അവന്റെ സ്വരം തിരിച്ചറിയുംപോലെ കുഞ്ഞോന്നു കാലുകൊണ്ട് വയറിൽ കിടന്ന് ചവിട്ടുമ്പോൾ അറിയാത്തവളുടെ ചൊടികളിൽ നിന്നൊരു മൃതു സ്വരം ഉണരുന്നതിനോടൊപ്പം കൈയ്കളും വയറിലായി പതിപ്പിച്ചിരുന്നു.. "അമ്മേടെ വയറ്റിൽ കിടന്ന് കുറുമ്പ് കാട്ടാതെ പെണ്ണെ.. പാവല്ലേ നമ്മടെ അമ്മ.. ഒത്തിരി വേദനിക്കുന്നുണ്ടാവും.. പാവം.. ന്റെ വാവേം കൂടെ നോവിക്കല്ലെട്ടോ... " കണ്ണുകളടച്ചുകൊണ്ട് കിടക്കുകയാണെങ്കിലും ലച്ചുവിന്റെ മുഖത്തുണ്ടായ ചലനങ്ങൾ കണ്ടുകൊണ്ട് കുഞ്ഞ് അനങ്ങിയിട്ടുണ്ടാവുമെന്ന് തിരിച്ചറിഞ്ഞതും അത്രയും സ്നേഹത്തോടെ കുഞ്ഞിനോടായവൻ പറഞ്ഞിരുന്നു.. വല്ലാത്തൊരു സന്തോഷം വന്നു നിറയുന്നുണ്ടായിരുന്നു ആ പെണ്ണിന്റെയുള്ളിൽ.. അവളുടെ വേദന തിരിച്ചറിയാനും അവൾക്കായി സംസാരിക്കാനും പോന്ന ആരൊക്കെയോ ആയി ജിച്ചേട്ടൻ മാറുന്നുന്നത് അവളും അറിയുന്നുണ്ടായിരുന്നു.. " ന്റെ മോളെ ഒന്നു തൊടാനും ചുംബിക്കുവാനും ഓരോ നിമിഷവും കൊതിച്ച് ഇരിക്കാ അച്ഛൻ.. എത്ര മാസായി.. ഇന്നേവരെ അച്ഛനൊന്നു തൊട്ട് നോക്കാൻ കൂടെ പറ്റീല്ലലോ ന്റെ കുഞ്ഞിനെ.. "

സംസാരത്തിനിടയിൽ ഇടറിപോയ അവന്റെ സ്വരം ഉള്ളിലെ വേദനയായിരുന്നു പ്രതിഫലിപ്പിച്ചിരുന്നത്.. അവളുടെ കാലുകളിൽ തിരുമ്മിയിരുന്ന കൈയ്കളും നിശ്ചലമായിരുന്നു.. " എത്ര കൊതിക്കുന്നുണ്ടെന്നോ.. നിക്ക്.. നിക്ക് അറിയാം.. വാവേടെ അമ്മയ്ക്ക് ഇഷ്ടാവില്ല.. കുഴപ്പമില്ലാട്ടോ.. അച്ഛൻ വേദനിപ്പിക്കില്ല അമ്മേനെ.. ഞാൻ കാത്തിരുന്നോളാം.. ന്റെ വാവേനോട് രാത്രിയേലും ഇങ്ങനെ സംസാരിക്കാൻ പറ്റുന്നുണ്ടല്ലോ.. അത് മതി.. അത് മതി.. ഒങ്ങിക്കോട്ടോ.." നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് ജീവ താഴെ പായയിൽ കമഴ്ന്നു കിടന്നുകൊണ്ട് കുഞ്ഞിനുമൊത്തുള്ള സ്വപ്നങ്ങളിൽ മുഴുകുമ്പോൾ അവന്റെ വാക്കുകളിൽ നിറഞ്ഞ് നിന്നിരുന്ന ദുഃഖത്തിന്റെ ആഴമളക്കുകയായിരുന്നു ആ പെണ്ണിന്റെ ഉള്ളം.. കവിളുകളെ ചുംബിച്ചുകൊണ്ട് മിഴിനീർമുത്തുകൾ സഞ്ചരിക്കുമ്പോഴും അവളുടെ ജിച്ചേട്ടന്റെ ഓരോ വാക്കും പ്രവർത്തികളും പിന്നെയും പിന്നെയും ഓർത്തെടുക്കുകയായിരുന്നു അവൾ.. ശരിയാണ്.. തന്റേം കുഞ്ഞിന്റെയും ഭാഗ്യം തന്നെയാണ് ആ മനുഷ്യൻ.. അച്ഛനില്ലാത്തവളെന്നും പിഴച്ചുണ്ടായവളെന്നും വരെ നാളെ ലോകം വിളിക്കാനിടയുള്ള തന്റെ കുഞ്ഞിനൊരു അച്ഛനായി മാറിയവൻ.. അല്ല അച്ഛനായി തന്നെ ജീവിക്കുന്നവൻ..

ഓരോ നിമിഷവും തന്റെ ഉദരത്തിലുള്ള തുടിപ്പിനെ 'എന്റെ കുഞ്ഞ് ' എന്ന് അഭിമാനത്തോടെ പറയുന്നവൻ.. ശരീരം കീഴടക്കാതെ ബീജം നിക്ഷേപിക്കാതെ അച്ഛനായി മാറിയവൻ.. പിതൃത്വത്തിന്റെ ഓരോ നിമിഷങ്ങളും അത്രയും ആഗ്രഹത്തോടെ സന്തോഷത്തോടെ ആസ്വദിക്കുന്നവൻ.. അറിയാതെ തന്നെ മനസ്സ് കീഴടക്കിക്കൊണ്ടിരിക്കുന്നവൻ.. അവൾക്ക് അത്ഭുതമായിരുന്നു.. 'എങ്ങനെ കഴിയുന്നു ജിച്ചേട്ടാ നിങ്ങൾക്ക്... സ്വന്തം ചോരയില്ലന്നറിയാമായിരുന്നിട്ടും ഇത്രയേറെ സ്നേഹിക്കാൻ..?? മുഖത്തുനോക്കിയൊരു നിറഞ്ഞ പുഞ്ചിരിപ്പോലും തരാത്ത ഈ പെണ്ണിനോട് ഇത്രയും അലിവ് കാണിക്കുവാൻ?? തുറന്നു സംസാരിക്കാൻ പോലും കൂട്ടാക്കിയില്ലേലും ഈ ഉള്ളിലെ വേദനകൾ തിരിച്ചറിയാൻ?? ' ഇതുവരെ കണ്ടിട്ടും കാണാതെ നടിച്ചിരുന്ന അവന്റെ സ്നേഹത്തെ വാത്സല്യപൂർണമായ പെരുമാറ്റത്തെ ഓരോന്നായി ഓർത്തെടുക്കുമ്പോഴും കുറ്റബോധത്തിന്റെ മുള്ളുകൾ അവളെ വേദനിപ്പിക്കയായിരുന്നു... പലപ്പോഴും അവന്റെ കണ്ണുകളിൽ കണ്ടിരുന്ന ദയനീയ ഭാവം ആ മനസിലെ വേദനയായിരുന്നെന്ന് തിരിച്ചറിയുകയായിരുന്നു അവളും.. തന്റെ കുഞ്ഞിന് അച്ഛന്റെ തലോടലും തഴുകലും സ്നേഹവും വാത്സല്യവും നിഷേധിച്ച ഒരമ്മയാണ് താനെന്ന് മനസിലാക്കാൻ അവൾക്കപ്പോൾ കഴിയുന്നുണ്ടായിരുന്നു.. ആ മനുഷ്യന്റെ ഓരോ തുള്ളി കണ്ണീരും തന്റെ കുഞ്ഞിനായുള്ളതാണെന്ന്...

ആ ഹൃദയസ്പന്ദനം പോലും ഇപ്പോൾ കുഞ്ഞിനുവേണ്ടി മാത്രമാണെന്ന് അവളിലെ അമ്മ തിരിച്ചറിയുകയായിരുന്നു.. ഇതുവരെ അറിഞ്ഞിട്ടും അറിയാതെ നടിച്ചതോരൊന്നും ഉൾകൊള്ളുകയായിരുന്നു അവൾ.. ആ പെണ്ണിന് തന്റെ മാതൃത്വം പൂർണമാക്കാൻ കൂടെനിൽക്കുന്ന പാതിയോട് സ്നേഹമായിരുന്നു.. തീർത്താൽ തീരാത്ത കടപ്പാടായിരുന്നു.. അവനിലെ പിതാവിനോട് ബഹുമാനമായിരുന്നു.. ഉറക്കം കൺകളെ പുൽകുമ്പോഴും തന്റെ കുഞ്ഞും കുഞ്ഞിന്റെ അച്ഛനും മാത്രമായിരുന്നു അവളുടെ ഉള്ളിൽ... ഇനിയുള്ള നാളുകളിലെങ്കിലും ഒരു അച്ഛന്റെ എല്ലാ അവകാശങ്ങളും അവനനുവദിച്ചുകൊടുക്കണമെന്ന് അവളിലെ അമ്മമനം തീരുമാനമെടുത്തുകൊണ്ട് നിദ്രയിലാഴുമ്പോളും അതിനെത്രത്തോളം അവളിലെ മുറിവേറ്റ പ്രണയിനി ഒരുക്കമാവുമെന്നുള്ള ഭയവും നിറഞ്ഞ് നിന്നിരുന്നു... വൈകുന്നേരത്തെ കുളത്തിലുള്ള കുളിയും കഴിഞ്ഞ് നനഞ്ഞ തല തുടച്ചുകൊണ്ട് വീട്ടിലേക്ക് നടക്കവേയാണ് ജീവ വീട്ടിനുള്ളിൽ നിന്നുമുള്ള ബഹളങ്ങൾ കേട്ടത്.. ഒരുവേള മനസ്സിൽ ഓടിയെത്തിയ രൂപം വീർത്തുന്തിയ വയറുമായി നിൽക്കുന്ന ലച്ചുവിന്റേതായതുകൊണ്ട് തന്നെ അവനോടി അകത്തേയ്ക്ക് പാഞ്ഞു ചെന്നിരുന്നു..

സോഫയിലായി ഇരിക്കുന്ന ലച്ചുവിന്റെ വയറിൽ തല ചേർത്തുകൊണ്ട് കുഞ്ഞിന്റെ ഹൃദയമിടുപ്പ് കേൾക്കാനാവുമോ എന്ന് നോക്കുന്ന വേദും അവന്റെ തൊട്ടടുത്ത് നിന്നുകൊണ്ട് അവനെ തള്ളിമാറ്റി കുഞ്ഞിനെ തൊടാൻ കാത്തുനിൽക്കുന്ന നിവിയും.. ലച്ചുവിനിരുവശത്തും തീർത്ഥയും രുദ്രനും ഇരുന്ന് വയറിൽ കയ്യ്ചേർത്തുപിടിച്ചിട്ടുണ്ട്.. നാലെണ്ണവും കൂടി കുഞ്ഞാവയുടെ ചലനങ്ങളും തുടിപ്പും അറിയാനായി പരസ്പരം തല്ലുകൂടിക്കൊണ്ട് കൊച്ചുകുട്ടികളെപ്പോലെ വാശിപിടിക്കുന്നതും കണ്ടുകൊണ്ടാണ് ഓടിക്കിത്തച്ചുകൊണ്ട് ജീവ വന്നത്.. തെല്ലൊരു ആശ്വാസത്തോടെ നെഞ്ചിൽ കൈയ് ചേർത്ത് ശ്വാസഗതി നേരെയാക്കുമ്പോഴും അവന്റെ കണ്ണുകൾ കുഞ്ഞിനെമാത്രമല്ല അമ്മയെയും വലയം ചെയ്തിരുന്നു.. വേദിനെ തള്ളിമാറ്റി നിവി ലച്ചുവിനുമുന്നിൽ മുട്ടുകുത്തിയിരുന്നു വയറിലായി ചുണ്ടുചേർക്കുമ്പോൾ തന്നെ രുദ്രനും കുനിഞ്ഞുവന്ന് വയറിനിടത്തുവശത്തായി മുത്തിയിരുന്നു.. തൊട്ടടുത്തായാവന്റെ സാമീപ്യമറിഞ്ഞുകൊണ്ട് നിവിയൊന്നു ഞെട്ടിപുറകോട്ട് മാറാൻ ശ്രമിക്കുമ്പോൾ അവളുടെ കയ്കളിൽ പിടിച്ചുകൊണ്ടു ലച്ചു വയറിലെ മുഴച്ചുനിൽക്കുന്ന കുഞ്ഞിക്കാലുകളിൽ തൊടീപ്പിച്ചിരുന്നു.. മറ്റെല്ലാം ഒരു നിമിഷം മറന്ന് നിവിപെണ്ണ് വയറിൽ മുഴച്ചുവരുന്ന ഭാഗങ്ങളിൽ ചുണ്ട് ചേർത്തുകൊണ്ട് കുഞ്ഞിനോട് സംസാരം തുടങ്ങുമ്പോൾ ആരും കാണാതെ രുദ്രന്റെ ചുണ്ടിലും ഒരു ചെറു പുഞ്ചിരി അവൾക്കായി തത്തികളിച്ചിരുന്നു....

എല്ലാവരുടെയും സ്നേഹപ്രകടനങ്ങൾക്കും കുഞ്ഞിനുമായുള്ള കിന്നാരം പറച്ചിലിനും ഇടയിൽ നിറഞ്ഞ ചിരിയാലെ ഇരുന്നിരുന്ന ലച്ചുവിനെ ജീവ കൺചിമ്മാതെ നോക്കികാണുകയായിരുന്നു.. അവളിലെ സന്തോഷം തന്റെ കുഞ്ഞിന്റെ കൂടി സന്തോഷമാണെന്ന് ഓർക്കുംതോറും അവന്റെ ഉള്ളം നിറഞ്ഞിരുന്നു... " നിനക്കും വേണ്ടേടി തീത്തു കുഞ്ഞാവേനെ?? " തീർത്ഥയ്ക്കടുത്തായി ഇരുന്നുകൊണ്ട് അവളുടെ തലയിൽ കൊട്ടി വേദ് ചോദിക്കുമ്പോൾ അവൾ പുഞ്ചിരിച്ചിരുന്നു.. രണ്ട് ദിവസത്തെ ലീവ് കിട്ടിയപ്പോൾ ലച്ചൂനരികിലേക്ക് ഓടി വന്നതായിരുന്നു തീർത്ഥ.. ദേവിന് ലീവ് കിട്ടാതിരുന്നതുകൊണ്ട് അവന് വരാൻ പറ്റിയില്ല.. " ഇതൊക്കെ കാണുമ്പോ കൊതിയാവാ എനിക്കും.. " പുഞ്ചിരിയാലെ പറഞ്ഞുകൊണ്ട് തീർത്ഥ ലച്ചുവിന്റെ വയറിനെ തഴുകുമ്പോൾ കേട്ട് നിന്ന ലച്ചുവിനും ജീവയ്ക്കുമുള്ളിൽ നോവുണരുന്നുണ്ടായിരുന്നു.. ഒന്നും അറിയാതൊരു പാവം പെണ്ണ്... തന്റെ പാതിയുടെ അംശമാണ് സഹോദരിയിൽ വളരുന്നതെന്നു ഏത് സ്ത്രീക്കാണ് സഹിക്കാനാവുന്നത്.. ദേഷ്യവും വാശിയും അല്പം ഉണ്ടെങ്കിൽ കൂടി ലച്ചുവിനെപോലെ തന്നെയായിരുന്നു തീർത്ഥയും.. ലഹരി ആ രണ്ട് സഹോദരിമാരുടെയും ജീവിതത്തിലൊരു കരിനിഴലായി മാറിയപ്പോൾ നഷ്ടം ഇരുവർക്കുമായിരുന്നു..

തന്റെ ജീവിതവും സ്നേഹവും കരുതലുംകൊണ്ട് ഒരു മനുഷ്യൻ ആ നഷ്ടങ്ങളെയെല്ലാം തുടച്ചുമാറ്റാൻ ശ്രമിക്കുകയായിരുന്നു.. " അതിനൊക്കെ ന്റെ ജിച്ചേട്ടൻ.. എന്തൊരു റൊമാന്റിക്കാണെന്ന് നോക്കിയേ.. ആരും അറിയാതെ പ്രേമിക്കേം ചെയ്ത്.. പ്രേമിച്ച പെണ്ണിനെ കെട്ടി ദേ കൊച്ച് ആവേം ചെയ്ത്.. നിങ്ങൾ ഇങ്ങനെ നടന്നോ.. " വേദ് തീർത്ഥയെ നോക്കി ചുണ്ടുകോട്ടി പറഞ്ഞു നിർത്തുമ്പോൾ അവന്റെ വാക്കുകളിൽ കൂടി സഞ്ചരിക്കുകയായിരുന്നു ലച്ചു.. പ്രേമം.. അന്നത്തെ സാഹചര്യത്തിൽ വിവാഹം നടത്തിക്കിട്ടുവാൻ വേണ്ടി ജീവ പറഞ്ഞൊരു നുണയായിട്ടായിരുന്നു അവളത് കണ്ടത്.. പക്ഷെ ഇന്ന് വേദിന്റെ വാക്കുകൾ കേൾക്കുമ്പോൾ ആ പെണ്ണിന്റെ ഉള്ളിന്റെയുള്ളിൽ ജിച്ചേട്ടൻ തന്നെ പ്രണയിച്ചിരുന്നോ എന്നൊരു ചോദ്യം അറിയാതെ തന്നെ മുളപൊട്ടിയിരുന്നു.. അതവളെ അത്രത്തോളം ആസ്വസ്ഥമാക്കാൻ തുടങ്ങിയിരുന്നു... അവളുടെ മാറിവരുന്ന മുഖഭാവത്തിൽ നിന്നും ഉള്ളിലെ ചിന്തകൾ മനസിലാക്കാൻ ശ്രമിക്കുമ്പോൾ ജീവയിലും നോവായിരുന്നു.. " ആഹ്.. ജിച്ചേട്ടനെപ്പോ വന്നു??.. എന്താ അവിടെ തന്നെ നിൽക്കുന്നത്..??.." തീർത്ഥയോട് സംസാരിച്ചുകൊണ്ട് മുഖമുയർത്തിയ വേദ് ജീവയെ കണ്ടതും തേല്ലോന്ന് ചമ്മിയ ഭാവത്തിൽ പറഞ്ഞിരുന്നു..

ചിന്തകളിൽ മുഴുകിയിരുന്ന ലച്ചു തലയുയർത്തി ജീവയെ നോക്കുമ്പോൾ വേദന മറച്ചുവച്ചുകൊണ്ടൊരു പുഞ്ചിരി അവൻ നൽകിയിരുന്നു.. " നിങ്ങളുടെ സ്നേഹപ്രകടനങ്ങൾ കണ്ട് നിന്നതാണ്.. " പുഞ്ചിരിയാലെ പറഞ്ഞുകൊണ്ടവൻ മുറിയിലേക്ക് നടക്കാൻ തുടങ്ങി.. " ജിച്ചേട്ടാ.. ഇങ്ങുവന്നെ.. നോക്കിയേ വാവയെ.. " ലച്ചുവിന്റെ വയറിൽ മുഴച്ചുവരുന്ന ഭാഗങ്ങളിൽ തലോടിയും ചുംബിച്ചും കുഞ്ഞിനോട് കിന്നരിച്ചുകൊണ്ടിരുന്ന നിവി ജീവയുടെ സ്വരം കേട്ടതും ചെയ്തുകൊണ്ടിരുന്ന പ്രവർത്തി പാതിവഴിയിൽ നിർത്തി അവനെ അടുത്തേക്ക് വിളിച്ചിരുന്നു.. " വേഗം വാന്നെ.. നോക്കിയേ.. കുഞ്ഞികാല് കണ്ടോ??.. വാവേടെയാ... എന്ത് രസാന്നോ ഇതിൽ ഇങ്ങനെ തൊട്ട് തലോടാൻ.. വാ തൊട്ട് നോക്കിയേ " അവളുടെ വിളിയിൽ ജീവയും ലച്ചുവും ഞെട്ടി പരസ്പരം നോക്കുമ്പോളും നിവി തുടർന്നുകൊണ്ടിരുന്നു.. പരിഭ്രമത്തോടെ എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി ഒരു നിമിഷം അനങ്ങാതെ നിന്നുപോയി അവൻ.. ഒത്തിരി ആഗ്രഹിക്കുന്നതാണ് തന്റെ കുഞ്ഞിനെ ഒന്നു തൊടാൻ.. പക്ഷെ ഇപ്പൊ നിവിയിങ്ങനെ നിർബന്ധിക്കുമെന്ന് കരുതിയതേയില്ല.. ഉള്ളിൽ കുഞ്ഞിനെ പുണരാനും ചുംബനങ്ങൾ കൊണ്ട് മൂടാനും തഴുകാനും വല്ലാത്ത മോഹമുണ്ടെങ്കിൽ കൂടി ലച്ചുവിന്റെ പ്രതികരണം എങ്ങനെയാവുമെന്നുള്ളത് അവനെ ഭയപ്പെടുത്തിയിരുന്നു..

എല്ലാവരുടെയും മുന്നിൽ കെട്ടിപടുത്ത നുണകളുടെ കൂമ്പാരം ഒരു നിമിഷം തകർന്നുവീഴുമോ എന്നുള്ള ഭയം കീഴടക്കിയതും അവൻ പിന്മാറാൻ തുടങ്ങി. പക്ഷെ വീർത്തുന്തിയ അവളുടെ വയറിനെ നോക്കിയതും ചിന്തകളെല്ലാം കുഞ്ഞിനെപ്പറ്റി മാത്രമായി മാറുന്നുണ്ടായിരുന്നു.. ഭയത്തിനും ആലവാതികൾക്കും ഇടം കൊടുക്കാതെ കുഞ്ഞിനോടുള്ള സ്നേഹവും വാത്സല്യവും ഉള്ളാകെ നിറയാൻ തുടങ്ങിയതും മനസ്സ് കയ്യ്പ്പിടിയിലൊതുക്കാനാവാതെ അവൾക്കടുത്തിക്കായി നടന്നു തുടങ്ങിയിരുന്നു.. കണ്ണുകൾ അപ്പോഴും വീർത്തുനിൽക്കുന്ന അവളുടെ ഉദരത്തിലായിരുന്നു.. കാൽപാദങ്ങൾക്കു പോലും ബലമില്ലാതാവുന്നുണ്ടായിരുന്നു അവന്റെ.. ചുണ്ടുകൾ ചെറുതായി വിറകൊള്ളുവാനും കണ്ണുകൾ നിറയാനും തുടങ്ങിയിരുന്നു.. വല്ലാത്തൊരു ഭാവത്തോടെ തന്നിലേക്ക് നടന്നടുക്കുന്നവന്റെ ഉള്ളം കാണാൻ ശ്രമിക്കുകയായിരുന്നു ലച്ചു അപ്പോൾ... അവന്റെ മുഖത്താകമാനം കണ്ണുകൾ പായിച്ചുകൊണ്ട് ആ പെണ്ണ് തന്റെ കുഞ്ഞിന്റെ അച്ഛനിലെ ഓരോ മാറ്റങ്ങൾക്ക് തേടുകയായിരുന്നു.. അവനിലെ ആ നിമിഷത്തെ സന്തോഷം തിരയുകയായിരുന്നു.. അവന്റെ കൈയിന്റെ സ്പർശം ആഗ്രഹിക്കുന്ന കുഞ്ഞിനോടൊപ്പം അവളുടെ നെഞ്ചവും ക്രമാതീതമായി മിടിക്കുകയായിരുന്നു.. വിറയാർന്ന കാൽപാദങ്ങളോടെ അവളുടെ മുന്നിലേക്ക് നടന്നടുത്തു മുട്ടുകുത്തി ഇരുന്നുകൊണ്ട് ജീവ അവളുടെ മുഖത്തേയ്ക്ക് അനുവാദത്തിനായി നോക്കുമ്പോൾ അവന്റെ കണ്ണുകളിൽ അപേക്ഷയായിരുന്നു..

ആ കണ്ണുകളുടെ ദയനീയതയിൽ വേദനയുടെ ആഴം തിരിച്ചറിയുംപോലെ അറിയാതൊരു പുഞ്ചിരി അവളുടെ ചുണ്ടുകളിൽ വിരിഞ്ഞിരുന്നു.. അവനുള്ള അനുവാദമെന്നോണം.. ആ പുഞ്ചിരിയിൽ തന്നെത്തന്നെ മറന്നുകൊണ്ട് നോക്കി നിന്നിരുന്ന അവന്റെ കയ്യുകൾ നേരിയത്തിനുമുകളിലൂടെ വീർത്ത വയറിൽ സ്പർശിക്കുമ്പോൾ ഇരുവരുടെയും കണ്ണുകൾ നിറഞ്ഞുവന്നിരുന്നു.. അച്ഛന്റെ സ്പർശനം തിരിച്ചറിഞ്ഞപ്പോൽ അവരുടെ കുഞ്ഞൊന്നനങ്ങിയതും അവളുടെ മുഖത്തുണ്ടായ മാറ്റങ്ങൾ നോക്കികാണുകയായിരുന്നു അവൻ.. അപ്പോഴും കൈകൾ ഉദരത്തിലെ കുഞ്ഞിന്റെ തുടിപ്പുകളെ അറിയാൻ ശ്രമിക്കുകയായിരുന്നു.. അവളുടെ മുഖത്തുനിന്നും കണ്ണുകൾ ഉദരത്തിലേക്കായതും ഒഴുകിയിറങ്ങുന്ന കണ്ണീരിനോടൊപ്പം നിറഞ്ഞ പുഞ്ചിരി അവനിൽ വിരിഞ്ഞിരുന്നു.. അത്രമേൽ ആഗ്രഹിച്ച കുഞ്ഞിന്റെ തുടിപ്പിനെ വീണ്ടും വീണ്ടും തലോടിക്കൊണ്ടവൻ ചുറ്റുമുള്ളതെല്ലാം വിസ്മയിച്ചിരിക്കുമ്പോൾ മറ്റുള്ളവർക്കത് ജീവയുടെയും ലച്ചുവിന്റെയും പ്രണയനിമിഷങ്ങൾ ആയിരുന്നു.. അച്ഛനും അമ്മയുക്കും കുഞ്ഞിനുമിടയിൽ തങ്ങളൊരു ശല്യമാവരുതെന്നു മനസിലാക്കിക്കൊണ്ട് ഓരോരുത്തരായി ഉമ്മറത്തേക്കിറങ്ങുമ്പോൾ ലച്ചുവിന്റെ മുഖത്തെ ഭാവങ്ങൾ നോക്കികാണുകയായിരുന്നു നിവി.. അവളുടെ കണ്ണുകളും സന്തോഷത്താൽ നിറയുമ്പോൾ രുദ്രനവളുടെ കൈയിൽ പിടിച്ചുവലിച്ചിരുന്നു..

അവന്റെ നെഞ്ചിലായി വന്നുവീണ അവളെ നടന്നതെന്തെന്നു തിരിച്ചറിയും മുൻപേ രുദ്രൻ പൊക്കി അടുത്തുള്ള മുറിയിലേക്കായി കയറ്റിയിരുന്നു... ചുറ്റും നടക്കുന്നതൊന്നും അറിയാതെ ലച്ചുവും ജീവയും അവരുടെ കുഞ്ഞുമായുള്ള ലോകത്തിലായിരുന്നു.. അവനിലെ അച്ഛന്റെ സന്തോഷപ്രകടനങ്ങൾ നോക്കികണ്ടിരുന്ന ലച്ചുവിന്റെ ഉള്ളവും നിറഞ്ഞിരുന്നു.. ഇടതുവശത്തായി മാറി കിടക്കുന്ന അവളുടെ നേരിയത്തിന് വിടവിലൂടെ നഗ്നമായ ഉദരത്തിൽ കാണുന്ന വിള്ളല് പോലെ തെളിഞ്ഞുകിടക്കുന്ന പാടുകളിൽ അവന്റെ കണ്ണുകൾ ഉടക്കി.. അവിടെയായൊരു കുഞ്ഞുകാൽ മുഴച്ചുവന്നതും വല്ലാത്തൊരു കൗതുകത്തോടെ അവനത് നോക്കി നിന്നിരുന്നു.. വിറയാർന്ന കയ്യ്കളോടെ അവിടെയൊന്നു തൊട്ടതും പൊള്ളിപിടഞ്ഞുപോയിരുന്നു അവൾ.. അപ്പോഴും അവന്റെ കണ്ണുകളിൽ അത്ഭുതമായിരുന്നു.. വല്ലാത്തൊരു തിളക്കമായിരുന്നു.. തന്റെ കുഞ്ഞിനോടുള്ള വാത്സല്യമായിരുന്നു.. ഉദരത്തിൽ തെളിഞ്ഞു നിൽക്കുന്ന പാടുകളെ തഴുകുന്നതിനോടൊപ്പം മുഴച്ചുനിൽക്കുന്ന ആ കുഞ്ഞുപാദങ്ങളിൽ അവന്റെ മിഴിനീരും അധരങ്ങളും ഒരുപോലെ പതിയുമ്പോൾ അവളിലെ അമ്മയും അവനിലെ അച്ഛനും ഒന്നിച്ചുചേരുകയായിരുന്നു.. അവരുടെ കുഞ്ഞിനുവേണ്ടി... ഒത്തിരി സ്നേഹത്തോടെ.. അതിലുപരി വാത്സല്യത്തോടെ.. പരസ്പരമുള്ള ബഹുമാനത്തോടെ................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story